സഹസ്രാബ്ദത്തിലേക്കുള്ള അതിജീവനത്തിന്
സംഘടിതരായി നിലകൊള്ളുന്നു
“അവർ ഏക ആട്ടിൻകൂട്ടം, ഏക ഇടയൻ ആയിത്തീരും.”—യോഹന്നാൻ 10:16.
1. എന്നും ജീവിക്കുന്ന ദൈവത്തിന് ഒരു ആയിരം വർഷം എന്തുപോലാണ്?
മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള സമയത്തിന്റെ സ്രഷ്ടാവ് യഹോവയാണ്. നിത്യത മുതൽ നിത്യത വരെയുള്ള അമർത്ത്യദൈവമായ അവന് ഒരു ആയിരം വർഷം പെട്ടെന്നു കടന്നുപോകുന്ന ഒരു ദിവസംപോലെയോ നമ്മുടെ രാത്രികളിലൊന്നിലെ കേവലമൊരു യാമംപോലെയോ ആകുന്നു.—സങ്കീർത്തനം 90:4; 2 പത്രോസ് 3:8.
2. സകല മനുഷ്യവർഗ്ഗത്തെയും അനുഗ്രഹിക്കാൻ ഏതു കാലഘട്ടം യഹോവ നിശ്ചയിച്ചിരിക്കുന്നു?
2 ഒരു ആയിരം വർഷം ദൈർഘ്യമുള്ള ഒരു പ്രതീകാത്മക ദിവസം ദൈവം നിശ്ചയിച്ചിട്ടുണ്ട്, ആ കാലത്ത് അവൻ ഭൂമിയിലെ സകല കുടുംബങ്ങളെയും അനുഗ്രഹിക്കും. (ഉല്പത്തി 12:3; 22:17, 18; പ്രവൃത്തികൾ 17:31) ഇവരിൽ ഇപ്പോൾ മരിച്ചിരിക്കുന്നവരും ഇപ്പോഴും ജീവിച്ചിരിക്കുന്നവരും ഉൾപ്പെടും. ദൈവം ഇത് എങ്ങനെയാണ് ചെയ്യുക? എന്തിന്, യേശുക്രിസ്തുമൂലമുള്ള അവന്റെ രാജ്യം മുഖേന, അവന്റെ പ്രതീകാത്മക സ്ത്രീയുടെ “സന്തതി”യാൽത്തന്നെ!—ഉല്പത്തി 3:15.
3. (എ) ദൈവത്തിന്റെ സ്ത്രീയുടെ സന്തതിയുടെ കുതികാൽ എങ്ങനെ ചതക്കപ്പെട്ടു, എന്നാൽ ആ മുറിവ് എങ്ങനെ സൗഖ്യമാക്കപ്പെട്ടു? (ബി) യേശുക്രിസ്തുവിന്റെ ആയിരവർഷവാഴ്ചയുടെ അവസാനത്തിൽ അവൻ പ്രതീകാത്മക സർപ്പത്തെ എന്തു ചെയ്യും?
3 യേശുക്രിസ്തു നമ്മുടെ പൊതുയുഗത്തിന്റെ 33-മാണ്ടിൽ ഒരു രക്തസാക്ഷിമരണം വരിക്കുകയും മൂന്നു ദിവസങ്ങളുടെ ഭാഗങ്ങളിൽ മരിച്ചിരിക്കുകയും ചെയ്തപ്പോൾ ദൈവത്തിന്റെ സ്ത്രീയുടെ (അഥവാ സ്വർഗ്ഗീയസ്ഥാപനത്തിന്റെ) സന്തതിയുടെ പ്രതീകാത്മക കുതികാൽ ചതക്കപ്പെട്ടു. എന്നാൽ വലിയ ജീവദാതാവായ സർവശക്തനായ ദൈവം മൂന്നാം ദിവസം തന്റെ വിശ്വസ്തപുത്രനെ സ്വർഗ്ഗീയമണ്ഡലത്തിലെ അമർത്യജീവനിലേക്ക് പുനരുത്ഥാനപ്പെടുത്തിക്കൊണ്ട് ആ മുറിവു സുഖപ്പെടുത്തി. (1 പത്രോസ് 3:18) യേശു വീണ്ടുമൊരിക്കലും മരിക്കുകയില്ലാത്തതുകൊണ്ട് അവൻ മനുഷ്യവർഗ്ഗത്തെ ഒരു ആയിരം വർഷത്തേക്കു ഭരിക്കാനും ആയിരവർഷവാഴ്ചയുടെ അവസാനത്തിനുശേഷം പ്രതീകാത്മക സർപ്പത്തിന്റെ തല “ചതച്ചു”കൊണ്ട് അവന്റെ അസ്തിത്വത്തെ തകർക്കാനുമുള്ള ഒരു സ്ഥാനത്താണ്. പുനഃസ്ഥിതീകരിക്കപ്പെടുന്ന വിശ്വസ്തമനുഷ്യവർഗത്തിന് അത് എന്തോരു അനുഗ്രഹമായിരിക്കും!
4. ദൈവം തന്റെ ജനത്തിൽ ഏതു തരം പരിപാടി നടപ്പാക്കിക്കൊണ്ടാണിരിക്കുന്നത്?
4 ജാതികളുടെ കാലങ്ങൾ 1914-ൽ അവസാനിച്ചതിനുശേഷമുള്ള ഈ “വ്യവസ്ഥിതിയുടെ സമാപന”കാലത്ത് ഭൂവ്യാപകമായുള്ള യഹോവയുടെ ജനത്തിന്റെ ഇടയിൽ വളരെയധികം സംഘാടനം നടന്നുകൊണ്ടാണിരിക്കുന്നത്. (മത്തായി 24:3; ലൂക്കോസ് 21:24, ജയിംസ രാജാവിന്റെ ഭാഷാന്തരം) സഹസ്രാബ്ദത്തിനു മുമ്പത്തേതായുള്ള ഈ സംഘടനാപരിപാടി വലിയ സംഘാടകനായ യഹോവയാം ദൈവത്തിന്റെ ഇഷ്ടത്തിന് അനുയോജ്യമായും അവന്റെ നടത്തിപ്പിൻ കീഴിലുമാണ് നടത്തപ്പെടുന്നത്. ബൈബിൾ പ്രവചനനിവൃത്തിയാൽ സ്ഥിരീകരിക്കപ്പെടുന്ന വിധം യേശുക്രിസ്തുമുഖേനയുള്ള അവന്റെ വാഗ്ദത്തരാജ്യത്തിന്റെ ജനനം 1914-ൽ അവന്റെ സ്ത്രീയിലൂടെ നടന്നു.
