ദൈവഭയത്തിൽ വിശുദ്ധിയെ പൂർണ്ണമാക്കൽ
“നമുക്ക് ദൈവഭയത്തിൽ വിശുദ്ധിയെ പൂർണ്ണമാക്കിക്കൊണ്ട് ജഡത്തിലെയും ആത്മാവിലെയും സകല മാലിന്യത്തിൽനിന്നും നമ്മേത്തന്നെ ശുദ്ധരാക്കാം.”—2 കൊരിന്ത്യർ 7:1.
1. ഉന്നതസ്ഥാനങ്ങളിലുള്ള ദൂതൻമാർ യഹോവയുടെ വിശുദ്ധിയെ തിരിച്ചറിയുന്നുവെന്ന് നാം എങ്ങനെ അറിയുന്നു?
യഹോവയാണ് വിശുദ്ധനായ ദൈവം. സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനങ്ങളുള്ള ദൂതൻമാർ അനിശ്ചിതമായ പദങ്ങളിലല്ല അവന്റെ വിശുദ്ധിയെ ഘോഷിക്കുന്നത്. “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സർവഭൂമിയുടെയും പൂർണ്ണത അവന്റെ മഹത്വമാകുന്നു.” ക്രി.മു. എട്ടാം നൂററാണ്ടിൽ പ്രവചകനായ യെശയ്യാവ് ഒരു ദർശനത്തിൽ കണ്ട സെറാഫുകളുടെ ഉത്തേജകമായ ആഹ്വാനമങ്ങനെയായിരുന്നു. ക്രി.വ. ഒന്നാം നൂററാണ്ടിന്റെ അവസാനത്തിൽ അപ്പോസ്തലനായ യോഹന്നാൻ “കർത്താവിന്റെ ദിവസ”ത്തിൽ സംഭവിക്കാനുള്ളവയുടെ ദർശനങ്ങൾ കണ്ടു. നാമിപ്പോൾ ആ ദിവസത്തിലാണ്. അവൻ യഹോവയുടെ സിംഹാസനത്തിനു ചുററും നാലു ജീവികളെ കണ്ടു. അവർ “ഉണ്ടായിരുന്നവനും ഉള്ളവനും വരുന്നവനുമായ സർവശക്തനായ യഹോവയാം ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്ന് അവിരാമം ഉദ്ഘോഷിക്കുന്നതു കേൾക്കുകയുംചെയ്തു. യഹോവയുടെ സ്വർഗ്ഗീയ ആത്മ ജീവികളുടെ മുമ്മടങ്ങായ പ്രഖ്യാപനങ്ങൾ സ്രഷ്ടാവിന്റെ അതിവിശിഷ്ട വിശുദ്ധിയെ ഊന്നിപ്പറയുന്നു.—യെശയ്യാവ് 6:2, 3; വെളിപ്പാട് 1:10; 4:6-8.
വിശുദ്ധിയും വേർപാടും
2. (എ) വിശുദ്ധിക്ക് ഏതു രണ്ടു വശങ്ങളുണ്ട്, ഈ രണ്ടു വശങ്ങളിലും യഹോവ വിശുദ്ധനായിരിക്കുന്നതെങ്ങനെ? (ബി) മോശ യഹോവയുടെ വിശുദ്ധിയെ ഊന്നിപ്പറഞ്ഞതെങ്ങനെ?
2 വിശുദ്ധി മതപരമായ ശുദ്ധിയെയും നിർമ്മലതയെയും മാത്രമല്ല വേർപാടിനെയും അഥവാ വിശുദ്ധീകരണത്തെയും അർത്ഥമാക്കുന്നു. യഹോവ അത്യന്തം നിർമ്മലനോ വിശുദ്ധനോ ആണ്; അവൻ ജനതകളുടെ സകല മലിനദൈവങ്ങളിൽനിന്നും പൂർണ്ണമായി വേറിട്ടുനിൽക്കുന്നവനാണ്. മോശ പിൻവരുന്നപ്രകാരം പാടിയപ്പോൾ അവന്റെ വിശുദ്ധിയുടെ അഥവാ വിശുദ്ധീകരണത്തിന്റെ ഈ വശത്തിന് അടിവരയിടപ്പെട്ടു: “യഹോവേ, ദൈവങ്ങളുടെ ഇടയിൽ നിന്നേപ്പോലെ ആരുള്ളു? വിശുദ്ധിയിൽ ശക്തനായി നിന്നെത്തന്നെ തെളിയിക്കുന്ന നിന്നെപ്പോലെ ആരുള്ളു?”—പുറപ്പാട് 15:11.
3. ഏതു വിധങ്ങളിൽ എല്ലാ ഇസ്രായേല്യരും വിശുദ്ധരായിരിക്കാൻ ആവശ്യപ്പെട്ടിരുന്നു, യഹോവ ഈ കാര്യത്തിൽ അവരെ എങ്ങനെ സഹായിച്ചു?
