അന്താരാഷ്ട്ര സുരക്ഷിതത്വത്തിനുവേണ്ടിയുള്ള പദ്ധതികൾ വിജയിക്കുമോ?
“നാല്പതിലധികം വർഷമായി ലോകത്തെ ഗ്രസിച്ചിരിക്കുന്ന ശീതസമരം ദൈവസഹായത്താൽ അവസാനിച്ചിരിക്കുന്നതായി കാണപ്പെടുന്നു”വെന്ന് ഡബ്ലിയൂസിസിയുടെ (സഭകളുടെ ലോകകൗൺസിൽ) ഒരു മാസികയായ വൺ വേൾഡ് പ്രസ്താവിക്കുന്നു. “മദ്ധ്യ യൂറോപ്പിലെയും കിഴക്കൻ യൂറോപ്പിലെയും സാർത്ഥകമായ സംഭവങ്ങൾ . . . യൂറോപ്പിന്റെയും ശേഷിച്ച ലോകത്തിന്റെയും സമാധാനവും സുരക്ഷിതത്വവും സംബന്ധിച്ച് ശുഭസൂചകമാണെന്നു തോന്നുന്നു”വെന്ന് ദൈവശാസ്ത്രവിദ്യാഭ്യാസം സംബന്ധിച്ച ഡബ്ലിയൂസിസി പരിപാടിയുടെ ആംഗ്ലിക്കൻ എഴുത്തുകാരനായ ജോൺ പോബി കൂട്ടിച്ചേർക്കുന്നു.
ദൈവത്തെ അന്താരാഷ്ട്ര സുരക്ഷിതത്വത്തിനായുള്ള മമനുഷ്യന്റെ പദ്ധതികളുമായി ബന്ധിപ്പിക്കുന്നത് ഡബ്ലിയൂസിസിയുടെ പ്രതിനിധികൾ മാത്രമല്ല. പേർഷ്യൻഗൾഫ്യുദ്ധം കഴിഞ്ഞ് താമസിയാതെ, 1991 ഏപ്രിലിൽ അന്നത്തെ യൂ.എൻ. സെക്രട്ടറി ജനറലായിരുന്ന ജാവിയർ പെരെസ് ഡിക്വെയറിന് ജോൺ പോൾ II-ാമൻ പാപ്പാ ഒരു സന്ദേശമയച്ചു. അതിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചിരുന്നു: “മദ്ധ്യപൂർവദേശത്തെയും പാശ്ചാത്യദേശത്തെയും കത്തോലിക്കാ സഭകളിലെ ബിഷപ്പുമാർക്ക് ഐക്യരാഷ്ട്രങ്ങളുടെ പ്രവർത്തനത്തിൽ വിശ്വാസമുണ്ട് . . . ഐക്യരാഷ്ട്രങ്ങളിലൂടെയും അതിന്റെ പ്രത്യേകവൽകൃത സ്ഥാപനങ്ങളിലൂടെയും അടുത്ത കാലത്തെ യുദ്ധത്താൽ അടിയന്തിരാവശ്യത്തിന്റെ ഒരു സാഹചര്യത്തിലാക്കപ്പെട്ടവർ സാർവദേശീയ സംവേദനീയതയും ഐക്യദാർഢ്യവും കണ്ടെത്തുന്നതിൽ പരാജയപ്പെടുകയില്ലെന്ന് അവർ പ്രത്യാശിക്കുന്നു.”
