നമുക്ക് ദൈവത്തെ അറിയാൻ കഴിയുന്നതെങ്ങനെ?
ദൈവം എല്ലായിടത്തും ഉണ്ട്, നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലും മഴവില്ലിലും പക്ഷിയുടെ ചിറകിലും പുൽക്കൊടിയിലും അവൻ ഉണ്ട് എന്ന് ചില ആളുകൾ വിശ്വസിക്കുന്നു. എന്നാൽ ഒരു വ്യക്തിയെന്നനിലയിൽ ദൈവത്തിന് ഒരു നിശ്ചിത വാസസ്ഥാനം ഉണ്ട് എന്ന് ബൈബിൾ പഠിപ്പിക്കുന്നു. ദൈവത്തോടുള്ള പ്രാർത്ഥനയിൽ ജ്ഞാനിയായ ശലോമോൻ രാജാവ് ഇങ്ങനെ പറഞ്ഞു: “നിന്റെ സ്ഥിര നിവാസസ്ഥലമായ സ്വർഗ്ഗങ്ങളിൽ നിന്ന് നീ കേൾക്കുകയും ചെയ്യേണമേ.” ബൈബിൾ പുസ്തകമായ യെശയ്യാവിൽ ദൈവം തന്നെ ഇങ്ങനെ പറയുന്നതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: “സ്വർഗ്ഗങ്ങൾ എന്റെ സിംഹാസനമത്രെ.”—1 രാജാക്കൻമാർ 8:49; യെശയ്യാവ് 66:1.
ദൈവം തന്റെ സൃഷ്ടിയിൽ കുടികൊള്ളുന്നില്ലെങ്കിലും അവന്റെ വ്യക്തിത്വത്തിന്റെ ഗുണവിശേഷങ്ങൾ അവയിൽ പ്രതിഫലിച്ചു കാണുന്നു. റോമർ 1:20-ൽ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറയുന്നു: “അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യഗുണങ്ങൾ ലോകസൃഷ്ടി മുതൽക്കേ വ്യക്തമായി കാണപ്പെടുന്നു, എന്തുകൊണ്ടെന്നാൽ ഉണ്ടാക്കപ്പെട്ട വസ്തുക്കളിൽ അവ ദൃശ്യമാണ്.” സങ്കീർത്തനക്കാരനും സമാനമായ ഒരു വിധത്തിൽ ഇങ്ങനെ എഴുതി: “ആകാശങ്ങൾ ദൈവമഹത്വം ഘോഷിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകലിനു പിറകെ പകൽ വാക്കു പൊഴിക്കുന്നു. രാവിന് പിറകെ രാവ് ജ്ഞാനം പ്രദർശിപ്പിക്കുന്നു.”—സങ്കീർത്തനം 19:1, 2.
അതെ, താരനിബിഡമായ ഒരു രാത്രിയിൽ പുറത്തേക്ക് നോക്കി, നമ്മുടെ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിന് ആവശ്യമായ ജ്ഞാനത്തെയും ശക്തിയെയും കുറിച്ച് ഒരു നിമിഷത്തേക്ക് മനസ്സിരുത്തി ചിന്തിക്കുക! (യെശയ്യാവ് 40:26 താരതമ്യം ചെയ്യുക) തീർച്ചയായും, സൃഷ്ടി ദൈവത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അക്ഷയമായ ഉറവിടം ആണ്. ദൈവത്തിന്റെ ഗുണങ്ങളെയും സ്വഭാവവിശേഷണങ്ങളെയും കുറിച്ച് അതു വിളിച്ചറിയിക്കുന്ന അപാരമായ സാക്ഷ്യം മുഴുവനായി തിരിച്ചറിയാൻ മനുഷ്യന് ഒരിക്കലും കഴിയുകയില്ല. ഇയ്യോബിന്റെ പുസ്തകം ഇങ്ങനെ നമ്മെ ഓർമ്മിപ്പിക്കുന്നു: “നോക്കു! ഇവ അവന്റെ വഴികളുടെ അററങ്ങളത്രേ, അവനെക്കുറിച്ച് എത്ര മന്ദസ്വരത്തിലുള്ള വൃത്താന്തമാണ് കേട്ടിരിക്കുന്നതും!” (ഇയ്യോബ് 26:14) ‘ശില്പി തന്റെ ശിൽപ്പങ്ങളേക്കാൾ വലിയവനത്രെ’ എന്നൊരു പഴയ സ്വീഡിഷ് ചൊല്ലുണ്ട്. അതനുസരിച്ച് സൃഷ്ടി മഹത്തരമെങ്കിൽ ദൈവം അതിലേറെ മഹത്വമേറിയവൻ ആയിരിക്കണം; സൃഷ്ടി ശക്തി പ്രകടമാക്കുന്നുവെങ്കിൽ ദൈവം അതിലേറെ ശക്തിയുള്ളവൻ ആയിരിക്കണം; സൃഷ്ടി ജ്ഞാനം പ്രദർശിപ്പിക്കുന്നുവെങ്കിൽ ദൈവം ജ്ഞാനം ഏറിയവനും ആയിരിക്കണം!