3 വിശുദ്ധ ദൈവമായ യഹോവ ഭൂമിയിലെ തന്റെ ജനമായിരുന്ന പുരാതന ഇസ്രായേല്യരും വിശുദ്ധരായിരിക്കണമെന്ന് ആവശ്യപ്പെട്ടു. പുരോഹിതൻമാരിൽനിന്നും ലേവ്യരിൽനിന്നും മാത്രമല്ല, പിന്നെയോ മുഴുജനത്തിൽനിന്നും ഇത് ആവശ്യപ്പെട്ടിരുന്നു. യഹോവ മോശയോട് ഇങ്ങനെ പറഞ്ഞു: “ഇസ്രായേൽ പുത്രൻമാരുടെ മുഴു സഭയോടും സംസാരിക്കുക, ‘നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ വിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങൾ വിശുദ്ധരെന്ന് തെളിയിക്കണം.’” (ലേവ്യപുസ്തകം 19:2) ആ ലക്ഷ്യത്തിൽ, ആത്മീയമായും ധാർമ്മികമായും മാനസികമായും ശാരീരികമായും ആചാരപരമായും ശുദ്ധരായി നിലകൊള്ളുന്നതിന് അവരെ സഹായിക്കാൻ യഹോവ അവർക്ക് നിയമങ്ങൾ കൊടുത്തു. ഒടുവിൽ പറഞ്ഞ ശുദ്ധി സമാഗമനകൂടാരത്തിലും പിന്നീട് ആലയത്തിലുമുള്ള അവരുടെ ആരാധനയോടുള്ള ബന്ധത്തിലായിരുന്നു.
വേർതിരിക്കപ്പെട്ട ഒരു ജനം
4, 5. (എ) ജഡിക ഇസ്രായേൽ വിശുദ്ധീകരിക്കപ്പെട്ട ഒരു ജനതയായിരുന്നതെങ്ങനെ? (ബി) ആത്മീയ ഇസ്രായേല്യരിൽനിന്ന് എന്താവശ്യപ്പെട്ടിരിക്കുന്നു, അപ്പോസ്തലനായ പത്രോസ് ഇത് എങ്ങനെ സ്ഥിരീകരിക്കുന്നു?
4 ഇസ്രായേല്യർ ദൈവനിയമങ്ങൾ അനുസരിച്ചടത്തോളം അവർ അവർക്കു ചുററുപാടുമുണ്ടായിരുന്ന നീചരായിരുന്ന ജനതകളിൽനിന്ന് വ്യത്യസ്തരായി നിലകൊണ്ടു. മോശ അവരോട് ഇങ്ങനെ പറഞ്ഞു: “നീ നിന്റെ ദൈവമായ യഹോവക്ക് ഒരു വിശുദ്ധജനമാകുന്നു. ഭൂതലത്തുള്ള സകല ജനങ്ങളിലുംവെച്ച് ഒരു പ്രത്യേക സ്വത്തായ തന്റെ ജനമായിരിക്കാൻ നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുത്തിരിക്കുന്നത് നിന്നെയാണ്.”—ആവർത്തനം 7:6.
5 അങ്ങനെയുള്ള ശുദ്ധിയും വേർപാടും ആത്മീയ ഇസ്രായേലിൽനിന്നും ആവശ്യപ്പെടുന്നുണ്ട്. ആത്മീയ ഇസ്രായേലായിരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവർക്ക് അപ്പോസ്തലനായ പത്രോസ് ഇങ്ങനെ എഴുതി: “അനുസരണമുള്ള മക്കളെന്ന നിലയിൽ, നിങ്ങളുടെ അജ്ഞതയിൽ നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന ആഗ്രഹങ്ങളോട് അനുരൂപപ്പെടുന്നത് നിർത്തുക, എന്നാൽ നിങ്ങളെ വിളിച്ച വിശുദ്ധന് അനുയോജ്യമായി നിങ്ങളും നിങ്ങളുടെ സകല നടത്തയിലും വിശുദ്ധരായിത്തീരുക, എന്തുകൊണ്ടെന്നാൽ ‘ഞാൻ വിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം’ എന്ന് എഴുതപ്പെട്ടിരിക്കുന്നു.”—1 പത്രോസ് 1:1, 14-16.
6, 7. (എ) വെളിപ്പാട് 7-ാം അദ്ധ്യായത്തിൽ “മഹാപുരുഷാര”ത്തിലെ അംഗങ്ങൾ വർണ്ണിക്കപ്പെട്ടിരിക്കുന്നതെങ്ങനെ, യുക്ത്യാനുസൃതം അവരിൽനിന്ന് എന്താവശ്യപ്പെട്ടിരിക്കുന്നു? (ബി) അടുത്ത ഖണ്ഡികകളിൽ എന്ത് പരിചിന്തിക്കപ്പെടും?
6 വെളിപ്പാട് 7-ാം അദ്ധ്യായത്തിൽ, “മഹാപുരുഷാര”ത്തിൽപെട്ട അംഗങ്ങൾ “തങ്ങളുടെ അങ്കികൾ കുഞ്ഞാടിന്റെ രക്തത്തിൽ അലക്കി വെളുപ്പിച്ച്” “വെള്ളനിലയങ്കികൾ ധരിച്ച് [യഹോവയുടെ] സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതായി” വർണ്ണിക്കപ്പെട്ടിരിക്കുന്നു. (വെളിപ്പാട് 7:9, 14) അവരുടെ വെള്ള നിലയങ്കികൾ യഹോവയുടെ മുമ്പാകെയുള്ള അവരുടെ ശുദ്ധവും നീതിനിഷ്ഠവുമായ നിലയെ പ്രതീകവൽക്കരിക്കുന്നു, വീണ്ടെടുപ്പിനുള്ള ക്രിസ്തുവിന്റെ രക്തത്തിലുള്ള വിശ്വാസം നിമിത്തമാണ് അവൻ ആ നില അവർക്ക് അനുവദിച്ചുകൊടുക്കുന്നത്. ആ സ്ഥിതിക്ക്, അഭിഷിക്ത ക്രിസ്ത്യാനികൾ മാത്രമല്ല, “വേറെ ആടുകളും” യഹോവയെ സ്വീകാര്യമായി ആരാധിക്കാൻ ആത്മീയമായും ധാർമ്മികമായും ശുദ്ധരായി നിലകൊള്ളേണ്ടതാണ്.—യോഹന്നാൻ 10:16.
