ദൈവത്തിന്റെ സ്വാതന്ത്ര്യമുള്ള പുതിയ ലോകത്തെ സ്വാഗതം ചെയ്യൽ
“[ദൈവം] അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.”—വെളിപ്പാട് 21:4.
1, 2. യഥാർത്ഥ സ്വാതന്ത്ര്യം കൈവരുത്താൻ ആർക്കു മാത്രമേ കഴിയുകയുള്ളു, നമുക്ക് ബൈബിളിൽ നിന്ന് അവനെക്കുറിച്ച് എന്തു പഠിക്കാൻ കഴിയും?
പ്രവാചകനായ യിരെമ്യാവ് പറഞ്ഞതിന്റെ സത്യതയെ ചരിത്രം തെളിയിച്ചിരിക്കുന്നു: “മനുഷ്യന് തന്റെ വഴിയും നടക്കുന്നവന് തന്റെ കാലടികളെ നേരെയാക്കുന്നതും സ്വാധീനമല്ല.” മമനുഷ്യന്റെ കാലടികളെ ഉചിതമായി നയിക്കാൻ ആർക്കു മാത്രമേ കഴിയുകയുള്ളു? യിരെമ്യാവ് തുടർന്ന് ഇങ്ങനെ പറഞ്ഞു: “യഹോവേ . . . എന്നെ . . . ശിക്ഷിക്കേണമേ.” (യിരെമ്യാവ് 10:23, 24) അതെ, മാനവ കുടുംബത്തെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങളിൽ നിന്നുള്ള യഥാർത്ഥ സ്വാതന്ത്ര്യം കൈവരുത്താൻ യഹോവക്കു മാത്രമേ കഴിയുകയുള്ളു.
2 തന്നെ സേവിക്കുന്നവർക്ക് സ്വാതന്ത്ര്യം കൈവരുത്താനുള്ള യഹോവയുടെ പ്രാപ്തിക്ക് ബൈബിളിൽ അനേകം ദൃഷ്ടാന്തങ്ങളുണ്ട്. “മുന്നെഴുതിയിരിക്കുന്നതൊക്കെയും നമ്മുടെ ഉപദേശത്തിനായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.” (റോമർ 15:4) വ്യാജാരാധനക്കെതിരെയുള്ള യഹോവയുടെ ന്യായവിധികളും രേഖപ്പെടുത്തപ്പെട്ടു, അവ “ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്ക് ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.”—1 കൊരിന്ത്യർ 10:11.
തന്റെ ജനത്തെ സ്വതന്ത്രരാക്കുന്നു
3. ഈജിപ്ററിലായിരുന്ന തന്റെ ജനത്തെ സ്വതന്ത്രരാക്കുന്നതിനുള്ള തന്റെ പ്രാപ്തി യഹോവ എങ്ങനെയാണ് പ്രകടമാക്കിയത്?
3 വ്യാജാരാധനക്കെതിരെ ന്യായവിധി നടപ്പാക്കാനും തന്റെ ഇഷ്ടം ചെയ്യുന്നവരെ സ്വതന്ത്രരാക്കാനുമുള്ള ദൈവത്തിന്റെ പ്രാപ്തിയുടെ ഒരു ദൃഷ്ടാന്തം പുരാതനകാലത്തെ തന്റെ ജനം ഈജിപ്ററിൽ അടിമകളായി കഴിഞ്ഞിരുന്നപ്പോഴത്തേതാണ്. പുറപ്പാട് 2:23-25 ഇപ്രകാരം പറയുന്നു: “ഇസ്രയേൽ മക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി.” ഈജിപ്ററിലെ വ്യാജദൈവങ്ങളുടെ മേലുള്ള തന്റെ ശ്രേഷ്ഠത ഭയജനകമായ ഒരു വിധത്തിൽ പ്രകടമാക്കിക്കൊണ്ട് സർവ്വശക്തനായ ദൈവം ആ രാഷ്ട്രത്തിൻമേൽ പത്തു ബാധകൾ വരുത്തി. ഓരോ ബാധയും ഈജിപ്ററിലെ ഒരു ദൈവത്തെ താഴ്ത്തിക്കെട്ടാൻ, അവർ വ്യാജമാണെന്നും അവരെ ആരാധിച്ച ഈജിപ്ററുകാരെ സഹായിക്കാൻ അപ്രാപ്തരാണെന്നും പ്രകടമാക്കാൻ, ഉദ്ദേശിച്ചുള്ളതായിരുന്നു. അങ്ങനെ ദൈവം തന്റെ ജനത്തെ സ്വതന്ത്രരാക്കുകയും ഫറവോനെയും അവന്റെ സൈന്യത്തെയും ചെങ്കടലിൽ നശിപ്പിക്കുകയും ചെയ്തു.—പുറപ്പാട് 7-14 അദ്ധ്യായങ്ങൾ.
4. കനാന്യർക്കെതിരെ യഹോവ തന്റെ ന്യായവിധികൾ നടപ്പാക്കിയത് അനീതിയല്ലാഞ്ഞത് എന്തുകൊണ്ട്?
