പണസ്നേഹത്തിന്റെ തെററ് എന്താണ്?
പോളും മേരിയും പാവപ്പെട്ട ഒരു ആഫ്രിക്കൻ സമുദായത്തിൽ ഒരു സൂപ്പർമാർക്കററ് നടത്തിയിരുന്നു.a രാപകൽ കഠിനാദ്ധ്വാനം ചെയ്തുകൊണ്ട് അവർ ധാരാളം പണമുണ്ടാക്കി. കാലക്രമേണ വിലപ്പിടിപ്പുള്ള ഗൃഹോപകരണങ്ങളോടുകൂടിയ ഒരു വലിയ പുതിയ വീടുള്ളതിൽ മേരിക്കു ആത്മപ്രശംസ നടത്താൻ കഴിയുമായിരുന്നു. പോളിനാകട്ടെ, വിലകൂടിയ കാറിൽ കറങ്ങിനടക്കാമായിരുന്നു.
ഗവൺമെൻറിനെ എതിർത്തിരുന്ന ഒരു കൂട്ടർ ഒരിക്കൽ പോളിനെ സമീപിച്ചു. “ഞങ്ങളുടെ ലക്ഷ്യത്തെ പിന്തുണക്കുന്നതിനു നിങ്ങളുടെ തൊഴിലിൽ നിന്നു ഞങ്ങൾക്കു മാസന്തോറും [100 ഡോളർ] സംഭാവന വേണം” എന്ന് അവർ അവശ്യപ്പെട്ടു. രാഷ്ട്രീയ പോരാട്ടത്തിൽ പക്ഷം പിടിക്കേണ്ടായെന്നു കരുതി പോളും മേരിയും ധൈര്യസമേതം വിസമ്മതിച്ചു. അവരുടെ നിഷ്പക്ഷ നിലപാടുകാരണം അവർക്കു ഗവൺമെൻറിൽനിന്നു സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നു അവർ സംശയിച്ചു. പോളും മേരിയും പട്ടണത്തിൽ ഇല്ലാതിരുന്ന ഒരു വാരാന്തത്തിൽ അവരുടെ കട കൊള്ളയടിക്കുകയും അവരുടെ കാറും സുന്ദരമായ വീടും തീ വെക്കുകയും ചെയ്തു.
തീർച്ചയായും ഒരു ദാരുണമായ സംഭവംതന്നെ, എന്നാൽ അതിൽനിന്നു നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? പണക്കാരാകാൻ കഠിനാദ്ധ്വാനം ചെയ്തിട്ടുള്ള അനേകർ തങ്ങളുടെ പണം നശിപ്പിച്ച ഒരു വിപത്തിനെ അഭിമുഖീകരിച്ചിട്ടില്ലായിരിക്കാം, എന്നുവരികിലും ഭാവിയെ സംബന്ധിച്ചെന്ത്? “ധനികൻമാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തിരുകയും ചെയ്യുന്നു” എന്നു ബൈബിൾ എന്തുകൊണ്ടാണു പറയുന്നത്?—1 തിമൊഥെയൊസ് 6:9.
പണത്തെക്കുറിച്ച് ഒരു സന്തുലിതമായ വീക്ഷണം
ബൈബിളനുസരിച്ച്, ഒരു സത്യക്രിസ്ത്യാനി തന്റെ ആശ്രിതരായ കുടുംബാംഗങ്ങളുടെ ഭൗതിക ആവശ്യങ്ങൾക്കുവേണ്ടി കരുതണം. തൊഴിലില്ലായ്മയോ, ആരോഗ്യപ്രശ്നമോ പോലുള്ള സാഹചര്യങ്ങൾ ഇതു ദുഷ്കരമാക്കിയേക്കാം. മറിച്ച്, തന്റെ കുടുംബത്തിനുവേണ്ടി കരുതുന്നതിനെ മനഃപൂർവ്വം അവഗണിക്കുന്ന ഒരു ക്രിസ്ത്യാനി “വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.”—1 തിമൊഥെയൊസ് 5:8.
