നിരോധനത്തിൻ കീഴിൽ യഹോവ ഞങ്ങളെ പരിപാലിച്ചു—ഭാഗം 2
രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു നാസ്സി പടയാളിയായിരുന്ന എന്റെ യൂണിഫോമിന്റെ ബെൽററ് ബക്കിളിൽ “ദൈവം നമ്മോടുകൂടെയുണ്ട്” എന്ന വാക്കുകൾ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് യുദ്ധത്തിലും രക്തച്ചൊരിച്ചിലിലുമുള്ള സഭകളുടെ ഉൾപ്പെടലിന്റെ മറെറാരു ദൃഷ്ടാന്തം മാത്രമായിരുന്നു. അത് എന്നിൽ വെറുപ്പ് ഉളവാക്കിയിരുന്നു. അതുകൊണ്ട് യഹോവയുടെ രണ്ടു സാക്ഷികൾ കിഴക്കൻ ജർമ്മനിയിലെ ലിംബാക്-ഓബർഫ്രോണയിൽ വച്ച് ഞാനുമായി സംഭാഷണത്തിൽ ഏർപ്പെട്ടപ്പോഴേക്കും എനിക്ക് മതം മടുത്ത് ഞാൻ ഒരു നിരീശ്വരവാദിയും പരിണാമവാദിയുമായി മാറിയിരുന്നു.
“ഞാൻ ഒരു ക്രിസ്ത്യാനിയായിത്തീരുമെന്നൊന്നും കരുതേണ്ട,” എന്നെ സന്ദർശിച്ച സാക്ഷികളോട് ഞാൻ പറഞ്ഞു. എന്നാൽ അവർ പറഞ്ഞ ന്യായങ്ങൾ ഒരു ദൈവമുണ്ടെന്ന് എന്നെ ബോദ്ധ്യപ്പെടുത്തി. ജിജ്ഞാസ നിമിത്തം ഞാൻ ഒരു ബൈബിൾ വാങ്ങുകയും കാലക്രമേണ അവരോടൊപ്പം അത് പഠിക്കാൻ തുടങ്ങുകയും ചെയ്തു. അത് 1953-ലെ വസന്തത്തിലായിരുന്നു. അപ്പോഴേക്കും കിഴക്കൻ ജർമ്മനിയിലെ സാക്ഷികളുടെ പ്രവർത്തനം കമ്മ്യൂണിസ്ററ് നിരോധനത്തിൻ കീഴിലായിട്ട് ഏതാണ്ട് മൂന്നു വർഷമായിരുന്നു.
യഹോവയുടെ സാക്ഷികളുടെ അന്നത്തെ അവസ്ഥയെ ഇപ്രകാരം പറഞ്ഞുകൊണ്ട് 1953 ഓഗസ്ററ് 15-ലെ വാച്ച്ററവർ വിവരിച്ചു: “നിരന്തരം ഒററുകാരാലും ഭീഷണികളാലും ശല്യപ്പെടുത്തപ്പെടുന്നുണ്ടെങ്കിലും, തങ്ങളെ ആരും അനുഗമിക്കുന്നില്ലെന്ന് ഉറപ്പുവരുത്താതെ പരസ്പരം സന്ദർശിക്കാൻ കഴിയുന്നില്ലെങ്കിലും, ഒരുവന്റെ കൈവശം വാച്ച്ററവർ പ്രസിദ്ധീകരണങ്ങളുമായി പിടിക്കപ്പെട്ടാൽ ‘ദുഷ്പ്രേരണ സാഹിത്യം വിതരണം’ ചെയ്യുന്നു എന്ന പേരിൽ രണ്ടോ മൂന്നോ കൊല്ലം ജയിലിൽ കഴിയേണ്ടി വരുമായിരുന്നെങ്കിലും, നേതൃത്വമെടുത്തിരുന്ന നൂറുകണക്കിന് പക്വതയുള്ള സഹോദരൻമാർ ജയിലിലാണെങ്കിലും കിഴക്കൻ ജർമ്മനിയിലെ യഹോവയുടെ ദാസൻമാർ പ്രസംഗം തുടർന്നുകൊണ്ടിരുന്നു.”
