യഹോവയുടെ ദിവസത്തിനുവേണ്ടി ഒരുങ്ങിയിരിക്കുക!
ഒന്നു തെസ്സലോനീക്യരിൽനിന്നുള്ള സവിശേഷാശയങ്ങൾ
യഹോവയുടെ ദിവസം! പുരാതന തെസ്സലോനീക്യയിലെ ക്രിസ്ത്യാനികൾ അത് ആസന്നമാണെന്ന് വിചാരിച്ചു. അവരുടെ വിചാരം ശരിയായിരുന്നോ? അത് എപ്പോൾ വരുമായിരുന്നു? അതായിരുന്നു നമ്മുടെ പൊതുയുഗത്തിന്റെ 50-ാമാണ്ടോടടുത്ത് കൊരിന്തിൽനിന്ന് അപ്പോസ്തലനായ പൗലോസ് തെസ്സലോനീക്യർക്കയച്ച ആദ്യത്തെ ലേഖനത്തിൽ കൈകാര്യംചെയ്തിരുന്ന ജീവൽപ്രധാനമായ ഒരു വിഷയം.
റോമൻ പ്രോവിൻസായിരുന്ന മാസിഡോണിയായുടെ ഭരണാസ്ഥാനമായിരുന്ന തെസ്സലോനീക്യയിൽ പൗലോസും ശീലാസുംകൂടെയായിരുന്നു ക്രിസ്തീയസഭ സ്ഥാപിച്ചത്. (പ്രവൃത്തികൾ 17:1-4) പിന്നീട് തെസ്സലോനീക്യർക്കുള്ള തന്റെ ഒന്നാമത്തെ ലേഖനത്തിൽ പൗലോസ് അഭിനന്ദിക്കുകയും ഗുണദോഷിക്കുകയും യഹോവയുടെ ദിവസത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. നമുക്കും ഈ ലേഖനത്തിൽനിന്ന് പ്രയോജനം അനുഭവിക്കാൻ കഴിയും, വിശേഷിച്ച് യഹോവയുടെ ദിവസം വളരെ അടുത്തുവന്നിരിക്കുന്ന ഇപ്പോൾ.
അഭിനന്ദിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക
പൗലോസ് ആദ്യമായി തെസ്സലോനീക്യരെ അഭിനന്ദിച്ചു. (1 തെസ്സലോനീക്യർ 1:1-10) അഭിനന്ദനം അവരുടെ വിശ്വസ്തപ്രവർത്തനത്തിനും സഹിഷ്ണുതക്കുംവേണ്ടിയായിരുന്നു. അവർ “വചനം വളരെ ഉപദ്രവത്തിൻകീഴിൽ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ സ്വീകരിച്ചു” എന്നതും അഭിനന്ദനാർഹമായിരുന്നു. പൗലോസ് ചെയ്തതുപോലെ നിങ്ങളും മററുള്ളവരെ അഭിനന്ദിക്കുന്നുവോ?
അപ്പോസ്തലൻ ഒരു നല്ല മാതൃക വെച്ചിരുന്നു. (2:1-12) ഫിലിപ്പിയായിൽ അപമര്യാദയായ പെരുമാററമുണ്ടായെങ്കിലും അവൻ തെസ്സലോനീക്യരോട് ‘സുവാർത്ത പ്രസംഗിക്കുന്നതിന് ദൈവത്തിന്റെ സഹായത്തോടെ ധൈര്യം സംഭരിച്ചു.’ അവൻ മുഖസ്തുതിയെയും അതിമോഹത്തെയും മഹത്വാന്വേഷണത്തെയും വെറുത്തിരുന്നു. പൗലോസ് ഒരു ചെലവേറിയ ഭാരമായിത്തീർന്നിരുന്നില്ല, പകരം മുലയൂട്ടുന്ന അമ്മ തന്റെ ശിശുവിനോട് ഇടപെടുന്നതുപോലെ, അവരോട് ശാന്തനായിരുന്നു. ഇന്നത്തെ മൂപ്പൻമാർക്ക് എത്ര നല്ല ദൃഷ്ടാന്തം!
