ബാബിലോൻ—വ്യാജാരാധനയുടെ കേന്ദ്രം
“അവൾ വീണിരിക്കുന്നു! ബാബിലോൻ വീണിരിക്കുന്നു, അവളുടെ ദൈവങ്ങളുടെ കൊത്തപ്പെട്ട സകല പ്രതിമകളെയും അവൻ പൊട്ടിച്ചു ഭൂമിയിലിട്ടിരിക്കുന്നു!” യെശയ്യാവ് പ്രവചിച്ച ബാബിലോൻ ഏതുതരം നഗരമായിരുന്നു? അത് ആധുനിക മഹാബാബിലോന്റെ പ്രാധാന്യത്തെസംബന്ധിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിനുള്ള മർമ്മപ്രധാനമായ ഒരു സൂചനയാണ്.—യെശയ്യാവ് 21:9.
പുരാതനബാബിലോൻ അതിന്റെ പുറജാതിദൈവങ്ങളുടെയും ദേവികളുടെയും ആരാധനസംബന്ധിച്ചു കീർത്തിപ്പെട്ടതായിരുന്നു. പ്രൊഫസ്സർ എസ്. എച്ച്. ഹൂക്ക് ബാബിലോന്യൻ ആൻഡ് അസ്സീറിയൻ റിലിജിയൻ എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ പ്രസ്താവിക്കുന്നു: “ആരാധിക്കപ്പെട്ടിരുന്ന മററു ദൈവങ്ങളുടെ ഇടയിൽ മാർഡുക്കിന് മുഖ്യസ്ഥാനമുണ്ടായിരുന്ന നഗരമായിരുന്നു ബാബിലോൻ. . . . നെബൂഖദ്നേസ്സർ രണ്ടാമന്റെ കാലത്ത് ബാബിലോനിൽ നാമകരണംചെയ്യപ്പെട്ട അമ്പത്തെട്ടിൽ കുറയാതെ ദൈവങ്ങളുടെ ക്ഷേത്രങ്ങളുണ്ടായിരുന്നു, അങ്ങനെ നിയോഗിക്കപ്പെടാഞ്ഞ മററനേകം ക്ഷേത്രങ്ങളെക്കുറിച്ച് പറയുകയും വേണ്ട. അതുകൊണ്ട് ഒരു മഹാനഗരത്തിന്റെ ജീവിതത്തിൽ പുരോഹിതജാതി എത്ര വലിയ പങ്കു വഹിച്ചിരുന്നുവെന്ന് കാണാൻകഴിയും.” ബാബിലോനിലെ മാർഡുക്കിന്റെ ക്ഷേത്രത്തിന് 55 പാർശ്വ ചാപ്പലുകൾ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. പ്രാധാന്യം കുറഞ്ഞ ദൈവങ്ങൾക്കും വിശുദ്ധൻമാർക്കും മഡോണകൾക്കും വേണ്ടി പാർശ്വ ചാപ്പലുകളുള്ള ഇന്നത്തെ അനേകം ക്ഷേത്രങ്ങളെയും പള്ളികളെയും കത്തീഡ്രലുകളെയും ഇത് എത്ര നന്നായി അനുസ്മരിപ്പിക്കുന്നു!
ബാബിലോൻ ദൈവങ്ങളുടെ പൂജയിലെ വിഗ്രഹാരാധനയുടെ ഒരു കേന്ദ്രമായിരുന്നു. പുരോഹിതൻമാരും വിശ്വാസികളും “ദൈവങ്ങളുമായി മാദ്ധ്യസ്ഥം വഹിക്കുന്നവയെന്നനിലയിൽ തങ്ങളുടെ വിശുദ്ധപ്രതിമകൾക്ക് വളരെയേറെ ശ്രദ്ധ കൊടുക്കുക പതിവായിരുന്നു”വെന്ന് ഒരു വിവരണം പ്രസ്താവിക്കുന്നു. പ്രതിമകളെ വിലയേറിയ പദവിവസ്ത്രങ്ങൾകൊണ്ടു മൂടുകയും നെക്ക്ലേസുകളും കങ്കണങ്ങളും മോതിരങ്ങളും അണിയിക്കുകയും ചെയ്തിരുന്നു; അവ ആഡംബരപൂർവകമായ പീഠങ്ങളിൻമേൽ നിന്നിരുന്നു. അവയെ കരയിലും വെള്ളത്തിലും ഘോഷയാത്രകളിൽ കാൽനടയായും വാഹനങ്ങളിലും സ്വകാര്യവള്ളങ്ങളിലും വഹിച്ചുകൊണ്ടുപോയിരുന്നു.”a ആധുനികഹിന്ദുമതത്തിലും ബുദ്ധമതത്തിലും കത്തോലിക്കാമതത്തിലും ദൈവങ്ങൾക്കും വിശുദ്ധൻമാർക്കും മഡോണാകൾക്കും കൊടുക്കപ്പെടുന്ന ആരാധനയോട് എത്ര സമാനം. അവരും അതുപോലെതന്നെ തങ്ങളുടെ പ്രതിമകളെ തെരുവുകളിലൂടെയും നദികളിലൂടെയും കടലിലൂടെയും പ്രദർശിപ്പിച്ചുകൊണ്ടുനടക്കുന്നു!
പുരാതനബാബിലോനും ആധുനികമതവും തമ്മിലുള്ള സമാന്തരത്തിന്റെ കൂടുതലായ ഒരു ദൃഷ്ടാന്തമെന്നനിലയിൽ ഇതേ വിജ്ഞാനകോശത്തിൽനിന്നെടുത്ത ചുവടെ ചേർത്തിരിക്കുന്ന വർണ്ണന പരിചിന്തിക്കുക: “അവളുടെ വിശ്വസ്തവിശ്വാസികൾ അവളെ മധുരതമങ്ങളായ പേരുകൾ വിളിക്കുന്നു: അവൾ ദേവിയും സ്വാമിനിയും മാത്രമല്ല, പിന്നെയോ കാരുണ്യവതിയായ അമ്മയും പ്രാർത്ഥനകേൾക്കുന്നവളും മാദ്ധ്യസ്ഥംവഹിക്കുന്നവളും . . . പ്രപഞ്ചത്തിനും മനുഷ്യരാശിക്കും ജീവൻ കൊടുത്തിരിക്കുന്നവളുംതന്നെ.” ഇതും എൽ സാന്റോ റൊസേരിയോയിൽനിന്നുള്ള (വിശുദ്ധകൊന്ത) പിൻവരുന്ന പ്രാർത്ഥനയുമായി താരതമ്യപ്പെടുത്തുക: “പരമാധികാരപ്രഭ്വീ, അങ്ങെയുടെ നൻമചെയ്യുന്ന കൈയിൽനിന്ന് ഞങ്ങൾ അനുദിനം സ്വീകരിക്കുന്ന ഉപകാരങ്ങൾക്ക് ഞങ്ങൾ നന്ദിപറയുന്നു; പ്രഭ്വീ, ഇപ്പോഴും എന്നേക്കും അങ്ങെയുടെ സംരക്ഷണത്തിലും അഭയത്തിലും ഞങ്ങളെ സൂക്ഷിക്കാൻ കനിവുണ്ടാകേണമേ.”
ഈ വർണ്ണനയുടെയും പ്രാർത്ഥനയുടെയും വിഷയമാരാണ്? അനേകരും പെട്ടെന്നുതന്നെ “കന്യകമറിയാം” എന്ന് നിഗമനംചെയ്യും. ആ ഉത്തരം പകുതിമാത്രമേ സത്യമായിരിക്കുന്നുള്ളു. എന്നിരുന്നാലും, ലാസ് ഗ്രാൻഡസ് റിലിജിയൻസ് ഇലസ്ട്രേഡസ് നമ്മെ അറിയിക്കുന്നതുപോലെ ആദ്യത്തെ ഉദ്ധരണി ഫലപുഷ്ടി, കാമം, യുദ്ധം എന്നിവയുടെ ബാബിലോന്യദേവതയായ ഇഷ്ടാറിന്റെ, “കാമിനി”യുടെ, ഒരു വർണ്ണനയാണ്. ചിലപ്പോൾ അവൾ പ്രതിമകളിൽ “ആൺകുഞ്ഞിനെ മുലകുടിപ്പിക്കുന്ന ഒരു മാതാവായി” അവതരിപ്പിക്കപ്പെടുന്നു.b ഇത് ആധുനികമതം പുരാതനബാബിലോനിൽനിന്ന് വളരെ അകലത്തിലല്ലെന്നുള്ളതിന്റെ മറെറാരു ദൃഷ്ടാന്തമാണ്!
മനുഷ്യദേഹിയുടെയും ദൈവത്രയങ്ങളുടെയും സങ്കൽപ്പനങ്ങളോടുകൂടിയ പുരാതനബാബിലോനും ആധുനികമതത്തിലെ അമർത്യദേഹിയുടെയും ദൈവത്രയങ്ങളുടെയും സമാനസങ്കൽപ്പനങ്ങളും തമ്മിലും നമുക്കു താരതമ്യപ്പെടുത്താൻകഴിയും. “മഹാബാബിലോൻ” സാത്താന്റെ വ്യാജമത ലോകസാമ്രാജ്യത്തിന്റെ ഒരു സമുചിതപ്രതീകമാണെന്നുള്ള നമ്മുടെ ഗ്രാഹ്യത്തെ തെളിവ് ബലവത്താക്കുന്നു.
