വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w92 4/1 പേ. 5-7
  • ആരാധകരുടെ കൊയ്‌ത്ത്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആരാധകരുടെ കൊയ്‌ത്ത്‌
  • വീക്ഷാഗോപുരം—1992
  • ഉപതലക്കെട്ടുകള്‍
  • “സർവഭൂമിയിലും”
  • ‘അവരുടെ നാദം പരന്നു’
  • “ഭൂതലത്തിന്റെ അററത്തോളവും”
വീക്ഷാഗോപുരം—1992
w92 4/1 പേ. 5-7

ആരാധകരുടെ കൊയ്‌ത്ത്‌

അപ്പോസ്‌തലനായ യോഹന്നാന്‌ “കർത്താവിന്റെ ദിവസ”ത്തിൽ നടക്കുന്ന, ലോകത്തെ പ്രകമ്പനംകൊള്ളിക്കുന്ന സംഭവങ്ങളുടെ ഒരു ദർശനം കൊടുക്കപ്പെട്ടു. സ്വർഗ്ഗീയ കർത്താവായ യേശുക്രിസ്‌തു ഒരു വെള്ളക്കുതിരയാൽ ചിത്രീകരിക്കപ്പെട്ട നീതിനിഷ്‌ഠമായ യുദ്ധത്തിന്‌—“ജയിച്ചടക്കാനും ജയിച്ചടക്കൽ പൂർത്തീകരിക്കാനും” പുറപ്പെടുന്നത്‌ അവൻ കണ്ടു. അവൻ ചെയ്യുന്ന ഒന്നാമത്തെ സംഗതി ദൈവത്തിന്റെ പ്രധാന ശത്രുവായ സാത്താനെ സ്വർഗ്ഗത്തിൽനിന്ന്‌ ഭൂമിയുടെ പരിസരത്തിലേക്ക്‌ വലിച്ചെറിയുക എന്നതാണ്‌. ആലങ്കാരിക കുതിരക്കാരാലും, അവരുടെ ചെമന്നതും കറുത്തതും മഞ്ഞയുമായ നിറങ്ങളുള്ള കുതിരകളാലും ചിത്രീകരിക്കപ്പെടുന്ന, മുമ്പുണ്ടായിട്ടില്ലാത്ത സംഹാരത്താലും ക്ഷാമത്താലും രോഗത്താലും മനുഷ്യവർഗ്ഗത്തെ ബാധിച്ചുകൊണ്ട്‌ സാത്താൻ പ്രതികരിക്കുന്നു. (വെളിപ്പാട്‌ 1:10; 6:1-8; 12:9-12) ഈ കഷ്ടങ്ങൾ ആദ്യമായി 1914-ൽ ആണ്‌ പൊട്ടിത്തെറിച്ചത്‌, ആ കാലത്തിനുശേഷം അവ വ്യാപിക്കുകയും ചെയ്‌തിരിക്കുന്നു. താമസിയാതെ, അവ “ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം” എന്ന്‌ യേശു വർണ്ണിച്ചതിൽ പാരമ്യത്തിലെത്തും.—മത്തായി 24:3-8, 21.

