ഗിലെയാദ് സ്ക്കൂൾ—50 വർഷം പഴക്കമുള്ളതെങ്കിലും അഭിവൃദ്ധിപ്പെടുന്നു
“രാജ്യത്തെ സംബന്ധിച്ച സാക്ഷ്യം ഒരു നല്ല അളവിൽ നൽകപ്പെട്ടിട്ടില്ലാത്ത അനേകം പ്രദേശങ്ങളുണ്ട്” എന്ന് 1943 ഫെബ്രുവരി 1-നു ഗിലെയാദ് സ്ക്കൂൾ തുറന്ന ദിവസം അതിന്റെ ആദ്യ ക്ലാസ്സിൽ എൻ. എച്ച്. നോർ പ്രസ്താവിച്ചു. അദ്ദേഹം ഇതുകൂടെ പറഞ്ഞു: “വയലിൽ കൂടുതൽ വേലക്കാരുണ്ടായിരുന്നെങ്കിൽ എത്തിച്ചേരേണ്ട നൂറുകണക്കിനും ആയിരക്കണക്കിനും ആളുകൾ തീർച്ചയായും ഉണ്ടായിരിക്കണം. കർത്താവിന്റെ അനുഗ്രഹത്താൽ കൂടുതൽ പേർ ഉണ്ടാകും.”
കൂടുതൽ വേലക്കാർ ഉണ്ടായിട്ടുമുണ്ട്—ദശലക്ഷങ്ങൾ തന്നെ! രാജ്യപ്രസാധകരുടെ അണികൾ 1943-ൽ 54 രാജ്യങ്ങളിലെ 1,29,070-തിൽനിന്ന് 1992-ൽ 229 രാജ്യങ്ങളിലെ 44,72,787 ആയി വർധിച്ചു! ആ വർധനവിൽ കലാശിച്ച സാക്ഷ്യത്തിനു ഗിലെയാദ് സ്ക്കൂൾ വളരെയധികം സംഭാവന ചെയ്തിരിക്കുന്നു. അമ്പതു വർഷത്തിനുശേഷം ലോകവയലിൽ ആവശ്യമുള്ളിടത്തു സേവിക്കാൻ മിഷനറി വേലക്കാരെ പരിശീലിപ്പിക്കുന്നതിൽ അതു നിർണായക പങ്കു വഹിക്കുന്നതു തുടരുന്നു.
തൊണ്ണൂററിനാലാമത്തെ ക്ലാസിന്റെ ബിരുദദാനത്തിന്, 1993 മാർച്ച് 7-നു ന്യൂജേഴ്സിയിലെ ജേഴ്സി സിററി അസംബ്ലിഹാളിൽ വന്നുകൂടിയ ക്ഷണിക്കപ്പെട്ട 4,798 അതിഥികളും യു.എസ്. ബെഥേൽ കുടുംബാംഗങ്ങളുമുണ്ടായിരുന്നു. ഈ സവിശേഷമായ സന്ദർഭം ഗിലെയാദ് സ്ക്കൂളിന്റെ 50 വർഷത്തിലേക്കു പിന്തിരിഞ്ഞു നോക്കാൻ ഒരു അവസരമൊരുക്കുകകൂടെ ചെയ്തു. പരിപാടിയെക്കുറിച്ച് അൽപ്പം അറിയുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
പ്രാരംഭ ഗീതത്തിനുശേഷം, ഭരണസംഘത്തിലെ ജോർജ് ഡി. ഗാംഗെസ് ഹൃദയംഗമമായ ഒരു പ്രാർഥന നടത്തി. പിന്നീടു ചെയർമാനായ ക്യാരി ഡബ്ലിയു. ബാർബറുടെ ആമുഖ പ്രസംഗത്തിനുശേഷം ബിരുദധാരികളും സദസ്യരും ഹ്രസ്വ പ്രസംഗങ്ങളുടെ ഒരു പരമ്പര ശ്രദ്ധാപൂർവം കേട്ടു.
