രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
അനൗപചാരികസാക്ഷീകരണം ഫലമുളവാക്കുന്നു
“എനിക്ക് കുടിപ്പാൻ തരൂ” എന്ന് യേശു ഒരു ശമര്യക്കാരി സ്ത്രീയോട് പറഞ്ഞപ്പോൾ അത് അനൗപചാരികവും എന്നാൽ അത്യന്തം ഫലപ്രദവുമായ ഒരു സാക്ഷ്യത്തിലേക്കു നയിച്ചു (യോഹന്നാൻ 4:7) അനൗപചാരികസാക്ഷീകരണത്തിനുള്ള സർവ അവസരങ്ങളും ഉപയോഗപ്പെടുത്തുന്നതിൽ നാം ജാഗ്രത കാക്കുന്നുവെങ്കിൽ നമുക്കും അതുപോലെ വളരെ ഫലപ്രദരായിരിക്കാൻ കഴിയും. ആസ്ത്രേലിയായിലുള്ള ഒരു സഹോദരൻ ഒരു പാർക്ക്ബഞ്ചിലിരുന്ന് ഒരു ദിനവാക്യം വായിച്ചുകൊണ്ട് അനൗപചാരികസാക്ഷീകരണത്തിന് തുടക്കമിട്ടു. ഒരു ജിജ്ഞാസുവായ മനുഷ്യൻ പ്രസിദ്ധീകരണം നിരീക്ഷിച്ചിട്ട് താനും തിരുവെഴുത്തുകളിൽ തത്പരനാണെന്നു പറഞ്ഞു. ഒരു കത്തോലിക്കാവിദ്യാലയത്തിൽ പരിണാമം പഠിക്കാനിടയാകുകയും ഇപ്പോൾ പക്ഷേ എന്തു വിശ്വസിക്കണമെന്ന് അറിഞ്ഞുകൂടാതെയുമിരുന്ന മതാചരണം നടത്താത്ത ഒരു കത്തോലിക്കനായിരുന്നു അയാൾ. സഹോദരൻ അയാൾക്ക് ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?a എന്ന പുസ്തകം ലഭിക്കുന്നതിന് വേണ്ട ഏർപ്പാടുചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് സഹോദരൻ പുസ്തകവുമായി അയാളുടെ ജോലിസ്ഥലത്തു ചെന്നു; പക്ഷേ അയാൾ പുറത്തുപോയിരിക്കുന്നുവെന്ന് അറിഞ്ഞു. അയാളുടെ സെക്രട്ടറി പുസ്തകത്തിൽ കടന്നുപിടിച്ചുകൊണ്ട് പറഞ്ഞു: “ഞങ്ങളീ പുസ്തകത്തിന് കാത്തിരിക്കുകയായിരുന്നു.”
സൃഷ്ടിപ്പുസ്തകത്തിന്റെ രണ്ടു പ്രതികൾകൂടെ ലഭിക്കണമെന്നും തന്റെ ഓഫീസിൽവന്ന് തന്നെ കാണണമെന്നും ആവശ്യപ്പെടുന്ന ഒരു ഫോൺകോൾ രണ്ടു മണിക്കൂർ കഴിഞ്ഞ് ആ മനുഷ്യനിൽനിന്ന് സഹോദരനു ലഭിച്ചു. സഹോദരൻ ആ ഓഫീസിൽ ചെന്നപ്പോൾ അവിടെ ആ മനുഷ്യനെയും മററു രണ്ടുപേരെയും കണ്ടു. സെക്രട്ടറി ഉൾപ്പെടെ അവർക്കെല്ലാവർക്കും വേണ്ടി ഒരു ബൈബിളദ്ധ്യയനം ആരംഭിച്ചു. സഹോദരൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം അവിടെ ചെല്ലത്തക്കവണ്ണമാണ് അത് ക്രമീകരിച്ചത്. പിന്നീടുള്ള ആഴ്ചകളിൽ ആ മമനുഷ്യന്റെ ‘വീണ്ടും ജനിച്ച ക്രിസ്ത്യാനി’യായ കൂട്ടുകാരി ബൈബിൾചോദ്യങ്ങൾ ചോദിച്ചുകൊണ്ട് കുറിപ്പുകളയച്ചുതുടങ്ങി. ഒടുവിൽ അവളും അദ്ധ്യയനത്തിനു ചേർന്നു, അതോടൊപ്പം ആ മമനുഷ്യന്റെ ബിസിനസ് പങ്കാളിയും പരിണാമവാദിയായിരുന്ന സ്നേഹിതനും.
