ഏതു കാലത്തെയും ഏററവും വലിയ രണ്ടു സ്നേഹപ്രകടനങ്ങൾ
“തന്റെ ഏകജാതനായ പുത്രനിൽ വിശ്വാസം പ്രകടമാക്കുന്ന ഏവനും . . . നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാന്തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു.”—യോഹന്നാൻ 3:16.
1. “ദൈവം സ്നേഹം ആകുന്നു” എന്ന പ്രസ്താവനയാൽ അർത്ഥമാക്കപ്പെടുന്നതെന്ത്?
“ദൈവം സ്നേഹം ആകുന്നു.” അപ്പോസ്തലനായ യോഹന്നാൻ രണ്ടു പ്രാവശ്യം ആ പ്രസ്താവന ചെയ്തു. (1 യോഹന്നാൻ 4:8, 16) അതെ, യഹോവയാം ദൈവം ജ്ഞാനിയും നീതിമാനും ശക്തനുമായിരിക്കുന്ന അളവോളംതന്നെ സ്നേഹവാനുമാണ്. മാത്രവുമല്ല, അവൻ സ്നേഹം ആകുന്നു. അവൻ സ്നേഹത്തിന്റെ മൂർത്തിമദ്ഭാവം, വ്യക്തീഭാവം, ആകുന്നു. ‘അതു സത്യമായിരിക്കുന്നതെന്തുകൊണ്ടെന്ന് എനിക്കറിയാമോ?’ എന്ന് നിങ്ങളോടുതന്നെ ചോദിക്കാവുന്നതാണ്. ‘അവൻ സ്നേഹമാകുന്നു എന്നതിന്റെ തെളിവുകളോടെ അല്ലെങ്കിൽ ദൃഷ്ടാന്തങ്ങളോടെ എനിക്ക് ആർക്കെങ്കിലും ഒരു വ്യക്തമായ വിശദീകരണം കൊടുക്കാൻ കഴിയുമോ? അതിന് എന്റെ ജീവിതത്തോടും പ്രവർത്തനങ്ങളോടും എന്തു ബന്ധമുണ്ട്?’
2. ദൈവം തന്റെ സ്നേഹത്തിന്റെ ഏതു ദൃശ്യപ്രകടനങ്ങൾ നടത്തിയിരിക്കുന്നു?
2 യഹോവയാം ദൈവം ഭൂമിയിലെ തന്റെ സൃഷ്ടികളോട് എത്രയധികം സ്നേഹം പ്രകടമാക്കിയിരിക്കുന്നു! നമ്മുടെ കണ്ണുകളുടെ സമ്പൂർണ്ണ സൗന്ദര്യത്തേയും പ്രവർത്തനത്തെയും നമ്മുടെ ബലിഷ്ഠമായ അസ്ഥികളുടെ അത്ഭുതത്തെയും നമ്മുടെ മാംസപേശികളുടെ ബലത്തെയും നമ്മുടെ സ്പർശനത്തിന്റെ സംവേദനത്തെയും കുറിച്ച് വിചിന്തനം ചെയ്യുക. സങ്കീർത്തനക്കാരന്റെ വൈകാരികചിന്തകളെ പ്രതിദ്ധ്വനിപ്പിക്കാൻ നമുക്കു കാരണമുണ്ട്: “ഒരു ഭയജനകമായ വിധത്തിൽ അത്ഭുതകരമായി ഞാൻ നിർമ്മിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ഞാൻ നിന്നെ പ്രകീർത്തിക്കും.” ഗംഭീരങ്ങളായ പർവ്വതങ്ങളെക്കുറിച്ചും സ്വച്ഛജലമൊഴുകുന്ന പ്രശാന്തമായ അരുവികളെക്കുറിച്ചും വസന്തപുഷ്പങ്ങൾ വിരിയിക്കുന്ന വയലുകളെക്കുറിച്ചും ഉജ്ജ്വലമായ സൂര്യാസ്തമയങ്ങളെക്കുറിച്ചും പരിചിന്തിക്കുക. “യഹോവേ, നിന്റെ പ്രവൃത്തികൾ എത്രയേറെയാകുന്നു! അവയെയെല്ലാം നീ ജ്ഞാനപൂർവ്വം നിർമ്മിച്ചിരിക്കുന്നു. ഭൂമി നിന്റെ ഉല്പന്നങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു.”—സങ്കീർത്തനം 139:14; 104:24.
3, 4. എബ്രായ തിരുവെഴുത്തുകൾ ദൈവത്തിന്റെ സ്നേഹപ്രകടനങ്ങളുടെ ഏതു ദൃഷ്ടാന്തങ്ങൾ നൽകുന്നു?
3 അവന്റെ ആദ്യ മനുഷ്യസൃഷ്ടികൾ മത്സരിച്ചതോടെ അവന്റെ സ്നേഹം നിന്നുപോയില്ല. ദൃഷ്ടാന്തമായി, തന്റെ വാഗ്ദത്ത “സന്തതി” മുഖേനയുള്ള യഹോവയുടെ കരുതലിൽ നിന്ന് പ്രയോജനമനുഭവിച്ചേക്കാവുന്ന സന്തതികളെ ഉളവാക്കാൻ ആ ഇണകളെ അനുവദിച്ചുകൊണ്ട് യഹോവ സ്നേഹം പ്രകടമാക്കി. (ഉല്പത്തി 3:15) പിന്നീട്, മനുഷ്യവർഗ്ഗത്തിന്റെയും മററു ഭൗമികജീവികളുടെയും സംരക്ഷണത്തിനുവേണ്ടി അവൻ നോഹയെക്കൊണ്ടു ഒരു പെട്ടകം ഒരുക്കിച്ചു. (ഉല്പത്തി 6:13-21) പിന്നീട്, യഹോവയുടെ സ്നേഹിതൻ എന്നറിയപ്പെട്ട അബ്രാഹാമിനോട് അവൻ വലിയ സ്നേഹം പ്രകടമാക്കി. (ഉല്പത്തി 18:19; യെശയ്യാവ് 41:8) അബ്രാഹാമിന്റെ സന്തതികളെ ഈജിപ്ററിലെ അടിമത്തത്തിൽനിന്ന് രക്ഷിച്ചതിൽ ദൈവം തന്റെ സ്നേഹത്തിന്റെ കൂടുതലായ ഒരു പ്രകടനം നടത്തി, നാം ആവർത്തനം 7:8-ൽ വായിക്കുന്നതുപോലെതന്നെ: “യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടാണ് . . . യഹോവ നിങ്ങളെ ഒരു ബലമുള്ള കൈയാൽ കൊണ്ടുവന്നത്.”
