ഗിലെയാദ് വിദ്യാഭ്യാസത്തിന്റെ അനുഗ്രഹങ്ങൾ ലോകവ്യാപകമായി പരക്കുന്നു
ഈ പഴയ ലോകത്തിലെ വിദ്യാഭ്യാസത്തിനു പരിമിതമായ മൂല്യമേയുള്ളു. അത് അധികവും ദൈവത്തിന്റെ സത്യത്തിനു പകരം മാനുഷ ആശയങ്ങളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നതിനാൽ അതിനു ജീവിതത്തിനു യഥാർത്ഥ ഉദ്ദേശ്യം നൽകാൻ കഴിയുകയില്ല. എന്നാൽ ഗിലെയാദ് സ്കൂൾ വ്യത്യസ്തമാണ്. തൊണ്ണൂററിമൂന്നാമതു ഗിലെയാദ് ക്ലാസ്സിന്റെ ബിരുദദാന ചടങ്ങിന്റെ ആമുഖ പ്രസ്താവനയിൽ ഈ സ്കൂൾ യഥാർത്ഥ മൂല്യമുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നുവെന്നു ഭരണസംഘത്തിലെ തിയോഡർ ജാരെസ് വെളിപ്പെടുത്തി. സങ്കീർത്തനം 119:160 പറയുന്നതുപോലെ, “നിന്റെ (ദൈവത്തിന്റെ) വചനത്തിന്റെ സാരം സത്യം തന്നേ.” അതുകൊണ്ട് 1992 സെപ്ററംബർ 13-ലെ ബിരുദദാന പരിപാടി ആറായിരത്തോളം വരുന്ന സദസ്സ് വലിയ ആവേശത്തോടെ ശ്രദ്ധിച്ചു.
“ലോകത്തെയും അതിന്റെ ഭരണാധികാരിയെയും ജയിച്ചടക്കുന്നതിൽ തുടരുക” എന്ന വിഷയത്തോടുകൂടിയ രാവിലത്തെ ആദ്യപ്രസംഗം വാച്ച്ടവർ ഫാംസ് കമ്മിററിയിലെ ലോൺ ഷ്ല്ലിംഗ് നടത്തി. ഷ്ല്ലിംഗ് സഹോദരൻ വെളിപ്പാടു 12:11-ൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ആ വാക്യം മൂന്നു തരത്തിലുള്ള ജയിച്ചടക്കലിനെ കാണിക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു: [1] കുഞ്ഞാടിന്റെ രക്തത്തിലൂടെ, [2] സാക്ഷീകരണത്തിലൂടെ, [3] ഒരു ആത്മത്യാഗപരമായ ആത്മാവുണ്ടായിരിക്കുന്നതിനാൽ. യഹോവയുടെ ദാസൻമാരിൽ അനേകർ അത്തരം ആത്മാവു പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിശ്വസ്തതയും നിർമ്മലതയും നിലനിർത്താൻ അവർ മനസ്സോടെ മരണത്തെപ്പോലും അഭിമുഖീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
“നിങ്ങളുടെ ഉപനിധി കാത്തു സൂക്ഷിക്കുക” എന്ന വിഷയമായിരുന്നു ഭരണസംഘത്തിലെ ജോൺ ഇ. ബാർ വികസിപ്പിച്ചത്. തന്റെ സ്വതഃസിദ്ധമായ ഊഷ്മളസ്വരത്തിൽ അദ്ദേഹം യഹോവയും അവിടത്തെ ദാസൻമാരും തമ്മിലുള്ള പരസ്പര വിശ്വാസത്തെ ഒരു നല്ല വിവാഹബന്ധത്തിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന വിശ്വാസത്തോടു താരതമ്യപ്പെടുത്തി. രണ്ടു തിമൊഥെയൊസ് 1:12, 13-ൽ നിന്നുള്ള ആശയങ്ങൾ ഉപയോഗിച്ച് ബൈബിളിലെ “പത്ന്യവചനം” മുറുകെ പിടിച്ചുകൊണ്ട് തങ്ങളുടെ ഉപനിധി കാത്തുകൊള്ളാൻ അദ്ദേഹം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. ദൈനംദിനം പട്ടികയിൽ വ്യക്തിപരമായ പഠനം ഒരു മർമ്മ പ്രധാന ഭാഗമാക്കുന്നതിന് അദ്ദേഹം ഊന്നൽക്കൊടുക്കുകയും യോഗങ്ങളിലെ അവരുടെ അഭിപ്രായങ്ങൾ യാന്ത്രികമായിരിക്കാൻ ഒരിക്കലും അനുവദിക്കരുതെന്നും മറിച്ച് എല്ലായ്പോഴും അവയെ അർത്ഥസമ്പുഷ്ടമാക്കണമെന്നും വിദ്യാർത്ഥികളെ ദയാപൂർവ്വം ഉദ്ബോധിപ്പിക്കുകയും ചെയ്തു.
