ദയാലുവായ റോമാശതാധിപൻ
റോമാ ശതാധിപൻമാർ ദയക്ക് കീർത്തിപ്പെട്ടവരല്ലായിരുന്നു. യുദ്ധംചെയ്‌ത് ഹൃദയശൂന്യരായിരിക്കുന്ന നൂറു പടയാളികളുടെ ഒരു സമൂഹത്തെ നയിക്കാൻ നിയമിക്കപ്പെട്ടിരിക്കുന്ന ഒരു ശതാധിപൻ ഒരു പരുക്കനായ കവാത്തുപരിശീലകനും ഒരു ശിക്ഷകനും ചില സമയങ്ങളിൽ ഒരു വധാധികൃതൻ പോലും ആയിരിക്കണമായിരുന്നു. എന്നിരുന്നാലും, അപ്പോസ്‌തലനായ പൗലോസിനോട് യഥാർഥ ഔദാര്യവും സഹതാപവും കാട്ടിയ, ഔഗസ്‌തൂസിന്റെ കുപ്പിണിയിലെ ഒരു റോമാശതാധിപനെസംബന്ധിച്ച് ബൈബിൾ നമ്മോടു പറയുന്നു. അയാളുടെ പേർ? യൂലിയൊസ്.
പ്രവൃത്തികൾ 27-ാം അദ്ധ്യായത്തിലാണ് ബൈബിൾ ഈ മനുഷ്യനെ നമുക്ക് പരിചയപ്പെടുത്തുന്നത്. കൈസർ റോമിൽവെച്ച് തന്റെ അപ്പീൽ കേൾക്കേണ്ടതാണെന്ന് അപ്പോസ്‌തലനായ പൗലോസ് അപേക്ഷിച്ചിരുന്നു. അങ്ങനെ പൗലോസ് വേറെ പല തടവുകാരോടുകൂടെ ഔഗസ്‌തൂസിന്റെ കുപ്പിണിയിൽപെട്ട യൂലിയൊസ് എന്നു പേരുള്ള ഒരു സൈനികോദ്യോഗസ്ഥന്റെ മേൽനോട്ടത്തിന് വിട്ടുകൊടുക്കപ്പെട്ടു. അവർ യെരൂശലേമിന് വടക്കുപടിഞ്ഞാറുള്ള ഒരു തുറമുഖനഗരമായ കൈസരിയായിൽനിന്ന് കപ്പൽയാത്ര തുടങ്ങി, അത് റോമൻ പടയാളികളുടെ ഒരു മുഖ്യ ആസ്ഥാനമായിരുന്നു. ചരിത്രകാരനായ ലൂക്കോസ് ഇങ്ങനെ പറയുന്നു: “പിറെറന്ന് ഞങ്ങൾ സീദോനിൽ എത്തി. യൂലിയൊസ് പൗലോസിനോടു ദയ കാണിച്ചു, സ്‌നേഹിതൻമാരുടെ അടുക്കൽപോയി സൽക്കാരം കൈക്കൊൾവാൻ അനുവദിച്ചു.”—പ്രവൃത്തികൾ 27:1-3.
അങ്ങനെയുള്ള ദയ കാണിക്കാൻ യൂലിയൊസ് പ്രേരിതനായത് എന്തുകൊണ്ടെന്ന് ബൈബിളിൽ പ്രസ്‌താവിക്കപ്പെട്ടിട്ടില്ല. പൗലോസിനോട് പ്രത്യേകമായ പെരുമാററം വേണമെന്നുള്ള കല്‌പന അയാൾക്ക് നാടുവാഴിയായിരുന്ന ഫെസ്‌തോസിൽനിന്ന് കിട്ടിയിരിക്കണം. അല്ലെങ്കിൽ പൗലോസിന്റെ അറസ്‌ററിന്റെ സാഹചര്യങ്ങൾ പരിചിതമായതുകൊണ്ട് യൂലിയോസ് കേവലം പൗലോസിന്റെ ധൈര്യത്തെയും നിർമ്മലതയെയും ആദരിച്ചിരിക്കാം. എങ്ങനെയായാലും, പൗലോസ് സാധാരണ തടവുകാരനല്ലെന്ന് യൂലിയൊസ് വിലമതിച്ചിരുന്നതായി തോന്നുന്നു.