4 യിസ്രായേല്യർ നന്ദിയില്ലായ്മ പ്രകടമാക്കിക്കൊണ്ടിരിക്കയും ആവർത്തിച്ചു മത്സരിക്കുകയും ചെയ്തെങ്കിലും ദൈവം അവരെ ഉടൻതന്നെ തള്ളിക്കളഞ്ഞില്ല. മറിച്ച്, അവൻ സ്നേഹപൂർവ്വം അവരോട് അഭ്യർത്ഥിച്ചു: “നിങ്ങളുടെ ദുഷിച്ച വഴികളിൽനിന്ന് പിന്തിരിയുക, എന്തെന്നാൽ, യിസ്രായേൽ ഗൃഹമേ, നിങ്ങൾ എന്തിനു മരിക്കണം?” (യെഹെസ്ക്കേൽ 33:11) എന്നുവരികിലും, യഹോവ സ്നേഹത്തിന്റെ വ്യക്തീഭാവമാണെങ്കിലും അവൻ നീതിമാനും ജ്ഞാനിയും കൂടെയാണ്. അങ്ങനെ, അവന്റെ മത്സരികളായ ജനം അവന്റെ ദീർഘക്ഷമയുടെ പരിധിയോളം എത്തിയ സമയം വന്നു! “രോഗശാന്തിയില്ലാത്ത” ഘട്ടംവരെ അവർ പോയപ്പോൾ, അവർ ബാബിലോന്യ അടിമത്തത്തിലേക്കു പോകാൻ അവൻ അനുവദിച്ചു. (2 ദിനവൃത്താന്തം 36:15, 16) അപ്പോൾ പോലും ദൈവസ്നേഹം എന്നേക്കുമായി നിന്നുപോയില്ല. 70 വർഷം കഴിഞ്ഞ് അവരുടെ ഒരു ശേഷിപ്പ് അവരുടെ സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നതിന് അനുവദിക്കപ്പെടുന്നതിൽ അവൻ ശ്രദ്ധിച്ചു. ദയവായി 126-ാം സങ്കീർത്തനം വായിച്ച് മടങ്ങിവന്നവർ എങ്ങനെ വിചാരിച്ചുവെന്നു കാണുക.
അവന്റെ ഏററവും വലിയ സ്നേഹപ്രകടനത്തിന് ഒരുങ്ങൽ
5. തന്റെ പുത്രനെ ഭൂമിയിലേക്കയച്ചത് ദൈവസ്നേഹത്തിന്റെ ഒരു പ്രകടനമായിരുന്നുവെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
5 ചരിത്രത്തിൽ കുറേകൂടെ കഴിഞ്ഞ് യഹോവ തന്റെ സ്നേഹത്തിന്റെ ഏററവും വലിയ പ്രകടനം കാഴ്ചവെക്കുന്നതിനുള്ള സമയം വന്നു. അത് യഥാർത്ഥത്തിൽ ഒരു ത്യാഗാത്മക സ്നേഹമായിരുന്നു. ഇതിന് ഒരുങ്ങിക്കൊണ്ട്, ദൈവം തന്റെ ഏകജാതനായ പുത്രന്റെ ജീവനെ സ്വർഗ്ഗത്തിലെ ആത്മാസ്തിത്വത്തിൽ നിന്ന് യഹൂദ കന്യകയായ മറിയയുടെ ഗർഭാശയത്തിലേക്കു മാററി. (മത്തായി 1:20-23; ലൂക്കോസ് 1:26-35) യഹോവയും അവന്റെ പുത്രനും തമ്മിൽ സ്ഥിതിചെയ്തിരുന്ന പ്രത്യേക അടുപ്പത്തെക്കുറിച്ചു ചിന്തിക്കുക. മൂർത്തീകരിച്ച ജ്ഞാനത്തിന്റെ പ്രതീകത്തിൽ യേശുവിന്റെ പൂർവ്വാസ്തിക്യത്തെക്കുറിച്ച് നാം വായിക്കുന്നു: “ഞാൻ ഒരു വിദഗ്ദ്ധവേലക്കാരനെന്നനിലയിൽ [ദൈവത്തിന്റെ] അടുക്കൽ ഇരുന്നിരുന്നു, ഞാൻ അവന് അനുദിനം പ്രത്യേക ഇഷ്ടമുള്ളവനായിത്തീർന്നു, ഞാൻ എല്ലായ്പ്പോഴും അവന്റെ മുമ്പാകെ സന്തുഷ്ടനായിരുന്നു.” (സദൃശവാക്യങ്ങൾ 8:30, 31) തന്റെ ഏകജാതനായ പുത്രൻ തന്റെ സന്നിധി വിട്ടുപോകാൻ അനുവദിച്ചതുതന്നെ യഹോവയെ സംബന്ധിച്ച് ഒരു ത്യാഗമായിരുന്നുവെന്ന് നിങ്ങൾക്ക് സമ്മതിക്കരുതോ?