“ആടുതുല്യരായ വ്യക്തികളോടു സ്നേഹപൂർവ്വകമായ പരിഗണന പ്രകടമാക്കുക” എന്ന അടുത്ത പ്രസംഗം സേവന ഡിപ്പാർട്ട്മെൻറ് കമ്മിററിയിലെ വില്യം വാൻ ഡി വാൾ നടത്തി. ഒരു കുടുംബ ഡോക്ടറിൽനിന്ന് അവർ എന്താണു പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വിദ്യാർത്ഥികളോടു ചോദിക്കുകയും അവർ മൂല്യം കല്പിക്കുന്ന സമാനമായ സഹാനുഭാവവും മനസ്സലിവും കരുണയും നട്ടുവളർത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
“ദൈവത്തിനു സകലവും സാദ്ധ്യമാണ്” എന്ന വിഷയത്തെ കുറിച്ചു ഭരണസംഘത്തിലെ ദാനീയേൽ സിഡ്ലിക്ക് ആവേശമുണർത്തുംവിധം സംസാരിച്ചു. അബ്രഹാമും സാറായും വാർദ്ധക്യത്തിൽ തങ്ങൾക്ക് ഒരു പുത്രനുണ്ടാകുക എന്ന അസാദ്ധ്യമെന്നു തോന്നിയ ഭാവിപ്രതീക്ഷയെക്കുറിച്ചു ചിരിച്ചു എന്ന് അദ്ദേഹം വിദ്യാർത്ഥികളെ അനുസ്മരിപ്പിച്ചു. ദൈവത്തിന്റെ അനേകം വാഗ്ദാനങ്ങൾ ഒരു മാനുഷിക വീക്ഷണത്തിൽ അസാദ്ധ്യമെന്നു തോന്നുന്നു; എന്നാൽ ദൂതൻ അബ്രഹാമിനോടു ചോദിച്ചതുപോലെ, “യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ?” (ഉല്പത്തി 18:14) അസാദ്ധ്യകാര്യങ്ങൾ ചെയ്യാനുള്ള ദൈവത്തിന്റെ കഴിവിൽ വിശ്വാസം പ്രകടമാക്കാനും എന്തു പരിശോധനകളെ അവർ അഭിമുഖീകരിച്ചാലും ആ വിശ്വാസം ഒരിക്കലും മങ്ങിപ്പോകാനോ ഇളകാനോ അനുവദിക്കരുതെന്നും സിഡ്ലിക്ക് സഹോദരൻ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
അദ്ധ്യാപകർ ബുദ്ധ്യുപദേശം കൊടുക്കുന്നു
അടുത്തതായി രണ്ടു ഗിലെയാദ് അദ്ധ്യാപകർ സംസാരിച്ചു. ഒന്നാമത്, “ദൈവത്തിന്റെ മുമ്പാകെ ഒരു നല്ല പേരു സമ്പാദിക്കുക” എന്ന വിഷയം ജാക്ക് ഡി. റെഡ്ഫോർഡ് വികസിപ്പിച്ചു. ഒരു പേരു നല്ലതോ ചീത്തയോ ആക്കുന്നത്, അത് ആര് വഹിക്കുന്നു എന്നതാണ് എന്ന് അദ്ദേഹം ന്യായവാദം ചെയ്തു. ആദാം, നിമ്രോദ്, ഇസബേൽ, ശൗൽ, യൂദ മുതലായ പേരുകളെ അദ്ദേഹം നോഹ, അബ്രഹാം, രൂത്ത്, പൗലോസ്, തിമൊഥെയൊസ് എന്നിവയോടു വിപരീത താരതമ്യം ചെയ്തു. ഓരോ പേരും അതിന്റെ വാഹകന്റെ ജീവിത ഗതിനിമിത്തം വളരെയധികം കാര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്നേക്ക് ഒരു 10-ഓ, 100-ഓ, 1,000-ഓ വർഷം കഴിഞ്ഞുപോലും ഏതു തരം പേരുണ്ടായിരിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വിദ്യാർത്ഥികളോടു ചോദിച്ചു—സേവനം ഉപേക്ഷിച്ചുകളഞ്ഞ ഒരുവന്റെയോ, ഒരു പരാതിക്കാരന്റെയോ, ഒരു വിശ്വസ്ത മിഷനറിയുടെയോ? പ്രശ്നങ്ങളിൽ ശ്രദ്ധവയ്ക്കുന്നതിനു പകരം പരിഹാരങ്ങളിലും ലക്ഷ്യങ്ങളിലും ശ്രദ്ധിക്കാൻ അദ്ദേഹം അവരെ ബുദ്ധ്യുപദേശിച്ചു.