ആയിരത്തിത്തൊള്ളായിരത്തിയൻപത്തിയഞ്ചിൽ ഞാനും എന്റെ ഭാര്യ റെജീനയും പശ്ചിമ ജർമ്മനിയിലെ ന്യൂറെംബർഗിൽ നടന്ന യഹോവയുടെ സാക്ഷികളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിച്ചു, പിറേറ വർഷം പശ്ചിമ ബർലിനിൽ വച്ച് ഞങ്ങൾ ഇരുവരും സ്നാപനമേററു. അത് 1961-ൽ പൂർവ്വജർമ്മനിയെ പശ്ചിമ ബർലിനിൽ നിന്നും വേർതിരിച്ച ബെർലിൻ മതിൽ പടുത്തുയർത്തുന്നതിന് മുമ്പായിരുന്നു. എന്നാൽ ഞാൻ സ്നാപനമേൽക്കുന്നതിന് മുമ്പുപോലും യഹോവയോടുള്ള എന്റെ വിശ്വസ്തത പരിശോധിക്കപ്പെട്ടു.
ഉത്തരവാദിത്വം ഏറെറടുക്കൽ
ഞങ്ങൾ സഹവസിച്ചിരുന്ന ലിംബാക്-ഓബർഫ്രോണയിലെ യഹോവയുടെ സാക്ഷികളുടെ സഭക്ക് പശ്ചിമ ബർലിനിൽ പോയി ബൈബിൾ സാഹിത്യം എടുത്തുകൊണ്ടുവരാൻ ഒരാളെ ആവശ്യമായിരുന്നു. ഞങ്ങൾക്ക് ഒരു ചെറിയ ബിസിനസ്സുണ്ടായിരുന്നു, രണ്ട് ചെറിയ കുട്ടികളും. എന്നാൽ യഹോവയെ സേവിക്കുന്നത് അപ്പോൾ തന്നെ ഞങ്ങളുടെ ജീവിതത്തിലെ മുഖ്യസംഗതിയായിത്തീർന്നിരുന്നു. അറുപതു പുസ്തകങ്ങൾ ഒളിച്ചു വയ്ക്കാൻ കഴിയത്തക്കവണ്ണം ഞങ്ങൾ ഞങ്ങളുടെ പഴയ കാറിന് രൂപഭേദം വരുത്തി. ഇത് അപകടം പിടിച്ച പണിയായിരുന്നു, എന്നാൽ അത് യഹോവയിൽ ആശ്രയിക്കാൻ എന്നെ പഠിപ്പിച്ചു.
പൂർവ്വബർലിനിൽ നിന്ന് പടിഞ്ഞാറെ ഭാഗത്തേക്ക് കാറുമായി പോകുന്നത് ഒട്ടും എളുപ്പമായിരുന്നില്ല, ഞങ്ങൾക്ക് അത് എങ്ങനെ സാധിച്ചു എന്ന് ഞാൻ പലപ്പോഴും അതിശയിക്കാറുണ്ട്. സ്വതന്ത്രമായ ഭാഗത്ത് എത്തിയാലുടനെ ഞങ്ങൾ സാഹിത്യം സ്വീകരിച്ച് കിഴക്കൻ ജർമ്മനിയിലേക്കുള്ള അതിർത്തി കടക്കുന്നതിനുമുമ്പ് അത് കാറിൽ ഒളിച്ചു വയ്ക്കും.
ഒരു സന്ദർഭത്തിൽ ഞങ്ങൾ പുസ്തകങ്ങൾ ഒളിച്ചുവച്ചയുടനെ അടുത്തുള്ള വീട്ടിൽ നിന്ന് ഒരു മനുഷ്യൻ പുറത്തുവന്നു. “ഹേ, മനുഷ്യാ” അയാൾ വിളിച്ചു പറഞ്ഞു. ഒരു നിമിഷത്തേക്ക് എന്റെ ഹൃദയം നിലച്ചു. അയാൾ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നോ? “അടുത്ത തവണ മറെറവിടെയെങ്കിലും പൊയ്ക്കൊള്ളു. കിഴക്കേ ജർമ്മൻ പോലീസിന്റെ റേഡിയോ കാർ അവിടെയടുത്താണ് പാർക്കു ചെയ്യുക, അവർ നിങ്ങളെ പിടികൂടിയേക്കും.” ഞാൻ ഒരു ആശ്വാസനിശ്വാസമുതിർത്തു. കുഴപ്പമൊന്നും കൂടാതെ ഞങ്ങൾ അതിർത്തി കടന്നു, വീട്ടിലേക്കുള്ള മടക്കയാത്രയിലെല്ലാം ഞങ്ങൾ നാലുപേരും ചേർന്ന് ഗീതങ്ങൾ ആലപിച്ചു.