6. യേശുവിന്റെ ബാല്യകാല ജീവിതത്തിൽ യഹോവക്ക് ഏതു പിതൃനിർവിശേഷ താൽപര്യം ഉണ്ടായിരുന്നിരിക്കണം?
6 മനുഷ്യഗർഭധാരണം മുതൽ തന്റെ പുത്രന്റെ വളർച്ചയെ യഹോവ അതീവ ശ്രദ്ധയോടെ വീക്ഷിച്ചുവെന്നതിനു സംശയമില്ല. യാതൊന്നിനും വളർന്നുകൊണ്ടിരുന്ന ഭ്രൂണത്തിനു കേടുവരുത്താൻ കഴിയാത്തവിധം ദൈവത്തിന്റെ പരിശുദ്ധാത്മാവ് മറിയയുടെമേൽ നിഴലിട്ടു. യേശു മീഖാ 5:2-ന്റെ നിവൃത്തിയായി ബേത്ളഹേമിൽ ജനിക്കേണ്ടതിന് അവിടേയ്ക്ക് ജനസംഖ്യയെടുപ്പിനായി യോസേഫും മറിയയും പോകുന്നതിൽ യഹോവ ശ്രദ്ധിച്ചു. ഹെരോദാ രാജാവിന്റെ കൊലപാതക പദ്ധതിയെക്കുറിച്ച് ദൈവം ഒരു ദൂതൻ മുഖേന യോസേഫിനു മുന്നറിയിപ്പു കൊടുത്തു. അത് യോസേഫും കുടുംബവും ഹെരോദിന്റെ മരണംവരെ ഈജിപ്ററിലേക്ക് ഓടിപ്പോകാൻ കാരണമായി. (മത്തായി 2.:13-15) ദൈവം യേശുവിന്റെ വളർച്ചയിലുള്ള താത്പര്യം തുടർന്നിരിക്കണം. 12 വയസ്സുള്ള യേശു ദൈവാലയത്തിൽ വച്ച് ചോദ്യോത്തരങ്ങളാൽ ഉപദേഷ്ടാക്കൻമാരെയും മററുള്ളവരെയും അത്ഭുതസ്തബ്ധരാക്കുന്നത് വീക്ഷിച്ചത് ദൈവത്തിന് എന്തോരു ഉല്ലാസമായിരുന്നു!—ലൂക്കോസ് 2:42-47.
7. ഏതു മൂന്ന് പ്രസ്താവനകൾ യേശുവിന്റെ ശുശ്രൂഷയിലെ ദൈവത്തിന്റെ താൽപ്പര്യത്തിന്റെ തെളിവായിരുന്നു?
7 പതിനെട്ടു വർഷം കഴിഞ്ഞ്, സ്നാനമേൽക്കുന്നതിന് യേശു യോഹന്നാൻ സ്നാപകന്റെ അടുക്കലേക്കുവന്നപ്പോൾ യഹോവ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അപ്പോൾ അവൻ സന്തോഷപൂർവ്വം തന്റെ പരിശുദ്ധാത്മാവിനെ യേശുവിന്റെമേൽ അയയ്ക്കുകയും “ഇത് ഞാൻ അംഗീകരിച്ചിരിക്കുന്ന എന്റെ പുത്രൻ, പ്രിയപ്പെട്ടവൻ, ആകുന്നു” എന്നു പറയുകയും ചെയ്തു. (മത്തായി 3:17) യേശുവിന്റെ ശുശ്രൂഷയെ നിരീക്ഷിക്കുന്നതും അവൻ സകല സ്തുതിയും തന്റെ സ്വർഗ്ഗീയ പിതാവിനു തിരിച്ചുവിടുന്നതു കാണുന്നതും ദൈവത്തിന് എത്ര ഉല്ലാസമായിരുന്നുവെന്ന് ഏതു ക്രിസ്തീയ പിതാവിനും സങ്കൽപ്പിക്കാൻ കഴിയും. ഒരു സന്ദർഭത്തിൽ യേശു ചില അപ്പോസ്തലൻമാരെ ഉയരമേറിയ ഒരു പർവ്വതത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ ക്രിസ്തു ഒരു പ്രകൃതാതീത പ്രഭയോടെ ശോഭിക്കാൻ യഹോവ ഇടയാക്കി. “ഇത് ഞാൻ അംഗീകരിച്ചിരിക്കുന്ന എന്റെ പുത്രൻ, പ്രിയപ്പെട്ടവൻ, ആകുന്നു; അവനെ ശ്രദ്ധിക്കുക” എന്ന് പിതാവു പറയുകയുണ്ടായി. (മത്തായി 17:5) തന്റെ സ്വന്തം നാമത്തെ മഹത്വീകരിക്കാൻ ദൈവത്തോടുള്ള യേശുവിന്റെ അപേക്ഷക്ക് ഉത്തരമായി യഹോവ മൂന്നാം പ്രാവശ്യവും തന്റെ ശബ്ദം കേൾപ്പിച്ചു. യഹോവ “ഞാൻ അതിനെ മഹത്വീകരിച്ചു, അതിനെ വീണ്ടും മഹത്വീകരിക്കുകയും ചെയ്യും” എന്നു പറഞ്ഞു. പ്രത്യക്ഷത്തിൽ, മുഖ്യമായി യേശുവിന്റെ പ്രയോജനത്തിനുവേണ്ടിയാണ് ഇതു പറഞ്ഞത്, എന്തുകൊണ്ടെന്നാൽ യേശുവിനോടുകൂടെയുണ്ടായിരുന്ന ചിലർ ഒരു ദൂതൻ സംസാരിച്ചുവെന്നു വിചാരിച്ചു, അതേസമയം മററു ചിലർ ഇടിമുഴക്കമുണ്ടായെന്നു വിചാരിച്ചു.—യോഹന്നാൻ 12:28, 29.
8. നിങ്ങൾ ദൈവസ്നേഹത്തെക്കുറിച്ച് എങ്ങനെ വിചാരിക്കുന്നു?
