പ്രതിമകളെ പൂജിക്കൽ ഒരു വിവാദവിഷയം
പോളണ്ടിൽ ഒരിടത്ത് ഒരു മനുഷ്യൻ തന്റെ യാത്രക്ക് ഒരുങ്ങിക്കഴിഞ്ഞിരുന്നു. എന്നിരുന്നാലും, അയാൾ അപ്പോഴും ഒരു പ്രധാനപ്പെട്ട വിശദാംശത്തിൽ ശ്രദ്ധിക്കണമായിരുന്നു. അയാൾ യേശുവിന്റെ പ്രതിമയുടെ മുമ്പിൽ മുട്ടുകുത്തുന്നു, ഒരു വഴിപാടർപ്പിക്കുന്നു, തന്റെ യാത്രാവേളകളിൽ സംരക്ഷണത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ആയിരക്കണക്കിനു മൈൽ ദൂരെ, തായ്ലണ്ടിലെ ബാങ്കോക്കിൽ, മെയ്യിലെ പൂർണ്ണചന്ദ്രന്റെ സമയത്ത്, ബുദ്ധമത വാർഷികചക്രത്തിലെ ആദ്യത്തെ ഉത്സവത്തിന് നിങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ കഴിയും. ഉത്സവസമയത്ത്, ബുദ്ധന്റെ ഒരു പ്രതിമ തെരുവിലൂടെ ഘോഷയാത്രയായി കൊണ്ടുപോകുന്നു.
ഇപ്പോൾ വർണ്ണിച്ചതുപോലെ, പ്രതിമകളെ പൂജിക്കൽ വിപുലവ്യാപകമാണ്. അക്ഷരീയമായി ശതകോടിക്കണക്കിനാളുകൾ പ്രതിമകളുടെ മുമ്പിൽ കുമ്പിടുന്നു. സഹസ്രാബ്ദങ്ങളായി ദൈവത്തോട് കൂടുതൽ അടുക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട മാർഗ്ഗമായി പ്രതിമകൾ വീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ആരാധനയിലെ പ്രതിമകളുടെ ഉപയോഗത്തെക്കുറിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു? പ്രതിമകളെ പൂജിക്കൽ ശരിയോ തെറേറാ? ദൈവം അതുസംബന്ധിച്ച് എന്ത് വിചാരിക്കുന്നു? അവൻ അങ്ങനെയുള്ള ആരാധന സ്വീകരിക്കുന്നുവെന്നതിന് എന്തെങ്കിലും തെളിവുണ്ടോ? ഒരുപക്ഷേ നിങ്ങൾ വ്യക്തിപരമായി ഒരിക്കലും ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് വളരെയധികം ചിന്ത കൊടുത്തിട്ടില്ലായിരിക്കാം. എന്നിരുന്നാലും, ദൈവവുമായി ഒരു ബന്ധമുണ്ടായിരിക്കുന്നതിനെ നിങ്ങൾ വിലമതിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് അവക്കുള്ള ഉത്തരങ്ങൾ കിട്ടേണ്ടയാവശ്യമുണ്ട്.
അനേകരെ സംബന്ധിച്ച് ഇത് തീരുമാനമുണ്ടാക്കാൻ പ്രയാസമില്ലാത്ത ഒരു കാര്യമല്ല എന്നു സമ്മതിക്കുന്നു. യഥാർത്ഥത്തിൽ, അത് ആയിരക്കണക്കിനു വർഷങ്ങളിൽ ചൂടുപിടിച്ചതും ചിലപ്പോൾ അക്രമാസക്തവുമായ വിവാദങ്ങളുടെ വിഷയമായിരുന്നിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ക്രി.മു. 1513-ാമാണ്ടിൽ എബ്രായ നേതാവായിരുന്ന മോശ ഒരു കാളക്കുട്ടിയുടെ സ്വർണ്ണപ്രതിമ നശിപ്പിക്കുകയും അതിനെ പൂജിച്ചുകൊണ്ടിരുന്ന ഏതാണ്ട് 3000പേരെ വാളാൽ വധിക്കുകയും ചെയ്തിരുന്നു.—പുറപ്പാട് അദ്ധ്യായം 32.
മതപരമായ പ്രതിമകളുടെ ഉപയോഗത്തോടുള്ള ശക്തമായ എതിർപ്പ് യഹൂദൻമാരിൽ പരിമിതപ്പെട്ടിരുന്നില്ല. മോശക്ക് നൂറു കണക്കിനു വർഷങ്ങൾക്കു മുമ്പ് പ്രതിമകളുടെ പൂജക്കെതിരെ വിപുലമായ ആക്രമണങ്ങൾ നടത്തിയതായി പറയപ്പെടുന്ന ഒരു പേർഷ്യൻ ഭരണാധികാരിയായിരുന്ന ററാക്മൂറൂപ്പിന്റെ ഐതിഹ്യം പുരാതന ലൗകിക ചരിത്രകാരൻമാർ സൂക്ഷിച്ചിട്ടുണ്ട്. ചൈനയിൽ ദീർഘനാൾ ജീവിച്ചതായി പറയപ്പെടുന്ന ഒരു പുരാതന രാജാവ് വിവിധ ദൈവങ്ങളുടെ ബിംബങ്ങൾക്കെതിരെ ഒരു സൈനികാക്രമണം നടത്തിയതായി റിപ്പോർട്ടുചെയ്യപ്പെടുന്നു. പ്രതിമകൾ നശിപ്പിക്കപ്പെട്ടശേഷം, കളിമണ്ണുകൊണ്ടുണ്ടാക്കിയ ദൈവങ്ങളുടെ പൂജയെ മൗഢ്യമെന്ന നിലയിൽ അദ്ദേഹം അപലപിച്ചു. പിന്നീട്, മുഹമ്മദ് ഒരു കുട്ടിയായിരുന്നപ്പോൾത്തന്നെ ആരാധനയിൽ പ്രതിമകൾ ഉപയോഗിക്കുന്നതിനെ എതിർത്ത അറബികളുണ്ടായിരുന്നു. മുഹമ്മദിൻമേലുള്ള അവരുടെ സ്വാധീനം വിഗ്രഹാരാധനസംബന്ധിച്ച അദ്ദേഹത്തിന്റെ പിൽക്കാല നിലപാടിന് സംഭാവനചെയ്തു. വിഗ്രഹാരാധന അക്ഷന്തവ്യമായ ഒരു പാപമാണെന്നും വിഗ്രഹാരാധകർക്കുവേണ്ടി പ്രാർത്ഥിക്കരുതെന്നും വിഗ്രഹാരാധകരുമായുള്ള വിവാഹം വിലക്കപ്പെട്ടിരിക്കുകയാണെന്നും ഖുറാനിൽ മുഹമ്മദ് പഠിപ്പിക്കുന്നു.
ക്രൈസ്തവലോകത്തിൽ പോലും ഐറീനിയസ്, ഓറിജൻ, കൈസരിയായിലെ യൂസേബിയസ്, എപ്പിഫാനിയസ്, അഗസ്ററിൻ എന്നിങ്ങനെ ക്രി.വ. രണ്ടും മൂന്നും നാലും അഞ്ചും നൂററാണ്ടുകളിലെ പ്രമുഖ മതവ്യക്തികൾ ആരാധനയിലെ പ്രതിമകളുടെ ഉപയോഗത്തെ എതിർത്തു. ക്രി.വ. നാലാം നൂററാണ്ടിന്റെ തുടക്കത്തോടടുത്ത് സ്പെയിനിലെ എൽവീറായിൽ ഒരു കൂട്ടം ബിഷപ്പൻമാർ പ്രതിമകളുടെ പൂജക്കെതിരെ പ്രധാനപ്പെട്ട നിരവധി പ്രമേയങ്ങൾക്കു രൂപംകൊടുത്തു. ഈ സുപ്രസിദ്ധ എൽവീറാ കൗൺസിൽ പള്ളികളിൽനിന്ന് പ്രതിമകൾ നീക്കംചെയ്യുന്നതിലും പ്രതിമാരാധകർക്കെതിരെ കഠിനശിക്ഷ ഏർപ്പെടുത്തുന്നതിലും കലാശിച്ചു.
വിഗ്രഹഭഞ്ജകർ
ഈ വികാസങ്ങൾ ചരിത്രത്തിലെ ഏററവും വലിയ വിവാദങ്ങളിലൊന്നിന് വഴിയൊരുക്കി: എട്ടും ഒൻപതും നൂററാണ്ടുകളിലെ വിഗ്രഹഭഞ്ജക വിവാദം. “ഈ കഠിന വിവാദം ഒന്നര നൂററാണ്ടു നീണ്ടുനിന്നുവെന്നും അവർണ്ണനീയമായ ദുരിതങ്ങൾ അതു വരുത്തിക്കൂട്ടിയെന്നും” അത് “പൗരസ്ത്യ പശ്ചിമ സാമ്രാജ്യങ്ങൾ തമ്മിലുള്ള ഭിന്നിപ്പിന്റെ സത്വര കാരണങ്ങളിലൊന്നായിരുന്നു”വെന്നും ഒരു ചരിത്രകാരൻ പ്രസ്താവിക്കുന്നു.
പ്രതിമകൾക്കെതിരായ ഈ പ്രസ്ഥാനത്തിൽ യൂറോപ്പിലുടനീളം പ്രതിമകൾ നീക്കംചെയ്യുന്നതും നശിപ്പിക്കുന്നതും ഉൾപ്പെട്ടിരുന്നു. ആരാധനയിൽ പ്രതിമകളുടെ ഉപയോഗം നീക്കംചെയ്യുന്നതിന് പല പ്രതിമാവിരുദ്ധ നിയമങ്ങൾ പ്രാബല്യത്തിലാക്കപ്പെട്ടു. പ്രതിമകളുടെ പൂജ ചക്രവർത്തിമാരെയും പാപ്പാമാരെയും ജനറൽമാരെയും ബിഷപ്പൻമാരെയും ഒരു ശുദ്ധ ദൈവശാസ്ത്ര യുദ്ധത്തിലേക്ക് വലിച്ചിഴച്ച ചൂടുപിടിച്ച ഒരു രാഷ്ട്രീയ വിവാദമായിത്തീർന്നു.
ഇത് വാക്കുകൾകൊണ്ടുള്ള ഒരു യുദ്ധത്തിൽ കവിഞ്ഞതായിരുന്നു. മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും ദി എൻസൈക്ലോപ്പീഡിയാ ഓഫ് ബിബ്ലിക്കൽ, തിയൊളോജിക്കൽ, ആൻഡ് എക്ലിസ്യാസ്ററിക്കൽ ലിറററേച്ചർ പള്ളികളിലെ പ്രതിമകളുടെ ഉപയോഗത്തിനെതിരെ ലിയോ III-മൻ ചക്രവർത്തി ഒരു ശാസനം പുറപ്പെടുവിച്ച ശേഷം ആളുകൾ “ശാസനത്തിനെതിരെ കൂട്ടമായി വിപ്ലവം നടത്തുകയും വിശേഷിച്ച് കോൺസ്ററാൻറിനോപ്പിളിൽ ഉഗ്രമായ കലാപങ്ങൾ” ദൈനംദിന സംഭവമായിത്തീരുകയും ചെയ്തുവെന്ന് പ്രസ്താവിക്കുന്നു. സാമ്രാജ്യത്വ ശക്തികളും ജനങ്ങളും തമ്മിലുള്ള ശണ്ഠകൾ വധങ്ങളിലും കൂട്ടക്കൊലകളിലും കലാശിച്ചു. സന്യാസിമാർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. നൂറുകണക്കിനു വർഷങ്ങൾക്കുശേഷം, 16-ാം നൂററാണ്ടിൽ പള്ളികളിലെ പ്രതിമകളുടെ വിവാദവിഷയം സംബന്ധിച്ച് സ്വിററ്സർലണ്ടിലെ സൂറിച്ചിൽ പല പൊതു വാദപ്രതിവാദങ്ങൾ നടന്നു. തത്ഫലമായി, പള്ളികളിൽനിന്ന് സകല പ്രതിമകളുടെയും നീക്കം ആവശ്യപ്പെടുന്ന ഒരു കല്പന നിയമമാക്കപ്പെട്ടു. ചില നവീകരണ കർത്താക്കൾ തങ്ങളുടെ ഉഗ്രവും മിക്കപ്പോഴും അക്രമാസക്തവുമായ അപലപനം സംബന്ധിച്ച് പ്രസിദ്ധരായിരുന്നു.
ഇന്നുപോലും, ആരാധനയിലെ പ്രതിമകളുടെ ഉപയോഗം സംബന്ധിച്ച് ആധുനിക ദൈവശാസ്ത്രജ്ഞൻമാരുടെ ഇടയിൽ വലിയ പിളർപ്പുണ്ട്. അടുത്ത ലേഖനം ദൈവത്തോടു കൂടുതൽ അടുക്കുന്നതിന് പ്രതിമകൾക്ക് മനുഷ്യനെ സഹായിക്കാൻ കഴിയുമോയെന്ന് വിലയിരുത്തുന്നതിന് നിങ്ങളെ സഹായിക്കും. (w92 2⁄15)