“നിങ്ങൾ ഒരിക്കലും ഒററയ്ക്കല്ല” എന്ന വിഷയത്തെക്കുറിച്ചു റോബർട്ട് ഡബ്ലിയു. വോളൻ ആദ്യം പ്രസംഗിച്ചു. ഊഷ്മളമായ സ്വരത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘വരുംദിനങ്ങളിൽ നിങ്ങൾ ജീവിതത്തിൽ ഒററക്കാണെന്നും കുടുംബത്തിൽനിന്നും കൂട്ടുകാരിൽനിന്നും വളരെ വിദൂരത്തിലാണെന്നും നിങ്ങൾക്കു തോന്നുന്ന അവസരങ്ങൾ ഉണ്ടാകുവാൻ പോകുകയാണ്.’ അങ്ങനെയെങ്കിൽ “നിങ്ങൾ ഒരിക്കലും ഒററയ്ക്കല്ല” എന്ന് എങ്ങനെ പറയാൻ കഴിയും? ‘എന്തെന്നാൽ യഹോവയാം ദൈവത്തോടു തൽക്ഷണം ആശയവിനിയമം ചെയ്യാനുള്ള അവസരം നിങ്ങളിൽ ഓരോരുത്തർക്കും ലഭ്യമായിരിക്കും’ എന്ന് അദ്ദേഹം വിശദീകരിച്ചു. പ്രാർഥനാപദവിയെ താലോലിക്കാനും അതു ദിവസേന ഉപയോഗിക്കാനും അദ്ദേഹം ബിരുദധാരികളെ ഉത്ബോധിപ്പിച്ചു. അപ്പോൾ യേശുവിനെപ്പോലെ “ഞാൻ ഏകനല്ല” എന്നു പറയാൻ അവർ പ്രാപ്തരായിരിക്കും. (യോഹന്നാൻ 16:32) ബിരുദധാരികൾക്ക് ആ വാക്കുകൾ എത്ര പ്രോത്സാഹജനകമായിരുന്നു!
അടുത്തതായി, “നിങ്ങളുടെ പ്രത്യാശയോടു പററിനിൽക്കുക” (മാർച്ച് 7-ലെ ദിനവാക്യത്തെ അടിസ്ഥാനപ്പെടുത്തിയത്) എന്ന വിഷയം വികസിപ്പിച്ചുകൊണ്ടു ഭരണസംഘത്തിലെ ലീമൻ സ്വിംഗിൾ സഹിഷ്ണുതയും പ്രത്യാശയും എന്ന രണ്ടു ഗുണങ്ങളുടെ ആവശ്യത്തെ സംബന്ധിച്ചു സംസാരിച്ചു. ‘ക്രിസ്ത്യാനികളുടെ ഭാഗത്തു സഹിഷ്ണുത ആവശ്യമായിരിക്കുന്നതിനു നിന്ദ, ശത്രുത, വെറുപ്പ്, തടവ് എന്നിവയും കൂടാതെ മരണംപോലും കാരണമാണ്’ എന്ന് അദ്ദേഹം പറഞ്ഞു. ‘യഹോവയുടെ വിശ്വസ്ത സാക്ഷികൾക്ക് അത്യാവശ്യ സമയങ്ങളിൽ ലഭിക്കാവുന്ന സാധാരണയിൽക്കവിഞ്ഞ ശക്തിക്കു പരിധിയില്ല. ഇതു തീർച്ചയായും ധൈര്യം പകരുന്നതാണ്, പ്രത്യേകിച്ചു ബിരുദധാരികളായ നിങ്ങൾക്ക്.’ പ്രത്യാശയെ സംബന്ധിച്ച് എന്ത്? അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: ‘പ്രത്യാശ അനുപേക്ഷണീയമാണ്. ഒരു പടത്തൊപ്പി അതു ധരിക്കുന്നയാളുടെ ശിരസിനെ സംരക്ഷിക്കുന്നതുപോലെ രക്ഷയുടെ പ്രത്യാശ, അയാളെ നിർമലത പാലിക്കാൻ സഹായിച്ചുകൊണ്ട്, ക്രിസ്ത്യാനിയുടെ മാനസിക പ്രാപ്തികളെ കാത്തുസൂക്ഷിക്കയും സംരക്ഷിക്കയും ചെയ്യുന്നു’.—1 തെസ്സലൊനീക്യർ 5:8.
അടുത്ത പ്രസംഗകനായ റാൽഫ് ഇ. വോൾസ് “ഒരു ‘വിശാലമായ സ്ഥല’ത്തിന്റെ സംരക്ഷണയിലേക്കു നമുക്ക് എങ്ങനെ രക്ഷപ്പെടാൻ കഴിയും?” എന്ന ജിജ്ഞാസയുളവാക്കുന്ന വിഷയം തിരഞ്ഞെടുത്തു. എന്താണ് ഈ “വിശാലമായ സ്ഥലം”? (സങ്കീർത്തനം 18:19, പി.ഒ.സി) “മനഃസമാധാനവും ഹൃദയസംരക്ഷണവും കൈവരുത്തുന്ന മോചനത്തിന്റേതായ ഒരു അവസ്ഥ,” എന്നു പ്രസംഗകൻ വിശദീകരിച്ചു. എന്തിൽനിന്നുള്ള മോചനമാണു നമുക്ക് ആവശ്യമായിരിക്കുന്നത്? ‘നിങ്ങളിൽനിന്നുതന്നെ—നിങ്ങളുടെ ബലഹീനതകളിൽനിന്നുതന്നെ.’ ‘പിശാചിനാൽ പിന്തുണക്കപ്പെടുന്ന ബാഹ്യസാഹചര്യങ്ങളിൽനിന്നുകൂടി’ എന്നും അദ്ദേഹം പറഞ്ഞു. (സങ്കീർത്തനം 118:5) ഒരു വിശാലമായ സ്ഥലത്തിന്റെ സംരക്ഷണയിലേക്കു നമുക്ക് എങ്ങനെ രക്ഷപ്പെടാൻ കഴിയും? ‘നാം ചെയ്യുന്ന സകലത്തിലും യഹോവയുടെ ആജ്ഞകൾ അന്വേഷിച്ചുകൊണ്ടും നമ്മുടെ സകല ഉൽക്കണ്ഠകളും വിശ്വാസത്തോടു കൂടെ യഹോവക്കു പ്രാർഥനയിൽ അർപ്പിച്ചുകൊണ്ടും.’