7 കഴിഞ്ഞ കാലത്തെ യഹോവയുടെ ജനം എങ്ങനെ നിർമ്മലരും വിശുദ്ധരുമായി തെളിയിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇന്ന് ദൈവജനത്തിന് അതേ തത്വങ്ങൾ ബാധകമാകുന്നതെന്തുകൊണ്ടെന്നും നമുക്കിപ്പോൾ പരിചിന്തിക്കാം.
ആത്മീയ ശുദ്ധി
8. ഇസ്രയേല്യർ ഏതു കാരണങ്ങളാൽ കനാനിലെ മതങ്ങളിൽനിന്ന് വിട്ടുനിൽക്കണമായിരുന്നു?
8 ജഡിക ഇസ്രായേൽ മററു ജനതകളുടെ അശുദ്ധമായ മതാചാരങ്ങളിൽനിന്ന് തത്വനിഷ്ഠയോടെ വേർപെട്ടുനിൽക്കണമായിരുന്നു. മോശയിലൂടെ സംസാരിച്ചുകൊണ്ട് യഹോവ ഇസ്രായേലിനോട് ഇങ്ങനെ പറഞ്ഞു: “നിന്റെ മദ്ധ്യേ ഒരു കെണിയായിത്തീരാതിരിക്കുന്നതിന് നീ പോകുന്ന ദേശത്തെ നിവാസികളുമായി ഒരു ഉടമ്പടിചെയ്യാതിരിക്കാൻ സൂക്ഷിക്കുക. എന്നാൽ അവരുടെ ബലിപീഠങ്ങളെ നിങ്ങൾ ഇടിച്ചുപൊളിച്ചുകളയണം, അവരുടെ പാവനസ്തൂപങ്ങളെ [മ്ലേച്ഛമായ ലിംഗാരാധനയോടുള്ള ബന്ധത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നവ] നിങ്ങൾ തകർക്കണം, അവരുടെ പാവനസ്തംഭങ്ങളെ നിങ്ങൾ വെട്ടിയിടണം. എന്തെന്നാൽ നീ മറെറാരു ദൈവത്തിന്റെ മുമ്പാകെ സാഷ്ടാംഗപ്രണാമംചെയ്യരുത്, എന്തുകൊണ്ടെന്നാൽ തീക്ഷ്ണൻ എന്നു നാമമുള്ള യഹോവ, അവൻ തീക്ഷ്ണതയുള്ള [അല്ലെങ്കിൽ “അനന്യമായ ഭക്തി നിഷ്ക്കർഷിക്കുന്ന,” ന്യൂവേൾഡ് ട്രാൻസേഷ്ളൻ റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്] ഒരു ദൈവമാകുന്നു; അവർ തീർച്ചയായും അവരുടെ ദൈവങ്ങളുമായി അധാർമ്മികബന്ധങ്ങളിലേർപ്പെടുകയും അവരുടെ ദൈവങ്ങൾക്കു ബലികഴിക്കുകയുംചെയ്യുമ്പോൾ നീ ദേശത്തെ നിവാസികളുമായി ഒരു ഉടമ്പടി ഉണ്ടാക്കാതിരിക്കാൻതന്നെ.”—പുറപ്പാട് 34:12-15.
9. ക്രി.മു. 537-ൽ ബാബിലോനിൽനിന്നു വിട്ടുപോന്ന വിശ്വസ്തശേഷിപ്പിന് ഏതു കൃത്യമായ നിർദ്ദേശങ്ങൾ കൊടുക്കപ്പെട്ടിരുന്നു?
9 നൂററാണ്ടുകൾ കഴിഞ്ഞ്, ബാബിലോനിൽനിന്ന് യഹൂദയിലേക്ക് മടങ്ങിവരുന്ന വിശ്വസ്തശേഷിപ്പിനോട് ഈ പ്രാവചനികവാക്കുകൾ പറയാൻ യഹോവ യെശയ്യാവിനെ നിശ്വസ്തനാക്കി: “വിട്ടുമാറുക, വിട്ടുമാറുക, അവിടെനിന്ന് പുറത്തുപോരുക, അശുദ്ധമായ യാതൊന്നും തൊടരുത്; അവളുടെ മദ്ധ്യേനിന്ന് പുറത്തുപോരുക, യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, [യരൂശലേമിലെ ആലയത്തിൽ നിർമ്മലാരാധന പുനഃസ്ഥാപിക്കാൻ ഉപയോഗിക്കുന്നതിന്] നിങ്ങളെത്തന്നെ ശുദ്ധരായി സൂക്ഷിക്കുക.”—യെശയ്യാവ് 52:11.
10, 11. (എ) ക്രി.വ. ഒന്നാം നൂററാണ്ടിൽ ആത്മീയ ഇസ്രായേല്യർക്ക് ഏതു സമാനമായ നിർദ്ദേശങ്ങൾ കൊടുക്കപ്പെട്ടു? (ബി) വിശേഷിച്ച് 1919 മുതലും 1935 മുതലും ഈ നിർദ്ദേശങ്ങൾ എങ്ങനെ അനുസരിക്കപ്പെട്ടിരിക്കുന്നു, വേറെ ഏതു വിധത്തിൽ അഭിഷിക്തരും അവരുടെ സഹപ്രവർത്തകരും ആത്മീയമായി ശുദ്ധരായി നിലകൊള്ളുന്നു?
