നിങ്ങൾ ചെലവു കണക്കാക്കിയോ?
“എന്ത്! നിങ്ങൾ ഇത്ര വിശിഷ്ടമായ ഒരു വാഗ്‌ദാനത്തെ നിരസിക്കുകയാണോ?” സൂപ്പർവൈസർക്കു താൻ കേട്ടത് അശേഷം വിശ്വസിക്കാൻ കഴിഞ്ഞില്ല. വൈദഗ്‌ദ്ധ്യത്തിനും നല്ല നടത്തക്കും കീർത്തികേട്ട ഒരു സ്‌ത്രീയായ തന്റെ കീഴ്‌ജീവനക്കാരി കമ്പനിച്ചെലവിൽ വിദേശത്തു രണ്ടുവർഷം പഠിക്കാനുള്ള ഒരു വാഗ്‌ദാനം നിരസിച്ചിരുന്നു. അവൾ അങ്ങനെ ചെയ്‌തതെന്തുകൊണ്ടായിരുന്നു?
ഈ വാഗ്‌ദാനം സ്വീകരിച്ചാൽ രണ്ടുവർഷം ഭർത്താവിൽനിന്നും രണ്ടു മക്കളിൽനിന്നും വേർപെട്ടിരിക്കേണ്ടിവരുമെന്നു സ്‌ത്രീ വിശദീകരിച്ചു. അവൾക്ക് അവരുടെ അസാന്നിദ്ധ്യം വളരെയധികം അനുഭവപ്പെടും. അതിലുംപ്രധാനമായി അവൾ ഒരു ഭാര്യയും മാതാവുമെന്ന നിലയിലുള്ള തന്റെ ദൈവദത്ത കർത്തവ്യങ്ങളെ അവഗണിക്കുകയുമായിരിക്കും. വൈകാരികവും ആത്മീയവുമായ നഷ്ടം, കൊടുക്കേണ്ടിവരുന്ന വളരെ ഉയർന്ന വിലയായിരിക്കും. അങ്ങനെ കണക്കുകൂട്ടിയ ശേഷം വാഗ്‌ദാനം നിരസിക്കാൻ അവൾ തീരുമാനിച്ചു.
നിങ്ങൾ അവളുടെ സ്ഥാനത്തായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? ഈ ക്രിസ്‌തീയ സ്‌ത്രീ എടുത്ത തീരുമാനത്തോട് എല്ലാവരും യോജിക്കുകയില്ലെന്നു സ്‌പഷ്ടമാണ്. അവളുടെ കൂട്ടുജോലിക്കാരെപ്പോലെയുള്ള ചിലർ അവൾ തന്റെ ജീവിതവൃത്തിയെ പുരോഗമിപ്പിക്കുന്നതിനുള്ള ഒരു സുവർണ്ണാവസരം പാഴാക്കിയെന്നു വിചാരിച്ചേക്കാം. മററു ചിലർ അവൾ കുടുംബത്തിന്റെ ഭാവിയെക്കുറിച്ചു ചിന്തിക്കാത്തതിന് അവളെ കുററപ്പെടുത്തുകപോലും ചെയ്‌തേക്കാം, കാരണം എങ്ങനെയായാലും രണ്ടുവർഷം പെട്ടെന്നുതന്നെ കടന്നുപോകുമായിരുന്നു. എന്നിരുന്നാലും, അവളുടേതു ഒരു വൈകാരികമോ സാഹസികമോ ആയ തീരുമാനമായിരുന്നില്ല. അതു സാരവത്തായ ന്യായചിന്തയിലും ദീർഘദൃഷ്ടിയോടുകൂടിയ തത്വങ്ങളിലും അടിസ്ഥാനപ്പെട്ടതായിരുന്നു. എന്താണവ?
സാമാന്യബുദ്ധിയിലും കവിഞ്ഞത്
ഭൂമിയിൽ ജീവിച്ചിട്ടുള്ളതിലേക്കും ജ്ഞാനിയായിരുന്ന യേശുക്രിസ്‌തു തന്റെ ഉപമകളിലൊന്നിൽ മാർഗ്ഗരേഖ പ്രദാനംചെയ്‌തു. “നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വകയുണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?,” യേശു ചോദിച്ചു. “അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; കാണുന്നവർ എല്ലാം: ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ.”—ലൂക്കോസ് 14:28-30.