കൂടാതെ, വത്തിക്കാൻ 1975-ലെ ഹെൽസിങ്കി ഉടമ്പടിയും 1986-ലെ സ്റേറാക്ക്ഹോം പ്രമാണവും രൂപപ്പെടുത്തുകയും അവയിൽ ഒപ്പുവെക്കുകയും ചെയ്ത 35 രാഷ്ട്രങ്ങളിൽ ഒന്നായിരുന്നു. ഐക്യരാഷ്ട്രങ്ങൾ 1986നെ “അന്താരാഷ്ട്ര സമാധാനവർഷ”മായി പ്രഖ്യാപിച്ചപ്പോൾ പാപ്പാ “സമാധാനത്തിനുവേണ്ടിയുള്ള ലോകപ്രാർത്ഥനാദിനാ”ഘോഷത്തിൽ പങ്കെടുക്കാൻ ലോകത്തിലെ മുഖ്യ മതങ്ങളുടെ പ്രതിനിധികളെ ക്ഷണിച്ചുകൊണ്ട് പ്രതികരിച്ചു. 1986 ഒക്ടോബറിൽ ബുദ്ധ, ഹിന്ദു, ഇസ്ലാം, ഷിന്റോ, ആംഗ്ലിക്കൻ, ലൂഥറൻ, ഗ്രീക്ക് ഓർത്തഡോക്സ്, യഹൂദ മതങ്ങളുടെയും മററു വിശ്വാസങ്ങളുടെയും പ്രതിനിധികൾ ഇററലിയിലെ അസ്സീസിയിൽ ഒരുമിച്ചിരിക്കുകയും ലോകസമാധാനത്തിനുവേണ്ടി മാറിമാറി പ്രാർത്ഥിക്കുകയും ചെയ്തു.
കുറെ വർഷങ്ങൾ കഴിഞ്ഞ്, ആംഗ്ലിക്കൻ ആർച്ച്ബിഷപ്പ് ഓഫ് കാൻറർബറി റോമിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ മേൽപ്പറഞ്ഞ സന്ദർഭത്തെ അനുസ്മരിച്ചു. “അസ്സീസിയിൽ റോമിലെ ബിഷപ്പിന് [പാപ്പാ] ക്രിസ്തീയ സഭകളെ വിളിച്ചുകൂട്ടാൻ കഴിഞ്ഞതായി നാം കണ്ടു. മനുഷ്യവർഗ്ഗത്തിന്റെ സമാധാനത്തിനും ക്ഷേമത്തിനുമായി ഒരുമിച്ചു പ്രാർത്ഥിക്കാനും ഒരുമിച്ചു സംസാരിക്കാനും ഒരുമിച്ചു പ്രവർത്തിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു . . . ലോകസമാധാനത്തിനുവേണ്ടിയുള്ള ആ പ്രാർത്ഥനയാകുന്ന ആദ്യനടപടിയുടെ സമയത്ത് ‘കാൺമിൻ, ഞാൻ ഒരു പുതിയ സംഗതി ചെയ്യുന്നു’ എന്നു പറഞ്ഞ ദൈവത്തിന്റെ സന്നിധിയിലായിരുന്നു ഞാൻ എന്ന് എനിക്ക് തോന്നി” എന്ന് അദ്ദേഹം പറഞ്ഞു.
അസ്സീസിയിൽ പ്രതിനിധാനംചെയ്യപ്പെട്ടില്ലെങ്കിലും മററു മതങ്ങളും അന്താരാഷ്ട്ര സുരക്ഷിതത്വത്തിനുവേണ്ടിയുള്ള മമനുഷ്യന്റെ പദ്ധതികൾ സംബന്ധിച്ച് ശുഭാപ്തിവിശ്വാസമുള്ളവരാണ്. ദക്ഷിണാഫ്രിക്കയിലെ ഡച്ച് റിഫോംഡ് ചർച്ചിന്റെ ഒരു ഔദ്യോഗിക പത്രികയായ ഡി കേർക്ക്ബ്യൂഡിലെ ഒരു മുഖപ്രസംഗം ഇങ്ങനെ പറഞ്ഞു: “ഒരു പുതിയ ലോക ക്രമത്തിലേക്കുള്ള പരിവർത്തനമാണ് നമുക്ക് അനുഭവപ്പെടുന്നത്. ചുരുക്കംചില വർഷങ്ങൾക്കു മുമ്പ് ചിന്തനീയമല്ലാഞ്ഞത് നമ്മുടെ കൺമുമ്പിൽത്തന്നെ സംഭവിക്കുകയാണ്. വലിപ്പമേറിയ ലോകരംഗത്ത് സോവ്യററ് യൂണിയനും പാശ്ചാത്യ ലോകത്തിനുമിടക്ക് നടന്നുകൊണ്ടിരിക്കുന്ന