ഒററപ്പെടലിനുള്ള ഒരുക്കം
ആയിരത്തിത്തൊള്ളായിരത്തിയൻപതുകളിൽ സാഹിത്യത്തിനും മാർഗ്ഗനിർദ്ദേശത്തിനും വേണ്ടി പൂർവ്വജർമ്മനിയിലെ സഹോദരങ്ങൾ പശ്ചിമ ജർമ്മനിയിലുള്ളവരെ ആശ്രയിച്ചു. എന്നാൽ 1960-ൽ പൂർവ്വജർമ്മനിയിലെ ഓരോ സാക്ഷിയും താൻ വസിച്ച പ്രദേശത്തെ സഹസാക്ഷികളുമായി കൂടുതൽ അടുത്ത ബന്ധം നിലനിർത്താൻ സഹായകമായ ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. തുടർന്ന് 1961-ൽ മൂപ്പൻമാർക്കു വേണ്ടിയുള്ള രാജ്യശുശ്രൂഷാ സ്കൂളിന്റെ ആദ്യത്തെ ക്ലാസ്സ് ബർലിനിൽ വച്ച് നടത്തപ്പെട്ടു. നാലാഴ്ച നീണ്ടു നിന്ന ഈ ആദ്യത്തെ പഠനപരിപാടിയിൽ ഞാൻ സംബന്ധിച്ചു. കഷ്ടിച്ച് ആറ് ആഴ്ച കഴിഞ്ഞ് ബെർലിൻ മതിൽ പടുത്തയർത്തപ്പെട്ടപ്പോൾ പശ്ചിമ ഭാഗവുമായുള്ള ഞങ്ങളുടെ ബന്ധം അററു. ഞങ്ങളുടെ പ്രവർത്തനം ഇപ്പോൾ ഒളിവിലായി എന്നു മാത്രമല്ല ഞങ്ങൾ പൂർണ്ണമായും ഒററപ്പെടുകയും ചെയ്തു.
പൂർവ്വജർമ്മനിയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിലച്ചു പോകുമെന്ന് ചിലർ ഭയപ്പെട്ടു. എന്നാൽ ഏകദേശം ഒരു കൊല്ലം മുമ്പ് ഏർപ്പെടുത്തിയ സ്ഥാപനപരമായ ക്രമീകരണങ്ങൾ ആത്മീയ ഐക്യവും ബലവും നിലനിർത്തുന്നതിന് ഞങ്ങളെ സഹായിച്ചു. കൂടാതെ, ആദ്യത്തെ രാജ്യശുശ്രൂഷാ സ്കൂളിൽ സംബന്ധിച്ച മൂപ്പൻമാർക്ക് ലഭിച്ച പരിശീലനം അതേ പരിശീലനം മററു മൂപ്പൻമാർക്കും കൊടുക്കാൻ അവരെ സജ്ജരാക്കി. അതുകൊണ്ട് 1949-ലെ ഡിസ്ട്രിക്ററ് കൺവെൻഷനിലൂടെ 1950-ലെ നിരോധനത്തിന് യഹോവ ഞങ്ങളെ സജ്ജരാക്കിയതുപോലെ അവൻ ഒററപ്പെടലിനു വേണ്ടിയും ഞങ്ങളെ ഒരുക്കി.
പടിഞ്ഞാറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോൾ സ്ഥാപനപരമായ ക്രമീകരണങ്ങൾ മുമ്പോട്ട് കൊണ്ടുപോകുന്നതിന് ഞങ്ങൾ മുൻകൈ എടുക്കേണ്ടിയിരുന്നു എന്നത് വ്യക്തമായിരുന്നു. ഞങ്ങൾ പശ്ചിമ ബർലിനിലെ സഹോദരങ്ങൾക്ക് എഴുതുകയും കിഴക്കൻ ജർമ്മനിയിൽ പടിഞ്ഞാറു നിന്നുള്ള യാത്രക്കാർക്ക് വന്നെത്താൻ കഴിയുമായിരുന്ന ഒരു റോഡിൽ വച്ചു അവരുമായി ഒരു കൂടിക്കാഴ്ചക്ക് നിർദ്ദേശിക്കുകയും ചെയ്തു. നിശ്ചിത സ്ഥലത്ത് എത്തിയപ്പോൾ ഞങ്ങളുടെ കാറിന് കേടു പററിയതായി ഞങ്ങൾ ഭാവിച്ചു. ഏതാനും മിനിററു കഴിഞ്ഞപ്പോൾ ബൈബിൾ സാഹിത്യങ്ങളുമായി സഹോദരങ്ങൾ വന്നെത്തി. സന്തോഷകരമെന്ന് പറയട്ടെ, സുരക്ഷിതത്വത്തിനു വേണ്ടി ഞാൻ ബെർലിനിൽ വച്ചേച്ചുപോന്ന എന്റെ രാജ്യശുശ്രൂഷാ സ്കൂൾ പാഠപുസ്തകവും നോട്ടുകളും ബൈബിളും കൂടെ അവർ കൊണ്ടുവന്നു. അവ തിരികെ ലഭിച്ചത് എന്നെ എത്ര പുളകിതനാക്കിയെന്നോ! അടുത്ത ഏതാനും വർഷങ്ങളിൽ അവ എനിക്ക് എത്രമാത്രം ആവശ്യമായിരിക്കുമെന്ന് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞില്ല.