പ്രാധാന്യമുള്ള എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുന്നതിനു മുമ്പു ചെലവു കണക്കുകൂട്ടുന്നതു പ്രായോഗികജ്ഞാനമാണെന്നു സകലരും സമ്മതിക്കും. ദൃഷ്ടാന്തത്തിന്, ഒരു മനുഷ്യൻ ഒരു വീടു വാങ്ങാൻ ആഗ്രഹിച്ചാൽ വില മനസ്സിലാക്കാതെയും ഇടപാടു നടത്താനുള്ള സാമ്പത്തികപ്രാപ്‌തി തനിക്കുണ്ടോയെന്നു തിട്ടപ്പെടുത്താതെയും പോലും അയാൾ ഒരു കരാറിൽ ഒപ്പുവെക്കുന്നതിലേക്ക് എടുത്തുചാടുമോ? അയാൾ അങ്ങനെയൊരു കാര്യം ചെയ്യുകയാണെങ്കിൽ തീർച്ചയായും അയാൾ വിഡ്‌ഢിയാണെന്നു പരിഗണിക്കപ്പെടും. അതെ, ഒരുവൻ ഒരു സംരംഭം തുടങ്ങുന്നതിനുമുമ്പു ചെലവു കണക്കാക്കുന്നതു സാമാന്യബുദ്ധിയാണ്.
എന്നിരുന്നാലും, യഥാർത്ഥത്തിൽ യേശു ആ ഉപമകൊണ്ടു സ്ഥാപിച്ച ആശയമെന്തായിരുന്നു? ഉപമ അവതരിപ്പിക്കുന്നതിനു തൊട്ടുമുമ്പ് അവൻ പറഞ്ഞു: “തന്റെ ക്രൂശു (ദണ്ഡനസ്‌തംഭം, NW) എടുത്തുകൊണ്ടു എന്റെ പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിപ്പാൻ കഴിയുന്നതല്ല.” (ലൂക്കോസ് 14:27) അങ്ങനെ, യേശു നമ്മുടെ സാധാരണ അനുദിന സംരംഭങ്ങൾസംബന്ധിച്ചു കുറെ സാമാന്യജ്ഞാന ബുദ്ധിയുപദേശം നൽകുകയല്ലായിരുന്നുവെന്ന് സന്ദർഭം പ്രകടമാക്കുന്നു. മറിച്ച്, തന്റെ ശിഷ്യനായിത്തീരുന്നതിനോടുള്ള ബന്ധത്തിലെ ചെലവു കണക്കുകൂട്ടുന്നതിനെക്കുറിച്ചായിരുന്നു അവൻ സംസാരിച്ചുകൊണ്ടിരുന്നത്.
തന്റെ ഉപമയാൽ, തന്റെ ശിഷ്യനായിത്തീരുന്നതിൽ മാററങ്ങളും ത്യാഗങ്ങളും ഉൾപ്പെടുന്നുവെന്നു യേശു ചൂണ്ടിക്കാട്ടി. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഇപ്പോഴത്തെ വ്യവസ്ഥിതി ഭൗതികാസക്തമാണ്, സ്വാർത്ഥതാത്‌പര്യത്താൽ പ്രേരിതവുമാണ്. മിക്കയാളുകളും തങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്ക് അല്ലെങ്കിൽ ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തിനു തീരെ ശ്രദ്ധകൊടുക്കാതെ തങ്ങളുടെ ജഡികമോഹങ്ങളെ തൃപ്‌തിപ്പെടുത്തുന്നതിലാണു മുഖ്യമായി തത്‌പരരായിരിക്കുന്നത്. (2 തിമൊഥെയോസ് 3:1-4) എന്നിരുന്നാലും, ഈ ആത്മാവ് അഥവാ മനോഭാവം യേശുക്രിസ്‌തു പ്രകടമാക്കിയതിനു കടകവിരുദ്ധമാണ്. “മനുഷ്യപുത്രൻ ശുശ്രൂഷചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെതന്നേ എന്നു” അവൻ പറഞ്ഞു. “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല” എന്നു പറഞ്ഞപ്പോൾ അവൻ ഭൗതികകാര്യങ്ങൾക്കല്ല, ആത്മീയകാര്യങ്ങൾക്ക് ഏററം ഉയർന്ന മൂല്യം കല്‌പിച്ചു.—മത്തായി 20:28; യോഹന്നാൻ 6:63.