ആ കാലത്ത്‌ യഹോവയുടെ ആരാധകർ എങ്ങനെ കഴിയും? ഈ ആരാധകർ കൂട്ടിച്ചേർക്കപ്പെടുന്നതുവരെ നാശത്തിന്റെ കാററുകളെ “മുറുകെപ്പിടിച്ചുകൊണ്ട്‌” നിൽക്കുന്ന ദൂതസൈന്യങ്ങളെക്കുറിച്ച്‌ വെളിപ്പാട്‌ 7- അദ്ധ്യായം 1മുതൽ 10 വരെയുള്ള വാക്യങ്ങൾ പറയുന്നു. 1914 മുതലുള്ള കാലഘട്ടത്തിൽ 1,44,000 എണ്ണം വരുന്ന ആത്മീയ ഇസ്രയേലിൽപെട്ടവരായി ഭൂമിയിൽ ശേഷിച്ചിട്ടുള്ള അവസാനത്തവർ കൂട്ടിച്ചേർക്കപ്പെടുന്നു. അനന്തരം “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം” കൂട്ടിച്ചേർക്കപ്പെടുന്നു. ഈ മഹാപുരുഷാരം ഇപ്പോൾത്തന്നെ ദശലക്ഷങ്ങളായിട്ടുണ്ട്‌. അവർ ഒരു നിഷ്‌ക്കളങ്ക കുഞ്ഞാടിനെപ്പോലെ അറുക്കപ്പെട്ട യേശുവിന്റെ വിടുതൽ നൽകുന്ന രക്തത്തിൽ വിശ്വാസം പ്രകടമാക്കുകനിമിത്തം ദൈവസിംഹാസനത്തിൻമുമ്പാകെ അംഗീകാരത്തോടെ നിൽക്കുന്നു. അവർ “രക്ഷ എന്നുള്ളത്‌ സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനമെന്ന്‌ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു. ഈ തീക്ഷ്‌ണതയുള്ള ആരാധകർ മററുള്ളവരോട്‌ “വരിക!” എന്ന്‌ പറഞ്ഞുകൊണ്ടിരിക്കുന്നു, ക്രമത്തിൽ അവർ “മഹോപദ്രവ”ത്തിലൂടെയുള്ള രക്ഷക്കുവേണ്ടി കൂട്ടിച്ചേർക്കപ്പെടുന്നു.—വെളിപ്പാട്‌ 7:14-17; 22:17.

“സർവഭൂമിയിലും”

അർപ്പണബോധമുള്ള ഈ ആരാധകരെ സംബന്ധിച്ച്‌, “അവരുടെ നാദം സർവഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അററത്തോളവും പരന്നു” എന്ന്‌ പറയാൻ കഴിയും. (റോമർ 10:18) അവരുടെ കഠിനവേല ശ്രദ്ധേയമായ ഫലങ്ങളാൽ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്‌. ദൃഷ്ടാന്തത്തിന്‌:

മെക്‌സിക്കോ ഇപ്പോൾ യഹോവയുടെ 3,35,965 സജീവ ആരാധകരെ റിപ്പോർട്ടുചെയ്യുന്നു, ഇത്‌ വെറും മൂന്നു വർഷംകൊണ്ട്‌ ഒരു ലക്ഷത്തിന്റെ വർദ്ധനവാണ്‌! ഇത്ര വലിയ വികസനം എന്തുകൊണ്ട്‌? ചുവടെ ചേർക്കുന്ന വിവരണം വിശദീകരണത്തിന്‌ സഹായകമായേക്കാം. ഓറേലിയോ എന്നു പേരുള്ള ഒരു ചെറുപ്പക്കാരൻ ഒരു കത്തോലിക്കാ പള്ളിയിലെ കപ്യാർ ആയിരുന്നു. ആ ഗ്രാമത്തിലേക്ക്‌ യഹോവയുടെ സാക്ഷികൾ ചെല്ലുന്ന ഓരോ സമയത്തും അവരെ ശ്രദ്ധിക്കുന്നതിൽനിന്ന്‌ ഏതൊരാളെയും നിരുത്സാഹപ്പെടുത്തുന്നതിന്‌ അയാൾ പള്ളിമണികൾ അടിച്ചു. കാലക്രമത്തിൽ അയാൾ ഒരു കാത്തലിക്ക്‌ ജറൂസലം ബൈബിൾ വാങ്ങുകയും വായിച്ചുതുടങ്ങുകയും ചെയ്‌തു, എന്നാൽ അയാൾക്ക്‌ അത്‌ മനസ്സിലായില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം കൈക്കീഴിൽ പുതിയലോകഭാഷാന്തരത്തിന്റെ ഒരു പ്രതിയുമായി നിൽക്കുന്ന ഒരു സുഹൃത്തിനെ അയാൾ കണ്ടു. ഓറീലിയോ തന്റെ സുഹൃത്തിനെ ശകാരിക്കുകയും അയാളുടെ ബൈബിൾ തെററാണെന്ന്‌ പറയുകയും “യഥാർത്ഥ” ബൈബിൾ കാണിച്ചുകൊടുക്കുന്നതിന്‌ അയാളെ തന്റെ സ്വന്തം വീട്ടിൽ കൊണ്ടുപോകുകയും ചെയ്‌തു. അയാളുടെ സുഹൃത്ത്‌ “പുറപ്പാട്‌ 20 വായിക്കുക” എന്നു പറഞ്ഞിട്ട്‌ സ്ഥലംവിട്ടു.