“അഭിമുഖീകരിക്കാനുള്ളത് എന്ത്?” എന്നതായിരുന്നു ഡോൺ എ. ആഡംസ് തിരഞ്ഞെടുത്ത വിഷയം. പുതു മിഷനറിമാർക്ക് അഭിമുഖീകരിക്കാനുള്ളത് എന്തായിരുന്നു? പൊരുത്തപ്പെടലുകളുടെ ഒരു കാലഘട്ടം, അദ്ദേഹം വിവരിച്ചു. “നിങ്ങളുടെ മുമ്പാകെ അനവധി അനുഗ്രഹങ്ങളുമുണ്ട്.” ഒരു ഉദാഹരണമെന്നനിലയിൽ അദ്ദേഹം രണ്ടു പുതിയ മിഷനറിമാരെക്കുറിച്ചു പറഞ്ഞു. നിയമനസ്ഥലത്തു താമസമാക്കിയതിനുശേഷം ആ ദമ്പതികൾ ഇങ്ങനെ എഴുതി: “സേവനത്തിൽ നിങ്ങൾക്കുണ്ടായിട്ടുള്ള ഏററവും നല്ല ദിവസത്തെക്കുറിച്ചു ചിന്തിക്കുക, അതുപോലെയാണു ഞങ്ങളുടെ ഓരോ ദിവസവും. ഞങ്ങൾക്കു വേണ്ടുവോളം സാഹിത്യം കൊണ്ടുപോകാൻ കഴിയുന്നില്ല, ആളുകൾ ഞങ്ങളോട് അധ്യയനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.” പ്രസംഗകൻ ചില സംഗതികൾ ബിരുദധാരികളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും പറഞ്ഞു. ‘ഈ ബിരുദധാരികളെ സംബന്ധിച്ചു നിങ്ങൾ ഉൽക്കണ്ഠപ്പെടേണ്ടയാവശ്യമില്ല. പ്രോത്സാഹന വാക്കുകൾ എഴുതിക്കൊണ്ടു നിങ്ങൾക്ക് അവരെ സഹായിക്കാൻ കഴിയും.’—സദൃശവാക്യങ്ങൾ 25:25.
അടുത്തതായി സ്ക്കൂളിന്റെ അധ്യാപകർ സംസാരിച്ചു. “ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കരുത്” എന്ന വിഷയമായിരുന്നു ജാക്ക് ഡി. റെഡ്ഫോർഡ് തിരഞ്ഞെടുത്തത്. ബിരുദധാരികൾ അഭിമുഖീകരിക്കാൻപോകുന്ന വെല്ലുവിളികളിലൊന്നു ജനങ്ങളുമായി ഒത്തുപോകുക എന്നതാണ്, അദ്ദേഹം വിവരിച്ചു. എന്തിനു സഹായിക്കാൻ കഴിയും? “അവരുടെ കുറവുകൾ ഗൗനിക്കാതിരിക്കൂ. മററുള്ളവരിൽനിന്നു വളരെയധികം പ്രതീക്ഷിക്കരുത്. നിങ്ങൾക്കു ലഭിക്കേണ്ടതെന്നു നിങ്ങൾ കരുതുന്ന പൂർണ അളവു പ്രതീക്ഷിക്കരുത്. മററുള്ളവരിലെ അപൂർണത അംഗീകരിക്കുക, ഈ ദയാവായ്പ് ഒത്തുപോകാൻ നിങ്ങളെ സഹായിക്കും. മററുള്ളവരുമായി ഒത്തുപോകാനുള്ള നിങ്ങളുടെ പ്രാപ്തി നിങ്ങളുടെ പക്വതയുടെ അളവിനെ സൂചിപ്പിക്കും.” (സദൃശവാക്യങ്ങൾ 17:9) തീർച്ചയായും ഈ ജ്ഞാനോപദേശം ബാധകമാക്കുന്നത് ഒരു വിദേശനാട്ടിൽ മിഷനറിയായിരിക്കുന്നതിനു വിജയകരമായി പൊരുത്തപ്പെടുത്തലുകൾ നടത്താൻ ബിരുദധാരികളെ സഹായിക്കും!