4 ദൈവം ഇസ്രയേല്യരെ കനാനിലേക്ക് കൊണ്ടുവന്നപ്പോൾ അതിലെ ഭൂതാരാധകരായ നിവാസികൾ നശിപ്പിക്കപ്പെടുകയും ദേശം ദൈവജനത്തിന് നൽകപ്പെടുകയും ചെയ്തു. അഖിലാണ്ഡ പരമാധികാരി എന്ന നിലയിൽ നീചമായ മതങ്ങൾക്കെതിരെ ന്യായവിധി നടത്താൻ യഹോവക്ക് അവകാശമുണ്ട്. (ഉൽപ്പത്തി 15:16) കനാന്യ മതത്തെ സംബന്ധിച്ച് ഹാലിയുടെ ബൈബിൾ ഹാൻഡ്ബുക്ക് ഇപ്രകാരം പറയുന്നു: “കനാന്യ ദേവൻമാരുടെ ആരാധന . . . അങ്ങേയററം അനിയന്ത്രിതമായ മദിരോൽസവങ്ങളായിരുന്നു; അവരുടെ ക്ഷേത്രങ്ങൾ ദുർവൃത്തിയുടെ കേന്ദ്രങ്ങളായിരുന്നു. . . . തങ്ങളുടെ ദൈവങ്ങളുടെ മുമ്പിൽ വച്ച് അധാർമ്മിക നടപടികളിൽ ഏർപ്പെട്ടുകൊണ്ട് കനാന്യർ ആരാധന നടത്തിപ്പോന്നു. പിന്നീട് തങ്ങളുടെ ആദ്യജാതരെ ഇതേ ദൈവങ്ങൾക്ക് ബലിയായി അർപ്പിച്ച് കൊല്ലുകയും ചെയ്തിരുന്നു. വലിയ അളവിൽ, ദേശീയ തലത്തിൽ തന്നെ, കനാൻ ദേശം ഒരു തരം സോദോമും ഗൊമോറയും ആയിത്തീർന്നിരുന്നതായി തോന്നുന്നു.” അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “അത്തരം വെറുക്കത്തക്ക മ്ലേച്ഛതകളുടെയും മൃഗീയത്വത്തിന്റേതുമായ ഒരു സംസ്കാരത്തിന് തുടർന്ന് നിലനിൽക്കാൻ എന്തെങ്കിലും അവകാശമുണ്ടായിരുന്നോ? . . . കനാന്യ നഗരങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഖനനം ചെയ്യുന്ന പുരാവസ്തുഗവേഷകർ ദൈവം അതിനു മുമ്പേ ഈ നഗരങ്ങളെ നശിപ്പിച്ചുകളയാഞ്ഞതിലാണ് അതിശയിക്കുന്നത്.”
5. ദൈവം തന്റെ പുരാതന ജനത്തെ സ്വതന്ത്രരാക്കിയത് നമ്മുടെ കാലത്തേക്ക് ഒരു മാതൃകയായി ഉതകുന്നതെങ്ങനെ?
5 ദൈവം വ്യാജാരാധനക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെയും തന്റെ നിയമ ജനത്തെ സ്വതന്ത്രരാക്കുന്നതിന്റെയും അവർക്ക് ഒരു വാഗ്ദത്ത നാടു നൽകുന്നതിന്റെയും ബൈബിൾ വിവരണം വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു മാതൃകയായി ഉതകുന്നു. ദൈവം ലോകത്തിലെ വ്യാജമതങ്ങളെയും അവരുടെ പിന്തുണക്കാരെയും തകർത്തു നശിപ്പിക്കുകയും തന്റെ ആധുനികകാല ദാസൻമാരെ നീതിയുള്ള ഒരു പുതിയ ലോകത്തിലേക്ക് ആനയിക്കുകയും ചെയ്യുന്ന വളരെ ആസന്നമായ ഭാവിയിലേക്ക് അത് വിരൽ ചൂണ്ടുന്നു.—വെളിപ്പാട് 7:9, 10, 13, 14; 2 പത്രോസ് 3:10-13.
ദൈവത്തിന്റെ പുതിയ ലോകത്തിൽ യഥാർത്ഥ സ്വാതന്ത്ര്യം
6. പുതിയ ലോകത്തിൽ ദൈവം പ്രദാനം ചെയ്യുന്ന അത്ഭുതകരമായ സ്വാതന്ത്ര്യങ്ങളിൽ ചിലത് ഏവ?
6 പുതിയ ലോകത്തിൽ ദൈവം തന്റെ ജനത്തെ മാനുഷ കുടുംബത്തിനുവേണ്ടി താൻ ഉദ്ദേശിച്ചിരുന്ന സ്വാതന്ത്ര്യത്തിന്റെ അത്ഭുതകരമായ എല്ലാ വശങ്ങളുംകൊണ്ട് അനുഗ്രഹിക്കും. അവിടെ രാഷ്ട്രീയ, സാമ്പത്തിക, വ്യാജമത ഘടകങ്ങളാലുള്ള മർദ്ദനത്തിൽ നിന്നുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും. പാപത്തിൽ നിന്നും മരണത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും, ആളുകൾക്ക് ഭൂമിയിൽ എന്നേക്കും ജീവിച്ചിരിക്കാനുള്ള പ്രതീക്ഷയുമുണ്ടായിരിക്കും. “നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29; മത്തായി 5:5.
