ദൈവദത്തമായ ശക്തിയിൽ ആശ്രയിക്കുക
രണ്ടു തിമൊഥെയോസിൽനിന്നുള്ള വിശേഷാശയങ്ങൾ
പരിശോധനകളും പീഡനങ്ങളും സഹിച്ചുനിൽക്കുന്നതിനുള്ള ശക്തി യഹോവ തന്റെ ദാസൻമാർക്കു നൽകുന്നു. തിമൊഥെയോസിനും മററു ക്രിസ്ത്യാനികൾക്കും ദൈവദത്തമായ ശക്തി എത്ര ആവശ്യമായിരുന്നു! ക്രി.വ. 64-ൽ ഒരു തീ റോമിനെ നശിപ്പിച്ചു, നീറോചക്രവർത്തിയാണ് അതിന് ഉത്തരവാദിയെന്ന് കിംവദന്തി പരന്നിരുന്നു. അയാളെത്തന്നെ സംരക്ഷിക്കുന്നതിന് അയാൾ ക്രിസ്ത്യാനികളുടെമേൽ കുററംവെച്ചു. അത് പ്രത്യക്ഷത്തിൽ പീഡനത്തിന്റെ ഒരു അലയടിക്കുന്നതിന് പ്രേരകമായി. സാധ്യതയനുസരിച്ച് ആ സമയത്ത് (ക്രി.വ. ഉദ്ദേശം 65), അപ്പോസ്തലനായ പൗലോസ് വീണ്ടും റോമിൽ തടവിലടയ്ക്കപ്പെട്ടു. മരണത്തെ അഭിമുഖീകരിക്കുകയായിരുന്നെങ്കിലും അവൻ അപ്പോൾ തിമൊഥെയോസിനുള്ള രണ്ടാമത്തെ ലേഖനം എഴുതി.
പൗലോസിന്റെ ലേഖനം വിശ്വാസത്യാഗികളെ ചെറുക്കുന്നതിനും പീഡനത്തിൻമദ്ധ്യെ ഉറച്ചുനിൽക്കുന്നതിനും തിമൊഥെയോസിനെ ഒരുക്കി. അത് അവനെ ആത്മീയമായി പുരോഗതിപ്രാപിച്ചുകൊണ്ടിരിക്കാൻ പ്രോത്സാഹിപ്പിക്കുകയും പൗലോസിന്റെ തടവിലെ അവസ്ഥകളെ സംബന്ധിച്ച് പറയുകയും ചെയ്തു. ഈ ലേഖനം വായനക്കാരെയും ദൈവദത്തമായ ശക്തിയിൽ ആശ്രയിക്കുന്നതിന് സഹായിക്കുന്നു.
തിൻമ സഹിക്കുകയും സൗമ്യതയോടെ പഠിപ്പിക്കുകയും ചെയ്യുക
സുവാർത്തയുടെ പ്രഘോഷകർ എന്ന നിലയിൽ പീഡനം സഹിക്കുന്നതിന് ദൈവം ശക്തി പകരുന്നു. (2 തിമൊഥെയോസ് 1:1-18) പൗലോസ് തന്റെ പ്രാർത്ഥനയിൽ ഒരിക്കലും തിമൊഥെയോസിനെ മറന്നില്ല, അവൻ അവന്റെ നിഷ്കപടമായ വിശ്വാസത്തെ ഓർക്കുകയും ചെയ്തു. ദൈവം തിമൊഥെയോസിന് ‘ഭീരുത്വത്തിന്റെ ആത്മാവിനെയല്ല, പിന്നെയോ ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയാണ്’ കൊടുത്തത്. അതുകൊണ്ട് അവൻ സാക്ഷീകരിക്കുന്നതിലും സുവാർത്തക്കുവേണ്ടി തിൻമ സഹിക്കുന്നതിലും ലജ്ജയില്ലാത്തവനായിരിക്കട്ടെ. കൂടാതെ അവൻ പൗലോസിൽനിന്ന് കേട്ട “ആരോഗ്യകരമായ വചനത്തിന്റെ മാതൃകയെ പിടിച്ചുകൊണ്ടിരിക്കാ”നും പ്രേരിപ്പിക്കപ്പെട്ടു, യഥാർത്ഥ ക്രിസ്തീയ സത്യത്തിൽനിന്ന് മാറിപ്പോയാലും നാം അതിനോട് കർശനമായി പററിനിൽക്കണമല്ലോ.