ബൈബിൾ—ദൈവത്തിന്റെ ഗ്രന്ഥം
ഇങ്ങനെ സൃഷ്ടി ദൈവത്തെക്കുറിച്ച് ധാരാളം വിവരങ്ങൾ പകർന്നു തരുന്നു. പക്ഷേ, സൃഷ്ടിയുടെ പഠനം ദൈവത്തിന്റെ പേർ നിങ്ങൾക്ക് മനസ്സിലാക്കിത്തരുമോ? അത് സൃഷ്ടിയുടെ പിന്നിലുള്ള ഉദ്ദേശ്യമെന്തെന്നോ അവൻ ദുഷ്ടത അനുവദിക്കുന്നതെന്തുകൊണ്ടെന്നോ വെളിവാക്കുന്നുണ്ടോ? അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്ക് ദൈവം ഉണ്ടാക്കിയ ഭൗതിക സൃഷ്ടികളുടെ പഠനത്തേക്കാൾ അധികം ആവശ്യമാണ്. ഭാഗ്യവശാൽ, ബൈബിളിൽ ഈ വിവരങ്ങൾ അവതരിപ്പിക്കാൻ ദൈവം കരുതൽ ചെയ്തിരിക്കുന്നു.
അവിടെ ദൈവം ഒരു അമൂർത്തവും നിർവ്വചിക്കാനാകാത്തവനുമായ ഒരു ബുദ്ധിവൈഭവമോ സർവ്വവ്യാപിയായ ഒരു ശക്തിയോ പ്രഭാവമോ എന്നനിലയിൽ ഒരിക്കലും അവതരിപ്പിക്കപ്പെട്ടിട്ടില്ല. പ്രവൃത്തികൾ 3:19-ൽ നാം “യഹോവയാം വ്യക്തി”യെക്കുറിച്ച് വായിക്കുന്നു. അവന്റെ പുത്രനായ യേശുക്രിസ്തു മരിച്ചവരിൽ നിന്ന് ഉയർപ്പിക്കപ്പെട്ടപ്പോൾ “യഹോവയാം വ്യക്തി [അക്ഷരാർത്ഥത്തിൽ “മുഖം”] യുടെ മുമ്പാകെ പ്രത്യക്ഷനാകുന്നതിന് അവൻ സ്വർഗ്ഗത്തിലേക്കുതന്നെ പ്രവേശിച്ചു. (എബ്രായർ 9:24, രാജ്യവരിമദ്ധ്യ ഭാഷാന്തരം) യേശു ദൈവത്തെക്കുറിച്ച് സംസാരിച്ചപ്പോഴും അവനോട് പ്രാർത്ഥിച്ചപ്പോഴും ഒരിക്കലും അവനെ ഒരു വലിയ ശക്തിയെന്നോ അപരിമേയമായ ബുദ്ധിവൈഭവമെന്നോ അല്ലെങ്കിൽ മറേറതെങ്കിലും അമൂർത്തമായ നാമം അവന് നൽകിക്കൊണ്ടോ അവനെക്കുറിച്ച് സംസാരിച്ചില്ല. പ്രത്യുത, അവൻ ദൈവവുമായി തനിക്കുണ്ടായിരുന്ന ആഴമായ അടുപ്പം വെളിപ്പെടുത്തിക്കൊണ്ട് മിക്കപ്പോഴും അവനെ സ്വർഗ്ഗീയപിതാവ് എന്ന് വിളിച്ചു.—മത്തായി 5:48; 6:14, 26, 32.