7, 8. പുതിയ ലോകത്തിൽ പൂർണ്ണാരോഗ്യം വീണ്ടുകിട്ടുമ്പോഴത്തെ അനുഭവമെന്തായിരിക്കും?
7 ആ പുതിയ ലോകം നിലവിൽ വന്നാൽ താമസിയാതെ തന്നെ അതിലെ നിവാസികൾ അത്ഭുതകരമായി പൂർണ്ണ ആരോഗ്യത്തിൽ പുനഃസ്ഥാപിക്കപ്പെടും. ഇയ്യോബ് 33:25 ഇപ്രകാരം പറയുന്നു: “അപ്പോൾ അവന്റെ ദേഹം യൗവ്വന ചൈതന്യത്താൽ പുഷ്ടി വയ്ക്കും; അവൻ ബാല്യപ്രായത്തിലേക്ക് തിരിഞ്ഞുവരും.” യെശയ്യാവ് 35:5, 6 ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു: “അന്നു കുരുടൻമാരുടെ കണ്ണു തുറന്നുവരും; ചെകിടൻമാരുടെ ചെവി അടഞ്ഞിരിക്കുകയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.”
8 നിങ്ങളിൽ വാർദ്ധക്യമോ മോശമായ ആരോഗ്യമോ നിമിത്തം ശാരീരികമായ രോഗങ്ങളുള്ളവർ പുതിയ ലോകത്തിൽ ഓരോ ദിവസവും രാവിലെ ആരോഗ്യത്തോടും ഊർജ്ജസ്വലതയോടും കൂടെ ഉണർന്നെഴുന്നേൽക്കുന്നതിനെപ്പററി സങ്കൽപ്പിക്കുക. നിങ്ങളുടെ ദേഹത്തെ ചുളിവുകൾ മിനുസവും ആരോഗ്യവുമുള്ള ചർമ്മത്തിന് വഴിമാറിക്കൊടുത്തിരിക്കുന്നു—മേലാൽ ചർമ്മലേപനങ്ങളുടെ ആവശ്യമില്ല. മങ്ങിയതോ അന്ധമായതോ ആയ നിങ്ങളുടെ കണ്ണുകൾക്ക് പൂർണ്ണമായ കാഴ്ച വീണ്ടുകിട്ടിയിരിക്കുന്നു—മേലാൽ കണ്ണടകളുടെ ആവശ്യമില്ല. പൂർണ്ണമായ കേൾവി വീണ്ടു കിട്ടിയിരിക്കുന്നു—ആ ശ്രവണ സഹായികൾ എറിഞ്ഞു കളഞ്ഞേക്കുക. വികലമായ കാലുകൾ ഇപ്പോൾ ശക്തവും അവികലവുമാണ്—നിങ്ങളുടെ വടികളും താങ്ങു വടികളും ചക്രകസേരകളും നിങ്ങൾക്ക് ഉപേക്ഷിക്കാം. മേലാൽ രോഗമില്ല—ആ മരുന്നുകളെല്ലാം എറിഞ്ഞു കളയാം. അങ്ങനെ യെശയ്യാവ് 33:24 ഇപ്രകാരം മുൻകൂട്ടിപ്പറയുന്നു: “എനിക്കു ദീനമെന്ന് യാതൊരു നിവാസിയും പറയുകയില്ല.” അവൻ ഇപ്രകാരവും കൂടെ പ്രസ്താവിക്കുന്നു: “അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.”—യെശയ്യാവ് 35:10.
9. യുദ്ധം എന്നേക്കുമായി നിർത്തലാക്കപ്പെടുന്നത് എങ്ങനെ?
9 യുദ്ധത്തിനു വേണ്ടി മേലാൽ ആരും ബലി ചെയ്യപ്പെടുകയില്ല. “[ദൈവം] ഭൂമിയുടെ അററം വരെയും യുദ്ധങ്ങളെ നിർത്തൽ ചെയ്യുന്നു. അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.” (സങ്കീർത്തനം 46:9) യെശയ്യാവ് 9:6-ൽ “സമാധാന പ്രഭു” എന്നു വിളിക്കപ്പെട്ടിരിക്കുന്നവനും ദൈവരാജ്യത്തിന്റെ ഭരണാധിപനുമായ യേശുക്രിസ്തു മേലാൽ യുദ്ധായുധങ്ങൾ അനുവദിക്കുകയില്ല. ഏഴാം വാക്യം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനമുണ്ടാകയില്ല.”
10, 11. സമ്പൂർണ്ണ സമാധാനം ഭൂമിക്ക് എന്തർത്ഥമാക്കും?
