തിരുവെഴുത്തുകളിൽ നിന്നുള്ള പാഠങ്ങൾ: ഹോശേയ 1:1-14:9
നമ്മുടെ ദൈവമായ യഹോവ കരുണയുള്ളവനാണ്
യഹോവ “ക്ഷമാ നടപടികളുള്ള ദൈവവും കൃപയും കരുണയും ഉള്ളവനും കോപിക്കാൻ താമസവും സ്നേഹദയയിൽ സമ്പന്നനും” ആകുന്നു. (നെഹെമ്യാവ് 9:17) അവൻ തന്റെ നീതിയുള്ള നിലവാരങ്ങളിൽ ഉറച്ചു നിൽക്കുന്നു എങ്കിലും അനുതപിക്കുന്നതിനും അവനുമായി ഒരു നല്ല ബന്ധം ആസ്വദിക്കുന്നതിനും ദുഷ്പ്രവൃത്തിക്കാരെ ക്ഷണിക്കുന്നു. അനുസരണംകെട്ട യിസ്രായേല്യരോട് തന്റെ പ്രവാചകൻ മുഖാന്തരം പറഞ്ഞ കാര്യങ്ങളാൽ ഇത് എത്ര നന്നായി ചിത്രീകരിച്ചിരുന്നു!
ഹോശേയയുടെ നാമം വഹിക്കുന്ന ബൈബിൾ പുസ്തകം പ്രവാചകൻ ശമര്യാ ഡിസ്ട്രിക്ടിൽ വെച്ച് അവന്റെ 59 വർഷത്തെ (ക്രി. മു. ഏകദേശം 804 മുതൽ 745-ന് ശേഷം വരെ) ദീർഘകാല സേവനത്തിനുശേഷം പൂർത്തീകരിച്ചു. ഹോശേയ യിസ്രായേലിന്റെ പത്തുഗോത്ര രാജ്യത്തിൽ യെരോബയാം രണ്ടാമന്റെ കാലത്തും യഹൂദാ രാജാക്കൻമാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കീയാവ് എന്നിവരുടെ കാലത്തും പ്രവചിച്ചു. (ഹോശേയ 1:1) യിസ്രായേൽ അനുതാപത്തിനുള്ള അറിയിപ്പുകൾ തിരസ്കരിച്ചതിനാൽ ദേശം അസീറിയായാൽ തോൽപ്പിക്കപ്പെടുകയും ക്രി. മു. 740-ൽ ശമര്യ നശിപ്പിക്കപ്പെടുകയും ചെയ്തു. ഹോശേയയുടെ പ്രവചനങ്ങൾ പുരാതന നൂററാണ്ടുകളിലെ ജനങ്ങളിലേക്ക് തിരിച്ചുവിടപ്പെട്ടവയായിരുന്നെങ്കിലും, അതിൽ നമ്മുടെ ദൈവമായ യഹോവയുടെ കരുണ സംബന്ധിച്ച് നമുക്കുവേണ്ടിയുള്ള പാഠങ്ങൾ അടങ്ങിയിരിക്കുന്നു.