“ഈ നിധി മൺപാത്രങ്ങളിലാണ് ഞങ്ങൾക്കു ലഭിച്ചിട്ടുള്ളത്” എന്നു 2 കോറിന്തോസ് 4:7 (പി.ഒ.സി) പറയുന്നു. ഗിലെയാദ് സ്ക്കൂളിന്റെ രജിസ്ട്രാറായ യുളിസിസ് വി. ഗ്ലാസ് “വിശ്വസ്തരെന്നു തെളിയിച്ച നിങ്ങളുടെ സഹോദരങ്ങളെ വിശ്വസിക്കുക” എന്ന വിഷയം വികസിപ്പിച്ചപ്പോൾ അദ്ദേഹം ഈ വാക്യത്തിന്റെ വിവരണം നൽകി. “മൺപാത്രങ്ങൾ” എന്താണ്? “ഇവ അപൂർണ മനുഷ്യരായ നമ്മെ അർഥമാക്കണം,” അദ്ദേഹം കുറിക്കൊണ്ടു. “നിധി” എന്താണ്? “അതു നമ്മുടെ ക്രിസ്തീയ ശുശ്രൂഷയാണ്” എന്ന് അദ്ദേഹം വിശദീകരിച്ചു. (2 കൊരിന്ത്യർ 4:1) ഈ നിധി നാം എന്തു ചെയ്യണം? “യഹോവ നമ്മെ ഏൽപ്പിച്ചിട്ടുള്ള ഈ നിധി പൂഴ്ത്തിവെക്കാനുള്ളതല്ല. അതുകൊണ്ടു പ്രിയപ്പെട്ട ഭാവി മിഷനറിമാരേ, നിങ്ങൾ പോകുന്നിടത്തൊക്കെയും ആ നിധി പങ്കു വെക്കുകയും എങ്ങനെ അതു പങ്കു വെക്കണമെന്നു മററുള്ളവരെ പഠിപ്പിക്കുകയും ചെയ്യുവിൻ.”
ആൽബർട്ട് ഡി. ഷ്രൂഡർ പ്രസംഗിക്കാൻ എഴുന്നേററപ്പോൾ ഒരു ഗൃഹാന്തരീക്ഷം അനുഭവപ്പെട്ടു, എന്തെന്നാൽ അദ്ദേഹമായിരുന്നു ഗിലെയാദ് സ്ക്കൂൾ ആരംഭിച്ചപ്പോൾ അതിന്റെ രജിസ്ട്രാർ. “ദിവ്യാധിപത്യ പരിശീലനത്തിന്റെ അരനൂററാണ്ട്” എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. “ഫലകരമായ പരിശീലനം നൽകേണ്ടത് എങ്ങനെയെന്നു യഹോവക്ക് അറിയാം, അവിടുന്ന് അതു ചെയ്യുകയും ചെയ്തിരിക്കുന്നു”, അദ്ദേഹം പ്രസ്താവിച്ചു. എങ്ങനെ? അമ്പതു വർഷംമുമ്പു സ്ഥാപിതമായ രണ്ടു സ്ക്കൂളുകളിലൂടെ—ദിവ്യാധിപത്യ ശുശ്രൂഷാ സ്ക്കൂളും ഗിലെയാദ് സ്ക്കൂളും—പ്രദാനം ചെയ്യപ്പെട്ട പരിശീലനത്തെ ഷ്രൂഡർ സഹോദരൻ പരാമർശിച്ചു. സൂക്ഷ്മ പരിജ്ഞാനം ലഭ്യമാക്കുന്നതിൽ ഒരു വിലയേറിയ ഉപകരണമായിരുന്നു പുതിയ ലോക ഭാഷാന്തരം എന്ന് അദ്ദേഹം സൂചിപ്പിച്ചു. “യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം സൊസൈററി നിങ്ങൾക്കു നൽകിക്കൊണ്ടിരിക്കുമെന്ന വലിയ ആത്മവിശ്വാസത്തോടെ നിങ്ങൾക്കു നിങ്ങളുടെ വിദേശ നിയമനങ്ങളിലേക്കു പോകാം,” അദ്ദേഹം ബിരുദധാരികൾക്ക് ഉറപ്പു കൊടുത്തു.
