സത്യസന്ധത കാലഹരണപ്പെട്ടോ?
ഒരു ജീവിതരീതിയെന്ന നിലയിൽ സത്യസന്ധതയെ മുറുകെ പിടിക്കൽ—അത് ആധുനികലോകത്തിൽ കാലഹരണപ്പെട്ടിരിക്കുകയാണോ, മേലാൽ പ്രായോഗികമോ യഥാർത്ഥമൂല്യമുള്ളതോ അല്ലെന്നുള്ള നിലയിൽ ത്യജിക്കപ്പെട്ടിരിക്കുകയാണോ? അങ്ങനെയാണു തോന്നുക. സത്യസന്ധതയില്ലായ്മ എത്ര വിപുലവ്യാപകമാണെന്നുള്ളതിന്റെയും അതിന്റെ രൂപങ്ങളുടെയും അതു നുഴഞ്ഞുകയറിയിരിക്കുന്ന തലങ്ങളുടെയും അത് എത്ര ചെലവേറിയ ഭാരമായിത്തീർന്നിരിക്കുന്നുവെന്നതിന്റെയും ചുരുക്കം ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
സമീപസംവത്സരങ്ങളിൽ പശ്ചിമജർമ്മനിയിലെ നികുതിവെട്ടിപ്പുമൂലമുള്ള നഷ്ടം വാർഷികമായി 15,000 കോടി രൂപയാണ്. സ്വീഡനിൽ വാർഷികനഷ്ടം ആളാംപ്രതി 10,800 രൂപയാണ്. അതുകൊണ്ട് നിങ്ങൾ ഇതിൽ ഏതു രാജ്യത്ത് ജീവിച്ചാലും സത്യസന്ധതയില്ലായ്മ നിങ്ങൾ കൊടുക്കുന്ന നികുതിയെ ബാധിക്കുന്നു. ആദായനികുതി കൊടുക്കുന്നതിലുള്ള വഞ്ചന ഐക്യനാടുകളിൽ വളരെ പ്രബലപ്പെട്ടിരിക്കുന്നതുകൊണ്ട് ഗവൺമെൻറിന് വാർഷികവരുമാനത്തിൽ കണക്കാക്കപ്പെട്ടപ്രകാരം 15,00,000 കോടി രൂപാ നഷ്ടപ്പെടുന്നു. ആ പണം വമ്പിച്ച ഫെഡറൽ ബജററ് കമ്മി നികത്തുന്നതിൽ എത്ര സഹായമായിരിക്കുമായിരുന്നുവെന്ന് ചിന്തിക്കുക! മാത്രവുമല്ല, നിയമവിരുദ്ധ ബിസിനസ്സുകൾ യു. എസ്. ഗവൺമെൻറിനെ മറെറാരു 15,000 കോടി രൂപ വഞ്ചിക്കുന്നു. ഐക്യനാടുകളിലെ കടകളിൽ നടക്കുന്ന മോഷണവും ചൂണ്ടലും ചരക്കുകളുടെ വില വർദ്ധിപ്പിക്കാനിടയാക്കിക്കൊണ്ട് 6,000 കോടി രൂപയുടെ നഷ്ടമാണ് കടകൾക്ക് വർഷംതോറും വരുത്തിക്കൂട്ടുന്നത്. ദീർഘദൂര ഫോൺവിളികളെ വഞ്ചനാപരമായി മറെറാരു നമ്പറിനു ചാർജു ചെയ്യുന്നതിനാൽ അമേരിക്കക്കാർക്ക് വർഷം തോറും 1,50,00,000 രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ട്.
