ദൈവത്തിലും ക്രിസ്തുവിലും വിശ്വാസം നിലനിർത്തുക
കൊലോസ്യരിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവയാം ദൈവത്തിലും യേശുക്രിസ്തുവിലുമുള്ള വിശ്വാസം രക്ഷക്കു ജീവൽ പ്രധാനമാണ്. എന്നാൽ അങ്ങനെയുള്ള വിശ്വാസം നിലനിർത്തുന്നത് ഒരു വെല്ലുവിളിയാണ്. അത് ഏഷ്യാമൈനറിലെ എഫേസൂസിനു കിഴക്കുള്ള ഒരു നഗരമായിരുന്ന കൊലോസ്സിയിലെ ക്രിസ്ത്യാനികൾക്കങ്ങനെയായിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവിടത്തെ വ്യാജോപദേഷ്ടാക്കൾ രക്ഷ പരിച്ഛേദനയിലും ഒരുവന്റെ ആഹാരത്തിലും ചില അനുഷ്ഠാനങ്ങളിലും ആശ്രയിച്ചിരിക്കുന്നുവെന്ന് തെററായി വിശ്വസിച്ചു.
അപ്പോൾ, കൊലോസ്സിയിലെ ക്രിസ്ത്യാനികളുടെ ആത്മീയ ക്ഷേമത്തിൽ അപ്പോസ്തലനായ പൗലോസ് തത്പരനായിരുന്നത് മനസ്സിലാക്കാവുന്നതേയുള്ളു. തീർച്ചയായും അവർ ദൈവത്തിലും ക്രിസ്തുവിലുമുള്ള തങ്ങളുടെ വിശ്വാസം നിലനിർത്താൻ അവൻ ആഗ്രഹിച്ചു. അതുകൊണ്ട് അപ്പോസ്തലന്റെ റോമിലെ ആദ്യത്തെ തടവുവാസത്തിന്റെ അവസാനത്തോടടുത്ത് (ക്രി.വ. ഏതാണ്ട് 60-61ൽ) തെററായ വീക്ഷണങ്ങളെ നേരിടുന്നതിനും കൊലോസ്യരുടെ വിശ്വാസത്തെ കെട്ടുപണിചെയ്യുന്നതിനുമായി അവൻ അവർക്ക് ഒരു ലേഖനമെഴുതി. അവന്റെ സ്നേഹപൂർവകമായ വാക്കുകളിൽനിന്ന് നമുക്കും എങ്ങനെ പ്രയോജനം നേടാമെന്ന് നമുക്കു കാണാം.
ക്രിസ്തുവിന്റെ സ്ഥാനത്തെ വിലമതിക്കുക
പൗലോസ് തന്റെ ലേഖനത്തിന്റെ പ്രാരംഭത്തിൽത്തന്നെ യേശുവിന്റെ സ്ഥാനത്തോടുള്ള വിലമതിപ്പിനെ പ്രദീപ്തമാക്കി. (കൊലോസ്യർ 1:1–2:12) ക്രിസ്തുവിനോടുള്ള ബന്ധത്തിലുള്ള കൊലോസ്യരുടെ വിശ്വാസത്തിനും സഹവിശ്വാസികളോടുള്ള അവരുടെ സ്നേഹത്തിനും അവൻ അവരെ അനുമോദിച്ചു. സകലവും സൃഷ്ടിക്കപ്പെട്ടത് ആരിലൂടെയാണോ ആ ഏകനും സഭയുടെ ശിരസ്സും മരിച്ചവരിൽനിന്നുള്ള ആദ്യജാതനുമായ ക്രിസ്തുവിന്റെ പ്രാമുഖ്യത പൗലോസ് എടുത്തുപറഞ്ഞു. ദൈവത്തോടുള്ള നിരപ്പ് ക്രിസ്തുവിലൂടെയാണ് സാധിതമാകുന്നത്, അവനിലാണ് ജ്ഞാനത്തിന്റെയും അറിവിന്റെയും സകല നിക്ഷേപങ്ങളും ഗോപനം ചെയ്തിരിക്കുന്നത്. ഇതിന്റെയെല്ലാം വീക്ഷണത്തിൽ, ക്രിസ്ത്യാനികൾ ക്രിസ്തുവിനോടുള്ള ഐക്യത്തിൽ തുടർന്നു നടക്കുകയും മാനുഷ തത്വശാസ്ത്രത്താൽ ആരും തങ്ങളെ ഇരയായി വലിച്ചുകൊണ്ടുപോകാൻ അനുവദിക്കാതിരിക്കുകയും വേണം.