8 തന്റെ പുത്രനോടായുള്ള ദൈവത്തിന്റെ പ്രവർത്തനങ്ങളെയും അവനിലുള്ള അവന്റെ താൽപ്പര്യത്തെയും സംബന്ധിച്ച ഈ ഹ്രസ്വമായ പുനരവലോകനത്തിൽനിന്ന് നിങ്ങൾ എന്തു നിഗമനം ചെയ്തിരിക്കുന്നു? യഹോവ തന്റെ ഏകജാതപുത്രനെ അതിയായി സ്നേഹിക്കുന്നുവെന്ന് വ്യക്തമായിരിക്കേണ്ടതാണ്. അതു മനസ്സിൽ പിടിച്ചുകൊണ്ടും ഏതൊരു മാനുഷ പിതാവും ഒരു ഏക കുട്ടിയെക്കുറിച്ച് എങ്ങനെ വിചാരിക്കുമെന്ന് മനസ്സിലാക്കിക്കൊണ്ടും അടുത്തതായി എന്തു സംഭവിച്ചുവെന്ന് പരിഗണിക്കുക—യേശുവിന്റെ ബലിമരണംതന്നെ.
ഏററവും വലിയ സ്നേഹപ്രകടനം
9, 10. മനുഷ്യവർഗ്ഗത്തോടുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ ഏററവും വലിയ പ്രകടനം എന്തായിരുന്നു, ഇത് ഏതു തിരുവെഴുത്തു സാക്ഷ്യത്തിന് അടിവരയിടുന്നു?
9 നമ്മുടെ സ്വർഗ്ഗീയ പിതാവിന് സഹാനുബോധം ഉണ്ടെന്ന് ബൈബിൾ പ്രകടമാക്കുന്നു. അവന്റെ ജനമായിരുന്ന യിസ്രായേലിനെക്കുറിച്ച് നാം യെശയ്യാവ് 63:9-ൽ ഇങ്ങനെ വായിക്കുന്നു: “അവരുടെ കഷ്ടതയിലെല്ലാം അവന് അത് കഷ്ടതരമായിരുന്നു. അവന്റെ വ്യക്തിപര സന്ദേശവാഹകൻ അവരെ രക്ഷിച്ചു. അവൻതന്നെ തന്റെ സ്നേഹത്തിലും തന്റെ സഹാനുഭൂതിയിലും അവരെ വീണ്ടും വാങ്ങി. അവരെ ഉയർത്തിക്കൊണ്ടുവരാനും പണ്ടത്തെ നാളുകളിലെല്ലാം അവരെ വഹിക്കാനും അവൻ പുറപ്പെട്ടു.” യേശുവിന്റെ “ശക്തമായ നിലവിളികളും കണ്ണുനീരും” കണ്ടതും കേട്ടതും യഹോവയ്ക്ക് എത്രയധികം ദുഃഖകരമായിരുന്നിരിക്കണം. (എബ്രായർ 5:7) യേശു ആ വിധത്തിൽ ഗത്സമേന തോട്ടത്തിൽ വച്ച് പ്രാർത്ഥിച്ചു. അവനെ ഒരു തടവുപുള്ളിയാക്കി. അവൻ ഹാസ്യമായ ഒരു വിചാരണയെ അഭിമുഖീകരിച്ചു. അവൻ അടിയും ചമ്മട്ടി പ്രഹരവുമേററു. അവന്റെ തലയിൽ ഒരു മുൾക്കിരീടം അമർത്തിവെച്ചു. ഇതെല്ലാം അവന്റെ സ്നേഹവാനായ പിതാവ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നോർക്കുക. വധസ്തംഭത്തിന്റെ ഭാരത്താൽ യേശു ഇടറുന്നത് അവൻ കണ്ടു. ഒടുവിൽ തന്റെ പുത്രനെ ആ സ്തംഭത്തിൽ തറയ്ക്കുന്നത് അവൻ നിരീക്ഷിച്ചു. തന്റെ പ്രിയപ്പെട്ട പുത്രന്റെ ഭാഗത്തെ ഈ കഷ്ടപ്പാടെല്ലാം ദൈവത്തിനു തടയാൻ കഴിയുമായിരുന്നുവെന്നു നമുക്കു മറക്കാതിരിക്കാം. എന്നിട്ടും ഇതെല്ലാം സഹിക്കാൻ യഹോവ യേശുവിനെ അനുവദിച്ചു. ദൈവത്തിന് വികാരങ്ങളുള്ളതിനാൽ, ഈ സംഭവങ്ങൾക്കെല്ലാം സാക്ഷ്യം വഹിച്ചത് കഴിഞ്ഞ കാലത്തെയും ഭാവിയിലെയും ഏററവും വലിയ വേദനയ്ക്കിടയാക്കിയെന്നതിനു സംശയമില്ല.
10 മേൽപ്രസ്താവിച്ചതിന്റെയെല്ലാം വീക്ഷണത്തിൽ നിക്കോദേമോസിനോടുള്ള യേശുവിന്റെ വാക്കുകൾ എത്രയധികം അർത്ഥവത്താണെന്ന് നമുക്കു കാണാൻ കഴിയും: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വാസം പ്രകടമാക്കുന്ന ഏവനും നശിപ്പിക്കപ്പെടാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാന്തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) യേശുവിന്റെ പ്രിയപ്പെട്ട അപ്പോസ്തലനായിരുന്ന യോഹന്നാന്റെ വാക്കുകളും സമാനപ്രാധാന്യമുള്ളവയാണ്: “നമ്മുടെ കാര്യത്തിൽ ദൈവസ്നേഹം ഇതിനാൽ പ്രത്യക്ഷമാക്കപ്പെട്ടു, എന്തുകൊണ്ടെന്നാൽ നമ്മുടെ പാപങ്ങൾക്ക് ഒരു പരിഹാരയാഗമായി . . . ദൈവം തന്റെ ഏകജാതപുത്രനെ ലോകത്തിലേക്കയച്ചു.”—1 യോഹന്നാൻ 4:9, 10.
