രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
വെനെസ്വേലയിലെ ‘കൊയ്ത്ത്‘
ഒരു സന്ദർഭത്തിൽ യേശു പ്രസംഗവേലയെ വാർഷിക കൊയ്ത്തിനോട് ഉപമിച്ചു. (മത്തായി 9:36-38) കൊയ്ത്തിന്റെ യജമാനൻ യഹോവയാം ദൈവമാണ്, ഗോളത്തിനു ചുററും നടക്കുന്ന കൊയ്ത്ത് വാസ്തവത്തിൽ വലുതാണ്. ഇതിൽ അപൂർവമായി പ്രവർത്തിക്കപ്പെടുന്ന വെനെസ്വേലയിലെ പ്രദേശം ഉൾപ്പെടുന്നു.
ഒരു കൂട്ടം സാക്ഷികൾ ഗ്വാറിക്കോ സംസ്ഥാനത്തെ സാബാനാ ഗ്രാൻഡെ പ്രദേശം പ്രവർത്തിച്ചപ്പോൾ എന്തു സംഭവിച്ചുവെന്ന് വാച്ച്ററവർ സൊസൈററിയുടെ വെനെസ്വേലാ ബ്രാഞ്ചാഫീസ് റിപ്പോർട്ടുചെയ്യുന്നു. സാക്ഷികൾ ഇങ്ങനെ വിവരിക്കുന്നു: “ഞങ്ങൾ താമസിക്കാനിരുന്ന വീട് യോഗങ്ങൾ നടത്താൻ നല്ല സ്ഥലമായിരുന്നു. അതുകൊണ്ട് അവിടെ ഞങ്ങൾ ഉടൻതന്നെ ആളുകളെ മീററിംഗുകൾക്കു ക്ഷണിച്ചുതുടങ്ങി. ആളുകൾക്ക് യഹോവയുടെ സാക്ഷികളെക്കുറിച്ച് അറിയാൻ പാടില്ലായിരുന്നു. നഗരത്തിൽ നാല് ഇവാൻജലിക്കൽ കൂട്ടങ്ങളുണ്ടായിരുന്നെങ്കിലും ആളുകൾ ബൈബിളിൽനിന്ന് പഠിക്കാൻ ആകാംക്ഷയുള്ളവരായിരുന്നു.
“ഞങ്ങൾ രാവിലെ മൂന്നു മണിക്കൂറും ഉച്ചതിരിഞ്ഞ് മൂന്നു മണിക്കൂറും പ്രവർത്തിക്കുകയും വീടുതോറും സന്ദർശിച്ചുകൊണ്ട് ആളുകളെ പിറെറ രാത്രിയിലെ ഒരു യോഗത്തിന് ക്ഷണിക്കുകയും ചെയ്തു. ഞങ്ങൾക്ക് കസേരകൾ ഇല്ലായിരുന്നു, അതുകൊണ്ട് തങ്ങളുടെ സ്വന്തം കസേരകൾ കൊണ്ടുവരാൻ ഞങ്ങൾ ആളുകളെ ക്ഷണിച്ചു. മീററിംഗ് തുടങ്ങാനുള്ള സമയം അടുത്തുവന്നപ്പോൾ ആളുകൾ ഓരോരുത്തരും ഓരോ കസേരയും എടുത്തുകൊണ്ട് വരാൻ തുടങ്ങി. മീററിംഗ് തീർന്നപ്പോൾ ഒരു സൗജന്യ ഭവന ബൈബിളദ്ധ്യയനം ആഗ്രഹിക്കുന്നവരുടെ പേരുകൾ എഴുതിയെടുക്കാൻ ഞങ്ങളിഷ്ടപ്പെടുന്നുവെന്ന് ഞങ്ങൾ അവരോടു പറഞ്ഞു. ഹാജരായിരുന്ന 29 പേരും തങ്ങളുടെ പേരുകൾ ലിസ്ററിലുണ്ടായിരിക്കാൻ ആഗ്രഹിച്ചു.
“ഞങ്ങൾ അവസാനത്തെ സന്ദർശകനും ഇറങ്ങിയ ശേഷം കതകടച്ചപ്പോൾ വീടിന്റെ കോണിൽ മൂന്ന് പുരുഷൻമാർ നിൽക്കുന്നതു കണ്ടു. ഏതാണ്ട് ഒൻപതു മണിക്ക് ഞങ്ങൾ ഭക്ഷണംകഴിക്കാനിരിക്കുന്നതിന് ഒരുങ്ങിയപ്പോഴാണ് അവർ വാതിൽക്കൽ മുട്ടിയത്. ‘നിങ്ങൾ പട്ടണത്തിൽ നടത്തുന്ന ഈ പ്രസംഗം എന്താണ്? എന്തു കാരണത്താലാണ് നിങ്ങൾ ഇന്നു രാത്രിയിൽ ഇവിടെ ഒരു മീററിംഗ് നടത്തിയത്’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ അവർ ചോദിച്ചു.