യിസ്രായേലിന്റെ അനുസരണംകെട്ട ഗതി
യഹോവ ഒരു പാപിയുടെ ഹൃദയംഗമമായ അനുതാപത്തിന്റെ അടിസ്ഥാനത്തിൽ കരുണ കാണിക്കുന്നു. (സങ്കീർത്തനം 51:17; സദൃശവാക്യങ്ങൾ 28:13) യിസ്രായേലിനോട് കരുണ കാണിക്കുന്നതിനുള്ള ദൈവത്തിന്റെ മനസ്സൊരുക്കത്തെ, ഹോശേയയുടെ ഭാര്യയായ ഗോമരിനോടുള്ള അവന്റെ ഇടപെടലുകളാൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. കൽപ്പിക്കപ്പെട്ടതനുസരിച്ച് അവൻ “പരസംഗം ചെയ്യുന്ന ഒരു ഭാര്യയെ” എടുത്തു. ഹോശേയക്ക് ഒരു മകൻ ജനിച്ചശേഷം തെളിവനുസരിച്ച് ഗോമർ പരസംഗത്തിൽ രണ്ട് മക്കളെ പ്രസവിച്ചു. എന്നിട്ടും പ്രവാചകൻ കരുണാപൂർവം തന്റെ ഭാര്യയെ തിരിച്ചെടുത്തു. സമാനമായി, യിസ്രായേൽ വ്യാജദൈവമായ ബാലിൽനിന്ന് അനുഗ്രഹങ്ങൾ വരുന്നതായി തെററായി പറഞ്ഞുകൊണ്ട്, യഹോവക്ക് ഒരു അവിശ്വസ്ത ഭാര്യയെപ്പോലെ ആയിരുന്നു. എന്നിരുന്നാലും അവർ തങ്ങളുടെ ആത്മീയ പരസംഗം സംബന്ധിച്ച് അനുതപിച്ചിരുന്നെങ്കിൽ യഹോവ അവരോട് കരുണകാണിക്കാൻ മനസ്സൊരുക്കമുള്ളവനായിരുന്നു.—1:1-3:5.
ദിവ്യ കരുണ ആഗ്രഹിക്കുന്ന പാപികൾ തങ്ങളുടെ പാപപൂർണ്ണമായ ഗതിയിൽനിന്ന് തിരിയുകയും ദൈവത്തെസംബന്ധിച്ചുള്ള അറിവിനോട് അനുരൂപപ്പെടുകയും ചെയ്യണം. (സങ്കീർത്തനം 119:59, 66, 67) യഹോവക്ക് യിസ്രായേൽ നിവാസികളോട് ഒരു വ്യവഹാരമുണ്ടായിരുന്നു, എന്തുകൊണ്ടെന്നാൽ അവരുടെ ദേശത്ത് സത്യവും സ്നേഹദയയും ദൈവിക പരിജ്ഞാനവും ഇല്ലാതായിത്തീർന്നിരുന്നു. അവർ പരിജ്ഞാനത്തെ ത്യജിക്കയാൽ യഹോവ അവരെ ത്യജിക്കും. വിഗ്രഹാരാധികളായ യിസ്രായേലും യഹൂദയും കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു. അവർ “പീഡനത്താൽ കഷ്ടത്തിൽ” അകപ്പെടുമ്പോൾ ദൈവത്തെ അന്വേഷിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.—4:1-5:15.
ഒരു കൊടുങ്കാററ കൊയ്യുന്നു!
ദുഷ്പ്രവൃത്തിക്കാർ ദൈവത്തിന്റെ കരുണ അനുഭവിക്കണമെങ്കിൽ അനുതാപത്തിനു ചേർച്ചയായ പ്രവൃത്തികൾ അത്യാവശ്യമാണ്. (പ്രവൃത്തികൾ 26:20) “നമുക്ക് യഹോവയിങ്കലേക്കു തിരിയാം” എന്ന് ഹോശേയ ആത്മാർത്ഥമായി ആവശ്യപ്പെട്ടു. എന്നാൽ യിസ്രായേലിന്റെയും (മുഖ്യ ഗോത്രമായ എഫ്രയീമിന്റെ പേർ വിളിക്കപ്പെട്ടിരുന്നു) യഹൂദയുടെയും സ്നേഹദയ “രാവിലെ മാഞ്ഞുപോകുന്ന മഞ്ഞു പോലെ” ആയിരുന്നു. ജനങ്ങൾ ദൈവത്തിന്റെ ഉടമ്പടിയെ മറികടക്കുകയും അനുതാപത്തിനു യോജിച്ച ഫലങ്ങൾ ഉൽപ്പാദിപ്പിക്കാതിരിക്കയും ചെയ്തു. “ഹൃദയശൂന്യമായ ബുദ്ധിയില്ലാത്ത പ്രാവിനെപ്പോലെ” അവർ ഈജിപ്ററിൽ നിന്നും അസീറിയായിൽ നിന്നും സഹായം തേടി. എന്നാൽ ഈ രാഷ്ട്രീയ ശക്തികൾക്ക് ഒരു ലക്ഷ്യത്തിലേക്ക് അമ്പുകൾ തൊടുത്തു വിടാൻ കഴിയാത്ത “ഒരു അയഞ്ഞ വില്ലി”നേക്കാൾ അധികമായി ഒരു നൻമയും ചെയ്യാൻ കഴിയുമായിരുന്നില്ല.—6:1-7:16.