10 സമാനമായി, ആത്മീയ ഇസ്രായേല്യരും അവരുടെ സഹപ്രവർത്തകരും ഈ ലോകത്തിലെ വിഗ്രഹാരാധനാപരമായ മതങ്ങളാൽ മലിനപ്പെടാതെ തങ്ങളേത്തന്നെ സൂക്ഷിക്കേണ്ടതാണ്. കൊരിന്ത്യസഭയിലെ അഭിഷിക്തക്രിസ്ത്യാനികൾക്ക് എഴുതിക്കൊണ്ട്, അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പ്രസ്താവിച്ചു: “ദൈവത്തിന്റെ ആലയത്തിന് വിഗ്രഹങ്ങളോട് എന്ത് യോജിപ്പാണുള്ളത്? എന്തെന്നാൽ നാം ഒരു ജീവനുള്ള ദൈവത്തിന്റെ ഒരു ആലയമാകുന്നു; ‘ഞാൻ അവരുടെ ഇടയിൽ വസിക്കുകയും അവരുടെ ഇടയിൽ നടക്കുകയും ചെയ്യും, ഞാൻ അവരുടെ ദൈവമായിരിക്കും, അവർ എന്റെ ജനമായിരിക്കും’ എന്ന് ദൈവം പറഞ്ഞതുപോലെതന്നെ. ‘“അതുകൊണ്ട് അവരുടെ ഇടയിൽനിന്ന് പുറത്തുകടക്കുക, നിങ്ങളെത്തന്നെ വേർപെടുത്തുക” എന്ന് യഹോവ പറയുന്നു, “അശുദ്ധമായതിനെ തൊടുന്നതു നിർത്തുക”’; ‘“ഞാൻ നിങ്ങളെ ചേർത്തുകൊള്ളും.”’”—2 കൊരിന്ത്യർ 6:16, 17.
11 ആയിരത്തിത്തൊള്ളായിരത്തി പത്തൊൻപതുമുതൽ നിർമ്മലീകരിക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്ത അഭിഷിക്തശേഷിപ്പിലെ അംഗങ്ങൾ മഹാബാബിലോനിലെ അശുദ്ധവും വിഗ്രഹാരാധനാപരവുമായ മതങ്ങളിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. (മലാഖി 3:1-3) അവർ ഈ സ്വർഗ്ഗീയ ആഹ്വാനത്തിനു ചെവികൊടുത്തിരിക്കുന്നു: “എന്റെ ജനമേ, നിങ്ങൾ അവളുടെ പാപങ്ങളിൽ പങ്കുപററാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ അവളുടെ ബാധകളുടെ ഓഹരി ലഭിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവളെ വിട്ടുപോരുക.” (വെളിപ്പാട് 18:4) 1935 മുതൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന “വേറെ ആടുകളുടെ” മഹാപുരുഷാരവും അതുപോലെതന്നെ ഈ ആഹ്വാനത്തിനു ചെവികൊടുത്ത് അശുദ്ധമായ ബാബിലോന്യമതത്തെ ഉപേക്ഷിച്ചിരിക്കുന്നു. അഭിഷിക്തരും അവരുടെ സഹപ്രവർത്തകരും വിശ്വാസത്യാഗികളുടെ ഹാനികരമായ ആശയങ്ങളുമായുള്ള സകല സമ്പർക്കങ്ങളെയും ഒഴിവാക്കിക്കൊണ്ടും ആത്മീയശുദ്ധി നിലനിർത്തുന്നു—യോഹന്നാൻ 10:16; 2 യോഹന്നാൻ 9-11.
ധാർമ്മികശുദ്ധി
12. (എ) യഹോവ ഏതു നിയമങ്ങൾമുഖേന ഇസ്രായേല്യരുടെ ധാർമ്മികനിലയെ ചുററുപാടുമുണ്ടായിരുന്ന ജനതകളുടേതിനെക്കാൾ വളരെ ഉയർത്തി? (ബി) പുരോഹിതൻമാർക്ക് ഏതു നിയമങ്ങൾ വിശേഷാൽ കർശനമായിരുന്നു?
12 യഹോവ ന്യായപ്രമാണ ഉടമ്പടി മുഖേന ഇസ്രായേല്യരുടെ ധാർമ്മിക നിലയെ ചുററുപാടുമുള്ള ജനതകളുടെ അധഃപതിച്ച അവസ്ഥയെക്കാൾ വളരെ മീതെ ഉയർത്തി. വിവാഹവും കുടുംബജീവിതവും ഇസ്രായേലിൽ സംരക്ഷിതമായ ഏർപ്പാടുകളായിരുന്നു. പത്തു കല്പനകളിൽ ഏഴാമത്തേത് വ്യഭിചാരത്തെ വിലക്കി. വ്യഭിചാരത്തിനും ദുർവൃത്തിക്കും കഠിനശിക്ഷ കൊടുത്തിരുന്നു. (ആവർത്തനം 22:22-24) ന്യായപ്രമാണത്തിൻകീഴിൽ കന്യകമാർ സംരക്ഷിക്കപ്പെട്ടിരുന്നു. (ആവർത്തനം 22:28, 29) പുരോഹിതൻമാരുടെ വിവാഹംസംബന്ധിച്ച നിയമങ്ങൾ വിശേഷാൽ കർശനമായിരുന്നു. മഹാപുരോഹിതനെ സംബന്ധിച്ചാണെങ്കിൽ, ഒരു ഭാര്യയായി ഒരു നിർമ്മല കന്യകയെ തെരഞ്ഞെടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.—ലേവ്യപുസ്തകം 21:6, 7, 10,13.