കപ്യാർ 1-ാം അദ്ധ്യായം തുടങ്ങി പുറപ്പാട്‌ വായിക്കുകയും 20-ാംഅദ്ധ്യായം 4ഉം 5ഉം വാക്യങ്ങളിലെത്തുകയും ചെയ്‌തു. പ്രതിമകളെ സംബന്ധിച്ച്‌ അയാളുടെ കത്തോലിക്കാ ബൈബിൾ പറഞ്ഞിരിക്കുന്നതിൽ അയാൾ ഞെട്ടിപ്പോയി. അടുത്ത ഞായറാഴ്‌ച അയാൾ കുറുബാന കഴിഞ്ഞ്‌ പ്രതിമകളെ സംബന്ധിച്ച വാക്യങ്ങളുമായി പുരോഹിതനെ സന്ദർശിച്ചു. താൻ പ്രതിമകളെ ആരാധിക്കുന്നില്ല പിന്നെയോ അവയെ പൂജിക്കുന്നേയുള്ളുവെന്ന്‌ പുരോഹിതൻ ആദ്യം പറഞ്ഞു. ഇത്‌ ഓറീലിയോയെ തൃപ്‌തിപ്പെടുത്തിയില്ലെന്ന്‌ കണ്ട്‌ പുരോഹിതൻ യഹോവയുടെ സാക്ഷികളുമായി ബൈബിൾ പഠിക്കുന്നതായി അയാളെ കുററപ്പെടുത്തി. ഓറീലിയോ ഇതു നിഷേധിക്കുകയും “ഇനി ഞാൻ പഠിക്കും!” എന്ന്‌ കൂട്ടിച്ചേർക്കുകയും ചെയ്‌തു.

സാക്ഷികൾ ഗ്രാമത്തിലേക്കു വന്ന അടുത്ത പ്രാവശ്യം ഓറീലിയോ അവരുമായി സമ്പർക്കത്തിലേർപ്പെടുകയും അവരോടുകൂടെ ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്‌തു. അയാൾ പള്ളിയിലെ ജോലി നിർത്തുകയും മൂന്നുമാസംകൊണ്ട്‌ യഹോവയുടെ സാക്ഷികളോടുകൂടെയുള്ള പരസ്യശുശ്രൂഷക്ക്‌ യോഗ്യത പ്രാപിക്കുകയും ചെയ്‌തു. അയാൾ ആദ്യം സന്ദർശിച്ച വീട്‌ പുരോഹിതന്റേതായിരുന്നു. മുൻ കപ്യാരെ ഒരു രാജ്യപ്രസംഗകന്റെ റോളിൽ കണ്ടതിൽ പുരോഹിതന്‌ തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അയാളെ സഭയിൽനിന്ന്‌ ബഹിഷ്‌ക്കരിക്കുമെന്ന്‌ പുരോഹിതൻ ഭീഷണിപ്പെടുത്തി, എന്നാൽ താൻ അപ്പോൾത്തന്നെ പള്ളി വിട്ടതുകൊണ്ട്‌ അതിന്റെ ആവശ്യമില്ലെന്ന്‌ ഓറീലിയോ പറഞ്ഞു. അയാളുടെ ധീരമായ പ്രവർത്തനഗതി യഹോവയുടെ സാക്ഷികളോടുകൂടെ പഠിച്ചുകൊണ്ടിരുന്ന ഗ്രാമീണരിൽ അനേകരെ പ്രോൽസാഹിപ്പിച്ചു. ഓറീലിയോയും ആ ഗ്രാമത്തിൽനിന്നുള്ള വേറെ 21 പേരും അടുത്ത ഡിസ്‌ട്രിക്‌ററ്‌ കൺവെൻഷനിൽ സ്‌നാപനമേററു. സ്‌നാപനാർത്ഥികളുമായുള്ള ചോദ്യങ്ങൾ ഈ കൂട്ടവുമായി പുനരവലോകനംചെയ്യുന്നതിന്‌ ഒരു മൂപ്പൻമാത്രമുണ്ടായിരിക്കത്തക്കവണ്ണം ആ പ്രദേശത്തെ വളർച്ച അത്ര സത്വരമാണ്‌.