തത്‌ഫലമായി, യേശു തന്റെ ശിഷ്യരായിത്തീരാൻ ആഗ്രഹിച്ചവരെ ചെലവു കണക്കാക്കാൻ ബുദ്ധിയുപദേശിച്ചപ്പോൾ അവൻ മുഖ്യമായി ഭൗതികമൂല്യങ്ങളെക്കുറിച്ചല്ല, ആത്മീയമൂല്യങ്ങളെക്കുറിച്ചായിരുന്നു സംസാരിച്ചത്. ലോകം സമർപ്പിക്കുന്ന ഭൗതികപ്രയോജനങ്ങളാണോ അതോ ശിഷ്യത്വം സമർപ്പിക്കുന്ന പ്രയോജനങ്ങളാണോ അവർക്കു കൂടുതൽ പ്രധാനം? അതുകൊണ്ടാണ് ഈ ഉപമയും ബന്ധപ്പെട്ട മറെറാന്നും പറഞ്ഞശേഷം അവൻ ഇങ്ങനെ ഉപസംഹരിച്ചത്: “അങ്ങനെതന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.” (ലൂക്കോസ് 14:33) അനുഗാമിയാകാനുള്ളവൻ അങ്ങനെയൊരു ത്യാഗം ചെയ്യാൻ മനസ്സുള്ളവനാണോ, അതോ അതു കൊടുക്കാൻ കഴിയാത്ത വളരെ കൂടിയ വിലയാണോ?
ഒരു സന്തുലിതവീക്ഷണം
ഭൗതികവസ്‌തുക്കൾ കൂടുതൽ ഗണ്യവും സത്വരവുമായ പ്രത്യക്ഷപ്രയോജനങ്ങൾ കൈവരുത്തിയാലും ആത്മീയവ്യാപാരങ്ങളിൽനിന്നുള്ള പ്രയോജനങ്ങളാണു വളരെയേറെ നിലനിൽക്കുന്നതും സംതൃപ്‌തികരവും. യേശു ഈ വിധത്തിൽ ന്യായവാദംചെയ്‌തു: “പുഴുവും തുരുമ്പും കെടുക്കയും കള്ളൻമാർ തുരന്നുമോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുത്. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളൻമാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.” (മത്തായി 6:19, 20) നമ്മുടെ കാലത്തു പണപ്പെരുപ്പം, സ്‌റേറാക്ക്‌മാർക്കററ് അധഃപതനം, ബാങ്കുതകർച്ചകൾ എന്നിവ മുഴുവനായി ഭൗതികസ്വത്തുക്കളിൽ ആശ്രയം വെക്കുന്ന അനേകരുടെ വിനാശത്തിനിടയാക്കിയിട്ടുണ്ട്. എന്നിരുന്നാലും അപ്പൊസ്‌തലനായ പൗലോസ് “കാണുന്നതിനെ അല്ല, കാണാത്തതിനെ” നോക്കിക്കൊണ്ടിരിക്കാൻ നമ്മെ പ്രോൽസാഹിപ്പിക്കുന്നു. എന്തുകൊണ്ടെന്നാൽ “കാണുന്നതു താല്‌ക്കാലികം, കാണാത്തതോ നിത്യം.” (2 കൊരിന്ത്യർ 4:18) എന്നിരുന്നാലും നമുക്ക് അങ്ങനെയുള്ള ഒരു വീക്ഷണം എങ്ങനെ നട്ടുവളർത്താൻ കഴിയും?