അതുകൊണ്ട്, ദൈവം പേരില്ലാത്ത “എന്തോ” അല്ല, പിന്നെയോ ഒരു നാമമുള്ള വ്യക്തിയാണ്. സങ്കീർത്തനം 83:18 ഇങ്ങനെ പറയുന്നു: “യഹോവ എന്ന നാമമുള്ള നീ മാത്രം സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്ന് ജനം അറിയേണ്ടതിന്” ബൈബിൾ ദൈവത്തിന് പിൻവരുന്ന പ്രകാരമുള്ള ചില സ്ഥാനപ്പേരുകളും വിശേഷണനാമങ്ങളും ഉപയോഗിക്കുന്നു എന്നത് സത്യംതന്നെ: “സർവ്വശക്തൻ” “നിത്യതയുടെ രാജാവ്” “രക്ഷകൻ” “ഇടയൻ” “നാളുകളിൽ പുരാതനൻ” “മേൽവിചാരകൻ” “മഹാപ്രബോധകൻ” “മഹാനിർമ്മാതാവ്” “പാറ” (രൂത്ത് 1:20; 1 തിമൊഥെയോസ് 1:17; യെശയ്യാവ് 43:11; സങ്കീർത്തനം 23:1; ദാനിയേൽ 7:9, 13, 22; 1 പത്രോസ് 2:25; യെശയ്യാവ് 30:20; 54:5; ആവർത്തനം 32:4) അത്തരം പേരുകൾ, തന്റെ സർവ്വശക്തി, തന്റെ ജനങ്ങളോടുള്ള തന്റെ സ്നേഹപൂർവ്വകമായ കരുതൽ, തന്റെ അപരിമേയ ജ്ഞാനം എന്നിങ്ങനെ, ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ കൂടുതലായ വിശിഷ്ട വശങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുന്നു.
ദൈവം ഒരു വ്യക്തിയായതുകൊണ്ട് അവന് ഇഷ്ടാനിഷ്ടങ്ങളും വികാരങ്ങളും പോലുമുണ്ട്. അവൻ തന്റെ ജനത്തെ സ്നേഹിക്കുന്നുവെന്നും (1 രാജാക്കൻമാർ 10:9), തന്റെ പ്രവൃത്തികളിൽ ആനന്ദിക്കുന്നുവെന്നും (സങ്കീർത്തനം 104:31), വിഗ്രഹാരാധനയെ വെറുക്കുന്നുവെന്നും (ആവർത്തനം 16:22), ദുഷ്ടതയിൽ മുറിപ്പെടുന്നുവെന്നും (ഉൽപത്തി 6:6), 1 തിമൊഥെയോസ് 1:11-ൽ “സന്തുഷ്ടനായ ദൈവം” എന്നും വിളിക്കപ്പെടുന്നു.