വാച്ച് ടവർ ബൈബിൾ ആൻറ് ട്രാക്ട് സൊസൈററി ഓഫ് പെൻസിൽവേനിയയുടെ പ്രസിഡൻറായ മിൽട്ടൻ ജി. ഹെൻഷൽ “ജയിച്ചടക്കുന്നവരെക്കാൾ കൂടുതൽ” എന്ന വിഷയത്തെ കേന്ദ്രീകരിച്ചു സംസാരിച്ചു. ഹെൻഷൽ സഹോദരൻ തന്റെ വിഷയം എടുത്തത് 1943-ലെ വാർഷികവാക്യത്തിൽനിന്നായിരുന്നു: “നമ്മെ സ്നേഹിച്ചവനിലൂടെ ജയിച്ചടക്കുന്നവരെക്കാൾ കൂടുതൽ.” (റോമർ 8:37, ജയിംസ് രാജാവിന്റെ ഭാഷാന്തരം) അതൊരു ഉചിതമായ വാർഷികവാക്യമായിരുന്നു, എന്തുകൊണ്ടെന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനിടയിൽ പല രാജ്യങ്ങളിലും നമ്മുടെ സഹോദരൻമാർ വളരെ പീഡനം അനുഭവിക്കുകയായിരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. ഹെൻഷൽ സഹോദരൻ ആ വാർഷികവാക്യം ചർച്ചചെയ്തിരുന്ന വീക്ഷാഗോപുരത്തിൽനിന്ന് ചില ഭാഗങ്ങൾ വായിച്ചിട്ട് ഇപ്രകാരം വിശദീകരിച്ചു: “ആദ്യ ഗിലെയാദ് ക്ലാസ്സുകാർ ഫെബ്രുവരി മാസത്തിൽ ഈ വീക്ഷാഗോപുര ലേഖനം [1943, ജനുവരി 15] പഠിച്ചു. അവർ അഭിമുഖീകരിക്കേണ്ടിയിരുന്ന സംഗതികൾക്കായി അത് അവരെ ഒരുക്കി.” കഴിഞ്ഞ 50 വർഷത്തിൽ ബിരുദധാരികളിൽ അനേകരും തങ്ങളെത്തന്നെ ജയിച്ചടക്കുന്നവരെന്നു തെളിയിച്ചിരിക്കുന്നു എന്ന് അദ്ദേഹം വിവരിച്ചു. തൊണ്ണൂററിനാലാമത്തെ ക്ലാസ്സിനെ സംബന്ധിച്ചെന്ത്? “യഹോവയോട് അടുത്തു നിൽക്കുവിൻ, അവിടുത്തെ സ്നേഹത്തോട് അടുത്തു നിൽക്കുവിൻ, നിങ്ങളുടെ വിജയം ഉറപ്പാണ്.”
രാവിലത്തെ പ്രസംഗങ്ങളെത്തുടർന്നു വിവിധ രാജ്യങ്ങളിൽനിന്നു ലഭിച്ച ആശംസാ സന്ദേശങ്ങൾ ചെയർമാൻ പങ്കുവെച്ചു. പിന്നീട് 24 വിവാഹിത ദമ്പതികൾ ആകാംക്ഷാപൂർവം നോക്കിപ്പാർത്തിരുന്ന നിമിഷം വന്നെത്തി—ബിരുദദാനം. കാരണം, ഗിലെയാദ് വിദ്യാർഥികൾ ഇപ്പോൾ ഔദ്യോഗികമായി ഗിലെയാദ് ബിരുദധാരികൾ ആയിരിക്കുന്നു! അവർ 5 രാജ്യങ്ങളിൽനിന്നു വന്നവരായിരുന്നു, എന്നാൽ അവരുടെ നിയമനങ്ങൾ അവരെ ഹോങ്കോങ്ങ്, തായ്വാൻ, മൊസാമ്പിക്ക്, പൂർവ യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ 17 രാജ്യങ്ങളിലാക്കുകയായിരുന്നു.
ഒരു ഇടവേളക്കുശേഷം, ഉച്ചതിരിഞ്ഞുള്ള പരിപാടി റോബർട്ട് എൽ. ബട്ട്ളറിനാൽ നിർവഹിക്കപ്പെട്ട വീക്ഷാഗോപുരത്തിന്റെ ഒരു ഹ്രസ്വമായ അധ്യയനത്തോടെ ആരംഭിച്ചു. പിന്നീടു ന്യൂയോർക്കിലെ വാൾക്കിലിനടുത്തു സാക്ഷീകരിക്കുന്നതിനിടയിൽ ആസ്വദിച്ച സവിശേഷതയാർന്ന ചില അനുഭവങ്ങൾ ബിരുദധാരികൾ അവതരിപ്പിച്ചു. പരിപാടി നിസ്സംശയമായും അവരെ ഗിലെയാദിലേക്കു കൊണ്ടുവന്ന സംഗതികളിലൊന്നു പ്രതിഫലിപ്പിച്ചു—വയൽശുശ്രൂഷയോടുള്ള അവരുടെ ആഴമായ സ്നേഹം.
വിദ്യാർഥികളുടെ പരിപാടിയെത്തുടർന്നു ഗിലെയാദ് സ്ക്കൂളിന്റെ 50 വർഷത്തെ അനുസ്മരിപ്പിക്കാൻ തക്കവിധം വിശേഷവത്ക്കരിക്കുന്ന എന്തെങ്കിലും പ്രത്യേക പരിപാടിയുണ്ടാകുമോ എന്നു സദസിലെ പലരും സംശയിക്കുന്നുണ്ടായിരുന്നു. അവർ നിരാശരായില്ല!—“ഗിലെയാദ് സ്ക്കൂളിന്റെ 50 വർഷം പുനരവലോകനം ചെയ്യൽ” എന്ന ശീർഷകത്തോടുകൂടിയ പിൻവരുന്ന ചതുരം കാണുക.