നൻമ കൊയ്യുന്നതിനുവേണ്ടി യഹോവയുടെ കരുണ തേടുന്നവർ നൻമ വിതക്കണം. (ഗലാത്യർ 6:7, 8) യിസ്രായേല്യർ നൻമയെ തള്ളിക്കളഞ്ഞതിനാൽ അവർ തിൻമ കൊയ്തു. ‘അവർ കാററു വിതച്ചുകൊണ്ടിരുന്നു, ഒരു കൊടുങ്കാററ് കൊയ്യുകയും ചെയ്യുമായിരുന്നു.’ ദൈവം “അവരുടെ പാപങ്ങളെ ശ്രദ്ധിക്കയും” അവർ അവന്റെ കരുണയല്ല പിന്നെയൊ അവന്റെ പ്രതികൂല ന്യായവിധി കൊയ്യുകയും ചെയ്യുമായിരുന്നു. അവർ “രാഷ്ട്രങ്ങളുടെയിടയിൽ അഭയാർത്ഥികളായി”ത്തീരേണ്ടിയിരുന്നു. അസീറിയായുടെ ആക്രമണം പ്രായേണ ഈ സാഹചര്യത്തിന് സംഭാവന ചെയ്തു.—8:1-9:17; ആവർത്തനം 28:64, 65; 2 രാജാക്കൻമാർ 15:29; 17:1-6, 22, 23; 18:9-12; 1 ദിനവൃത്താന്തം 5:26.
നാം വിശുദ്ധകാര്യങ്ങളെ വിലമതിച്ചുകൊണ്ടിരുന്നെങ്കിൽമാത്രമേ ദൈവത്തിന്റെ കരുണയിൽ നിന്ന് പ്രയോജനം നേടിക്കൊണ്ടിരിക്കയുള്ളു. (എബ്രായർ 12:14-16) യിസ്രായേല്യർ അങ്ങനെയുള്ള വിലമതിപ്പിന്റെ അഭാവമുള്ളവരായിരുന്നു. നീതിയിൽ വിത്തുവിതക്കുകയും സ്നേഹദയക്കു ചേർച്ചയായി കൊയ്യുകയും ചെയ്യുന്നതിനു പകരം, അവർ ദുഷ്ടത നടുകയും അനീതി കൊയ്യുകയും ചെയ്തു. ദൈവം യിസ്രായേലിനെ ഒരു മകനെപ്പോലെ ഈജിപ്ററിൽ നിന്ന് വിളിച്ചുകൊണ്ടുവന്നു, എന്നാൽ അവന്റെ സ്നേഹത്തിനു പകരം വഞ്ചന അവർ തിരിച്ചു നൽകി. “സ്നേഹദയയും നീതിയും പാലിച്ചുകൊണ്ട് നിങ്ങൾ നിങ്ങളുടെ ദൈവത്തിലേക്ക് മടങ്ങി വരണം,” എന്ന് യഹോവ ബുദ്ധിയുപദേശിച്ചു. എന്നാൽ എഫ്രയീം ഗൗരവതരമായ ദുഷ്പ്രവൃത്തിയിൽ ഏർപ്പെടുകയും കരുണക്കു പകരം ശിക്ഷണത്തിനർഹരായിത്തീരുകയും ചെയ്തു.—10:1-12:14.
