അലക്സാണ്ട്രിയൻ കൈയെഴുത്തുപ്രതി
അലക്സാണ്ട്രിയൻ കൈയെഴുത്തുപ്രതി ആയിരുന്നു പണ്ഡിതൻമാർക്ക് ലഭ്യമായ പ്രമുഖ കൈയെഴുത്തുപ്രതികളിൽ ആദ്യത്തേത്. അതിന്റെ കണ്ടുപിടുത്തം വിശുദ്ധ തിരുവെഴുത്തുകളുടെ പിന്നീടു വന്ന എല്ലാ ഭാഷാന്തരക്കാരുടെയും പ്രയോജനത്തിനുവേണ്ടി ഗ്രീക്ക് ബൈബിൾപാഠങ്ങളുടെ നിർമ്മാണാത്മക നിരൂപണത്തിന് വഴിയൊരുക്കി. എങ്ങനെ എപ്പോൾ ഇതു വെളിച്ചത്തിലേക്കു വന്നു?
ഈജിപ്ററ്, അലക്സാണ്ട്രിയായിലെ പാത്രിയർക്കീസായിരുന്ന കൂറിലോസ് ലുക്കാറിസ് ധാരാളം പുസ്തകങ്ങൾ ശേഖരിക്കുന്നയാളായിരുന്നു, 1621-ൽ അദ്ദേഹം ടർക്കിയിലെ കോൺസ്ററാൻറിനോപ്പിളിൽ പാത്രിയർക്കീസായപ്പോൾ അദ്ദേഹം ഈ അലക്സാണ്ട്രിനസ് കൈയെഴുത്തുപ്രതിയും കൊണ്ടുപോയി. എന്നിരുന്നാലും മദ്ധ്യപൗരസ്ത്യദേശത്തെ അസ്വസ്ഥതനിമിത്തവും ഈ കൈയെഴുത്തുപ്രതി മുസ്ലീംഗളുടെ കൈകളിൽ പെട്ടുപോയാൽ നശിപ്പിക്കപ്പെടാനുള്ള സാധ്യതകൊണ്ടും ലുക്കാറിസ് അത് ഇംഗ്ലണ്ടിൽ കൂടുതൽ സുരക്ഷിതമായിരിക്കുമെന്ന് കരുതി. തദനുസരണം 1624-ൽ അദ്ദേഹം അത് ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജയിംസ് I-ാമന് ഒരു സമ്മാനമെന്നനിലയിൽ ടർക്കിയിലെ ബ്രിട്ടീഷ് അമ്പാസ്സഡർക്ക് കൊടുത്തു. കൈയെഴുത്തുപ്രതി കൈമാററം ചെയ്യാൻകഴിയുന്നതിനുമുമ്പ് രാജാവ് മരിച്ചു, അതുകൊണ്ട് അത് മൂന്നു വർഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ പിൻഗാമിയായ ചാൾസ് I-ാമനു കൊടുക്കപ്പെട്ടു.
കൂറിലോസ് ലുക്കാറിസ് കരുതിയതുപോലെ ഈ കൈയെഴുത്തുപ്രതി മൂല്യവത്തായിരുന്നോ? അതെ. അത് ക്രി.വ. അഞ്ചാം നൂററാണ്ടിന്റെ പ്രാരംഭത്തിലേതെന്ന് കാലനിർണ്ണയം ചെയ്യപ്പെടുന്നു. തെളിവനുസരിച്ച് ഇത് എഴുതുന്നതിൽ പല പകർപ്പെഴുത്തുകാർ പങ്കെടുത്തിട്ടുണ്ട്, പാഠം ഉടനീളം തിരുത്തപ്പെട്ടിട്ടുമുണ്ട്. അത് ചർമ്മപത്രത്തിൽ, ഓരോ പേജിലും രണ്ടു പംക്തി വീതം വലിയക്ഷരത്തിൽ വാക്കുകൾക്കിടയിൽ അകലമില്ലാതെയാണ് എഴുതപ്പെട്ടിരിക്കുന്നത്. മത്തായിയുടെ മിക്ക ഭാഗങ്ങളും ഉൽപ്പത്തി, സങ്കീർത്തനങ്ങൾ, യോഹന്നാൻ, 2 കൊരിന്ത്യർ എന്നിവയുടെ ഏതാനും ഭാഗങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോൾ ഔദ്യോഗികമായി കോഡകസ എ എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഇതിൽ 773 താളുകൾ അടങ്ങിയിട്ടുണ്ട്, ഗണ്യമായ പ്രാധാന്യമുള്ള ഒരു പ്രാരംഭകാല സാക്ഷ്യമായി സ്ഥിതിചെയ്യുകയും ചെയ്യുന്നു.
