മഹാബാബിലോൻ—അവളുടെ വധനിർവഹണം
“അവളുടെ നെററിമേൽ ഒരു നാമം, ഒരു മർമ്മം എഴുതപ്പെട്ടിരുന്നു: ‘വേശ്യമാരുടെയും ഭൂമിയിലെ മ്ലേച്ഛകാര്യങ്ങളുടെയും മാതാവായ മഹാബാബിലോൻ.’” “ഒരു ദിവസത്തിൽ അവളുടെ ബാധകൾ വരും, മരണവും വിലാപവും ക്ഷാമവും തന്നെ; അവൾ തീകൊണ്ട് പൂർണ്ണമായും ദഹിപ്പിക്കപ്പെടും, എന്തുകൊണ്ടെന്നാൽ അവളെ ന്യായം വിധിച്ച യഹോവയാം ദൈവം ശക്തനാകുന്നു.”—വെളിപ്പാട് 17:5; 18:8.
നമ്മുടെ പൊതുയുഗത്തിന്റെ ഒന്നാം നൂററാണ്ടിൽ അപ്പോസ്തലനായ യോഹന്നാൻ എഴുതിയ ആ വാക്കുകളെക്കുറിച്ച് അതിശയിക്കാൻ നമുക്കൊരവകാശമുണ്ട്. ഈ ‘വേശ്യമാരുടെ മാതാവ്’ ആരാണ്? ദൈവം അവളെ ഇത്ര കഠിനമായി ന്യായം വിധിക്കത്തക്കവണ്ണം അവൾ ദൈവത്തെ മുഷിപ്പിച്ചിരിക്കുന്നതെങ്ങനെ? നിഗൂഢവേശ്യയായ മഹാബാബിലോന് എതിരെയുള്ള ദൈവത്തിന്റെ ന്യായവിധികൾ വിനാശകരമാണെന്നുള്ളതിന് സംശയമില്ല. ഇത് തീർച്ചയായും ഈ വേശ്യ ആരാണെന്നും അവളുടെ ഭാവി അന്ത്യം നമ്മെ എങ്ങനെ ബാധിക്കുമെന്നും നിശ്ചയപ്പെടുത്തുന്നതിന് നമുക്ക് കാരണം നൽകുന്നു.—വെളിപ്പാട് 18:21.
മഹാബാബിലോൻ ആരെ അല്ലെങ്കിൽ എന്തിനെ പ്രതീകപ്പെടുത്തുന്നു? ലോകഭരണാധിപൻമാർ അവളുമായി ദുർവൃത്തിയിലേർപ്പെട്ടെന്നും വ്യാപാരികൾ അവളുമായി വ്യാപാരത്തിലേർപ്പെട്ടെന്നും ബൈബിൾ പറയുന്നു. (വെളിപ്പാട് 18:3) അതുകൊണ്ട് അവൾക്ക് രാഷ്ട്രീയത്തെയോ വൻവ്യാപാരത്തെയോ പ്രതിനിധാനം ചെയ്യാൻ കഴികയില്ല. എന്നാൽ ഇത് ‘വേശ്യമാരുടെ മാതാവ്’ എന്ന സ്ഥാനപ്പേരിന്റെ ഏക സ്ഥാനാർത്ഥിയായി ലോകത്തിന്റെ ശക്തമായ മൂന്നാമത്തെ മൂലഘടകത്തെ അവശേഷിപ്പിക്കുന്നു. അവൾ സാത്താന്റെ വ്യാജമതലോകസാമ്രാജ്യമല്ലാതെ ആരുമല്ല!a
ഇപ്പോൾ ഈ ചോദ്യങ്ങൾ നിലനിൽക്കുന്നു: “മഹാബാബിലോൻ എന്തുകൊണ്ട്, എങ്ങനെ, എപ്പോൾ വധിക്കപ്പെടും? അല്ലെങ്കിൽ അക്ഷരീയമായി കാര്യങ്ങൾ പ്രസ്താവിച്ചാൽ വ്യാജമതം ഈ ഭൂമിയിൽ നിന്ന് എന്തുകൊണ്ട്, എങ്ങനെ, എപ്പോൾ അപ്രത്യക്ഷപ്പെടും?