ചില ഗ്രാമീണ ജനസമുദായങ്ങളിൽ, തങ്ങളുടെ സ്വന്തം ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്തുകൊണ്ടും മൃഗങ്ങളെ വളർത്തിക്കൊണ്ടും ആളുകൾ മണ്ണിനെ ആശ്രയിച്ചു ജീവിക്കുന്നു. ചിലർ തങ്ങളുടെ ജീവിതാവശ്യങ്ങൾക്കുവേണ്ടി സാധനങ്ങളും സേവനങ്ങളും കൈമാററം ചെയ്യുന്നതുകൊണ്ട് അവർക്കു പണത്തിന്റെ ആവശ്യമില്ല. എന്നുവരികിലും, കുടുംബം പുലർത്തുന്നവർ തങ്ങളുടെ കുടംബത്തിനുവേണ്ടി കരുതുന്ന ഏററവും സാധാരണമായ രീതി ശമ്പളത്തിന് ഏതെങ്കിലും തരത്തിലുള്ള ജോലിയിൽ ഏർപ്പെടുക എന്നതാണ്. തങ്ങൾ സമ്പാദിക്കുന്ന പണം ആഹാരം വാങ്ങുന്നതിനും കുടുംബത്തിന്റെ ക്ഷേമത്തിനുതകുന്ന മററു സാധനങ്ങൾ വാങ്ങുന്നതിനും അവർ ഉപയോഗിക്കുന്നു. കൂടാതെ, ജ്ഞാനപൂർവ്വം സമ്പാദിക്കുന്ന പണത്തിന്, കഷ്ടകാലം അഥവാ വിപത്ത് ഉണ്ടാകുമ്പോൾ ഒരു സംരക്ഷണമായി ഉതകാൻ കഴിയും. ഉദാഹരണത്തിന്, അതു ചികിത്സാചെലവുകൾക്കോ ഒരുവന്റെ വീടിന്റെ അത്യാവശ്യമുള്ള അററകുററപ്പണികൾക്കോ ഉപയോഗിക്കാൻ കഴിയും. അതുകൊണ്ടാണു ബൈബിൾ യാഥാർത്ഥ്യബോധത്തൊടെ “ദ്രവ്യവും ഒരു ശരണം” എന്നും “ദ്രവ്യമോ സകലത്തിനും ഉതകുന്നു” എന്നും പറയുന്നത്.—സഭാപ്രസംഗി 7:12; 10:19.
പണം ഇത്രയെല്ലാം സാധിക്കുന്നതുകൊണ്ട്, അതിന്റെ ശക്തിയെക്കുറിച്ചു പ്രായോഗികമല്ലാത്ത ഒരു വീക്ഷണം വികസിപ്പിച്ചെടുക്കുന്നതിന്റെ അപകടമുണ്ട്. കൂടുതൽ പ്രധാനപ്പെട്ട മററു കാര്യങ്ങളോടുള്ള താരതമ്യത്തിൽ അതിനുള്ള പരിമിതികളെക്കുറിച്ച് ഒരു ക്രിസ്ത്യാനി ബോധമുള്ളവനായിരിക്കേണ്ട ആവശ്യമുണ്ട്. ദൃഷ്ടാന്തത്തിന്, “ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത” എന്നു പറഞ്ഞുകൊണ്ടു ബൈബിൾ പണത്തിന്റെ മൂല്യത്തെ ദൈവിക ജ്ഞാനവുമായി താരതമ്യം ചെയ്യുന്നു. (സഭാപ്രസംഗി 7:12) ഏതു വിധത്തിലാണു ദൈവികജ്ഞാനത്തിനു പണത്തെക്കാൾ ഈ മേൻമ ഉള്ളത്?