5. വെളിപ്പാട് 12:5-ൽ എന്തിന്റെ ജനനം മുൻകൂട്ടിപ്പറഞ്ഞിരുന്നു, ഇത് എപ്പോൾ ആദ്യമായി വീക്ഷാഗോപുരത്തിൽ വിശദീകരിക്കപ്പെട്ടു?
5 അങ്ങനെ വെളിപ്പാട് 12:5-ലെ ഈ വാക്കുകൾക്ക് മഹത്തായ നിവൃത്തിയുണ്ടായി: “അവൾ സകല ജനതകളെയും ഒരു ഇരുമ്പുകോൽകൊണ്ടു മേയ്പാനുള്ള ഒരു പുത്രനെ, ഒരു ആണിനെ, പ്രസവിച്ചു. അവളുടെ കുട്ടി ദൈവത്തിങ്കലേക്കും അവന്റെ സിംഹാസനത്തിലേക്കും എടുക്കപ്പെട്ടു.” ദൈവത്തിന്റെ സ്ത്രീയുടെ നവജാതശിശുവിനാൽ ചിത്രീകരിക്കപ്പെട്ട ക്രിസ്തുമൂലമുള്ള യഹോവയുടെ രാജ്യത്തിന്റെ ജനനം ആദ്യമായി 1925 മാർച്ച് 1-ലെ വാച്ച്ടവറിൽ വിശദീകരിക്കപ്പെട്ടു. 1914-ൽ സ്വർഗ്ഗത്തിൽ നടന്ന ഈ മശിഹൈകരാജ്യത്തിന്റെ ജനനം 1919-ൽ ഭൂമിയിൽ നടന്ന സീയോന്റെ ‘മക്കളാ’കുന്ന “ജനത”യുടെ ജനനത്തിൽ നിന്ന് വ്യത്യസ്തമാണ്.—യെശയ്യാവ് 66:7, 8.
6. (എ) രാജ്യത്തിന്റെ ജനനം യേശുവിനാൽ മുൻകൂട്ടിപ്പറയപ്പെട്ട ഏതു വേല ആവശ്യമാക്കിത്തീർത്തു? (ബി) ഈ വേലയുടെ നിർവഹണം യഹോവയുടെ ജനത്തിന്റെ ഭാഗത്ത് എന്ത് ആവശ്യമാക്കിത്തീർത്തു, അവർ ഇപ്പോൾ ഏതു തരം ഐക്യമുന്നണിയായി നിലകൊള്ളുന്നു?
6 സകല അഖിലാണ്ഡത്തിൻമേലുമുള്ള തന്റെ ന്യായയുക്തമായ പരമാധികാരത്തെ സംസ്ഥാപിക്കാൻ യഹോവ ഉപയോഗിക്കുന്ന തന്റെ രാജ്യത്തിന്റെ ജനനം—ഹാ, സർവഭൂമിയിലും പരസ്യംചെയ്യപ്പെടാൻ അർഹതയുള്ള ഒന്നായിരുന്നു അത്! ഇവിടെ തന്റെ അദൃശ്യ “സാന്നിദ്ധ്യ”ത്തിന്റെ തെളിവു സംബന്ധിച്ച് യേശു പറഞ്ഞ ഈ വാക്കുകളുടെ നിവൃത്തിക്കുള്ള സമയമാണ് വന്നത്: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:3, 14) സാർവദേശീയവും ഭൂവ്യാപകവുമായ ഒരു തോതിൽ ഐക്യത്തിൽ സംഘടിതമായുള്ള പ്രസംഗം തീർച്ചയായും യഹോവയുടെ സാർവത്രികസ്ഥാപനത്തിന്റെ ദൃശ്യഭാഗത്തിന്റെ സംഘാടനം ആവശ്യമാക്കിത്തീർക്കും. വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററിയുടെ അന്നത്തെ പ്രസിഡണ്ടിനാൽ പ്രതിനിധാനം ചെയ്യപ്പെട്ട സൊസൈററി ഇതിന് അനുകൂലമായിരുന്നു. അതുകൊണ്ട്, 1919 എന്ന യുദ്ധാനന്തര വർഷം മുതൽ സൊസൈററിയുടെ വിശ്വസ്തതുണയാളികളുടെ പുനഃസ്ഥിതീകരിക്കപ്പെട്ട ഒരു ജനതയായുള്ള സംഘടിപ്പിക്കൽ ദൃഢതയോടെ പുരോഗമിച്ചു, പരമോന്നത സംഘാടകനായ യഹോവയാം ദൈവത്തിന്റെ മാർഗ്ഗദർശനത്തിനും അനുഗ്രഹത്തിനും വേണ്ടിയുള്ള പ്രാർത്ഥനയോടെതന്നെ. രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കെ, ഫാസിസ്ററുകളാലും ഹിററ്ലറുടെ നാസിപ്രസ്ഥാനത്താലും കാത്തലിക്ക് ആക്ഷനാലുമുള്ള കഠിന പീഡനം ഗണ്യമാക്കാതെ ഭൂവ്യാപകമായുണ്ടായിരുന്ന യഹോവയുടെ സാക്ഷികൾ ശത്രുലോകത്തിനെതിരെ ഒരു ഐക്യമുന്നണിയായി നിലകൊണ്ടു.
7. (എ) അന്യോന്യമുള്ള ഏതു ബന്ധത്തിൽ നിലനിൽക്കുന്നതിനാൽ മാത്രമേ യഹോവയുടെ ജനത്തിന് അതിജീവിക്കാൻ പ്രതീക്ഷിക്കാൻ കഴികയുള്ളു? (ബി) പ്രളയത്തെ അതിജീവിച്ചവർ ആഗോളപ്രളയത്തിലൂടെ കടന്നതെങ്ങനെ, അവർ ആരെ മുൻനിഴലാക്കി?