ദൈവത്തെ അടുത്തറിയൽ
ദൈവത്തിന്റെ വ്യക്തിത്വത്തെ സംബന്ധിച്ചുള്ള മുഴു വെളിപ്പാടും ഉൾക്കൊള്ളാൻ തക്ക ഉൾവ്യാപ്തി മനുഷ്യമനസ്സിനില്ല എന്നത് സത്യം ആണ്. “ഓ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു! എന്തെന്നാൽ ‘യഹോവയുടെ മനസ്സ് അറിയാനിടവന്നിട്ടുള്ളവനാർ അഥവാ അവന് ആലോചകനായിരുന്നിട്ടുള്ളവൻ ആർ?’” (റോമർ 11:33, 34) എങ്കിലും വിശ്വാസമുള്ള ഒരുവന് മറേറതൊരു വ്യക്തിയെയും പോലെ ദൈവം യഥാർത്ഥമായിത്തീരുന്നു. യഹോവ തന്റെ സ്വന്ത പാർശ്വത്തുണ്ടായിരുന്നാലെന്നപോലെ “നോഹ സത്യദൈവത്തോടൊത്തു നടന്നു” എന്ന് ബൈബിൾ നമ്മോട് പറയുന്നു. (ഉൽപത്തി 6:9) താൻ “അദൃശ്യനായവനെ കാണുമ്പോ”ഴെന്നപോലെ മോശെക്ക് ദൈവം അത്ര യഥാർത്ഥമായിരുന്നു. (എബ്രായർ 11:27) അബ്രാഹാമിനെക്കുറിച്ച് അവൻ “യഹോവയുടെ സ്നേഹിതൻ” ആയിരുന്നുവെന്ന് പറയപ്പെട്ടു.—യാക്കോബ് 2:23.
തീർച്ചയായും ദൈവം തന്നെത്തന്നെ വ്യക്തിപരമായി നോഹ, അബ്രാഹാം, മോശെ എന്നിവർക്ക് വെളിപ്പെടുത്തി. ചിലർ ഇങ്ങനെ പറഞ്ഞേക്കാം, ‘ആകട്ടെ, ദൈവം അതുപോലുള്ള ഒരു വ്യക്തിപരമായ വിധത്തിൽ എനിക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയാൽ, അവൻ എനിക്കും യഥാർത്ഥമായിത്തീരും.’ നോഹക്കും, അബ്രാഹാമിനും മോശെക്കും തങ്ങളുടെ പക്കൽ ബൈബിൾ ഇല്ലായിരുന്നു, അവർക്ക് യേശുക്രിസ്തുവിനെക്കുറിച്ചോ അവൻ നിവർത്തിച്ച ഡസൻ കണക്കിന് പ്രവചനങ്ങളിലെല്ലാററിനെയും കുറിച്ചോ അറിവുണ്ടായിരുന്നില്ല. തൻനിമിത്തം യേശുക്രിസ്തു ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തിയ സർവ്വതും അവർക്ക് അജ്ഞാതമായിരുന്നു. അത്തരം സാഹചര്യങ്ങളിൽ തന്നെക്കുറിച്ചുതന്നെ ആ വിധം നേരിട്ടുള്ള വെളിപ്പാടുകൾ നൽകുക ദൈവത്തെ സംബന്ധിച്ചിടത്തോളം ആവശ്യവും ഉചിതവും ആയിരുന്നു.
ഇന്ന് നമുക്ക് ബൈബിളും ബൈബിൾ പ്രവചനങ്ങളുടെ നൂററാണ്ടുകളിലൂടെയുള്ള നിവൃത്തിയുടെ പശ്ചാത്തലവും ഉണ്ട്. യേശുക്രിസ്തുവിന്റെ ജീവിതം, പ്രവൃത്തികൾ, വചനങ്ങൾ എന്നിവയെ സംബന്ധിക്കുന്ന സുവിശേഷരേഖകൾ നമുക്കുണ്ട്. പൗലോസ് ഇങ്ങനെയും പറയുന്നു: “അവനിൽ [ക്രിസ്തുവിൽ] അല്ലോ ദൈവഗുണത്തിന്റെ സമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നത്.” (കൊലോസ്യർ 2:9) അതെ, പൂർവ്വപിതാക്കൻമാരുടെ കാലത്ത്, അസാദ്ധ്യമായിരുന്ന ഒരു അടുപ്പത്തിൽ ദൈവത്തെ അറിയാൻ തക്ക ഒരു നിലയിലാണ് നാം. അവൻ നേരിട്ട് സ്വയമേ നമുക്ക് വെളിപ്പെട്ടിട്ടില്ല എന്ന വസ്തുതയെ ഇത് കവിഞ്ഞ അളവിൽ പരിഹരിക്കുന്നില്ലേ?
