മനുഷ്യന്റെ “പുതിയ ലോകക്രമം” ആസന്നമോ?
1. കൂടുതൽ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആഗ്രഹം സമീപ വർഷങ്ങളിൽ എങ്ങനെ പ്രകടമാക്കപ്പെട്ടിരിക്കുന്നു?
ഇന്ന് ദശലക്ഷക്കണക്കിനാളുകൾ വ്യാജമതത്തിന്റെ അടിമകളായി കഴിയുന്നു, അവരിലനേകരും ആ നിലയിൽ തുടരാൻ തീരുമാനിച്ചിരിക്കുന്നു. അതേ സമയം കൂടുതൽ കൂടുതൽ ആളുകൾ രാഷ്ട്രീയ സ്വാതന്ത്ര്യങ്ങൾക്കുവേണ്ടി മുറവിളികൂട്ടുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കിഴക്കൻ യൂറോപ്പിലും മററു സ്ഥലങ്ങളിലും നടന്ന അസാധാരണ സംഭവങ്ങൾ ജനങ്ങൾ കൂടുതൽ സ്വതന്ത്രമായ ഭരണരൂപങ്ങൾ ആഗ്രഹിക്കുന്നു എന്ന് പ്രകടമാക്കുന്നു. തൽഫലമായി സ്വാതന്ത്ര്യത്തിന്റേതായ ഒരു പുതിയ യുഗം ആസന്നമാണ് എന്ന് അനേകർ പറയുന്നു. ഐക്യനാടുകളുടെ പ്രസിഡൻറ് അതിനെ “ഒരു പുതിയ ലോകക്രമം” എന്ന് വിളിച്ചു. വാസ്തവത്തിൽ, എല്ലായിടത്തുമുള്ള ലോകനേതാക്കൻമാർ ശീതസമരവും ആയുധമത്സരവും അവസാനിച്ചിരിക്കുന്നു എന്നും മനുഷ്യവർഗ്ഗത്തിന് സമാധാനത്തിന്റെ ഒരു പുതിയ യുഗം ഉദയം ചെയ്തിരിക്കുന്നു എന്നും പറഞ്ഞുകൊണ്ടിരുന്നു.—1 തെസ്സലൊനീക്യർ 5:3 താരതമ്യം ചെയ്യുക.
2, 3. ഏതു അവസ്ഥകൾ യഥാർത്ഥ സ്വാതന്ത്ര്യത്തിന് എതിരായി പ്രവർത്തിക്കുന്നു?
2 എന്നിരുന്നാലും, മാനുഷ ശ്രമത്തിന്റെ ഫലമായി ആയുധങ്ങളുടെ എണ്ണം കുറക്കുകയും കൂടുതൽ സ്വതന്ത്രമായ ഭരണരൂപങ്ങളുണ്ടാവുകയും ചെയ്താലും യഥാർത്ഥ സ്വാതന്ത്ര്യം വാസ്തവമായി നിലവിൽ വരുമോ? ഇല്ല, കാരണം ദരിദ്രരുടെ സംഖ്യ പെരുകിവരികയും സാമ്പത്തികമായി അതിജീവിക്കാൻ ദശലക്ഷങ്ങൾ പോരാടുകയും ചെയ്യുന്ന ജനാധിപത്യ രാഷ്ട്രങ്ങൾ ഉൾപ്പെടെ എല്ലായിടത്തും ഭയാനകമായ പ്രശ്നങ്ങൾ സ്ഥിതിചെയ്യുന്നു. ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ ഈ പുരോഗതിയെല്ലാമുണ്ടായിട്ടും ലോകവിസ്തൃതമായി ഓരോ ദിവസവും ശരാശരി 40,000 കുട്ടികൾ വികലപോഷണത്തിന്റെയോ പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളുടെയോ ഫലമായി മരിക്കുന്നു എന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ ഒരു റിപ്പോർട്ട് പ്രസ്താവിക്കുന്നത്. ഈ രംഗത്തെ ഒരു വിദഗ്ദ്ധൻ ഇപ്രകാരം പ്രസ്താവിച്ചു: “ദാരിദ്ര്യം മനുഷ്യവർഗ്ഗത്തിന്റെ ഭാവിയുടെ അസ്ഥിവാരത്തെത്തന്നെ യഥാർത്ഥത്തിൽ ഭീഷണിപ്പെടുത്തുകയാണ്.”