7 പരമോന്നത സംഘാടകന്റെ കീഴിലെ ഒരു സംഘടിതസ്ഥാപനമെന്ന നിലയിൽ അഭിഷിക്തശേഷിപ്പിൽപെട്ടവരും “മഹാപുരുഷാര”ത്തിൽപെട്ടവരും ചേർന്നുള്ള യഹോവയുടെ സാക്ഷികൾക്കു മാത്രമേ പിശാചായ സാത്താനാൽ ഭരിക്കപ്പെടുന്ന, നാശത്തിനു വിധിക്കപ്പെട്ട, ഈ വ്യവസ്ഥിതിയുടെ വരുവാനിരിക്കുന്ന അവസാനത്തെ അതിജീവിക്കുന്നതിനുള്ള തിരുവെഴുത്തുപരമായ എന്തെങ്കിലും പ്രത്യാശയുള്ളു. (വെളിപ്പാട് 7:9-17; 2 കൊരിന്ത്യർ 4:4) സകല മനുഷ്യചരിത്രത്തിലും വെച്ച് അതിഗുരുതരമായ ഉപദ്രവകാലത്ത് രക്ഷിക്കപ്പെടുമെന്ന് യേശുക്രിസ്തു പറഞ്ഞ “ജഡം” അവരായിരിക്കും. നോഹയുടെ നാളുകളിലേതുപോലെയായിരിക്കും താൻ വെളിപ്പെടുത്തപ്പെടുന്ന നാളിലും എന്ന് യേശു പറഞ്ഞു. അനേകം വർഷങ്ങളിലെ സംഘടിതശ്രമം ആവശ്യമായിവന്ന പെട്ടകത്തിൽ എട്ടു മനുഷ്യദേഹികൾ മാത്രമേ ആഗോളപ്രളയത്തെ അതിജീവിച്ചുള്ളു. അവർ ഒരു സംഘടിത കുടുംബക്കൂട്ടമായി അതിജീവിച്ചു. (മത്തായി 24:22, 37-39; ലൂക്കോസ് 17:26-30) നോഹയുടെ ഭാര്യ ക്രിസ്തുവിന്റെ മണവാട്ടിയോട് ഒക്കുന്നു, അവന്റെ പുത്രൻമാരും പുത്രൻമാരുടെ ഭാര്യമാരും യേശുവിന്റെ ഏതൽക്കാല “വേറെ ആടുക”ളോടും ഒക്കുന്നു. അവർ ഇപ്പോൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാപുരുഷാരമായി വളർന്നിരിക്കുന്നു, അതിന്റെ അന്തിമ പരിമാണങ്ങൾ നമുക്കിപ്പോൾ അറിവില്ല. (യോഹന്നാൻ 10:16) വലിപ്പമേറിയ നോഹയായ യേശുക്രിസ്തുവിൻകീഴിൽ സഹസ്രാബ്ദഭരണത്തിലേക്ക് അതിജീവിക്കുന്നതിന് അവർ “തെരഞ്ഞെടുക്കപ്പെട്ടവരായ” അഭിഷിക്തശേഷിപ്പിനോടുകൂടെ സംഘടിതരായി നിലകൊള്ളണം, തെരഞ്ഞെടുക്കപ്പെട്ടവർ നിമിത്തമാണ് “മഹോപദ്രവ”ത്തിന്റെ നാളുകൾ ചുരുക്കപ്പെടുന്നത്.—മത്തായി 24:21, 22.
സഹസ്രാബ്ദത്തിലേക്കുള്ള അതിജീവനം
8. തന്റെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള തന്റെ പ്രവചനം അവസാനിപ്പിച്ചപ്പോൾ യേശു ഏതു ഉപമ പറഞ്ഞു, അതു ഗ്രഹിക്കുന്നതു സംബന്ധിച്ച് 1935 ജൂൺ 1 എന്ന തീയതി പ്രധാനമായിരുന്നതെങ്ങനെ?
8 മത്തായിയുടെ സുവിശേഷമനുസരിച്ച്, യേശു ഒരു ദൃഷ്ടാന്തത്തോടെയാണ് തന്റെ സാന്നിദ്ധ്യത്തിന്റെ അടയാളത്തെക്കുറിച്ചുള്ള തന്റെ പ്രവചനം അവസാനിപ്പിച്ചത്. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയെന്ന് സാധാരണ വിളിക്കപ്പെടുന്ന അതിന് 1914-ലെ ജാതികളുടെ കാലങ്ങളുടെ അവസാനത്തിൽ തുടങ്ങിയ ഈ വ്യവസ്ഥിതിയുടെ സമാപനകാലമായ ഇപ്പോഴാണ് പ്രയുക്തതയുള്ളത്. (മത്തായി 25:31-46) ഈ ഉപമയിലെ ചെമ്മരിയാടുകൾ മഹാപുരുഷാരത്തിലെ അംഗങ്ങളാണെന്ന് മനസ്സിലാക്കിയതിൽ 1935 ജൂൺ 1 ശനിയാഴ്ചയെന്ന തീയതി പ്രധാനമായിരുന്നു. ആ ദിവസം വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനിൽ യഹോവയാം ദൈവത്തിന് യേശുക്രിസ്തു മുഖേന തങ്ങൾ നടത്തിയ സമർപ്പണത്തിന്റെ ലക്ഷ്യമായി 840 വ്യക്തികൾ സ്നാപനമേററു. ഭൂരിപക്ഷവും ഈ നടപടി സ്വീകരിച്ചത് ജെ. എഫ്. റതർഫോർഡ് വെളിപ്പാട് 7:9-17-നെ ആസ്പദമാക്കി നടത്തിയ ഒരു പ്രസംഗത്തോടുള്ള സത്വരപ്രതികരണമായിട്ടായിരുന്നു. നല്ല ഇടയന്റെ വേറെ ആടുകളുടെ മഹാപുരുഷാരത്തിന്റെ ഭാഗമായിത്തീരുകയെന്നതും വരാനിരിക്കുന്ന മഹോപദ്രവത്തെ അതിജീവിച്ച് ഈ വ്യവസ്ഥിതിയുടെ അവസാനത്തിലൂടെ കടന്ന് ഇടയരാജാവായ യേശുക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചക്കാലത്തു ജീവിക്കാനുള്ള അവസരം കിട്ടുകയെന്നതും അവരുടെ ആഗ്രഹമായിരുന്നു. ഒടുവിൽ അവർ ഒരു പറുദീസാഭൂമിയിലെ നിത്യജീവൻ പ്രാപിക്കുന്നു.—മത്തായി 25:46; ലൂക്കോസ് 23:43.