10 യുദ്ധായുധങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം മനുഷ്യവർഗ്ഗത്തിനും ഈ ഭൂമിക്കും എന്തൊരനുഗ്രഹമായിരിക്കും! എന്തിന്, ഇപ്പോൾ പോലും, കഴിഞ്ഞ കാല യുദ്ധങ്ങളിൽ ഉപയോഗിക്കപ്പെട്ട ആയുധങ്ങൾ ആളുകളെ നശിപ്പിച്ചുകൊണ്ടാണിരിക്കുന്നത്. ഒരൊററ രാജ്യത്ത്, ഫ്രാൻസിൽ, 1945-നു ശേഷം മുൻയുദ്ധങ്ങൾ അവശേഷിപ്പിച്ച സ്ഫോടക വസ്തുക്കൾ നീക്കംചെയ്യുന്നതിനിടയിൽ 600 വിദഗ്ദ്ധർ കൊല്ലപ്പെട്ടിട്ടുണ്ട്. ബോംബുകൾ നിർവീര്യമാക്കാൻ പ്രവർത്തിക്കുന്ന അവിടത്തെ സംഘത്തിന്റെ തലവൻ ഇപ്രകാരം പറഞ്ഞു: “ഇപ്പോൾ പോലും ഞങ്ങൾ 1870-ലെ ഫ്രാങ്കോ പ്രഷ്യൻ യുദ്ധത്തിൽ ഉപയോഗിക്കപ്പെട്ട, സ്ഫോടക ശേഷിയുള്ള പീരങ്കി ഷെല്ലുകൾ കണ്ടെത്താറുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിലെ വിഷബോംബുകൾ കുമിഞ്ഞുകൂടി കിടക്കുന്ന തടാകങ്ങളുണ്ട്. ഇടക്കിടെ ട്രാക്റററുകൊണ്ട് നിലം ഉഴുന്ന ഒരു കൃഷിക്കാരൻ രണ്ടാം ലോകമഹായുദ്ധത്തിൽ നിന്നുള്ള ഒരു ടാങ്ക്-വേധ മൈനിൽ തട്ടുകയും സ്ഫോടനത്തിൽ കൊല്ലപ്പെടുകയും ചെയ്യുന്നു. ഇത്തരം വസ്തുക്കൾ എല്ലായിടത്തുമുണ്ട്.” രണ്ടുവർഷം മുമ്പ് ദ ന്യൂയോർക്ക് ടൈംസ് ഇപ്രകാരം അഭിപ്രായപ്പെട്ടു: “രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കഴിഞ്ഞ 45 വർഷങ്ങളിൽ [ഫ്രാൻസിന്റെ] മണ്ണിൽ നിന്ന് [ബോംബുനിർമ്മാർജ്ജന യൂണിററുകൾ] 16 ദശലക്ഷം പീരങ്കി ഷെല്ലുകളും 4,90,000 ബോംബുകളും വെള്ളത്തിനടിയിൽ നിക്ഷേപിക്കുന്ന തരം 6,00,000 മൈനുകളും നീക്കം ചെയ്തിട്ടുണ്ട്. . . ദശലക്ഷക്കണക്കിന് ഏക്കറുകൾ ഇപ്പോഴും മുട്ടോളം പൊക്കത്തിൽ ആയുധങ്ങൾ വീണു കിടക്കുകയാണ്. അവ വേലികെട്ടി തിരിച്ച് ‘ചുററും തൊടരുത്, അത് കൊല്ലും!’ എന്ന ബോർഡുകളും സ്ഥാപിച്ചിരിക്കുന്നു.”
11 പുതിയ ലോകം ഇതിൽ നിന്ന് എത്രയോ വ്യത്യസ്തമായിരിക്കും! എല്ലാവർക്കും നല്ല പാർപ്പിടവും സമൃദ്ധമായ ആഹാരവും മുഴുഭൂമിയെയും പരദീസയാക്കി മാററുന്ന പ്രതിഫലദായകവും സമാധാനപൂർണ്ണവുമായ ജോലിയും ഉണ്ടായിരിക്കും. (സങ്കീർത്തനം 72:16; യെശയ്യാവ് 25:6; 65:17-25) മേലാൽ ഒരിക്കലും ഈ ഭൂമിയും അതിലെ നിവാസികളും ദശലക്ഷക്കണക്കിന് സ്ഫോടകവസ്തുക്കളാൽ ആക്രമിക്കപ്പെടുകയില്ല. തന്നിൽ വിശ്വാസം പ്രകടമാക്കിയ ഒരാളോട് “നീ എന്നോടുകൂടെ പറുദീസയിലുണ്ടായിരിക്കും” എന്നു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് അത്തരമൊരു പുതിയ ലോകമാണ്.—ലൂക്കോസ് 23:43, NW.
ജീവനുവേണ്ടിയുള്ള ആഗോള വിദ്യാഭ്യാസം
12, 13. നമ്മുടെ കാലത്തേക്ക് എന്ത് ആഗോള വിദ്യാഭ്യാസവേലയാണ് യേശുവും യെശയ്യാവും മുൻകൂട്ടിപ്പറഞ്ഞത്?