3 കൂടാതെ മുമ്പെന്നത്തേക്കാളും അധികമാളുകൾ കൂടുതൽ കൂടുതൽ ദുഷ്ടമായിക്കൊണ്ടിരിക്കുന്ന കുററകൃത്യങ്ങൾക്ക് ഇരയായിത്തീരുന്നു. വർഗ്ഗീയവും രാഷ്ട്രീയവും മതപരവുമായ വിദ്വേഷങ്ങൾ വിവിധ രാജ്യങ്ങളെ ഛിന്നഭിന്നമാക്കിക്കൊണ്ടിരിക്കുന്നു. ചിലേടങ്ങളിൽ സാഹചര്യം സെഖര്യാവ് 14:13-ൽ വിവരിച്ചിരിക്കുന്ന ഭാവികാലത്തിൽ നിന്ന് വളരെ വ്യത്യസ്തമല്ല. അന്ന് ആളുകൾ “ഓരോരുത്തനും തന്റെ സമീപത്തുള്ളവനെ കടന്നാക്രമിക്കാൻ തക്കവണ്ണം കുഴഞ്ഞവരും ഭയചകിതരുമായിത്തീരും.” (ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) മയക്കുമരുന്നുകളുടെ ദുരുപയോഗവും ലൈംഗികമായി പകരുന്ന രോഗങ്ങളും സമസ്തവ്യാപകമാണ്. ദശലക്ഷക്കണക്കിനാളുകൾ എയ്ഡ്സ് ബാധിതരാണ്; ഐക്യനാടുകളിൽ മാത്രം 1,20,000-ത്തിലധികം പേർ അതുമൂലം ഇപ്പോൾത്തന്നെ മരിച്ചിട്ടുണ്ട്.
പാപത്തിന്റെയും മരണത്തിന്റെയും അടിമത്തം
4, 5. ഇന്ന് നിലവിലുള്ള സ്വാതന്ത്ര്യങ്ങൾ ഗണ്യമാക്കാതെ ഏതുതരം അടിമത്തം സകലരെയും അതിന്റെ പിടിയിൽ അമർത്തിയിരിക്കുന്നു?
4 ഏതായാലും, ഈ അവസ്ഥകൾ ഒന്നും തന്നെയില്ലാതിരുന്നാലും, ആളുകൾക്ക് അപ്പോഴും യഥാർത്ഥ സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയില്ല. എല്ലാവരും അപ്പോഴും അടിമത്തത്തിലായിരിക്കും. അതെന്തുകൊണ്ടാണ്? ദൃഷ്ടാന്തീകരിക്കുന്നതിന്: ഏതെങ്കിലും ഒരു സ്വേച്ഛാധിപതി ഭൂമിയിലുള്ള സകലരെയും അടിമത്തത്തിലാക്കുകയും കൊല്ലുകയും ചെയ്യുന്നുവെങ്കിലെന്ത്? നമ്മുടെ ആദ്യമാതാപിതാക്കൾ ദൈവത്തിനെതിരെ മത്സരിക്കുകയും പിശാചിന്റെ മർദ്ദക ഭരണത്തിന് തങ്ങളേത്തന്നെ അടിമകളാക്കുകയും ചെയ്തപ്പോൾ ഫലത്തിൽ അതാണ് സംഭവിച്ചത്.—2 കൊരിന്ത്യർ 4:4.
5 ഉൽപ്പത്തി 1, 2 അദ്ധ്യായങ്ങൾ പ്രകടമാക്കുന്നതുപോലെ, ദൈവം മനുഷ്യരെ സൃഷ്ടിച്ചപ്പോൾ അവർ പൂർണ്ണതയുള്ളവരായി ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാനാണ് ഉദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാൽ നമ്മുടെ പൂർവ്വപിതാവായ ആദാമിന്റെ ദൈവത്തിനെതിരെയുള്ള മത്സരം നിമിത്തം ഗർഭധാരണ നിമിഷം മുതൽ നാമെല്ലാവരും മരണവിധിയിൻ കീഴിലാണ്: “ഏക മനുഷ്യനാൽ [മാനുഷ കുടുംബത്തിൻറ ശിരസ്സായ ആദാം] പാപവും പാപത്താൽ മരണവും ലോകത്തിലേക്ക് പ്രവേശിച്ചു, അങ്ങനെ മരണം സകല മനുഷ്യരിലേക്കും വ്യാപിക്കുകയും ചെയ്തു.” ബൈബിൾ പറയുന്നപ്രകാരം “മരണം രാജാവായി വാണു.” (റോമർ 5:12, 14, NW) അതുകൊണ്ട് വ്യക്തിപരമായി നമുക്ക് എത്രത്തോളം സ്വാതന്ത്ര്യം ഉണ്ടായിരുന്നാലും നാമെല്ലാവരും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലാണ്.