ഒളിവിൽ ഒരു സ്കൂൾ
ഏതാനും ദിവസങ്ങൾക്കു ശേഷം പൂർവ്വജർമ്മനിയുടെ എല്ലാ ഭാഗങ്ങളിലും രാജ്യശുശ്രൂഷാ സ്കൂൾ ക്ലാസ്സുകൾ ക്രമീകരിക്കാൻ ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചു. ഞാൻ ഉൾപ്പെടെ നാലുപേർ അദ്ധ്യാപകരായി നിയമിക്കപ്പെട്ടു. നമ്മുടെ വേല നിരോധിച്ചിരിക്കുമ്പോൾ മൂപ്പൻമാരെയെല്ലാം പരിശീലിപ്പിക്കുന്ന ജോലി അസാദ്ധ്യമായ ഒന്നായി എനിക്കു തോന്നി. ഞങ്ങൾ ചെയ്യുന്നത് എന്താണെന്ന് കണ്ടുപിടിക്കപ്പെടാതിരിക്കാൻ ഒരു അവധിക്കാല ക്യാമ്പുപോലെ ക്ലാസ്സുകൾ ക്രമീകരിക്കാൻ ഞാൻ തീരുമാനിച്ചു.
ഓരോ ക്ലാസ്സും നാലു വിദ്യാർത്ഥികളും അദ്ധ്യാപകനായി ഞാനും ഞങ്ങളുടെ പാചകക്കാരനായി സേവിച്ച ആറാമതൊരു സഹോദരനും അടങ്ങിയതായിരുന്നു. ഭാര്യമാരും കുട്ടികളും കൂടെ സന്നിഹിതരായിരുന്നു. അതുകൊണ്ട് സാധാരണ ഞങ്ങൾ 15-നും 20-നും ഇടക്ക് ആളുകളടങ്ങിയ ഒരു സംഘമായിരുന്നു. സാധാരണ ആളുകൾ ക്യാമ്പു ചെയ്ത സ്ഥലം ഞങ്ങൾക്ക് ഒട്ടും പററുകയില്ലായിരുന്നു, അതുകൊണ്ട് ഞാനും എന്റെ കുടുംബവും പററിയ സ്ഥലങ്ങൾ തേടി പുറപ്പെട്ടു.
ഒരു സന്ദർഭത്തിൽ ഒരു ഗ്രാമത്തിലൂടെ കടന്നുപോകുമ്പോൾ പ്രധാന റോഡുകളിൽ നിന്നെല്ലാം അകന്നുമാറി ഒരു കുററിക്കാട്ടിലേക്കുള്ള വഴി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അതു വളരെ അനുയോജ്യമായി തോന്നിയതിനാൽ ഞാൻ മേയറെ സമീപിച്ചു. “മററ് ഏതാനും കുടുംബങ്ങളോടൊപ്പം ഒരു രണ്ടാഴ്ചക്കാലം ക്യാമ്പു ചെയ്യാൻ പററിയ ഒരു സ്ഥലം ഞങ്ങൾ അന്വേഷിക്കുകയാണ്,” ഞാൻ വിശദീകരിച്ചു. “കുട്ടികൾക്ക് ഓടിക്കളിക്കാൻ കഴിയേണ്ടതിന് ഒററപ്പെട്ട ഒരു സ്ഥലത്തായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആ കാണുന്ന കാട് ഞങ്ങൾക്ക് അതിനായി ഉപയോഗിക്കരുതോ?” അദ്ദേഹം സമ്മതിച്ചു, അതുകൊണ്ട് ഞങ്ങൾ ക്രമീകരണങ്ങൾ ചെയ്തു.
