ഈജിപ്ററിലെ ചവററു കൂനകളിൽനിന്ന് നിക്ഷേപം
ഒരു ചവററുകൂനയിൽ വിലയേറിയ ബൈബിൾ കൈയെഴുത്തുപ്രതികൾ കണ്ടെത്താൻ നിങ്ങൾ പ്രതീക്ഷിക്കുമോ? കഴിഞ്ഞ നൂററാണ്ടിന്റെ ഒടുവിൽ ഈജിപ്ററിലെ മണൽപ്രദേശത്ത് സംഭവിച്ചത് അതുതന്നെയാണ്. എങ്ങനെ?
ആയിരത്തി എഴുനൂററിയെഴുപത്തെട്ടിൽ തുടങ്ങി 19-ാം നൂററാണ്ടിന്റെ അവസാനംവരെ തുടർന്നുകൊണ്ട് പല പാപ്പിറസ് പാഠങ്ങൾ ഈജിപ്ററിൽ യാദൃച്ഛികമായി കണ്ടുപിടിക്കപ്പെട്ടു. എന്നിരുന്നാലും, നൂറുവർഷംമുമ്പുവരെ വ്യവസ്ഥാനുസൃതമായ വളരെ കുറച്ച് അന്വേഷണമേ ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും നാട്ടുകാരായ കൃഷീവലൻമാർ പുരാതനപ്രമാണങ്ങളുടെ ഒരു നിരന്തര പ്രവാഹം കണ്ടെത്തിക്കൊണ്ടിരുന്നു. വളരെ വൈകിപ്പോകുന്നതിനുമുമ്പ് ഒരു പര്യവേക്ഷകസംഘത്തെ അയക്കേണ്ടതിന്റെ ആവശ്യകത ബ്രിട്ടീഷ് ആഭിമുഖ്യത്തിലുള്ള ഈജിപ്ററ് പര്യവേക്ഷക സംഘടന തിരിച്ചറിഞ്ഞു. അവർ ബർനാർഡ് പി. ഗ്രെൻഫെൽ, ആർതർ എസ്. ഹണ്ട് എന്നീ രണ്ട് ഓക്സ്ഫോർഡ് പണ്ഡിതൻമാരെ തെരഞ്ഞെടുത്തു, അവർക്ക് മുകളിൽ കാണിച്ചിരിക്കുന്ന ഫേയൂം ഡിസ്ട്രിക്ററിലെ കൃഷിപ്രദേശത്തിന്റെ തെക്കുഭാഗത്ത് അന്വേഷണം നടത്തുന്നതിനുള്ള അനുമതി ലഭിച്ചു.
ബെനസാ എന്നു വിളിക്കപ്പെട്ട ഒരു സ്ഥലം അതിന്റെ ഓക്സിറൈഞ്ചസ് എന്ന പുരാതനഗ്രീക്ക് പേർ നിമിത്തം ഗ്രെൻഫെല്ലിന് പ്രതീക്ഷക്കു വക നൽകുന്നതായി തോന്നി. ഈജിപ്ഷ്യൻക്രിസ്ത്യാനിത്വത്തിന്റെ ഒരു കേന്ദ്രമായിരുന്ന ഓക്സിറൈഞ്ചസ് ക്രി.വ. നാലും അഞ്ചും നൂററാണ്ടുകളിൽ ഒരു പ്രധാനപ്പെട്ട സ്ഥലമായിരുന്നു. സമീപപ്രദേശത്ത് അനേകം ആദിമ സന്യാസിമഠങ്ങൾ കണ്ടുപിടിക്കപ്പെട്ടിരുന്നു. ഈ പ്രാദേശികപട്ടണത്തിന്റെ ശൂന്യശിഷ്ടങ്ങൾ വിപുലമായിരുന്നു. ഗ്രെൻഫെൽ ക്രിസ്തീയ സാഹിത്യശകലങ്ങൾ അവിടെ കണ്ടെത്താൻ പ്രതീക്ഷിച്ചു. എന്നാൽ ശവപ്പറമ്പുകളുടെയും ശൂന്യമായി കിടന്ന വീടുകളുടെയും പരിശോധന യാതൊരു ഫലവും ഉളവാക്കിയില്ല. പട്ടണത്തിലെ ചപ്പുചവറുകൂന മാത്രമേ അവശേഷിച്ചിരുന്നുള്ളു, അവയിൽ ചിലതിന് 9 മീറററോളം ഉയരമുണ്ടായിരുന്നു. പാപ്പിറസുകൾക്കുവേണ്ടി അവിടെ ഖനനം നടത്തുന്നത് മിക്കവാറും ഒരു പരാജയസമ്മതമാണെന്നു തോന്നി; എന്നിരുന്നാലും പരീക്ഷിച്ചുനോക്കാൻ പര്യവേക്ഷകർ തീരുമാനിച്ചു.