യഹോവയിങ്കലേക്ക് മടങ്ങി വരിക
ഗൗരവതരമായ തെററചെയ്യുന്നവർക്കുപോലും യഹോവയിങ്കലേക്ക് മടങ്ങിവരുന്നതിനും കരുണ ലഭിക്കുന്നതിനും കഴിയും. (സങ്കീർത്തനം 145:8, 9) ഹോശേയ വീണ്ടും യിസ്രായേലിനുവേണ്ടിയുള്ള ദൈവത്തിന്റെ വാൽസല്യപൂർവകമായ കരുതലിനെ പരാമർശിച്ചു. ആ ജനത യഹോവക്കെതിരെ തിരിഞ്ഞെങ്കിലും അവൻ ഇപ്രകാരം പറഞ്ഞുകൊണ്ട് പുനഃസ്ഥാപനം വാഗ്ദാനം ചെയ്തു: ‘ഷിയോളിൽ നിന്ന് ഞാൻ അവരെ വീണ്ടെടുക്കും; മരണത്തിൽനിന്ന് ഞാൻ അവരെ വിടുവിക്കും.’ ശമര്യ (യിസ്രായേൽ) മൽസരത്തിന് ഒരു വില ഒടുക്കേണ്ടിയിരുന്നു. എന്നാൽ യിസ്രായേല്യർ ‘അധരാർപ്പണമായ കാളകളോടെ’ മടങ്ങിവരുന്നതിന് ആത്മാർത്ഥമായ വാക്കുകളോടെ പ്രോൽസാഹിപ്പിക്കപ്പെട്ടു. യഹോവയുടെ നീതിയുള്ള വഴികളിൽ നടക്കുന്ന, ജ്ഞാനവും നീതിയുമുള്ളവർ അവന്റെ കരുണയും സ്നേഹവും ആസ്വദിക്കുമെന്നുള്ള ആശ്വാസകരമായ ചിന്തയോടെ പ്രവചനം ഉപസംഹരിപ്പിക്കുന്നു.—13:1-14:9.
ഓർമ്മിക്കുന്നതിനുള്ള പാഠങ്ങൾ: യഹോവ ഒരു ദുഷ്പ്രവൃത്തിക്കാരന്റെ ഹൃദയംഗമമായ അനുതാപത്തിന്റെ അടിസ്ഥാനത്തിൽ കരുണ നൽകുന്നു. എന്നാൽ അവന്റെ കരുണ ആഗ്രഹിക്കുന്ന പാപികൾ ദൈവത്തെസംബന്ധിച്ച അറിവിന് അനുരൂപരായിത്തീരുകയും അനുതാപത്തിനുചേർച്ചയായ പ്രവൃത്തികൾ ഉൽപ്പാദിപ്പിക്കുകയും വേണം. അവർ നൻമ വിതക്കുകയും വിശുദ്ധകാര്യങ്ങൾ വിലമതിക്കുന്നതിൽ തുടരുകയും വേണം. ഗൗരവമുള്ള തെററിലകപ്പെടുന്നവർക്കുപോലും അത്യുന്നതനിലേക്ക് പ്രത്യാശയോടെ തിരിഞ്ഞുവരാൻ സാധിക്കുമെന്നുള്ള അറിവിൽനിന്ന് ആശ്വാസം കൈക്കൊള്ളാൻ കഴിയും, എന്തുകൊണ്ടെന്നാൽ നമ്മുടെ ദൈവമായ യഹോവ കരുണയുള്ളവനാണ്. (w89 3/1)
[31-ാം പേജിലെ ചതുരം]
ബൈബിൾ വാക്യങ്ങൾ പരിശോധിക്കപ്പെടുന്നു
○ 2:21-23—ജസ്രീയൽ എന്നാൽ ‘ദൈവം വിത്തു വിതക്കും’ എന്നർത്ഥം. യഹോവ ഒരു വിശ്വസ്ത ശേഷിപ്പിനെ കൂട്ടിച്ചേർക്കുകയും വിത്തെന്നപോലെ യഹൂദയിൽ വിതക്കുകയും ചെയ്യും. അവിടെ ധാന്യവും മധുരമുള്ള വീഞ്ഞും എണ്ണയും ഉണ്ടായിരിക്കും. ദരിദ്രരായ ശേഷിപ്പിനുവേണ്ടി, ഈ നല്ല വസ്തുക്കൾ ഭൂമിയോട് ധാന്യച്ചെടികൾക്കും മുന്തിരിവള്ളികൾക്കും ഒലിവു വൃക്ഷങ്ങൾക്കും ധാതുക്കൾ വിട്ടുകൊടുക്കാൻ ആവശ്യപ്പെടും. ഭൂമി മഴക്കുവേണ്ടി ആകാശങ്ങളോട് അപേക്ഷിക്കും, അവ ദൈവത്തോട് ആവശ്യമായ മഴ നൽകുന്ന കാർമേഘങ്ങൾ ഉൽപ്പാദിപ്പിക്കാൻ അപേക്ഷിക്കും.
○ 5:1—യിസ്രായേലിലെ വിശ്വാസത്യാഗികളായ പുരോഹിതൻമാരും രാജാക്കൻമാരും ജനങ്ങളെ വ്യാജാരാധനയിൽ ഏർപ്പെടാൻ വിലോഭിപ്പിച്ചുകൊണ്ട് അവർക്ക് ഒരു കെണിയും വലയും ആയിത്തീർന്നു. സാധ്യതയനുസരിച്ച് താബോർ മലയും (യോർദ്ദാൻ നദിക്ക് പടിഞ്ഞാറ്) മിസ്പയും (ആ നദിക്ക് കിഴക്കുള്ള ഒരു നഗരം) വ്യാജാരാധനയുടെ കേന്ദ്രങ്ങളായിരുന്നു. യിസ്രായേലിൽ എല്ലായിടത്തുമുണ്ടായിരുന്ന ജനങ്ങൾ, ദൈവത്തിന്റെ പ്രതികൂല ന്യായവിധി അനുഭവിച്ച തങ്ങളുടെ നേതാക്കൻമാരുടെ ചീത്ത ദൃഷ്ടാന്തം നിമിത്തം വിഗ്രഹാരാധന നടത്തിയിരുന്നു.
○ 7:4-8—പരസംഗികളായ യിസ്രായേല്യരെ ഒരു അപ്പക്കാരന്റെ അടുപ്പിനോടൊ അല്ലെങ്കിൽ ചൂളയോടൊ താരതമ്യപ്പെടുത്തിയിരുന്നു, സാധ്യതയനുസരിച്ച് അതിന് കാരണം അവരിൽ കിടന്ന് എരിയുന്ന ദുഷിച്ച ആഗ്രഹങ്ങളായിരുന്നു. ജനതകളുടെ വഴികൾ സ്വീകരിച്ചുകൊണ്ടും അവരുമായി സഖ്യത അന്വേഷിച്ചുകൊണ്ടും അവരുമായി ഇടകലർന്നതിനാൽ, എഫ്രയീം (യിസ്രായേൽ) ഒരുവശം മാത്രം വേവിച്ച വൃത്താകാരമായ കെയ്ക്ക് പോലെയും ആയിരുന്നു.
○ 9:10—യിസ്രായേല്യർ മോവാബ്യ സമഭൂമിയിൽ വെച്ച് ബാൽപെയോരിനോട് ചേർന്നപ്പോൾ അവർ ‘ലജ്ജാകരമായ കാര്യത്തിന് തങ്ങളെത്തന്നെ സമർപ്പിച്ചു.’ (സംഖ്യാപുസ്തകം 25:1-5) ഹോശേയ “തങ്ങളേത്തന്നെ പിൻവലിക്കുക; തങ്ങളേത്തന്നെ വേർപെടുത്തിനിർത്തുക” എന്നർത്ഥം വരുന്ന ഒരു എബ്രായ ക്രിയ ഉപയോഗിച്ചു. യിസ്രായേല്യർ ദൈവത്തിനു സമർപ്പിക്കപ്പെട്ടിരുന്നു, എന്നാൽ ബാൽപെയോരിനുവേണ്ടി തങ്ങളേത്തന്നെ വേർതിരിച്ചു. ആ സംഭവത്തെ പരാമർശിച്ചിരുന്നിരിക്കും, എന്തുകൊണ്ടെന്നാൽ ബാലാരാധന പത്തുഗോത്ര രാജ്യത്തിന്റെ പ്രമുഖ പാപമായിരുന്നു. (ഹോശേയ 2:8, 13) നമുക്ക് ഈ മുന്നറിയിപ്പിന് ശ്രദ്ധ കൊടുക്കുകയും യഹോവക്കുള്ള നമ്മുടെ സമർപ്പണത്തെ ഒരിക്കലും തകർക്കാതിരിക്കയും ചെയ്യാം.—1 കൊരിന്ത്യർ 10:8,11.