9. ചെമ്മരിയാടുകൾ “[തങ്ങൾക്കുവേണ്ടി] ഒരുക്കപ്പെട്ട രാജ്യം” അവകാശപ്പെടുത്താൻ ക്ഷണിക്കപ്പെടുന്നതെന്തുകൊണ്ട്, അവർ രാജാവിന്റെ സഹോദരൻമാർക്ക് നൻമചെയ്യാൻ ഏററവും നല്ല സ്ഥാനത്തായിരിക്കുന്നതെങ്ങനെ?
9 ഈ ചെമ്മരിയാടുതുല്യർ “ലോകത്തിന്റെ സ്ഥാപിക്കൽ മുതൽ [തങ്ങൾക്കായി] ഒരുക്കപ്പെട്ട രാജ്യം അവകാശപ്പെടു”ത്താൻ ക്ഷണിക്കപ്പെടുന്നതെന്തുകൊണ്ടാണ്? അത് അവർ തന്റെ “സഹോദരൻമാർക്ക്” നൻമ ചെയ്യുകയും അങ്ങനെ അത് അവനു ചെയ്യുകയും ചെയ്തതുകൊണ്ടാണെന്ന് രാജാവ് അവരോടു പറയുന്നു. “സഹോദരൻമാർ” എന്ന പദപ്രയോഗത്താൽ രാജാവ് വ്യവസ്ഥിതിയുടെ ഈ സമാപനകാലത്ത് ഇപ്പോഴും ഭൂമിയിലുള്ള തന്റെ ആത്മീയ സഹോദരൻമാരുടെ ശേഷിപ്പിനെയാണ് അർത്ഥമാക്കുന്നത്. ഇടയ-രാജാവായ യേശുക്രിസ്തുവിന്റെ ഈ സഹോദരൻമാരുമായി ഏക ആട്ടിൻകൂട്ടമായിത്തീർന്നിരിക്കുന്നതിനാൽ അവർ അങ്ങനെയുള്ളവരുടെ ശേഷിപ്പിനോട് സാദ്ധ്യമാകുന്നതിലേക്കും അടുത്ത സഹവാസം പുലർത്തുകയും അങ്ങനെ അവർക്കു നൻമചെയ്യാനുള്ള ഏററം നല്ല സ്ഥാനത്തായിരിക്കുകയും ചെയ്യും. അവസാനം വരുന്നതിനുമുമ്പ് ലോകവ്യാപകമായി സ്ഥാപിത രാജ്യത്തിന്റെ സന്ദേശം പ്രസംഗിക്കുന്നതിന് ഭൗതികവിധങ്ങളിൽപോലും അവർ യേശുവിന്റെ സഹോദരൻമാരെ സഹായിക്കും. ഇതിനുവേണ്ടി, ചെമ്മരിയാടുകൾ ഏക ഇടയന്റെ ഏക ആട്ടിൻകൂട്ടമായി ശേഷിപ്പിനോടുകൂടെ സംഘടിതമായി നിലകൊള്ളുന്നതിന്റെ പദവിയെ വിലമതിക്കും.
10. ചെമ്മരിയാടുകൾ “ലോകത്തിന്റെ സ്ഥാപിക്കൽ മുതൽ [അവർക്കായി] ഒരുക്കപ്പെട്ട രാജ്യം അവകാശപ്പെടുത്തു”ന്നുവെന്നതിന്റെ അർത്ഥമെന്ത്?
10 “[തങ്ങൾക്കുവേണ്ടി] ഒരുക്കപ്പെട്ട രാജ്യം” അവകാശപ്പെടുത്തുകയെന്നതിന് ഈ ചെമ്മരിയാടുകൾ യേശുക്രിസ്തുവിനോടും അവന്റെ സഹോദരൻമാരോടും കൂടെ ഒരു ആയിരം വർഷം സ്വർഗ്ഗത്തിൽ വാഴുമെന്ന് അർത്ഥമില്ല. പകരം, സഹസ്രാബ്ദഭരണത്തിന്റെ തുടക്കംമുതൽതന്നെ ചെമ്മരിയാടുകൾ രാജ്യത്തിന്റെ ഭൗമികമണ്ഡലത്തെ അവകാശപ്പെടുത്തും. അവർ ആദാമിന്റെയും ഹവ്വായുടെയും സന്തതികളായതുകൊണ്ട് ക്രിസ്തുമൂലമുള്ള ദൈവരാജ്യം ഏറെറടുക്കുന്ന ഈ ഭൗമികമണ്ഡലം വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗ്ഗമായ “ലോകത്തിന്റെ സ്ഥാപിക്കൽ മുതൽ” അവർക്കുവേണ്ടി ഒരുക്കപ്പെട്ടതാണ്. കൂടാതെ, ചെമ്മരിയാടുകൾ തങ്ങളുടെ “നിത്യപിതാവ്” ആയിത്തീരുന്ന രാജാവിന്റെ ഭൗമികമക്കളായിത്തീരുന്നതുകൊണ്ട് അവർ ദൈവരാജ്യത്തിൻകീഴിൽ ഒരു ഭൗമികമണ്ഡലം അഥവാ ഭൂസ്വത്ത് അവകാശപ്പെടുത്തുന്നു.—യെശയ്യാവ് 9:6, 7.
11. ചെമ്മരിയാടുകൾ രാജ്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് പ്രകടമാക്കുന്നതെങ്ങനെ, തന്നിമിത്തം അവർക്ക് ഏത് അനുഗ്രഹം ലഭിക്കുന്നു?