പുറമേ നിന്ന് നോക്കിയാൽ കാണാൻ കഴിയാത്ത ഒരു നടുമുററം സൃഷ്ടിക്കാൻ തക്കവണ്ണം ഞങ്ങൾ കൂടാരങ്ങളും എന്റെ ട്രെയിലറും സ്ഥാപിച്ചു. ട്രെയിലർ ഞങ്ങളുടെ ക്ലാസ്സുമുറിയായി ഉതകി. ദിവസം 8 മണിക്കൂർ വീതം 14 ദിവസത്തെ ഒരു തീവ്ര പഠനപരിപാടിക്കായി ഞങ്ങൾ അതിൽ ഒത്തുകൂടി. അപ്രതീക്ഷിതമായി വല്ല സന്ദർശകരും വന്നാലോ എന്നു കരുതി നടുമുററത്ത് ഒരു മേശയും കസേരകളും ഇട്ടിരുന്നു. അവർ വരിക തന്നെ ചെയ്തു! അത്തരം സന്ദർഭങ്ങളിൽ ഞങ്ങളുടെ കുടുംബങ്ങളുടെ സ്നേഹപൂർവ്വകമായ പിന്തുണ ഞങ്ങൾ വിലമതിച്ചു.
ക്ലാസ്സുകൾ നടന്നുകൊണ്ടിരുന്നപ്പോൾ ഞങ്ങളുടെ കുടുംബങ്ങൾ കാവൽ നിന്നു. ഈ പ്രത്യേക സന്ദർഭത്തിലാകട്ടെ കമ്മ്യൂണിസ്ററ് പാർട്ടിയുടെ ആ സ്ഥലത്തെ സെക്രട്ടറിയും കൂടെയായ മേയർ ഞങ്ങളുടെ കാട്ടിലേക്കുള്ള വഴിയെ വരുന്നതായി കാണപ്പെട്ടു. കാവൽ നിന്നയാൾ ട്രെയിലറിനുള്ളിലെ ഒരു ബെല്ലിന്റെ സ്വിച്ച് അമർത്തി. ഉടൻ തന്നെ ഞങ്ങൾ ട്രെയിലറിൽ നിന്ന് പുറത്തു ചാടി മേശയ്ക്കു ചുററുമായി ഓരോരുത്തർക്കും നേരത്തെ നിശ്ചയിച്ചിരുന്ന സീററുകളിലിരുന്നു ചീട്ടുകളിക്കാനാരംഭിച്ചു. രംഗം തികച്ചും യഥാർത്ഥമായി തോന്നിക്കാൻ ഒരു മദ്യക്കുപ്പിപോലുമുണ്ടായിരുന്നു. മേയർ ഒരു സൗഹൃദ സന്ദർശനം നടത്തുകയും എന്താണ് അവിടെ നടക്കുന്നത് എന്നതിനെപ്പററി യാതൊരു സംശയവും തോന്നാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ആയിരത്തിത്തൊള്ളായിരത്തിഅറുപത്തിരണ്ടിലെ വസന്തകാലം മുതൽ 1965 അവസാനത്തോട് അടുത്തുവരെ രാജ്യത്തുടനീളം രാജ്യശുശ്രൂഷാ സ്കൂൾ ക്ലാസ്സുകൾ നടത്തപ്പെട്ടു. പൂർവ്വജർമ്മനിയിലെ പ്രത്യേക സാഹചര്യത്തെ നേരിടുന്നതിനാവശ്യമായ വിവരങ്ങൾ ഉൾപ്പെടെ അവിടെ ലഭിച്ച പരിശീലനം പ്രസംഗവേലക്ക് നേതൃത്വം വഹിക്കാൻ മൂപ്പൻമാരെ സജ്ജരാക്കി. ക്ലാസ്സുകളിൽ സംബന്ധിക്കുന്നതിനുവേണ്ടി മൂപ്പൻമാർ തങ്ങളുടെ അവധിക്കാലം ബലികഴിക്കുക മാത്രമല്ല ജയിൽശിക്ഷയുടെ അപകടത്തെ അഭിമുഖീകരിക്കുകയും കൂടെ ചെയ്തു.