ക്രൈസ്തവലോകത്തിന്റെ ക്രിസ്തീയേതര രേഖ
നാം വ്യാജമതത്തിന്റെ രേഖ പരിചിന്തിക്കുമ്പോൾ “അവർ വിതച്ചുകൊണ്ടിരിക്കുന്നത് കാററാണ്, അവർ കൊയ്യുന്നത് ഒരു കൊടുങ്കാററാണ്” എന്ന പുരാതന പ്രാവചനിക പ്രസ്താവന നാം ശരിക്കും അനുസ്മരിപ്പിക്കപ്പെട്ടേക്കാം. (ഹോശയ 8:7) ഇത് ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് പ്രസ്താവിച്ച തത്വത്തോട് യോജിക്കുന്നു: “വഴിതെററിക്കപ്പെടരുത്; ദൈവം പരിഹസിക്കപ്പെടേണ്ടവനല്ല. എന്തെന്നാൽ ഒരു മനുഷ്യൻ വിതക്കുന്നതെന്തോ അത് അവൻ കൊയ്യുകയും ചെയ്യും.” (ഗലാത്യർ 6:7) അതുകൊണ്ട്, വ്യാജമതം ഒരു ലോകതോതിൽ എന്താണ് വിതച്ചിരിക്കുന്നത്? അത് എന്തു കൊയ്യും?
യേശുക്രിസ്തു തന്റെ അനുഗാമികൾ അവരുടെ അയൽക്കാരെ മാത്രമല്ല ശത്രുക്കളെയും സ്നേഹിക്കേണ്ടതാണെന്ന് പഠിപ്പിച്ചു. (മത്തായി 5:43, 44) എബ്രായ തിരുവെഴുത്തുകളിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് പൗലോസ് ക്രിസ്ത്യാനികൾ തങ്ങളുടെ ശത്രുക്കളോട് എങ്ങനെ പെരുമാറണമെന്ന് വിവരിച്ചു. അവൻ പറഞ്ഞു: “‘നിന്റെ ശത്രുവിന് വിശക്കുന്നുവെങ്കിൽ അവന് ഭക്ഷിക്കാൻ കൊടുക്കുക, അവന് ദാഹിക്കുന്നുവെങ്കിൽ അവന് എന്തെങ്കിലും കുടിക്കാൻ കൊടുക്കുക, എന്തെന്നാൽ ഇത് ചെയ്യുന്നതിനാൽ നീ അവന്റെ തലമേൽ തീക്കനലുകൾ കുന്നിക്കും.’ തിൻമയാൽ ജയിച്ചടക്കപ്പെടാൻ നീ നിന്നെത്തന്നെ അനുവദിക്കരുത്. എന്നാൽ തിൻമയെ നൻമകൊണ്ട് ജയിച്ചടക്കിക്കൊണ്ടിരിക്കുക.”—റോമർ 12:20, 21.
എന്നിരുന്നാലും ക്രൈസ്തവലോകമതങ്ങളുടെ ചരിത്രം വിദ്വേഷത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ചരിത്രമാണ്. കവർച്ചയും ബലാൽസംഗവും മരണവും ഉൾപ്പെടുന്ന പുരാതനവും ആധുനികവുമായ കുരിശുയുദ്ധങ്ങൾ അനുഗ്രഹിക്കപ്പെടുകയും അനുവദിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഉദാഹരണത്തിന്, ഫാസിസ്ററ് ഇററലി ആബിസീനിയായുടെമേൽ നടത്തിയ ബലാൽസംഗവും (1935) സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലെ (1936-39) ഫ്രാങ്കോയുടെ “കുരിശു യുദ്ധവും” കത്തോലിക്കാ സഭയുടെ വൈദിക സ്ഥാനികരാൽ അനുഗ്രഹിക്കപ്പെട്ടു.
ആളുകളെ സ്തംഭത്തിൽ ദഹിപ്പിച്ചുകൊണ്ട് ദൈവശാസ്ത്ര ഭിന്നതകൾക്ക് പരിഹാരമുണ്ടാക്കി. ബൈബിൾ പരിഭാഷകനായ വില്യം ടിൻടെയിൽ “പുതിയ നിയമ”ത്തിന്റെ ഇംഗ്ലീഷിലുള്ള തന്റെ വിവർത്തനം പ്രസിദ്ധപ്പെടുത്തിയ ശേഷം 1536-ൽ അയാൾ ശ്വാസംമുട്ടിച്ച് കൊല്ലപ്പെടുകയും അയാളുടെ ശരീരം ദഹിപ്പിക്കപ്പെടുകയും ചെയ്തു. നേരത്തെ മാർട്ടിൻ അഞ്ചാമൻ പാപ്പായുടെ ആജ്ഞപ്രകാരം മതാധികൃതർ പ്രതികാരത്തിന്റെ ആത്മാവിനാൽ പ്രേരിതരായി ബൈബിൾ വിവർത്തകനായ വിക്ലിഫിന്റെ മരണശേഷം 44 വർഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ അസ്ഥികൾ ദഹിപ്പിക്കുന്നതിനുള്ള സന്തോഷത്തിനുവേണ്ടി അവ കുഴിച്ചെടുത്തു. കത്തോലിക്കാ മതകോടതികളുടെ കാലത്ത് ആയിരക്കണക്കിന് യഹൂദൻമാരുടെയും “പാഷണ്ഡികളുടെയും സ്വത്തുക്കൾ അപഹരിച്ചശേഷം അവരെ ദണ്ഡിപ്പിക്കുകയും സ്തംഭത്തിൽ ദഹിപ്പിക്കുകയും ചെയ്തു—സങ്കൽപ്പമനുസരിച്ച് എല്ലാം ക്രിസ്തുവിന്റെ നാമത്തിൽ തന്നെ! സ്പാനിഷ് ദൈവശാസ്ത്രജ്ഞനായ മീഖായേൽ സെർവിററസ് റോമൻ കത്തോലിക്കരാലും പ്രൊട്ടസ്ററൻറുകാരാലും ഒരുപോലെ പീഡിപ്പിക്കപ്പെട്ടു. അദ്ദേഹം പ്രൊട്ടസ്ററൻറുകാരനായ ജോൺ കാൽവിനിന്റെ ആജ്ഞപ്രകാരം സ്തംഭത്തിൽ ദഹിപ്പിക്കപ്പെട്ടു. ഈ നൂററാണ്ടിലെ രണ്ട് ലോകയുദ്ധങ്ങളിൽ സൈന്യങ്ങൾ “ക്രിസ്തീയ” വൈദികരാൽ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്, പടയാളികൾ കൊല്ലുന്നതിന് അവരുടെ ദേശീയ സൈനീക പുരോഹിതൻമാരാൽ പ്രേരിപ്പിക്കപ്പെട്ടിട്ടുമുണ്ട്.