നമ്മുടെ മാതൃകയും മാതൃകായോഗ്യനുമായ യേശുക്രിസ്‌തുവിനെ അനുകരിച്ചുകൊണ്ടു നമുക്കിതു ചെയ്യാൻ കഴിയും. അവൻ ഭൂമിയിലായിരുന്നപ്പോൾ യാതൊരു പ്രകാരത്തിലും ഒരു സന്യാസിയായിരുന്നില്ല, അവൻ ചിലപ്പോൾ വിവാഹവിരുന്നുകളിലും സദ്യകളിലും പങ്കെടുത്തതിൽനിന്ന് ഇതു തെളിയുന്നുണ്ടല്ലോ. എന്നിരുന്നാലും, അവൻ ആത്മീയകാര്യങ്ങൾക്കു മുൻഗണന കൊടുത്തുവെന്നു സ്‌പഷ്ടമാണ്. തന്റെ പിതാവിന്റെ ഇഷ്ടം നിറവേററുന്നതിന്, അവശ്യവസ്‌തുക്കളെന്നു പരിഗണിക്കപ്പെടുന്നവപോലും വേണ്ടെന്നുവെക്കാൻ അവൻ സന്നദ്ധനായിരുന്നു. അവൻ ഒരിക്കൽ ഇങ്ങനെ പ്രഖ്യാപിച്ചു: “കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രനോ തലചായിപ്പാൻ സ്ഥലമില്ല.” (ലൂക്കോസ് 9:58) തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതു വളരെ മർമ്മപ്രധാനവും ഉല്ലാസപ്രദവുമാണെന്ന് അവൻ കരുതിയതിനാൽ ഹൃദയംഗമമായ ആത്മാർത്ഥതയോടെ അവൻ പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടംചെയ്‌തു അവന്റെ പ്രവൃത്തി തികെക്കുന്നതുതന്നെ എന്റെ ആഹാരം.”—യോഹന്നാൻ 4:34.
സാത്താന്റെ പ്രലോഭനങ്ങളെ തള്ളിക്കളഞ്ഞ വിധത്താൽ യേശു തന്റെ മൂല്യബോധം പ്രകടമാക്കി. ദൈവദത്തമായ ശക്തി തന്റെ പ്രയോജനത്തിനുവേണ്ടിയും തന്റെ ശാരീരികാവശ്യങ്ങളെ തൃപ്‌തിപ്പെടുത്തുന്നതിനും ലൗകികപ്രശസ്‌തിയും ജനസമ്മതിയും നേടുന്നതിനും ഉപയോഗിക്കാൻ യേശുവിനെ പ്രേരിപ്പിക്കുന്നതിനു പിശാചു ശ്രമിച്ചു. ചോദ്യംചെയ്യത്തക്ക അങ്ങനെയുള്ള പ്രയോജനങ്ങൾ വളരെ ഉയർന്ന വില—ദൈവാംഗീകാരത്തിന്റെ നഷ്ടം—കൊടുത്തെങ്കിലേ കിട്ടുകയുള്ളുവെന്നു യേശുവിനു വളരെ നന്നായി അറിയാമായിരുന്നു. തന്റെ പിതാവിനോടുള്ള തന്റെ നല്ല ബന്ധത്തെ മറെറല്ലാററിനെയുംകാൾ പ്രിയങ്കരമായി താൻ കരുതിയതുകൊണ്ട് അത് തനിക്കു കൊടുക്കാൻ മനസ്സുള്ളതിനെക്കാൾ വളരെ ഉയർന്ന വിലയായിരുന്നു. അതുകൊണ്ടാണ് അവൻ നിസ്സന്ദേഹം, യാതൊരു വൈമുഖ്യവും കൂടാതെ, സാത്താന്റെ വാഗ്‌ദാനങ്ങൾ ത്യജിച്ചത്.—മത്തായി 4:1-10.
ക്രിസ്‌തുവിന്റെ അനുഗാമികളെന്ന നിലയിൽ, നാം തീർച്ചയായും നമ്മുടെ യജമാനന്റെ അതേ മൂല്യബോധം ഉണ്ടായിരിക്കാനാഗ്രഹിക്കുന്നു. സാത്താന്റെ നിയന്ത്രണത്തിൻകീഴിലുള്ള ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ നല്ല പ്രയോജനങ്ങൾ വാഗ്‌ദാനംചെയ്യുന്നതായി തോന്നിയേക്കാവുന്നതും എന്നാൽ ദൈവവുമായുള്ള നമ്മുടെ ബന്ധത്തിനു യഥാർത്ഥത്തിൽ ഹാനികരമായിരിക്കാൻ കഴിയുന്നതുമായ അനേകം കാര്യങ്ങളുണ്ട്. പടിപടിയായുള്ള ഉദ്യോഗക്കയററത്തിനുള്ള ശ്രമം, ഒരുവന്റെ നില അഭിവൃദ്ധിപ്പെടുത്തുന്നതിനു ഉപരിവിദ്യാഭ്യാസം തേടൽ, അവിശ്വാസികളുമായുള്ള പ്രേമാഭ്യർത്ഥന, അല്ലെങ്കിൽ ചോദ്യംചെയ്യത്തക്ക ബിസിനസ്‌പദ്ധതികളിൽ ഏർപ്പെടൽ എന്നിവക്കു വിശ്വാസനഷ്ടത്തിലേക്കും ഒടുവിൽ യഹോവയുടെ പ്രീതിയിൽനിന്നുള്ള വീഴ്‌ചയിലേക്കും അനായാസം നയിക്കാൻ കഴിയും. അങ്ങനെയുള്ള പ്രലോഭനങ്ങളെ അഭിമുഖീകരിക്കുമ്പോൾ നാം ശ്രദ്ധാപൂർവം ചെലവു കണക്കുകൂട്ടേണ്ടതാണ്.
യഥാർത്ഥജ്ഞാനം ഒരു സുരക്ഷ
ഏതാനും വർഷങ്ങൾക്കുമുമ്പ് വിദൂരപൂർവദേശത്തെ ഒരു വലിയ നഗരത്തിൽ ഒരു ക്രിസ്‌തീയ യുവാവിന് ഉപരിപഠനാർത്ഥം വിദേശത്തുപോകാൻ അവസരം ലഭിച്ചു. അയാൾക്ക് അപ്പോൾത്തന്നെ നല്ല ലൗകിക വിദ്യാഭ്യാസവും നല്ല ശമ്പളമുള്ള ജോലിയും ഉണ്ടായിരുന്നെങ്കിലും അതു പോരായെന്ന് അയാൾക്കു തോന്നി. അയാൾ തന്റെ ജീവിതഭാഗധേയത്തെ മെച്ചപ്പെടുത്താൻ ആഗ്രഹിച്ചു. സഹക്രിസ്‌ത്യാനികൾ നാം ഇപ്പോൾ പരിചിന്തിച്ചുകഴിഞ്ഞ തിരുവെഴുത്താശയങ്ങൾക്കനുയോജ്യമായി അയാളോടു ന്യായവാദംചെയ്യാൻ ശ്രമിച്ചു. എന്നാൽ അയാൾ ഉറച്ചുനിൽക്കുകയും പദ്ധതിയുമായി മുന്നോട്ടുപോകുകയും ചെയ്‌തു. ആദ്യം തന്റെ വിശ്വാസത്തോടു പററിനിൽക്കാൻ അയാൾ ശ്രമിച്ചുവെങ്കിലും ക്രമേണ ബൈബിൾസത്യത്തോടുള്ള അയാളുടെ വിലമതിപ്പു നഷ്ടപ്പെടുകയും സംശയം ഉദിച്ചുതുടങ്ങുകയും ചെയ്‌തു. കേവലം ഒരു വർഷംകൊണ്ടോ മറേറാ അയാൾക്കു പൂർണ്ണമായും വിശ്വാസം നഷ്ടപ്പെടുകയും താൻ ഒരു അജ്ഞേയവാദിയാണെന്ന് അവകാശപ്പെടുകയും ചെയ്‌തു. ഉപരിലൗകികവിദ്യാഭ്യാസത്തിലൂടെയുള്ള ഉയർന്ന ഡിഗ്രിസമ്പാദനം അയാൾക്ക് ഒരളവിലുള്ള സംതൃപ്‌തി കൈവരുത്തിയെന്നു സമ്മതിക്കുന്നു. എന്നാൽ ആ താത്‌ക്കാലിക മഹത്വത്തിന് അയാൾ എന്തു കനത്ത വില കൊടുക്കേണ്ടിവന്നു—അയാളുടെ വിശ്വാസത്തിന്റെ കപ്പൽചേതവും നിത്യജീവൻ നഷ്ടപ്പെടുന്നതിന്റെ അപകടവും!—1 തിമൊഥെയോസ് 1:19.