ഒരു നിക്ഷേപ ശേഖരം
ആയിരത്തി എണ്ണൂററിത്തൊണ്ണൂറേറഴ് ജനുവരിയിൽ ഒരു പരീക്ഷണ കിടങ്ങ് കുഴിക്കപ്പെട്ടു. മണിക്കുറുകൾക്കകം പുരാതന പാപ്പിറസ് വസ്തുക്കൾ കണ്ടെത്തപ്പെട്ടു. അവയിൽ എഴുത്തുകളും ഉടമ്പടികളും ഔദ്യോഗികപ്രമാണങ്ങളും ഉൾപ്പെട്ടിരുന്നു. കാററടിച്ചുവന്ന മണൽ അവയെമൂടിയിരുന്നു. വരണ്ട കാലാവസ്ഥ ഏതാണ്ട് 2,000വർഷം അവയെ സംരക്ഷിച്ചിരുന്നു.
വെറും മൂന്നിൽപരം മാസംകൊണ്ട്, ഏതാണ്ട് രണ്ടു ടൺ പാപ്പിറസ് എഴുത്തുകൾ ഓക്സിറൈഞ്ചസിൽനിന്ന് കണ്ടെടുത്തു. അവ ഇരുപത്തഞ്ച് വലിയ പെട്ടികളിൽ നിറച്ച് ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചു. അടുത്ത പത്തുവർഷങ്ങളിൽ ഓരോ വർഷകാലത്തും ആ നിർഭയരായിരുന്ന പണ്ഡിതൻമാർ തങ്ങളുടെ ശേഖരത്തെ വർദ്ധിപ്പിക്കാൻ ഈജിപ്ററിലേക്ക് മടങ്ങിച്ചെന്നു.
ഒരു സന്ദർഭത്തിൽ, റെറപ്ററൂണിസിലെ ഒരു ശവക്കോട്ട ഖനനംചെയ്തുകൊണ്ടിരുന്നപ്പോൾ അവർ ചീങ്കണ്ണികളുടെ മമ്മികളല്ലാതെ യാതൊന്നും കുഴിച്ചെടുത്തില്ല. ഒരു ജോലിക്കാരൻ നിരാശയോടെ ഒന്ന് തല്ലിപ്പൊട്ടിച്ചു. അയാൾ അതിശയിച്ചുപോകുമാറ് അത് പാപ്പിറസ്ഷീററുകളിൽ പൊതിഞ്ഞിരുന്നതായി അയാൾ കണ്ടെത്തി. മററു ചീങ്കണ്ണികളെയും സമാനമായി സൂക്ഷിച്ചിരുന്നതായി അവർ കണ്ടുപിടിച്ചു. ചിലതിന്റെ തൊണ്ടകളിൽ പാപ്പിറസ്ചുരുളുകൾ കുത്തിനിറച്ചിരുന്നു. പുരാതന ക്ലാസ്സിക്കൽ എഴുത്തുകളുടെ ശകലങ്ങൾ വെളിച്ചത്തുവന്നു, ഒപ്പം രാജകീയ ശാസനകളും ബിസിനസ് കണക്കുകളും സ്വകാര്യകത്തുകളും കൂട്ടിക്കലർത്തിയ ഉടമ്പടികളും.
ഈ പ്രമാണങ്ങൾക്കെല്ലാം എന്തു മൂല്യമാണുണ്ടായിരുന്നത്? അവ വലിയ താത്പര്യമുള്ളവയാണെന്ന് തെളിഞ്ഞു. കാരണം മിക്കവയും അന്നത്തെ പൊതു ഗ്രീക്കായിരുന്ന കൊയ്നിയിൽ സാധാരണക്കാരാൽ എഴുതപ്പെട്ടിരുന്നു. അവർ ഉപയോഗിച്ച വാക്കുകളിലനേകവും ബൈബിളിന്റെ ഗ്രീക്ക് തിരുവെഴുത്തുകളിൽ, പുതിയ നിയമത്തിൽ, കാണപ്പെടുന്നതിനാൽ, ചില പണ്ഡിതൻമാർ സൂചിപ്പിച്ചിരുന്നതുപോലെ, തിരുവെഴുത്തുകളിലെ ഭാഷ ഒരു പ്രത്യേക ബൈബിൾഗ്രീക്ക് അല്ലെന്ന് പെട്ടെന്ന് പ്രകടമായി, എന്നാൽ അത് സാധാരണക്കാരന്റെ സാധാരണഭാഷയായിരുന്നു. അങ്ങനെ ദൈനംദിനസാഹചര്യങ്ങളിൽ വാക്കുകൾ ഉപയോഗിക്കപ്പെട്ടിരുന്ന രീതി താരതമ്യപ്പെടുത്തിയതിനാൽ ക്രിസ്തീയ ഗ്രീക്ക്തിരുവെഴുത്തുകളിലെ അവയുടെ അർത്ഥങ്ങളുടെ വ്യക്തതയേറിയ ഒരു ഗ്രാഹ്യം ഉരുത്തിരിഞ്ഞുവന്നു.
ബൈബിൾകൈയെഴുത്തുപ്രതികൾ
ബൈബിൾകൈയെഴുത്തുപ്രതികളുടെ ശകലങ്ങൾ കണ്ടെടുക്കപ്പെട്ടു, മിക്കപ്പോഴും വളരെയധികം അലങ്കാരമില്ലാതെ ഗുണം കുറഞ്ഞ വസ്തുക്കളിൽ ഒരു പരുക്കൻ ലിപിയിൽ എഴുതപ്പെട്ട ഇവ സാധാരണക്കാരന്റെ ബൈബിളിനെ പ്രതിനിധാനംചെയ്തു. കണ്ടുപിടുത്തങ്ങളിൽ ചിലത് നമുക്ക് പരിശോധിക്കാം.
തെരച്ചിൽ ക്രി.വ. മൂന്നാം നൂററാണ്ടിൽ വല്യക്ഷരങ്ങളിൽ എഴുതപ്പെട്ട മത്തായിയുടെ സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായത്തിന്റെ 1മുതൽ 9വരെയും 12ഉം 14മുതൽ 20വരെയുമുള്ള വാക്യങ്ങൾ കണ്ടുപിടിച്ചു. അത് P-1ആയിത്തീർന്നു, ഇപ്പോൾ വിവിധ സ്ഥലങ്ങളിൽനിന്നുള്ള ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഏതാണ്ട് നൂറോളം വരുന്ന കൈയെഴുത്തുപ്രതികളുടെയോ ഭാഗങ്ങളുടെയോ പാപ്പിറസ് പാഠങ്ങളുടെ കാററലോഗിൽ ഒന്നാമത്തെ ഐററംതന്നെ. തെരച്ചിലിൽ കണ്ടുപിടിച്ച ഏതാനുംചില വാക്യങ്ങൾകൊണ്ട് എന്ത് ഉപയോഗമാണുണ്ടായിരുന്നത്? എഴുത്തിന്റെ സ്വഭാവം വ്യക്തമായി അത് ക്രി.വ. മൂന്നാംനൂററാണ്ടിലേതാണെന്ന് നിർണ്ണയിച്ചു. അതിന്റെ വാചകങ്ങളുടെ ഒരു പരിശോധന വെസ്ററ്കോട്ടും ഹോർട്ടും തയ്യാറാക്കിയ അന്ന് തികച്ചും അടുത്തകാലത്തേതായിരുന്ന പാഠത്തോട് യോജിക്കുന്നതായി പ്രകടമാക്കി. P-1 ഇപ്പോൾ യു.എസ്.എ. പെൻസിൽവേനിയായിലെ ഫിലഡൽഫിയായിലുള്ള യൂണിവേഴ്സിററി കാഴ്ചബംഗ്ലാവിലുണ്ട്.