12 ദൈവത്തിന്റെ പുതിയ ലോകത്തേക്കുറിച്ച് ഒരു വ്യക്തി മനസ്സിലാക്കുമ്പോൾ നമ്മുടെ നാളിൽ സത്യാരാധനക്കുവേണ്ടി ലോകവിസ്തൃതമായ ഒരു സഭ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അയാൾ മനസ്സിലാക്കും. അത് പുതിയ ലോകത്തിന്റെ കേന്ദ്ര ബിന്ദുവായിരിക്കും. തന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് മററുള്ളവരെ പഠിപ്പിക്കാൻ ദൈവം ഇപ്പോൾ അതിനെ ഉപയോഗിച്ചുകൊണ്ടാണിരിക്കുന്നത്. ഈ ക്രിസ്തീയ സ്ഥാപനം ഇന്ന്, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത സ്വഭാവത്തിലും അളവിലുമുള്ള ഒരു ആഗോള വിദ്യാഭ്യാസവേല നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു വേല ചെയ്യപ്പെടുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിലൊക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:14; മത്തായി 6:9, 10 കൂടെ കാണുക.
13 ഈ ആഗോള വിദ്യാഭ്യാസ വേലയെക്കുറിച്ച് യെശയ്യാവും സംസാരിച്ചു: “അന്ത്യകാലത്ത് [നമ്മുടെ നാളിൽ] യഹോവയുടെ ആലയമുള്ള പർവ്വതം [അവന്റെ സമുന്നതമായ സത്യാരാധന] . . . സ്ഥാപിതവും . . . ഉന്നതവുമായിരിക്കും. സകല ജാതികളും അതിലേക്ക് ഒഴുകിച്ചെല്ലും. അനേക വംശങ്ങളും ചെന്ന്: വരുവിൻ നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കു . . . കയറിച്ചെല്ലാം; . . . അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചു തരികയും നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും.—യെശയ്യാവ് 2:2, 3.
14. ഇന്ന് ദൈവത്തിന്റെ ജനത്തെ നമുക്ക് എങ്ങനെ തിരിച്ചറിയാം?
14 അതുകൊണ്ട് ദൈവത്തിന്റെ രാജ്യത്തെ സംബന്ധിച്ചുള്ള ആഗോള സാക്ഷീകരണവേല നാം ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനത്തോടടുത്താണെന്നും യഥാർത്ഥ സ്വാതന്ത്ര്യം ആസന്നമാണെന്നും ഉള്ളതിന്റെ ശക്തമായ തെളിവാണ്. ദൈവത്തിന്റെ പുതിയ ലോകത്തെ സംബന്ധിച്ച പ്രത്യാശ നിറഞ്ഞ ദൂതുമായി ആളുകളെ സന്ദർശിക്കുന്നവർ പ്രവൃത്തികൾ 15:14-ൽ(NW) “[ദൈവത്തിന്റെ] നാമത്തിനുവേണ്ടിയുള്ള ഒരു ജനം” എന്ന് വർണ്ണിക്കപ്പെട്ടിരിക്കുന്നു. യഹോവയുടെ നാമം വഹിക്കുകയും യഹോവയെയും അവന്റെ രാജ്യത്തെയും കുറിച്ച് ആഗോള സാക്ഷ്യം നൽകുകയും ചെയ്യുന്നത് ആരാണ്? യഹോവയുടെ സാക്ഷികൾ മാത്രം എന്ന് ഈ 20-ാം നൂററാണ്ടിലെ ചരിത്ര രേഖ ഉത്തരം നൽകുന്നു. ഇന്ന് അവർ ലോകത്തിലെല്ലാമായിട്ടുള്ള 66,000-ത്തിലധികം സഭകളിലായി നാൽപ്പതുലക്ഷത്തിലധികമുണ്ട്.—യെശയ്യാവ് 43:10-12; പ്രവൃത്തികൾ 2:21.
15. രാഷ്ട്രീയ കാര്യങ്ങളോടുള്ള ബന്ധത്തിൽ നമുക്ക് ദൈവത്തിന്റെ യഥാർത്ഥ ദാസൻമാരെ എങ്ങനെ തിരിച്ചറിയാം?
15 രാജ്യപ്രസംഗവേലയെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ യഹോവയുടെ സാക്ഷികൾ നിവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ മറെറാരു തെളിവ് യെശയ്യാവ് 2:4-ൽ രേഖപ്പെടുത്തിയിരിക്കുന്നു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല.” അതുകൊണ്ട് ദൈവരാജ്യഭരണത്തെ സംബന്ധിച്ചുള്ള ആഗോള പ്രസംഗവേല നിർവ്വഹിക്കുന്നവർ ‘മേലാൽ യുദ്ധം അഭ്യസിക്കരുത്.’ അവർ ‘ലോകത്തിന്റെ ഭാഗമായിരിക്കരുത്’ എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 17:16) അതിന്റെ അർത്ഥം രാഷ്ട്രങ്ങളുടെ തർക്കങ്ങളിലും യുദ്ധങ്ങളിലും പക്ഷംപിടിക്കാതെ അവർ രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കണം എന്നാണ്. ലോകത്തിന്റെ ഭാഗമല്ലാതിരിക്കുകയും യുദ്ധം അഭ്യസിക്കാതിരിക്കയും ചെയ്യുന്നത് ആരാണ്? വീണ്ടും 20-ാം നൂററാണ്ടിലെ ചരിത്രരേഖ സാക്ഷിപ്പെടുത്തുന്നു: യഹോവയുടെ സാക്ഷികൾ മാത്രം.