13. ക്രിസ്തുവിന്റെ “മണവാട്ടി”യിലെ അംഗങ്ങൾ ആരോട് ഉപമിക്കപ്പെട്ടിരിക്കുന്നു, എന്തുകൊണ്ട്?
13 സമാനമായി, വലിയ മഹാപുരോഹിതനായ യേശുക്രിസ്തുവിന് “കന്യകമാരോ”ട് ഉപമിക്കപ്പെട്ടിരിക്കുന്ന 1,44,000 അഭിക്ഷിക്ത ക്രിസ്ത്യാനികൾ ചേർന്ന ഒരു “മണവാട്ടി”യാണുള്ളത്. (വെളിപ്പാട് 14:1-5; 21:9) അവർ സാത്താന്റെ ലോകത്താൽ മലിനമാകാതെ സൂക്ഷിക്കുകയും ഉപദേശപരമായും ധാർമ്മികമായും നിർമ്മലരായി നിലകൊള്ളുകയും ചെയ്യുന്നു. അപ്പോസ്തലനായ പൗലോസ് കൊരിന്തിലെ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “ഞാൻ ദൈവികമായ ഒരു തീക്ഷ്ണതയോടെ നിങ്ങളെ സംബന്ധിച്ചു തീക്ഷ്ണതയുള്ളവനാണ്, എന്തെന്നാൽ ഞാൻ നിങ്ങളെ ഒരു നിർമ്മലകന്യകയായി ക്രിസ്തുവിന് കാഴ്ചവെക്കേണ്ടതിന് ഏക ഭർത്താവിന് നിങ്ങളെ വിവാഹവാഗ്ദാനം ചെയ്തിരിക്കുന്നു.” (2 കൊരിന്ത്യർ 11:2) പൗലോസ് ഇങ്ങനെയും എഴുതി: “ക്രിസ്തുവും ഒരു കളങ്കമോ ഒരു ചുളിയോ അങ്ങനെയുള്ള എന്തെങ്കിലുമോ ഇല്ലാതെ സഭ വിശുദ്ധവും കളങ്കമില്ലാത്തതുമായിരിക്കേണ്ടതിന്, അതിന്റെ ശോഭയിൽ തനിക്കുതന്നെ അതിനെ കാഴചവെക്കേണ്ടതിന്, വചനം മൂലമുള്ള ജലസ്നാനത്താൽ അതിനെ വെടിപ്പാക്കിക്കൊണ്ട് അതിനെ വിശുദ്ധീകരിക്കാൻ, അതിനെ സ്നേഹിക്കുകയും തന്നേത്തന്നെ അതിനുവേണ്ടി ഏല്പ്പിച്ചുകൊടുക്കുകയും ചെയ്തു.”—എഫേസ്യർ 5:25-27.
14, 15. (എ) മണവാട്ടിവർഗ്ഗത്തിന്റെ ആത്മീയശുദ്ധിയോടുകൂടെ എന്തുണ്ടായിരിക്കണം, ഏതു തിരുവെഴുത്ത് ഇത് പ്രകടമാക്കുന്നു? (ബി) ധാർമ്മികശുദ്ധിയുടെ സമാനവ്യവസ്ഥകൾ വേറെ ആടുകൾക്കും ബാധകമാകുന്നുവെന്ന് പ്രകടമായിരിക്കുന്നതെന്തുകൊണ്ട്?
14 ക്രിസ്തുവിന്റെ മണവാട്ടിയുടെ ഈ ആത്മീയശുദ്ധിയോടുകൂടെ അതിന്റെ അംഗങ്ങളുടെ ഭാഗത്തെ ധാർമ്മികശുദ്ധിയുമുണ്ടായിരിക്കണം. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പ്രസ്താവിച്ചു: “വഴിതെററിക്കപ്പെടരുത്. ദുർവൃത്തരോ, വിഗ്രഹാരാധികളോ വ്യഭിചാരികളോ . . . ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല. എന്നിരുന്നാലും നിങ്ങളിൽ ചിലർ അതായിരുന്നു. എന്നാൽ നിങ്ങൾ കഴുകിശുദ്ധരാക്കപ്പെട്ടിരിക്കുന്നു, എന്നാൽ നിങ്ങൾ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.”—1 കൊരിന്ത്യർ 6:9-11.
15 തന്റെ വാഗ്ദത്തംചെയ്യപ്പെട്ട പുതിയ ആകാശത്തിൽനിന്നും പുതിയ ഭൂമിയിൽനിന്നും യഹോവ ആരെ ഒഴിവാക്കുമെന്നു പരിചിന്തിക്കുമ്പോൾ അങ്ങനെയുള്ള ധാർമ്മികശുദ്ധിയുടെ വ്യവസ്ഥകൾ വേറെ ആടുകൾക്കും ബാധകമാകുന്നുവെന്ന് പ്രകടമാകുന്നു. നാം വായിക്കുന്നു: “എന്നാൽ . . . തങ്ങളുടെ മാലിന്യത്തിൽ അറെക്കത്തക്കവരും കൊലപാതകികളും ദുർവൃത്തരും . . . ആയവരെ സംബന്ധിച്ചിടത്തോളം, അവരുടെ ഓഹരി തീയും ഗന്ധകവും കത്തുന്ന തടാകത്തിലായിരിക്കും. ഇതിന്റെ അർത്ഥം രണ്ടാം മരണമെന്നാണ്.”—വെളിപ്പാട് 21:1, 8.