ബൈബിൾ വായന നമ്മെ ദൈവത്തോട് അടുപ്പിക്കുന്നു
യാക്കോബ് 4:8-ൽ നാം വായിക്കുന്നു: “ദൈവത്തോട് അടുത്തു ചെല്ലുക, അവൻ നിങ്ങളോടും അടുത്തുവരും.” ബൈബിൾ വായിക്കുന്നതിലൂടെ നമുക്ക് ദൈവത്തോട് അടുക്കാം. എന്നാൽ എങ്ങനെ? ഒരു സംഗതി, ഒരു ബൈബിൾ ഭാഗം ദിനംപ്രതി വായിക്കുന്നതിലൂടെ നിങ്ങൾ അവന്റെ പുതുതായ സ്വഭാവവിശേഷങ്ങളും ഗുണങ്ങളും മനസ്സിലാക്കുന്നു എന്നതാണ്. നിങ്ങൾ വായിക്കുമ്പോഴെല്ലാം ആവർത്തിച്ച് നിർത്തിക്കൊണ്ട് നിങ്ങളോട് തന്നെ ചോദിക്കുക: ‘ഈ വാക്യത്തിലോ ഭാഗത്തോ ദൈവത്തെക്കുറിച്ച് ഞാൻ എന്തു ഗ്രഹിച്ചു?’ ഇതിലുപരിയായി, ദൈവത്തോടടുക്കുന്നതിലും കാര്യഗ്രഹണത്തിലും ഒരു “സഹായി” ആയി വർത്തിക്കുന്നതിന് ദൈവാത്മാവിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കുന്നതിനും കഴിയും.—യോഹന്നാൻ 14:26.
“ഒരു വ്യക്തിയെന്നനിലയിൽ യഹോവയെക്കുറിച്ച് ഒരു മെച്ചമായ ഗ്രാഹ്യം സംമ്പാദിക്കുന്നതിനെ ഞാൻ വിലമതിച്ചിട്ടുണ്ട്” എന്ന് ഒരു ക്രിസ്തീയ സ്ത്രീ പ്രസ്താവിച്ചു. മിഷനറിമാരെ പരിശീലിപ്പിച്ച് ലോകമെമ്പാടും അയ്ക്കുന്ന വാച്ച്ടവർ ബൈബിൾ സ്കൂളിലെ ഒരു വിദ്യാർത്ഥി ആയിരുന്നു അവർ. ഈ സ്കൂളിൽ ഏതുവിധത്തിലുള്ള ബൈബിൾ പഠനമാണ് അവലംബിച്ചിരുന്നത്? ഇൻസ്ട്രക്ടർമാരിൽ ഒരാൾ ഇങ്ങനെ വിശദീകരിക്കുന്നു: “ഒരു സംഘം എന്നനിലയിൽ മുഴുബൈബിളും പഠിക്കുന്നതിനുള്ള ഒരു പരിപാടിക്ക് ഞങ്ങൾ തുടക്കമിട്ടു. ഞങ്ങൾ ഓരോ ദിവസവും 10 മുതൽ 15 വരെ താളുകൾ പഠിച്ചു, വിദ്യാർത്ഥികളിൽ എല്ലാവരും ഗവേഷണം ചെയ്യുകയും ചർച്ചക്ക് സംഭാവന ചെയ്യുകയും ചെയ്തു. ഞങ്ങൾ ഒരു ബുദ്ധിമുട്ടേറിയ വാക്യം കണ്ടാൽ അതിന്റെ (1) സന്ദർഭം (2) എഴുതിയ കാലത്തെ സാഹചര്യങ്ങൾ (3) വാക്യത്തിലെ കാതലായ പദങ്ങൾ എന്നിവ ഞങ്ങൾ പരിചിന്തിക്കുമായിരുന്നു. ഞങ്ങൾ നിരന്തരം ഇങ്ങനെ ചോദിച്ചിരുന്നു: ‘യഹോവയെയും അവന്റെ ഗുണങ്ങളെയും കുറിച്ച് ഇത് നമ്മോടെന്ത് പറയുന്നു?’ അത് എപ്പോഴും അവനെക്കുറിച്ച് എന്തെങ്കിലും ഞങ്ങളോട് പറഞ്ഞിരുന്നു എന്ന് ഞങ്ങൾ കണ്ടെത്തി.”
