സമാധാനം യാഥാർത്ഥ്യം
സമാധാനം കൈവരുത്താനുള്ള ഐക്യരാഷ്ട്രങ്ങളുടെ ശ്രമങ്ങളുടെ പിന്നിലെ ആദർശങ്ങളെ അധികംപേർ വിമർശിക്കുകയില്ല. “‘നമുക്ക് വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കാം’ എന്നത് ഐക്യരാഷ്ട്രങ്ങളുടെ ലോകസമാധാനമെന്ന ലക്ഷ്യത്തെ വെളിപ്പെടുത്തുന്നു”വെന്ന് “ദി വേൾഡ്ബുക്ക് എൻസൈക്ലോപ്പീഡിയാ” പറയുന്നു, “ഐക്യരാഷ്ട്രങ്ങൾക്ക് രണ്ട് മുഖ്യ ലക്ഷ്യങ്ങളാണുള്ളത്: സമാധാനവും മാനുഷ മാന്യതയും” എന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.
ഇവിടെ കാണിച്ചിരിക്കുന്ന പ്രതിമയുടെ കീഴിലെ ആലേഖനം യെശയ്യാവ് 2-ാം അദ്ധ്യായം 4-ാം വാക്യത്തിലെ ബൈബിൾപ്രവചന വാക്കുകളുടെ പരാവർത്തനമാണ്. ഒരു ആധുനിക ഭാഷാന്തരമനുസരിച്ച് അവ ഇങ്ങനെ വായിക്കപ്പെടുന്നു:
“അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും തങ്ങളുടെ കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർക്കേണ്ടിവരും.”
ഈ ഉജ്ജ്വലമായ വാക്കുകൾ തീർച്ചയായും യു.എൻ. അംഗരാഷ്ട്രങ്ങളെ നിലനിൽക്കുന്ന സമാധാനവും നിരായുധീകരണവും നേടിയെടുക്കാൻ പ്രചോദിപ്പിക്കേണ്ടതായിരുന്നു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, രണ്ടാം ലോകമഹായുദ്ധത്തിന്റെ 1945-ലെ സമാപനത്തോടെയുള്ള അതിന്റെ ജനനം മുതൽ യു.എൻ ചരിത്രം മറിച്ചാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, അടിസ്ഥാനപരമായി, മാനുഷ ഗവൺമെൻറുകൾ ചെയ്തിരിക്കുന്നതുപോലെ, യെശയ്യാവിൽനിന്ന് ഉദ്ധരിച്ചിരിക്കുന്ന മേൽപ്പറഞ്ഞ വാക്കുകൾ ഒററപ്പെടുത്തിയെടുക്കാവുന്നതല്ല. ആ വാക്കുകളുടെ സന്ദർഭം സർവപ്രധാനമാണ്. എന്തുകൊണ്ടെന്ന് പരിചിന്തിക്കുക.
യെശയ്യാവിന്റെ സന്ദേശം
യെശയ്യാവ് ഒരു പ്രവാചകനായിരുന്നു. അവൻ സകല വർഗ്ഗങ്ങളിലുംപെട്ട ആളുകളുടെ യോജിപ്പിന്റെയും സമാധാനത്തിന്റെയും മഹത്തായ ഒരു ദർശനത്തെക്കുറിച്ച് പറയുന്നു. ഈ ദർശനം ഒരു യാഥാർത്ഥ്യമായിത്തീരുന്നതിന്, ആളുകൾ ചിലതു ചെയ്യേണ്ടതുണ്ട്. എന്ത്? 4-ാം വാക്യത്തോടുള്ള ബന്ധത്തിൽ 2ഉം 3ഉം വാക്യങ്ങളുടെ പ്രാധാന്യം പരിഗണിക്കുക.