പൗലോസ് പഠിപ്പിച്ച കാര്യങ്ങൾ മററുള്ളവരെ പഠിപ്പിക്കുന്ന വിശ്വസ്ത പുരുഷൻമാരെ ഭരമേൽപ്പിക്കണമായിരുന്നു. (2:1-26) തിമൊഥെയോസ് തിൻമ സഹിക്കുമ്പോൾ വിശ്വസ്തനായിരുന്നുകൊണ്ട് ക്രിസ്തുവിന്റെ നല്ല ഒരു ഭടനായിരിക്കുന്നതിന് പ്രോൽസാഹിപ്പിക്കപ്പെട്ടു. പൗലോസ്തന്നെയും സുവാർത്ത പ്രസംഗിച്ചതിന് ജയിൽശിക്ഷ അനുഭവിച്ചു. വിശുദ്ധമായതിനെ അശുദ്ധമാക്കുന്ന വ്യർത്ഥസംസാരത്തെ വർജ്ജിച്ചുകൊണ്ട് ദൈവത്തിന്റെ ഒരു അംഗീകൃത വേലക്കാരനായിരിക്കാൻ അവന്റെ പരമാവധി പ്രവർത്തിക്കാൻ അവൻ തിമൊഥെയോസിനെ പ്രോത്സാഹിപ്പിച്ചു. കർത്താവിന്റെ ഒരു അടിമ മററുള്ളവരെ സൗമ്യതയോടെ പ്രബോധിപ്പിക്കണമെന്നും അവനോട് പറയപ്പെട്ടു.
വചനം പ്രസംഗിക്ക!
അന്ത്യനാളുകളെ അഭിമുഖീകരിക്കുന്നതിനും തിരുവെഴുത്തു സത്യത്തോട് പററിനിൽക്കുന്നതിനും ദൈവദത്തമായ ശക്തി ആവശ്യമാണ്. (3:1-17) ‘എല്ലായ്പ്പോഴും പഠിക്കുന്നവരെങ്കിലും സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിൽ എത്താൻ ഒരിക്കലും സാധിക്കാത്ത’ ആളുകൾ ഭക്തികെട്ടവരുടെ ഇടയിൽനിന്ന് എഴുന്നേൽക്കും. അത്തരം ‘ദുഷ്ടമനുഷ്യരും വഞ്ചകൻമാരും വഴിതെററിച്ചും വഴിതെററിക്കപ്പെട്ടും തിൻമയിൽനിന്ന് അധികം തിൻമയിലേക്ക് മുതിർന്നുവരും.’ എന്നിരുന്നാലും തിമൊഥെയോസ് ‘താൻ പഠിച്ച കാര്യങ്ങളിൽ തുടരണ’മായിരുന്നു. അതുപോലെ, ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും ദൈവത്തിന്റെ മനുഷ്യൻ പൂർണ്ണമായി യോഗ്യതപ്രാപിക്കുന്നതിനും സകല സൽപ്രവൃത്തിക്കും പൂർണ്ണമായി സജ്ജനാകുന്നതിനും പഠിപ്പിക്കലിനും ശാസിക്കലിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം നൽകുന്നതിനും പ്രയോജനമുള്ളതാകുന്നു’ എന്നറിഞ്ഞുകൊണ്ട് നാമും അങ്ങനെതന്നെ തുടരണം.
