വിദഗദ്ധ കലാകാരനായ യഹോവ!
“കലാകാരൻമാർ അസംഖ്യം സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും വരക്കാറുണ്ട്. അവരുടെ ചിത്രങ്ങൾ ആയിരക്കണക്കിനല്ല പതിനായിരക്കണക്കിനു രൂപക്കുപോലും വിൽക്കപ്പെടുന്നു. എന്നിരുന്നാലും, വിദഗ്ദ്ധകലാകാരനും സൂര്യോദയങ്ങളുടെയും സൂര്യാസ്തമയങ്ങളുടെയും കാരണഭൂതനുമായ യഹോവയാം ദൈവം ഓരോ ദിവസവും ഓരോന്ന് സൗജന്യമായി നമുക്കുനൽകുന്നു. അസൽ പകർപ്പുകളെക്കാൾ വളരെ മികച്ചുനിൽക്കുന്നു. ഇത് അവനെ സ്രഷ്ടാവായി നാം വിലമതിക്കാൻ കാരണം നൽകേണ്ടതല്ലയോ?” ഹാവായിയിലെ യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാരമേൽവിചാരകൻ ഒരു സഭയോടുള്ള തന്റെ പ്രസംഗത്തിൽ ഇങ്ങനെയാണ് ന്യായവാദംചെയ്തത്.
ആദ്യമായി രാജ്യഹാൾ സന്ദർശിച്ച ഒരു നിരീശ്വരവാദിയായ സ്ത്രീ സദസ്സിലുണ്ടായിരുന്നു. അവർ ശുശ്രൂഷകന്റെ ന്യായവാദം ശ്രദ്ധിച്ചു. എന്നിരുന്നാലും ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ശക്തമായ സംശയങ്ങൾ തങ്ങിനിന്നു. എന്നിരുന്നാലും, ഏതാണ്ട് രണ്ടുവർഷംകഴിഞ്ഞ് അവർ ജോലികഴിഞ്ഞ് വീട്ടിലേക്ക് കാറിൽപോകുമ്പോൾ അവർ ഗതാഗതകുരുക്കിൽ അകപ്പെട്ടു. ഇത് അവർ വിശേഷാൽ മനോഹരമായ ഒരു സൂര്യാസ്തമനം കാണാനിടയാക്കി. അവരുടെ ചിന്തകൾ ആ സഞ്ചാരമേൽവിചാരകന്റെ പ്രസംഗത്തിലേക്കു മടങ്ങിപ്പോയി.
അവർ വിവരിക്കുന്നു: “ഗതാഗതകുരുക്കിൽ അകപ്പെട്ടതുസംബന്ധിച്ച് അന്ധാളിക്കുന്നതിനു പകരം ഞാൻ മനോഹരമായ സൂര്യാസ്തമനം നോക്കിക്കൊണ്ടിരുന്നു, അത് യഹോവയെ ഒരു കലാകാരനും ഒരു സ്രഷ്ടാവുമായി വിലമതിക്കുന്നതിനെക്കുറിച്ച് പ്രസംഗകൻ പറഞ്ഞത് എന്നെ അനുസ്മരിപ്പിച്ചു. അത് എന്നെ ചിന്തിപ്പിച്ചു, ‘ഒരുപക്ഷേ അദ്ദേഹം പറഞ്ഞതു സത്യമാണ്; യഥാർത്ഥത്തിൽ ഒരു സ്രഷ്ടാവുണ്ടായിരിക്കാം.’ ഞാൻ വീട്ടിലേക്കു പോകവേ അതിനെക്കുറിച്ചു ചിന്തിച്ചു. അന്നു രാത്രി ഞാൻ എന്നെ ആദ്യമായി രാജ്യഹാളിലേക്കു ക്ഷണിച്ച സുഹൃത്തിനെ വിളിച്ചു. ഞാൻ ബൈബിൾ പഠിച്ചുതുടങ്ങി, ഇപ്പോൾ ഞാൻ യഹോവയെ എന്റെ ദൈവവും സ്രഷ്ടാവുമായി ആരാധിക്കുന്നു.”
സങ്കീർത്തനക്കാരനെപ്പോലെ ഈ സ്ത്രീ യഹോവയെ സൃഷ്ടിയുടെ വിദഗ്ദ്ധകലാകാരനായി വിലമതിക്കുകമാത്രമല്ല, അവനു സ്തുതിപാടാനുമിടയായി. സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “യഹോവയെ സ്വർഗ്ഗങ്ങളിൽനിന്നു സ്തുതിക്കുക . . . സൂര്യാ നീയും ചന്ദ്രനും അവനെ സ്തുതിക്കട്ടെ. പ്രകാശമുള്ള സകല നക്ഷത്രങ്ങളുമേ നിങ്ങൾ അവനെ സ്തുതിക്കുക. . . . . അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; എന്തെന്നാൽ അവൻതന്നെ കല്പിച്ചു, അവ സൃഷ്ടിക്കപ്പെടുകയുംചെയ്തു.”—സങ്കീർത്തനം 148:1-5. (w89 1⁄15)