“[2]നാളുകളുടെ അന്തിമഭാഗത്ത് യഹോവയുടെ ആലയമുള്ള പർവതം പർവതങ്ങളുടെ ശിഖരത്തിനുമീതെ ഉറപ്പായി സ്ഥാപിതമാകും, അത് തീർച്ചയായും കുന്നുകൾക്കുമീതെ ഉയർത്തപ്പെടും; അതിലേക്ക് സകല ജനതകളും ഒഴുകിവരേണ്ടതാണ്. [3] അനേകം ജനങ്ങൾ തീർച്ചയായും പോയി: ‘ജനങ്ങളേ, വരുവിൻ, നമുക്ക് യഹോവയുടെ പർവതത്തിലേക്ക്, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്ക്, കയറിപ്പോകാം; അവൻ തന്റെ വഴികൾ നമ്മെ പഠിപ്പിക്കും, നാം അവന്റെ വഴികളിൽ നടക്കും’ എന്നു പറയും. എന്തെന്നാൽ സീയോനിൽനിന്ന് നിയമവും യെരുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും. [4] അവൻ തീർച്ചയായും ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും അനേകം ജനങ്ങളെസംബന്ധിച്ച് കാര്യങ്ങൾ നേരെയാക്കുകയും ചെയ്യും. അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും തങ്ങളുടെ കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർക്കേണ്ടിവരും. ജനത ജനതക്കെതിരെ വാളുയർത്തുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.”
ഒന്നാമതായി, “തന്റെ വഴികൾ” നമ്മെ പഠിപ്പിക്കാൻ നമ്മുടെ സ്രഷ്ടാവായ യഹോവക്ക് അവകാശമുണ്ടെന്ന് നാം സമ്മതിക്കണം, യെശയ്യാവ് പിന്നീട് രേഖപ്പെടുത്തിയതുപോലെ, ആ വഴികൾ ‘നമ്മുടെ വഴികളെക്കാൾ ഉയർന്നവ’യാണ്. (യെശയ്യാവ് 55:9) അനേകർ, വിശേഷിച്ച് സ്വപ്രാമുഖ്യത നടിക്കുന്ന ലോകനേതാക്കൾ ഇത് സമ്മതിക്കാൻ പ്രയാസമാണെന്ന് കണ്ടെത്തുന്നു. അവരുടെ സ്വന്തം ദൃഷ്ടിയിൽ അവരുടെ സ്വന്തം വഴികൾ മാത്രമാണ് ശരിയായിരിക്കുന്നത്. എന്നിട്ടും, അവരുടെ വഴികൾ ലോകസമാധാനത്തിലേക്കും നിരായുധീകരണത്തിലേക്കും നയിച്ചിട്ടില്ലെന്നുള്ള വസ്തുത തീർച്ചയായും അങ്ങനെയുള്ള ഒരു ഗതി പിന്തുടരുന്നതിന്റെ നിഷ്പ്രയോജനത്വത്തെ പ്രകടമാക്കുന്നു.
രണ്ടാമതായി, ദൈവനിയമങ്ങളോട് അനുരൂപപ്പെടാൻ വ്യക്തികൾക്കാവശ്യമായിരിക്കുന്ന ആത്മാർത്ഥമായ ആഗ്രഹം കുറിക്കൊള്ളുക: “നാം അവന്റെ പാതകളിൽ നടക്കും.” ആ അടിസ്ഥാനത്തിൽ മാത്രമേ ഒരു ആഗോളതോതിൽ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർക്കുകയുള്ളു. കാംക്ഷിക്കപ്പെടുന്ന അത്തരമൊരു ലാക്കിൽ എന്നെങ്കിലും എത്തുപെടാൻ എങ്ങനെ കഴിയും?
ദിവ്യപ്രബോധനം
അനേകർക്ക് യഹോവയാം ദൈവത്തിന്റെ നിർദ്ദേശങ്ങളടങ്ങിയ പുസ്തകമായ ബൈബിളിന്റെ ഒരു പ്രതിയുണ്ട്, എന്നാൽ അത് കൈവശമുണ്ടായിരിക്കുന്നതിനെക്കാൾ അധികം ആവശ്യമാണ്. യഹോവയുടെ നിയമങ്ങളും വചനങ്ങളും “യെരുശലേമി”ൽനിന്ന് പ്രവഹിക്കുന്നുവെന്ന് യെശയ്യാവ് പറയുന്നു. അതിന്റെ അർത്ഥമെന്താണ്? യെശയ്യാവിന്റെ നാളിൽ ആ അക്ഷരീയനഗരം രാജകീയ അധികാരത്തിന്റെ ഉറവായിരുന്നു, അതിലേക്ക് വിശ്വസ്തരായ സകല ഇസ്രായേല്യരും നോക്കിയിരുന്നു. (യെശയ്യാവ് 60:14) പിന്നീട്, യേശുക്രിസ്തുവിന്റെ അപ്പോസ്തലൻമാരുടെ കാലത്ത് യെരുശലേമിലെ ക്രിസ്തീയഭരണസംഘത്തിൽനിന്ന് വന്ന നിർദ്ദേശങ്ങളുടെ കേന്ദ്രസ്ഥാനം അപ്പോഴും ആ നഗരമായിരുന്നു.—പ്രവൃത്തികൾ 15:2; 16:4.