ഈ സ്കൂളിൽ ഔപചാരികമായി ബൈബിൾ പഠിക്കാൻ നിങ്ങൾക്ക് പദവി ലഭിച്ചിട്ടില്ലെങ്കിലും ഈ പഠനവിധങ്ങളിൽ ചിലവ നിങ്ങൾക്കും ഉപകരിക്കും. ഉദാഹരണത്തിന് തങ്ങളുടെ സഭായോഗങ്ങളോടുള്ള ബന്ധത്തിൽ ബൈബിളിന്റെ കുറെ അദ്ധ്യായങ്ങൾ ഓരോ വാരത്തിലും പഠിക്കുന്ന ഒരു രീതി യഹോവയുടെ സാക്ഷികൾക്കിടയിൽ ഉണ്ട്. ഒരു കുടുംബം എന്നനിലയിൽ ബൈബിൾ പാരായണത്തിന്റെ ഈ പട്ടിക എന്തുകൊണ്ട് പിന്തുടർന്നുകൂടാ? കൂടാതെ, ബുദ്ധിമുട്ടേറിയ ചില ബൈബിൾ ഭാഗങ്ങൾ ഗ്രഹിക്കാൻ നിങ്ങളെ സഹായിക്കുന്ന ബൈബിൾ ഗ്രാഹ്യസഹായി, പുതിയലോക ഭാഷാന്തരം റഫറൻസ് ബൈബിൾ എന്നീ ഗവേഷണ സഹായികൾ വാച്ച്ടവർ ബൈബിൾ സൊസൈററി പ്രസിദ്ധീകരിക്കുന്നു.a ബൈബിൾ പാരായണത്തിന്റെ ഒരു ക്രമമായ പരിപാടിക്ക് യഹോവയുടെ വ്യക്തിത്വം സംബന്ധിച്ച നിങ്ങളുടെ വിലമതിപ്പ് വളരെയധികം വർദ്ധിപ്പിക്കാൻ കഴിയും.
നിങ്ങൾക്ക് പ്രത്യേക പ്രിയമുള്ള ഏതെങ്കിലും ബൈബിൾ ഭാഗം തിരഞ്ഞെടുക്കുകയുമാകാം. ഉദാഹരണത്തിന്, സങ്കീർത്തനം 86-ലെ 17 വാക്യങ്ങൾ നിങ്ങൾ പഠനത്തിന് തെരഞ്ഞെടുത്താൽ ദൈവവ്യക്തിത്വത്തിന്റെ 15 സവിശേഷതകൾ നിങ്ങൾ കണ്ടെത്താനിടയാകും: അവൻ നല്ലവനും, ക്ഷമാതൽപ്പരനും, സ്നേഹദയയിൽ സമ്പന്നനും, പ്രാർത്ഥനകൾക്ക് ഉത്തരമരുളാൻ ഒരുക്കമുള്ളവനും, ദൈവങ്ങളുടെയിടയിൽ അതുല്യനും, ഒരു സൃഷ്ടികർത്താവെന്നനിലയിൽ കിടയററവനും, പരമാധീശഭരണാധികാരിയും, അത്ഭുതകാര്യങ്ങൾ ചെയ്യുന്നവനും, മരണത്തിൽ നിന്നുള്ള വിമോചകനും, കരുണാസമ്പന്നനും, കൃപാലുവും, കോപത്തിന് താമസമുള്ളവനും, സത്യതയിൽ സമ്പന്നനും, ഒരു സഹായിയും, ഒരു ആശ്വാസകനും തന്നെ. നിങ്ങളുടെ സ്രഷ്ടാവിനെപ്പററി പഠിക്കാൻ ശ്രമിക്കുന്നതിൽപരമായി എന്ത് ശ്രേഷ്ഠലക്ഷ്യമാണ് നിങ്ങൾക്കുണ്ടായിരിക്കാൻ കഴിയുക?