ഓരോ ആഴ്ചയിലും രണ്ടാമത്തെ അദ്ധ്യയനം പാർക്കിൽവെച്ച് നടത്തിക്കൊണ്ട് അവർ ബൈബിളദ്ധ്യയനങ്ങൾ അഞ്ച് മാസത്തേക്കു തുടർന്നു. പിന്നീട് സെക്രട്ടറിയുടെ സ്നേഹിതനും അദ്ധ്യയനത്തിൽ ചേർന്നു. അധികം താമസിയാതെ ആദ്യത്തെ ആളുടെ പങ്കാളിയും അദ്ദേഹത്തിന്റെ സ്നേഹിതനും ഐക്യനാടുകളിലെ ഇഡാഹോയിലേക്കു സ്ഥലംമാറിപ്പോയി. അവിടെ അവർ അദ്ധ്യയനം തുടർന്നു. കുറെ ആഴ്ചകൾ കഴിഞ്ഞ് ആദ്യത്തെ മനുഷ്യനെ തികച്ചും അപരിചിതനായ ഒരാൾ സമീപിച്ചുകൊണ്ട് പാർക്കിലെ ബൈബിൾ ചർച്ചകൾക്ക് എന്തു സംഭവിച്ചുവെന്ന് ചോദിച്ചു. അദ്ദേഹം അവരുടെ അദ്ധ്യയനങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നതായി തോന്നി. അദ്ദേഹത്തിനും പഠിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു.
ഇതിന്റെയെല്ലാം ഫലമെന്തായിരുന്നു? പാർക്കിൽ വച്ചുള്ള ആദ്യ കൂടിക്കാഴ്ചക്ക് 18 മാസത്തിനുശേഷം ആദ്യത്തെ മനുഷ്യനും മുമ്പ് ‘വീണ്ടും ജനിച്ച ക്രിസ്ത്യാനി’യായിരുന്ന അദ്ദേഹത്തിന്റെ സ്നേഹിതയും വിവാഹിതരായി സ്നാപനമേററു. സെക്രട്ടറിയും അവളുടെ സ്നേഹിതനും വിവാഹിതരാവുകയും സ്നാപനമേൽക്കുകയും ചെയ്തു. ഐക്യനാടുകളിലേക്കു പോയ ബിസിനസ്പങ്കാളിയും അദ്ദേഹത്തിന്റെ സ്നേഹിതനും സ്നാപനമേററു. അവരിലൊരാൾ നിരന്തരമായി സഹായപയനിയർസേവനം ചെയ്തുകൊണ്ടിരിക്കുന്നു. പാർക്കിലെ ബൈബിൾചർച്ചകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നയാൾ അദ്ധ്യയനം തുടർന്നു. പിന്നീട് അയാൾ അയർലണ്ടിലേക്കു പോയി, അവിടെ സ്നാപനമേൽക്കുന്നതിന് നോക്കിപ്പാർത്തിരിക്കുകയായിരുന്നു!
ഇതെല്ലാം സംഭവിച്ചത് ഒരു സഹോദരൻ ഭക്ഷണത്തിനുള്ള ഇടവേള അനൗപചാരിക സാക്ഷീകരണത്തിന് പ്രയോജനപ്പെടുത്തിയതുകൊണ്ടും യഹോവ അയാളുടെ ശ്രമങ്ങളെ അനുഗ്രഹിച്ചതുകൊണ്ടുമായിരുന്നു. അതുപോലെ യഹോവയുടെ രാജ്യസന്ദേശത്തിനുവേണ്ടി വിശക്കുന്നവരിലേക്ക് സുവാർത്ത വ്യാപിപ്പിക്കുന്നതിന് നമുക്ക് ഏതവസരവും പ്രയോജനപ്പെടുത്താം! (w90 6⁄1)
[അടിക്കുറിപ്പ്]
a വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയത്.