അനുരഞ്ജനത്തിന് വ്യാപകമായ പ്രാദേശിക പ്രാധാന്യമുണ്ട്. ലോകത്തിൽ നമ്മുടെ ഭാഗത്ത് പരമ്പരാഗതമായി എതിർത്തുകൊണ്ടിരിക്കുന്ന കക്ഷികളും ബദ്ധശത്രുക്കളും അന്യോന്യം സംസാരിച്ചുകൊണ്ടിരിക്കുന്നു, ‘സമാധാന’ത്തിനായുള്ള അഭിനിവേശം എല്ലായിടത്തും ഉരുത്തിരിയുകയാണ് . . . ഒരു ക്രിസ്തീയ നിലപാടിൽ ആളുകൾ തമ്മിൽ സമാധാനം കൈവരുത്താനുള്ള സകല ശ്രമങ്ങളും സ്വാഗതം ചെയ്യപ്പെടണം. നമ്മുടെ കാലത്ത് നമുക്ക് സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ കഴിയും.”
ദൈവം അന്താരാഷ്ട്ര സുരക്ഷിതത്വത്തിനുവേണ്ടിയുള്ള മമനുഷ്യന്റെ പദ്ധതികളെ അനുഗ്രഹിക്കുന്നുണ്ടോ?
ബൈബിൾ എന്തു പറയുന്നു?
മാനുഷ ശ്രമങ്ങളെ ആശ്രയിക്കുന്ന സംഗതിയിൽ, ബൈബിൾ വളച്ചുകെട്ടില്ലാത്ത ഒരു മുന്നറിയിപ്പു നൽകുന്നു: “നിങ്ങൾ പ്രഭുക്കൻമാരിൽ ആശ്രയിക്കരുത്, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രൻമാരിലും അരുതു. അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.” (സങ്കീർത്തനം 146:3, 4) സമാധാനത്തിലേക്കുള്ള ഏതൽക്കാല മുന്നേററം പ്രോൽസാഹജനകമായി തോന്നിയേക്കാം. എന്നാൽ നാം യാഥാർത്ഥ്യബോധമുള്ളവരായിരിക്കേണ്ടതുണ്ട്. മനുഷ്യരുടെ ശക്തികൾ പരിമിതമാണ്. മിക്കപ്പോഴും സംഭവങ്ങൾ മനുഷ്യരെക്കാൾ വലുതാണ്. മനുഷ്യർക്ക് അപൂർവമായേ അവരുടെ സുചിന്തിത പദ്ധതികളെ തകിടംമറിക്കുന്ന അടിയൊഴുക്കുകളെയും ഗൂഢശക്തികളെയും വിവേചിക്കാൻ കഴിയൂ.
യേശുവിന്റെ കാലത്തിന് എഴുനൂറു വർഷം മുമ്പ്, യെശയ്യാപ്രവാചകന്റെ നാളുകളിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതിനോടു താരതമ്യപ്പെടുത്താവുന്ന ഒരു വിധത്തിൽ അയൽരാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര ഉടമ്പടികൾ മുഖേന യഹൂദ നേതാക്കൻമാർ സുരക്ഷിതത്വത്തിനുവേണ്ടി ആസൂത്രണം ചെയ്തിരുന്നു. ആ നാളുകളിലും മതനേതാക്കൻമാർ രാജ്യതന്ത്രജ്ഞൻമാർ ചെയ്തുകൊണ്ടിരുന്നതിനെ പിന്താങ്ങി. എന്നാൽ യെശയ്യാവ് ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും. കാര്യം പറഞ്ഞുറെപ്പിൻ; സാദ്ധ്യം ഉണ്ടാകയില്ല.” (യെശയ്യാവ് 8:10) അവരുടെ പദ്ധതി വിപത്ക്കരമായ ഒരു പരാജയമായി പരിണമിച്ചു. അതുതന്നെ ഇന്നും സംഭവിക്കാൻ കഴിയുമോ?