“നിങ്ങൾ എത്ര നന്നായി നിങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നു?” എന്നതായിരുന്നു യൂളിസ്സെസ് വി. ഗ്ലാസ്സ് വികസിപ്പിച്ച ചിന്തോദ്ദീപകമായിരുന്ന വിഷയം. അദ്ദേഹം ഉറച്ച വിശ്വാസത്തെ എല്ലായ്പോഴും ശരിയായ മാർഗ്ഗത്തിലേക്കു ചൂണ്ടുന്ന ഒരു നല്ല വടക്കുനോക്കിയന്ത്രത്തോടു സാദൃശപ്പെടുത്തി. ഒരു മോട്ടോർ വാഹനത്തിലെ വടക്കുനോക്കിയന്ത്രം ഭൂമിയുടേതിനു പുറമേ മററു ചില കാന്തികവലയങ്ങളാൽ ബാധിക്കപ്പെട്ടേക്കാം, അത്തരം വലയങ്ങളെ നിർവ്വീര്യമാക്കേണ്ടതുണ്ട്. സമാനമായി, നാം അനുവദിച്ചാൽ നമ്മെ വ്യതിചലിപ്പിക്കാനോ ക്ഷീണിപ്പിക്കാനോ കഴിയുന്ന അനേകം സ്വാധീനങ്ങൾ ഈ പഴയലോകം ഉളവാക്കുന്നു. അത്തരം സ്വാധീനങ്ങൾക്കെതിരെ ക്ലാസ്സിനെ ജാഗരൂകമാക്കവേ ഗ്ലാസ്സ് സഹോദരൻ മററുള്ളവരുടെ മനോഭാവങ്ങളെയും വികാരങ്ങളെയും കുറിച്ചുള്ള അവരുടെ സൂക്ഷ്മമായ തിരിച്ചറിവിന് അവരെ അഭിനന്ദിക്കുകയും ചെയ്തു.
രാവിലത്തെ അവസാന പ്രസംഗം ഭരണസംഘാംഗമായ ആൽബർട്ട് ഡി. ഷ്രോഡർ ആണു നടത്തിയത്. “മിഷനറി ആത്മാവ് നിലനിർത്താൻ അദ്ദേഹം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹം സ്കൂളിന്റെ രജിസ്ട്രാറായി സേവിച്ചിരുന്നപ്പോൾ, 1943-ൽ ക്ലാസ്സ് തുടങ്ങിയപ്പോൾ പ്രകടമാക്കിയ അതേ ആത്മാവു പ്രകടമാക്കുന്നതിനു അവരെ അഭിനന്ദിക്കുകയും ചെയ്തു. അവർ ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെടാൻ ഇഷ്ടപ്പെടുന്ന പ്രസംഗപ്രകൃതമുള്ളവർ, മനുഷ്യോൻമുഖർ ആണെന്ന് അദ്ദേഹം കുറിക്കൊണ്ടു. ആ ആത്മാവു തുടർന്നു വികസിപ്പിക്കാൻ വ്യക്തിപരമായ പഠനത്തിൽ പുതിയലോക ഭാഷാന്തരം പരമാവധി ഉപയോഗിക്കുന്നതിന് അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഉദാഹരണമെന്നനിലയിൽ 24-ാം സങ്കീർത്തനത്തിന്റെ വാക്യാനുവാക്യ ചർച്ച നടത്തിക്കൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.
അടുത്തതായി, ഗിലെയാദ് വിദ്യാർത്ഥികൾ ഗിലെയാദ് ബിരുദധാരികൾ ആയിത്തീർന്നു! അവരുടെ മിഷനറിനിയമനങ്ങൾ കൈമാറിയതു ഉച്ചത്തിൽ വായിക്കവേ അവരുടെ ഡിപ്ലോമകൾ കൊടുക്കപ്പെട്ടു, സദസ്സിൽനിന്നുള്ള വലിയ കരഘോഷങ്ങൾക്കിടയാക്കിക്കൊണ്ടുതന്നെ.