പൗലോസിന്റെ അടുത്ത വാക്കുകൾ പീഡിപ്പിക്കപ്പെടുമ്പോൾ ഉറച്ചുനിൽക്കുന്നതിന് തെസ്സലോനീക്യരെ പ്രോൽസാഹിപ്പിച്ചു. (2:13–3:13) അവർ തങ്ങളുടെ സ്വദേശക്കാരാലുള്ള പീഡനത്തെ സഹിച്ചു, തിമൊഥെയോസ് പൗലോസിന് അവരുടെ നല്ല ആത്മീയാവസ്ഥയെക്കുറിച്ചുള്ള ഒരു നല്ല റിപ്പോർട്ട് കൊണ്ടുചെന്നുകൊടുത്തു. അപ്പോസ്തലൻ അവർ സ്നേഹത്തിൽ പെരുകിവരുന്നതിനും അവരുടെ ഹൃദയം ഉറപ്പുള്ളതാകുന്നതിനുംവേണ്ടി പ്രാർത്ഥിച്ചു. സമാനമായി ഇപ്പോൾ യഹോവയുടെ സാക്ഷികൾ പീഡിപ്പിക്കപ്പെടുന്ന സഹവിശ്വാസികൾക്കുവേണ്ടി പ്രാർത്ഥിക്കുകയും സാധ്യമെങ്കിൽ അവരെ പ്രോൽസാഹിപ്പിക്കുകയും അവരുടെ വിശ്വസ്തതസംബന്ധിച്ച റിപ്പോർട്ടുകളിൽ സന്തോഷിക്കുകയും ചെയ്യുന്നു.
ആത്മീയമായി ഉണർവുള്ളവരായി നിലനിൽക്കുക!
അടുത്തതായി തെസ്സലോനീക്യർക്ക് ബുദ്ധിയുപദേശം ലഭിച്ചു. (4:1-18) അവർ കൂടുതൽ സഹോദരസ്നേഹം പ്രകടമാക്കിക്കൊണ്ടും അവരുടെ ആവശ്യങ്ങൾ നിറവേററുന്നതിനുവേണ്ടി തങ്ങളുടെ കൈകൊണ്ട് വേലചെയ്തുകൊണ്ടും അധികം പൂർണ്ണമായി ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ഗതിയിൽ നടക്കേണ്ടതായിരുന്നു. കൂടാതെ, യേശുവിന്റെ സാന്നിദ്ധ്യത്തിങ്കൽ, ആത്മജനനംപ്രാപിച്ച് മരിച്ചുപോയ വിശ്വാസികൾ ആദ്യം ഉയിർക്കുകയും അവനോടു ചേരുകയും ചെയ്യുമെന്നുള്ള പ്രത്യാശയാൽ അവർ പരസ്പരം ആശ്വസിപ്പിക്കേണ്ടതായിരുന്നു. അതിനുശേഷം അതിജീവിക്കുന്ന അഭിഷിക്തർ മരിക്കുമ്പോൾത്തന്നെ പുനരുത്ഥാനം പ്രാപിച്ച് ക്രിസ്തുവിനോടും സ്വർഗ്ഗീയജീവനിലേക്ക് നേരത്തേതന്നെ പുനരുത്ഥാനംപ്രാപിച്ചവരോടും ചേരും.