മാന്യമായ വിവാഹം
16, 17. (എ) ബ്രഹ്മചര്യം ധാർമ്മികശുദ്ധിയ്ക്കുള്ള ഒരു വ്യവസ്ഥയല്ലെന്ന് ഏതു തിരുവെഴുത്തു പ്രകടമാക്കുന്നു? (ബി) ഒരു ക്രിസ്ത്യാനിക്ക് ഒരു വിവാഹിത ഇണയുടെ തെരഞ്ഞെടുപ്പിൽ ഉചിതമായ ദൈവഭയം എങ്ങനെ പ്രകടമാക്കാൻ കഴിയും, ഈ അപ്പോസ്തലിക നിയന്ത്രണത്തെ അവഗണിക്കുന്നത് ബുദ്ധിശൂന്യമായിരിക്കുന്നതെന്തുകൊണ്ട്?
16 ധാർമ്മികമായി ശുദ്ധരായി നിലകൊള്ളുന്നതിന്, മണവാട്ടിവർഗ്ഗത്തിലെ അഭിഷിക്താംഗങ്ങളും വേറെ ആടുകളും അവിവാഹിതരായി നിലകൊള്ളണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. നിർബന്ധിത ബ്രഹ്മചര്യം തിരുവെഴുത്തുവിരുദ്ധമാണ്. (1 തിമൊഥെയോസ് 4:1-3) ദാമ്പത്യബന്ധത്തിനുള്ളിലെ ലൈംഗികവേഴ്ചകൾ അശുദ്ധമല്ല. ദൈവവചനം ഇങ്ങനെ പ്രസ്താവിക്കുന്നു: “വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യവും വിവാഹശയ്യ നിർമ്മലവുമായിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ദൈവം ദുർവൃത്തരെയും വ്യഭിചാരികളെയും ന്യായംവിധിക്കും.”—എബ്രായർ 13:4.
17 എന്നിരുന്നാലും, ‘ദൈവഭയത്തിൽ വിശുദ്ധിയെ പൂർണ്ണമാക്കാൻ’ ആഗ്രഹിക്കുന്ന ഒരു ക്രിസ്ത്യാനി തനിക്കിഷ്ടമുള്ള ആരെയും വിവാഹംകഴിക്കാൻ സ്വതന്ത്രൻ അല്ലെങ്കിൽ സ്വതന്ത്രയാണെന്ന് വിചാരിക്കരുത്. ‘ദൈവഭയത്തിൽ വിശുദ്ധിയെ പൂർണ്ണമാക്കിക്കൊണ്ട് ജഡത്തിലെയും ആത്മാവിലെയും സകല മാലിന്യവും നീക്കി തങ്ങളെത്തന്നെ ശുദ്ധീകരിക്കാൻ’ തന്റെ സഹക്രിസ്ത്യാനികളെ ബുദ്ധിയുപദേശിക്കുന്നതിനു തൊട്ടുമുമ്പ്, അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “അവിശ്വാസികളുമായി അസമമായി അമിക്കപ്പെടരുത്. എന്തെന്നാൽ നീതിക്കും അധർമ്മത്തിനും എന്തു കൂട്ടായ്മയാണുള്ളത്? . . . അല്ലെങ്കിൽ ഒരു വിശ്വസ്തനായ ആൾക്ക് ഒരു അവിശ്വാസിയുമായി എന്ത് ഓഹരിയാണുള്ളത്?” (2 കൊരിന്ത്യർ 6:14, 15; 7:1) വേർപെട്ടതും ശുദ്ധവുമായ യഹോവയുടെ ജനത്തിന്റെ ഒരു അംഗമെന്ന നിലയിൽ വിവാഹംകഴിക്കാനാഗ്രഹിക്കുന്ന ഒരു ക്രിസ്തീയ പുരുഷൻ അല്ലെങ്കിൽ സ്ത്രീ “കർത്താവിൽ മാത്രം” അങ്ങനെ ചെയ്യാനുള്ള അപ്പോസ്തലിക നിയന്ത്രണം സ്വീകരിക്കും, അതായത്, സമർപ്പിതനും സ്നാപനമേററവനും വിശ്വസ്തനുമായ ഒരു യഹോവയുടെ ദാസനോ ദാസിയോ ആയിരിക്കുന്ന ഒരാളെ തെരഞ്ഞെടുക്കും. (1 കൊരിന്ത്യർ 7:39) കഴിഞ്ഞ കാലത്തെന്നപോലെ ഇന്നും ദൈവജനത്തിന്റെ ഇടയിലെ സമർപ്പിതർ തിരുവചനാനുസൃതമായ ഈ ബുദ്ധിയുപദേശത്തെ അവഗണിക്കുന്നത് തീർച്ചയായും ബുദ്ധിശൂന്യമായിരിക്കും. (ആവർത്തനം 7:3, 4; നെഹെമ്യാവ് 13:23-27 താരതമ്യപ്പെടുത്തുക.) അത് നമ്മുടെ മഹോപദേഷ്ടാവായ യഹോവയോടുള്ള ഉദാത്തമായ ഭയം പ്രകടമാക്കലായിരിക്കയില്ല.—മലാഖി 1:6.
18. ക്രിസ്ത്യാനികൾക്ക് വേറെ ഏതു വിധത്തിൽ തങ്ങളുടെ വിവാഹത്തെ മാന്യമാക്കി നിലനിർത്താൻ കഴിയും?