‘അവരുടെ നാദം പരന്നു’

രാജ്യപ്രസംഗത്തിൽനിന്ന്‌ ഒഴിഞ്ഞുമാറാൻ കഴിയില്ല. ഇററലിക്കാരനായ ഒരു കത്തോലിക്കൻ യഹോവയുടെ സാക്ഷികൾ അയാളെ സന്ദർശിച്ച ഓരോ പ്രാവശ്യവും മുഷിഞ്ഞു. അതുകൊണ്ട്‌ അയാളുടെ കമ്പനി അയാളെ സിംഗപ്പൂരിലേക്ക്‌ സ്ഥലംമാററിയപ്പോൾ ഒടുവിൽ അയാൾ അവരാൽ ശല്യപ്പെടുത്തപ്പെടുകയില്ല എന്നു വിചാരിച്ചു. എന്നാൽ അയാൾ അതിശയിച്ചുപോകുമാറ്‌ സാക്ഷികൾ അവിടെയും ഉണ്ടായിരുന്നു. അതുകൊണ്ട്‌ അടുത്തതായി വരുന്ന സാക്ഷികളെ ആക്രമിക്കാൻവേണ്ടി അയാൾ രൗദ്രതയുള്ള രണ്ട്‌ പട്ടികളെ വാങ്ങി. രണ്ട്‌ സാക്ഷികൾ അയാളുടെ വീട്‌ സന്ദർശിച്ചപ്പോൾ ആ പട്ടികൾ ചാടിവന്നു. ആ രണ്ട്‌ സ്‌ത്രീകളും ഭയപ്പെട്ട്‌ ജീവരക്ഷാർത്ഥം ഓടി ഒരു കവലയ്‌ക്കൽ രണ്ടു ദിശകളിലായി പോയി. പട്ടികളിലൊന്ന്‌ സാക്ഷികളിലൊരാളെ പിടികൂടിയപ്പോൾ അവർ തന്റെ ബാഗിൽനിന്ന്‌ സാഹസികമായി രണ്ട്‌ ലഘുപത്രികകൾ വലിച്ചെടുത്ത്‌ പട്ടിയുടെ തുറന്ന വായിലേക്ക്‌ തള്ളിവെച്ചുകൊടുത്തു. അതിങ്കൽ അത്‌ ഓട്ടം നിർത്തി തിരിഞ്ഞ്‌ വീട്ടിലേക്കു നടന്നു.

അടുത്ത വാരത്തിൽ, ആ രണ്ടു സാക്ഷികൾതന്നെ തെരുവിനക്കരെ ഒരു വീട്ടിൽ ഒരു മടക്കസന്ദർശനം നടത്തുകയായിരുന്നു. പട്ടിയുടെ ഉടമസ്ഥൻ അയാളുടെ പൂന്തോട്ടത്തിൽ ഉണ്ടായിരുന്നു. അതിശയിപ്പിക്കുമാറ്‌ അയാൾ ആ സ്‌ത്രീകളെ അഭിവാദനംചെയ്യുകയും തന്റെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്‌തു. താൻ ഒരിക്കലും യഹോവയുടെ സാക്ഷികളോടു സംസാരിക്കുകയോ അവരുടെ ഏതെങ്കിലും പ്രസിദ്ധീകരണം വായിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ അയാൾ അവരോടു പറഞ്ഞു. എന്നാൽ അയാളുടെ പട്ടികളിലൊന്നിന്റെ വായിൽ ലഘുപത്രികകൾ കണ്ടതിൽ അയാൾ അത്ഭുതപ്പെട്ടുപോയിരുന്നു. അന്ന്‌ സന്ധ്യക്ക്‌ അയാൾ ലഘുപത്രികകൾ വായിക്കുകയും അവയിൽ യഥാർത്ഥ മതിപ്പു തോന്നുകയും ചെയ്‌തിരുന്നു. തന്റെ ജീവിതകാലം മുഴുവൻ അയാൾ ഒരു കത്തോലിക്കനായിരുന്നെങ്കിലും യഹോവയുടെ സാക്ഷികളോടുകൂടെ ബൈബിൾ പഠിക്കാൻ അയാൾ ആഗ്രഹം പ്രകടിപ്പിച്ചു.