സത്യക്രിസ്ത്യാനിത്വത്തിനെത്ര വിരുദ്ധം! അപ്പോസ്തലനായ പൗലോസ് എഴുതി: ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും പ്രിയരുമെന്ന നിലയിൽ സഹാനുഭൂതിയുടെ മൃദുലവാൽസല്യങ്ങളും ദയയും മനസ്സിന്റെ എളിമയും സൗമ്യതയും ദീർഘക്ഷമയും ധരിച്ചുകൊൾക. ഒരുവന് മറെറാരുവനെതിരായി ഒരു പരാതിക്ക് കാരണമുണ്ടെങ്കിൽ അന്യോന്യം പൊറുക്കുന്നതിലും അന്യോന്യം സൗജന്യമായി ക്ഷമിക്കുന്നതിലും തുടരുക. യഹോവ നിങ്ങളോട് സൗജന്യമായി ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്യുക. എന്നാൽ, ഇവയ്ക്കെലാം പുറമെ സ്നേഹം ധരിച്ചുകൊൾക. എന്തുകൊണ്ടെന്നാൽ അത് ഐക്യത്തിന്റെ ഒരു സമ്പൂർണ്ണ ബന്ധമാകുന്നു.”—കൊലോസ്യർ 3:12-14
റോമിലെ ക്രിസ്ത്യാനികൾക്ക് പൗലോസ് ഇങ്ങനെ എഴുതി: “ആർക്കും തിൻമക്കുപകരം തിൻമ ചെയ്യരുത്. സകല മനുഷ്യരുടെയും ദൃഷ്ടിയിൽ നല്ലകാര്യങ്ങൾ പ്രദാനം ചെയ്യുക. സാദ്ധ്യമെങ്കിൽ നിങ്ങളെ ആശ്രയിച്ചിരിക്കുന്നിടത്തോളം സകല മനുഷ്യരോടും സമാധാനം പാലിക്കുക. പ്രിയരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യരുത്. എന്നാൽ ക്രോധത്തിനിടം കൊടുക്കുക; എന്തെന്നാൽ: ‘പ്രതികാരം എന്റേതാണ്, ഞാൻ പകരം വീട്ടും എന്ന് യഹോവ പറയുന്നു’ എന്ന് എഴുതപ്പെട്ടിരിക്കുന്നു.” (റോമർ 12:17-19) അപ്പോൾ ക്രിസ്തീയ തത്വങ്ങളുടെ വെളിച്ചത്തിൽ ക്രൈസ്തവലോകം പരാജയപ്പെട്ടിരിക്കുന്നു. അവൾ പകയും കപടഭക്തിയും വിതച്ചിരിക്കുന്നു; നാശം കൊയ്യാനുമിരിക്കുന്നു.
