സേഡറിൽനിന്ന രക്ഷയിലേക്ക്
“ഞാൻ രക്ഷയുടെ മഹത്തായ പാനപാത്രം കയ്യിലെടുക്കും, ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കും.”—സങ്കീർത്തനം 116:13.
1. ഏതു സർവകാല ഇഷ്ടഗാനം നിങ്ങളുടെ ഭാവിയെ ബാധിച്ചേക്കാം?
നിങ്ങൾക്ക് സുദീർഘമായ ഒരു സന്തുഷ്ടഭാവി ലഭിക്കുന്നതിനെ സംബന്ധിച്ച ഒരു ഗാനം നിങ്ങൾ എങ്ങനെ ആസ്വദിക്കും? യഥാർത്ഥത്തിൽ, അങ്ങനെയുള്ള ഒരു ഗാനം ഒരു സർവകാല ഇഷ്ടഗാനം ആയിരിക്കും. ഏതായാലും, നിങ്ങൾ ഈ അർത്ഥവത്തായ ഗാനത്തെക്കുറിച്ചു മനസ്സിലാക്കാനും അതാസ്വദിക്കാനും മിക്കവരെക്കാളും മെച്ചമായ ഒരു സ്ഥാനത്താണ്. യഹൂദൻമാർ അതിനെ ഹാലേൽ (സ്തുതി) എന്നു വിളിക്കുന്നു. 113 മുതൽ 118 വരെയുള്ള സങ്കീർത്തനങ്ങളിൽ വിരചിതമായ അത് “ഹല്ലേലുയ്യാ” പാടാൻ അഥവാ “യാഹിനെ സ്തുതിക്കാൻ” നമ്മെ പ്രോൽസാഹിപ്പിക്കുന്നു.
2. ഈ ഗീതം എങ്ങനെ ഉപയോഗിക്കപ്പെടുന്നു, അത് സേഡറിനോടു ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
2 യഹൂദൻമാർ തങ്ങളുടെ പെസഹാ ശുശ്രൂഷയിൽ ഹാലേൽ പാടുന്നു. തെളിവനുസരിച്ച് ആ പാട്ട് മൃഗബലികളർപ്പിക്കപ്പെട്ടിരുന്ന ഒരു ആലയം ദൈവത്തിനുണ്ടായിരുന്ന കാലം മുതലുള്ളതാണ്. ഇന്ന് യഹൂദഭവനങ്ങളിൽ പെസഹാശുശ്രൂഷാവേളയിലും സേഡർ എന്നു വിളിക്കപ്പെടുന്ന ഭക്ഷണസമയത്തും അതു പാടുന്നു. എന്നാൽ അതു തങ്ങളുടെ സേഡറിൽ പാടുന്നവർക്കൊന്നും സങ്കീർത്തനം 116:13-ന്റെ യഥാർത്ഥ പ്രാധാന്യം മനസ്സിലാകുന്നില്ല: “ഞാൻ രക്ഷയുടെ മഹത്തായ പാനപാത്രം കയ്യിലെടുക്കും, ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കും.” എന്നിരുന്നാലും രക്ഷ പെസഹായോടു ബന്ധപ്പെടുത്തിയിരിക്കുന്നതെന്തുകൊണ്ട്? നിങ്ങളുടെ രക്ഷ ഉൾപ്പെടുന്നുണ്ടായിരിക്കുമോ?
പെസഹാ—രക്ഷയുടെ ഉത്സവം
3. സേഡറിന്റെ പശ്ചാത്തലം എന്താണ്?
3 മർദ്ദകനായിരുന്ന ഒരു ഫറവോന്റെ കീഴിൽ ഇസ്രായേല്യർ ഈജിപ്ററിൽ അടിമകളായിരുന്നുവെന്ന് ഓർക്കുക. ഒടുവിൽ, തന്റെ ജനത്തെ സ്വാതന്ത്ര്യത്തിലേക്കു നയിക്കാൻ യഹോവ മോശയെ എഴുന്നേൽപ്പിച്ചു. ദൈവം ഈജിപ്ററിൻമേൽ ഒൻപതു ബാധകൾ വരുത്തിയശേഷം മോശ പത്താമത്തേതു പ്രഖ്യാപിച്ചു. യഹോവ സകല ഈജിപ്ഷ്യൻ ഭവനങ്ങളിലുമുള്ള ആദ്യജാതൻമാരെ സംഹരിക്കും. (പുറപ്പാട് 11:1-10) എന്നിരുന്നാലും, ഇസ്രായേല്യരെ ഒഴിവാക്കാൻകഴിയുമായിരുന്നു. എങ്ങനെ? അവർ ഒരു ആട്ടിൻകുട്ടിയെ കൊന്ന് അതിന്റെ രക്തം കട്ടിളക്കാലുകളിൻമേലും കുറുമ്പടിമേലും തളിക്കുകയും കുഞ്ഞാടും പുളിപ്പില്ലാത്ത അപ്പവും കയ്പ്പുചീരയും ഉൾപ്പെട്ട ഒരു ഭക്ഷണം കഴിച്ചുകൊണ്ട് ഉള്ളിൽ കഴിയുകയും വേണമായിരുന്നു. ആ സേഡറിന്റെ സമയത്ത് അവരുടെ ആദ്യജാതൻമാരെ കൊല്ലാതെ ദൈവം “കടന്നുപോകു”മായിരുന്നു.—പുറപ്പാട് 12:1-13.