11. അപ്പോസ്തലനായ പൗലോസ് ദൈവത്തിന്റെ ഏററവും വലിയ സ്നേഹപ്രകടനത്തെ ഊന്നിപ്പറയുന്നതെങ്ങനെ?
11 അപ്പോൾ, റോമർ 5:6-8-ൽ അപ്പോസ്തലനായ പൗലോസ് യഹോവയാം ദൈവത്തിന്റെ വലിയ സ്നേഹത്തെ ഈ വാക്കുകളിൽ ഊന്നിപ്പറഞ്ഞതെന്തുകൊണ്ടെന്ന് നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും: “ക്രിസ്തു, നാം ദുർബ്ബലരായിരിക്കുമ്പോൾത്തന്നെ, നിയമിത സമയത്ത് ഭക്തികെട്ട മനുഷ്യർക്കുവേണ്ടി മരിച്ചു. എന്തെന്നാൽ ഒരു നീതിമാനുവേണ്ടി ആരുംതന്നെ മരിക്കുകയില്ല; തീർച്ചയായും, പക്ഷെ, നല്ല മനുഷ്യനുവേണ്ടി ആരെങ്കിലും മരിക്കാൻ മുതിരുന്നു. എന്നാൽ നാം പാപികളായിരുന്നപ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിൽ ദൈവം തന്റെ സ്വന്തം സ്നേഹം നമുക്കു ശുപാർശ ചെയ്യുന്നു.” തീർച്ചയായും, ഭൂമിയിലേക്കു വന്നു കഷ്ടപ്പെടാനും അത്യന്തം നിന്ദ്യമായ ഒരു മരണം വരിക്കാനും തന്റെ ഏകജാതനായ പുത്രനെ അനുവദിച്ചതിൽ യഹോവയാം ദൈവം ഏററവും വലിയ സ്നേഹപ്രകടനം നടത്തി.
രണ്ടാമത്തെ ഏററവും വലിയ പ്രകടനം
12, 13. (എ) യേശുവിന്റെ സ്നേഹപ്രകടനം ഏതു വിധത്തിൽ അനുപമമായിരുന്നു? (ബി) പൗലോസ് യേശുവിന്റെ വലിയ സ്നേഹത്തിലേക്ക് എങ്ങനെ ശ്രദ്ധ ക്ഷണിക്കുന്നു?
12 ‘അടുത്ത ഏററവും വലിയ സ്നേഹപ്രകടനം എന്തായിരുന്നു?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “ആരെങ്കിലും തന്റെ സ്നേഹിതർക്കുവേണ്ടി തന്റെ ദേഹിയെ വെച്ചുകൊടുക്കുന്നതിലും വലിയ സ്നേഹം ആർക്കും ഇല്ല.” (യോഹന്നാൻ 15:13) മനുഷ്യവർഗ്ഗത്തിന്റെ ചരിത്രത്തിലുടനീളം മററുള്ളവർക്കുവേണ്ടി തങ്ങളുടെ ജീവനെ ബലിചെയ്തവർ ഉണ്ടായിരുന്നിട്ടുണ്ടെന്നുള്ളതു സത്യംതന്നെ. എന്നാൽ അവരുടേത് പരിമിതമായ ജീവനായിരുന്നു; ഏതായാലും ഏതെങ്കിലുമൊരു സമയത്ത് അവർ മരിക്കുമായിരുന്നു. എന്നിരുന്നാലും, യേശുക്രിസ്തു ജീവന് അവകാശമുള്ള ഒരു പൂർണ്ണമനുഷ്യനായിരുന്നു. എക്കാലത്തും മനുഷ്യവർഗ്ഗത്തിലെ ശേഷിച്ചവരെപ്പോലെ അവൻ അവകാശപ്പെടുത്തിയ മരണത്തെ അഭിമുഖീകരിക്കുന്നില്ലായിരുന്നു; യേശു അനുവദിക്കാതെ ആർക്കും ബലമായി അവന്റെ ജീവനെ എടുത്തുകളയാനും കഴികയില്ലായിരുന്നു. (യോഹന്നാൻ 10:18; എബ്രായർ 7:26) അവന്റെ വാക്കുകൾ അനുസ്മരിക്കുക: “ഈ നിമിഷത്തിൽ പന്ത്രണ്ടു ലെഗ്യോനിലധികം ദൂതൻമാരെ എനിക്കു നൽകാൻ എനിക്ക് എന്റെ പിതാവിനോട് അപേക്ഷിക്കാൻ കഴിയുകയില്ലെന്ന് നിങ്ങൾ വിചാരിക്കുന്നുവോ?”—മത്തായി 26:53; യോഹന്നാൻ 10:17, 18.
13 ഇനി പറയുന്ന വശം വീക്ഷിക്കുന്നതിനാൽ യേശു ചെയ്തതിൽ ഉൾപ്പെട്ടിരിക്കുന്ന സ്നേഹത്തെ നമുക്കു കൂടുതലായി വിലമതിക്കാൻ കഴിയും. അവൻ സാർവ്വത്രിക പരമാധികാരിയും നിത്യതയുടെ രാജാവുമായവന്റെ അടുത്ത കൂട്ടാളിയും സഹപ്രവർത്തകനുമായി ജീവിച്ചിരുന്ന സ്വർഗ്ഗത്തിലെ ഒരു ആത്മീയ ജീവിയെന്ന നിലയിലുള്ള ഒരു മഹത്തായ അസ്തിത്വം വിട്ടുപോന്നിരുന്നു. പിന്നെയും, നിസ്വാർത്ഥ സ്നേഹത്താൽ യേശു അപ്പോസ്തലനായ പൗലോസ് നമ്മോടു പറയുന്നതുപോലെ ചെയ്തു: “അവൻ ദൈവരൂപത്തിൽ സ്ഥിതിചെയ്തിരുന്നെങ്കിലും അവൻ ഒരു കവർന്നെടുക്കലിന്, അതായത്, ദൈവത്തോട് സമനാകണമെന്നുള്ളതിന്, പരിഗണന കൊടുത്തില്ല. ഇല്ല, അവൻ തന്നെത്താൻ ഒഴിച്ച് ഒരു അടിമയുടെ രൂപമെടുക്കുകയും മനുഷ്യരുടെ സാദൃശ്യത്തിലാകുകയും ചെയ്തു. അതിലുപരി, അവൻ ഒരു മനുഷ്യാകാരത്തിലായപ്പോൾ, അവൻ തന്നെത്താൻ താഴ്ത്തുകയും മരണത്തോളം, അതെ, ഒരു ദണ്ഡനസ്തംഭത്തിലെ മരണത്തോളം, അനുസരണമുള്ളവനായിത്തീരുകയും ചെയ്തു.”—ഫിലിപ്യർ 2:6-8.
14. പ്രവാചകനായ യെശയ്യാവ് യേശുവിന്റെ വലിയ സ്നേഹപ്രകടനത്തിന് സാക്ഷ്യം നൽകിയതെങ്ങനെ?
14 അത് ഒരു സ്നേഹപ്രകടനമല്ലായിരുന്നോ? ഏററവും തീർച്ചയായി അങ്ങനെതന്നെയായിരുന്നു—അവന്റെ സ്വർഗ്ഗീയപിതാവായ യഹോവയാം ദൈവത്തിന്റെ സ്നേഹപ്രകടനം കഴിഞ്ഞാൽ അടുത്തതുതന്നെ. യെശയ്യാവ് 53-ാം അദ്ധ്യായത്തിലെ പ്രാവചനിക വചനങ്ങൾ യേശു സഹിച്ചതിനെല്ലാം സാക്ഷ്യം നൽകുന്നു: “അവൻ നിന്ദിക്കപ്പെടുകയും മനുഷ്യരാൽ അവഗണിക്കപ്പെടുകയും ചെയ്തു, വേദനകൾക്കും, രോഗത്തോട് പരിചയപ്പെടാനും ഉദ്ദേശിക്കപ്പെട്ട ഒരു മനുഷ്യൻ. . . . സത്യമായി അവൻതന്നെ വഹിച്ചതു നമ്മുടെ രോഗങ്ങളായിരുന്നു; നമ്മുടെ വേദനകളെ സംബന്ധിച്ചാണെങ്കിൽ, അവൻ അവ സഹിച്ചു. എന്നാൽ നാംതന്നെ അവൻ ദൈവത്താൽ ബാധിക്കപ്പെട്ടവനും അടിക്കപ്പെട്ടവനും കഷ്ടപ്പെട്ടവനുമെന്ന് കണക്കാക്കി. എന്നാൽ അവൻ നമ്മുടെ ലംഘനത്തിനുവേണ്ടി കുത്തിത്തുളയ്ക്കപ്പെടുകയായിരുന്നു; അവൻ നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി തകർക്കപ്പെടുകയായിരുന്നു. . . . അവന്റെ മുറിവുകൾ നിമിത്തം നമുക്ക് ഒരു രോഗശമനം ഉണ്ടായിട്ടുണ്ട്. . . . അവൻ തന്റെ ദേഹിയെ മരണത്തോളം തന്നെ ഒഴുക്കി.”—യെശയ്യാവ് 53:3-5, 12.
15, 16. യേശുവിന്റെ ഏതു വാക്കുകളിൽനിന്ന് അത് അവന് ഒരു ത്യാഗമായിരുന്നുവെന്ന് കാണാൻ കഴിയും?
15 അവന്റെ മരണത്തോടു ബന്ധപ്പെട്ടിരുന്നതെല്ലാം നിമിത്തം, യേശു ഗത്സമേന തോട്ടത്തിൽ വച്ച് ഇങ്ങനെ പ്രാർത്ഥിച്ചു: “എന്റെ പിതാവേ, സാദ്ധ്യമെങ്കിൽ, ഈ പാനപാത്രം എന്നിൽനിന്ന് നീങ്ങിപ്പോകട്ടെ. എന്നിരുന്നാലും, ഞാൻ ഇഷ്ടപ്പെടുന്നതുപോലെയല്ല, പിന്നെയോ നീ ഇഷ്ടപ്പെടുന്നതുപോലെയത്രെ.” (മത്തായി 26:39) യേശു ആ വാക്കുകൾ ഉച്ചരിച്ചപ്പോൾ അവൻ എന്തിനുവേണ്ടി അപേക്ഷിക്കുകയായിരുന്നു? അവൻ “ലോകത്തിന്റെ പാപത്തെ നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്” ആയിരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറാനാഗ്രഹിക്കുകയായിരുന്നോ? (യോഹന്നാൻ 1:29) അതിന് കേവലം ആ അർത്ഥമുണ്ടായിരിക്കാവുന്നതല്ല, എന്തുകൊണ്ടെന്നാൽ താൻ കഷ്ടമനുഭവിക്കുകയും മരിക്കുകയും ചെയ്യുമെന്ന് എപ്പോഴും തന്റെ ശിഷ്യൻമാരോട് അവൻ പറഞ്ഞിരുന്നു, തന്റെ മരണം ഏതുതരത്തിലെന്ന് സൂചിപ്പിക്കുകപോലും ചെയ്തിരുന്നു. (മത്തായി 16:21; യോഹന്നാൻ 3:14) തന്നിമിത്തം അങ്ങനെ പ്രാർത്ഥിച്ചപ്പോൾ യേശുവിന് മറെറന്തോ ആണ് മനസ്സിലുണ്ടായിരുന്നത്.