ക്രിസ്തീയേതര മതങ്ങൾ—അവയുടെ രേഖ
എന്നാൽ മഹാബാബിലോനിൽ ക്രൈസ്തവലോകത്തിലെ മതങ്ങളെക്കാൾ കൂടുതൽ അടങ്ങിയിരിക്കുന്നു. ഈ ലോകത്തിലെ എല്ലാ പ്രമുഖ മതങ്ങളും ആ കുപ്രസിദ്ധ വേശ്യയുടെ രക്തപാതകത്തിൽ പങ്കുവഹിക്കുന്നു. ദൃഷ്ടാന്തമായി, രണ്ടാം ലോകമഹായുദ്ധത്തിൽ ജാപ്പനീസ് പട്ടാളം പ്രകടമാക്കിയ മതഭ്രാന്തോടുകൂടിയ വിദ്രോഹവാസനാപരമായ മന:സ്ഥിതി സംബന്ധിച്ച കുററത്തിൽ ജപ്പാനിലെ ഷിന്റോമതം പങ്കുവഹിക്കേണ്ടതാണ്. യൂറോപ്യൻ പെരുമാററ നിലവാരങ്ങളാൽ ആധിപത്യം പുലർത്തപ്പെടുന്ന “ഒരു കടുത്ത മൽസരാത്മകലോകത്തിൽ തങ്ങളെത്തന്നെ ബലിഷ്ഠരാക്കുന്നതിന് ഷിന്റോ എന്നും ബുഷിഡോ [“പടയാളിയുടെ രീതി”] എന്നും അറിയപ്പെടുന്ന ഒരു സംസ്ഥാനമതവും ഭരണ ധാർമ്മികതയും” കണ്ടുപിടിക്കേണ്ടത് ആവശ്യമാണെന്ന് അവർ കണ്ടെത്തിയതായി ചരിത്രകാരനായ പോൾ ജോൺസൺ വാദിക്കുന്നു. “ . . . നിരന്തര ചക്രവർത്തിയാരാധന സ്ഥാപിതമായി, വിശേഷിച്ച് സായുധ സൈന്യങ്ങളിൽ. 1920-കൾ മുതൽ എല്ലാ സ്കൂളുകളിലും ഒരു ദേശീയ ധർമ്മശാസ്ത്ര സംഹിത, കോക്കുമിൻ ഡോതോക്കു, പഠിപ്പിക്കപ്പെട്ടു.” ഫലമെന്തായിരുന്നു? 1941 ആയപ്പോഴേക്ക് ജപ്പാൻ പേൾഹാർബറിൽ ബോംബിടുകയും അങ്ങനെ രണ്ടാം ലോകമഹായുദ്ധത്തിൽ പ്രവേശിക്കുകയും ചെയ്തപ്പോൾ “ഷിന്റോ . . . ഒരു അപരിഷ്കൃതവും ലുപ്തപ്രചാരവും ആയ ന്യൂനപക്ഷ ആരാധനയിൽ നിന്ന് ഒരു ആധുനിക സർവ്വാധിപത്യ സംസ്ഥാനത്തിന്റെ അംഗീകൃത മതമായി രൂപാന്തരപ്പെട്ടു, അങ്ങനെ ഈ യുഗത്തിലെ ലൗകിക ഭീകരതകളെ ചെറുത്തു നിൽക്കാൻ ഉതകേണ്ടിയിരുന്ന മതം വിശേഷാൽ നിന്ദ്യമായ ഒരു വിരോധാഭാസത്താൽ, അവയെ വിശുദ്ധീകരിക്കുന്നതിന്, ഉപയോഗിക്കപ്പെട്ടു.”
ഇൻഡ്യയുടെ 1947-ലെ വിഭജനത്തെ സംബന്ധിച്ച്—മതഭിന്നതകൾ അതിൽ ഒരു ഘടകമായിരുന്നു—ചരിത്രകാരനായ ജോൺസൺ പറയുന്നു: “ഏതാണ്ട് അഞ്ചോ ആറോ ദശലക്ഷം ആളുകൾ തങ്ങളുടെ ജീവനുവേണ്ടി ഓരോ ദിശയിലേക്കും പലായനം ചെയ്തു. . . . ആ സമയത്തെ മരിച്ചവരുടെ കണക്കുകൾ ഒന്നുമുതൽ രണ്ടുവരെ ദശലക്ഷത്തോളമായിരുന്നു. കൂടുതൽ ആധുനികമായ കണക്കുകൂട്ടലുകൾ 2,00,000 മുതൽ 6,00,000 വരെയാണ്.” ഹിന്ദു ജനസമുദായത്തിൽ മതപ്രേരിതമായ സംഹാരവും തോൽപ്പിക്കലും ഇന്നോളം നടക്കുന്നുണ്ട്. മുമ്പ് അസ്പൃശ്യരെന്ന് വിളിക്കപ്പെട്ടിരുന്ന ഹരിജനങ്ങൾ അഥവാ അധ:കൃതർ ധനികരായ ഭൂഉടമകൾ സംഘടിപ്പിക്കുന്ന കൂട്ടക്കൊലകളുടെ ഇരകളാണ്.