11 പ്രതീകാത്മക കോലാടുകളിൽനിന്നു വ്യത്യസ്തമായി, ചെമ്മരിയാടുതുല്യർ തങ്ങൾ രാജ്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് തെററില്ലാത്ത വിധം പ്രകടമാക്കുന്നു. എങ്ങനെ? വെറും വാക്കുകളാലല്ല, പ്രവൃത്തികളാൽ. രാജാവിന്റെ സ്വർഗ്ഗത്തിലെ അദൃശ്യത നിമിത്തം അവർക്ക് അവന്റെ രാജ്യപിന്തുണക്കായി അവന് നേരിട്ടു നൻമ ചെയ്യാൻ കഴികയില്ല. അതുകൊണ്ട് അവർ ഇപ്പോഴും ഭൂമിയിലുള്ള അവന്റെ ആത്മീയസഹോദരൻമാർക്ക് നൻമ ചെയ്യുന്നു. ഇത് കോലാടുകളുടെ ഭാഗത്തുനിന്ന് വിദ്വേഷവും എതിർപ്പും പീഡനവും വരുത്തിക്കൂട്ടുന്നുവെങ്കിലും അങ്ങനെയുള്ള നൻമചെയ്യൽ നിമിത്തം ചെമ്മരിയാടുകൾ ‘തന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരാ’കുന്നുവെന്ന് രാജാവ് അവരോടു പറയുന്നു.
12. അതിജീവിക്കുന്ന ചെമ്മരിയാടുകൾക്ക് ആരെ തിരികെ സ്വാഗതം ചെയ്യുന്നതിനുള്ള പദവി ഉണ്ടായിരിക്കും, ഈ കാര്യത്തിൽ ശേഷിപ്പിലെ അംഗങ്ങൾ ഏതു ചിന്ത പുലർത്തിയിട്ടുണ്ട്?
12 രാജാവിന്റെ ആത്മീയ സഹോദരൻമാർക്ക് ഗുണം ചെയ്യുന്ന ചെമ്മരിയാടുതുല്യരുടെ മഹാപുരുഷാരം സഹസ്രാബ്ദഭരണത്തിലേക്ക് അതിജീവിക്കുന്നതിനുള്ള സന്തോഷകരമായ പദവിയാൽ അനുഗ്രഹിക്കപ്പെടും. തക്കസമയത്ത്, സ്മാരകക്കല്ലറകളിലുള്ള മാനുഷ മൃതരെ തിരികെ സ്വാഗതം ചെയ്യുന്നതിൽ അവർ പങ്കുപററും. (യോഹന്നാൻ 5:28, 29; 11:23-25) ഇവരിൽ സാദ്ധ്യതയനുസരിച്ചു നേരത്തെയുള്ള ഒരു “മെച്ചപ്പെട്ട പുനരുത്ഥാനം പ്രാപിക്കേണ്ടതിന്” യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തിനുവേണ്ടി വളരെയധികം കഷ്ടപ്പെടുകയും സഹിക്കുകയും ചെയ്ത വിശ്വസ്തഗോത്രപിതാക്കൻമാരും പ്രവാചകൻമാരും ഉൾപ്പെടും. (എബ്രായർ 11:35) പുനരുത്ഥാനംപ്രാപിക്കുന്ന അങ്ങനെയുള്ള വിശ്വസ്ത സ്ത്രീപുരുഷൻമാരിൽ യോഹന്നാൻ സ്നാപകൻ ഉൾപ്പെടും, എബ്രായർ 11-ാം അദ്ധ്യായത്തിൽ അവരുടെ ലിസ്ററ് ഭാഗികമായി കൊടുത്തിട്ടുണ്ട്. (മത്തായി 11:11) പൊ.യു. 33-ലെ പെന്തെക്കോസ്തിനു മുമ്പ് മരിച്ചവരിൽനിന്ന് പുനരുത്ഥാനം പ്രാപിക്കുന്ന അങ്ങനെയുള്ള വിശ്വസ്തരെ സ്വാഗതംചെയ്യുന്നതിന് അതിജീവിക്കുകയും തുടർന്നു ജീവിച്ചിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് അഭിഷിക്തശേഷിപ്പിൽപെട്ട ചിലർ ചിന്തിച്ചിട്ടുണ്ട്. അഭിഷിക്തർക്ക് അങ്ങനെയുള്ള പദവി ലഭിക്കുമോ?
13. ഭൂമിയിൽ പുനരുത്ഥാനം പ്രാപിക്കുന്നവരെ സ്വാഗതം ചെയ്യാനും പരിപാലിക്കാനും ശേഷിപ്പ് ഹാജരുണ്ടായിരിക്കേണ്ടയാവശ്യമില്ലാത്തതെന്തുകൊണ്ട്?
13 ഇത് ആവശ്യമായിരിക്കുകയില്ല. സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനും പുനരുത്ഥാനം പ്രാപിക്കുന്നവരെ “പുതിയ ആകാശങ്ങളിൻ”കീഴിലുള്ള “പുതിയ ഭൂമിയെ” പരിചയപ്പെടുത്തുന്നതിനും മഹോപദ്രവത്തെ അതിജീവിക്കുന്ന മഹാപുരുഷാരം ധാരാളമായി ഉണ്ടായിരിക്കും. (2 പത്രോസ് 3:13) ഇപ്പോൾത്തന്നെ മഹാപുരുഷാരം ഇതിനുവേണ്ടി സംഘടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ടനുസരിച്ച് യേശുവിന്റെ ഭൂമിയിലെ സഹോദരൻമാരുടെ എണ്ണം 9,000ത്തിൽ കുറവായിരിക്കുന്ന ഇക്കാലത്ത് ഏതായാലും അവരിൽനിന്ന് അതിജീവിക്കുന്നവർ പൊതു പുനരുത്ഥാനത്തിലേക്കു നയിക്കുന്ന സകല ഒരുക്കവേലയും കൈകാര്യംചെയ്യാൻ തീരെ ചുരുക്കമേ ഉണ്ടായിരിക്കുകയുള്ളു. (യെഹെസ്ക്കേൽ 39:8-16) അപ്പോൾ, ഇവിടെയാണ് ദശലക്ഷങ്ങൾ വരുന്ന മഹാപുരുഷാരം വിശിഷ്ടമായി സേവിക്കുന്നത്. നിസ്സംശയമായി അത്തരമൊരു പദവി അവർക്കായി കരുതിവെക്കപ്പെട്ടിരിക്കുന്നു.