ദൈവം ക്രിസ്തുവിലൂടെ ന്യായപ്രമാണത്തെ വഴിയിൽ നിന്ന് നീക്കം ചെയ്തു. (2:13-23) യേശു മരിച്ച സ്തംഭത്തിൽ അത് ആലങ്കാരികമായി തറക്കപ്പെട്ടു. ന്യായപ്രമാണത്തിലെ വ്യവസ്ഥകൾ കേവലം “വരാനുള്ള നൻമകളുടെ നിഴലായിരുന്നു, എന്നാൽ യാഥാർത്ഥ്യം ക്രിസ്തുവിനുള്ളതാണ്.” ക്രിസ്തുവിനെ മുറുകെ പിടിക്കുന്നതിനാൽ സ്വർഗ്ഗത്തിലെ അമർത്ത്യജീവനാകുന്ന സമ്മാനം തങ്ങളിൽനിന്ന് കവർന്നുകളയാൻ അവർ ആരെയും അനുവദിക്കയില്ല.
ദൈവത്തെയും ക്രിസ്തുവിനെയും വിലമതിക്കുക
അടുത്തതായി പുതിയ വ്യക്തിത്വം ധരിക്കാനും യേശുവിന്റെ അധികാരത്തിനു കീഴ്പ്പെടാനും അവൻ കൊലോസ്യരെ പ്രോൽസാഹിപ്പിച്ചു. (3:1-17) അവരുടെ മനസ്സുകൾ മീതെയുള്ളവയിൽ പതിപ്പിക്കുന്നതിനാൽ അവർ തങ്ങളുടെ ജീവിതത്തിൽ ആത്മീയ താൽപ്പര്യങ്ങൾക്ക് മുൻഗണന കൊടുക്കുന്നതായിരിക്കും. ഇത് തെററായ മനോഭാവങ്ങളും സംസാരവും ദൂരീകരിക്കേണ്ടത് ആവശ്യമാക്കിത്തീർത്തു. അവർ സഹാനുഭൂതി, മനസ്സിന്റെ എളിമ, സ്നേഹം എന്നിങ്ങനെയുള്ള ഗുണങ്ങൾ ധരിക്കുന്നുവെങ്കിൽ എത്ര അനുഗൃഹീതരായിരിക്കും! അവർ യേശുവിലൂടെ ദൈവത്തിനു നന്ദി കൊടുത്തുകൊണ്ട് എല്ലാം അവന്റെ നാമത്തിൽ ചെയ്യുന്നുവെങ്കിൽ, ക്രിസ്തുവിന്റെ സ്നേഹം അവരുടെ ഹൃദയങ്ങളെ ഭരിക്കും.
യഹോവയാം ദൈവത്തോടും യേശുക്രിസ്തുവിനോടും ഉള്ള വിലമതിപ്പ് മററുള്ളവരോടുള്ള ക്രിസ്ത്യാനികളുടെ ബന്ധങ്ങളെയും സ്വാധീനിക്കേണ്ടതാണ്. (3:18–4:18) ഭാര്യമാരും ഭർത്താക്കൻമാരും കുട്ടികളും അടിമകളും യജമാനൻമാരും ക്രിസ്തുവിനെ അംഗീകരിച്ചുകൊണ്ടും ദൈവഭയത്തിലും തങ്ങളുടെ കർത്തവ്യങ്ങൾ നിറവേറേറണ്ടതാണ്. പ്രാർത്ഥനയിൽ ഉററിരിക്കേണ്ടതും ജ്ഞാനപൂർവം നടക്കേണ്ടതും എത്രയാവശ്യമാണ്!