6. സങ്കീർത്തനം 90:10 എഴുതപ്പെട്ടതിനുശേഷം മമനുഷ്യന്റെ ആയുർദൈർഘ്യത്തിൽ കാര്യമായ വർദ്ധനവൊന്നും ഉണ്ടായിട്ടില്ലാത്തത് എന്തുകൊണ്ട്?
6 മാത്രവുമല്ല, നമുക്കിന്നുള്ള ജീവിതം വളരെ പരിമിതമാണ്. സൗഭാഗ്യവാൻമാർക്കു പോലും അത് ഏതാനും ദശകങ്ങളിലേക്കേയുള്ളു. നിർഭാഗ്യവാൻമാർക്കാകട്ടെ അത് ഏതാനും വർഷത്തേക്കോ അതിലും കുറവോ ആണ്. ഒരു സമീപകാല പഠനം ഇപ്രകാരം പറയുന്നു: “ശാസ്ത്രവും വൈദ്യശാസ്ത്രവും മാനുഷ ആയുർദൈർഘ്യത്തെ അതിന്റെ സ്വാഭാവിക പരിധിയോളം കൊണ്ടെത്തിച്ചിരിക്കുന്നു.” ഇതിനു കാരണം ആദാമിന്റെ പാപം മൂലം നമ്മുടെ ജനിതക വ്യവസ്ഥയിൽ അപൂർണ്ണതയും മരണവും കൂട്ടിച്ചേർക്കപ്പെട്ടു എന്നതാണ്. നാം എഴുപതോ എൺപതോ വർഷം ജീവിച്ചിരുന്നാൽ നാം കൂടുതൽ ജ്ഞാനികളായിത്തീരുകയും ജീവിതം കൂടുതൽ ആസ്വദിക്കാൻ കഴിയുകയും ചെയ്യേണ്ടപ്പോൾ നമ്മുടെ ശരീരം തകരാറിലാവുകയും നാം പൊടിയായിത്തീരുകയും ചെയ്യുന്നത് എത്ര സങ്കടകരമാണ്!—സങ്കീർത്തനം 90:10.
7. മനുഷ്യർക്ക് ഒരിക്കലും നാം ആഗ്രഹിക്കുന്നതും നമുക്ക് ആവശ്യമായിരിക്കുന്നതുമായ യഥാർത്ഥ സ്വാതന്ത്ര്യങ്ങളുടെ ഉറവായിരിക്കാൻ കഴിയുകയില്ലാത്തത് എന്തുകൊണ്ട്?
7 പാപത്തിന്റെയും മരണത്തിന്റെയും കീഴിലെ ഈ അടിമത്തം തടയാൻ കഴിയുന്നത് ഏതുതരം മാനുഷ ഭരണത്തിനാണ്? ഒന്നിനും കഴിയുകയില്ല. എവിടെയെങ്കിലുമുള്ള ഏതെങ്കിലും ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർക്കോ ശാസ്ത്രജ്ഞൻമാർക്കോ ഡോക്ടർമാർക്കോ രോഗത്തിന്റെയും വാർദ്ധക്യത്തിന്റെയും ശാപങ്ങളിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുന്നതിനോ അല്ലെങ്കിൽ അരക്ഷിതത്വം, അനീതി, കുററകൃത്യം, വിശപ്പ്, ദാരിദ്ര്യം എന്നിവ നിർമ്മാർജ്ജനം ചെയ്യുന്നതിനോ കഴിയുകയില്ല. (സങ്കീർത്തനം 89:48) മനുഷ്യർ എത്ര തന്നെ സദുദ്ദേശ്യമുള്ളവരായിരുന്നാലും നാം ആഗ്രഹിക്കുന്നതും നമുക്ക് ആവശ്യമായിരിക്കുന്നതുമായ യഥാർത്ഥ സ്വാതന്ത്ര്യങ്ങളുടെ ഉറവായിരിക്കാൻ അവർക്ക് ഒരിക്കലും കഴിയുകയില്ല.—സങ്കീർത്തനം 146:3.