14. (എ) മഹാപുരുഷാരത്തിൽപെട്ട അനേകർ എന്തിനുവേണ്ടി പരിശീലിപ്പിക്കപ്പെടുന്നു, അവരിൽ അനേകർ ഇപ്പോൾ ഉത്തരവാദിത്വം കൈയേൽക്കേണ്ടതെന്തുകൊണ്ട്? (ബി) താമസിയാതെ ഏതു സംഭവങ്ങൾ നടക്കണം, വേറെ ആടുകൾക്ക് ഏതു വേല കാത്തിരിക്കുന്നു?
14 മഹാപുരുഷാരത്തിൽപെട്ട അനേകർ സഭാപരമായ ഉത്തരവാദിത്തങ്ങളിലും ദൈവസ്ഥാപനം ഭൂമിയിലെങ്ങും നടത്തിക്കൊണ്ടിരിക്കുന്ന നിർമ്മാണപരിപാടിയിലൂടെയും ഇപ്പോൾത്തന്നെ പരിശീലിപ്പിക്കപ്പെടുന്നുണ്ട്. മഹാപുരുഷാരത്തിൽപെട്ട ആത്മീയമായി പക്വതയുള്ള കൂടുതൽ പുരുഷൻമാർ ഭൂമിയിൽ യഹോവ ഇപ്പോൾ പ്രവർത്തിപ്പിക്കുന്ന സ്ഥാപനത്തിൽ വർദ്ധിച്ച ഉത്തരവാദിത്തങ്ങൾ ഏറെറടുക്കാൻ നിയമിക്കപ്പെട്ടു കാണുന്നത് പ്രോൽസാഹകമാണ്. അഭിഷിക്തരിൽ ശേഷിച്ചവർക്ക് പ്രായമേറിവരുകയാണ്, ഉത്തരവാദിത്വം വഹിക്കാൻ പ്രാപ്തി കുറഞ്ഞുവരുകയുമാണ്. രാജാവിന്റെ ഈ സഹോദരൻമാർ, മഹാപുരുഷാരത്തിൽപെട്ട ആത്മീയയോഗ്യതയുള്ള മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും നൽകാൻ കഴിയുന്ന സ്നേഹനിർഭരമായ സ്ഥാപനപരമായ സഹായത്തെ സ്വാഗതംചെയ്യുന്നു. വളരെ പെട്ടെന്നുതന്നെ മഹാബാബിലോൻ ഭൗമികരംഗത്തുനിന്ന് നീക്കപ്പെടും. അനന്തരം, വെളിപ്പാട് 19:1-8 സൂചിപ്പിക്കുന്നതുപോലെ മുഴു 1,44,000വും ചേർന്ന തന്റെ മണവാട്ടിയുമായുള്ള കുഞ്ഞാടിന്റെ കല്യാണം സ്വർഗ്ഗത്തിൽ നടത്തപ്പെടും. പുതിയ ആകാശങ്ങളിൻകീഴിൽ ഒരു പുതിയ ഭൂമിയായി സേവിക്കുന്ന വേറെ ആടുകൾ സർവഭൂമിയും യഹോവയുടെ സ്തുതിക്കായി ഒരു നിവസിത പറുദീസയായിത്തീരുന്നതുവരെയുള്ള മഹത്തായ പുനഃസ്ഥിതീകരണവേല നിർവഹിക്കുന്നതിൽ രാജാവിനെ പ്രതിനിധാനംചെയ്യും.—യെശയ്യാവ് 65:17; യെശയ്യാവ് 61: 4-6 താരതമ്യപ്പെടുത്തുക.
15. സഹസ്രാബ്ദത്തിലെ ഏതു പ്രത്യാശകൾക്കായി മഹാപുരുഷാരം പ്രതീക്ഷിച്ചിരിക്കുന്നു?
15 ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചക്കാലത്ത്, മനുഷ്യവർഗ്ഗത്തിൽ വീണ്ടെടുക്കപ്പെടുന്ന മരിച്ചവർ പുനരുത്ഥാനം പ്രാപിക്കുമ്പോൾ അതിജീവിക്കുന്ന മഹാപുരുഷാരം വമ്പിച്ചതും അത്യന്തം മാന്യവുമായ പദവികൾ ആസ്വദിക്കും. അപ്പോൾ അവർ രാജാവിന്റെ പുത്രൻമാരും പുത്രിമാരുമായിത്തീരും. അവരുടെ ഇടയിലെ അങ്ങനെയുള്ള പുത്രൻമാർക്ക് പ്രഭുക്കൻമാരുടെ പദവി വഹിക്കുക സാദ്ധ്യമായിരിക്കും, ദാവീദ് രാജാവിന്റെ പുത്രൻമാർ വിവിധ ഉത്തരവാദിത്വങ്ങളോടുകൂടിയ പ്രഭുക്കൻമാർ ആയിരുന്നതുപോലെതന്നെ.a ഇത് യഹോവയുടെ അഭിഷിക്ത “രാജാവിനെ” പരാമർശിച്ച് രചിക്കപ്പെട്ട 45-ാം സങ്കീർത്തനത്തെക്കുറിച്ചു നമ്മെ അനുസ്മരിപ്പിക്കുന്നു.
16. യഥാർത്ഥത്തിൽ സങ്കീർത്തനം 45 ആരെയാണ് സംബോധന ചെയ്യുന്നത്, ഇത് എങ്ങനെ തെളിയിക്കാൻ കഴിയും?
16 യഥാർത്ഥത്തിൽ ഏതു രാജാവിനെയാണ് സങ്കീർത്തനം 45 സംബോധനചെയ്തിരിക്കുന്നത്? എന്തിന്, യേശുക്രിസ്തുവിനെത്തന്നെ! സങ്കീർത്തനം 45:7 ഉദ്ധരിച്ചുകൊണ്ട് എബ്രായർ 1:9 ആ പ്രയുക്തത കാണിക്കുന്നു, അതിങ്ങനെ വായിക്കപ്പെടുന്നു: “നീ നീതിയെ സ്നേഹിച്ചിരിക്കുന്നു, നീ ദുഷ്ടതയെ ദ്വേഷിക്കുന്നു. അതുകൊണ്ടാണ് ദൈവം, നിന്റെ ദൈവംതന്നെ, നിന്റെ പങ്കാളികളെക്കാളധികമായി നിന്നെ ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നത്.” അതുകൊണ്ട് യഥാർത്ഥത്തിൽ മഹത്വീകരിക്കപ്പെട്ട യേശുക്രിസ്തുവിനോടാണ് സങ്കീർത്തനം 45:16 ഇങ്ങനെ പറയുന്നത്: “നിന്റെ പൂർവപിതാക്കളുടെ സ്ഥാനത്ത് നിന്റെ പുത്രൻമാരുണ്ടായിരിക്കും, നീ അവരെ സർവഭൂമിയിലും പ്രഭുക്കൻമാരായി നിയമിക്കും.”