ഉവ്വ്, കഴിയും. എന്തുകൊണ്ടെന്നാൽ ഭൂമിയിൽ സുരക്ഷിതത്വം കൈവരുത്താൻ തനിക്ക് സ്വന്തം മാർഗ്ഗമുണ്ടെന്ന് ദൈവം അതേ പ്രവാചകൻ മുഖാന്തരം പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഏതെങ്കിലും മാനുഷസ്ഥാപനം മുഖാന്തരമായിരിക്കയില്ല, പിന്നെയോ ഇസ്രയേല്യരാജാവായിരുന്ന ദാവീദിന്റെ ഒരു സന്തതിയിലൂടെയായിരിക്കും. (യെശയ്യാവ് 9:6, 7) ദാവീദുരാജാവിന്റെ ഈ അവകാശി യേശുക്രിസ്തു ആണ്, അവൻ പൊന്തിയോസ് പീലാത്തോസിനാൽ ചോദ്യംചെയ്യപ്പെട്ടപ്പോൾ താൻ ഒരു രാജാവാണെന്ന് സമ്മതിക്കുകയും എന്നാൽ “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്ന് പറയുകയും ചെയ്തു. (യോഹന്നാൻ 18:36, NW; ലൂക്കോസ് 1:32) യഥാർത്ഥത്തിൽ, യേശുവിന്റെ രാജ്യം സ്വർഗ്ഗീയമായിരിക്കേണ്ടിയിരുന്നു. ഐക്യരാഷ്ട്രങ്ങളോ മറേറതെങ്കിലും ഭൗമിക രാഷ്ട്രീയ ജനതയോ അല്ല പിന്നെയോ യേശുവിന്റെ രാജ്യമായിരുന്നു ഈ ഭൂമിക്ക് നിലനിൽക്കുന്നതും ആശ്രയയോഗ്യവുമായ സുരക്ഷിതത്വം കൈവരുത്തേണ്ടിയിരുന്നത്.—ദാനിയേൽ 2:44.
തന്റെ രാജ്യം ‘ജനതകൾ ജനതകൾക്കെതിരെ എഴുന്നേൽക്കുന്ന’ “യുദ്ധങ്ങളും യുദ്ധശ്രുതികളും” ഉള്ള ഒരു സമയത്ത് സ്വർഗ്ഗത്തിൽനിന്ന് ഭരിച്ചുതുടങ്ങുമെന്ന് യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞു. പ്രവചന നിവൃത്തി അതു സംഭവിച്ച സമയമായി 1914നെ അടയാളപ്പെടുത്തുകയും അന്നുമുതലുള്ള വർഷങ്ങളെ “വ്യവസ്ഥിതിയുടെ സമാപനമായി” തിരിച്ചറിയിക്കുകയും ചെയ്യുന്നു.—മത്തായി 24:3, 6-8, NW.
ഇതിന്റെ അർത്ഥമെന്താണ്? ഇപ്പോഴത്തെ ലോകക്രമത്തിന് ശേഷിച്ചിരിക്കുന്ന സമയം പരിമിതമാണ്, അത് പെട്ടെന്ന് തീരും എന്നുതന്നെ. അത് ഉത്ക്കണ്ഠക്കോ സങ്കടത്തിനോ ഉള്ള കാരണമാണോ? അല്ല, ഈ വ്യവസ്ഥിതിയുടെ അടയാളമായിരുന്ന ക്രൂരതയെയും അനീതിയെയും മർദ്ദനത്തെയും യുദ്ധത്തെയും മറെറല്ലാ ദുരിതങ്ങളെയും നാം ഓർക്കുന്നുവെങ്കിൽ അല്ല. ദൈവവചനമാകുന്ന ബൈബിൾ പിൻവരുന്ന പ്രകാരം പറയുന്ന ഒരു ഭരണാധികാരിയുടെ കീഴിൽ ആയിരിക്കുന്നത് തീർച്ചയായും ഒരു ആശ്വാസമായിരിക്കും: “അവന്റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.”—യെശയ്യാവ് 11:2.
