ഒരു മർമ്മം—ആരാണ് വേശ്യയായ “മഹാബാബിലോൻ”?
ശതകോടിക്കണക്കിനാളുകളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുള്ള ഒരു കുപ്രസിദ്ധ വേശ്യാസ്ത്രീ കൊല്ലപ്പെട്ടിരിക്കുന്നു, വധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇത് സാധാരണ വധനിർവ്വഹണമല്ല. ഇതിനെ വ്യത്യസ്തമാക്കുന്നതെന്താണ്? വധനിർവ്വാഹകൻ അവളുടെ വസ്ത്രമുരിഞ്ഞു നഗ്നയാക്കി അവളുടെ മാംസം ആർത്തിയോടെ വിഴുങ്ങിയശേഷം അവളുടെ അവശിഷ്ടങ്ങളെ അഗ്നിയാൽ ദഹിപ്പിക്കേണ്ടതിന് വിട്ടേക്കുന്ന ഒരു മൃഗമാണ്, ഒരു കാട്ടുമൃഗമാണ്. സ്വാധീനശക്തിയുള്ള ഈ സ്ത്രീ ആരാണ്? ഒരു കാട്ടുമൃഗം അവളെ ആക്രമിക്കുന്നതെന്തുകൊണ്ട്? ഈ ഘോരമായ അന്ത്യം അർഹിക്കാൻ അവൾ എന്താണ് ചെയ്തിരിക്കുന്നത്?a—വെളിപ്പാട് 17:16, 17.
ഇതിന് അമ്പരപ്പിക്കുന്ന ഒരു നിഗൂഢകഥയുടെ അടിസ്ഥാനമായിരിക്കാൻ കഴിയും—ഇത് ഒരു നോവലിന്റെ ഇതിവൃത്തമല്ലെന്നുമാത്രം. ഇത് നിവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ചരിത്രയാഥാർത്ഥ്യമാണ്. ഇത് നിങ്ങൾക്ക് സാരവത്താണ്, എന്തുകൊണ്ടെന്നാൽ ഈ കുപ്രസിദ്ധ വേശ്യ ഇപ്പോൾത്തന്നെ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടായിരിക്കാം. അതിലുപരി, നിങ്ങൾ അവളോട് പററിനിൽക്കുകയോ അവളെ വിട്ടുപോരുകയോ ചെയ്യുന്നത് ജീവനെയോ മരണത്തെയോ അർത്ഥമാക്കും. അതുകൊണ്ട് അവൾ ആരാണ്?
നിഗൂഢ സ്ത്രീയുടെ കക്ഷികൾ
ലജ്ജയില്ലാത്ത, ചാരിത്രഭ്രംശം വരുത്തുന്ന, ഈ വിനാശകാരിയായ സ്ത്രീയെക്കുറിച്ച് യോഹന്നാൻ വെളിപ്പാട് എന്ന പ്രവാചക ബൈബിൾ പുസ്തകത്തിൽ വിവരിക്കുന്നു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “[ദൂതൻ] എന്നെ ആത്മാവിന്റെ ശക്തിയിൽ ഒരു മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞ കടുംചെമപ്പുള്ള ഒരു കാട്ടുമൃഗത്തിൻമേൽ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു. സ്ത്രീ ധൂമ്രവർണ്ണവും കടുംചെമപ്പുമുള്ള വസ്ത്രം ധരിച്ചിരുന്നു, പൊന്നും രത്നവും മുത്തുകളും അണിഞ്ഞിരുന്നു, മ്ലേച്ഛതകളും അവളുടെ ദുർവൃത്തിയുടെ അശുദ്ധവസ്തുക്കളും നിറഞ്ഞ ഒരു പൊൻപാത്രം അവൾ കയ്യിൽ പിടിച്ചിരുന്നു. അവളുടെ നെററിയിൽ ഒരു നാമം, ഒരു മർമ്മം എഴുതപ്പെട്ടിരുന്നു: ‘വേശ്യമാരുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവായ മഹാബാബിലോൻ.’”—വെളിപ്പാട് 17:3–5.
ഇപ്പോൾ, ഈ “മഹാബാബിലോൻ” ഉഗ്രയായ ഒരു സ്ത്രീയായിരിക്കണം, എന്തുകൊണ്ടെന്നാൽ 1-ാം വാക്യത്തിൽ അവൾ “നിരവധി വെള്ളങ്ങളുടെമേൽ ഇരിക്കുന്നു” എന്ന് വിവരണം പറയുന്നു. അതിന്റെയർത്ഥമെന്താണ്? ദൈവദൂതൻ യോഹന്നാന് വിശദീകരിച്ചുകൊടുത്തു: “നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളങ്ങൾ വംശങ്ങളും പുരുഷാരങ്ങളും ജനതകളും ഭാഷകളും അത്രേ.” (വെളിപ്പാട് 17:15) നിസ്സംശയമായും ഇത് ലോകവ്യാപകമായി സ്വാധീനമുള്ള ഒരു വേശ്യയാണ്. എന്നാൽ അവൾ സാധാരണ വ്യഭിചാരിണിയല്ല, അവൾ “വേശ്യമാരുടെ മാതാവ്,” ഈ പ്രസ്ഥാനത്തിന്റെ നായിക, ആണ്. ദുർവൃത്തിയുടെ സംഗതിയിൽ അവളാണ് നിർദ്ദേശങ്ങൾ നൽകുന്നത്. എന്നാൽ അവൾക്കും പ്രത്യേക കക്ഷികൾ ഉണ്ട്.
ഈ മഹാവേശ്യയുടെ പ്രീതിക്ക് പാത്രീഭൂതരായിരിക്കുന്ന കക്ഷികൾ ആരാണെന്ന് ദൂതൻ വെളിപ്പെടുത്തുന്നു. അവൻ അവരെ എങ്ങനെയാണ് തിരിച്ചറിയിക്കുന്നത്? “ഭൂമിയിലെ രാജാക്കൻമാർ ദുർവൃത്തിയിലേർപ്പെട്ടതും തന്റെ ദുർവൃത്തിയുടെ വീഞ്ഞിനാൽ ഭൂവാസികളെ മത്തരാക്കിയതും” ഈ മഹാബാബിലോൻ ആണെന്ന് അവൻ പറയുന്നു. (വെളിപ്പാട് 17:2) ഇത് “ഭൂമിയിലെ രാജാക്കൻമാർ”തന്നെയായിരിക്കുന്ന ലോകത്തിന്റെ രാഷ്ട്രീയ ഭരണകർത്താക്കളെ വശീകരിക്കാൻ കഴിയുന്നതിന് നല്ല ബന്ധങ്ങളുള്ള മോഹിനിയായ ഒരു വേശ്യയായിരിക്കേണ്ടതുണ്ട്! അതുകൊണ്ട് അവൾ ആരാണ്?
അവൾക്ക് “മഹാബാബിലോൻ” എന്ന ഒരു നാമം, ഒരു നിഗൂഢനാമമുണ്ടെന്ന് ദൂതൻ പറയുന്നു. ഇപ്പോൾ അവളുടെ തിരിച്ചറിയലിന് രണ്ട് സൂചനകളുണ്ട്—ഒന്ന് അവളുടെ പ്രീതിയുള്ള കക്ഷികൾ, മറേറത് മഹാബാബിലോൻ എന്ന അവളുടെ പേര്. ആ സൂചനകൾ ഏത് നിഗമനത്തിലേക്കാണ് നയിക്കുന്നത്? (w89 4/1)
[അടിക്കുറിപ്പുകൾ]
a ഈ നിഗൂഢസ്ത്രീയെ സംബന്ധിച്ച ഈ ചോദ്യങ്ങളും ഇവയോട് ബന്ധപ്പെട്ട ചോദ്യങ്ങളും ചർച്ചചെയ്യുന്ന വീക്ഷാഗോപുരത്തിന്റെ നാല് ലക്കങ്ങളിൽ ആദ്യത്തേതാണിത്.