16. ദൈവത്തിന്റെ ആഗോള വിദ്യാഭ്യാസവേല എത്ര സമ്പൂർണ്ണമായിരിക്കും?
16 ദൈവം ഇന്നത്തെ ഈ ദുഷ്ടവ്യവസ്ഥിതിയെ അവസാനിപ്പിച്ചശേഷവും യഹോവയുടെ സാക്ഷികളുടെ ആഗോള വിദ്യാഭ്യാസ വേല തുടരും. യെശയ്യാവ് 54:13(NW) ഇപ്രകാരം പ്രസ്താവിക്കുന്നു: “നിന്റെ സകല പുത്രൻമാരും യഹോവയാൽ പഠിപ്പിക്കപ്പെട്ട ആളുകളായിരിക്കും.” ഈ പഠിപ്പിക്കൽ വളരെ പൂർണ്ണമായിരിക്കയാൽ യെശയ്യാവ് 11:9 ഇപ്രകാരം മുൻകൂട്ടിപ്പറയുന്നു: “സമുദ്രം വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ട് പൂർണ്ണ”മായിരിക്കും. തുടർന്നുള്ള പഠിപ്പിക്കൽ ഈ പഴയ ലോകത്തിന്റെ അവസാനത്തെ അതിജീവിക്കുന്നവർക്കും അവർക്ക് ജനിച്ചേക്കാവുന്ന മക്കൾക്കും മാത്രമല്ല പുനരുത്ഥാനത്തിൽ വീണ്ടും ജീവനിലേക്ക് വരുന്ന ശതകോടിക്കണക്കിനാളുകൾക്കും ആവശ്യമായിരിക്കും. ഒടുവിൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന സകലരും തങ്ങളുടെ സ്വതന്ത്രഇച്ഛാശക്തി ഉചിതമായി ദൈവിക നിയമങ്ങളുടെ പരിധികൾക്കുള്ളിൽ ഉപയോഗിക്കാൻ പഠിപ്പിക്കപ്പെടും. അതിന്റെ ഫലമോ? “സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാന സമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:11.
ഇപ്പോൾ പോലും വലിയ സ്വാതന്ത്ര്യങ്ങൾ
17. ദൈവത്തിന്റെ പുരാതന ജനം എന്തു ചെയ്യണമെന്നാണ് മോശെ പറഞ്ഞത്?
17 വാഗ്ദത്ത നാടിന്റെ പ്രവേശന കവാടത്തിങ്കൽ എത്തി നിന്ന ഇസ്രയേല്യരോട് മോശെ സംസാരിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: “നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ യഹോവ എന്നോടു കൽപ്പിച്ചതുപോലെ ഞാൻ നിങ്ങളോട് ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു. അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നെയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നതു. അവർ ഈ കൽപ്പനകളൊക്കെയും കേട്ടിട്ടു ഈ ശ്രേഷ്ഠ ജാതി ജ്ഞാനവും വിവേകവുമുള്ള ജനം തന്നേ എന്നു പറയും. നമ്മുടെ ദൈവമായ യഹോവയോട് നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠ ജാതി ഏതുള്ളു?”—ആവർത്തനം 4:5-7.
18. ഇപ്പോൾ പോലും ദൈവത്തെ സേവിക്കുന്നവർക്ക് എന്തു വലിയ സ്വാതന്ത്ര്യങ്ങൾ ലഭ്യമാണ്?
18 ഇന്ന് യഹോവയെ ആരാധിക്കുന്ന ജനലക്ഷങ്ങളും ഒരു വാഗ്ദത്ത നാടിന്റെ—പുതിയ ലോകത്തിന്റെ—കവാടത്തിങ്കലാണ്. അവർ ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നതിനാൽ അവൻ അവരുടെ സമീപത്തുണ്ട്. അവർ മററു ജനങ്ങളിൽ നിന്ന് സവിശേഷമായി മുന്തി നിൽക്കുകയും ചെയ്യുന്നു. ഇപ്പോൾ തന്നെ ദൈവം അവരെ വ്യാജമതാശയങ്ങൾ, വർഗ്ഗീയത, നിയമവിരുദ്ധ മയക്കുമരുന്നുപയോഗം, ദേശീയത, യുദ്ധം, ലൈംഗികമായി പടരുന്ന സർവ്വ വ്യാപക രോഗങ്ങൾ എന്നിവയിൽ നിന്ന് സ്വതന്ത്രരാക്കിയിരിക്കുന്നു. മാത്രവുമല്ല, അവൻ അവരെ സ്നേഹത്തിന്റേതായ, അഭേദ്യമായ, ഒരു അന്താരാഷ്ട്ര സാഹോദര്യത്തിൽ ഒന്നിപ്പിച്ചിരിക്കുന്നു. (യോഹന്നാൻ 13:35) അവർ ഭാവിയെ സംബന്ധിച്ച് ഉൽക്കണ്ഠാകുലരല്ല, പിന്നെയോ അവർ “ഹൃദയാനന്ദംകൊണ്ട് ഘോഷിക്കുന്നു.” (യെശയ്യാവ് 65:14) ദൈവത്തെ ഭരണാധികാരി എന്ന നിലയിൽ സേവിക്കുന്നതിനാൽ എത്ര വലിയ സ്വാതന്ത്ര്യങ്ങളാണ് അവർ ഇപ്പോൾതന്നെ ആസ്വദിക്കുന്നത്!—പ്രവൃത്തികൾ 5:29, 32; 2 കൊരിന്ത്യർ 4:7; 1 യോഹന്നാൻ 5:3.