ഒരു കോഡക്സിൽനിന്ന് അഥവാ പുസ്തകത്തിൽനിന്നുള്ള ഒരു പാപ്പിറസ്ഷീററിൽ ഇടത്തെ താളിൽ യോഹന്നാൻ 1-ാം അദ്ധ്യായത്തിന്റെ ഭാഗങ്ങളും വലത്തെ താളിൽ യോഹന്നാൻ 20-ാം അദ്ധ്യായത്തിന്റെ ഭാഗങ്ങളും ഉണ്ട്. നഷ്ടപ്പെട്ടുപോയ ഭാഗങ്ങളുടെ ഒരു പുനർനിർമ്മിതി ആദ്യം മുഴുസുവിശേഷത്തിനും 25ഷീററുകളുണ്ടായിരുന്നുവെന്നും ഏററവും ആദിമമായ കാലംമുതൽ ഇവയിൽ 21-ാം അദ്ധ്യായവും ഉൾപ്പെട്ടിരുന്നിരിക്കണമെന്നും സൂചിപ്പിക്കുന്നു. അതിന് P-5 എന്ന് നമ്പരിടപ്പെട്ടു, ക്രി.വ. മൂന്നാം നൂററാണ്ടിലേതെന്ന് നിർണ്ണയിക്കപ്പെടുകയുംചെയ്തു. ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ബ്രിട്ടീഷ് ലൈബ്രറിയിലാണ് ഇപ്പോൾ അത് ഇരിക്കുന്നത്.
റോമർ 1:1-7 അടങ്ങിയിരിക്കുന്ന ഒരു ശകലം വലിയ പരുക്കൻ അക്ഷരങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നതുകൊണ്ട് അത് ഒരുപക്ഷേ ഒരു സ്കൂൾക്കുട്ടിയുടെ അഭ്യാസപുസ്തകമായിരിക്കുമെന്ന് ചില പണ്ഡിതൻമാർ വിചാരിച്ചിട്ടുണ്ട്. അതിന് ഇപ്പോൾ P-10 എന്ന് നമ്പരിട്ടിരിക്കുന്നു, ക്രി.വ. 4-ാം നൂററാണ്ടുമുതലുള്ളതായി നിർണ്ണയിക്കപ്പെടുകയുംചെയ്തിരിക്കുന്നു.