4, 5. പെസഹാ അനേകരെ രക്ഷയിലേക്കു നയിച്ചതെങ്ങനെ? (സങ്കീർത്തനം 106:7-10)
4 ഈ പത്താമത്തെ ബാധയോടുള്ള പ്രതികരണമായി, ഫറവോൻ മോശയോട് ഇങ്ങനെ പറഞ്ഞു: “എഴുന്നേൽക്ക, നീയും ഇസ്രായേലിന്റെ മററു പുത്രൻമാരും എന്റെ ജനത്തിന്റെ ഇടയിൽനിന്ന് പോയി യഹോവയെ സേവിക്കുക.” (പുറപ്പാട് 12:29-32) എബ്രായരും അനുഭാവികളുടെ ഒരു “വലിയ സമ്മിശ്ര പുരുഷാരവും” വിട്ടുപോയിക്കഴിഞ്ഞ് ഫറവോൻ തന്റെ മനസ്സുമാററുകയും അവരുടെ പിന്നാലെ പാഞ്ഞുചെല്ലുകയും ചെയ്തു. അപ്പോൾ ദൈവം അത്ഭുതകരമായി ചെങ്കടലിലൂടെ രക്ഷപെടാൻ തന്റെ ജനത്തെ സഹായിച്ചു, അവിടെ ഫറവോനും പിന്തുടർന്ന അവന്റെ സൈന്യവും ചത്തൊടുങ്ങി.—പുറപ്പാട് 12:38; 14:5-28; സങ്കീർത്തനം 78:51-53; 136:13-15.
5 മോശ ചെങ്കടലിങ്കൽവെച്ച് ഇസ്രായേലിനോട്: “ഭയപ്പെടരുത്. ഉറച്ചുനിന്ന് യഹോവ ഇന്നു നിങ്ങൾക്കുവേണ്ടി നിർവഹിക്കുന്ന അവന്റെ രക്ഷ കാണുക” എന്നു പറഞ്ഞു. പിന്നീട് അവർ ഇങ്ങനെ പാടി: “എന്റെ ബലവും എന്റെ ശക്തിയും യാഹ് ആകുന്നു, എന്തെന്നാൽ അവൻ എന്റെ രക്ഷക്കുതകുന്നു. ഇതാണ് എന്റെ ദൈവം, ഞാൻ അവനെ പ്രകീർത്തിക്കും.” (പുറപ്പാട് 14:13; 15:2) അതെ, പത്താമത്തെ ബാധയിൽനിന്നും ചെങ്കടലിൽനിന്നുമുള്ള ഇസ്രായേലിന്റെ വിടുതൽ ഒരു രക്ഷയായിരുന്നു. “ഭൂമിയിൻമദ്ധ്യേ മഹത്തായ രക്ഷ നിർവഹിക്കുന്ന” ഒരു ദൈവം എന്ന് സങ്കീർത്തനക്കാരന് യഹോവയെ നന്നായി വർണ്ണിക്കാൻ കഴിഞ്ഞു.—സങ്കീർത്തനം 68:6, 20; 74:12-14; 78:12, 13, 22.
6, 7. പെസഹാ ഏർപ്പെടുത്തിയതെന്തിന്, എന്നിരുന്നാലും, അത് ഒന്നാമത്തെ പെസഹായിൽനിന്ന് വ്യത്യസ്തമായി ഇപ്പോൾ ആഘോഷിക്കപ്പെടുന്നതെന്തുകൊണ്ട്?
6 എബ്രായർ ഒരു രക്ഷാസ്മാരകമായി പെസഹാ ആചരിക്കണമായിരുന്നു. ദൈവം പറഞ്ഞു: “ഈ ദിവസം നിങ്ങൾക്ക് ഒരു സ്മാരകമായി ഉതകണം, നിങ്ങൾ അത് നിങ്ങളുടെ തലമുറകളിലെല്ലാം യഹോവക്ക് ഒരു ഉത്സവമായി ആഘോഷിക്കണം.” (പുറപ്പാട് 12:14) ഓരോ പെസഹാഭക്ഷണത്തിലും അഥവാ സേഡറിലും പിതാവ് തന്റെ കുടുംബത്തെ ആ രക്ഷയെക്കുറിച്ച് അനുസ്മരിപ്പിക്കണമായിരുന്നു. യഹോവ ഇങ്ങനെ നിർദ്ദേശിച്ചു: “‘നിങ്ങളുടെ പുത്രൻമാർ നിങ്ങളോട് ഈ ശുശ്രൂഷ നിങ്ങൾക്ക് എന്തർത്ഥമാക്കുന്നു?’ എന്നു ചോദിക്കുമ്പോൾ നിങ്ങൾ പറയേണം, ‘ഇത് ഈജിപ്ററുകാരെ ബാധിക്കുകയും എന്നാൽ നമ്മുടെ ഭവനങ്ങളെ വിടുവിക്കുകയും ചെയ്തുകൊണ്ട് ഈജിപ്ററിൽ ഇസ്രായേൽപുത്രൻമാരുടെ വീടുകളെ കടന്നുപോയ യഹോവയുടെ പെസഹായാഗമാകുന്നു.’”—പുറപ്പാട് 12:25-27.
7 ഇന്നോളം യഹൂദൻമാർ പെസഹാസേഡർ നടത്തുന്നുണ്ടെന്നുള്ള വസ്തുത ആ വിവരണത്തിന്റെ ചരിത്രസത്യതയെ സ്ഥിരീകരിക്കുന്നു. എന്നിരുന്നാലും, അവരുടെ ചില ആചാരങ്ങൾ ദൈവം നിർദ്ദേശിച്ചതിൽനിന്നു വ്യത്യസ്തമാണ്. സേഡറിന്റെ ഉത്ഭവങ്ങൾ ഇങ്ങനെ പറയുന്നു: “ബൈബിൾ പെസഹായുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനെയുംകുറിച്ചുള്ള വിപുലമായ ചർച്ചകൾ ഉൾപ്പെടുത്തുന്നു; എന്നിരുന്നാലും, ഈ വർണ്ണനകൾ ഈ വിശേഷദിവസത്തിന്റെ പിൽക്കാല ആചരണങ്ങളോടു പൊരുത്തപ്പെടുന്നില്ല. വിശേഷിച്ച്, ബൈബിൾപരമായ അനുഷ്ഠാനം പെസഹായാഗത്തിൽ കേന്ദ്രീകരിക്കുന്നു, അതിന് മേലാൽ ബൈബിളാനന്തരസാഹിത്യത്തിൽ കേന്ദ്രസ്ഥാനമില്ല.” ഒരു മുഖ്യകാരണം യഹൂദൻമാർക്ക് മൃഗയാഗങ്ങൾക്കുവേണ്ടി ഒരു ആലയമില്ല എന്നതാണ്.