മറിച്ച്, ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ അപകടത്തിലാക്കാൻ യാതൊന്നിനെയും അനുവദിക്കാത്തവർ യഹോവയിൽനിന്നു വലിയ അനുഗ്രഹങ്ങൾ കൊയ്‌തെടുത്തിട്ടുണ്ട്.
ഒരു ഉദാഹരണമാണു മുകളിൽ പരാമർശിച്ച അതേ നഗരത്തിൽത്തന്നെ ഒരു ഗൃഹാലങ്കരണതൊഴിലുടമയായിരുന്ന ഒരു ചെറുപ്പക്കാരൻ. യഹോവയുടെ സാക്ഷികളുമായി ബൈബിൾ പഠിച്ചുതുടങ്ങിയശേഷം ചുരുക്കം ചില മാസങ്ങൾമാത്രം കഴിഞ്ഞ് അയാളെ വിലോഭനീയമായ ഒരു വാഗ്‌ദാനം അഭിമുഖീകരിച്ചു—9,00,000രൂപയുടെ ഒരു പുതുക്കൽപണി ചെയ്യാൻ. എന്നിരുന്നാലും അതിൽ ഒരു നിയമവിരുദ്ധ കെട്ടിടനിർമ്മാണത്തിനായി കെട്ടിടനിർമ്മാണനിയമങ്ങളെയും നിബന്ധനകളെയും ഒഴിവാക്കുന്നത് ഉൾപ്പെടുമായിരുന്നു. ക്രിസ്‌ത്യാനികൾ നിയമമനുസരിക്കേണ്ടതാണെന്ന് അയാൾ പഠിച്ചിരുന്നതുകൊണ്ട് ആ ജോലി സ്വീകരിക്കുന്നതു ദൈവപ്രീതി നഷ്ടപ്പെടുത്തുമെന്ന് അയാൾ തിരിച്ചറിഞ്ഞു. (റോമർ 13:1, 2) കാര്യം ശ്രദ്ധാപൂർവം തൂക്കിനോക്കിയശേഷം അയാൾ ജോലി നിരസിച്ചു. ഫലമോ? വിശ്വാസത്തിന്റെ ഈ പ്രവൃത്തി അയാളുടെ ആത്മീയ പുരോഗതിയിൽ ഒരു വഴിത്തിരിവാണെന്നു തെളിഞ്ഞു. ആ ഒരു വർഷത്തിൽത്തന്നെ അയാൾ സമർപ്പണത്തിന്റെയും സ്‌നാപനത്തിന്റെയും ഘട്ടംവരെ പുരോഗമിച്ചു. അയാൾ തന്റെ ബിസിനസ് സ്ഥാപനം വിൽക്കുകയും തനിക്ക് ആത്മീയ യത്‌നങ്ങൾക്കു വളരെക്കൂടുതൽ സമയമനുവദിച്ച ഒരു ജോലി സമ്പാദിക്കുകയും ചെയ്‌തു. അയാളിപ്പോൾ സന്തോഷത്തോടും തീക്ഷ്‌ണതയോടുംകൂടെ യഹോവയെ സേവിക്കുകയാണ്.