ഹിന്ദുമതം ആത്മാചാരങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. (വെളിപ്പാട് 18:23) ഭാരതീയ എഴുത്തുകാരനായ സുധീർ കാക്കർ “മാന്ത്രികവിദ്യയോടും അതിന്റെ ആചാരക്കാരോടും ഉള്ള സാധാരണ ഹിന്ദുവിന്റെ മോഹത്തെയും ആദരവിനെയും” കുറിച്ച് പ്രസ്താവിക്കുകയും ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു: “ജ്യോതിഷക്കാരും ലക്ഷണം പറയുന്നവരും സന്യാസികളും [താപസ “വിശുദ്ധർ”] കൂടെയായ അഗോചരദൃശ്യ ജ്ഞാനികളും യോഗികളും [മാന്ത്രികവിദ്യകൾ കാണിക്കുന്ന സന്യാസികൾ] മററ് ദൈവപുരുഷൻമാരും ഔന്നത്യമേറിയ ഉൺമയോട് അടുത്ത സമ്പർക്കമുള്ളവരെന്ന് വിചാരിക്കപ്പെടുന്നതിനാൽ അവർ അത്യധികം ആദരിക്കപ്പെടുന്നു.”—ഇൻഡ്യാ ററഡേ, ഏപ്രിൽ 30, 1988.
അതിനും പുറമേ, ഹിന്ദുക്കളുടെയും സിക്കുകാരുടെയും മററ് പൗരസ്ത്യ മതങ്ങളുടെയുമിടയിൽ നിരന്തര പോരാട്ടങ്ങളുണ്ട്. ഓരോ മതവും ഈ പോരാട്ടങ്ങളോട് അതിന്റെ വിദ്വേഷത്തിന്റെയും ശണ്ഠയുടെയും കൊലപാതകത്തിന്റെയും പങ്കു കൂട്ടുന്നു. ഇത് മഹാബാബിലോന്റെ ഫലത്തിന്റെ മറെറാരു വശം മാത്രമാണ്.
തന്നെയുമല്ല, യുദ്ധത്തിന്റെയും സംഹാരങ്ങളുടെയും അടിച്ചമർത്തലിന്റെയും ആധുനിക ചരിത്രം യഹൂദമതത്തെ അശേഷവും സ്വീകാര്യമാക്കുന്നില്ല. യഹൂദമതത്തിന്റെ ഹസിദിക വിഭാഗത്തിന്റെ അംഗങ്ങൾ മററ് യഹൂദ വിഭാഗങ്ങളുടെയും യഹൂദേതര മതങ്ങളുടെയും അനുയായികളുടെ നേരെ ചിലപ്പോൾ പ്രകടമാക്കുന്ന അക്രമം ദൈവദൃഷ്ടിയിൽ അശേഷവും ഒരു ശുപാർശയായിരിക്കുന്നില്ല.
നാം ലോകവ്യാപക മതസാമ്രാജ്യത്തിന്റെ ചരിത്രം പഠിക്കുമ്പോൾ മഹാബാബിലോന്റെ വധനിർവഹണത്തിന് പരമോന്നത ന്യായാധിപതിക്ക് ഒരടിസ്ഥാനമുള്ളതെന്തുകൊണ്ടെന്ന് നമുക്ക് അനായാസം കാണാൻ കഴിയും. “അതെ, പ്രവാചകൻമാരുടെയും വിശുദ്ധൻമാരുടെയും ഭൂമിയിൽ കൊല്ലപ്പെട്ടിരിക്കുന്ന സകലരുടെയും രക്തം അവളിൽ കാണപ്പെട്ടു.” (വെളിപ്പാട് 18:24) പ്രാദേശികവും ലോകവ്യാപകവുമായ യുദ്ധങ്ങളിലെ വ്യാജമതത്തിന്റെ പങ്കുപററൽ “ഭൂമിയിൽ കൊല്ലപ്പെട്ടിരിക്കുന്ന സകലരുടെയും” രക്തത്തിന് ദൈവദൃഷ്ടിയിൽ അവളെ കുററക്കാരിയാക്കിയിരിക്കുന്നു.
ബൈബിൾപരമായ കുററപത്രപ്രകാരം മഹാബാബിലോൻ ലോകഭരണാധികാരികളുമായുള്ള അവളുടെ ആത്മീയ ദുർവൃത്തിയുടെയും യുദ്ധങ്ങൾ സംബന്ധിച്ചുള്ള അവളുടെ രക്തപാതകത്തിന്റെയും അവളുടെ ആത്മവിദ്യാചാരങ്ങളുടെയും ചരിത്രരേഖ നിമിത്തം നാശത്തിന് അർഹയെന്ന് വിധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സാത്താന്റെ വ്യാജമതലോകസാമ്രാജ്യം അവസാനിപ്പിക്കപ്പെടണമെന്ന് യഹോവയാംദൈവം നീതിന്യായപരമായി തീരുമാനിച്ചിരിക്കുന്നു.—വെളിപ്പാട് 18:3, 23, 24.