കഴിഞ്ഞകാലത്തുനിന്ന് ഒരു പാഠം
പൊ.യു. (പൊതുയുഗം) 66-ൽ യെരൂശലേമിൽ നടന്ന സംഭവങ്ങൾ പണത്തെ അപേക്ഷിച്ചു ദൈവിക ജ്ഞാനത്തിനുള്ള മേൻമയെ ചിത്രീകരിക്കുന്നു. ആക്രമിച്ച റോമൻ സൈന്യത്തെ തുരത്തിയതിനുശേഷം, വ്യാപാര സാദ്ധ്യതകൾ മെച്ചപ്പെട്ടുവെന്നു യെരൂശലേമിലെ യഹൂദർ പ്രത്യക്ഷത്തിൽ വിശ്വസിച്ചു. തങ്ങൾക്കു പുതുതായി ലഭിച്ച സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന് അവർ വാസ്തവത്തിൽ തങ്ങളുടെതന്നെ നാണയമടിക്കാൻ തുടങ്ങി. അവരുടെ നാണയത്തിൽ “സീയോന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി” എന്നും “വിശുദ്ധ യെരൂശലേം” എന്നും എബ്രായ ഭാഷയിൽ മുദ്ര കുത്തിയിരുന്നു. ഓരോ പുതുവർഷത്തിലും “രണ്ടാം വർഷ”ത്തിലേത്, “മൂന്നാം വർഷ”ത്തിലേത്, “നാലാം വർഷ”ത്തിലേത്, എന്നിങ്ങനെ തിരിച്ചറിയിക്കുന്ന മേലെഴുത്തുള്ള പുതിയ നാണയങ്ങൾ അവർ നിർമ്മിച്ചു. പൊ.യു. 70-നോട് ഒത്തു വരുന്ന “അഞ്ചാം വർഷം” എന്നു മേലെഴുത്തുള്ള ചില അപൂർവ്വ നാണയങ്ങൾപോലും പുരാവസ്തുഗവേഷകർ കുഴിച്ചെടുത്തിട്ടുണ്ട്. പുതിയ യഹൂദനാണയത്തെ നിലനില്ക്കുന്ന സ്വാതന്ത്ര്യത്തിന്റെ സാധുവായ ഒരു പ്രതീകമായി യഹൂദക്രിസ്ത്യാനികൾ വീക്ഷിച്ചോ?
ഇല്ല. കാരണം അവർ തങ്ങളുടെ നായകന്റെ ജ്ഞാനമൊഴികൾ മനസ്സിൽ പിടിച്ചിരുന്നു. പൊ.യു. 66-ൽ നടന്ന റോമൻ ആക്രമണം യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. അതു സംഭവിക്കുമ്പോൾ അവർ ‘യെരൂശലേമിന്റെ നടുവിൽനിന്നു പിൻമാറണം’ എന്ന് അവിടുന്നു തന്റെ അനുഗാമികൾക്കു ബുദ്ധ്യുപദേശം നൽകിയിരുന്നു. (ലൂക്കൊസ് 21:20-22) യഹൂദക്രിസ്ത്യാനികൾ അങ്ങനെതന്നെ ചെയ്തുവെന്നു ചരിത്രം സാക്ഷ്യം വഹിക്കുന്നു. യെരൂശലേം വിടുന്നതുനിമിത്തം തങ്ങളുടെ സമ്പത്തും വസ്തുവകകളും തൊഴിലവസരങ്ങളും നഷ്ടപ്പെടുത്താൻ അവർ മനസ്സുള്ളവരായിരുന്നെന്നു വ്യക്തമാണ്. നാലു വർഷത്തിനുശേഷം റോമൻ സൈന്യങ്ങൾ തിരിച്ചുവരികയും നഗരത്തെ ഉപരോധിക്കുകയും ചെയ്തു.