തെററായ വിശ്വാസങ്ങളിൽ നിന്ന് മററുള്ളവരെ സ്വതന്ത്രരാക്കൽ
19, 20. മരിച്ചവരുടെ അവസ്ഥയെ സംബന്ധിച്ചുള്ള ബൈബിൾ പഠിപ്പിക്കലിനാൽ ആളുകൾ സ്വതന്ത്രരാക്കപ്പെടുന്നത് എങ്ങനെയാണ്?
19 യഹോവയുടെ സാക്ഷികൾ ആരോട് പ്രസംഗിക്കുന്നുവോ അവരിൽ അനേകരും ഈ സ്വാതന്ത്ര്യങ്ങൾ കണ്ടെത്താൻ ഇടയാകുന്നു. ഉദാഹരണത്തിന് പൂർവ്വികരെ ആരാധിക്കുന്ന സമ്പ്രദായം നിലവിലുള്ള രാജ്യങ്ങളിൽ മരിച്ചവർ ഒരിടത്തും ജീവനോടിരിക്കുന്നില്ലെന്നും അവർക്ക് ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കാൻ കഴിയുകയില്ലെന്നും യഹോവയുടെ സാക്ഷികൾ മററുള്ളവരെ അറിയിച്ചുകൊണ്ടിരിക്കുന്നു. “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്നറിയുന്നു; എന്നാൽ മരിച്ചവരോ ഒന്നും അറിയുന്നില്ല” എന്ന സഭാപ്രസംഗി 9:5-ലെ പ്രസ്താവന സാക്ഷികൾ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു. ഒരു മനുഷ്യൻ മരിക്കുമ്പോൾ “അവൻ മണ്ണിലേക്ക് തിരിയുന്നു; അന്നുതന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു,” എന്നു പറയുന്ന സങ്കീർത്തനം 146:4ഉം അവർ പരാമർശിക്കുന്നു. അതുകൊണ്ട് രോഗശാന്തി കൈവരുത്താനോ ജീവിച്ചിരിക്കുന്നവരെ ഭയപ്പെടുത്താനോ ഒരു ഭൂതാത്മാവോ അമർത്ത്യ ദേഹിയോ ഇല്ല എന്ന് ബൈബിൾ കാണിച്ചുതരുന്നു. അതിനാൽ ഒരു മന്ത്രവാദിവൈദ്യന്റെയോ പുരോഹിതന്റെയോ സേവനം ലഭിക്കാൻ വേണ്ടി കഷ്ടപ്പെട്ടു സമ്പാദിച്ച പണം പാഴാക്കേണ്ടതില്ല.
20 അത്തരം സൂക്ഷ്മമായ ബൈബിൾ പരിജ്ഞാനം അഗ്നിനരകം, ശുദ്ധീകരണസ്ഥലം എന്നിവപോലുള്ള വ്യാജോപദേശങ്ങളിൽ നിന്ന് ആളുകളെ സ്വതന്ത്രരാക്കുന്നു. മരിച്ചവർ ഒരു ഗാഢ നിദ്രയിലെന്നപോലെ ബോധമില്ലാത്ത ഒരവസ്ഥയിലാണ് എന്ന ബൈബിൾസത്യം ആളുകൾ മനസ്സിലാക്കുമ്പോൾ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്തു സംഭവിച്ചു എന്നതിനെപ്പററി അവർ മേലാൽ ഉൽക്കണ്ഠപ്പെടുന്നില്ല. മറിച്ച്, “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും” എന്നു പറഞ്ഞപ്പോൾ അപ്പോസ്തലനായ പൗലോസ് ഏതു സമയത്തെക്കുറിച്ചു പ്രസ്താവിച്ചുവോ ആ അത്ഭുതകരമായ സമയത്തിനുവേണ്ടി അവർ നോക്കിപ്പാർത്തിരിക്കുന്നു.—പ്രവൃത്തികൾ 24:15.
21. പുനരുത്ഥാനത്തിലേക്ക് വരുത്തപ്പെടുന്നവരിൽ നിസ്സംശയമായും ആരുണ്ടായിരിക്കും, സാദ്ധ്യതയനുസരിച്ച് അവരുടെ പ്രതികരണം എന്തായിരിക്കും?