8. പെസഹായെക്കുറിച്ചു പരിചിന്തിക്കുന്നതിന് നമുക്ക് ഏതു പ്രത്യേക കാരണമുണ്ട്?
8 ക്രിസ്ത്യാനികൾ പുരാതന ഇസ്രായേലിനുa ദൈവം കൊടുത്തിരുന്ന പെരുന്നാളുകളെക്കുറിച്ചെല്ലാം പഠിക്കുന്നത് പ്രയോജനകരമാണ്. എന്നാൽ ഇപ്പോൾ പെസഹായുടെ ചില സവിശേഷതകൾ നമ്മുടെ പ്രത്യേകശ്രദ്ധ അർഹിക്കുന്നു. ഒരു യഹൂദനായിരുന്ന യേശു പെസഹാ ആചരിച്ചു. അവൻ അങ്ങനെ ആഘോഷിച്ച ഒടുവിലത്തെ സന്ദർഭത്തിൽ അവൻ ക്രിസ്ത്യാനികൾക്കുള്ള ഏക ദിവ്യ ആഘോഷം വിവരിച്ചു—കർത്താവിന്റെ സന്ധ്യാഭക്ഷണമായ യേശുവിന്റെ മരണത്തിന്റെ സ്മാരകം. അതുകൊണ്ട് ഈ ക്രിസ്തീയ ആഘോഷം പെസഹായോടു ബന്ധപ്പെട്ടിരിക്കുന്നു.
ഒരു പെസഹാക്കുഞ്ഞാടിനെക്കാൾ ഉപരി
9, 10. പെസഹാക്കുഞ്ഞാട് വിശേഷപ്പെട്ടതോ അനുപമമോ ആയ ഒരു യാഗമായിരുന്നതെങ്ങനെ?
9 ‘ന്യായപ്രമാണം വരുവാനുള്ള നല്ല കാര്യങ്ങളുടെ ഒരു നിഴലായിരുന്നു’വെന്ന് എബ്രായർ 10:1 നമ്മോടു പറയുന്നു. മക്ലിന്റോക്കും സ്ട്രോംഗും രചിച്ച സൈക്ലോപ്പീഡിയാ ഓഫ ബിബ്ലിക്കൽ തിയൊളോജിക്കൽ ആൻഡ എക്ലിസ്യാസററിക്കൽ ലിറററേച്ചർ ഇങ്ങനെ പറയുന്നു: “ന്യായപ്രമാണത്തിലടങ്ങിയിരിക്കുന്ന വരുവാനുള്ള നല്ല കാര്യങ്ങളുടെ മറെറാരു നിഴലിനും പെസഹാപെരുന്നാളിനോടൊപ്പം നിൽക്കാൻ കഴിയില്ല.” പെസഹാക്കുഞ്ഞാടിന് വിശേഷിച്ച് ദൈവം ആദ്യജാതൻമാരെയും പിന്നീട് മുഴു എബ്രായരെയും ഈജിപ്ററിൽനിന്നും രക്ഷിച്ചതിന്റെ സ്മാരകാഘോഷത്തിനുമപ്പുറം വ്യാപിച്ച ഒരു അർത്ഥമുണ്ടായിരുന്നു.
10 നിരവധി വശങ്ങളിൽ ആ ആട്ടിൻകുട്ടി അനുപമമായിരുന്നു. ഉദാഹരണത്തിന്, മോശൈകന്യായപ്രമാണത്തിലെ അനേകം മൃഗബലികൾ ഒരൊററ വ്യക്തി വ്യക്തിപരമായ പാപങ്ങളുടെയോ കുററത്തിന്റെയോ ബന്ധത്തിൽ അർപ്പിക്കുന്നവയായിരുന്നു. മൃഗങ്ങളുടെ ഭാഗങ്ങൾ യാഗപീഠത്തിൻമേൽ ദഹിപ്പിക്കുമായിരുന്നു. (ലേവ്യപുസ്തകം 4:22-35) സംസർഗ്ഗയാഗത്തിലെ കുറെ മാംസം കാർമ്മികപുരോഹിതനോ മററു പുരോഹിതൻമാർക്കോ കൊടുക്കപ്പെട്ടു. (ലേവ്യപുസ്തകം 7:11-38) എന്നിരുന്നാലും, പാസ്ക്കൽ അഥവാ പെസഹാക്കുഞ്ഞാട് യാഗപീഠത്തിൻമേൽ ഉപയോഗിക്കപ്പെട്ടിരുന്നില്ല. അത് ഒരു കൂട്ടം ആളുകൾ, സാധാരണയായി ഒരു കുടുംബം, ആയിരുന്നു അർപ്പിച്ചിരുന്നത്, അവർതന്നെയായിരുന്നു അതു തിന്നേണ്ടതും.—പുറപ്പാട് 12:4, 8-11.
11. പെസഹാക്കുഞ്ഞാടിനെ സംബന്ധിച്ച യഹോവയുടെ വീക്ഷണം എന്തായിരുന്നു, അത് എന്തിലേക്കു വിരൽചൂണ്ടി? (സംഖ്യാപുസ്തകം 9:13)
11 പെസഹാക്കുഞ്ഞാടിനെ യഹോവ വളരെയധികം വിലമതിച്ചിരുന്നതുകൊണ്ട് അവൻ അതിനെ “എന്റെ യാഗം” എന്നു വിളിച്ചു. (പുറപ്പാട് 23:18; 34:25) “പെസഹായാഗം യഹോവയുടെ അതിവിശിഷടയാഗമായിരുന്നു”വെന്ന് പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്. ഈ കുഞ്ഞാട് അനിഷേധ്യമായി യേശുവിന്റെ യാഗത്തിലേക്കു വിരൽചൂണ്ടി, അഥവാ അതിന്റെ മുൻമാതൃകയായിരുന്നു. അപ്പോസ്തലനായ പൗലോസ് യേശുവിനെ ‘ബലിചെയ്യപ്പെട്ട പെസഹാ’ എന്നു വിളിച്ചതിനാൽ ഇതിങ്ങനെയാണെന്നു നമുക്കറിയാം. (1 കൊരിന്ത്യർ 5:7) യേശു “ദൈവത്തിന്റെ കുഞ്ഞാട്” എന്നും “അറുക്കപ്പെട്ട കുഞ്ഞാട്” എന്നും തിരിച്ചറിയപ്പെട്ടു.—യോഹന്നാൻ 1:29; വെളിപ്പാട് 5:12; പ്രവൃത്തികൾ 8:32.