ആ മനുഷ്യൻ തിരികെ ഇററലിയിലേക്ക്‌ സ്ഥലംമാററപ്പെടുകയായിരുന്നതുകൊണ്ട്‌ അവിടെ യഹോവയുടെ സാക്ഷികൾ അയാളുമായി പഠനം നടത്താൻ ക്രമീകരണം ചെയ്യപ്പെട്ടു. അയാളും അയാളുടെ ഭാര്യയും യോഗങ്ങൾക്ക്‌ ഹാജരാകാൻ തുടങ്ങിയപ്പോൾ ഇടവകപ്പട്ടക്കാരൻ കോപത്തോടെ ഭീഷണികളുമായി അവരെ നേരിട്ടു. ആരോ അവരുടെ പൂന്തോട്ടത്തിന്‌ തീവെച്ചപ്പോൾ ആ ഇണകൾ പള്ളിയുമായുള്ള സകല ബന്ധങ്ങളും വിച്‌ഛേദിച്ചു. ഈ മനുഷ്യൻ ഇപ്പോൾ ഇങ്ങനെ പറയുന്നു: “ഏക സത്യദൈവം യഹോവയാണെന്ന്‌ എന്റെ കുടുംബാംഗങ്ങൾ അറിയണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്നതുകൊണ്ട്‌ ഞാൻ അവരിലനേകരോട്‌ ഇപ്പോൾത്തന്നെ സാക്ഷീകരിക്കുന്നുണ്ട്‌.”

“ഭൂതലത്തിന്റെ അററത്തോളവും”

ഭൂമിയുടെ ഒരു അററത്തുനിന്നുള്ള മറെറാരനുഭവം രാജ്യസന്ദേശം എങ്ങനെ വിലമതിക്കപ്പെടുന്നുവെന്നും ജീവിതങ്ങൾക്ക്‌ മാററം വരുത്താൻ സഹായിക്കുന്നുവെന്നും പ്രകടമാക്കുന്നു. പ്രസവത്തിനു മുമ്പത്തെ ക്ലാസ്സുകളിൽ സംബന്ധിച്ചുകൊണ്ടിരിക്കെ, ആസ്‌ട്രേലിയായിലെ ഒരു സാക്ഷി അനേകം ദുശ്ശീലങ്ങളുള്ള ഒരു സ്‌ത്രീയെ കണ്ടുമുട്ടി, അവൾ ഗർഭകാലത്ത്‌ പുകവലി ഉപേക്ഷിക്കാൻ പോലും വിസമ്മതിച്ചു. സാക്ഷിക്ക്‌ അവളുടെ മനോഭാവത്തിൽ വളരെ അസഹ്യത തോന്നി. അവർ ഒരേ സമയത്ത്‌ ഒരേ ആശുപത്രി വാർഡിൽ പ്രസവിക്കാനിടയായതുകൊണ്ട്‌ അവർക്ക്‌ സംസാരിക്കാൻ അവസരം കിട്ടി. ആ സ്‌ത്രീയുടെ കുട്ടിക്കാലത്ത്‌ അനേകം പ്രശ്‌നങ്ങളുണ്ടായിരുന്നതായി കാണപ്പെട്ടു, ഇപ്പോൾ അവളുടെ വിവാഹം തകർച്ചയുടെ വക്കോളമെത്തിയിരുന്നു. അതുകൊണ്ട്‌ ആശുപത്രിയിൽനിന്ന്‌ പോയശേഷം സാക്ഷി ആ സ്‌ത്രീയെ സന്ദർശിക്കുകയും നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്‌തകമുപയോഗിച്ചുകൊണ്ട്‌ അവരുമായി ഒരു ബൈബിളദ്ധ്യയനം തുടങ്ങുകയും ചെയ്‌തു.