ഈ രണ്ടു യുവാക്കളും ചെലവു കണക്കാക്കി. അവരുടെ തീരുമാനങ്ങളിലെ വ്യത്യാസത്തിനു കാരണമെന്തായിരുന്നു? ദൈവികജ്ഞാനം! എങ്ങനെ? ജ്ഞാനം സാധാരണയായി നിലനിൽക്കുന്ന പ്രയോജനംകൈവരുത്തുന്ന ഒരു വിധത്തിൽ അറിവു വിനിയോഗിക്കുന്നതിനുള്ള പ്രാപ്‌തിയാണ്. ദൈവികജ്ഞാനത്തിന്റെ അർത്ഥം നമ്മേസംബന്ധിച്ചുള്ള ദൈവോദ്ദേശ്യത്തിനു ചേർച്ചയായുള്ള അറിവിന്റെ ഉപയോഗമാണ്. രണ്ടു ചെറുപ്പക്കാർക്കും കുറെ ബൈബിൾപരിജ്ഞാനമുണ്ടായിരുന്നെങ്കിലും അവരാലുള്ള അതിന്റെ ബാധകമാക്കൽ വ്യത്യസ്‌ത ഫലങ്ങളിലേക്കു നയിച്ചു. സദൃശവാക്യങ്ങളുടെ പുസ്‌തകം പറയുന്നു: “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കുകയും പരിജ്ഞാനംതന്നെ നിന്റെ ദേഹിക്കുതന്നെ ഉല്ലാസമായിത്തീരുകയും ചെയ്യുമ്പോൾ ചിന്താപ്രാപ്‌തിതന്നെ നിന്നെ കാവൽചെയ്യും, ചീത്ത വഴിയിൽനിന്നു നിന്നെ വിടുവിക്കേണ്ടതിനു വിവേചനതന്നെ നിന്നെ കാത്തുസൂക്ഷിക്കും.”—സദൃശവാക്യങ്ങൾ 2:10-12, NW.
നിങ്ങൾക്കു പ്രധാനപ്പെട്ട തീരുമാനങ്ങൾ ചെയ്യേണ്ടതുള്ളപ്പോൾ നിങ്ങൾക്ക് എല്ലായ്‌പ്പോഴും മാർഗ്ഗനിർദ്ദേശത്തിനായി തിരിയാൻ കഴിയുന്ന യഥാർത്ഥജ്ഞാനത്തിന്റെ ഉറവു ദൈവവചനമായ ബൈബിളാണ്. നിങ്ങളുടെ സ്വന്തം ദൃഷ്ടിയിൽ ജ്ഞാനിയായിത്തീരാതെ ഈ ബുദ്ധിയുപദേശം അനുസരിക്കുക: “പൂർണ്ണഹൃദയത്തോടെ യഹോവയെ ആശ്രയിക്കുക; സ്വന്തവിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാ വഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃശവാക്യങ്ങൾ 3:5, 6) നാം പഠിപ്പിക്കപ്പെടാൻ താഴ്‌മയും മനസ്സൊരുക്കവുമുള്ളവരായിരിക്കണം, ഇന്നു വളരെ പ്രബലപ്പെട്ടിരിക്കുന്ന തന്നിഷ്ടത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലോകാത്മാവ് ഒഴിവാക്കിക്കൊണ്ടുതന്നെ.
അതെ, നാം വിതക്കുന്നതു കൊയ്യാതിരിക്കാനാവില്ല. നാം ചെയ്യുന്ന തീർപ്പുകളുടെയും തീരുമാനങ്ങളുടെയും പരിണതഫലങ്ങൾ നാം സഹിക്കേണ്ടിയിരിക്കുന്നത് ഉചിതവും ന്യായവും മാത്രമാണ്. (ഗലാത്യർ 6:7, 8) അതുകൊണ്ട് ഏതു ഉദ്യമത്തിനുംമുമ്പു ചെലവു കണക്കാക്കുക. പ്രയോജനകരമെന്നു തോന്നുന്ന എന്തെങ്കിലും നിങ്ങളുടെ ആത്മീയതയെയോ യഹോവയാം ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെയോ കവർന്നുകളയാൻ അനുവദിക്കരുത്. ശരിയായ തീരുമാനങ്ങൾ ചെയ്യുന്നതിനു ജ്ഞാനത്തിനും നല്ല വിവേചനക്കുംവേണ്ടി പ്രാർത്ഥിക്കുക, കാരണം നിങ്ങൾ ഇപ്പോൾ സ്വീകരിക്കുന്ന തീരുമാനങ്ങൾ ജീവനെയോ മരണത്തെയോ കൈവരുത്തിയേക്കാം—നിത്യമായി!—ആവർത്തനം 30:19, 20 താരതമ്യപ്പെടുത്തുക.
[28-ാം പേജിലെ ചിത്രം]
അയാൾ ജീവിതത്തിൽ ഒന്നാമതു കരുതുന്നത് ഒരു ലൗകികജീവിതവൃത്തിയെ ആയിരിക്കുമോ അതോ ആത്മീയപ്രവർത്തനങ്ങളെ ആയിരിക്കുമോ?