“ഞങ്ങൾ ഏതെങ്കിലും നിയമം ലംഘിച്ചോയെന്ന് ഞങ്ങൾ ചോദിച്ചു. ഇല്ലെന്നും അവർ ടൗണിലെ ഇവാൻജലിക്കൽ സഭകളിൽ മൂന്നെണ്ണത്തിലെ പാസ്ററർമാരാണെന്നും അവർ പറഞ്ഞു. അന്നു വൈകുന്നേരത്ത് തങ്ങളുടെ പള്ളികൾ ശൂന്യമായിരുന്നതിൽ അവർ അസ്വസ്ഥരായിരുന്നു. ഞങ്ങൾ അവരെ അകത്തേക്കു ക്ഷണിക്കുകയും ഞങ്ങളുടെ വേലയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഞങ്ങൾ അവർക്കു കുറെ സാഹിത്യം സമർപ്പിക്കുകയും അടുത്ത വ്യാഴാഴ്ച മടങ്ങിവരാൻ അപേക്ഷിക്കുകയും കൂടെ ചെയ്തു.
“പിറെറ വ്യാഴാഴ്ച വേറെ 22 പേരുമായി പാസ്ററർമാർ മടങ്ങിവന്നു. ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ അവർ ആഗ്രഹിച്ചു. ഞങ്ങൾ സ്ത്രീകളായതുകൊണ്ട് ഒരു ചർച്ചയിൽ ഞങ്ങൾ കിടനിൽക്കുകയില്ലെന്ന് പാസ്ററർമാർ വിചാരിച്ചു. എന്നിരുന്നാലും ഞങ്ങളുടെ കാഴ്ചപ്പാടിൽ മീററിംഗ് വിജയപ്രദമായിരുന്നു. ഒടുവിൽ ഞങ്ങൾ ബൈബിളിൽനിന്ന് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ ഒരു ലിസ്ററുണ്ടാക്കുകയാണെന്ന് ഞങ്ങൾ വിശദീകരിച്ചു. പാസ്ററർമാരുടെ കൂട്ടാളികളിൽ പലരും തങ്ങളുടെ പേരുകൾ ലിസ്ററിൽ ചേർക്കാൻ ആഗ്രഹിച്ചു. ഞങ്ങളോടുകൂടെ പ്രസംഗവേലക്കു വരാൻ പോലും ആഗ്രഹിക്കുന്നതായി ചിലർ പറഞ്ഞു!
“പ്രസംഗവേലയിൽ ഞങ്ങളോടുകൂടെ ചേരാൻ കഴിയുന്നതിനു മുമ്പ് അവർക്ക് കൂടുതൽ ബൈബിൾപരിജ്ഞാനവും പരിശീലനവും ആവശ്യമാണെന്ന് ഞങ്ങൾ വിശദീകരിച്ചു. ഓരോ ദിവസവും തങ്ങൾക്ക് ബൈബിൾ വിശദീകരിച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആളുകൾ വീട്ടിലേക്ക് വരികയായിരുന്നു. ചിലപ്പോൾ രാത്രി വൈകിയും ഞങ്ങൾക്ക് സംസാരിക്കേണ്ടിവന്നപ്പോൾ വീട്ടിൽ പോകാൻ ഞങ്ങൾ അവരോട് അപേക്ഷിക്കേണ്ടിവന്നു. ഒടുവിൽ ഞങ്ങൾ പ്രദേശം വിട്ടുപോകേണ്ടിവന്നപ്പോൾ അവർ വളരെ ദുഃഖിതരാകുകയും ഞങ്ങൾ മടങ്ങിവരുമ്പോൾ അവർ ഞങ്ങളോടുകൂടെ പ്രസംഗവേലക്കു പോരുമെന്ന് ഞങ്ങളോടു പറയുകയും ചെയ്തു. അപ്പോഴേക്കും അവർ ആവശ്യമായ പുരോഗതി വരുത്തിയിരിക്കുമെന്ന് അവർ വാഗ്ദാനംചെയ്തു.”
സാക്ഷികൾ ആ പ്രദേശം വിട്ടുപോയപ്പോൾ ബൈബിൾ പഠിക്കാനാഗ്രഹിച്ച 40 പേർ അവിടെയുണ്ടായിരുന്നു. ഈ താത്പര്യക്കാരുടെ പേരുകൾ ഏററവുമടുത്തുള്ള സഭയെ ഏൽപ്പിച്ചു, അത് 50 കിലോമീററർ അകലെയായിരുന്നു. തത്ഫലമായി, മറെറാരു നഗരത്തിൽനിന്നുള്ള ചില സാക്ഷികൾ ഈ പട്ടണത്തിലേക്ക് മാറിപ്പാർത്തു, തീക്ഷ്ണതയുള്ള സുവാർത്താപ്രസംഗകരുടെ ഒരു കൂട്ടം രൂപവൽക്കരിക്കപ്പെടുകയും ചെയ്തു. (w92 2⁄1)