ബാബിലോൻ—സത്യാരാധനയുടെ അഹങ്കാരിയായ ശത്രു
ബാബിലോൻ യഹോവയുടെ പുരാതനജനമായ യിസ്രായേലിന്റെ അഹങ്കാരിയായ ശത്രുവും സത്യാരാധനയുടെ ഒരു നിന്ദകയുമായിരുന്നു. ബാബിലോൻ ക്രി. മു. 607-ൽ യരുശലേമിലെ ആലയം നശിപ്പിക്കുകയും യഹോവയുടെ ആരാധനയോടു ബന്ധപ്പെട്ട വിലപ്പെട്ട സകല ഉപകരണങ്ങളും എടുത്തുകൊണ്ടുപോകുകയും ആ പാത്രങ്ങളെ ബേൽശസ്സരുടെ വിരുന്നിൽ അശുദ്ധമാക്കുകയുംചെയ്തു.—ദാനിയേൽ 5:3, 4.
അതുപോലെതന്നെ, ആധുനികകാലങ്ങളിൽ മഹാബാബിലോൻ സത്യാരാധനയുടെ ഒരു നിരന്തര എതിരാളിയായിരിക്കുന്നു. യഹോവയുടെ സാക്ഷികൾ പീഡിപ്പിക്കപ്പെട്ടിരിക്കുന്ന മിക്ക സന്ദർഭങ്ങളിലും മിക്കപ്പോഴും രാഷ്ട്രീയഭരണാധികാരികളുമായുള്ള സഖ്യത്തിലൂടെ വൈദികരാണ് അതിന് പ്രോൽസാഹിപ്പിച്ചിരിക്കുന്നത്.
വൈദികപ്രേരിതമായ എതിർപ്പിന്റെ വ്യക്തമായ ഒരു ദൃഷ്ടാന്തം 1917 വരെ പിമ്പോട്ടുപോകുന്നു. ആ മാതൃക പലപ്പോഴും ആവർത്തിക്കപ്പെട്ടിട്ടുമുണ്ട്. ആ വർഷത്തിൽ അന്തർദ്ദേശീയ ബൈബിൾ വിദ്യാർത്ഥികൾ—അന്ന് യഹോവയുടെ സാക്ഷികൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—പൂർത്തിയായ മർമ്മം എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തി. ഈ പുസ്തകത്തിന്റെ ഏതാനുംചില പേജുകൾ വിധ്വംസകമാണെന്ന് കാനഡായിലെയും ഐക്യനാടുകളിലെയും വൈദികർ വ്യാഖ്യാനിച്ചു. അവരുടെ രാജ്യങ്ങൾ അന്ന് യുദ്ധത്തിൽ കുടുങ്ങിയിരിക്കുകയായിരുന്നു. അവർ തങ്ങളുടെ രാഷ്ട്രീയജാരൻമാരെ ഈ പുസ്തകത്തെക്കുറിച്ച് അറിയിക്കാൻ ധൃതികൂട്ടി. ഫലമെന്തായിരുന്നു? പ്രൊഫസ്സർ മാർട്ടിൻ മാർട്ടി ആധുനിക അമേരിക്കൻമതം—അതിന്റെയെല്ലാം വിരോധാഭാസം എന്ന പുസ്തകത്തിൽ പറയുന്നതനുസരിച്ച് “വൈദികർ റസ്സലുകാർക്കെതിരെ [സാക്ഷികൾ] തിരിയുകയും യഹോവയുടെ സാക്ഷികളുടെ കുററംവിധിക്കപ്പെട്ട നേതാക്കൻമാരുടെമേൽ [രാജ്യദ്രോഹം ആരോപിച്ച്] ഇരുപതുവർഷത്തെ തടവു വിധിക്കുന്നുവെന്ന് കേട്ടതിൽ സന്തോഷിക്കുകയുംചെയ്തു.”