താൻ വിശ്വാസമുള്ളവനും ദാർശനികനുമായ ഒരാളാണെന്നു നോർ സഹോദരൻ അമ്പതു വർഷംമുമ്പു പ്രകടമാക്കി. ഗിലെയാദ് സ്ക്കൂൾ വിജയം വരിക്കുമെന്നുള്ള അദ്ദേഹത്തിന്റെ ബോധ്യം ആദ്യ സ്ക്കൂളിന്റെ ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചപ്പോൾ പ്രകടമായി: “ഒരു ‘സാക്ഷ്യത്തിന്റെ കൂമ്പാരം’, അതിന്റെ പേരുപോലെ തന്നെ, ഈ സ്ഥലത്തുനിന്നു ലോകത്തിന്റെ എല്ലാഭാഗത്തേക്കും പുറപ്പെടുമെന്നും അത്തരം സാക്ഷ്യം ദൈവത്തിന്റെഅനശ്വരമായ മഹത്ത്വത്തിന് ഒരു സ്മാരകമായി നിലകൊള്ളുമെന്നും നാം വിശ്വസിക്കുന്നു. അവശ്യ സമയങ്ങളിലെല്ലാം അവിടുന്നു നിങ്ങളെ നടത്തുകയും നയിക്കുകയും ചെയ്യുമെന്നറിഞ്ഞുകൊണ്ടു, നിയമിത ശുശ്രൂഷകരെന്നനിലയിൽ നിങ്ങൾ അത്യുന്നതനിൽ നിങ്ങളുടെ സമ്പൂർണമായ ആശ്രയമർപ്പിക്കുകയും അവിടുന്ന് അനുഗ്രഹത്തിന്റേയും ദൈവമാണെന്ന് അറിയുകയും ചെയ്യും”.a
അമ്പതു വർഷത്തിനുശേഷം ഗിലെയാദ് സ്ക്കൂൾ ഇപ്പോഴും കരുത്താർന്നതായി നിൽക്കുന്നു! തൊണ്ണൂററിനാലാം ക്ലാസ്സിലെ ബിരുദധാരികൾക്ക് ഇപ്പോൾ തങ്ങൾക്കു മുമ്പേ ബിരുദധാരികളായിത്തീർന്ന 6,500-ലധികം പേരെ അനുഗമിക്കുന്നതിനുള്ള പദവി ഉണ്ട്. യഹോവയാം ദൈവത്തിന്റെ മഹത്ത്വത്തിന് ഒരു സ്മാരകമായി നിൽക്കാനുള്ള “സാക്ഷ്യത്തിന്റെ കൂമ്പാരം” കുന്നുകൂട്ടുന്നതിൽ അവർ തങ്ങളുടെ ഭാഗം നിർവഹിക്കുമ്പോൾ അവർ അവരുടെ സമ്പൂർണ ആശ്രയം അത്യുന്നതനിൽ വെക്കട്ടെ.
[അടിക്കുറിപ്പ്]
a എബ്രായയിൽ “ഗിലെയാദ്” എന്ന പദത്തിന്റെ അർഥം “സാക്ഷ്യത്തിന്റെ കൂമ്പാരം” എന്നാണ്.—ഉല്പത്തി 31:47, 48.
[25-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവരക്കണക്കുകൾ
വിദ്യാർഥികളുടെ മൊത്തം എണ്ണം: 48
പ്രതിനിധാനംചെയ്ത രാജ്യങ്ങളുടെ എണ്ണം: 5
നിയമിച്ചയക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 17
ശരാശരി പ്രായം: 32
സത്യത്തിലെ ശരാശരി വർഷം: 15.3
മുഴുസമയ ശുശ്രൂഷയിലെ ശരാശരി വർഷം: 9.6
[26, 27 പേജുകളിലെ ചതുരം]
ഗിലെയാദ് സ്ക്കൂളിന്റെ 50 വർഷം പുനരവലോകനം ചെയ്യൽ
ഗിലെയാദിന്റെ ചരിത്രത്തിലേക്കു പിന്തിരിഞ്ഞുനോക്കുന്നതിന്, അതുമായി ബന്ധപ്പെട്ട ആദ്യ നാളുകളിലെ ബിരുദധാരികൾ, അധ്യാപകർ, അതു സംഘടിപ്പിക്കാൻ സഹായിച്ച മററുള്ളവർ എന്നിവരുടെ അനുഭവങ്ങളിലൂടെ നോക്കുന്നതിനെക്കാൾ മെച്ചമായ വേറെ ഏതു മാർഗമാണുള്ളത്? തിയോഡർ ജാരസ് നിർവഹിച്ച “ഗിലെയാദ് സ്ക്കൂളിന്റെ 50 വർഷം പുനരവലോകനം ചെയ്യൽ” എന്ന ഭാഗം ശ്രദ്ധിച്ചപ്പോൾ സദസ്യർ ആനന്ദഭരിതരായി.