തിമൊഥെയോസ് വിശ്വാസത്യാഗികളെ ചെറുക്കുകയും അവന്റെ ശുശ്രൂഷ നിറവേററുകയും ചെയ്യണമായിരുന്നു. (4:1-22) അവന്, ‘വചനം പ്രസംഗിച്ചുകൊണ്ടും’ അതിൽ പിടിച്ചുനിന്നുകൊണ്ടും അപ്രകാരം ചെയ്യാൻ കഴിയുമായിരുന്നു. ചിലർ വ്യാജോപദേശം പഠിപ്പിച്ചിരുന്നതുകൊണ്ട് സഭ “ഉപദ്രവകരമായ ഒരു കാലഘട്ടത്തെ” അഭിമുഖീകരിച്ചതിനാൽ ഇതു ജീവൽപ്രധാനമായിരുന്നു. യഹോവയുടെ സാക്ഷികളും ഇന്ന് ദൈവത്തിന്റെ വചനം സഭക്കുള്ളിലും പുറത്തുള്ളവരോടും, പ്രതികൂലസാഹചര്യങ്ങളിൽപോലും, അടിയന്തിരതയോടെ പ്രസംഗിച്ചുകൊണ്ട് അതിനോട് പററിനിൽക്കുന്നു. പൗലോസ് ചിലരാൽ ഉപേക്ഷിക്കപ്പെട്ടെങ്കിലും അവൻ “വിശ്വാസം കാത്തു.” എന്നാൽ ‘അവൻ മുഖാന്തരം പ്രസംഗം പൂർണ്ണമായി നിറവേററപ്പെടേണ്ടതിന് കർത്താവ് അവനിൽ ശക്തി പകർന്നു.’ നമുക്കും ദൈവദത്തമായ ശക്തിയിൽ ആശ്രയിക്കുകയും സുവാർത്ത പ്രസംഗിക്കുന്നതിൽ തുടരുകയും ചെയ്യാം. (w91 1⁄15)
[28-ാം പേജിലെ ചതുരം/ചിത്രം]
ഒരു നല്ല പടയാളി: പൗലോസ് തിമൊഥെയോസിനെ ഇപ്രകാരം പ്രോൽസാഹിപ്പിച്ചു: “യേശുക്രിസ്തുവിന്റെ ഒരു നല്ല പടയാളി എന്ന നിലയിൽ തിൻമ സഹിക്കുന്നതിൽ നിന്റെ പങ്കു വഹിക്കുക. ഒരു പടയാളിയായി സേവിക്കുന്ന യാതൊരു മനുഷ്യനും അയാളെ ഒരു പടയാളിയായി പേർചാർത്തിയ ആളുടെ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി ജീവിതത്തിലെ വ്യാപാരകാര്യങ്ങളിൽ ഉൾപ്പെടുന്നില്ല.” (2 തിമൊഥെയോസ് 2:3, 4) ഒരു റോമൻ കാലാൾപടയാളി ഭാരിച്ച ആയുധങ്ങൾ, ഒരു കോടാലി, ഒരു കുട്ട, മൂന്നുദിവസത്തേക്കുള്ള റേഷൻ, മററ് വസ്തുക്കൾ എന്നിവ വഹിച്ചുകൊണ്ടു പോകുമ്പോൾ ‘തിൻമ സഹിക്കുന്നു.’ (ജോസീഫസിന്റെ വാർസ് ഓഫ് ദി ജ്യൂസ്, പുസ്തകം 3, അദ്ധ്യായം 5) അയാൾ വാണിജ്യപരമായ താൽപ്പര്യങ്ങളെ പിൻതുടർന്നില്ല, എന്തുകൊണ്ടെന്നാൽ അത് അയാളുടെ മേലധികാരിയെ പ്രീതിപ്പെടുത്തുകയില്ലായിരുന്നു, അയാളുടെ ചെലവുകൾ വഹിക്കപ്പെട്ടിരുന്നു. അതുപോലെ, ഒരു ക്രിസ്ത്യാനി “ക്രിസ്തുവിന്റെ ഒരു നല്ല പടയാളി” ആയിരിക്കുന്നതിനോട് ബന്ധപ്പെട്ട പീഡാനുഭവങ്ങൾ സഹിക്കുന്നു. അയാൾ തിരുവെഴുത്തുപരമായ കടപ്പാടുകൾ നിറവേററുന്നതിന് ലൗകികജോലി ചെയ്താൽതന്നെ അയാൾ ആത്മീയപോരാട്ടം നിർത്തിക്കളയാൻ ഭൗതികകാര്യങ്ങളിലെ അനുചിതമായ ഉൾപ്പെടലിനെ അനുവദിക്കരുത്. (1 തെസ്സലോനിക്യർ 2:9) വീടുതോറും സാക്ഷീകരിച്ചുകൊണ്ട്, അയാൾ “ആത്മാവിന്റെ വാൾ, അതായത്, ദൈവത്തിന്റെ വചനം” പ്രയോഗിക്കുകയും മതപരമായ തെററിൽനിന്ന് സ്വതന്ത്രരാകാൻ ആളുകളെ സഹായിക്കുകയും ചെയ്യുന്നു. (എഫേസ്യർ 6:11-17; യോഹന്നാൻ 8:31, 32) ജീവൻ അപകടത്തിലാകയാൽ എല്ലാ ക്രിസ്തീയപടയാളികളും ഈ വിധത്തിൽ യേശുക്രിസ്തുവിനെയും യഹോവയാം ദൈവത്തെയും പ്രസാദിപ്പിക്കുന്നതിൽ തുടരട്ടെ.