എന്നാൽ ചുരുക്കം ചില മാസങ്ങൾക്കുശേഷം ആ നേതാക്കൻമാരെ കുററവിമുക്തരായി പ്രഖ്യാപിച്ചപ്പോൾ വൈദികരുടെ പ്രതികരണമെന്തായിരുന്നു? “ഓർത്തഡോക്സ് പള്ളിയംഗങ്ങൾ സന്തോഷിച്ചില്ല.” “തങ്ങളുടെ മതത്തെപ്രതി ഫെഡറൽഗവൺമെൻറിനെ പിണക്കത്തക്ക ഘട്ടം വരെ” സാക്ഷികൾ ഒററക്ക് ബൈബിൾതത്വങ്ങൾക്കുവേണ്ടി നിലകൊണ്ടു. സാക്ഷികൾ ഒരിക്കലും ജർമ്മനിയിലെ നാസിഭരണത്തിൻകീഴിൽപോലുമോ ഇററലിയിലെയോ സ്പെയിനിലെയോ പോർട്ടുഗലിലെയോ ഫാസിസ്ററ് ഭരണത്തിൻകീഴിലോ രാഷ്ട്രീയഭരണാധികാരികൾക്ക് അടിപണിയാൻ സന്നദ്ധരായ സഹചാരികളായിരുന്നില്ല, ഒരിക്കലും ആയിരുന്നിട്ടുമില്ല.
ബാബിലോൻ അപലപിക്കപ്പെടുകയും ലജ്ജിതയാകുകയും ചെയ്യുന്നു
അപ്പോൾ, മഹാബാബിലോൻ “വിശുദ്ധൻമാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ച് മത്തയായിരിക്കുന്നു”വെന്നും “പ്രവാചകൻമാരുടെയും വിശുദ്ധൻമാരുടെയും ഭൂമിയിൽ കൊല്ലപ്പെട്ടിട്ടുള്ള സകലരുടെയും രക്തം അവളിൽ കാണപ്പെട്ടു”വെന്നും വെളിപ്പാട് പ്രസ്താവിക്കുന്നത് എത്ര ഉചിതം. യുദ്ധത്തിലോ സത്യക്രിസ്ത്യാനികളുടെ പീഡനത്തിലോ സജീവമായി പങ്കെടുക്കുകയോ നിഷ്ക്രിയമായി അവയെ അംഗീകരിക്കുകയോ ചെയ്യുന്നതിലുള്ള ലോകമതത്തിന്റെ രക്തപാതകം നൂററാണ്ടുകളിലെല്ലാം കാണാവുന്നതാണ്.—വെളിപ്പാട് 17:6; 18:24.
വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോൻ ചരിത്രത്തിലുടനീളം ആഡംബരവും അധികാരവും ആസ്വദിച്ചിട്ടുണ്ട്. എന്നാൽ മഹാവേശ്യയുടെ നാശത്തിനുള്ള ദിവസം വരുമെന്ന് ഒരു ദൂതൻ യോഹന്നാനു മുന്നറിയിപ്പുകൊടുത്തു. വിവരണം നമ്മോട് ഇങ്ങനെ പറയുന്നു: “അവൻ ഒരു ഉറച്ച ശബ്ദത്തിൽ വിളിച്ചുപറഞ്ഞു: ‘അവൾ വീണിരിക്കുന്നു! മഹാബാബിലോൻ വീണിരിക്കുന്നു, അവൾ ഭൂതങ്ങളുടെ ഒരു നിവാസസ്ഥലവും സകല അശുദ്ധ ഉച്ഛ്വസനത്തിന്റെയും പതുങ്ങൽസ്ഥലവും അശുദ്ധവും വെറുക്കപ്പെട്ടതുമായ സകല പക്ഷികളുടെയും പതുങ്ങൽസ്ഥലവുമായിത്തീർന്നിരിക്കുന്നു!’”—വെളിപ്പാട് 18:2.
ബാബിലോൻ എപ്പോൾ വീഴും? അതോ അവൾ ഇപ്പോൾത്തന്നെ വീണിരിക്കുന്നുവോ? അവൾക്ക് ഏതു വിധത്തിലാണ് ഒരു വീഴ്ച അനുഭവപ്പെടുന്നത്? അത് നിങ്ങളെ എങ്ങനെ ബാധിക്കുന്നു? ഇവയ്ക്കും ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ഞങ്ങളുടെ വീക്ഷാഗോപുരത്തിന്റെ അടുത്ത ലക്കത്തിൽ ഉത്തരം നൽകുന്നതായിരിക്കും. (w89 4/1)
[അടിക്കുറിപ്പുകൾ]
a ലാസ് ഗ്രാൻഡസ് റിലിജ്യനസ് ഇലസ്ട്രേഡസ് (വൻമതങ്ങൾ ചിത്രീകരിക്കപ്പെടുന്നു): അസീറിയോ ബാബിലോനിക്കാ, വാല്യം 20, മേറേറാ-റിസോളി, ബാർസലോണാ, സ്പെയിൻ, 1963, പേജ് 53.
b വാല്യം 19, 19, 20 പേജുകൾ.
[8, 9 പേജുകളിലെ ചിത്രം]
മഹാബാബിലോന് പുരാതന ബാബിലോന്യമതത്തിലാണ് അവളുടെ വേരുകളുള്ളത്