21 പുനരുത്ഥാനത്തിൽ, അവകാശപ്പെടുത്തിയ ആദാമ്യ മരണത്തിൽ നിന്ന് എന്നേക്കുമായി സ്വതന്ത്രമാക്കപ്പെട്ട ഒരു ഭൂമിയിലെ ജീവനിലേക്ക് മരിച്ചവർ തിരികെ വരും. പുനരുത്ഥാനത്തിലേക്ക് വരുത്തപ്പെടുന്നവരുടെ കൂട്ടത്തിൽ മോലെക്കിനെപ്പോലെയുള്ള കനാന്യ ദേവൻമാർക്ക് ബലി ചെയ്യപ്പെട്ട കുട്ടികളും ആസ്റെറക് ദൈവങ്ങൾക്ക് ബലിയർപ്പിക്കപ്പെട്ട ചെറുപ്പക്കാരും യുദ്ധദേവനു ബലിചെയ്യപ്പെട്ട അനേക ദശലക്ഷങ്ങളും ഉണ്ടായിരിക്കുമെന്നതിൽ സംശയമില്ല. അപ്പോൾ വ്യാജവിശ്വാസങ്ങളുടെ ഈ മുൻ ഇരകൾ എത്ര ആശ്ചര്യഭരിതരും ആഹ്ളാദചിത്തരുമായിരിക്കും! അങ്ങനെ പുനരുത്ഥാനത്തിൽ വരുത്തപ്പെടുന്നവർക്ക് അപ്പോൾ സന്തോഷത്തോടെ ഇങ്ങനെ ഘോഷിക്കാൻ കഴിയും: “മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ?”—ഹോശേയ 13:14.
യഹോവയെ അന്വേഷിക്കുക
22. ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ നാം എന്ത് മനസ്സിൽ പിടിക്കേണ്ടതുണ്ട്?
22 യഥാർത്ഥ സ്വാതന്ത്ര്യമുണ്ടായിരിക്കുന്ന, ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ 2 ദിനവൃത്താന്തം 15:2-ലെ വാക്കുകൾ ഗൗരവമായിട്ടെടുക്കുക: “നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നിടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നുവെങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നുവെങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.” ദൈവത്തെപ്പററി പഠിക്കാനും അവനെ പ്രസാദിപ്പിക്കാനുമുള്ള നിങ്ങളുടെ ആത്മാർത്ഥമായ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുകയില്ല എന്ന് ഓർമ്മിക്കുക. “ദൈവം തന്നെ അന്വേഷിക്കുന്നവരുടെ പ്രതിഫലദായകൻ,” ആകുന്നു എന്ന് എബ്രായർ 11:6 പറയുന്നു. “അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല,” എന്ന് റോമർ 10:11 പറയുന്നു.
23. സ്വാതന്ത്ര്യത്തിന്റേതായ ദൈവത്തിന്റെ പുതിയ ലോകത്തെ നാം സ്വാഗതം ചെയ്യേണ്ടതെന്തുകൊണ്ട്?
23 യഥാർത്ഥ സ്വാതന്ത്ര്യത്തിന്റേതായ ദൈവത്തിന്റെ പുതിയ ലോകം ചക്രവാളരേഖയിലാണ്. അവിടെ “സൃഷ്ടി തന്നെ ദ്രവത്വത്തിന്റെ അടിമത്തത്തിൽ നിന്ന് സ്വതന്ത്രമാക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും.” കൂടാതെ “[ദൈവം] അവരുടെ കണ്ണിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.” (റോമർ 8:21, NW; വെളിപ്പാട് 21:4) അപ്പോൾ യഹോവയുടെ ദാസൻമാരെല്ലാം തങ്ങളുടെ ശിരസ്സുകൾ ഉയർത്തും. ‘ഒടുവിൽ യഥാർത്ഥ സ്വാതന്ത്ര്യം കൈവരുത്തിയതിന് നന്ദി യഹോവേ!’ എന്ന് ഉദ്ഘോഷിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്റേതായ ദൈവത്തിന്റെ പുതിയ ലോകത്തെ അവർ സന്തോഷപൂർവ്വം സ്വാഗതം ചെയ്യും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ തന്റെ ജനത്തെ വിടുവിക്കാനുള്ള തന്റെ പ്രാപ്തി യഹോവ പ്രകടമാക്കിയതെങ്ങനെ?
◻ ദൈവത്തിന്റെ പുതിയ ലോകത്തിൽ എന്ത് അത്ഭുതകരമായ സ്വാതന്ത്ര്യങ്ങൾ ഉണ്ടായിരിക്കും?
◻ യഹോവ എങ്ങനെയാണ് ജീവനുവേണ്ടി ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്?
◻ യഹോവയെ സേവിക്കുന്നതിനാൽ ഇപ്പോൾ പോലും ദൈവത്തിന്റെ ജനം ആസ്വദിക്കുന്ന സ്വാതന്ത്ര്യങ്ങളിൽ ചിലത് ഏവയാണ്?
[10-ാം പേജിലെ ചിത്രം]
തന്റെ ആരാധകരെ സ്വതന്ത്രരാക്കിക്കൊണ്ട് ഈജിപ്ററിലെ വ്യാജദൈവങ്ങളെക്കാൾ തനിക്കുള്ള ശ്രേഷ്ഠത യഹോവ പ്രകടമാക്കി
[12, 13 പേജുകളിലെ ചിത്രങ്ങൾ]
തന്റെ ആഗോള വിദ്യാഭ്യാസ വേല നിർവ്വഹിക്കുന്നതിനാലും തന്റെ നാമം വഹിക്കുന്നതിനാലും ദൈവത്തിന്റെ യഥാർത്ഥ ദാസൻമാർ ഇന്നു തിരിച്ചറിയപ്പെടുന്നു