കൊലോസ്യർക്കുള്ള പൗലോസിന്റെ ലേഖനത്തിന് ജീവന്റെ സമ്മാനം നമ്മിൽനിന്നു കവർന്നുകളയുന്ന വ്യാജോപദേഷ്ടാക്കളെ ഒഴിവാക്കുന്നതിനു നമ്മെ സഹായിക്കാൻ കഴിയും. യഹോവയുടെയും അവന്റെ പുത്രന്റെയും അധികാരത്തെ അംഗീകരിക്കുന്നതു സംബന്ധിച്ച അപ്പോസ്തലന്റെ ഊന്നലിന് മററുള്ളവരിലുള്ള നമ്മുടെ ഇടപെടലുകളിൻമേൽ ഒരു നല്ല സ്വാധീനമുണ്ടായിരിക്കാൻ കഴിയും. നാം ദൈവത്തിലും ക്രിസ്തുവിലുമുള്ള നമ്മുടെ വിശ്വാസം നിലനിർത്തുന്നുവെങ്കിൽ നമുക്ക് സമൃദ്ധമായ അനുഗ്രഹങ്ങളുടെ ഉറപ്പുണ്ട്. (w90 11⁄15)
[32-ാം പേജിലെ ചതുരം/ചിത്രം]
ലവോദിക്യക്കാർക്കുള്ള ലേഖനം: “നിങ്ങളുടെയിടയിൽ ഈ ലേഖനം വായിക്കപ്പെട്ടശേഷം അത് ലവോദിക്യക്കാരുടെ സഭയിലും വായിക്കപ്പെടാനും നിങ്ങൾ ലവോദിക്യയിൽനിന്നുള്ളതും വായിക്കാനും ക്രമീകരിക്കുക” എന്ന് പൗലോസ് കൊലോസ്യർക്കെഴുതി. (കൊലോസ്യർ 4:16) ലവോദിക്യ പശ്ചിമ ഏഷ്യാമൈനറിലെ ഒരു സമ്പന്ന നഗരമായിരുന്നു. അത് ഫിലദൽഫിയ, എഫേസൂസ് എന്നിങ്ങനെയുള്ള നഗരങ്ങളുമായി റോഡുമാർഗ്ഗം ബന്ധിപ്പിക്കപ്പെട്ടിരുന്നു. എഫേസൂസിലെ പൗലോസിന്റെ വേല ലവോദിക്യയോളം എത്തിയിരിക്കാൻ ഇടയുണ്ട്, എങ്കിലും അവൻ അവിടെ ശുശ്രൂഷ ചെയ്തില്ല. അവൻ ലവോദിക്യക്രിസ്ത്യാനികൾക്ക് ഒരു ലേഖനം അയച്ചു, എന്നാൽ അത് അവൻ എഫേസ്യർക്കെഴുതിയതിന്റെ ഒരു പകർപ്പായിരുന്നുവെന്ന് ചില പണ്ഡിതൻമാർ വിശ്വസിക്കുന്നു. ലവോദിക്യക്കാർക്കുള്ള ലേഖനം ബൈബിളിൽ കാണപ്പെടുന്നില്ല, അതിനു കാരണം ഒരുപക്ഷേ ഇന്നു നമുക്കാവശ്യമുള്ള വിവരങ്ങൾ അതിൽ ഇല്ലായിരുന്നു, അല്ലെങ്കിൽ ഒരുപക്ഷേ മററു കാനോനിക ലേഖനങ്ങളിൽ ഉള്ള ആശയങ്ങൾ അതിൽ ആവർത്തിച്ചിരുന്നു എന്നതായിരുന്നു.
[ചിത്രം]
വോദിക്യയിലെ ശൂന്യശിഷ്ടങ്ങൾ