18 തന്നെയുമല്ല, ഇസ്രായേലിൽ നിയമങ്ങൾ ദാമ്പത്യബന്ധത്തിൽപോലുമുള്ള ലൈംഗികപ്രവർത്തനങ്ങളെ പരിമിതപ്പെടുത്തി. ഭാര്യയുടെ ആർത്തവഘട്ടത്തിൽ ഭർത്താവ് ഭാര്യയുമായുള്ള ലൈംഗികവേഴ്ചകളിൽനിന്ന് ഒഴിഞ്ഞിരിക്കണമായിരുന്നു. (ലേവ്യപുസ്തകം 15:24; 18:19; 20:18) ഇത് ഇസ്രായേല്യപുരുഷൻമാരുടെ ഭാഗത്ത് സ്നേഹപൂർണ്ണമായ പരിഗണനയും ആത്മനിയന്ത്രണവും ആവശ്യമാക്കിത്തീർത്തു. ക്രിസ്ത്യാനികൾക്ക് തങ്ങളുടെ ഭാര്യമാരേക്കുറിച്ച് അതിലും കുറഞ്ഞ പരിഗണന മതിയോ? ക്രിസ്തീയ ഭർത്താക്കൻമാർ “പരിജ്ഞാനപ്രകാരം,” അതായത്, “ഒരു ദൗർബല്യമേറിയ പാത്രമായ സ്ത്രീ”യെന്ന നിലയിലുള്ള അവളുടെ ഘടനയെക്കുറിച്ചുള്ള പരിജ്ഞാനത്തോടെ, തങ്ങളുടെ ഭാര്യമാരോടുകൂടെ വസിക്കണമെന്ന് അപ്പോസ്തലനായ പത്രോസ് പറയുന്നു.—1 പത്രോസ് 3:7.
“വിശുദ്ധിയുടെ വഴി”യിൽ നടക്കുക
19, 20. (എ) മനുഷ്യവർഗ്ഗത്തിൽ ഭൂരിപക്ഷവും ചരിക്കുന്ന വിശാലമായ പാതയെ വർണ്ണിക്കുക. (ബി) യഹോവയുടെ ജനം സാത്താന്റെ ലോകത്തിൽനിന്ന് എങ്ങനെ വ്യത്യസ്തരായിരിക്കണം? (സി) ദൈവജനം ഏതു പെരുവഴിയിൽ ചരിക്കുന്നു, അത് എപ്പോൾ തുറക്കപ്പെട്ടു, അവിടെ അനുവദിക്കപ്പെടുന്നത് ആർ മാത്രമാണ്?
19 മേൽപ്രസ്താവിച്ചത് യഹോവയുടെ ജനത്തെ സാത്താന്റെ ലോകത്തിൽനിന്ന് വേർപെടുത്തുന്ന സദാ വിപുലമായിക്കൊണ്ടിരിക്കുന്ന പിളർപ്പിന് അടിവരയിടുന്നു. ഇപ്പോഴത്തെ ലോകവ്യവസ്ഥിതി വർദ്ധമാനമായി അനുവാദാത്മകവും ഭോഗാസക്തവുമാണ്. യേശു ഇങ്ങനെ പ്രസ്താവിച്ചു: “ഇടുങ്ങിയ പടിവാതിലിലൂടെ അകത്തു പോകുക; എന്തുകൊണ്ടെന്നാൽ നാശത്തിലേക്കു നയിക്കുന്ന പാത വീതിയുള്ളതും വിശാലവുമാകുന്നു, അതിലൂടെ പോകുന്നവർ അനേകരാകുന്നു.” (മത്തായി 7:13) വീതിയുള്ള ആ പാതയിലൂടെയാണ് മനുഷ്യവർഗ്ഗത്തിൽ ഭൂരിപക്ഷവും പോകുന്നത്. അപ്പോസ്തലനായ പത്രോസിനെ ഉദ്ധരിച്ചാൽ അത് “അഴിഞ്ഞ നടത്ത, ദുർമ്മോഹങ്ങൾ, വീഞ്ഞിലെ അമിതത്വങ്ങൾ, ആഹ്ലാദവിഹാരങ്ങൾ, കുടിമത്സരങ്ങൾ, നിയമവിരുദ്ധ വിഗ്രഹാരാധനകൾ” എന്നിവയുടെ വഴിയാണ്, അത് “അതിഭോഗാസക്തിയുടെ നിന്ദ്യമായ അധഃപതന”ത്തിലേക്കു നയിക്കുന്ന ഒരു വഴിയാണ്. (1 പത്രോസ് 4:3, 4) അതിന്റെ അവസാനം നാശമാണ്.