എന്നിരുന്നാലും, ശുഭതുറമുഖത്തുനിന്ന് യാത്ര തിരിക്കുന്നതിനെതിരായ പൗലോസിന്റെ മുന്നറിയിപ്പ് ശ്രദ്ധിക്കാതിരിക്കാൻ യൂലിയൊസ് തീരുമാനിച്ചു. പെട്ടെന്ന് കപ്പൽ ഒരു കൊടുങ്കാററിൽ അകപ്പെട്ടു, അത് വടക്കൻ ആഫ്രിക്കയുടെ തീരങ്ങളിലെ മണൽത്തിട്ടകളിൽ കപ്പൽ ഉറച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തി. (പ്രവൃത്തികൾ 27:8-17) ഈ കൊടുങ്കാററിൻമദ്ധ്യേ പൗലോസ് എഴുന്നേററുനിന്ന് കപ്പലല്ലാതെ ഭയചകിതരായ യാത്രക്കാരിൽ ‘ഒരു ദേഹിപോലും നഷ്ടപ്പെടുകയില്ലെന്ന്’ ഉറപ്പുകൊടുത്തു. എന്നിട്ടും നാവികരിൽ ചിലർ പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ പൗലോസ് യൂലിയൊസിനോട് “ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപ്പെടാൻ കഴിയുന്നതല്ല” എന്നു പറഞ്ഞു.—പ്രവൃത്തികൾ 27:21, 22, 30, 31.
ഈ പ്രാവശ്യം യൂലിയൊസ് പൗലോസിനെ കേട്ടനുസരിക്കാൻ തീരുമാനിച്ചു, രക്ഷപെടാനുള്ള നാവികരുടെ ശ്രമം വിഫലമാക്കപ്പെട്ടു. പൗലോസ് മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ കപ്പൽ ഒരു മണൽത്തിട്ടയിൽ കയറി തകർന്നുപോയി. തടവുകാർ രക്ഷപെടുമെന്നു ഭയന്ന് അവരെയെല്ലാം കൊല്ലാൻ കപ്പലിലുണ്ടായിരുന്ന പടയാളികൾ തീരുമാനിച്ചു. എന്നിരുന്നാലും ഒരിക്കൽകൂടി യൂലിയൊസ് ഇടപെടുകയും തന്റെ കീഴിലുള്ള പടയാളികളെ തടയുകയും ചെയ്‌തു, അങ്ങനെ പൗലോസിന്റെ ജീവനെ രക്ഷിച്ചു.—പ്രവൃത്തികൾ 27:32, 41-44.
ഈ ദയാലുവായ ശതാധിപന് എന്തു സംഭവിച്ചുവെന്നോ അയാൾ എന്നെങ്കിലും ക്രിസ്‌തീയവിശ്വാസം സ്വീകരിച്ചുവോ എന്നോ ബൈബിൾ നമ്മോടു പറയുന്നില്ല. അയാൾ പ്രകടമാക്കിയ ഏതു ദയയും ദൈവദത്തമായ ഒരു മനഃസാക്ഷിയുടെ പ്രവർത്തനങ്ങളുടെ ഒരു പ്രകടനമായിരുന്നു. (റോമർ 2:14, 15) എന്നിരുന്നാലും, ക്രിസ്‌ത്യാനികൾ കേവലം മനുഷ്യദയക്കുമപ്പുറം പോയി ദൈവാത്മാവുള്ളതിൽനിന്ന് സംജാതമാകുന്ന ദൈവികദയ പ്രകടമാക്കുന്നു. (ഗലാത്യർ 5:22) തീർച്ചയായും, ദൈവത്തെ അറിയാഞ്ഞ ഒരു പുറജാതീയ പടയാളിക്ക് ദയ കാണിക്കാൻ കഴിഞ്ഞെങ്കിൽ, അങ്ങനെ ചെയ്യാൻ ദൈവജനം എത്രയധികം പ്രേരിതരാകണം! (w91 11/15)