വളരെ വലിയ ഒരു കണ്ടുപിടുത്തം എബ്രായർക്കുള്ള ലേഖനത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് ഉൾക്കൊള്ളുന്നു. അത് മുൻവശത്ത് റോമൻ ചരിത്രകാരനായ ലിവിയുടെ ക്ലാസ്സിക്കൽ എഴുത്തുകളോടെ ഒരു ചുരുളിന്റെ പിൻവശത്ത് പകർത്തപ്പെട്ടു. മുമ്പിലും പിമ്പിലും അത്തരം വ്യത്യസ്ത വിവരങ്ങൾ എന്തുകൊണ്ട്? ആ നാളുകളിലെ എഴുതാനുള്ള വസ്തുക്കളുടെ ദൗർലഭ്യവും ചെലവും പഴയ പാപ്പിറസുകൾ പാഴാക്കരുതെന്ന് അർത്ഥമാക്കി. ഇപ്പോൾ P-13 എന്ന് പട്ടികപ്പെട്ടുത്തിയിരിക്കുന്ന അത് ക്രി.വ. മൂന്നോ നാലോ നൂററാണ്ടിലേതാണെന്ന് നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
റോമർ 8, 9 എന്നീ അദ്ധ്യായങ്ങളുടെ വളരെ ചെറിയ അക്ഷരങ്ങളിലെഴുതിയിരിക്കുന്ന ഒരു പാപ്പിറസ് താൾ 11.5 സെൻറീമീററർ പൊക്കവും വെറും 5 സെൻറീമീററർ വീതിയുമുള്ള ഒരു പുസ്തകത്തിൽനിന്ന് ലഭിച്ചതാണ്. അപ്പോൾ ക്രി.വ. മൂന്നാം നൂററാണ്ടിൽ തിരുവെഴുത്തുകളുടെ പോക്കററ് സൈസിലുള്ള പതിപ്പുകൾ സ്ഥിതിചെയ്തിരുന്നുവെന്ന് അത് സൂചിപ്പിക്കുന്നതായി തോന്നും. ഈ ഒരെണ്ണം P-27 ആയിത്തീർന്നു, പൊതുവേ കോഡക്സ് വത്തിക്കാനസിനോട് യോജിക്കുകയും ചെയ്യുന്നു.
ഒരു ഗ്രീക്ക് സെപ്ററുവജിൻറ് കോഡക്സിൽനിന്നുള്ള നാലു താളുകളുടെ ഭാഗങ്ങളിൽ ഉല്പത്തിയുടെ ആറ് അദ്ധ്യായങ്ങളുടെ ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. അത് ക്രി.വ. മൂന്നോ നാലോ നൂററാണ്ടിലേതായതുകൊണ്ടും ഈ അദ്ധ്യായങ്ങൾ കോഡക്സ് വത്തിക്കാനസിൽ ഇല്ലാത്തതുകൊണ്ടും കോഡക്സ് സൈനാററിക്കസിലേത് കേടുപററിയതായതുകൊണ്ടും ഈ കോഡക്സ് പ്രധാനമാണ്. പാപ്പിറസ് 656 എന്ന് നമ്പരിടപ്പെട്ടിരിക്കുന്ന ഈ താളുകൾ ഇംഗ്ലണ്ട്, ഓക്സ്ഫോർഡിലെ ബാഡ്ലിയൻ ലൈബ്രറിയിലുണ്ട്.
ഈ ശകലങ്ങളൊന്നും നമ്മുടെ നിലവിലുള്ള ആദിമ കൈയെഴുത്തുപ്രതികളിൽനിന്ന് വലിയ വ്യത്യാസങ്ങളുള്ളവയല്ല, തന്നിമിത്തം അവ ഈജിപ്ററിന്റെ ഒരു വിദൂരഭാഗത്ത് ആ ആദിമ കാലത്ത് സാധാരണക്കാരുടെ ഇടയിൽ ബൈബിൾ പാഠം പ്രചാരത്തിലിരുന്നുവെന്ന് സ്ഥിരീകരിക്കുന്നു. അവ ദൈവവചനത്തിന്റെ വിശ്വസനീയതയിലും കൃത്യതയിലുമുള്ള നമ്മുടെ വിശ്വാസത്തെയും സ്ഥിരീകരിക്കുന്നു.
[27-ാം പേജിലെ ചിത്രം]
യോഹന്നാൻ 1-ാം അദ്ധ്യായത്തിന്റെ ഭാഗങ്ങളടങ്ങിയ ഫേയൂമിൽനിന്നുള്ള പാപ്പിറസുകൾ
[കടപ്പാട്]
By permission of the British Library
[26-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.