ഒരു ദൃക്സാക്ഷിയായിരുന്ന ചരിത്രകാരനായ ജോസീഫസ് പറയുന്നതനുസരിച്ചു “നഗരത്തിൽ വലിയ അളവിൽ സ്വർണ്ണമുണ്ടായിരുന്നു.” എങ്കിലും വൻതോതിലുള്ള പണത്തിനു, ക്രമേണ “വളർന്നു വഷളാ”വുകയും “മുഴു ഭവനങ്ങളെയും കുടുംബങ്ങളെയും” വിഴുങ്ങിക്കളയുകയും ചെയ്ത കാർന്നുതിന്ന ഭക്ഷ്യക്ഷാമത്തിൽനിന്നു യെരൂശലേമിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ചില നിവാസികൾ സ്വർണ്ണനാണയങ്ങൾ വിഴുങ്ങിക്കൊണ്ടു നഗരത്തിൽനിന്ന് ഓടിരക്ഷപ്പെടാൻ നോക്കി. പക്ഷേ, അവരുടെ ശത്രുക്കൾ അവരെ കൊല്ലുകയും അവരുടെ വയർ പിളർന്നു പണം പുറത്തെടുക്കുകയും ചെയ്തു. “സമ്പന്നർക്കു, നഗരം വിട്ടുപോകുന്നതുപോലെതന്നെ അപകടകരമായിരുന്നു അവിടെ തങ്ങുന്നതും; കാരണം സൈന്യം വിട്ടോടിപ്പോകുന്നവൻ എന്ന വ്യാജേന അനേകരെ അവരുടെ പണത്തിനുവേണ്ടി കൊന്നു” എന്നു ജോസീഫസ് വിശദീകരിച്ചു.
ഉപരോധം ഏർപ്പെടുത്തി ആറിൽ കുറഞ്ഞ മാസത്തിനുള്ളിൽ യെരൂശലേം നശിപ്പിക്കപ്പെടുകയും ക്ഷാമത്താലും പകർച്ചവ്യാധിയാലും വാളിനാലും അതിലെ പത്തു ലക്ഷത്തിലധികം നിവാസികൾ മരിച്ചുപോകുകയും ചെയ്തു. പണസ്നേഹം അനേകരെ വിവേകശൂന്യരാക്കുകയും നാശത്തിലേക്കും കെടുതിയിലേക്കും തള്ളുകയും ചെയ്തിരുന്നു, എന്നാൽ ജ്ഞാനമൊഴികളുടെ ബാധകമാക്കൽ യഹൂദക്രിസ്ത്യാനികളെ രക്ഷപ്പെടാൻ പ്രാപ്തരാക്കിയിരുന്നു.
അത് ഒരു പ്രതിസന്ധിയിൽ പണം ജനങ്ങൾക്ക് ആശാഭംഗം വരുത്തിയ ചരിത്രത്തിലെ ഏക അവസരമായിരുന്നില്ല. പണസ്നേഹത്തിന് എന്തൊരു ക്രൂരനായ യജമാനനായിരിക്കാൻ കഴിയും! (മത്തായി 6:24) കൂടാതെ അതിനു നിങ്ങളുടെ ഇപ്പോഴത്തെ സന്തോഷത്തെ കെടുത്തിക്കളയാനും കഴിയും.
പണത്തിനു വാങ്ങാൻ കഴിയാത്ത സുഖങ്ങൾ
ധനികരാകാനുള്ള വ്യാമോഹത്തിനു ധാരാളം പണം ആവശ്യമില്ലാത്ത ഉല്ലാസങ്ങൾസംബന്ധിച്ച് ഒരുവനെ അന്ധനാക്കാൻ കഴിയും. ഉദാഹരണത്തിന്, സന്തുഷ്ട കുടുംബബന്ധങ്ങൾ, യഥാർത്ഥ സുഹൃത്തുക്കൾ, പ്രകൃതിയിലെ അത്ഭുതങ്ങൾ, മനോജ്ഞമായ ഒരു സൂര്യാസ്തമയം, മനസ്സിൽ തട്ടുന്ന ഒരു അശനിവർഷം, നക്ഷത്രനിബിഡമായ ആകാശങ്ങൾ, മൃഗങ്ങളുടെ കളികൾ, ദുഷിപ്പിക്കപ്പെടാത്ത ഒരു കാട്ടിലെ പൂക്കളും മരങ്ങളും എന്നിവയെക്കുറിച്ചു പരിചിന്തിക്കുക.