ഉച്ചതിരിഞ്ഞ്, ഫാക്ടറി കമ്മിററിയിലെ കാൾവിൻ സിക്കി വീക്ഷാഗോപുര അദ്ധ്യയനം നടത്തി. വിദ്യാർത്ഥികളുടെ ആഹ്ലാദകരമായ ഒരു പരിപാടി തുടർന്നു നടന്നു, അഞ്ചു മാസത്തെ അവരുടെ കോഴ്സ് വേളയിലെ വയൽ അനുഭവങ്ങളോടു ബന്ധപ്പെട്ടതും അവർ നിയമിക്കപ്പെട്ട ചില രാജ്യങ്ങളെ വിശേഷവൽക്കരിച്ച ചില സൈഡ്ളുകൾ ഉൾപ്പെടുത്തിയതുമായ ഒന്ന്. കൂടാതെ, പ്രായമുള്ള ഒരു ദമ്പതികളെ അഭിമുഖം നടത്തി, അവർ മിഷനറിമാരെന്നനിലയിൽ വർഷങ്ങളിലൂടെ സമ്പാദിച്ച കുറേ ജ്ഞാനവും അനുഭവവും പങ്കുവെച്ചു. ദൈവത്തെ പരിഹസിക്കുകയോ വഴിതെററിക്കപ്പെടുകയോ ചെയ്യരുത് എന്ന സമയോചിതമായ നാടകത്തോടെ ഉച്ചതിരിഞ്ഞുള്ള പരിപാടി അവസാനിച്ചു.
ദൈവത്തിന്റെ സത്യത്തിലെ വിദ്യാഭ്യാസത്തിനു എന്തു ചെയ്യാൻ കഴിയുമെന്നു കണ്ടതിലും അത്തരം വിദ്യാഭ്യാസത്തിന്റെ പ്രയോജനങ്ങൾ ലോകവിസ്തൃതമായി തുടർന്നു അനുഭവവേദ്യമാകുമെന്നറിഞ്ഞതിലും പുളകിതരായി, ഉത്തേജിതരായി സദസ്സ് പിരിഞ്ഞു. ഈ 48 മിഷനറിമാർ അവരുടെ നിയമനങ്ങളിലേക്കു പിരിഞ്ഞുപോകുമ്പോൾ ഈ വിശ്വസ്തരായവർ എവിടെ പോയാലും ദൈവത്തിന്റെ ജനത്തിനു അവർ ഒരു അനുഗ്രഹമായിരിക്കുമെന്ന ഹൃദയംഗമമായ പ്രത്യാശയും ദൃഢവിശ്വാസവും പ്രകടിപ്പിച്ചുകൊണ്ട് അനവധി പ്രാർത്ഥനകൾ അവരെ പിന്തുടരുന്നു.
[19-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവരക്കണക്കുകൾ
പ്രതിനിധാനം ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 7
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 18
വിദ്യാർത്ഥികളുടെ എണ്ണം: 48
വിവാഹിത ദമ്പതികളുടെ എണ്ണം: 24
ശരാശരി പ്രായം: 32.8
സത്യത്തിലെ ശരാശരി വർഷങ്ങൾ: 15.3
മുഴുസമയശുശ്രൂഷയിലെ ശരാശരി വർഷങ്ങൾ: 10.4
[20-ാം പേജിലെ ചതുരം]
ഗിലെയാദ് എക്സ്ററൻഷൻക്ലാസ്സ് ബിരുദധാരികൾ
ജർമ്മനിയിലെ സെൽറേറഴ്സ്⁄റേറാണസിലെ ഗിലെയാദ് എക്സ്ററൻഷൻ സ്കൂളിലെ നാലാമതു ക്ലാസ്സിൽനിന്നു 24 മിഷനറിമാരുടെ ഒരു സംഘം 1992 ജൂൺ 21-ന് ബിരുദധാരികളായി. ആ ക്ലാസ്സ് ഏഴു രാജ്യങ്ങളിൽനിന്നു വന്ന 11 വിവാഹിത ദമ്പതികളും രണ്ട് ഏകാകികളായ സഹോദരിമാരും ചേർന്നതായിരുന്നു. അവർ ശരാശരി 32 വയസ്സു പ്രായമുള്ളവരും സ്നാപനമേററിട്ട് 14 വർഷവും മുഴുസമയ സുവിശേഷവേലയിൽ 8.5 വർഷവും ഉള്ളവരും ആയിരുന്നു. ബിരുദദാന ചടങ്ങിൽ രണ്ടായിരത്തിലേറെ പേർ ഹാജരായി.