ഇന്ന് എന്ത്? “നാളുകളുടെ അന്തിമഭാഗത്ത്” എന്ന പ്രസ്താവനയോടെയാണ് യെശയ്യാവ് തന്റെ സന്ദേശത്തിന് ആമുഖംകുറിക്കുന്നതെന്ന് കുറിക്കൊള്ളുക. “അന്ത്യനാളുകളിൽ” എന്ന് മററു ചില ഭാഷാന്തരങ്ങൾ പറയുന്നു. (ന്യൂ ഇൻറർനാഷനൽ വേർഷൻ) 1914 മുതൽ നാം ഇപ്പോഴത്തെ ഈ ലോകത്തിന്റെ അവസാനനാളുകളിലാണ് ജീവിക്കുന്നതെന്ന് തെളിയിക്കാൻ ഈ മാസികയുടെ പേജുകളിൽ ക്രമമായി തെളിവ് സമർപ്പിക്കുന്നുണ്ട്. അതുകൊണ്ട് 3-ഉം 4-ഉം വാക്യങ്ങളനുസരിച്ച് നാം എന്ത് കാണാൻ പ്രതീക്ഷിക്കണം?
മേലാൽ യുദ്ധം അഭ്യസിക്കാത്തതും ഇപ്പോൾത്തന്നെ “തങ്ങളുടെ വാളുകളെ കൊഴുക്കളായി” അടിച്ചുതീർത്തിട്ടുള്ളവരുമായ ഒരു വലിയ ജനസമൂഹത്തെ. നാം അവരെ കാണുകതന്നെ ചെയ്യുന്നു! 200ൽപരം രാജ്യങ്ങളിൽ എല്ലാ വർഗ്ഗങ്ങളിലും പെട്ട 40 ലക്ഷത്തിലധികം സ്ത്രീപുരുഷൻമാരും കുട്ടികളും പൊതുവിലുള്ള യോജിപ്പോടെ ഒത്തുചേർന്ന് അന്യോന്യം സമാധാനത്തിൽ ജീവിക്കുകയും തങ്ങളുടെ അയൽക്കാരോട് ബൈബിളിലെ സമാധാനസന്ദേശം പ്രസംഗിക്കുകയും ചെയ്യുന്നു. അവർ ലോകത്തിലുടനീളം യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നു.
അവർക്ക് പ്രായമേറിയ ക്രിസ്തീയ പുരുഷൻമാരുടെ ഒരു ആധുനിക ഭരണസംഘമുണ്ട്. അവർ ഭൂമിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ്. ദൈവജനങ്ങളുടെ ലോകവ്യാപക പ്രവർത്തനങ്ങൾക്ക് ആവശ്യമായ മേൽനോട്ടം വഹിക്കുന്നത് അവരാണ്. ഒന്നാം നൂററാണ്ടിൽ യെരുശലേമിലുണ്ടായിരുന്ന അപ്പോസ്തലൻമാരെയും പ്രായമേറിയ പുരുഷൻമാരെയും പോലെ, ഈ പുരുഷൻമാർ ഇവിടെ ഭൂമിയിലെ തന്റെ സകല രാജ്യതാത്പര്യങ്ങളെയും പരിപാലിക്കുന്നതിന് യേശുവിനാൽ നിയോഗിക്കപ്പെട്ട വിശ്വസ്തനും വിവേകിയുമായ അടിമവർഗ്ഗത്തിലെ അഭിഷിക്താംഗങ്ങളാണ്. അവർ പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശം പിന്തുടരുമെന്നും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ യഥാർത്ഥ സമാധാനത്തിന്റെ വഴികൾ പഠിപ്പിക്കുന്നതിൽ അവർ മാനുഷജ്ഞാനത്തെ ആശ്രയിക്കുന്നില്ലെന്നും വിശ്വസിക്കാൻ കഴിയുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്.—മത്തായി 24:45-47; 1 പത്രോസ് 5:1-4.