സ്വതന്ത്ര ഇച്ഛാശക്തിയുടെ ദുരുപയോഗം
8, 9. മനുഷ്യവർഗ്ഗത്തെ ഇന്നുള്ള സങ്കടകരമായ അവസ്ഥയിൽ കൊണ്ടെത്തിച്ചത് എന്താണ്?
8 മാനുഷ കുടുംബം ഈ സങ്കടകരമായ അവസ്ഥയിലായിരിക്കുന്നത് ആദാമും ഹവ്വായും തങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തി ദുരുപയോഗം ചെയ്തതിനാലാണ്. ദ ജറുസലേം ബൈബിൾ അനുസരിച്ച് 1 പത്രോസ് 2:16 ഇപ്രകാരം പറയുന്നു: “സ്വതന്ത്ര മനുഷ്യരെപ്പോലെ പെരുമാറുക, നിങ്ങളുടെ സ്വാതന്ത്ര്യം ഒരിക്കലും ദുഷ്ടതക്ക് ഒരു ഒഴികഴിവായി ഉപയോഗിക്കരുത്.” അതുകൊണ്ട് മമനുഷ്യന്റെ സ്വാതന്ത്ര്യം അപരിമിതമായിരിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നില്ല എന്നതു വ്യക്തമാണ്. നീതിയുള്ളതും എല്ലാവരുടെയും നൻമക്ക് ഉതകുന്നതുമായ ദൈവിക നിയമങ്ങളുടെ അതിരുകൾക്ക് ഉള്ളിൽ നിന്നുകൊണ്ടു വേണമായിരുന്നു അത് ഉപയോഗിക്കാൻ. ആ അതിരുകളാകട്ടെ, ദൈവത്തിന്റെ ഭരണം ഒരിക്കലും മർദ്ദകമായിത്തീരാതിരിക്കത്തക്കവണ്ണം വ്യക്തിപരമായ തെരഞ്ഞെടുപ്പിന് വേണ്ടത്ര സ്വാതന്ത്ര്യം അനുവദിക്കാൻ തക്കവണ്ണം വിശാലമായിരുന്നു.—ആവർത്തനം 32:4.
9 എന്നിരുന്നാലും, നമ്മുടെ ആദ്യമാതാപിതാക്കൾ ശരിയെന്തെന്നും തെറെറന്തെന്നും സ്വയം തീരുമാനിക്കുന്നതിന് ഇഷ്ടപ്പെട്ടു. അവർ കരുതിക്കൂട്ടി ദൈവഭരണത്തിന് പുറത്തുപോയതുകൊണ്ട്, അവൻ അവരിൽ നിന്ന് തന്റെ പിന്തുണ പിൻവലിച്ചു. (ഉൽപ്പത്തി 3:17-19) അങ്ങനെ അവർ അപൂർണ്ണരായിത്തീർന്നു, രോഗവും മരണവുമായിരുന്നു ഫലം. മനുഷ്യവർഗ്ഗം സ്വാതന്ത്ര്യത്തിനു പകരം, പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലേക്കുവന്നു. അവർ അപൂർണ്ണരും, മിക്കപ്പോഴും ക്രൂരൻമാരുമായ ഭരണാധികാരികളുടെ ചാപല്യങ്ങൾക്കും വിധേയരായിത്തീർന്നു.—ആവർത്തനം 32:5.
10. യഹോവ സ്നേഹപൂർവ്വം സംഗതികൾ കൈകാര്യം ചെയ്തിരിക്കുന്നതെങ്ങനെ?
10 പൂർണ്ണമെന്ന് മനുഷ്യൻ കരുതുന്ന സ്വാതന്ത്ര്യം സംബന്ധിച്ച ഈ പരീക്ഷണം നടത്താൻ ദൈവം മനുഷ്യന് ഒരു പരിമിതമായ കാലമേ അനുവദിച്ചിട്ടുള്ളു. അതിന്റെ ഫലങ്ങൾ ദൈവത്തിൽ നിന്ന് സ്വതന്ത്രമായ മാനുഷഭരണത്തിന് വിജയിക്കാനാവില്ലെന്ന് പ്രകടമാക്കുമെന്ന് അവന് അറിയാമായിരുന്നു. ശരിയായി വിനിയോഗിക്കപ്പെടുമ്പോൾ സ്വതന്ത്ര ഇച്ഛാശക്തി ഒരു വലിയ നിക്ഷേപമായിരിക്കുകയാൽ ആ സമ്മാനം മനുഷ്യനിൽ നിന്ന് എടുത്തു കളയുന്നതിനു പകരം ഇന്നോളം സംഭവിച്ചിട്ടുള്ളതിനെ ദൈവം സ്നേഹപൂർവ്വം താൽക്കാലികമായി അനുവദിച്ചിരിക്കുന്നു.