മിക്ക ബൈബിൾകൈയ്യെഴുത്തുപ്രതികളെയും, അവ തമ്മിലുള്ള സാമ്യങ്ങൾ നിമിത്തം ഗ്രൂപ്പുകളായൊ കുടുംബങ്ങളായൊ തിരിക്കാവുന്നതാണ്. പകർപ്പെഴുത്തുകാർ തങ്ങളുടെ പ്രതികൾ ഒരേ ഉറവിൽനിന്നൊ അല്ലെങ്കിൽ അടുത്ത മാതൃകകളിൽ നിന്നൊ നിർമ്മിച്ചപ്പോഴാണ് ഇവ സംജാതമായത്. എന്നാൽ അലക്സാണ്ട്രിയൻ കൈയെഴുത്തുപ്രതിയെ സംബന്ധിച്ചിടത്തോളം പകർപ്പെഴുത്തുകാർ സാധ്യമാകുന്നിടത്തോളം നല്ല പാഠം പ്രദാനം ചെയ്യുന്നതിനുവേണ്ടി വ്യത്യസ്ത കുടുംബങ്ങളിൽനിന്നുള്ള വായനകൾ ഒരുമിപ്പിക്കുന്നതിൽ തൽപ്പരരായിരുന്നു എന്നു തോന്നുന്നു. യഥാർത്ഥത്തിൽ, 1611-ലെ ജയിംസ രാജാവിന്റെ ഭാഷാന്തരത്തിന്റെ അടിസ്ഥാനമായി ഉപയോഗിച്ച മറേറതൊരു ഗ്രീക്ക് കൈയെഴുത്തുപ്രതിയെക്കാളും ഇത് പഴക്കമുള്ളതും മെച്ചവും ആണെന്നു തെളിഞ്ഞു.
അലക്സാണ്ട്രിയനിലെ 1 തിമൊഥെയോസ് 3:16-ലെ വായന അതു പ്രസിദ്ധീകരിച്ചപ്പോൾ വളരെ വിവാദം ഉയർത്തി. ജയിംസ രാജാവിന്റെ ഭാഷാന്തരം ഇവിടെ ക്രിസ്തുയേശുവിനെ പരാമർശിക്കുമ്പോൾ: “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന് വായിക്കപ്പെടുന്നു. എന്നാൽ ഈ പുരാതന കൈയെഴുത്തുപ്രതിയിൽ “ΘC” എന്ന രണ്ടു ഗ്രീക്ക് അക്ഷരങ്ങളാൽ ഉളവാക്കപ്പെടുന്ന “ദൈവം” എന്നതിന്റെ ഹ്രസ്വരൂപം ആദ്യം “ആര്” എന്നതിനുള്ള വാക്കായ “OC” എന്നു വായിക്കപ്പെട്ടതായി കാണപ്പെടുന്നു. പ്രത്യക്ഷത്തിൽ ഇതിന്റെ അർത്ഥം ക്രിസ്തുയേശു “ദൈവം” അല്ലെന്നാണ്.
“ആര്” എന്നതാണൊ “ഏത്” എന്നതാണൊ ശരിയായ ഭാഷാന്തരം എന്നു തീരുമാനിക്കുന്നതിന് 200 വർഷങ്ങളും മററു പഴയ കൈയെഴുത്തുപ്രതികളുടെ കണ്ടുപിടുത്തവും വേണ്ടിവന്നു. ബ്രൂസ് എം. മെസ്ജെർ തന്റെ ടെകസച്വൽ കമൻററി ഓൺ ദി ഗ്രീക്ക ന്യൂ ടെസററമെൻറ എന്ന പുസ്തകത്തിൽ ഇപ്രകാരം നിഗമനം ചെയ്യുന്നു: “എട്ടാം നൂററാണ്ടിനോ ഒൻപതാം നൂററാണ്ടിനോ മുമ്പുള്ള (ആദ്യരൂപത്തിലുള്ള) യാതൊരു വല്യക്ഷര കൈയെഴുത്തുപ്രതികളും . . . θεός (തിയോസ)-നെ പിന്താങ്ങുന്നില്ല; എല്ലാ പുരാതന ഭാഷാന്തരങ്ങളും ὅς അല്ലെങ്കിൽ ὅ എന്ന് വ്യഞ്ജിപ്പിക്കുന്നു; നാലാം നൂററാണ്ടിന്റെ അവസാന മൂന്നാംഭാഗത്തിനു മുമ്പുള്ള യാതൊരു പുരാതന എഴുത്തുകാരനും θεός (തിയോസ) എന്ന വായനയെ സാക്ഷ്യപ്പെടുത്തുന്നില്ല.” ഇന്ന് മിക്ക ഭാഷാന്തരങ്ങളും ഈ വാക്യത്തിൽ “ദൈവം” എന്ന പരാമർശനത്തെ ഒഴിവാക്കുന്നതിനോട് യോജിക്കുന്നു.
ആയിരത്തിഎഴുന്നൂററി അൻപത്തേഴിൽ കിംഗ്സ് റോയൽ ലൈബ്രറി ബ്രിട്ടീഷ് ലൈബ്രറിയുടെ ഭാഗമായിത്തീർന്നു, ഇപ്പോൾ ഈ നല്ല കൈയെഴുത്തുപ്രതി ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിന്റെ കൈയെഴുത്തുപ്രതികളുടെ മുറിയിൽ വ്യക്തമായി പ്രദർശിപ്പിച്ചിട്ടുമുണ്ട്. ഇത് കാണുന്നതിന് തക്ക മൂല്യമുള്ള ഒരു നിക്ഷേപമാണ്. (w88 12/15)