സത്യാരാധന
സമാധാനത്തിൽ ജീവിക്കുന്നതിൽ തലയിലെ അറിവിനെക്കാളും ദിവ്യപ്രബോധനങ്ങളനുസരിച്ചു ജീവിക്കുന്നതിനുള്ള ഒരു ആഗ്രഹത്തെക്കാളുമുപരിപോലും ഉൾപ്പെട്ടിരിക്കുന്നു. ഹൃദയഭക്തിയും നമ്മുടെ സ്രഷ്ടാവായ യഹോവയുടെ ആരാധനയും അത്യന്താപേക്ഷിതമാണ്, അതും യെശയ്യാവ് വ്യക്തമാക്കുന്നുണ്ട്.
“യഹോവയുടെ ആലയമുള്ള പർവതം പർവതങ്ങളുടെ ശിഖരത്തിനുമീതെ ഉറപ്പായി സ്ഥാപിതമാകു”മെന്നും “കുന്നുകൾക്കു മീതെ ഉയർത്തപ്പെടു”മെന്നും പ്രവാചകൻ പ്രസ്താവിക്കുന്നു. പുരാതനകാലങ്ങളിൽ, ചില പർവതങ്ങളും കുന്നുകളും, വിഗ്രഹാരാധനക്കും വ്യാജദൈവങ്ങളുടെ വിശുദ്ധമന്ദിരങ്ങൾക്കുമുള്ള സ്ഥാനങ്ങളായി ഉതകിയിരുന്നു. ദാവീദ് രാജാവ് സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 2,500 അടി ഉയരത്തിലുള്ള സീയോൻമലയിൽ (യെശുശലേമിൽ) അടിച്ച കൂടാരത്തിലേക്ക് വിശുദ്ധപെട്ടകം കൊണ്ടുവന്നപ്പോൾ പ്രസ്പഷ്ടമായി അവൻ ദിവ്യമാർഗ്ഗനിർദ്ദേശപ്രകാരം പ്രവർത്തിക്കുകയായിരുന്നു. പിന്നീട്, യഹോവയുടെ വലിയ ആലയം മോറിയാ മലയിൽ പണികഴിപ്പിക്കപ്പെട്ടപ്പോൾ, “സീയോൻ” എന്ന പദം ആലയസ്ഥാനത്തെ ഉൾപ്പെടുത്താനിടയായി, തന്നിമിത്തം ആലയം ചുററുപാടുമുണ്ടായിരുന്ന ചില പുറജാതീയ സ്ഥാനങ്ങളെക്കാൾ ഉയരത്തിൽ സ്ഥിതിചെയ്തിരുന്നു. യെരുശലേംതന്നെ അവന്റെ “വിശുദ്ധ പർവതം” എന്നും വിളിക്കപ്പെട്ടിരുന്നു; അങ്ങനെ, യഹോവയുടെ ആരാധന ഒരു ഉന്നതമായ സ്ഥാനത്ത് നിലകൊണ്ടിരുന്നു.—യെശയ്യാവ് 8:18; 66:20.
അങ്ങനെ ഇന്ന്, യഹോവയാം ദൈവത്തിന്റെ ആരാധന ഒരു പ്രതീകാത്മക പർവതംപോലെ ഉയർന്നതായിരിക്കുന്നു. അതിന്റെ പ്രാമുഖ്യത എല്ലാവരും കാണേണ്ടതാണ്, കാരണം അത് മററ് യാതൊരു മതത്തിനും ചെയ്യാൻകഴിയാഞ്ഞത് ചെയ്തിരിക്കുന്നു. അതെന്താണ്? അത് യഹോവയുടെ സകല ആരാധകരെയും ഐക്യത്തിലാക്കിയിരിക്കുന്നു. അവർ സസന്തോഷം തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിരിക്കുന്നു, മേലാൽ യുദ്ധം അഭ്യസിക്കുന്നുമില്ല. ദേശീയവും വർഗ്ഗീയവുമായ വേലിക്കെട്ടുകൾ അവരെ മേലാൽ ഭിന്നിപ്പിക്കുന്നില്ല. അവർ ലോകരാഷ്ട്രങ്ങളിലുടനീളം ചിതറിക്കിടക്കുന്നുവെങ്കിലും അവർ ഒരു ഏകീകൃതജനമായി, ഒരു സഹോദരവർഗ്ഗമായി ജീവിക്കുന്നു.—സങ്കീർത്തനം 33:12.