ചില ധനികർക്കു മേൽപറഞ്ഞ ഉല്ലാസങ്ങൾ ആസ്വദിക്കുന്നതിനു കൂടുതൽ സമയമുണ്ടെന്നതു ശരിതന്നെ, എങ്കിലും അവരിൽ മിക്കവരും തങ്ങളുടെ സമ്പത്തു സൂക്ഷിക്കുന്നതിലോ വർദ്ധിപ്പിക്കുന്നതിലോ അതീവ തിരക്കുള്ളവരാണ്. അതിശയകരമായിത്തോന്നിയേക്കാമെങ്കിലും, മിക്കപ്പോഴും ഒഴിവുസമയമുള്ളവരെയും സന്തുഷ്ടി ഒഴിഞ്ഞുപോകുന്നു. ഇത് ആധുനിക ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു. “അനേകർ ആകാംക്ഷാപൂർവ്വം ആഗ്രഹിക്കുകയും സർവ്വരോഗസംഹാരിയെന്നു വിശ്വസിക്കുകയും ചെയ്യുന്ന എന്തെങ്കിലും നേടിക്കഴിയുമ്പോൾ നിരാശ മുതൽ മാനസ്സികാഘാതം വരെയുള്ള വിവിധ ഫലങ്ങൾ ഉളവാകുന്നുവെന്ന വസ്തുതയെ നമുക്കെങ്ങനെ വിശദീകരിക്കാൻ കഴിയും?” എന്നു തോമസ് വൈസ്മാൻ പണത്തിന്റെ പ്രേരകം—ഒരു വ്യാമോഹത്തിന്റെ പഠനം (The Money Motive—A Study of an Obsession) എന്ന തന്റെ പുസ്തകത്തിൽ ചോദിക്കുന്നു.
ഒരു പണക്കാരനിൽനിന്നു സന്തുഷ്ടി കവർന്നെടുക്കാൻ കഴിയുന്ന ഒരു സംഗതി തന്റെ യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്നറിയുന്നതിലുള്ള പ്രയാസമാണ്. “വസ്തുവക പെരുകുമ്പോൾ അതുകൊണ്ടു ഉപജീവിക്കുന്നവരും പെരുകുന്നു” എന്നു ധനികനായ ശലോമോൻ അനുഭവിച്ചറിഞ്ഞു. (സഭാപ്രസംഗി 5:11) അനേകം ധനികർ തങ്ങളുടെ സമ്പത്തിന്റെ മൂല്യം നിലനിർത്തുകയോ വർദ്ധിപ്പിക്കുകയോ ചെയ്യുന്നതിനുള്ള ശ്രമത്തിൽ ഉത്കണ്ഠയും അനുഭവിക്കുന്നുണ്ട്. ഇതു മിക്കപ്പോഴും അവരുടെ സുഖമായ ഉറക്കം നഷ്ടപ്പെടുത്തുന്നു. “വേലചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.”—സഭാപ്രസംഗി 5:12.
ചിലരെ സത്യസന്ധതയില്ലായ്മക്കും കുററകൃത്യങ്ങൾക്കും പ്രലോഭിപ്പിച്ചേക്കാമെന്നതിനാൽ പണസ്നേഹത്തിനു കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമിടയിലുള്ള ബന്ധങ്ങളെയും അപകടപ്പെടുത്താൻ കഴിയും. പണസ്നേഹികൾ മിക്കപ്പോഴും ചൂതാട്ടത്തിലേക്കു തിരിയാറുണ്ട്. സങ്കടകരമെന്നുപറയട്ടെ, ഒരൊററ ചൂതാട്ടത്തിനുംകൂടെയുള്ള അഭിലാഷം അനേകരെ കടത്തിലേക്കു നയിക്കുന്നു. “എന്റെ അടുത്തു വരുമ്പൊഴേക്കും അവർ [വ്യാമോഹമുള്ള ചൂതാട്ടക്കാർ] മിക്കപ്പോഴും തിരിച്ചുവരാൻ കഴിയാത്ത അവസ്ഥയിലാണ്. അവർക്കു ജോലിയും തൊഴിലും ഭവനവും നഷ്ടപ്പെട്ടിരിക്കും, അവരുടെ കുടുംബം മിക്കപ്പോഴും അവരെ ഉപേക്ഷിക്കുകയും ചെയ്തിരിക്കും” എന്ന് ദക്ഷിണാഫ്രിക്കക്കാരനായ ഒരു മനോരോഗവിദഗ്ദ്ധൻ പറഞ്ഞു. “വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല” എന്ന ബൈബിൾ മുന്നറിയിപ്പ് എത്ര സത്യമാണ്.—സദൃശവാക്യങ്ങൾ 28:20.