ആ സ്‌ത്രീയുടെ ഭർത്താവ്‌ സത്യമതം കണ്ടെത്തുന്നതിന്‌ ദൈവത്തോടു പ്രാർത്ഥിച്ചു, “അത്‌ യഹോവയുടെ സാക്ഷികൾ അല്ലാത്തടത്തോളം കാലം” എന്ന വ്യവസ്ഥ കൂട്ടിച്ചേർക്കുകയും ചെയ്‌തു! എന്നിരുന്നാലും, അയാളുടെ ഭാര്യ യഹോവയുടെ സാക്ഷികളോടുകൂടെ ബൈബിൾ പഠിക്കുന്നുണ്ടെന്ന്‌ മനസ്സിലാക്കിയപ്പോൾ അയാൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, അദ്ധ്യയനത്തിൽ ചേരാൻ ക്ഷണിക്കപ്പെടുകയും ചെയ്‌തു. അയാൾ അതു ചെയ്‌തു, പെട്ടെന്നുതന്നെ അയാൾ സഭാമീററിംഗുകൾക്ക്‌ ഹാജരാകാനും തുടങ്ങി. ഇപ്പോൾ ഭർത്താവും ഭാര്യയും സ്‌നാപനമേററു കഴിഞ്ഞിരിക്കുന്നു. അവരുടെ വൈവാഹിക സാഹചര്യം അത്യധികം മെച്ചപ്പെട്ടുവെന്ന്‌ സ്‌പഷ്ടമാണ്‌.

അത്തരം സാഹിത്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭവന ബൈബിളദ്ധ്യയനങ്ങൾ അനേകം പുതിയ ആരാധകരുടെ കൂട്ടിച്ചേർക്കലിൽ കലാശിച്ചിരിക്കുന്നു. യഹോവയുടെ സാക്ഷികൾക്ക്‌ വിപ്ലവങ്ങളെയോ ആഭ്യന്തരയുദ്ധങ്ങളെയോ ഗവൺമെൻറ്‌ നിയന്ത്രണങ്ങളെയോ നേരിടേണ്ടിവന്നിട്ടുള്ള ദേശങ്ങളിൽ ഭവനബൈബിളദ്ധ്യയന പ്രവർത്തനം വർദ്ധിച്ചിരിക്കുകയാണ്‌. അംഗോളായിൽ ആഭ്യന്തരയുദ്ധം അനേകം വർഷങ്ങളോളം ഉഗ്രമായി നടന്നു, സാക്ഷികൾ വളരെയധികം പീഡനവും പ്രയാസവും അനുഭവിച്ചു. കഴിഞ്ഞ വർഷത്തിന്റെ ആരംഭത്തിൽ 14000ത്തിൽപരം പ്രസംഗകർ 40000ത്തിൽപരം ഭവന ബൈബിളദ്ധ്യയനങ്ങൾ റിപ്പോർട്ടുചെയ്‌തുകൊണ്ടിരുന്നു, എന്നാൽ പ്രസംഗകർക്ക്‌ സാഹിത്യമില്ലായിരുന്നു. സഞ്ചാര മേൽവിചാരകൻമാർ ഓരോ ദിവസവും ഒരു ചെറിയ കൂട്ടത്തെ സന്ദർശിക്കുകയും പകൽസമയത്ത്‌ വയൽസേവനവും ഓരോ വൈകുന്നേരത്തും യോഗങ്ങളും ക്രമീകരിക്കുകയും ചെയ്‌തു! യുദ്ധം അവസാനിക്കുകയും വളരെയധികം ആവശ്യമായിരുന്ന ബൈബിൾസാഹിത്യം 42 ടൺ ദക്ഷിണാഫ്രിക്കയിൽനിന്ന്‌ വന്നെത്തുകയും ചെയ്‌തപ്പോൾ എന്തൊരു സന്തോഷമായിരുന്നു! തീർച്ചയായും ഈ സഹോദരൻമാരുടെ സ്‌നേഹം “സൂക്ഷ്‌മപരിജ്ഞാനത്തോടും പൂർണ്ണവിവേചനയോടുംകൂടെ ഇനിയും പെരുകും”, എന്തുകൊണ്ടെന്നാൽ അവർ ഇപ്പോൾ “പ്രാധാന്യമേറിയ കാര്യങ്ങൾ തിട്ടപ്പെടുത്താൻ” പ്രാപ്‌തരാണ്‌. (ഫിലിപ്പിയർ 1:9, 10, NW) ധാരാളം ബൈബിളദ്ധ്യയന സഹായികൾ കൈവശമുള്ളവർക്ക്‌ യഹോവ വളരെ കൃപാപൂർവം ചെയ്യുന്ന കരുതലിനെ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിന്‌ എന്തൊരു പ്രചോദനം!—1 തിമൊഥെയോസ്‌ 4:15, 16.

