അടയാളം—ഭൂതകാലചരിത്രം മാത്രമല്ല
മദ്ധ്യപൂർവദേശത്ത് യരുശലേമിൽ ഇന്നത്തെ ചിന്താശീലരായ ആളുകളുടെ ശ്രദ്ധ ആവശ്യപ്പെടുന്ന വശ്യമായ ഒരു ചരിത്രപ്രധാന സ്ഥലമുണ്ട്. ഒന്നാം നൂററാണ്ടിലെ റോമൻചരിത്രകാരനായിരുന്ന ററാസിററസിന്റെ വാക്കുകളിൽ പറഞ്ഞാൽ, അത് “വമ്പിച്ച സമ്പത്തു നിക്ഷിപ്തമായിരുന്ന ഒരു ക്ഷേത്രം” സ്ഥിതിചെയ്തിരുന്ന ഒരു ഉയർന്ന പ്രദേശമാണ്. ക്ഷേത്രകെട്ടിടങ്ങളുടെ യാതൊരു കണികയും അവശേഷിക്കുന്നില്ല, എന്നാൽ പീഠം സ്ഥിതിചെയ്യുന്നുണ്ട്. അത് നിങ്ങളെ ബാധിക്കുന്ന ഒരു പ്രാവചനിക അടയാളത്തിന്റെ സത്യതക്കു സാക്ഷ്യം വഹിക്കുന്നു.
ആലയപീഠത്തിന്റെ തെക്കുഭാഗത്തായി പുരാവസ്തുശാസ്ത്രജ്ഞൻമാർ അനേകം കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ട്. “ക്രി.വ. 70ലെ യരുശലേമിന്റെ നാശത്തിന്റെ സമയത്ത് ആലയമതിലിന്റെ മുകളിൽവെച്ച് വാർത്തെടുത്ത ഹെരോദ്യൻ നിർമ്മാണരീതിയിലുള്ള വലിയ അനേകം കട്ടകളായിരുന്നു അത്യന്തം കൗതുകകരങ്ങളായ കണ്ടുപിടുത്തങ്ങൾ” എന്ന് ദി ബൈബിൾ ആൻഡ ആർക്കിയോളജിയിൽ ജെ. എ. തോംസൻ പ്രസ്താവിക്കുന്നു.
സംഭവിക്കുന്നതിനു 37 വർഷം മുമ്പ യെരുശലേമിന്റെയും അതിലെ ആലയത്തിന്റെയും നാശം മുൻകൂട്ടിപ്പറയപ്പെട്ടു. “ഇവിടെ മറിച്ചിടപ്പെടാതെ കല്ലിൻമേൽ കല്ലു ശേഷിക്കുകയില്ല” എന്ന യേശുക്രിസ്തുവിന്റെ വാക്കുകൾ മൂന്നിൽ കുറയാതെ ചരിത്രകാരൻമാർ രേഖപ്പെടുത്തുകയുണ്ടായി. (ലൂക്കോസ് 21:6; മത്തായി 24:1, 2; മർക്കോസ് 13:1, 2) നിങ്ങൾ ഉൾപ്പെടെ ഇന്നുള്ള എല്ലാവരെയും ബാധിക്കുന്ന ഒരു സംഭാഷണം തുടർന്നു നടന്നു.
അവന്റെ ശിഷ്യൻമാർ ചോദിച്ചു: “ഗുരോ, ഈ കാര്യങ്ങൾ സംഭവിക്കാൻ നിർണ്ണയിക്കപ്പെട്ടിരിക്കുന്ന കാലത്തിന്റെ അടയാളമെന്താണ്?” യേശു പറഞ്ഞതനുസരിച്ച്, ആലയത്തിന്റെ നാശംവരെയുള്ള കാലഘട്ടം യുദ്ധങ്ങളാലും ഭൂകമ്പങ്ങളാലും ഭക്ഷ്യക്ഷാമങ്ങളാലും പകർച്ചവ്യാധികളാലും അടയാളപ്പെടുത്തപ്പെടും. അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “സകല കാര്യങ്ങളും സംഭവിക്കുന്നതുവരെ ഈ തലമുറ യാതൊരു പ്രകാരത്തിലും നീങ്ങിപ്പോകുകയില്ല.”—ലൂക്കോസ് 21:7, 10, 11, 32.
ആ തലമുറക്ക് “അടയാള”ത്തിന്റെ നിവൃത്തി അനുഭവപ്പെട്ടോ? ഉവ്വ്, ബൈബിൾ “ഒരു വലിയ ക്ഷാമത്തെയും” മൂന്നു ഭൂകമ്പങ്ങളെയും പരാമർശിക്കുന്നു, അവയിൽ രണ്ടെണ്ണം ‘വലിയ ഭൂകമ്പങ്ങ’ളായിരുന്നു. (പ്രവൃത്തികൾ 11:28; 16:26; മത്തായി 27:51; 28:1, 2) ലൗകികചരിത്രമനുസരിച്ച്, ആ കാലഘട്ടത്തിൽ മററു ഭൂകമ്പങ്ങളും ഭക്ഷ്യക്ഷാമങ്ങളും സംഭവിച്ചു. അത് യുദ്ധങ്ങളുടെ ഒരു സമയവുമായിരുന്നു. അവയിൽ രണ്ടെണ്ണം യരുശലേം നിവാസികൾക്കെതിരെ റോമൻസൈന്യങ്ങൾ നടത്തിയവയായിരുന്നു. യരുശലേമിന്റെ രണ്ടാമത്തെ ഉപരോധം വലിയ ക്ഷാമത്തിലും പകർച്ചവ്യാധിയിലും കലാശിച്ചു, ക്രി.വ. 70-ാം വർഷത്തിലെ നഗരത്തിന്റെയും അതിലെ ആലയത്തിന്റെയും നാശത്തിൽ കൊണ്ടെത്തിക്കുകയും ചെയ്തു. ആലയം നിന്നിരുന്ന യരുശലേമിലെ സ്ഥാനം ഒന്നാം നൂററാണ്ടിലെ ആ ഭയങ്കര സംഭവങ്ങൾക്ക് മൂകസാക്ഷിയായി നിലകൊള്ളുകയാണ്.
‘രസകരം തന്നെ, എന്നാൽ അത് എന്നെ എങ്ങനെയാണ് ബാധിക്കുന്നത്?’ എന്ന് ആരെങ്കിലും ചോദിച്ചേക്കാം. അടയാളം ഭൂതകാലചരിത്രം മാത്രമല്ലാത്തതുകൊണ്ടാണത്. ഒന്നാം നൂററാണ്ടിൽ അതിനു ഭാഗികമായ നിവൃത്തി മാത്രമേ ഉണ്ടായുള്ളു. ദൃഷ്ടാന്തമായി, “സൂര്യനിലെയും ചന്ദ്രനിലെയും നക്ഷത്രങ്ങളിലെയും അടയാളങ്ങ”ളാലും “സമുദ്രത്തിന്റെ ഗർജ്ജനത്താലും” മനുഷ്യവർഗ്ഗം വലിയ ഭയത്തിലാകുന്ന ഒരു സമയത്തെയും യേശു മുൻകുട്ടിപ്പറഞ്ഞു. അടയാളത്തിന്റെ ഈ വശം “ദൈവരാജ്യത്തിന്റെ” സാമീപ്യത്തെ അടയാളപ്പെടുത്തും—ലോകാരിഷ്ടതയിൽനിന്ന് സ്ഥിരമായ വിടുതൽ കൈവരുത്തുന്നത് ആ ഗവൺമെൻറായിരിക്കും.—ലൂക്കോസ് 21:25-31.
അങ്ങനെയുള്ള കാര്യങ്ങൾ ഒന്നാം നൂററാണ്ടിൽ സംഭവിച്ചില്ല. ഇന്ന്, 1,900 വർഷം കഴിഞ്ഞിരിക്കെ, മനുഷ്യവർഗ്ഗം ഇപ്പോഴും യുദ്ധങ്ങളിൽനിന്നും ഭൂകമ്പങ്ങളിൽനിന്നും ഭക്ഷ്യക്ഷാമങ്ങളിൽനിന്നും പകർച്ചവ്യാധികളിൽനിന്നുമുള്ള വിടുതലിനായി കാത്തിരിക്കുകയാണ്. അതുകൊണ്ട്, അടയാളത്തിന്, പൂർണ്ണമായ രണ്ടാമത്തെ നിവൃത്തി ഉണ്ടാകണം. ഇതു സ്ഥിരീകരിക്കുമാറ്, വെളിപ്പാടുപുസ്തകത്തിൽ അടയാളത്തോട് ഒക്കുന്ന പ്രാവചനിക ചിത്രങ്ങൾ അടങ്ങിയിരിക്കുന്നു, അത് എഴുതപ്പെട്ടത് യരുശലേമിന്റെ നാശത്തിനു ശേഷവുമാണ്. (വെളിപ്പാട് 6:1-8) അങ്ങനെ, ഈ പ്രധാനപ്പെട്ട ചോദ്യം ഉദിക്കുന്നു: നമ്മുടെ നാളിൽ അടയാളം കാണപ്പെട്ടിരിക്കുന്നുവോ? (w88 10/1)