സ്കൂളിന്റെ പ്രയോജനങ്ങൾ
അധികാരികൾ നമ്മുടെ പ്രവർത്തനങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ടായിരുന്നു, 1965 അവസാനത്തോടെ എല്ലാ മൂപ്പൻമാരും സ്കൂളിൽ സംബന്ധിച്ചു കഴിഞ്ഞപ്പോൾ നമ്മുടെ സ്ഥാപനത്തിന് മാരകമായ ആഘാതമേൽപ്പിക്കാൻ അവർ ശ്രമിച്ചു. വേലക്ക് നേതൃത്വം കൊടുക്കുന്നവരെന്ന് കരുതിയ 15 സാക്ഷികളെ അവർ അറസ്ററ് ചെയ്തു. അത് ദേശത്തിന്റെ ഒരററം മുതൽ മറേറ അററം വരെ എത്തിയതും നന്നായി തയ്യാർ ചെയ്തതുമായ ഒരു നടപടിയായിരുന്നു. സാക്ഷികളുടെ പ്രവർത്തനം നിലച്ചുപോകുമെന്ന് അനേകർ വീണ്ടും കരുതി. എന്നാൽ യഹോവയുടെ സഹായത്താൽ ഞങ്ങൾ സാഹചര്യത്തിനനുസരിച്ച് മാററങ്ങൾ വരുത്തുകയും മുമ്പത്തെപ്പോലെ ഞങ്ങളുടെ വേല തുടരുകയും ചെയ്തു.
രാജ്യശുശ്രൂഷാ സ്കൂളിലൂടെ മൂപ്പൻമാർക്ക് ലഭിച്ച പരിശീലനവും ക്ലാസ്സിന്റെ സമയത്ത് അവർ ആസ്വദിച്ച സഹവാസത്തിലൂടെ അരക്കിട്ടുറപ്പിക്കപ്പെട്ട പരസ്പര വിശ്വാസത്തിന്റേതായ ബന്ധങ്ങളുമായിരുന്നു വിശേഷാൽ ഇത് സാദ്ധ്യമാക്കിത്തീർത്തത്. അങ്ങനെ സ്ഥാപനം അതിന്റെ യഥാർത്ഥ പ്രകൃതം പ്രകടമാക്കി. സ്ഥാപനത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഞങ്ങൾ അനുസരണപൂർവ്വം അടുത്തു പിൻപററിയത് എത്ര പ്രധാനമായിരുന്നു!—യെശയ്യാവ് 48:17.
ഗവൺമെൻറ് അധികാരികൾ നടത്തിയ വ്യാപകമായ ആക്രമണത്തിന് നമ്മുടെ പ്രവർത്തനങ്ങളുടെമേൽ കാര്യമായ യാതൊരു ദോഷഫലവും ഉണ്ടായിരുന്നില്ലെന്ന് തുടർന്നു വന്ന മാസങ്ങൾ പ്രകടമാക്കി. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് രാജ്യശുശ്രൂഷാ സ്കൂൾ തുടരാൻ കഴിഞ്ഞു. അധികാരികൾക്ക് ഞങ്ങളുടെ സ്ഥിതിഗ ശക്തി മനസ്സിലായപ്പോൾ അവരുടെ തന്ത്രങ്ങൾക്ക് മാററം വരുത്താൻ അവർ നിർബന്ധിതരായി. യഹോവക്ക് എന്തൊരു വിജയം!
ശുശ്രൂഷയിൽ കർമ്മനിരതർ
ആ കാലത്ത് ഞങ്ങളുടെ സഭാപുസ്തകാദ്ധ്യയനകൂട്ടങ്ങൾ ഏതാണ്ട് അഞ്ചുപേർ വീതം ചേർന്നുള്ളതായിരുന്നു. ഈ പുസ്തകാദ്ധ്യയന ക്രമീകരണത്തിലൂടെയായിരുന്നു ഞങ്ങൾ ഓരോരുത്തർക്കും ഞങ്ങളുടെ ബൈബിൾ സാഹിത്യങ്ങൾ ലഭിച്ചിരുന്നത്, പ്രസംഗപ്രവർത്തനം സംഘടിപ്പിച്ചിരുന്നതും ഈ ചെറിയ അദ്ധ്യയന കൂട്ടങ്ങളിൽ നിന്നായിരുന്നു. തുടക്കം മുതൽ ബൈബിൾ പഠിക്കാൻ ആഗ്രഹിച്ച അനേകമാളുകളെക്കൊണ്ട് യഹോവ എന്നെയും റെജീനയെയും അനുഗ്രഹിച്ചു.
തിരിച്ചറിയപ്പെടുകയും അറസ്ററു ചെയ്യപ്പെടുകയും ചെയ്യുന്നതിൽ നിന്ന് ഞങ്ങളെ കുറെയൊക്കെ സംരക്ഷിക്കാൻ തക്ക ഭേദഗതിയോടെയുള്ളതായിരുന്നു ഞങ്ങളുടെ വീടുതോറുമുള്ള സേവനം. ഞങ്ങൾ ഒരു മേൽവിലാസക്കാരനെ സന്ദർശിക്കുകയും മറെറാരു വാതിലിൽ മുട്ടുന്നതിന് മുമ്പ് ഇടക്ക് ഏതാനും വീടുകൾ വിട്ടുകളയുകയും ചെയ്യുമായിരുന്നു. ഒരു വീട്ടുവാതിൽക്കൽ ഒരു സ്ത്രീ റെജീനയെയും എന്നെയും അകത്തേക്ക് ക്ഷണിച്ചു. ഞങ്ങൾ അവരുമായി ഒരു തിരുവെഴുത്ത് വിഷയം ചർച്ചചെയ്തുകൊണ്ടിരുന്നപ്പോൾ അവരുടെ മകൻ ആ മുറിയിലേക്ക് കടന്നുവന്നു. അയാൾ വെട്ടിത്തുറന്നു തന്നെ സംസാരിച്ചു.
“നിങ്ങൾ എന്നെങ്കിലും നിങ്ങളുടെ ദൈവത്തെ കണ്ടിട്ടുണ്ടോ?” അയാൾ ചോദിച്ചു. “നിങ്ങൾ അറിയാൻ വേണ്ടി പറയുകയാണ്, ഞാൻ കാണുന്നതു മാത്രമെ ഞാൻ വിശ്വസിക്കുന്നുള്ളു. ബാക്കിയെല്ലാം വിഡ്ഢിത്തമാണ്.”
“ഞാൻ അത് വിശ്വസിക്കുന്നില്ല,” ഞാൻ മറുപടി പറഞ്ഞു. “നിങ്ങൾ എന്നെങ്കിലും നിങ്ങളുടെ തലച്ചോറ് കണ്ടിട്ടുണ്ടോ? നിങ്ങൾ ചെയ്യുന്നതെല്ലാം നിങ്ങൾക്ക് അതുണ്ട് എന്നു സൂചിപ്പിക്കുന്നു.”
ഇലക്ട്രിസിററിപോലെ, നാം കാണാതെ വിശ്വസിക്കുന്ന മററു കാര്യങ്ങളുടെ ഉദാഹരണങ്ങളും ഞാനും റെജീനയും പറഞ്ഞു. ആ യുവാവ് നന്നായി ശ്രദ്ധിച്ചു, അയാൾക്കും അയാളുടെ അമ്മക്കും വേണ്ടി ഒരു ബൈബിൾ അദ്ധ്യയനം ആരംഭിക്കുകയും ചെയ്തു. അവർ രണ്ടുപേരും സാക്ഷികളായിത്തീർന്നു. വാസ്തവത്തിൽ ഞാനും എന്റെ ഭാര്യയും കൂടെ പഠിപ്പിച്ച 14 പേർ സാക്ഷികളായി. അതിൽ പകുതിപ്പേരെ ഞങ്ങൾ വീടുതോറുമുള്ള സന്ദർശനങ്ങളിലും ശേഷം പേരെ അനൗപചാരിക സാക്ഷീകരണത്തിലൂടെയും ആദ്യമായി കണ്ടുമുട്ടി.
ക്രമമായി ഒരു ഭവന ബൈബിളദ്ധ്യയനം ആരംഭിച്ചു കഴിഞ്ഞാൽ, അയാൾ ആശ്രയയോഗ്യനാണെന്ന് ഞങ്ങൾ കണ്ടെത്തിയാൽ, ഞങ്ങൾ അയാളെ ഞങ്ങളുടെ മീററിംഗുകൾക്ക് ക്ഷണിക്കുമായിരുന്നു. എന്നിരുന്നാലും, ആ വിദ്യാർത്ഥി ദൈവജനത്തിന്റെ സുരക്ഷിതത്വം അപകടത്തിലാക്കുമോ എന്നതായിരുന്നു മുഖ്യപരിഗണന. അപ്രകാരം, ചിലപ്പോൾ ഏകദേശം ഒരു വർഷം കഴിഞ്ഞു മാത്രമേ ഞങ്ങൾ ഒരു ബൈബിൾ വിദ്യാർത്ഥിയെ മീററിംഗിന് ക്ഷണിക്കുമായിരുന്നുള്ളു, ചിലപ്പോൾ അതിലും വൈകിമാത്രം. കുറച്ച് പ്രാമുഖ്യത ആസ്വദിച്ച ഒരാളുടെ കാര്യം ഞാൻ ഓർമ്മിക്കുന്നു; അയാൾ കമ്മ്യൂണിസ്ററ് പാർട്ടിയിലെ ഉയർന്ന ഉദ്യോഗസ്ഥൻമാരുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു. അയാൾക്ക് ഒരു ബൈബിൾ അദ്ധ്യയനം ആരംഭിച്ച് 9 വർഷം കഴിഞ്ഞാണ് മീററിംഗുകളിൽ സംബന്ധിക്കാൻ അയാൾ അനുവദിക്കപ്പെട്ടത്! ഇന്ന് ആ മനുഷ്യൻ നമ്മുടെ ഒരു ക്രിസ്തീയ സഹോദരനാണ്.