ഭൂമിയിൽ യഥാർത്ഥ സുരക്ഷിതത്വം
സത്യമായി, ദൈവരാജ്യത്തിൻകീഴിൽ യെശയ്യാവിന്റെ ഈ പ്രവചനം ലോകവ്യാപകമായ ഒരു തോതിൽ നിവർത്തിക്കപ്പെടുന്നതുവരെ ഭൂമിയിൽ യഥാർത്ഥ സുരക്ഷിതത്വം ഉണ്ടായിരിക്കയില്ല: “ഇതാ ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരുകയുമില്ല.” (യെശയ്യാവ് 65:17) മതനേതാക്കൻമാർ ഈ ലോകത്തിനുവേണ്ടി എത്ര പ്രാർത്ഥനകൾ കഴിച്ചാലും അന്താരാഷ്ട്ര സുരക്ഷിതത്വത്തിനുവേണ്ടിയുള്ള മനുഷ്യപദ്ധതികൾക്ക് സമാധാനവും സുരക്ഷിതത്വവും കൈവരുത്താനുള്ള ദൈവത്തിന്റെ മാർഗ്ഗത്തിന് പകരമാകാൻ കഴിയില്ല.
ദൈവരാജ്യം ആനയിക്കുന്ന സ്ഥിരമായ ലോകവ്യാപക സുരക്ഷിതത്വം മഹത്തായിരിക്കും. ബൈബിളിൽ കാണപ്പെടുന്ന വർണ്ണനകളിൽ ഒന്നുമാത്രമാണിവിടെയുള്ളത്: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും. ജാതി ജാതിക്കുനേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അത് അരുളിച്ചെയ്തിരിക്കുന്നു.”—മീഖാ 4:3, 4.
ദൈവംതന്നെ ഉറപ്പുനൽകിയിരിക്കുന്ന സുരക്ഷിതത്വത്തിനുമാത്രമേ സ്ഥിരവും വിശ്വസനീയവുമായിരിക്കാൻ കഴിയൂ. അതുകൊണ്ട്, പ്രഭുക്കൻമാരിൽ ആശ്രയിക്കുന്നതിനു പകരം, അവനിൽ ആശ്രയിക്കരുതോ? അപ്പോൾ സങ്കീർത്തനക്കാരന്റെ വാക്കുകൾ സത്യമാണെന്ന് നിങ്ങൾ കണ്ടെത്തും: “യാക്കോബിന്റെ സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.”—സങ്കീർത്തനം 146:5, 6.
[7-ാം പേജിലെ ചതുരം]
കത്തോലിക്കാ സഭയും അന്തർദ്ദേശീയ രാഷ്ട്രീയവും
“തന്റെ രാജ്യം ‘ഈ ലോകത്തിൽനിന്നുള്ളതല്ല’ എന്ന് ക്രിസ്തു പറഞ്ഞുവെങ്കിലും ഉന്നത നിലയിലുള്ള വൈദികരും ഒരു സ്ഥാപനമെന്ന നിലയിൽ പാപ്പാധിപത്യവും കോൺസ്ററൻറയ്നിന്റെ കാലംമുതൽ അന്തർദ്ദേശീയവും ദേശീയവുമായ രാഷ്ട്രീയ പോരാട്ടങ്ങളിൽ തീവ്രമായി പങ്കെടുത്തിരിക്കുന്നു.”—ജസ്വിററ് സാൻറാ ക്ലാരാ യൂണിവേഴ്സിററിയിലെ പ്രൊഫസ്സർ എറിക്ക് ഹാൻസനാലുള്ള “ലോകരാഷ്ട്രീയത്തിൽ കത്തോലിക്കാസഭ.”