“ചിറകെടുത്തു പറന്നുകളയും”
പണസ്നേഹം വളരെ അപകടകരമായിരിക്കുന്നതിന്റെ മറെറാരു കാരണം, പൂർണ്ണമായി സഹകരിക്കുന്നതിനോ പണം അന്താരാഷ്ട്രീയമായി സ്ഥിരതയുള്ള മൂല്യം നിലനിർത്തുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനോ മാനുഷ ഗവൺമെൻറുകൾ അശക്തരാണെന്നു തെളിഞ്ഞിരിക്കുന്നു എന്നതാണ്. കൂടാതെ, പിൻവാങ്ങലുകളും മാന്ദ്യവും സ്റേറാക്ക് മാർക്കററ് തകർച്ചകളും തടയാനും അവർക്കു കഴിഞ്ഞിട്ടില്ല. വഞ്ചന, കളവ്, പണപ്പെരുപ്പം എന്നിവയും “ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക. നിന്റെ ദൃഷ്ടി ധനത്തിൻമേൽ പതിക്കുന്നതു എന്തിനു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകൻ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും” എന്ന നിശ്വസ്ത വചനത്തിന്റെ സത്യതക്ക് അടിവരയിടുന്നു.—സദൃശവാക്യങ്ങൾ 23:4, 5.
പണപ്പെരുപ്പം. ആ പ്രശ്നം തീർച്ചയായും ദരിദ്രരാജ്യങ്ങളിൽ മാത്രമായി ഒതുങ്ങി നില്ക്കുന്നില്ല. ഈ നൂററാണ്ടിൽ കുറെ നേരത്തെ കുതിച്ചുയർന്ന പണപ്പെരുപ്പം മദ്ധ്യ യൂറോപ്പിലെ വ്യവസായവത്കൃത രാഷ്ട്രങ്ങളെ ബാധിച്ചു. ദൃഷ്ടാന്തത്തിന്, ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ് ഒരു ജർമ്മൻ മാർക്ക് ഒരു ബ്രിട്ടീഷ് ഷില്ലിംഗിനോ ഒരു ഫ്രഞ്ച് ഫ്രാങ്കിനോ ഒരു ഇററാലിയൻ ലീറക്കോ ഏതാണ്ടു തുല്യമായിരുന്നു. പത്തു വർഷത്തിനുശേഷം ഷില്ലിംഗും ഫ്രാങ്കും ലീറയും ഏതാണ്ടു 1,00,000,00,00,000 മാർക്കിനു തുല്യമായി. കുത്തനെയുള്ള പണപ്പെരുപ്പത്തിനു സമ്പന്ന സമൂഹങ്ങളിലെ ആളുകളുടെമേൽ എന്തു ഫലമാണുള്ളത്? “പരാജയപ്പെട്ട മദ്ധ്യശക്തികൾക്ക് 1920-കളുടെ ആരംഭത്തിൽ സംഭവിച്ചത് ഏതെങ്കിലും മാനദണ്ഡമാണെങ്കിൽ, അപ്പോൾ ക്ഷതമേൽക്കാതെയും മാററങ്ങൾ ഭവിക്കാതെയും അതിജീവിക്കാൻ പററാത്തവിധം [സാമ്പത്തിക അധഃപതനം] അത്യാഗ്രഹവും അക്രമവും അസന്തുഷ്ടിയും ഭയത്തിൽനിന്നുളവാകുന്ന വിദ്വേഷവും കെട്ടഴിച്ചുവിടുന്നു” എന്നു പണം മരിക്കുമ്പോൾ (When Money Dies) എന്ന തന്റെ പുസ്തകത്തിൽ ആഡം ഫെർഗ്യൂസൺ പ്രസ്താവിക്കുന്നു.