അധികാരികൾ അപ്പോഴും ഞങ്ങളുടെ പിന്നാലെ
ആയിരത്തിത്തൊള്ളായിരത്തിഅറുപത്തിയഞ്ചിന് ശേഷം ഞങ്ങൾക്ക് കൂട്ടത്തോടെയുള്ള അറസ്ററുകളൊന്നും അനുഭവിക്കേണ്ടി വന്നില്ല, എന്നാലും ഞങ്ങൾക്ക് സ്വൈരമില്ലായിരുന്നു. അധികാരികൾ അപ്പോഴും ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. ആ കാലത്ത് സ്ഥാപനപരമായ പ്രവർത്തനങ്ങളിൽ ഞാൻ നേരിട്ട് ഉൾപ്പെട്ടിരുന്നതിനാൽ അധികാരികൾ എന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അസംഖ്യം തവണ ചോദ്യം ചെയ്യാൻ വേണ്ടി അവർ എന്നെ പിടികൂടുകയും പോലീസ് സ്റേറഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്യുകയും ചെയ്തു. “താങ്കൾക്ക് ഇപ്പോൾ താങ്കളുടെ സ്വാതന്ത്ര്യത്തോട് വിടപറയാം,” എന്ന് അവർ പറയുമായിരുന്നു. “താങ്കളെ ജയിലിലടക്കാൻ പോവുകയാണ്.” എന്നാൽ ഒടുവിൽ അവർ എപ്പോഴും എന്നെ വിട്ടയച്ചിരുന്നു.
ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തിരണ്ടിൽ രണ്ട് ഉദ്യോഗസ്ഥൻമാർ എന്നെ സന്ദർശിക്കുകയും അബദ്ധത്തിൽ നമ്മുടെ സ്ഥാപനത്തെക്കുറിച്ച് സ്തുതിച്ച് സംസാരിക്കുകയും ചെയ്തു. അവർ ഞങ്ങളുടെ വീക്ഷാഗോപുര അദ്ധ്യയനം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “ആ ലേഖനം അങ്ങേയററം മോശമായിരുന്നു,” അവർ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഞങ്ങൾ പഠിച്ചുകൊണ്ടിരുന്ന ലേഖനം മററുള്ളവർ വായിക്കാനിടയായാൽ കമ്മ്യൂണിസ്ററ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് അവർ എന്തു വിചാരിച്ചേക്കുമെന്നതിലായിരുന്നു അവരുടെ ഉൽക്കണ്ഠ എന്നത് പ്രകടമായിരുന്നു. “ഏതായാലും വീക്ഷാഗോപുരത്തിന്റെ അഞ്ചോ ആറോ ദശലക്ഷം കോപ്പികൾ വിതരണം ചെയ്യപ്പെടുന്നുണ്ട്, അത് വികസ്വര രാജ്യങ്ങളിൽ വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അത് വിലകുറഞ്ഞ ഒരു കുട്ടിപ്പത്രമല്ല”. ഞാൻ ഉള്ളിൽ ചിന്തിച്ചു, “നിങ്ങൾ പറഞ്ഞത് എത്ര ശരിയാണ്!”
ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തിരണ്ട് ആയപ്പോഴേക്ക് ഞങ്ങൾ നിരോധനത്തിൻ കീഴിലായിട്ട് 22 വർഷമായിരുന്നു, യഹോവ ഞങ്ങളെ സ്നേഹപൂർവ്വവും ജ്ഞാനപൂർവ്വവും നയിച്ചിരുന്നു. ഞങ്ങൾ അവന്റെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പിൻപററിയിരുന്നു, എന്നാൽ പൂർവ്വജർമ്മനിയിലെ സാക്ഷികൾക്ക് നിയമപരമായ അംഗീകാരം ലഭിക്കുന്നതിന് പിന്നെയും 18 വർഷം കൂടെ കഴിയണമായിരുന്നു. നമ്മുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതിൽ ഇപ്പോൾ ഞങ്ങൾ ആസ്വദിക്കുന്ന അത്ഭുതകരമായ സ്വാതന്ത്ര്യങ്ങൾക്ക് എത്ര നന്ദിയുള്ളവരാണ്!—ഹെൽമുട്ട് മാർട്ടിൻ പറഞ്ഞപ്രകാരം.