‘മനുഷ്യന് തന്റെ കാലടി നയിക്കാൻ കഴിയുകയില്ല’
11. ബൈബിളിന്റെ കൃത്യതയെ ചരിത്രം പിന്താങ്ങിയിരിക്കുന്നതെങ്ങനെ?
11 ചരിത്രരേഖ യിരെമ്യാവ് 10-ാം അദ്ധ്യായം 23, 24 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നതിന്റെ കൃത്യതയെ തെളിയിച്ചിരിക്കുന്നു. അതിപ്രകാരം പറയുന്നു: “തന്റെ കാലടിയെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല. യഹോവേ, എന്നെ തിരുത്തേണമേ.” (NW) “മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദ്രോഹത്തിനായി അധികാരം നടത്തിയിരിക്കുന്നു” എന്ന് പ്രസ്താവിക്കുന്ന സഭാപ്രസംഗി 8:9-ന്റെ (NW) കൃത്യതയെയും ചരിത്രം തെളിയിച്ചിരിക്കുന്നു. എത്ര സത്യം! മാനുഷ കുടുംബം ഒരു ദുരന്തത്തിൽ നിന്ന് മറെറാന്നിലേക്ക് നീങ്ങിയിരിക്കുന്നു, സകലരുടെയും അന്തം ശവക്കുഴിതന്നെ. റോമർ 8:22-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം പറഞ്ഞപ്പോൾ അപ്പോസ്തലനായ പൗലോസ് സാഹചര്യം കൃത്യമായി വിവരിച്ചു: “സർവ്വ സൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു എന്ന് നാം അറിയുന്നുവല്ലോ.” അതെ, ദൈവനിയമങ്ങളെ അവഗണിക്കുന്ന സ്വാതന്ത്ര്യം അനർത്ഥകരമായിരുന്നിട്ടേയുള്ളു.
12. പൂർണ്ണമായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ചില ലൗകിക ഉറവുകൾ എന്തു പറഞ്ഞിരിക്കുന്നു?
12 ഇൻക്വിസിഷൻ ആൻഡ് ലിബർട്ടി എന്ന പുസ്തകം സ്വാതന്ത്ര്യത്തെപ്പററി ഇപ്രകാരം അഭിപ്രായപ്പെട്ടു: “സ്വാതന്ത്ര്യം അതിൽ തന്നെ അവശ്യം ഒരു നൻമയായിരിക്കുന്നില്ല: അതിൽ തന്നെ അഭിമാനിക്കാനൊന്നുമില്ല. വാസ്തവത്തിൽ അത് സ്വാർത്ഥതയുടെ ഏറെ അധമമായ ഒരു രൂപം മാത്രമായിരുന്നേക്കാം. മനുഷ്യൻ തികച്ചും സ്വതന്ത്രനല്ല, അങ്ങനെയായിരിക്കാൻ കാംക്ഷിക്കുന്നതുപോലും യുക്തിഹീനമായിരിക്കും.” ഇംഗ്ലണ്ടിലെ ഫിലിപ്പ് രാജകുമാരൻ ഒരിക്കൽ ഇപ്രകാരം പറഞ്ഞു: “എല്ലാ അഭീഷ്ടങ്ങളും ജൻമവാസനകളും അനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം അഭികാമ്യമായി തോന്നിയേക്കാം. എന്നാൽ ആത്മനിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം . . . മററുള്ളവരോട് പരിഗണനയില്ലാത്ത പെരുമാററം, ഒരു സമൂഹത്തിലെ ജീവിതത്തിന്റെ, അത് എത്ര തന്നെ സമ്പന്നമായിരുന്നാലും, ഗുണമേൻമ നശിപ്പിക്കാനുള്ള ഏററം ഉറപ്പായ മാർഗ്ഗമാണെന്ന് അനുഭവം നമ്മെ വീണ്ടും വീണ്ടും പഠിപ്പിച്ചിരിക്കുന്നു.”