സ്ക്കൂൾ സ്ഥാപിക്കുന്നതിലേക്കു നയിച്ച സാഹചര്യങ്ങൾ എന്തെല്ലാമായിരുന്നു? അദ്ദേഹത്തിനും മററു രണ്ടു അധ്യാപകർക്കും സ്ക്കൂൾ സംഘടിപ്പിക്കുന്നതിനു വെറും നാലു മാസമാണു നൽകപ്പെട്ടത് എന്നു ഷ്രോഡർ സഹോദരൻ വിശദീകരിച്ചു. “എന്നാൽ 1943 ഫെബ്രുവരി 1 തിങ്കളാഴ്ച്ചയായപ്പോഴേക്കും സമർപ്പണത്തിനായി ഞങ്ങൾ ഒരുങ്ങിയിരുന്നു.”
അയക്കപ്പെട്ട ആദ്യ മിഷനറിമാരെ സംബന്ധിച്ച് അത് എങ്ങനെയിരുന്നു? ഹെൻഷൽ സഹോദരൻ ഇങ്ങനെ അനുസ്മരിക്കുന്നു: “തങ്ങളോടൊപ്പം കൊണ്ടുപോകണമെന്ന് അവർ ആഗ്രഹിച്ച സാധനങ്ങൾ എല്ലാം നമ്മുടെ സൊസൈററിയുടെ ഷിപ്പിംഗ് വിഭാഗം മരപ്പെട്ടികളിൽ അടുക്കിക്കെട്ടികൊടുത്തു. അവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയപ്പോൾ അവർ അതു ശ്രദ്ധാപൂർവം തുറന്ന് അവരുടെ സാധനങ്ങൾ പുറത്തെടുത്തു. എന്നിട്ട് ആ മരപ്പെട്ടികൾകൊണ്ടു അവർ വീട്ടുപകരണങ്ങൾ ഉണ്ടാക്കി.” തുടർന്നു സൊസൈററി മിതമായി സജ്ജീകരിക്കപ്പെട്ട മിഷനറി ഭവനങ്ങൾ ക്രമീകരിച്ചുകൊടുത്തു എന്ന് അദ്ദേഹം കുറിക്കൊണ്ടു.
പരിപാടിയിൽ അടുത്തതായി, ഇപ്പോൾ യു.എസ്. ബെഥേൽ കുടുംബാംഗങ്ങളായിരിക്കുന്ന, ഗിലെയാദിന്റെ ആദിമ ക്ലാസ്സുകളിലെ ചില ബിരുദധാരികൾ തങ്ങളുടെ ഓർമകളും വികാരങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. അവരുടെ വിവരണങ്ങൾ സത്യമായും സദസ്യർ എല്ലാവർക്കും ഹൃദയസ്പർശിയായിരുന്നു.
“ആദ്യ ക്ലാസ്സിൽ സംബന്ധിക്കാൻ ക്ഷണം കിട്ടിയശേഷം എന്റെ അമ്മക്ക് അർബുദ ബാധയുള്ളതായി ഞാൻ മനസ്സിലാക്കി. എന്നാൽ 16 വയസ്സുമുതൽ പയനിയറിംഗ് നടത്തിയ ഒരുവളായിരുന്നതിനാൽ ക്ഷണം സ്വീകരിക്കാൻ അമ്മ എന്നെ ശക്തമായി ഉപദേശിച്ചു. തൻമൂലം സമ്മിശ്ര വികാരങ്ങളോടും യഹോവയിലുള്ള ആശ്രയത്തോടുംകൂടെ ഞാൻ സൗത്ത് ലാൻസിംഗിലേക്കു യാത്രയായി. ഗിലെയാദ് പരിശീലനം ഞാൻ പൂർണമായി ആസ്വദിക്കുകയും ആഴത്തിൽ മതിക്കുകയും ചെയ്തു. എന്റെ ബിരുദലബ്ധിക്കുശേഷം ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ അമ്മയുടെ ഭൗമിക ജീവിതഗതി അവസാനിച്ചു.”—മെക്സിക്കോയിലും എൽസാൽവഡോറിലും സേവിച്ച ഷാർലററ് ഷ്രൂഡർ.