വ്യാജമതം നശിക്കുന്ന വിധം
വെളിപ്പാട് പുസ്തകം മഹാബാബിലോന്റെ നാശത്തെ അത്യന്തം പ്രതീകാത്മകഭാഷയിൽ വർണ്ണിക്കുന്നു. വെളിപ്പാട് 17:16-ൽ നാം ഇങ്ങനെ വായിക്കുന്നു: “നീ കണ്ട പത്തു കൊമ്പും കാട്ടുമൃഗവും വേശ്യയെ വെറുക്കുകയും അവളെ ശൂന്യയും നഗ്നയുമാക്കി അവളുടെ മാംസളഭാഗങ്ങൾ തിന്നുകയും അവളെ തീകൊണ്ട് പൂർണ്ണമായി ദഹിപ്പിക്കുകയും ചെയ്യും.” “പത്ത് കൊമ്പ്” ഇപ്പോൾ ലോകരംഗത്തുള്ളതും പിശാചിന്റെ രക്തപങ്കില രാഷ്ട്രീയ വ്യവസ്ഥിതിയുടെ പ്രതിമതന്നെയായി, “കടുംചുവപ്പുള്ള കാട്ടുമൃഗ”മായ ഐക്യരാഷ്ട്രങ്ങളെ പിൻതാങ്ങുന്നതുമായ സകല രാഷ്ട്രീയ ശക്തികളെയും പ്രതീകപ്പെടുത്തുന്നു.—വെളിപ്പാട് 16:2; 17:3.b
ബൈബിൾ പ്രവചനമനുസരിച്ച് ഐക്യരാഷ്ട്രങ്ങളോട് സഹവസിക്കുന്ന രാഷ്ട്രീയ ശക്തികൾ വ്യാജമതലോകസാമ്രാജ്യത്തിനെതിരെ തിരിഞ്ഞ് അവളെ ശൂന്യമാക്കും. സകല വ്യാജമതങ്ങളും ബാധിക്കപ്പെടും. ചില രാഷ്ട്രീയ വ്യവസ്ഥിതികൾ രാഷ്ട്രീയവും സാമൂഹികവുമായ മണ്ഡലങ്ങളിലെ വ്യാജമതത്തിന്റെ ഇടപെടലിലെ തങ്ങളുടെ അക്ഷമ ഇപ്പോൾത്തന്നെ പ്രകടമാക്കിയിരിക്കുന്നു. ചില സോഷ്യലിസ്ററ് രാജ്യങ്ങൾ ഒരു നിരീശ്വര നിലപാട് സ്വീകരിക്കുകയും മതത്തെ ആൽബേനിയായിലെപ്പോലെ യഥാർത്ഥത്തിൽ നാസ്തിയാക്കിയിരിക്കുകയും, അല്ലെങ്കിൽ റഷ്യയിലെയും ചൈനയിലെയുംപോലെ അനുസരണമുള്ള ഒരു ദാസിയാക്കിയിരിക്കുകയും ചെയ്തിരിക്കുന്നു. മററ് ചിലയിടങ്ങളിൽ ദാരിദ്ര്യമേറിയ രാജ്യങ്ങളിലെ ചില കത്തോലിക്കാപുരോഹിതൻമാരുടെ വിമോചന ദൈവശാസ്ത്രത്തോട് രാഷ്ട്രീയ ഭരണാധികാരികൾ ശക്തമായ നീരസം പ്രകടമാക്കുന്നു. ഇനിയും, മററു ചിലർ വർഗ്ഗീയ കാര്യങ്ങളിൽ ഉൾപ്പെടുന്ന മതങ്ങളെ അടിച്ചമർത്തുന്നു. സ്വതന്ത്ര രാജ്യങ്ങളെന്ന് വിളിക്കപ്പെടുന്നിടങ്ങളിൽ പോലും ചില രാഷ്ട്രീയ പ്രവർത്തകർ രാഷ്ട്രീയത്തിലും സാമൂഹിക വിവാദങ്ങളിലുമുള്ള വൈദികരുടെ ഇടപെടലിൽ നീരസപ്പെടുന്നു.
കൂടുതലായ വേറെ ഏത് വിവാദവിഷയങ്ങൾ വ്യാജമതത്തിനെതിരെ പ്രവർത്തിക്കാൻ ലോകവ്യാപകമായ രാഷ്ട്രീയ ഘടകങ്ങളെ പ്രകോപിപ്പിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. എന്നാൽ ഒരു സംഗതി തീർച്ചയാണ്—ഈ ഘടകങ്ങളാലുള്ള മഹാബാബിലോന്റെ സംഹാരം അവരുടെ ഇഷ്ടം മാത്രമല്ല, ദൈവേഷ്ടവും കൂടെയായിരിക്കും. വെളിപ്പാട് 17:17 ഇങ്ങനെ പ്രസ്താവിക്കുന്നു: “ദൈവത്തിന്റെ വചനങ്ങൾ സഫലമാക്കപ്പെടുന്നതുവരെ തന്റെ ചിന്ത നടപ്പിലാക്കാൻ, തങ്ങളുടെ രാജ്യം കാട്ടുമൃഗത്തിന് കൊടുത്തുകൊണ്ട് തങ്ങളുടെ ഏക ചിന്ത നടപ്പിലാക്കാൻ തന്നെ ദൈവം അവരുടെ ഹൃദയങ്ങളിൽ തോന്നിച്ചു.”—യിരെമ്യാവ് 51:12, 13 താരതമ്യപ്പെടുത്തുക.