ഈ വിശ്വസ്‌താരാധകരുടെ സന്തുഷ്ടി ഗിരിപ്രഭാഷണത്തിലെ യേശുവിന്റെ വാക്കുകൾ നമ്മെ അനുസ്‌മരിപ്പിക്കുന്നു: “തങ്ങളുടെ ആത്മീയാവശ്യങ്ങളെക്കുറിച്ച്‌ ബോധമുള്ളവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു. . . . നീതിക്കുവേണ്ടി പീഡിപ്പിക്കപ്പെട്ടിട്ടുള്ളവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു. . . . നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലുതാകയാൽ ആഹ്ലാദിക്കുകയും തുള്ളിച്ചാടുകയും ചെയ്യുക.” (മത്തായി 5:3-12) അംഗോളയിൽ ഇപ്പോൾത്തന്നെ എന്തൊരു വിളവാണ്‌ കൊയ്‌തെടുക്കുന്നത്‌!

ലോകത്തിന്റെ മററു പ്രദേശങ്ങളിൽ, യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിൻമേലുള്ള നിയന്ത്രണങ്ങളിൽ അയവുവരുത്തുകയോ അവ നീക്കപ്പെടുകയോ ചെയ്യുന്നുണ്ട്‌. യേശു തന്റെ നാളിൽ ഇങ്ങനെ പ്രസ്‌താവിക്കുകയുണ്ടായി: “അതെ, കൊയ്‌ത്ത്‌ വലുതാണ്‌, എന്നാൽ വേലക്കാർ ചുരുക്കമാണ്‌.” (മത്തായി 9:37) ഇത്‌ ഇന്ന്‌ എത്ര സത്യമാണ്‌! കൂടുതൽ വേലക്കാരുടെ ആവശ്യം എപ്പോഴുമുണ്ട്‌. നമ്മുടെ ആരാധനയിൽ വിളവ്‌ ശേഖരിക്കൽ ഉൾപ്പെടുന്നതിൽ നാം സന്തോഷമുള്ളവരാണ്‌. യഹോവയാം ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ ഫലപ്രദമായ സമർപ്പിതസേവനത്തെക്കാൾ വലിയ സന്തോഷം ഭൂമിയിൽ ഇന്ന്‌ കണ്ടെത്താനില്ല.

എന്നിരുന്നാലും, അത്തരം സന്തോഷവും തീക്ഷ്‌ണതയും പ്രകടമാക്കാൻ യഹോവയുടെ ആരാധകരെ പ്രേരിപ്പിക്കുന്നതെന്താണ്‌? നമുക്കു കാണാം. (w92 1/1)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക