രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
യഹോവയുടെ സാക്ഷികളുടെ അനൗപചാരിക പ്രസംഗത്തിന് നല്ല ഫലങ്ങൾ കിട്ടുന്നു
അനേകർ ആദ്യമായി ബൈബിൾസത്യവുമായി പരിചയപ്പെട്ടത് യഹോവയുടെ സാക്ഷികളിലൊരാൾ അവരോട് അനൗപചാരികമായി പ്രസംഗിച്ചപ്പോഴാണ്. ഇതിൽ യഹോവയുടെ സാക്ഷികൾ യേശുക്രിസ്തുവിന്റെ മാതൃക പിന്തുടരുന്നു, ഒരു ശമര്യക്കാരി സ്ത്രീ ഒരു കിണററിങ്കൽ വെള്ളം കോരാൻ വന്നപ്പോൾ അവളോട് അവൻ അനൗപചാരികമായി പ്രസംഗിച്ചു. (യോഹന്നാൻ, അദ്ധ്യായം 4) കിഴക്കനാഫ്രിക്കയിൽ യഹോവയുടെ സാക്ഷികളിലൊരാൾ ഒരു കത്തോലിക്കാ കന്യാസ്ത്രീയോട് അനൗപചാരികമായി പ്രസംഗിച്ചു. എന്തു ഫലമുണ്ടായി എന്ന് വാച്ച്ററവർ സൊസൈററിയുടെ ബ്രാഞ്ചാഫീസ് വിവരിക്കുന്നു:
◻ ഒരു ദിവസം അതിരാവിലെ പട്ടണത്തിലേക്കു പോകുമ്പോൾ സാക്ഷി ഒരു കത്തോലിക്കാ കന്യാസ്ത്രീയെ കണ്ടുമുട്ടി. “ഈ സമയത്ത് നിങ്ങൾ എവിടെ പോകുകയാണ്?” എന്നു ചോദിക്കുന്നതിനുള്ള അവസരം അവർ പ്രയോജനപ്പെടുത്തി. ഉത്തരം ഇതായിരുന്നു: “ഞാൻ എന്റെ ദൈവത്തോടു പ്രാർത്ഥിക്കാൻ പോകുകയാണ്.” “നിങ്ങളുടെ ദൈവത്തിന്റെ പേർ നിങ്ങൾക്ക് അറിയാമോ?” എന്ന് അവർ അപ്പോൾ കന്യാസ്ത്രീയോടു ചോദിച്ചു. “അവന്റെ പേർ ദൈവമെന്നല്ലേ?,” കന്യാസ്ത്രീ മറുപടി പറഞ്ഞു. അന്ന് ഉച്ചതിരിഞ്ഞ് ദൈവത്തിന്റെ പേർ ചർച്ചചെയ്യാൻ അവരുടെ വീട്ടിൽ ചെല്ലാമെന്ന് സാക്ഷി വാഗ്ദാനംചെയ്തു. സംഭാഷണത്തിനുശേഷം കന്യാസ്ത്രീ അവരുടെ പള്ളിയിലേക്കു പോകുകയും പുരോഹിതൻമാരിലൊരാളോട് “യഹോവ” എന്നതിന്റെ അർത്ഥമെന്താണെന്ന് അറിയാമോ എന്നു ചോദിക്കുകയും ചെയ്തു. ഉത്തരം “അത് ദൈവത്തിന്റെ പേർ ആണ്” എന്നായിരുന്നു. പുരോഹിതന് അത് അറിയാമെന്ന് കേട്ടതിലും തന്നെ ഒരിക്കലും അത് പഠിപ്പിക്കാഞ്ഞതിലും കന്യാസ്ത്രീ വളരെ അത്ഭുതപ്പെട്ടു.
സാക്ഷി ആ സ്ത്രീയെ തുടർച്ചയായി ഒൻപതു ദിവസം സന്ദർശിക്കുകയും ത്രിത്വം, ദേഹി, നരകാഗ്നി, മരിച്ചവരുടെ പ്രത്യാശ എന്നിവ സംബന്ധിച്ച സത്യം പഠിപ്പിക്കുകയും ചെയ്തു. സ്ത്രീ സകലവും ഒപ്പിയെടുക്കുകയും അനന്തരം ഈ പുതിയ പഠിപ്പിക്കലുകളെല്ലാം സംബന്ധിച്ച് വിചിന്തനംചെയ്യാൻ തനിക്ക് കുറെ സമയം തരാൻ സാക്ഷിയോട് ആവശ്യപ്പെടുകയും ചെയ്തു. രണ്ടാഴ്ചക്കുശേഷം അവർ സാക്ഷിയെ വീണ്ടും സന്ദർശിക്കുകയും കൂടുതലായ ചർച്ചകൾ നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഈ സമയമായപ്പോഴേക്ക് കന്യാസ്ത്രീ പള്ളി വിടാൻ തീരുമാനമെടുക്കുകയും തന്റെ പ്രതിമകളും കൊന്തകളും കുരിശും നശിപ്പിക്കുകയും ചെയ്തിരുന്നു. തിരികെ വരുന്നിതിന് അവരെ പ്രേരിപ്പിക്കാൻ പുരോഹിതൻ ശ്രമിച്ചു. എന്നാൽ സത്യത്തെ പിന്തുടരാൻ അവർ ദൃഢനിശ്ചയം ചെയ്തിരുന്നു. അവർ പിന്നീട് സ്നാപനമേൽക്കുകയും തന്റെ മോശമായ ആരോഗ്യവും പ്രായാധിക്യവും പരിഗണിക്കാതെ അനേകം മാസക്കാലം നിരന്തരം സഹായപയനിയറിംഗ് നടത്തുകയും ചെയ്തു.
അവരുടെ വീട് വലുതായതുകൊണ്ട് അവർ ഒരു രാജ്യഹാളായുള്ള അതിന്റെ ഉപയോഗം സഭക്കു വാഗ്ദാനംചെയ്തു. സഹോദരൻമാർ പഴയ മേൽക്കൂര മാററി പുതിയതു സ്ഥാപിക്കുകയും അകത്തെ ഭിത്തികൾ ഇടിച്ച് കെട്ടിടത്തിന്റെ ഒരു വലിയ ഭാഗം ആകർഷകമായ ഒരു യോഗസ്ഥലമാക്കിത്തീർക്കുകയും ചെയ്തു. ഈ മുൻ കത്തോലിക്കാ കന്യാസ്ത്രീ ഹാളിന്റെ പിമ്പിലെ ഒരു മുറിയിലാണ് താമസിക്കുന്നത്. യഹോവയുടെ ആരാധനക്ക് ഈ സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ അവർ വളരെ സന്തുഷ്ടയാണ്.
◻ അനൗപചാരിക സാക്ഷീകരണത്തിന്റെ ജ്ഞാനം പ്രകടമാക്കുന്ന മറെറാരു അനുഭവം ഉഗാണ്ടായിലെ കമ്പാലയിൽനിന്നു വരുന്നു. ഒരു ഗവൺമെൻറ് ഓഫീസിലേക്കുള്ള വഴിയിൽ സാക്ഷിയായ ഒരു മിഷനറി ലിഫ്ററിൽ തന്നോടുകൂടെ നിന്നവരോട് അനൗപചാരികമായി സംസാരിച്ചു. മി. എൽ——എന്ന മനുഷ്യൻ സമർപ്പിച്ച സാഹിത്യം വാങ്ങാനുള്ള ആഗ്രഹം പ്രകടമാക്കിയെങ്കിലും ആ സമയത്ത് അത് സ്വീകരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അയാൾ മിഷനറിക്ക് തന്റെ പേരും ഓഫീസിന്റെ മേൽവിലാസവും കൊടുത്തു. പിന്നീട് മിഷനറി അവിടെ ചെന്ന് മി. എൽ-നെ തിരക്കി. അയാളെ വിളിച്ചു. എന്നാൽ മിഷനറി അതിശയിച്ചുപോകുമാറ് വേറൊരു മനുഷ്യൻ പ്രത്യക്ഷപ്പെട്ടു. ആ ആഫീസിൽ ഒരേ പേരിൽ രണ്ടു പേർ ജോലിചെയ്തിരുന്നു. രണ്ടാമത്തെ മി. എൽ——ന് ഒരു ചുരുങ്ങിയ സാക്ഷ്യം കൊടുക്കപ്പെട്ടു, അയാൾ അസാധാരണ താത്പര്യം കാണിച്ചു. അതേസമയം ആദ്യത്തെ മി. എൽ——ന് താത്പര്യം നഷ്ടപ്പെട്ടു. രണ്ടാമത്തെ ആളുമായി ഒരു ബൈബിളദ്ധ്യയനം തുടങ്ങി. അയാൾ ഇപ്പോൾ സ്നാപനമേററ ഒരു സാക്ഷിയാണ്, അയാളുടെ ഭാര്യയും പുത്രനും സ്നാപനമേൽക്കുകയെന്ന ലക്ഷ്യത്തിൽ നല്ല പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു.
യേശുക്രിസ്തു നല്ല ഇടയനാണ്, നീതിയോടു ചായ്വുള്ള ഹൃദയങ്ങളുള്ള ചെമ്മരിയാടുതുല്യരെ അവനറിയാം. അങ്ങനെയുള്ളവരിലേക്ക് അവൻ തന്റെ അനുഗാമികളെ നയിക്കുന്നുവെന്ന് ഈ അനുഭവങ്ങൾ ഉദാഹരിക്കുന്നു. അനൗപചാരിക പ്രസംഗം ഫലോല്പാദകമായിരിക്കാൻ കഴിയും!—യോഹന്നാൻ 10:14. (w92 1/1)