16 നിസ്സംശയമായി, തനിക്കെതിരെ ഉന്നയിക്കുമെന്ന് താൻ കണ്ട ദൈവദൂഷണത്തിന്റെ ആരോപണത്തെക്കുറിച്ച് യേശു ഉൽക്കണ്ഠയുള്ളവനായിരുന്നു. അത് ഒരു യഹൂദന്റെമേൽ വരാവുന്ന ഏററവും ഹീനമായ കുററകൃത്യത്തിന്റെ ആരോപണമായിരുന്നു. ഒരു വ്യാജാരോപണത്തിൽ ഉൽക്കണ്ഠപ്പെടുന്നതെന്തിന്? എന്തുകൊണ്ടെന്നാൽ ആ സാഹചര്യത്തിലെ അവന്റെ മരണം തന്റെ സ്വർഗ്ഗീയ പിതാവിൻമേൽ നിന്ദ വരുത്തുമായിരുന്നു. അതെ, നീതിയെ വളരെയധികം സ്നേഹിക്കുകയും അധർമ്മത്തെ വെറുക്കുകയും ചെയ്തവനും തന്റെ പിതാവിന്റെ നാമത്തെ മഹത്വപ്പെടുത്താൻ ഭൂമിയിലേക്കു വന്നിരുന്നവനുമായ കറയററ ദൈവപുത്രൻ ഇപ്പോൾ യഹോവയാം ദൈവത്തിന്റെ ഒരു ദൂഷകനെന്ന നിലയിൽ ദൈവത്തിന്റെ സ്വന്തം ജനത്താൽ വിധിക്കപ്പെടാനിരിക്കുകയായിരുന്നു.—എബ്രായർ 1:9; യോഹന്നാൻ 17:4.
17. യേശു അഭിമുഖീകരിച്ച തരം മരണം അവന് ഒരു പീഡാനുഭവമെന്നു തെളിഞ്ഞതെന്തുകൊണ്ട്?
17 നേരത്തെ യേശു തന്റെ ശുശ്രൂഷാവേളയിൽ ഇങ്ങനെ പ്രസ്താവിച്ചിരുന്നു: “തീർച്ചയായും ഞാൻ ഏൽക്കേണ്ട ഒരു സ്നാനമുണ്ട്, അത് തീരുന്നതുവരെ ഞാൻ എത്ര വ്യാകുലപ്പെടുന്നു!” (ലൂക്കോസ് 12:50) ഈ സ്നാനത്തിന്റെ പരകോടി ഇപ്പോഴായിരുന്നു. അതുകൊണ്ടായിരുന്നു അവൻ പ്രാർത്ഥിച്ചപ്പോൾ അവന്റെ വിയർപ്പ് രക്തത്തുള്ളികൾപോലെയായത്. (ലൂക്കോസ് 22:44) തന്നെയുമല്ല, അന്നുരാത്രി അവന്റെ തോളുകളിൽ ഒരു വമ്പിച്ച ഭാരം സ്ഥിതിചെയ്തിരുന്നു, നമുക്ക് ഗ്രഹിക്കാൻ കഴിയാത്ത ഒരു ഭാരംതന്നെ. താൻ വിശ്വസ്തനാണെന്ന് തെളിയിക്കേണ്ടതാണെന്ന് അവന് അറിയാമായിരുന്നു, എന്തുകൊണ്ടെന്നാൽ അവൻ പരാജയപ്പെട്ടാൽ അത് യഹോവയുടെ മുഖത്തിനിട്ടുള്ള എന്തോരടി ആയിരിക്കുമായിരുന്നു! തന്റെ നിലപാടു ശരിയാണെന്നും ദൈവം തെററിപ്പോയെന്നും സാത്താൻ അവകാശപ്പെടുമായിരുന്നു. എന്നാൽ യേശു മരണത്തോളം വിശ്വസ്തനെന്നു തെളിയിച്ചതുകൊണ്ട് പിശാചായ സാത്താന്റെ മുഖത്ത് എന്തോരു അടിയാണ് കിട്ടിയത്! അങ്ങനെ സാത്താൻ അധമനും ഹീനനും ക്രൂരനുമായ ഒരു നുണയനാണെന്ന് അവൻ തെളിയിച്ചു.—സദൃശവാക്യങ്ങൾ 27:11.
18. യേശു അന്നു രാത്രി ഭയങ്കര സംഘർഷത്തിലായിരുന്നതെന്തുകൊണ്ട്?
18 യേശു വിശ്വസ്തനെന്നു തെളിയിക്കുമെന്ന് മുൻകൂട്ടിപ്പറയത്തക്കവണ്ണം യഹോവയാം ദൈവത്തിനു തന്റെ പുത്രന്റെ ഭക്തിയിൽ വിശ്വാസമുണ്ടായിരുന്നു. (യെശയ്യാവ് 53:9-12) എന്നിരുന്നാലും നിർമ്മലത പാലിക്കുന്നതിന്റെ ഭാരം തന്റെമേലുണ്ടെന്ന് യേശു അറിഞ്ഞിരുന്നു. അവന് പരാജയപ്പെടാൻ കഴിയുമായിരുന്നു. അവന് പാപം ചെയ്യാൻ കഴിയുമായിരുന്നു. (ലൂക്കോസ് 12:50) അന്നുരാത്രി അവന്റെ സ്വന്തം നിത്യജീവനും മുഴു മനുഷ്യവർഗ്ഗത്തിന്റെയും നിത്യജീവനും ത്രാസ്സിൽ തുങ്ങുകയായിരുന്നു. അത് എത്ര ഭയങ്കരമായ സംഘർഷമായിരുന്നിരിക്കണം! യേശു ദുർബ്ബലനായി പാപം ചെയ്തിരുന്നെങ്കിൽ, അപൂർണ്ണ സൃഷ്ടികളായ നമുക്ക് സാധിക്കുന്നതുപോലെ, മറെറാരാളുടെ ബലിയുടെ അടിസ്ഥാനത്തിൽ അവന് കരുണയ്ക്കായി അപേക്ഷിക്കാൻ കഴിയുമായിരുന്നില്ല.