പന്ത്രണ്ടു പൂജ്യം വെട്ടിക്കളഞ്ഞുകൊണ്ട് 1,00,000,00,00,000 പഴയ മാർക്ക് പെട്ടെന്നു പുതിയ ഒരു മാർക്കിനു തുല്യമാകേണ്ടതിനു ജർമ്മനി 1923-ൽ അതിന്റെ നാണയത്തിന്റെ വില പുതുക്കിനിശ്ചയിച്ചു. ഈ നീക്കം പണപ്പെരുപ്പത്തെ പിടിച്ചുനിർത്തിയെങ്കിലും വിനാശകരമായ മററു പരിണതഫലങ്ങൾ ഉണ്ടാക്കി. ഫെർഗ്യൂസൺ വിശദീകരിച്ചപ്രകാരം, “ആയിരങ്ങളെ പാപ്പരാക്കുകയും ലക്ഷങ്ങളുടെ ജീവിതമാർഗ്ഗങ്ങളെ അപഹരിക്കുകയും മററു ലക്ഷങ്ങളുടെ പ്രത്യാശകളെ നശിപ്പിക്കുകയും ചെയ്ത നാണ്യസ്ഥിരതാ പുനഃസ്ഥാപനം മുഴു ലോകത്തിൽനിന്നും പരോക്ഷമായി ഒരു ഭയാനകമായ വില ബലമായി ഇടാക്കി.” പ്രത്യക്ഷത്തിൽ എഴുത്തുകാരന്റെ മനസ്സിലുണ്ടായിരുന്ന “ഭയാനകമായ വില” നാസിസത്തിന്റെ ഉയർച്ചയും രണ്ടാം ലോകമഹായുദ്ധവും ആയിരുന്നു.
കഴിഞ്ഞകാലങ്ങളിൽ വൻ ബാങ്ക് അക്കൗണ്ടുകൾ അനേകരെ നിരാശപ്പെടുത്തിയിട്ടുണ്ടെന്ന സംഗതി ലോകവ്യാപകമായ സാമ്പത്തിക അസ്ഥിരതയുടെ ഇക്കാലങ്ങളിൽ ഗൗരവാവഹമായ ഒരു മുന്നറിയിപ്പാണ്. പണം നിരാശപ്പെടുത്തുമെന്നു ദൈവപുത്രൻതന്നെയും മുന്നറിയിപ്പു നൽകി, അതു പല ആവർത്തി സംഭവിക്കുകയും ചെയ്തിരിക്കുന്നു. (ലൂക്കൊസ് 16:9) എന്നാൽ ഏററവും വലുതും അതീവ വ്യാപകവുമായ നാണ്യപരാജയം യഹോവയാം ദൈവം ഈ ദുഷ്ടലോകത്തിൻമേൽ ന്യായവിധി നടത്തുമ്പോഴായിരിക്കും വരിക. “ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല. നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.”—സദൃശവാക്യങ്ങൾ 11:4.
അതുകൊണ്ട്, നമ്മുടെ യഥാർത്ഥ സുഹൃത്തുക്കളായ യഹോവയാം ദൈവവും യേശുക്രിസ്തുവുമായി നീതിപൂർവ്വകമായ ഒരു ബന്ധമുണ്ടായിരിക്കാൻ നാം കഠിന ശ്രമം ചെയ്യേണ്ടത് എത്ര പ്രധാനമാണ്!