തെററുവരുത്തരുത്. മഹാബാബിലോന്റെ വധനിർവഹണം മതപരമായ ധിക്കാരത്തോടും ഇടപെടലിനോടുമുള്ള രാഷ്ട്രീയ ശത്രുതയുടെ പ്രകടനം മാത്രമായിരിക്കയില്ല. രാഷ്ട്രീയ ഭരണാധികാരികൾ ലോകവ്യാപകമായ വ്യാജാരാധനയുടെ നാശത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ അനിച്ഛാപൂർവ്വകമായ ആയുധങ്ങളായിരിക്കും. അതെ, “അവളുടെ പാപങ്ങൾ സ്വർഗ്ഗത്തോളം തന്നെ കുന്നിച്ചിരിക്കുന്നു. അവളുടെ അനീതി പ്രവൃത്തികൾ ദൈവം ഓർത്തിരിക്കുന്നു.”—വെളിപ്പാട് 18:5.
അഹങ്കാരമുള്ള വ്യാജമതം താഴ്ത്തപ്പെടണമെന്ന് ദൈവം വിധിച്ചിരിക്കുന്നു. പ്രവചനം പ്രസ്താവിക്കുന്നു: “അവൾ തന്നെത്തന്നെ മഹത്വീകരിക്കയും നിർലജ്ജമായ ആഢംബരത്തിൽ ജീവിക്കുകയും ചെയ്ത അളവോളം അവൾക്ക് ദണ്ഡനവും വിലാപവും കൊടുക്കുക. എന്തെന്നാൽ അവൾ തന്റെ ഹൃദയത്തിൽ ‘ഞാൻ ഒരു രാജ്ഞിയായിരിക്കുന്നു, ഞാൻ വിധവയല്ല, ഞാൻ ഒരിക്കലും വിലാപം കാണുകയില്ല’ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഒരു ദിവസത്തിൽ അവളുടെ ബാധകൾ വരുന്നത്, മരണവും വിലാപവും ക്ഷാമവുംതന്നെ; അവൾ തീകൊണ്ട് പൂർണ്ണമായും ദഹിപ്പിക്കപ്പെടും, എന്തുകൊണ്ടെന്നാൽ അവളെ ന്യായംവിധിച്ച യഹോവയാം ദൈവം ശക്തനാകുന്നു.”—വെളിപ്പാട് 18:7, 8.
വധനിർവഹണം എപ്പോൾ?
സത്വര വധനിർവഹണത്തിന്റെ ആ “ഒരു ദിവസം” അഥവാ ഹ്രസ്വകാലം ഇപ്പോൾ അടുത്തിരിക്കുന്നു. യഥാർത്ഥത്തിൽ മഹാബാബിലോന്റെ നാശം “നമ്മുടെ ദൈവത്തിന്റെ ഭാഗത്തെ പ്രതികാര ദിവസം” ആനയിക്കുന്നു. (യെശയ്യാ 61:2) അതിനുശേഷം ദൈവത്തിന്റെ നീതിയുള്ള അർമ്മഗെദ്ദോൻ യുദ്ധം വരും. 1914 മുതലുള്ള ലോകസംഭവങ്ങളുടെ സകല തെളിവുകളും സാത്താന്റെ വ്യവസ്ഥിതിക്ക് സമയം തീരുകയാണെന്ന് സൂചിപ്പിക്കുന്നു. അതുകൊണ്ട് ദൈവരാജ്യഭരണം സമീപിച്ചിരിക്കുന്നു.—ലൂക്കോസ് 21:32-36; വെളിപ്പാട് 16:14-16.