17. രാജാവായ യേശുക്രിസ്തു എന്തിലും ആരിലും വിശേഷാൽ തല്പരനാണ്?
17 ഉചിതമായി, യേശുവിന് തന്റെ ഭൗമിക ഭൂതകാലത്തെക്കാൾ വാഴുന്ന രാജാവെന്ന നിലയിലുള്ള അവന്റെ ഭാവിയിലാണ് കൂടുതൽ താൽപര്യമുള്ളത്. തീർച്ചയായും, അവൻ ആ ഭൂതകാലത്തെയും വിശേഷാൽ അബ്രാഹാമിന്റെ സന്തതിമുഖാന്തരം സകല കുടുംബങ്ങളെയും അനുഗ്രഹിക്കുമെന്നുള്ള യഹോവയുടെ വാഗ്ദത്തത്തിലുൾപ്പെട്ട തന്റെ മാനുഷപൂർവികരെയും മറക്കുന്നില്ല. എന്നാൽ ഇപ്പോൾ അവന്റെ മുഖ്യതാൽപര്യം രാജാവിനെ വാഴിക്കുന്ന യഹോവയാം ദൈവത്താൽ ഉദ്ദേശിക്കപ്പെട്ട സമീപഭാവിയിലാണ്. അതുകൊണ്ട് യേശുവിന്റെ ഭൗമികമക്കൾ, വിശേഷാൽ തന്റെ കീഴിൽ പ്രഭുത്വപദവികളിൽ സേവിക്കാൻ യോഗ്യതയുള്ള അവരുടെ ഇടയിലെ പുത്രൻമാർ താത്പര്യത്തിന്റെ സ്ഥാനം എടുക്കുന്നതായിരിക്കും—തന്റെ ഭൗമികപൂർവപിതാക്കളെക്കാളധികമായിത്തന്നെ.
18. സങ്കീർത്തനം 45:16-ന്റെ ചില വിവർത്തനങ്ങൾ തന്റെ ഭൗമിക പൂർവപിതാക്കളെക്കാൾ തന്റെ പ്രഭുക്കളായ പുത്രൻമാരിൽ യേശുവിനുള്ള കൂടിയ താല്പര്യത്തെ ഊന്നിപ്പറയുന്നതെങ്ങനെ?
18 പൂർവപിതാക്കളെക്കാളധികമായി പ്രഭുക്കൻമാരായ പുത്രൻമാരിലുള്ള യേശുവിന്റെ താല്പര്യം വിവിധ ബൈബിൾ വിവർത്തനങ്ങളാൽ ഊന്നിപ്പറയപ്പെടുന്നു. അവയിൽ ചിലത് സങ്കീർത്തനം 45:16 വിവർത്തനംചെയ്യുന്നതിങ്ങനെയാണ്: “നിന്റെ പുത്രൻമാർ നിന്റെ പിതാക്കൻമാരുടെ സ്ഥാനത്തേക്ക് കടക്കും, സർവദേശത്തും പ്രഭുക്കൻമാരായിരിക്കാൻ ഉയരുകയും ചെയ്യും.” (മോഫററ) “നിന്റെ പിതാക്കൻമാരുടെ സ്ഥാനം നിന്റെ പുത്രൻമാർക്ക് ഉണ്ടായിരിക്കും; നീ അവരെ ദേശത്തെല്ലാം പ്രഭുക്കൻമാരാക്കും.” (വാക്യം 17, ദി ന്യൂ അമേരിക്കൻ ബൈബിൾ) “നിന്റെ പിതാക്കൻമാർക്കു പകരം നിനക്ക് മക്കൾ ജനിക്കുന്നു: നീ അവരെ സർവഭൂമിയിലും പ്രഭുക്കൻമാരാക്കും.”—സാമുവെൽ ബാഗ്സ്റററും പുത്രൻമാരും പ്രസിദ്ധപ്പെടുത്തിയ ദി സെപററുവജിൻറ വേർഷൻ.
19. മഹാപുരുഷാരത്തിൽപെട്ട ചില പുരുഷൻമാർക്ക് ഇപ്പോൾ ഏതു സഭാ ഉത്തരവാദിത്വമുണ്ട്, രാജാവായ യേശുക്രിസ്തു തന്റെ ആയിരവർഷവാഴ്ചക്കാലത്ത് അവരെ ഏതു സ്ഥാനത്തു നിയമിക്കും?
19 നമുക്ക് വലിയ സന്തോഷം കൈവരുത്തുമാറ്, ഭാവിയിലെ പ്രഭുക്കൻമാർ നമ്മുടെ ഇടയിലുണ്ട്. അവർ നല്ല ഇടയനായ യേശുക്രിസ്തുവിന്റെ ശബ്ദത്തിനു ചെവികൊടുക്കുന്ന വേറെ ആടുകളുടെ ഇടയിൽ കാണപ്പെടുന്നു. 1935 മുതൽ വിശേഷാൽ അവർ അതിനു ചെവികൊടുത്തുകൊണ്ടാണിരിക്കുന്നത്, അന്നാണ് വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ വെളിപ്പാട് 7:9-17 വിശദീകരിക്കപ്പെട്ടത്. ഇന്ന് വേറെ ആടുകളിലെ ഈ മഹാപുരുഷാരത്തിൽപെട്ട ആയിരങ്ങൾ ലോകത്തിനു ചുററുമുള്ള 212 രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികളുടെ 60,192ൽപരം സഭകളിൽ മൂപ്പൻമാരോ മേൽവിചാരകൻമാരോ ആയി സേവിക്കുന്നു. ഇപ്പോഴും ഭൂമിയിലുള്ള യേശുവിന്റെ ആത്മീയസഹോദരൻമാരുടെ ശേഷിപ്പിനോടുകൂടെ സംഘടിതരായി നിൽക്കുന്നതിനാൽ വാഗ്ദത്തംചെയ്യപ്പെട്ട പുതിയ ഭൂമിമേലുള്ള തന്റെ ആയിരവർഷവാഴ്ചക്കാലത്ത് രാജാവായ യേശുക്രിസ്തുവിന്റെ ഭൗമികപുത്രൻമാരായി പൂർണ്ണമായും ദത്തെടുക്കപ്പെടാനുള്ള നിരയിലാണ് ഈ പുരുഷൻമാർ നിലകൊള്ളുന്നത്. (2 പത്രോസ് 3:13) ആ നിലയിൽ, അവർ പുതിയ ഭൂമിയിൽ പ്രഭുക്കൻമാരായി നിയമിക്കപ്പെട്ടേക്കാം.