ദൈവത്തെ അറിയുന്നതിൽനിന്നുള്ള മഹത്തായ പ്രയോജനങ്ങൾ
നിത്യജീവൻ എന്ന അന്തിമലാക്കിലെത്തുക എന്നതാണ് ദൈവത്തെ അറിയുന്നതിൽ നിന്നുള്ള കേവലം ഒരു പ്രയോജനം. (യോഹന്നാൻ 17:3) നിങ്ങൾക്കുവേണ്ടി അധികമായി കരുതുകയും പാറപോലെ ഉറച്ചുനിൽക്കുകയും ചെയ്യുന്നവനായ ഒരു അനുദിന സഹചാരിയെ ലഭിക്കുക എന്ന പ്രയോജനവും ഉണ്ടായിരിക്കും. (സങ്കീർത്തനം 18:31) ദാവീദ് രാജാവിന് താൻ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടതായും പ്രശ്നഭാരങ്ങൾക്കടിപ്പെട്ടതായും തോന്നിയപ്പോൾ തനിക്ക് ലഭ്യമായ ഏക സഹായി ദൈവമാണ് എന്ന് അവൻ കണ്ടെത്തി. അതുകൊണ്ട് അവൻ പറഞ്ഞു: “യഹോവയിൻമേൽത്തന്നെ നിങ്ങളുടെ ഭാരം ഇട്ടുകൊൾക, അവൻതന്നെ നിന്നെ താങ്ങിക്കൊള്ളും. നീതിമാൻ കുലുങ്ങിപ്പോകാൻ അവൻ ഒരിക്കലും അനുവദിക്കുകയില്ല.”—സങ്കീർത്തനം 55:22.
ദൈവത്തെ അറിയാൻ നിങ്ങൾ സമയം എടുക്കുന്നുവെങ്കിൽ അവനുമായി അത്തരമൊരു ബന്ധം നിങ്ങൾക്കും ആസ്വദിക്കാൻ കഴിയും. ഇത് അത്ര പ്രയാസമല്ല. അവന്റെ വചനം വായിക്കാൻ വേണ്ടത്ര പ്രയത്നം ചെലുത്തുക. ഈ മാസിക നിങ്ങൾക്ക് കൊണ്ടുതന്നവരെപ്പോലെ ദൈവത്തെ അറിയുന്നു എന്ന് സ്വന്തജീവിതത്തിലൂടെ പ്രകടമാക്കുന്നവരായ ആളുകളുമായി സഹവസിക്കുക. യഹോവയോട് പ്രാർത്ഥനയിൽ വിളിച്ചപേക്ഷിക്കുക. നിങ്ങളുടെ നിലവിളികൾ കേൾക്കാനാകാത്ത വെറും അമൂർത്തമായ ശക്തിയല്ല അവൻ. അവൻ ജീവനുള്ള ദൈവവും “പ്രാർത്ഥനകേൾക്കുന്നവനും” അത്രെ. “നിങ്ങൾ അവനെ അന്വേഷിക്കുന്നുവെങ്കിൽ നിങ്ങൾ അവനെ കണ്ടെത്താൻ അവൻ ഇടയാക്കും.”—സങ്കീർത്തനം 65:2; 1 ദിനവൃത്താന്തം 28:9. (w87 4/1)
[അടിക്കുറിപ്പുകൾ]
a ഈ ഗവേഷണ സഹായികളിലെ അത്തരം ഖണ്ഡികകളുടെ വിശദീകരണങ്ങളും വിശകലനങ്ങളും കണ്ടുപിടിക്കാൻ ദി വാച്ച്ടവർ പബ്ലിക്കേഷൻസ് ഇൻഡെക്സ് 1930-1985 നിങ്ങളെ സഹായിക്കും.
[5-ാം പേജിലെ ചിത്രം]
നോഹ, അബ്രാഹാം, മോശെ എന്നിവർക്ക് ദൈവം വ്യക്തിപരമായി വെളിപ്പെടുത്തി.
[7-ാം പേജിലെ ചിത്രം]
സൃഷ്ടി ദൈവത്തിന്റെ വ്യക്തിത്വത്തെ സംബന്ധിച്ച് വിവരം നൽകുന്ന ഒരു വിപുലമായ സരണിയാണ്