19. യേശു തന്റെ നിസ്വാർത്ഥഗതിയാൽ എന്തു സാധിച്ചു?
19 തീർച്ചയായും, ക്രി. വ. 33 നീസാൻ 14-ലെ യേശുവിന്റെ സഹനം ഏതൊരു മനുഷ്യനും ഏതു കാലത്തും നടത്തിയിട്ടുള്ളതിലേക്കും വലിയ നിസ്വാർത്ഥ സ്നേഹപ്രകടനമായിരുന്നു, യഹോവയാം ദൈവത്തിന്റേതിനെ അപേക്ഷിച്ചുമാത്രം രണ്ടാമത്തേത്. അവൻ തന്റെ മരണത്താൽ നമുക്കുവേണ്ടി എത്ര മഹത്തായ കാര്യങ്ങൾ സാധിച്ചു! അവന്റെ മരണത്താൽ അവൻ “ലോകത്തിന്റെ പാപത്തെ ചുമന്നുനീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” ആയിത്തീർന്നു. (യോഹന്നാൻ 1:29) അവൻ തന്റെ പാദാനുഗാമികളിൽ 144000 പേർക്ക് രാജാക്കൻമാരും പുരോഹിതൻമാരുമായിരിക്കാനും ഒരു ആയിരം വർഷം തന്നോടുകൂടെ വാഴാനുമുള്ള വഴി തുറന്നു. (വെളിപ്പാട് 20:4, 6) അതിനുപുറമേ, “വേറെ ആടുകളുടെ” “മഹാപുരുഷാരം” ഇന്ന് ക്രിസ്തുവിന്റെ ബലിയിൽനിന്ന് പ്രയോജനമനുഭവിക്കുന്നുണ്ട്. അവർക്ക് ഈ പഴയ വ്യവസ്ഥിതിയുടെ അവസാനത്തെ അതിജീവിക്കുന്നതിന് പ്രതീക്ഷിക്കാൻ കഴിയും. അവരായിരിക്കും ആദ്യമായി ഭൗമിക പരദീസയുടെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നവർ. യേശു ചെയ്തതിന്റെ ഫലമായി, മനുഷ്യവർഗ്ഗത്തിൽ ശതകോടിക്കണക്കിനുപേർ ഉയർപ്പിക്കപ്പെടുമെന്നുള്ളതിനു സംശയമില്ല. അവർക്കും, ഭൗമിക പരദീസയിലെ അനന്തജീവൻ ആസ്വദിക്കുന്നതിനുള്ള അവസരം ലഭിക്കും. (വെളിപ്പാട് 7:9-14; യോഹന്നാൻ 10:16; 5:28, 29) വാസ്തവത്തിൽ, “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്രയേറെയാണെങ്കിലും അവ അവൻ മുഖേന ഉവ്വ് എന്നായിത്തീർന്നിരിക്കുന്നു,” അതായത് യേശുക്രിസ്തു മുഖേന—2 കൊരിന്ത്യർ 1:20.
20. യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും ഭാഗത്തെ ഏററവും വലിയ രണ്ടു സ്നേഹപ്രകടനങ്ങളോടു നാം എങ്ങനെ പ്രതിവർത്തിക്കണം?
20 ഈ ഏററവും വലിയ സ്നേഹപ്രകടനങ്ങൾ നമുക്കുവേണ്ടി നടത്തിക്കൊണ്ട് യഹോവയാം ദൈവവും യേശുക്രിസ്തുവും നമുക്കായി ചെയ്തിരിക്കുന്നതിനോടെല്ലാം നാം വിലമതിപ്പ് പ്രകടമാക്കുന്നത് തീർച്ചയായും ഏററവും ഉചിതമാണ്. നാം അത്തരം വിലമതിപ്പു പ്രകടമാക്കാൻ അവരോടു കടമ്പെട്ടിരിക്കുന്നു. നമുക്ക് വാസ്തവത്തിൽ പൂർണ്ണപ്രയോജനം ലഭിക്കണമെങ്കിൽ നാം അങ്ങനെയുള്ള വിലമതിപ്പു പ്രകടമാക്കേണ്ടതാണ്. അടുത്തലേഖനം നമുക്ക് ഇതു ചെയ്യാൻ കഴിയുന്ന അത്യുത്തമ മാർഗ്ഗങ്ങളിൽ ചിലത് വിശദമാക്കും. (w87 2/15)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ ദൈവത്തിന്റെ ഏതു സ്നേഹപ്രകടനങ്ങൾ സകല മനുഷ്യവർഗ്ഗത്തിനും കാണാൻ കഴിയും?
◻ തന്റെ പുത്രൻ കഷ്ടതയനുഭവിക്കുന്നതു കണ്ടപ്പോൾ യഹോവ ക്ലേശിച്ചുവെന്ന് നമുക്ക് എങ്ങനെ അറിയാൻ കഴിയും?
◻ മനുഷ്യർക്കുവേണ്ടിയുള്ള യേശുവിന്റെ മരണം തങ്ങളുടെ ജീവനെ ബലി ചെയ്തിരിക്കാവുന്ന മററുള്ളവരുടെ മരണത്തിൽനിന്ന് വ്യത്യസ്തമായിരുന്നതെങ്ങനെ?
◻ യഹോവയും യേശുവും പ്രകടമാക്കിയ സ്നേഹത്താൽ നാം എങ്ങനെ ബാധിക്കപ്പെടണം?