വേശ്യയും “ഭൂമിയിലെ രാജാക്കൻമാരും”
ക്രൈസ്തവലോകത്തിന്റെ ചരിത്രംനിറയെ സ്വാധീനം ചെലുത്തലിന്റെയും അധികാരത്തിന്റെ മണ്ഡലത്തിൽ അനാവശ്യമായി ഇടപെട്ടതിന്റെയും ഉദാഹരണങ്ങളുണ്ട്. നമുക്ക് അവയിൽ ഏതാനും ചിലത് പരിശോധിക്കാം. ചാൾമെയിൻ (ഏ. ഡി. 742-814) മതവുമായി കൂട്ടുചേരുന്നതിന്റെയും കത്തോലിക്കാമതത്തിലെ പുരോഹിതൻമാരുടെ അനുഗ്രഹമുണ്ടായിരിക്കുന്നതിന്റെയും പ്രയോജനങ്ങൾ തിരിച്ചറിഞ്ഞ ഒരു ഭരണാധിപനായിരുന്നു.
ചാൾമെയിനിന്റെ കുടുംബം അധികാരത്തിൽനിന്ന് ‘പുറംതള്ളപ്പെട്ടശേഷം’ ഒരു പുതിയ രാജവംശം സ്ഥാപിക്കാൻവേണ്ടി പോപ്പ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പിതാവിനെയും അദ്ദേഹത്തിന്റെ സഹോദരനെയും അഭിഷേകം ചെയ്തു എന്ന് ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക വിശദീകരിക്കുന്നു. അതിപ്രകാരം കൂട്ടിച്ചേർക്കുന്നു: “ലൊമ്പാർഡുകൾക്കെതിരെയുള്ള ഫ്രാങ്കുകളുടെയും (ചാൾമെയിനിന്റെ ആളുകൾ) പോപ്പിന്റെയും രാഷ്ട്രീയ കൂട്ടുകെട്ട് അതേ സന്ദർഭത്തിൽ ഉറപ്പാക്കപ്പെട്ടു. . . .(ചാൾമെയിനായിത്തീർന്ന) ചാൾസ് നേരത്തെ തന്നെ ലൗകികാധികാരവും സഭയും തമ്മിലുള്ള അടുത്ത ബന്ധം അംഗീകരിച്ചിരുന്നു.”
ഏ. ഡി. 800-ൽ ലിയോ മൂന്നാമൻ പാപ്പാ പശ്ചിമ റോമാ സാമ്രാജ്യത്തിന്റെ “ചക്രവർത്തിയായി ചാൾസിനെ വാഴിക്കാൻ തീരുമാനിച്ചുകൊണ്ട്” റോമിൽ പത്രോസിന്റെ ദേവാലയത്തിൽ ക്രിസ്തുമസ്സ് കുർബാനയുടെ സമയത്ത് അദ്ദേഹത്തെ കിരീടമണിയിച്ചു.
ഒരു അത്യാർത്തിപൂണ്ട വേശ്യ
എന്നാൽ ഒരു വേശ്യക്ക് അവളുടെ കൂലി കിട്ടേണ്ടതുണ്ട്. ബാബിലോനിന്റെ പ്രതിനിധിയായ റോമിന് ചാൾമെയിനിന്റെ ഭാഗത്തുനിന്ന് എന്തു കൊടുക്കാൻ കഴിയുമായിരുന്നു? “സെൻറ് പീറേറഴ്സ് ബസ്സിലിക്കായിൽവച്ച് ഇററലിയുടെ വലിയ ഭാഗങ്ങൾ പോപ്പിന്റെ ഭരണത്തിൻ കീഴിലേക്ക് മാററാമെന്നുള്ള തന്റെ പിതാവിന്റെ വാഗ്ദാനം ചാൾസ് ആവർത്തിച്ചു.” അതേ ഉറവ് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “രാഷ്ട്രീയമായി പരുവപ്പെടുത്തപ്പെട്ട അദ്ദേഹത്തിന്റെ മതഭ്രാന്തിൽ സാമ്രാജ്യവും മതവും സ്ഥാപനപരമായും ആത്മീയമായും ഒന്നായിത്തീർന്നു.”
ഭരണത്തിൽ മതത്തിനുള്ള ശക്തമായ സ്വാധീനത്തിന്റെ മറെറാരു ദൃഷ്ടാന്തമാണ് ഇംഗ്ലണ്ടിലെ കാർഡിനൽ വുൾസി (1475-1530). അദ്ദേഹം “ഇംഗ്ലണ്ടിലെ ഹെൻട്രി എട്ടാമൻ രാജാവിന്റെ ഭരണത്തെ ശക്തമായി സ്വാധീനിച്ച കർദ്ദിനാളും രാജ്യ തന്ത്രജ്ഞനുമായിരുന്നു” എന്ന് ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു. . . . “വുൾസി 1515-ൽ ഇംഗ്ലണ്ടിന്റെ ലോർഡ് ചാൻസലർ ആയിത്തീർന്നു. . . . തന്റെ ലൗകികവും സഭാപരവുമായ വലിയ അധികാരമുപയോഗിച്ച് അദ്ദേഹം രാജാവു കഴിഞ്ഞാൽ പിന്നത്തെ ഏററം വലിയ സമ്പന്നനായിത്തീർന്നു.” വെളിപ്പാട് പുസ്തകത്തിന്റെ പ്രതീകാത്മക ഭാഷ ഉപയോഗിച്ചാൽ ഉന്നത വ്യക്തികളുമായുള്ള വ്യഭിചാരത്തിന് ഉയർന്ന നിരക്കിൽ കൂലി കൊടുക്കേണ്ടത് ആവശ്യമായി വരുന്നു.
രാജ്യഭരണ കാര്യങ്ങളിൽ മതം സ്വാധീനം ചെലുത്തിയതിന്റെ ദുഷ്പേരു കേൾപ്പിച്ച മറെറാരു ദൃഷ്ടാന്തമായിരുന്നു കർദ്ദിനാളും പ്രഭുവുമായിരുന്ന റിഷ്ലൂ. (1585-1642) അദ്ദേഹം ഫ്രാൻസിൽ വലിയ അധികാരം കൈയ്യാളുകയും “ആ കാലഘട്ടത്തിന്റെ നിലവാരം വച്ചു നോക്കിയാൽ പോലും അത്യധികമായ ധനം” സമ്പാദിക്കുകയും ചെയ്തു എന്ന് ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു.
റിഷ്ലൂവിന്റെ പിൻഗാമിയായി മറെറാരു കർദ്ദിനാളുമുണ്ടായിരുന്നു, ലൂയി പതിനാലാമന്റെ ഭരണകാലത്ത് ആദ്യത്തെ മന്ത്രിയായിത്തീർന്ന ജൂൾ മസാറിൻ. (1602-61) അയാൾ ഒരു പുരോഹിതനല്ലാതിരുന്നിട്ടും 1641-ൽ പോപ്പ് ഉർബൻ എട്ടാമൻ അയാളെ ഒരു കർദ്ദിനാളാക്കി. കർദ്ദിനാൾ മസാറിനും ധനം സമ്പാദിക്കുന്നതിൽ ഉത്സുകനായിരുന്നു. എൻസൈക്ലോപ്പീഡിയ ഇപ്രകാരം പ്രസ്താവിക്കുന്നു: “മസാറിന്റെ ശത്രുക്കൾ ധനത്തിലുള്ള ആർത്തി സംബന്ധിച്ച് അയാളെ കുററപ്പെടുത്തി. അയാൾ സ്ഥാനമാനങ്ങളും സമ്പത്തും സ്വരുക്കൂട്ടി, ചിലപ്പോൾ രാജാവിന് ചെല്ലേണ്ടിയിരുന്ന പണം തന്റേതാണെന്ന് ധരിക്കുകയും ചെയ്തിരുന്നു.”
ആധുനിക നാളിലും വ്യാജമതം സമ്പത്ത് ആർജ്ജിക്കുകയും രാഷ്ട്രീയ ഘടകങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയും കഴിയുമെങ്കിൽ നിയന്ത്രിക്കുകയും ചെയ്യുന്നു. ഒരു ശ്രദ്ധേയമായ ദൃഷ്ടാന്തം ഓപ്പൂസ് ദേയി (ദൈവത്തിന്റെ വേല എന്നതിന്റെ ലത്തീൻ) എന്ന കത്തോലിക്ക രഹസ്യ സംഘടനയാണ്. അതിന് ഇപ്പോൾ പോപ്പിന്റെ അംഗീകാരമുണ്ട്, മാത്രവുമല്ല എഴുത്തുകാരനായ ലോറൻസ് ലെയ്ഡർ പറയും പ്രകാരം അത് “കമ്മ്യൂണിസ്ററ് വിരുദ്ധതയ്ക്കും വലതു പക്ഷ രാഷ്ട്രീയത്തിനും പൂർണ്ണമായി അർപ്പിക്കപ്പെട്ടതാണ്.” കത്തോലിക്ക യുവജനങ്ങളിൽ ഏററം ബുദ്ധിമാൻമാരെ തെരഞ്ഞെടുത്ത് അവരുടെ ഹൈസ്കൂളുകളിലും യൂണിവേഴ്സിററികളിലും പരിശീലിപ്പിച്ച് അതിന്റെ ആളുകളെ ഗവൺമെൻറിലും സാമ്പത്തിക രംഗത്തും പത്രപ്രവർത്തന രംഗത്തും സ്വാധീനവും നിയന്ത്രണവും ചെലുത്താൻ കഴിയുന്ന ഉന്നത സ്ഥാനങ്ങളിലാക്കിവയ്ക്കുക എന്നതാണ് അവരുടെ നയം. സ്പെയിനിൽ കത്തോലിക്ക ഫാസിസ്ററ് ഏകാധിപതിയായിരുന്ന ഫ്രാങ്കോയുടെ കാലത്ത്, അദ്ദേഹത്തിന്റെ 19 ക്യാബിനററ് അംഗങ്ങളിൽ 10 പേരും വിശിഷ്ട ഓപ്പൂസ് ദേയിയോട് ബന്ധപ്പെട്ടവരായിരുന്നപ്പോൾ, അത് അവരുടെ ഏററം നല്ല കാലമായിരുന്നു.a
ഐക്യനാടുകളിൽ ടെലിവിഷൻ സുവിശേഷകർ അവരുടെ സമ്പത്തിന്റെയും സുഖലോലുപമായ ജീവിത ശൈലിയുടെയും പ്രകടനം നിമിത്തം ശ്രദ്ധേയരാണ്. ചില പ്രോട്ടസ്ററൻറ് വൈദികർ അഭിമാനപൂർവം രാഷ്ട്രീയ രംഗത്തേക്ക് കടന്നുചെല്ലുകയും പ്രസിഡൻറു സ്ഥാനത്തേക്ക് മത്സരിക്കുകയും പോലും ചെയ്തിട്ടുണ്ട്. വീഴ്ചഭവിച്ച അവസ്ഥയിലാണെങ്കിലും ആ പഴയ വേശ്യ ഇപ്പോഴും ഒരു വിധത്തിൽ അല്ലെങ്കിൽ മറെറാരു വിധത്തിൽ സുഖജീവിതത്തിന്റെയും അധികാരത്തിന്റെയും വേഷം അണിയുകയും രംഗം അടക്കിവാഴാൻ ശ്രമിക്കുകയും ചെയ്യുന്നു.—വെളിപ്പാട് 17:4.
എന്നാൽ ഈ വേശ്യയുടെ മഹാ ബാബിലോൻ എന്ന പേര് സംബന്ധിച്ചെന്ത്? വെളിപ്പാട് പുസ്തകത്തിലെ പ്രതീകാത്മക സ്ത്രീയുടെ താദാത്മ്യം സംബന്ധിച്ച് ഉറപ്പുണ്ടായിരിക്കാൻ അതെങ്ങനെയാണ് നമ്മളെ സഹായിക്കുന്നത്? (w89 4/1)
[അടിക്കുറിപ്പുകൾ]
a ഓപ്പൂസ് ദേയിയേയും രാഷ്ട്രീയ കാര്യങ്ങളിലെ സഭയുടെ ഇടപെടലിനെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ആർ. ററി. നെയ്ലർ എഴുതിയ ഹോട്ട് മണി ആൻഡ് പോളിററക്സ് ഓഫ് ഡെററ എന്ന പുസ്തകവും എൽ. ലെയിഡർ എഴുതിയ പോളിററക്സ്, പവർ, ആൻഡ് ദി ചർച്ച് എന്ന പുസ്തകവും കൂടെ കാണുക.
[6-ാം പേജിലെ ചിത്രം]
കർദ്ദിനാളൻമാരായ വുൾസിയും മസാറിനും റിഷ്ലൂവും രാഷ്ട്രത്തെ സേവിക്കയിൽ സമ്പത്ത് വാരിക്കൂട്ടി