ജീവരക്ഷാകരമായ രക്തം
12. ഒന്നാമത്തെ പെസഹായിൽ കുഞ്ഞാടിന്റെ രക്തം എന്ത് പങ്കുവഹിച്ചു?
12 ഈജിപ്ററിൽ കുഞ്ഞാടിന്റെ രക്തം രക്ഷക്ക് മർമ്മപ്രധാനമായിരുന്നു. യഹോവ ആദ്യജാതൻമാരെ നിഗ്രഹിച്ചപ്പോൾ, കട്ടിളക്കാലുകളിൽ രക്തമുണ്ടായിരുന്ന വീടുകളെ അവൻ ഒഴിഞ്ഞുപോയി. തന്നെയുമല്ല, എബ്രായർ തങ്ങളുടെ ആദ്യജാതൻമാരെക്കുറിച്ചു വിലാപംകഴിക്കുന്നില്ലാഞ്ഞതിനാൽ അവർക്ക് ചെങ്കടലിലൂടെ സ്വാതന്ത്ര്യത്തിലേക്ക് അഭിഗമിക്കാൻ കഴിയുമായിരുന്നു.
13, 14. യേശുവിന്റെ രക്തം ജീവരക്ഷാകരവും രക്ഷക്കാവശ്യവുമായിരിക്കുന്നതെങ്ങനെ? (എഫേസ്യർ 1:13)
13 ഇന്നും രക്തം രക്ഷയിൽ ഉൾപ്പെട്ടിരിക്കുന്നു—യേശുവിന്റെ ചൊരിയപ്പെട്ട രക്തം. ക്രി.വ. 32ൽ “യഹൂദൻമാരുടെ ഉത്സവമായിരുന്ന പെസഹാ അടുത്തപ്പോൾ” യേശു ഒരു വലിയ സദസ്സിനോട് ഇങ്ങനെ പറഞ്ഞു: “എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്, ഞാൻ അവനെ ഒടുക്കത്തെ നാളിൽ പുനരുത്ഥാനപ്പെടുത്തും; എന്തെന്നാൽ എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു.” (യോഹന്നാൻ 6:4, 54, 55) അവന്റെ യഹൂദ ശ്രോതാക്കൾക്കെല്ലാം ആസന്നമായിരുന്ന പെസഹായുടെ കാര്യവും ഒരു കുഞ്ഞാടിന്റെ രക്തം ഈജിപ്ററിൽ ഉപയോഗിക്കപ്പെട്ടുവെന്ന സംഗതിയും മനസ്സിലുണ്ടായിരിക്കുമായിരുന്നു.
14 യേശു അപ്പോൾ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിൽ ഉപയോഗിക്കപ്പെട്ട ചിഹ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യുകയായിരുന്നില്ല. ക്രിസ്ത്യാനികൾക്കുവേണ്ടിയുള്ള ആ പുതിയ ആഘോഷം ഒരു വർഷംകൂടെ കഴിയുന്നതിനു മുമ്പ് ഏർപ്പെടുത്തപ്പെട്ടില്ല. അതുകൊണ്ട് ക്രി.വ. 32ൽ യേശുവിനെ കേട്ട അപ്പോസ്തലൻമാർക്കുപോലും അതിനെക്കുറിച്ച് ഒന്നും അറിയാൻപാടില്ലായിരുന്നു. എന്നാലും നിത്യരക്ഷക്ക് തന്റെ രക്തം അത്യന്താപേക്ഷിതമാണെന്ന് യേശു പ്രകടമാക്കുകയായിരുന്നു. പൗലോസ് ഇങ്ങനെ വിശദീകരിച്ചു: “അവൻ മുഖാന്തരം, അവന്റെ അനർഹദയയുടെ ധനപ്രകാരം അവന്റെ രക്തം മുഖേനയുള്ള മോചനമൂല്യത്താൽ നമുക്കു വിടുതൽ, അതെ, നമ്മുടെ ലംഘനങ്ങളുടെ മോചനം ഉണ്ട്.” (എഫേസ്യർ 1:7) യേശുവിന്റെ രക്തത്തിന്റെ അടിസ്ഥാനത്തിലുള്ള മോചനത്താൽമാത്രമേ നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയൂ.
ഏതു രക്ഷ, എവിടെ?
15. ഈജിപ്ററിലെ എബ്രായർക്ക് ഏതു രക്ഷയും പദവികളും സാദ്ധ്യമായി, എന്തു സാദ്ധ്യമായില്ല? (1 കൊരിന്ത്യർ 10:1-5)
15 പുരാതന ഈജിപ്ററിൽ പരിമിതമായ രക്ഷയാണുൾപ്പെട്ടിരുന്നത്. ഈജിപ്ററു വിട്ട ആരും പുറപ്പാടിനുശേഷം അനന്തജീവൻ നൽകപ്പെടാൻ പ്രതീക്ഷിച്ചില്ല. ദൈവം ലേവ്യരെ ജനതക്കുവേണ്ടിയുള്ള പുരോഹിതൻമാരാക്കിയെന്നുള്ളത് സത്യംതന്നെ. യഹൂദാഗോത്രത്തിലെ ചിലർ താത്ക്കാലിക രാജാക്കൻമാരായിത്തീർന്നു. എന്നാൽ ഇവരെല്ലാം മരിക്കുമായിരുന്നു. (പ്രവൃത്തികൾ 2:29; എബ്രായർ 7:11, 23, 27) ഈജിപ്ററു വിട്ടുപോയ “വലിയ സമ്മിശ്രപുരുഷാര”ത്തിന് ആ പദവികൾ ഇല്ലാതിരിക്കെ, അവർക്ക് എബ്രായരോടുകൂടെ വാഗ്ദത്തനാട്ടിലെത്തി ദൈവത്തെ ആരാധിച്ചുകൊണ്ട് സാധാരണജീവിതം ആസ്വദിക്കാൻ പ്രത്യാശിക്കുന്നതിനു കഴിയുമായിരുന്നു. അപ്പോഴും, തക്കസമയത്ത്, തങ്ങൾക്ക് മനുഷ്യവർഗ്ഗം ജീവിക്കണമെന്നു ദൈവം ഉദ്ദേശിച്ചിടമായ ഭൂമിയിലെ അനന്തജീവൻ അനുഭവിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതിനുള്ള അടിസ്ഥാനം യഹോവയുടെ ക്രിസ്തീയപൂർവ ദാസൻമാർക്കുണ്ടായിരുന്നു. ഇത് യോഹന്നാൻ 6:54-ലെ യേശുവിന്റെ വാഗ്ദത്തത്തോടു യോജിപ്പിലായിരിക്കുമായിരുന്നു.
16. ദൈവത്തിന്റെ പുരാതന ദാസൻമാർക്ക്ഏതു തരം രക്ഷക്കുവേണ്ടി പ്രത്യാശിക്കാൻ കഴിയുമായിരുന്നു?
16 ഭൂമി നിവസിക്കപ്പെടാൻ സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ചും നേരുള്ളവർ അതിൽ എന്നേക്കും ജീവിക്കുന്നതിനെക്കുറിച്ചും പ്രചോദകങ്ങളായ വചനങ്ങൾ എഴുതാൻ ദൈവം തന്റെ പുരാതനദാസൻമാരിൽ ചിലരെ ഉപയോഗിച്ചു. (സങ്കീർത്തനം 37:9-11; സദൃശവാക്യങ്ങൾ 2:21, 22; യെശയ്യാവ് 45:18) എന്നിരുന്നാലും, സത്യാരാധകർ മരിക്കുകയാണെങ്കിൽ അവർക്ക് എങ്ങനെ അങ്ങനെയുള്ള രക്ഷ നേടാൻ കഴിയും? ദൈവം അവരെ ഭൂമിയിലെ ജീവനിലേക്കു തിരികെ വരുത്തുന്നതിനാൽ. ദൃഷ്ടാന്തത്തിന്, ഇയ്യോബ് ഓർക്കപ്പെടുമെന്നും ജീവനിലേക്കു തിരികെ വിളിച്ചുവരുത്തപ്പെടുമെന്നുള്ള പ്രത്യാശ പ്രകടമാക്കി. (ഇയ്യോബ് 14:13-15; ദാനിയേൽ 12:13) സുവ്യക്തമായി, രക്ഷയുടെ ഒരു രൂപം ഭൂമിയിലെ നിത്യജീവനിലേക്കു വരുന്നതാണ്.—മത്തായി 11:11.
17. മററു ചിലർക്ക് ഏതു വ്യത്യസ്ത രക്ഷ പ്രാപിക്കാമെന്ന് ബൈബിൾ പ്രകടമാക്കുന്നു?
17 സ്വർഗ്ഗത്തിലെ ജീവനിലേക്കുള്ള രക്ഷയെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്, അവിടേക്കാണ് യേശുക്രിസ്തു തന്റെ പുനരുത്ഥാനശേഷം പോയത്. “അവൻ സ്വർഗ്ഗത്തിലേക്കു പോയതിനാൽ ദൈവത്തിന്റെ വലത്തുഭാഗത്താണ്; ദൂതൻമാരും അധികാരങ്ങളും ശക്തികളും അവനു കീഴ്പ്പെടുത്തപ്പെട്ടു.” (1 പത്രോസ് 3:18, 22; എഫേസ്യർ 1:20-22; എബ്രായർ 9:24) എന്നാൽ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകപ്പെടാനുള്ള ഏക മനുഷ്യൻ യേശു ആയിരുന്നില്ല. ഭൂമിയിലെ മററുള്ളവരിൽനിന്ന് താരതമ്യേന ചെറിയ ഒരു സംഖ്യയെയും താൻ എടുക്കുമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ട്. യേശു അപ്പോസ്തലൻമാരോട് ഇങ്ങനെ പറഞ്ഞു: “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. . . . ഞാൻ നിങ്ങൾക്ക് ഒരു സ്ഥലം ഒരുക്കാൻ പോകുകയാണ്. കൂടാതെ, ഞാൻ പോയി നിങ്ങൾക്ക് ഒരു സ്ഥലമൊരുക്കുന്നുവെങ്കിൽ, ഞാൻ ഇരിക്കുന്നിടത്ത് നിങ്ങളും ഇരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളെ വീട്ടിൽ കൈക്കൊള്ളും.”—യോഹന്നാൻ 14:2, 3.
18. നമുക്കിപ്പോൾ സ്വർഗ്ഗീയജീവനിലേക്കുള്ള രക്ഷയിൽ കേന്ദ്രീകരിക്കാൻ എന്തു കാരണമുണ്ട്?
18 യേശുവിനോടുള്ള ഐക്യത്തിൽ സ്വർഗ്ഗീയജീവനിലേക്കുള്ള രക്ഷ തീർച്ചയായും ഒന്നാമത്തെ പെസഹായോടുള്ള ബന്ധത്തിൽ ഉൾപ്പെട്ടിരുന്ന പരിമിതരക്ഷയെക്കാൾ മഹത്തരമാണ്. (2 തിമൊഥെയോസ് 2:10) സാധുതയുള്ള അവസാനത്തെ സേഡറിന്റെ അഥവാ പെസഹാഭക്ഷണത്തിന്റെ സന്ധ്യയിലായിരുന്നു യേശു തന്റെ അനുഗാമികൾക്കായി പുതിയ ആഘോഷം ഏർപ്പെടുത്തിയത്, അതു സ്വർഗ്ഗീയ ജീവനിലേക്കുള്ള രക്ഷയിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. “എന്റെ ഓർമ്മക്കായി ഇതു ചെയ്തുകൊണ്ടിരിക്കുക” എന്ന് അവൻ അപ്പോസ്തലൻമാരോടു പറഞ്ഞു. (ലൂക്കോസ് 22:19) ക്രിസ്ത്യാനികൾ എങ്ങനെ ഈ ആഘോഷം നടത്തിക്കൊണ്ടിരിക്കണമെന്ന് പരിചിന്തിക്കുന്നതിനുമുമ്പ് നാം എപ്പോഴാണ് അതാഘോഷിക്കേണ്ടതെന്ന കാര്യം പരിചിന്തിക്കാം.
ഒരു “നിയമിത സമയം”
19. പെസഹായെയും കർത്താവിന്റെ സന്ധ്യാഭക്ഷണത്തെയും ബന്ധപ്പെടുത്തുന്നത് യുക്തിയുക്തമായിരിക്കുന്നതെന്തുകൊണ്ട്?
19 “ഞാൻ കഷ്ടമനുഭവിക്കുന്നതിനു മുമ്പ് നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കാൻ ഞാൻ അതിയായി ആഗ്രഹിച്ചിരിക്കുന്നു”വെന്ന് യേശു പറഞ്ഞിരുന്നു. (ലൂക്കോസ് 22:15) അതിനുശേഷം അവൻ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ വിവരണം നൽകി, അത് അവന്റെ അനുഗാമികൾ അവന്റെ മരണത്തിന്റെ സ്മാരകമായി ആഘോഷിച്ചുകൊണ്ടിരിക്കേണ്ടതായിരുന്നു. (ലൂക്കോസ് 22:19, 20) പെസഹാ ആണ്ടിലൊരിക്കലായിരുന്നു നടത്തപ്പെട്ടിരുന്നത്. അതുകൊണ്ട്, കർത്താവിന്റെ സന്ധ്യാഭക്ഷണം വാർഷികമായി നടത്തുന്നത് ന്യായയുക്തമാണ്. എപ്പോൾ? യുക്തിയുക്തമായി, വസന്തത്തിലെ പെസഹാകാലത്ത്. അത് നീസാൻ 14 (യഹൂദ പഞ്ചാംഗം) എപ്പോൾ വരുന്നുവെന്നതിനെ ആശ്രയിച്ചിരുന്നു, യേശു മരിച്ച ദിവസമായ വെള്ളിയാഴ്ചയോട് എപ്പോഴും പററിനിൽക്കുകയല്ല വേണ്ടത്.
20. യഹോവയുടെ സാക്ഷികൾ നീസാൻ 14-ൽ തത്പരരായിരിക്കുന്നതെന്തുകൊണ്ട്?
20 അതുകൊണ്ട്, “നിങ്ങൾ കൂടെക്കൂടെ ഈ അപ്പം തിന്നുകയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെ നിങ്ങൾ കർത്താവു വന്നെത്തുന്നതുവരെ അവന്റെ മരണത്തെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു” എന്ന് എഴുതിയപ്പോൾ പൗലോസിന്റെ മനസ്സിലുണ്ടായിരുന്ന തീയതി നീസാൻ 14 ആയിരിക്കുമായിരുന്നു. (1 കൊരിന്ത്യർ 11:26) അടുത്ത രണ്ടു നൂററാണ്ടുകളിൽ അനേകം ക്രിസ്ത്യാനികൾ നീസാൻ 14നോടു പററിനിന്നു. അവർ ക്വാർട്ടോഡസിമൻസ് അഥവാ പതിന്നാലുകാർ എന്നറിയപ്പെട്ടിരുന്നു, അത് 14-ാം തീയതിക്കുള്ള ലത്തീൻപദത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. മക്ലിന്റോക്കും സ്ട്രോംഗും ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “ഏഷ്യാമൈനറിലെ സഭകൾ കർത്താവിന്റെ മരണം നീസാൻമാസം 14നോട് ഒത്തുവരുന്ന ദിവസത്തിൽ ആഘോഷിച്ചിരുന്നു, മുഴു പുരാതനസഭയുടെയും അഭിപ്രായത്തിൽ ക്രൂശിക്കൽ നടന്നത് ആ ദിവസമായിരുന്നു.” ഇന്ന് യഹോവയുടെ സാക്ഷികൾ നീസാൻ 14നോട് ഒത്തുവരുന്ന തീയതിയിലാണ് വാർഷികമായി കർത്താവിന്റെ സന്ധ്യാഭക്ഷണം ആഘോഷിക്കുന്നത്. യഹൂദൻമാർ പെസഹാ ആഘോഷിക്കുന്ന തീയതിയിൽനിന്ന് ഇത് വിഭിന്നമായിരിക്കാമെന്ന് ചിലർ ഗൗനിച്ചിട്ടുണ്ട്. എന്തുകൊണ്ട്?
21. പെസഹാക്കുഞ്ഞാടിനെ ബലിചെയ്യേണ്ടിയിരുന്നത് എപ്പോഴായിരുന്നു, യഹൂദൻമാർ ഇന്നു ചെയ്യുന്നതെന്താണ്?
21 എബ്രായദിവസം സൂര്യാസ്തമയം മുതൽ (ഏതാണ്ട് ആറുമണി) അടുത്ത ദിവസം സൂര്യാസ്തമയം വരെയായിരുന്നു. പെസഹാക്കുഞ്ഞാടിനെ നീസാൻ 14ന് “രണ്ടു സന്ധ്യകൾക്കിടയിൽ” കൊല്ലണമെന്ന് ദൈവം കല്പിച്ചു. (പുറപ്പാട് 12:6) അത് എപ്പോഴായിരിക്കും? ആധുനികയഹൂദൻമാർ കുഞ്ഞാടിനെ നീസാൻ 14ന്റെ അവസാനത്തോടടുത്ത് കൊല്ലേണ്ടതാണെന്നുള്ളള റബ്ബിമാരുടെ വീക്ഷണത്തോടാണ് പററിനിൽക്കുന്നത്, അതായത്, സൂര്യൻ താഴാൻതുടങ്ങുന്നതിനും (ഏതാണ്ട് മൂന്നുമണിയോടുകൂടെ) യഥാർത്ഥ സൂര്യാസ്തമയത്തിനുമിടക്ക്. തത്ഫലമായി, അവർ സൂര്യാസ്തമയശേഷമാണ് സേഡർ നടത്തുന്നത്, അപ്പോൾ നീസാൻ 15 തുടങ്ങിയിരിക്കും.—മർക്കോസ് 1:32.
22. സ്മാരകത്തീയതി യഹൂദൻമാർ അവരുടെ പെസഹാ ആഘോഷിക്കുന്ന തീയതിയിൽനിന്നു വ്യത്യസ്തമായിരിക്കാവുന്നതിന്റെ ഒരു കാരണമെന്താണ്? (മർക്കോസ് 14:17; യോഹന്നാൻ 13:30)
22 എന്നിരുന്നാലും, ഈ പദപ്രയോഗം വ്യത്യസ്തമായി മനസ്സിലാക്കുന്നതിന് നമുക്കു നല്ല കാരണമുണ്ട്. “സന്ധ്യക്ക്, സൂര്യാസ്തമയത്തിങ്കൽ, പെസഹായാഗം അറക്കാൻ” ആവർത്തനം 16:6 ഇസ്രായേല്യരോടു വ്യക്തമായി പറഞ്ഞു. (യഹൂദ തനാക്ക ഭാഷാന്തരം) “രണ്ടു സന്ധ്യകൾക്കിടയിൽ” എന്നത് സൂര്യസ്തമയം (അതാണ് നീസാൻ 14ന് തുടക്കമിടുന്നത്) മുതൽ യഥാർത്ഥ ഇരുട്ടുവരെയുള്ള സന്ധ്യാവെളിച്ചഘട്ടത്തെ പരാമർശിക്കുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നു. പുരാതന കാരേയ്ററ് യഹൂദൻമാർb ഈ വിധത്തിൽ അതു മനസ്സിലാക്കിയിരുന്നു. ഇന്നോളം ശമര്യക്കാരുംc അങ്ങനെ മനസ്സിലാക്കുന്നു. പെസഹാക്കുഞ്ഞാട് നീസാൻ 15ന് അല്ല, “നിയമിതസമയ”മായ നീസാൻ 14ന് ആണ് ബലിചെയ്യപ്പെടുകയും ഭക്ഷിക്കപ്പെടുകയും ചെയ്തതെന്നുള്ള നമ്മുടെ അംഗീകരണമാണ് നമ്മുടെ സ്മാരകത്തീയതി ചിലപ്പോൾ യഹൂദത്തീയതിയിൽനിന്നു വ്യത്യാസപ്പെടുന്നതിന്റെ ഒരു കാരണം.—സംഖ്യാപുസ്തകം 9:2-5.
23. എബ്രായ പഞ്ചാംഗത്തോട് മാസങ്ങൾ ചേർക്കപ്പെടുന്നതെന്തുകൊണ്ട്, ഇത് ആധുനികനാളിലെ യഹൂദൻമാർ കൈകാര്യം ചെയ്യുന്നതെങ്ങനെ?
23 നമ്മുടെ തീയതി യഹൂദൻമാരുടേതിൽനിന്ന് വ്യത്യാസപ്പെടാവുന്നതിന്റെ മറെറാരു കാരണം അവർ മുൻനിശ്ചയിക്കപ്പെട്ട ഒരു പഞ്ചാംഗം ഉപയോഗിക്കുന്നുവെന്നതാണ്. ആ പദ്ധതി ക്രി.വ. നാലാം നൂററാണ്ടുവരെ നിശ്ചയിക്കപ്പെട്ടിരുന്നില്ല. ഇതുപയോഗിച്ചുകൊണ്ട് അവർക്ക് ദശാബ്ദങ്ങൾക്കോ ശതാബ്ദങ്ങൾക്കോ മുമ്പ് നീസാൻ 1ന്റെയോ പെരുന്നാളുകളുടെയോ തീയതികൾ നിശ്ചയിക്കാൻകഴിയും. തന്നെയുമല്ല, പുരാതന ചാന്ദ്രപഞ്ചാംഗം കാലങ്ങളുമായി യോജിച്ചുവരത്തക്കവണ്ണം ചിലപ്പോഴൊക്കെ ഒരു 13-ാം മാസം അതിനോടു ചേർക്കേണ്ടതുണ്ടായിരുന്നു. ഇപ്പോഴത്തെ യഹൂദപഞ്ചാംഗം നിശ്ചിതഘട്ടങ്ങളിലാണ് ഈ മാസം കൂട്ടിച്ചേർക്കുന്നത്; ഒരു 19വർഷ ചക്രത്തിൽ അത് 3, 6, 8, 11, 14, 17, 19 എന്നീ വർഷങ്ങളോടു ചേർക്കപ്പെടുന്നു.
24, 25. (എ) യേശുവിന്റെ കാലത്ത്, മാസങ്ങൾ നിശ്ചയിക്കപ്പെട്ടതും അധിമാസങ്ങളുടെ ആവശ്യം നിർണ്ണയിക്കപ്പെട്ടതും എങ്ങനെയായിരുന്നു? (ബി) യഹോവയുടെ സാക്ഷികൾ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ തീയതി നിശ്ചയിക്കുന്നതെങ്ങനെ?
24 എന്നിരുന്നാലും, “യേശുവിന്റെ കാലത്തും [യഹൂദൻമാർക്ക്] സ്ഥിരപഞ്ചാംഗമില്ലായിരുന്നു, എന്നാൽ വെറും അനുഭവത്തിലധിഷ്ഠിതമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പുതുചന്ദ്രന്റെ പ്രത്യക്ഷതയോടെ ഓരോ പുതിയ മാസവും തുടങ്ങി, അതുപോലെതന്നെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ” ആവശ്യാനുസൃതം ഒരു മാസം കൂട്ടിച്ചേർക്കുകയുംചെയ്തുവെന്ന് എമിൽ ഷൂറർ പറയുന്നു. “വർഷാവസാനത്തോടെ പെസഹാ വസന്തവിഷുവത്തിനു മുമ്പു [മാർച്ച് 21നോടടുത്ത്] വരുമെന്നു കാണപ്പെട്ടാൽ . . . നീസാനുമുമ്പ് ഒരു മാസം ഇടക്കുചേർക്കാൻ ആജ്ഞാപിക്കപ്പെട്ടിരുന്നു.” (യേശുക്രിസ്തുവിന്റെ യുഗത്തിലെ യഹൂദജനത്തിന്റെ ചരിത്രം, വാള്യം 1) അങ്ങനെ അധിമാസം സ്വേച്ഛാപരമായി ചേർക്കുകയല്ലായിരുന്നു, സ്വാഭാവികമായി വരുകയായിരുന്നു.
25 യഹോവയുടെ സാക്ഷികളുടെ ഭരണസംഘം കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ തീയതി പുരാതനരീതിക്കനുയോജ്യമായിട്ടാണ് നിശ്ചയിക്കുന്നത്. നീസാൻ 1 നിശ്ചയിക്കുന്നത് വസന്തവിഷുവത്തോട് ഏററം അടുത്ത പുതുചന്ദ്രൻ യരൂശലേമിൽ സൂര്യാസ്തമയത്തിങ്കൽ നിരീക്ഷിക്കപ്പെടാൻ ഇടയുള്ളതെപ്പോഴെന്നതിന്റെ അടിസ്ഥാനത്തിലാണ്. അതു മുതൽ 14 ദിവസം എണ്ണുമ്പോൾ നീസാൻ 14ൽ എത്തുന്നു, സാധാരണയായി അത് പൂർണ്ണചന്ദ്രനുള്ള ദിവസത്തോട് ഒത്തുവരുന്നു. (1977 ജൂൺ 15ലെ വാച്ച്ററവറിന്റെ 383-4 പേജുകൾ കാണുക.) ഈ ബൈബിൾ രീതിയുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ സ്മാരകാഘോഷം മാർച്ച് 30-ലെ സൂര്യാസ്തമയശേഷമായിരിക്കുമെന്ന് ഗോളത്തിനു ചുററുമുള്ള യഹോവയുടെ സാക്ഷികളെ അറിയിച്ചിട്ടുണ്ട്.
26. കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ കൂടുതലായ ഏതു വശങ്ങൾ നമ്മുടെ ശ്രദ്ധയർഹിക്കുന്നു?
26 ഈ തീയതി നീസാൻ 14-നോട് ഒത്തുവരുന്നു, അന്നാണ് സാധുതയുള്ള അവസാനത്തെ പെസഹാ യേശു നടത്തിയത്. എന്നിരുന്നാലും, സ്മാരകാഘോഷം യഹൂദ സേഡർ അനുസ്മരിക്കുന്നതിൽ കവിഞ്ഞ രക്ഷയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. കർത്താവിന്റെ സന്ധ്യാഭക്ഷണത്തിൽ എന്തു നടക്കുന്നുവെന്നും അതിന്റെ അർത്ഥമെന്തെന്നും നമ്മുടെ രക്ഷ എങ്ങനെ ഉൾപ്പെട്ടിരിക്കുന്നുവെന്നും നമ്മളെല്ലാം മനസ്സിലാക്കേണ്ടതുണ്ട്. (w90 2⁄15)
[അടിക്കുറിപ്പുകൾ]
a ഫെബ്രുവരി 15, 1980-ലെ വാച്ച്ററവറിന്റെ 8-24 വരെ പേജുകൾ കാണുക.
b “യഹൂദസിന്നഗോഗിലെ ഏററവും പഴക്കമുള്ളതും ഏററവും ശ്രദ്ധേയവുമായ കക്ഷിപിരിവുകളിൽ ഒന്ന്” എന്നാണ് മക്ലിന്റോക്കും സ്ട്രോംഗും അവരെ വർണ്ണിക്കുന്നത്. “അവരുടെ പ്രത്യേകതയായ ഉപദേശം എഴുതപ്പെട്ട നിയമത്തിന്റെ അക്ഷരത്തോട് കർശനമായി പററിനിൽക്കണമെന്നുള്ളതാണ്.”
c “അവർ സന്ധ്യാസമയത്ത് മൃഗത്തെ കൊല്ലുന്നു . . . അർദ്ധരാത്രിക്ക് ഓരോ കുടുംബക്കൂട്ടവും മാംസം ഭക്ഷിക്കുന്നു . . . അനന്തരം ശേഷിക്കുന്ന മാംസവും അസ്ഥികളും പ്രഭാതത്തിനു മുമ്പു ദഹിപ്പിക്കുന്നു . . . റബ്ബിമാരുടെ യഹൂദമതം പുനരാവിഷ്ക്കരിക്കുന്നതിനു മുമ്പ് ബൈബിൾ മതത്തോടു കൂടുതൽ സാദൃശ്യമുണ്ടായിരിക്കാവുന്നത് ശമര്യമതത്തിനായിരുന്നുവെന്ന് ചില പണ്ഡിതൻമാർ സൂചിപ്പിച്ചിട്ടുണ്ട്.”—സേഡറിന്റെ ഉതഭവങ്ങൾ.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ പെസഹാ ഉചിതമായി രക്ഷയോടു ബന്ധപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്?
◻ യേശുവിന്റെ യാഗത്തിന് പെസഹാക്കുഞ്ഞാടിനെക്കാൾ കൂടുതൽ നിറവേററാൻ കഴിയുന്നതെങ്ങനെ?
◻ യേശുവിലൂടെ ഏതു രക്ഷ ലഭ്യമാകുന്നു?
◻ യഹോവയുടെ സാക്ഷികൾ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ഉചിതമായ സമയം നിശ്ചയിക്കുന്നതെങ്ങനെ?