20 മറിച്ച്, ദൈവജനം ഒരു വ്യത്യസ്തപാതയിലാണ്, ശുദ്ധിയുള്ള ജനം പോകുന്ന ഒരു ശുദ്ധിയുള്ള പാതയിലാണ് നടക്കുന്നത്. അന്ത്യകാലത്ത് ഈ പാത തുറക്കുന്നതിനെക്കുറിച്ച് പ്രവാചകനായ യെശയ്യാവ് മുൻകൂട്ടിപ്പറഞ്ഞിരുന്നു. അവൻ ഇങ്ങനെ എഴുതി: “തീർച്ചയായും അവിടെ ഒരു പെരുവഴി ഉണ്ടാകും, ഒരു വഴിതന്നെ; അത് വിശുദ്ധിയുടെ വഴിയെന്നു വിളിക്കപ്പെടും. അശുദ്ധൻ അതിലൂടെ കടക്കുകയില്ല.” (യെശയ്യാവ് 35:8) ഈ പ്രവചനത്തെക്കുറിച്ച് “സമാധാനപ്രഭു”വിൻ കീഴിൽ ലോകവ്യാപക സുരക്ഷിതത്വം എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “1919-ൽ സന്തോഷമുള്ള ദൈവദാസൻമാർക്ക് ഒരു ആലങ്കാരിക പെരുവഴി തുറക്കപ്പെട്ടു. യഹോവയുടെ ദൃഷ്ടിയിൽ വിശുദ്ധരായിരിക്കാൻ ആഗ്രഹിച്ചവരാണ് ആ ‘പെരുവഴിയിൽ,’ ‘വിശുദ്ധിയുടെ വഴിയിൽ’ നടന്നത്. . . . ‘വ്യവസ്ഥിതിയുടെ സമാപനത്തിൽ’ വളരെ ആഴത്തിൽ എത്തിയിരിക്കുന്ന ഇന്ന് ആ ദിവ്യദത്തമായ ‘പെരുവഴി’ തുറന്നുകിടക്കുകയാണ്. വിലമതിപ്പുള്ള ആളുകളുടെ കൂട്ടങ്ങൾ . . . ആത്മീയ പറുദീസാപാതയിൽ, ‘വിശുദ്ധിയുടെ വഴിയിൽ,’ പ്രവേശിക്കുകയാണ്.”a
21. യഹോവയുടെ ദാസൻമാർ പിശാചിന്റെ കൂട്ടത്തിൽനിന്ന് എങ്ങനെ, എന്തുകൊണ്ട് മികച്ചുനിൽക്കണം, അടുത്ത ലക്കത്തിൽ എന്തു പരിചിന്തിക്കപ്പെടും?
21 അതെ, ആത്മീയ ഇസ്രായേല്യരുടെ അഭിഷിക്തശേഷിപ്പും അവരുടെ സഹപ്രവർത്തകരായ വേറെ ആടുകളും വിശുദ്ധിയുടെ ആശയത്തിന്റെ സകല അർത്ഥവും നഷ്ടപ്പെട്ടിരിക്കുന്ന സാത്താന്റെ ലോകത്തിൽനിന്ന് വേർതിരിക്കപ്പെട്ട ഒരു ജനമെന്ന നിലയിൽ ഇന്ന് മികച്ചുനിൽക്കുന്നു. ‘നാശത്തിലേക്കു നയിക്കുന്ന . . . വീതിയുള്ളതും വിശാലവുമായ പാത”യിലൂടെ നടക്കുന്ന പിശാചിന്റെ ജനക്കൂട്ടത്തിന് യാതൊന്നും പാവനമല്ല. ഏററവും കുറച്ചു പറഞ്ഞാൽ, അവർ ആത്മീയമായും ധാർമ്മികമായും അശുദ്ധരാണെന്നു മാത്രമല്ല, പലപ്പോഴും ശാരീരികമായും അശുദ്ധരാണ്, അവരുടെ ആകാരം അശ്രദ്ധമാണ്. എന്നിരുന്നാലും, അപ്പോസ്തലനായ പൗലോസ് പറയുന്നു: “നമുക്ക് ദൈവഭയത്തിൽ വിശുദ്ധിയെ പൂർണ്ണമാക്കിക്കൊണ്ട് ജഡത്തിലെയും ആത്മാവിലെയും സകല മാലിന്യത്തിൽനിന്നും നമ്മേത്തന്നെ ശുദ്ധരാക്കാം.” (2 കൊരിന്ത്യർ 7:1) ദൈവത്തിന്റെ ജനം മനസ്സിലും ശരീരത്തിലും ഏതു വിധങ്ങളിൽ ശുദ്ധരായിരിക്കുന്നതിൽ ശ്രദ്ധിക്കണമെന്ന് അടുത്ത ലക്കത്തിൽ പരിചിന്തിക്കുന്നതായിരിക്കും. (w89 6⁄1)
[അടിക്കുറിപ്പ്]
a അദ്ധ്യായം 16, പേജുകൾ 134-5.
പുനരവലോകന പോയിൻറുകൾ
◻ വിശുദ്ധിക്ക് ഏതു രണ്ടു വശങ്ങൾ ഉണ്ട്, യഹോവ അതിവിശിഷ്ടമായി വിശുദ്ധനാണെന്ന് പറയാൻകഴിയുന്നതെന്തുകൊണ്ട്?
◻ ഇസ്രായേല്യർ ഏതു രണ്ടു വിധങ്ങളിൽ ഒരു വിശുദ്ധജനതയാണെന്ന് തെളിയിക്കണമായിരുന്നു?
◻ ആത്മീയ ഇസ്രായേല്യരിൽനിന്നും അവരുടെ സഹപ്രവർത്തകരായ വേറെ ആടുകളിൽനിന്നും എന്താവശ്യപ്പെട്ടിരിക്കുന്നു?
◻ നമ്മുടെ ദൈവഭയം നമ്മുടെ വിവാഹ ഇണയെ തെരഞ്ഞെടുക്കുന്നതിനെ എങ്ങനെ ബാധിക്കണം?
◻ ഇന്ന് ഏതു രണ്ടു പാതകളിൽ ചരിക്കാൻ കഴിയും, ഒരു വ്യക്തമായ തെരഞ്ഞെടുപ്പു നടത്തേണ്ടതെന്തുകൊണ്ട്?
[24-ാം പേജിലെ ചിത്രം]
“വിവാഹം മാന്യമായിരിക്കട്ടെ” എന്ന് ദൈവവചനം പറയുന്നു