സദൃശവാക്യങ്ങൾ 11:24-ന്റെ ഒരു ചർച്ചയോടെ ജാരെസ്സ് സഹോദരൻ കാര്യപരിപാടി ആരംഭിച്ചു, അതിങ്ങനെ പറയുന്നു: “ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു.” ഈ വിദ്യാർത്ഥികൾ ചിതറിക്കപ്പെടാറായിരിക്കുന്നുവെന്നും അവർ തീർച്ചയായും വർദ്ധനവിനു വഴിതുറക്കുമെന്നും അദ്ദേഹം കുറിക്കൊണ്ടു.
ജർമ്മൻ ബ്രാഞ്ച് കമ്മിററി കോ-ഓർഡിനേററർ റിച്ചാർഡ് കെൽസിയും സേവന ഡിപ്പാർട്ട്മെൻറിലെ വോൾഫ്ഗാംഗ് ഗ്രൂയേപ്പും ബ്രാഞ്ച് കമ്മിററിയിലെ വെർനർ റഡ്ക്കെയും എഡ്മണ്ട് ആൻററാഡും രണ്ടു അദ്ധ്യാപകരും, ഡിറ്രറിച്ച് ഫോർസ്ററർ, ലോതർ കയീമർ, പ്രോത്സാഹജനകമായ തിരുവെഴുത്തു പ്രസംഗങ്ങൾ നടത്തി. “ആത്മീയ രത്നങ്ങൾക്കുവേണ്ടിയുള്ള അന്വേഷകരായിരിക്കുന്നതിൽ തുടരുക” എന്ന വിഷയത്തെക്കുറിച്ചു ഭരണസംഘാംഗമായ ആൽബർട്ട് ഷ്രോഡർ രസകരമായ സവിശേഷപ്രസംഗം നടത്തി. കാര്യപരിപാടിയുടെ പരമകാഷ്ഠ, ആഫ്രിക്കയിലെയും മദ്ധ്യഅമേരിക്കയിലെയും കിഴക്കൻ യൂറോപ്പിലെയും 11 രാജ്യങ്ങളിലേക്കായി നിയമനം നല്കലായിരുന്നു, അതിനുശേഷം ബിരുദധാരികളിലൊരാൾ ഹൃദയംഗമമായ വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ടു ക്ലാസ്സിൽനിന്നു ഭരണസംഘത്തിനുള്ള ഒരു കത്തു വായിച്ചു.
[18-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾസ്കൂളിന്റെ ബിരുദംനേടുന്ന 93-ാമത്തെ ക്ലാസ്സ്
ചുവടെ ചേർത്തിരിക്കുന്ന ലിസ്ററിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്കു എണ്ണുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) ഹിററസ്മാൻ സി.; വെസ്ററ് പി.; ഇവാൻസ് ഡി.; ഹിപ്സ് എം.; സിമോൺലി എൻ.; വുഡ് എസ്.; കോർക്കിൽ എം.; ഫ്ളോറസ്സ് സി.; തോമസ്സ് ജെ. (2) ജോൺസ് എം.; നിസ്സിനെൻ ജെ.; സ്പോനെൻബെർഗ് എം.; സാച്ചാരി കെ.; റാൺ ജി.; ബാക്ക്മാൻ എം.; വെററർഗ്രൻ എ.; ഇവാൻസ് ഡി.; ഫ്ളോറസ്സ് ആർ.; കപോറെൽ ജി. (3) സിമോൺലി എൻ.; റെച്ച്ററിനിർ എം.; റെച്ച്ററിനിർ എം.; റൂയിസ്-എസ്പാർസാ എൽ.; ജെർബിജ് ബി.; സിംസൺ സി.; സാൺവിച്ച് സി.; സച്ചാരി ബി.; റിക്കെററ്സ് എൽ. (4) സിംസൺ ജെ.; ബാക്ക്മാൻ ജെ.; കോർക്കിൽ ജി.; ജെർബിജ് എം.; റിക്കററ്സ് ബി.; ബാഗർ-ഹാൻസൻ എൽ.; ജോൺസ് എ.; സെയിൻവിച്ച് കെ.; റാൺ ജെ.; ഹിപ്സ് സി. (5) സ്പോനെൻബെർഗ് എസ്.; ഹിററ്സ്മാൻ എ.; കപോറെയിൽ എൽ.; റൂയിസ്-എസ്പാർസാ എസ്.; തോമസ് ആർ.; ബാഗർ-ഹാൻസൻ ബി.; വുഡ് എം.; വെസ്ററ് എം.; വെററർഗ്രൻ സി.; നിസ്സിനെൻ ഇ.