കാനഡായിൽ, ജോലിയിൽ സമയം പാഴാക്കുന്ന “സമയക്കള്ളൻമാർ” അവരുടെ മുതലാളിമാർക്ക് പ്രതിവർഷം 1,500 കോടി കനേഡിയൻ ഡോളറിന്റെ നഷ്ടം വരുത്തിക്കൂട്ടുന്നു. ഇത് “മോഷ്ടിക്കുന്ന തൊഴിലാളികളിലൂടെയും പണാപഹരണത്തിലൂടെയും ഇൻഷുറൻസ് വഞ്ചനയിലൂടെയും സർവനാശകസ്വഭാവത്തിലൂടെയും കൈക്കൂലിയിലൂടെയും കൊള്ളിവെയ്പിലൂടെയും ബിസിനസിനെതിരായ മററു യഥാർത്ഥ കുററകൃത്യങ്ങളിലൂടെയുമുള്ള മൊത്തം നഷ്ടത്തിന്റെ മൂന്നിരട്ടിയാണ്.” 1986-ലെ ഒരു പഠനമനുസരിച്ച് ഐക്യനാടുകളിലെ സമയമോഷണത്താലുള്ള ഭാരം വാർഷികമായി 2,55,000 കോടി രൂപയാണ്.
വിജയംനേടുന്ന ബഹുകോടി−ഡോളർ സ്ഥാപനങ്ങൾ അത്യാഗ്രഹത്തോടെ സ്വന്തം ഗവൺമെൻറുകളിൽനിന്നു മോഷ്ടിക്കുന്നു. എങ്ങനെ? അവയ്ക്ക് അമിതമായ വിലക്ക് ഉപകരണങ്ങളും പാർട്ടുകളും വിൽക്കുന്നതിനാൽ: 12 സെൻറ് വിലവരുന്ന അലൻ റെഞ്ചുകൾ 9,606 ഡോളറിന്; 67-സെൻറ് ട്രാൻസിസ്റററുകൾ 814 ഡോളറിന്; 17 സെൻറ് വിലയുള്ള സ്ററൂൾ കാലുകൾക്കുള്ള പ്ലാസ്ററിക്ക് തൊപ്പികൾ 1,118 ഡോളറിന്; “നിങ്ങൾ ഗവൺമെൻറിനു നേരിടുന്ന ശതകോടിക്കണക്കിന് ഡോളറിന്റെ നഷ്ടത്തെക്കുറിച്ചാണ് സംസാരിക്കുന്നത്” എന്ന് ഒരു യു. എസ്. സെനററർ പറയുകയുണ്ടായി.
ഇതിനു പുറമേ, എല്ലായിടത്തുമുള്ള പ്രമുഖവ്യക്തികളാലുള്ള ചീത്ത ദൃഷ്ടാന്തങ്ങൾ സത്യസന്ധതയെ നിരുത്സാഹപ്പെടുത്തുന്നു. നിങ്ങൾ ശ്രദ്ധിച്ചിരിക്കാനിടയുള്ളതുപോലെ ചില രാജ്യങ്ങളിലെ നേതാക്കൻമാർ കള്ളംപറയുകയും തെററിദ്ധരിപ്പിക്കുകയും തെററു മൂടിവെക്കുകയും തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു—അതെ, രാഷ്ട്രീയവൈരികളെ കൊലചെയ്യുകപോലും ചെയ്തിട്ട് മററാരോ ആണ് കുററക്കാരെന്ന് തോന്നിപ്പിക്കുന്നു.
അതുകൊണ്ട് സത്യസന്ധത കാലഹരണപ്പെട്ടതാണോ? അത് മേലാൽ ഏററവും നല്ല നയമല്ലേ? നാം സത്യസന്ധരായിരിക്കണമെന്ന് ദൈവവചനം നമ്മോടു പറയുന്നതുകൊണ്ടുമാത്രമാണോ സത്യസന്ധത ഏററം നന്നായിരിക്കുന്നത്? നിങ്ങൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം ആഗ്രഹിക്കുന്നുവെങ്കിൽ അടുത്ത ലേഖനം നിങ്ങൾക്ക് പ്രധാനമാണ്. (w88 2/15)