സത്യാരാധകർ മഹാബാബിലോന്റെ നാശത്തോട് എങ്ങനെ പ്രതികരിക്കും? വെളിപ്പാട് പറയുന്നു: “സ്വർഗ്ഗമേ, വിശുദ്ധൻമാരെ, അപ്പോസ്തലൻമാരെ, പ്രവാചകൻമാരെ, നിങ്ങളും അവളെച്ചൊല്ലി സന്തോഷിപ്പിൻ, എന്തുകൊണ്ടെന്നാൽ ദൈവം നിങ്ങൾക്കുവേണ്ടി അവളെ നീതിന്യായപരമായി ശിക്ഷിച്ചിരിക്കുന്നു!” (വെളിപ്പാട് 18:20) യഹോവയുടെ ഉദ്ദേശ്യം നടപ്പിലാക്കപ്പെടുകയും അവന്റെ നാമം വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുമ്പോൾ സാർവത്രികമായ സന്തോഷപ്രകടനമുണ്ടായിരിക്കും. പ്രവചനം പ്രസ്താവിക്കുന്നു: “ഈ കാര്യങ്ങൾക്കുശേഷം ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാപുരുഷാരത്തിന്റെ ഉച്ചത്തിലുള്ള ശബ്ദം പോലെയുള്ളത് കേട്ടു. അവർ പറഞ്ഞു: ‘ജനങ്ങളെ നിങ്ങൾ യാഹിനെ സ്തുതിപ്പിൻ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളതാകുന്നു. എന്തുകൊണ്ടെന്നാൽ അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവയാകുന്നു. എന്തെന്നാൽ ഭൂമിയെ തന്റെ ദുർവൃത്തികൊണ്ട് വഷളാക്കിയ മഹാവേശ്യയുടെ മേൽ അവൻ ന്യായവിധി നടത്തിയിരിക്കുന്നു, അവൻ അവളുടെ കയ്യാലുള്ള തന്റെ അടിമകളുടെ രക്തത്തിന് പ്രതികാരം ചെയ്തിരിക്കുന്നു.’”—വെളിപ്പാട് 19:1, 2.
മഹാബാബിലോന്റെ ശൂന്യമാക്കലും അതേതുടർന്ന് സാത്താന്റെ വ്യവസ്ഥിതിയുടെ ശേഷിച്ച ഘടകങ്ങളുടെമേലുള്ള ദൈവിക വിധിനിർവഹണവും ദൈവത്തിന്റെ സത്യാരാധകർക്ക് അനന്തമായ അനുഗ്രഹങ്ങൾ കൈവരുത്തും. അവരിൽ ഇവിടെ ഭൂമിയിലേക്ക് ഉയർപ്പിക്കപ്പെടുന്ന അനേകരും ഉൾപ്പെടും. അങ്ങനെയുള്ളവരോടെല്ലാം യേശു വാഗ്ദത്തം ചെയ്തതു പോലെ: “നിങ്ങൾ എന്റെ വചനത്തിൽ നിലനിൽക്കുന്നുവെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യരാകുന്നു, നിങ്ങൾ സത്യമറികയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”—യോഹന്നാൻ 8:31, 32; വെളിപ്പാട് 19:11-21.
സത്യാരാധകർ യുഗങ്ങളായി ദൈവത്തെ ദുഷിച്ചിരുന്ന വ്യാജമതോപദേശങ്ങളിൽ നിന്ന് ഇപ്പോൾത്തന്നെ സ്വതന്ത്രരാണ്. വാഗ്ദത്തം ചെയ്യപ്പെട്ട പുതിയ നീതിയിൻ ലോകത്തിൽ അവർ മരണഭീതികൂടാതെ ജീവിക്കാൻ സ്വതന്ത്രരായിരിക്കും, എന്തുകൊണ്ടെന്നാൽ “ദൈവം തന്നെ അവരോടുകൂടെയിരിക്കും. അവൻ അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണമുണ്ടായിരിക്കയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല. മുൻകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.” (വെളിപ്പാട് 21:3, 4) നീങ്ങിപ്പോയിരിക്കുന്ന മുൻകാര്യങ്ങളിൽ സാത്താന്റെ വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോൻ ഉൾപ്പെടും. (w89 5/15)
[അടിക്കുറിപ്പുകൾ]
a മഹാബാബിലോനെ തിരിച്ചറിയിക്കുന്ന കൂടുതൽ വിശദമായ തെളിവിന് 1989 ഏപ്രിൽ 1-ലെ വീക്ഷാഗോപുരം കാണുക.
b ഇവയുടെയും വെളിപ്പാടിലെ മററ് പ്രതീകങ്ങളുടെയും വിശദീകരണങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക് പ്രസിദ്ധീകരിച്ച വെളിപ്പാട്—അതിന്റെ മഹത്തായ പരകോടി സമീപിച്ചിരിക്കുന്നു! എന്ന പുസ്തകം കാണുക.
[5-ാം പേജിലെ ആകർഷകവാക്യം]
“ഈ യുഗത്തിലെ ലൗകിക ഭീകരതകളെ ചെറുത്തു നിൽക്കാൻ ഉതകേണ്ടിയിരുന്ന മതം, വിശേഷാൽ നിന്ദ്യമായ ഒരു വിരോധാഭാസത്താൽ അവയെ വിശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കപ്പെട്ടു”
[4-ാം പേജിലെ ചിത്രം]
ബൈബിൾ ഭാഷാന്തരം ചെയ്തതിന് വിക്ലിഫും ടിൻഡെയിലും പീഡിപ്പിക്കപ്പെട്ടു