ഏററം നന്നായി അറിയാവുന്നത് ആർക്കാണ്?
13, 14. മാനുഷ കുടുംബത്തിന് യഥാർത്ഥ സ്വാതന്ത്ര്യം കൈവരുത്താൻ ആർക്കു മാത്രമേ കഴിയുകയുള്ളു?
13 ഒരു ഭവനത്തിലെ കാര്യങ്ങൾ എങ്ങനെ സംഘടിപ്പിക്കണമെന്ന് ആർക്കാണ് ഏററം നന്നായി അറിയാവുന്നത്—സ്നേഹമുള്ള, പ്രാപ്തരായ, അനുഭവപരിചയമുള്ള മാതാപിതാക്കൾക്കോ കൊച്ചുകുട്ടികൾക്കോ? ഉത്തരം വ്യക്തമാണ്. സമാനമായി നമുക്ക് ഏററം നൻമയായിരിക്കുന്നത് എന്തെന്ന് മനുഷ്യരുടെ സ്രഷ്ടാവായ നമ്മുടെ സ്വർഗ്ഗീയ പിതാവിന് അറിയാം. മാനുഷ സമുദായം എങ്ങനെ സംഘടിപ്പിക്കപ്പെടണമെന്നും ഭരിക്കപ്പെടണമെന്നും അവനറിയാം. എല്ലാവർക്കും യഥാർത്ഥ സ്വാതന്ത്രത്തിന്റെ പ്രയോജനങ്ങൾ കൈവരുത്തുന്നതിന് സ്വതന്ത്ര ഇച്ഛാശക്തി എങ്ങനെയാണ് നിയന്ത്രിക്കേണ്ടത് എന്ന് അവനറിയാം. മാനുഷ കുടുംബത്തെ അതിന്റെ അടിമത്തത്തിൽ നിന്ന് ഉദ്ധരിക്കേണ്ടത് എങ്ങനെയെന്നും എല്ലാവർക്കും യഥാർത്ഥ സ്വാതന്ത്ര്യം നൽകേണ്ടത് എങ്ങനെയെന്നും സർവ്വശക്തനായ ദൈവമായിരിക്കുന്ന യഹോവക്കു മാത്രമേ അറിയാവു.—യെശയ്യാവ് 48:17-19.
14 അവന്റെ വചനത്തിൽ, റോമർ 8:20-ൽ പ്രചോദനാത്മകമായ ഈ വാഗ്ദാനം നൽകുന്നു: “സൃഷ്ടിതന്നെ ദ്രവത്വത്തിന്റെ ദാസ്യത്തിൽ നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും.” അതെ, മാനവ കുടുംബത്തെ ഇന്നത്തെ കഷ്ടതരമായ അവസ്ഥയിൽ നിന്ന് പൂർണ്ണമായി സ്വതന്ത്രമാക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. ഇതു എങ്ങനെ സംഭവിക്കുമെന്ന് തുടർന്നു വരുന്ന ലേഖനം ചർച്ചചെയ്യും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
(3-8 പേജുകളുടെ പുനരവലോകനം)
◻ മനുഷ്യർക്ക് സ്വാതന്ത്ര്യം സംബന്ധിച്ച് ശക്തമായ വികാരങ്ങളുള്ളത് എന്തുകൊണ്ട്?
◻ ചരിത്രത്തിലുടനീളം ഏതെല്ലാം വിധങ്ങളിലാണ് ആളുകൾ അടിമത്തത്തിലായി പോയിട്ടുള്ളത്?
◻ സ്വതന്ത്ര ഇച്ഛാശക്തിയുടെ ദുർവിനിയോഗത്തെ ഇത്ര ദീർഘകാലത്തേക്ക് യഹോവ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?
◻ മുഴു മനുഷ്യവർഗ്ഗത്തിനും യഥാർത്ഥ സ്വാതന്ത്ര്യം കൈവരുത്താൻ ആർക്കു മാത്രമേ കഴിയുകയുള്ളു, എന്തുകൊണ്ട്?
[7-ാം പേജിലെ ചിത്രം]
മമനുഷ്യന്റെ ആയുർദൈർഘ്യം ഏറെക്കുറെ സങ്കീർത്തനം 90:10-ൽ 3,500 വർഷങ്ങൾക്കു മുൻപ് പ്രസ്താവിച്ചതുപോലെ തന്നെയാണ്
[കടപ്പാട്]
Courtesy of The British Museum