തീരുമാനത്തിന്റെ ഒരു സമയം
ഇതെല്ലാം നിങ്ങളെ എങ്ങനെ ബാധിക്കുന്നു? മറെറാരു എബ്രായ പ്രവാചകന്റെ വാക്കുകൾ ഏററവും ഉചിതമാണ്: “വിധിയുടെ താഴ്വരയിൽ ജനക്കൂട്ടങ്ങൾ, ജനക്കൂട്ടങ്ങൾ, ഉണ്ട്, എന്തെന്നാൽ യഹോവയുടെ ദിവസം വിധിയുടെ താഴ്വരയിൽ അടുത്തുവന്നിരിക്കുന്നു.” (യോവേൽ 3:14) അത് സകല മനുഷ്യവർഗ്ഗത്തിനും ഒന്നുകിൽ ദൈവകൈയാലുള്ള യഥാർത്ഥസമാധാനത്തിനുള്ള വഴികൾ പഠിക്കുന്നതിനോ അല്ലെങ്കിൽ പെട്ടെന്ന് അവസാനിക്കാൻപോകുന്ന ആയുധോൻമുഖമായ ഒരു ജീവിതത്തെ പിന്താങ്ങുന്നതിൽ തുടരാനോ തീരുമാനിക്കേണ്ട ഒരു അടിയന്തിരസമയമാണ്.
നമ്മുടെ നാളിൽ ഒരു വലിയ പ്രസംഗവേല നിർവഹിക്കപ്പെടുമെന്ന് യേശു മുൻകൂട്ടിപ്പറയുകയുണ്ടായി. ആ പ്രസംഗം യുദ്ധത്താൽ ചീന്തപ്പെട്ട ഈ ഭൂമിയിൽ ദൈവരാജ്യം സമാധാനം കൈവരുത്തുമെന്നുള്ള “സുവാർത്ത”യെ സംബന്ധിക്കുന്നതാണ്. (മത്തായി 24:14) കഴിഞ്ഞവർഷം യഹോവയുടെ സാക്ഷികൾ ലോകത്തിലുടനീളം 36 ലക്ഷത്തിലധികം നിരന്തര ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്തി. ഈ പ്രതിവാര ബൈബിളദ്ധ്യയനങ്ങളിൽ ചിലത് വ്യക്തികൾക്കായിരുന്നു. എന്നാൽ അനേകവും നടത്തപ്പെട്ടത് കുടുംബക്കൂട്ടങ്ങളുമായിട്ടാണ്. അങ്ങനെ ദശലക്ഷക്കണക്കിനു കുട്ടികൾക്ക് ഒരു സുനിശ്ചിത ഭാവിപ്രത്യാശ കൊടുക്കപ്പെടുന്നുണ്ട്. അവരുടെ മാതാപിതാക്കൾ തങ്ങൾ നേരിൽ കണ്ടിട്ടുള്ളതോ ഒരുപക്ഷേ പങ്കെടുത്തിട്ടുള്ളതോ ആയതുപോലെയുള്ള യുദ്ധങ്ങൾ യഹോവയാൽ ഉളവാക്കപ്പെടുന്ന പുതിയ ലോകത്തിന്റെ ഭാഗമായിരിക്കുകയില്ലെന്നുള്ള ഉറപ്പ് നേടുന്നു.
പരസ്പരവിശ്വാസവും സമാധാനവും ഉള്ള എത്ര നല്ല ഒരു ലോകമായിരിക്കും അത്! നിരായുധീകരണത്തെക്കുറിച്ച് മേലാൽ ആകുലപ്പെടേണ്ടതില്ല, കാരണം യുദ്ധായുധങ്ങൾ ഒരു കഴിഞ്ഞകാല സംഗതിയായിരിക്കും. സകല നന്ദിയും “സമാധാനം നൽകുന്ന ദൈവമായ” യഹോവക്കായിരിക്കട്ടെ, അവൻ തന്റെ നീതിയുള്ള രാജ്യത്തിൻകീഴിലെ പൂർണ്ണജീവിതത്തിനുവേണ്ടി നാം ഇപ്പോൾ ഒരുങ്ങേണ്ടതിന് നമ്മെ പഠിപ്പിക്കുന്നു.—റോമർ 15:33. (w89 12⁄15)