ശാശ്വത സന്തുഷ്ടിയുടെ ഉറവിടം
തുടക്കത്തിൽ സൂചിപ്പിച്ച പോളും മേരിയും യഹോവയുടെ സാക്ഷികൾ ആയിരുന്നു. അനവധി വർഷങ്ങൾ അവർ മുഴുസമയ സുവിശേഷ വേലയിൽ പങ്കെടുത്തു. എന്നുവരികിലും, ധനത്തോടുള്ള അവരുടെ ആഗ്രഹം ക്രിസ്തീയ യോഗങ്ങളിൽ പങ്കു പററുന്നതു നിർത്താനിടയാക്കി, പരസ്യശുശ്രൂഷയിൽ തങ്ങളുടെ വിശ്വാസം പങ്കുവെക്കുന്നതും അവർ നിർത്തി. എന്നാൽ അവർ ഉണർവുള്ളവരായിത്തീർന്നു. “ഏതാനും മിനിററുകൾക്കുള്ളിൽ അപ്രത്യക്ഷപ്പെടാൻ കഴിയുന്ന ഒരു കാര്യത്തിനായി എന്റെ സമയവും ഊർജ്ജവുമെല്ലാം ചെലവഴിച്ചത് എത്ര മൗഢ്യമായിപ്പോയി എന്ന് എനിക്ക് ഇപ്പോൾ കാണാൻ കഴിയുന്നു” എന്നു താൻ കവർച്ചക്കിരയാകുകയും തന്റെ ഭവനം നശിക്കുകയും ചെയ്തശേഷം മേരി പറഞ്ഞു. സന്തോഷകരമെന്നു പറയട്ടെ, വളരെ വൈകിപ്പോകുന്നതിനുമുമ്പ് ഈ ദമ്പതികൾ ഒരു പാഠം പഠിച്ചു. അതേ, പണസ്നേഹത്തിന് ഒരാളോടു ചെയ്യാൻ കഴിയുന്ന ഏററവും വലിയ ഉപദ്രവം യഹോവയാം ദൈവവും യേശുക്രിസ്തുവുമായുള്ള ഒരു അംഗീകൃത ബന്ധം ഇല്ലാതാക്കുകയാണ്. ഈ സ്നേഹിതരെ കൂടാതെ, ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യത്തിൽനിന്ന്, വാഗ്ദത്തം ചെയ്യപ്പെട്ട നീതിയുള്ള പുതിയ ലോകത്തേക്ക് അതിജീവിക്കാമെന്ന് എന്തു പ്രത്യാശയാണു നമുക്കുണ്ടായിരിക്കാൻ കഴിയുക?—മത്തായി 6:19-21, 31-34; 2 പത്രൊസ് 3:13.
അതുകൊണ്ട്, നിങ്ങൾ സ്വയം ധനവാനെന്നോ ദരിദ്രനെന്നോ കണക്കാക്കിയാലും, പണസ്നേഹം വളർത്തുന്നതിനെതിരേ സൂക്ഷിക്കുക. ഏററവും വലിയ നിധി—യഹോവയുമായുള്ള ഒരു അംഗീകൃത നില—സമ്പാദിക്കുന്നതിനും നിലനിർത്തുന്നതിനും കഠിനാദ്ധ്വാനം ചെയ്യുക. “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ” എന്ന അടിയന്തിരമായ ക്ഷണത്തിനു സ്ഥിരം ശ്രദ്ധ നൽകിക്കൊണ്ടു നിങ്ങൾക്ക് ഇതു ചെയ്യാൻ കഴിയും.—വെളിപ്പാടു 22:17.
[അടിക്കുറിപ്പ്]
a അവരുടെ യഥാർത്ഥ പേരുകൾ ഉപയോഗിച്ചിട്ടില്ല.
[8, 9 പേജുകളിലെ ചിത്രങ്ങൾ]
യഹൂദ്യ മത്സരകാലത്ത് അടിച്ചിറക്കിയ, “രണ്ടാം വർഷം” എന്നു മേലെഴുത്തുള്ള ഒരു നാണയത്തിന്റെ ഇരുവശങ്ങളും
[കടപ്പാട്]
Pictorial Archive (Near Eastern History) Est.