20. (എ) രാജാവിന് ഭൂമിയിലെ തന്റെ നിയമിതരോട് ഏതു മനോഭാവം ഉണ്ടായിരിക്കും? (ബി) മഹാപുരുഷാരം ആരെ തിരികെ സ്വാഗതംചെയ്യും, തിരിച്ചുവരുന്നവരുടെ മുമ്പാകെ ഏത് അവസരം വെക്കപ്പെടുന്നു?
20 രാജാവായ യേശുക്രിസ്തു യഹോവയുടെ സാക്ഷികളുടെ ഏതൽക്കാല സഭകളിലുള്ള വിശ്വസ്തരായ വേറെ ആടുകളുടെ മേൽവിചാരകത്വത്തെ ഇപ്പോൾ അംഗീകരിക്കുന്നതുപോലെ ഈ നവനിയമിത പ്രഭുക്കൻമാരെ അംഗീകരിക്കാൻ അവന് സന്തോഷമുണ്ടായിരിക്കും. വേറെ ആടുകളുടെ മഹാപുരുഷാരത്തിൽപെട്ട സകല അംഗങ്ങൾക്കും—സ്ത്രീകൾക്കും പരുഷൻമാർക്കും—യേശുവിന്റെ ശബ്ദം കേൾക്കുകയും ഒരു ആഗോളപറുദീസയായി രൂപാന്തരപ്പെടുന്ന ഒരു ശുദ്ധീകരിക്കപ്പെട്ട ഭൂമിയിലെ മാനുഷപൂർണ്ണതയിലുള്ള നിത്യജീവൻ പ്രാപിക്കാനുള്ള അവസരത്തിലേക്ക് ഉണരുകയും ചെയ്യുന്ന സകലരെയും മരിച്ചവരിൽനിന്ന് തിരികെ സ്വാഗതം ചെയ്യുന്നതിനുള്ള പുളകപ്രദമായ പദവി ലഭിക്കും. (യോഹന്നാൻ 5:28, 29) പുനരുത്ഥാനം പ്രാപിക്കുന്ന അത്യന്തം അനുഗൃഹീതരായവരിൽ യേശുക്രിസ്തുവിന്റെ വീണ്ടെടുക്കപ്പെടുന്ന പൂർവപിതാക്കൾ ഉൾപ്പെടും, അവർ “ഒരു മെച്ചപ്പെട്ട പുനരുത്ഥാനം” പ്രാപിക്കുമെന്നുള്ള പ്രത്യാശയിൽ മരണത്തോളംപോലും യഹോവയാം ദൈവത്തോടുള്ള ഭക്തി തെളിയിക്കാൻ സന്നദ്ധരായിരുന്ന വിശ്വസ്തപുരുഷൻമാരായിരുന്നു. (എബ്രായർ 11:35) എന്നാൽ തങ്ങളുടെ വീണ്ടെടുപ്പുകാരനാം രാജാവായ യേശുക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചക്കാലത്ത് പൂർണ്ണതയുള്ള മനുഷ്യജീവനിലേക്ക് ഉയർത്തപ്പെടുന്നത് ഒരു തുടക്കം മാത്രമാണ്. സഹസ്രാബ്ദഭരണത്തിന്റെ അവസാനത്തിലെ പുനഃസ്ഥിതീകരിക്കപ്പെട്ട മനുഷ്യവർഗ്ഗത്തിന്റെ അന്തിമ പരിശോധനാകാലത്ത് യഹോവയാം ദൈവത്തിൻകീഴിൽ അഭേദ്യമായി സംഘടിതരായി നിലകൊള്ളുന്നതിനാൽ അവർ യഹോവയുടെ സാർവത്രികസ്ഥാപനത്തിന്റെ ഭൗമികഭാഗമെന്ന നിലയിൽ പറുദീസയിലെ അനന്തജീവനുവേണ്ടി നീതീകരിക്കപ്പെടാൻ യോഗ്യരാണെന്ന് സ്വയം തെളിയിക്കും.—മത്തായി 25:31-46; വെളിപ്പാട് 20:1–21:1. (w89 9⁄1)
[അടിക്കുറിപ്പ്]
a ന്യൂ വേൾഡ ട്രാൻസേഷ്ളൻ റഫറൻസ ബൈബിളിൽ 2 ശമുവേൽ 8:18-ന്റെ അടിക്കുറിപ്പു താരതമ്യപ്പെടുത്തുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യഹോവ സകല മനുഷ്യവർഗ്ഗത്തെയും അനുഗ്രഹിക്കാൻ ഏതു കാലഘട്ടത്തെ നിശ്ചയിച്ചിരിക്കുന്നു?
◻ അന്യോന്യമുള്ള ഏതു ബന്ധത്തിൽ നിലനിൽക്കുന്നതിനാൽ മാത്രമേ നമുക്ക് മഹോപദ്രവത്തെ അതിജീവിക്കാൻ കഴിയുകയുള്ളു?
◻ ചെമ്മരിയാടുകൾ ‘ലോകസ്ഥാപനം മുതൽ തങ്ങൾക്കുവേണ്ടി ഒരുക്കപ്പെട്ട രാജ്യം അവകാശപ്പെടുത്തുന്നു’വെന്നതിന്റെ അർത്ഥമെന്ത്?
◻ സഹസ്രാബ്ദഭരണകാലത്ത്, മഹാപരുഷാരത്തിന് ഏതു പദവികളിൽ പങ്കുപററാവുന്നതാണ്?