○ 10:5—“ദൈവത്തിന്റെ ഭവനം” എന്നർത്ഥമുള്ള ബഥേൽ എന്നതിനു പകരം ഒരു ദുഷിക്കുന്ന അർത്ഥം വരുന്ന ബേത്ത്-ആവേൻ (അർത്ഥം, “ദ്രോഹത്തിന്റെ ഭവനം”) എന്ന് ഉപയോഗിച്ചിരിക്കുന്നു. ബെഥേൽ ദൈവത്തിന്റെ ഒരു ഭവനമായിരുന്നു. എന്നാൽ അവിടെ അരംങ്ങേറിക്കൊണ്ടിരുന്ന കാളക്കുട്ടിയാരാധന നിമിത്തം അത് ദ്രോഹത്തിന്റെ ഭവനമായിത്തീർന്നു. (1 രാജാക്കൻമാർ 12:28-30) കാളക്കുട്ടിയുടെ വിഗ്രഹം നാടു കടത്തപ്പെട്ടപ്പോൾ ആളുകൾ അതിനാൽ ഭയപ്പെട്ടുപോയിരിക്കും. ജീവനില്ലാത്ത വിഗ്രഹത്തിന് അതിനെത്തന്നെ സംരക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല, അവയെ ആരാധിച്ചിരുന്നവരെ അത്രപോലും കഴിഞ്ഞിരുന്നില്ല.—സങ്കീർത്തനം 115:4-8.
○ 13:14—യഹോവ അനുസരണംകെട്ട യിസ്രായേല്യരെ ആ സമയത്ത് ഷിയോളിന്റെ ശക്തിയിൽനിന്ന് വീണ്ടെടുത്തുകൊണ്ടോ മരണത്തിൽനിന്ന് വിടുവിച്ചുകൊണ്ടോ സംരക്ഷിക്കയില്ലായിരുന്നു. അവൻ അനുകമ്പ കാണിക്കയില്ല, എന്തുകൊണ്ടെന്നാൽ അവർ കരുണ അർഹിക്കുന്നില്ലായിരുന്നു. എന്നാൽ ദൈവം ക്രമേണ മരണത്തെ സദാകാലത്തേക്കും വിഴുങ്ങിക്കളയുകയും അതിന്റെ വിജയത്തെ ഇല്ലായ്മ ചെയ്യുകയും ചെയ്യും എന്ന് അപ്പോസ്തലനായ പൗലോസ് പ്രകടമാക്കുന്നു. യഹോവ അപ്രകാരം ചെയ്യുന്നതിനുള്ള തന്റെ ശക്തി യേശുക്രിസ്തുവിനെ മരണത്തിൽനിന്നും ഷിയോളിൽനിന്നും ഉയർത്തിക്കൊണ്ട് പ്രകടമാക്കി. അപ്രകാരം രാജ്യഭരണത്തിൻ കീഴിൽ, ദൈവത്തിന്റെ സ്മരണയിലുള്ളവർ തന്റെ പുത്രൻ മുഖാന്തരം ഉയിർപ്പിക്കപ്പെടുമെന്നതിന് ഒരു ഉറപ്പും നൽകുന്നു.—യോഹന്നാൻ 5:28, 29.