പൗലോസ് അടുത്തതായി യഹോവയുടെ ദിവസത്തെസംബന്ധിച്ച് ചർച്ചചെയ്യുകയും കൂടുതൽ ബുദ്ധിയുപദേശം കൊടുക്കുകയും ചെയ്തു. (5:1-28) യഹോവയുടെ ദിവസം ഒരു കള്ളനെപ്പോലെ, “സമാധാനവും സുരക്ഷിതത്വവും!” എന്ന പ്രഖ്യാപനത്തിനുശേഷം പെട്ടെന്നുള്ള നാശത്തോടെ നിശ്ചയമായും വരുമായിരുന്നു. അതുകൊണ്ട് തെസ്സലോനീക്യയിലുള്ളവർ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന ഹെൽമററുംകൊണ്ട് സംരക്ഷിതരായി ആത്മീയ ഉണർവുള്ളവരായി സ്ഥിതിചെയ്യണമായിരുന്നു. അവർക്ക് സഭയിൽ ആദ്ധ്യക്ഷംവഹിക്കുന്നവരോട് ആഴമായ ബഹുമാനം ഉണ്ടായിരിക്കണമായിരുന്നു, നമ്മേപ്പോലെ ദുഷ്ടതയിൽനിന്ന് ഒഴിഞ്ഞിരിക്കുകയും വേണമായിരുന്നു.
തെസ്സലോനീക്യർക്കുള്ള പൗലോസിന്റെ ആദ്യത്തെ ലേഖനം സഹവിശ്വാസികൾക്ക് അഭിനന്ദനവും പ്രോൽസാഹനവും നൽകുന്നതിന് നമ്മെ പ്രേരിപ്പിക്കണം. അത് നമ്മെ നടത്തയിലും മനോഭാവത്തിലും മാതൃകായോഗ്യരായിരിക്കുന്നതിനും പ്രേരിപ്പിക്കണം. നിശ്ചയമായും അതിലെ ബുദ്ധിയുപദേശത്തിന് നമ്മെ യഹോവയുടെ ദിവസത്തിനുവേണ്ടി ഒരുങ്ങിയിരിക്കുന്നതിന് സഹായിക്കാൻ കഴിയും. (w91 1⁄15)
[31-ാം പേജിലെ ചതുരം/ചിത്രം]
കവചവും ഹെൽമററും: ആത്മീയ ഉണർവിനു പ്രേരിപ്പിച്ചുകൊണ്ട് പൗലോസ് എഴുതി: “നമ്മുക്ക് സുബോധം നിലനിർത്തുകയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന ഹെൽമററും ധരിക്കുകയും ചെയ്യാം.” (1 തെസ്സലോനീക്യർ 5:8) ഒരു കവചം പടയാളിയുടെ, തകിടോടുകൂടിയ മാർസംരക്ഷണമായിരുന്നു, അതിൽ ശൽക്കങ്ങളോ ചങ്ങലകളോ ഉറപ്പുള്ള ലോഹമോ ഉണ്ടായിരുന്നു. അതുപോലെ വിശ്വാസത്തിന്റെ കവചം നമ്മെ ആത്മീയമായി സംരക്ഷിക്കുന്നു. പുരാതന ഹെൽമററ് സംബന്ധിച്ചെന്ത്? സാധാരണയായി ലോഹം കൊണ്ട് നിർമ്മിക്കപ്പെട്ട അത്, യുദ്ധസമയത്ത് ഒരു പോരാളിയെ സംരക്ഷിക്കുന്നതിനുവേണ്ടി രൂപകൽപ്പനചെയ്ത ഒരു പട്ടാളശിരോവസ്ത്രമായിരുന്നു. ഒരു ഹെൽമററ് പോരാളിയുടെ തലയെ സംരക്ഷിച്ചിരുന്നതുപോലെ രക്ഷസംബന്ധിച്ച പ്രത്യാശ നിർമ്മലതപാലിക്കാൻ ഒരു ക്രിസ്ത്യാനിയെ സഹായിച്ചുകൊണ്ട് മാനസികപ്രാപ്തികളെ സംരക്ഷിക്കുന്നു. യഹോവയുടെ ജനം അത്തരം ആത്മീയ പടച്ചട്ട ധരിക്കുന്നത് എത്ര ജീവൽപ്രധാനമാണ്!—എഫേസ്യർ 6:11-17.