“ഞാൻ ജീവിച്ചിരുന്ന ഭൂമിയുടെ ഭാഗത്ത് എന്റെ കാര്യത്തിൽ യഹോവ ശ്രദ്ധ പ്രകടമാക്കിയതുകൊണ്ടു ഞാൻ എവിടെ പോയാലും അപ്പോഴും അവിടം യഹോവയുടെ ഭൂമിതന്നെയെന്നും അവിടുന്ന് എന്നെ പരിരക്ഷിക്കുമെന്നും ഞാൻ കരുതിപ്പോന്നു. അതുകൊണ്ടു പ്രഥമ ക്ലാസ്സിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ ഞാൻ വളരെ സന്തുഷ്ടയായിരുന്നു.” മെക്സിക്കോയിലും എൽസാൽവഡോറിലും സേവിച്ച ജൂലിയ വിൽഡ്മൻ.
“അത് അത്ഭുതകരമായിരുന്നു! വാതിൽ തോറും ഞങ്ങൾക്കു സംസാരിക്കാൻ കഴിഞ്ഞു. ആദ്യ മാസത്തിൽ ഞാൻ 107 പുസ്തകങ്ങൾ സമർപ്പിക്കുകയും 19 ബൈബിൾ അധ്യയനങ്ങൾ നടത്തുകയും ചെയ്തു. രണ്ടാം മാസം എനിക്ക് 28 ബൈബിൾ അധ്യയനങ്ങൾ ഉണ്ടായിരുന്നു. നിശ്ചയമായും ഞങ്ങൾ ഇണങ്ങിച്ചേരേണ്ട ചില സംഗതികളുണ്ടായിരുന്നു—ഉഷ്ണം, ഈർപ്പം, മൂട്ട എന്നിവയുമായിത്തന്നെ. എന്നാൽ അവിടെ ആയിരിക്കുകയെന്നത് ഒരു അത്ഭുതകരമായ പദവിയായിരുന്നു. എന്നും ഞാൻ താലോലിക്കുന്ന ഒന്നാണത്.”—ക്യൂബയിലെ തന്റെ നിയമനത്തെക്കുറിച്ചു രണ്ടാമത്തെ ക്ലാസ്സിലെ മേരി ആഡംസ്.
“കാലാവസ്ഥയായിരുന്നു അലാസ്കയിൽ ഞങ്ങൾക്കു പോരാടേണ്ടിവന്ന വലിയ തടസ്സങ്ങളിൽ ഒന്ന്. വടക്കു വളരെ വളരെ ശൈത്യമായിരുന്നു. താപനില പൂജ്യം ഫാരൻഹീററിനു താഴേക്ക് 60 ഡിഗ്രിയോളവും അതിലും തണുപ്പുള്ളതും ആകുമായിരുന്നു. ദക്ഷിണ അലാസ്കയിലെ ഇന്ത്യൻ ഗ്രാമങ്ങളിലേക്കും ഒററപ്പെട്ട ചെറുപ്രദേശങ്ങളിലേക്കും ബോട്ടിലോ വിമാനത്തിലോ പോകണമായിരുന്നു.”—മൂന്നാമത്തെ ക്ലാസ്സിലെ ജോൺ എറികെററീ.
“ആത്മീയമായി ഞങ്ങളെ ബലിഷ്ഠമാക്കാനും അത്ഭുതപൂർവമായി ഞങ്ങൾക്ക് ഒരു ജീവിതഗതി കാണിച്ചുതരാനും യഹോവയിൽനിന്ന് അവിടുത്തെ സ്ഥാപനം മുഖാന്തരമുള്ള ഒരു ക്ഷണമായിരുന്നു ഗിലെയാദ്.”—അയർലൻഡിൽ സേവിച്ച 11-ാമത്തെ ക്ലാസ്സിലെ മിൽഡ്രഡ് ബാർ.
കൂടുതൽ രസകരമായ അഭിമുഖങ്ങളും അരങ്ങേറി—ലൂസീൽ ഹെൻഷൽ (വെനെസ്വേലയിൽ സേവിച്ച 14-ാമത്തെ ക്ലാസ്സുകാരി), മാർഗാരേററാ ക്ലീൻ (ബൊളീവയിൽ സേവിച്ച 20-ാമത്തെ ക്ലാസ്സുകാരി), ലൂസീൽ കോൾട്രപ് (പെറുവിൽ സേവിച്ച 24-ാമത്തെ ക്ലാസ്സുകാരി), ലറെയ്ൻ വാലൻ (ബ്രസ്സീലിൽ സേവിച്ച 27-ാമത്തെ ക്ലാസ്സുകാരി), വില്യമും സാഡ്രാ മലൻഫോണ്ട് (മൊറോക്കോയിൽ സേവിച്ച 34-ാമത്തെ ക്ലാസ്സുകാർ), ഗെരററ് ലോഷ് (ആസ്ട്രിയായിൽ സേവിച്ച 41-ാമത്തെ ക്ലാസ്സുകാരൻ), ഡേവിഡ് സ്പാൻ (സെനെഗലിൽ സേവിച്ച 42-ാമത്തെ ക്ലാസ്സുകാരൻ).
അധ്യാപകരായി സേവിച്ച സഹോദരൻമാരെ സംബന്ധിച്ചെന്ത്? അവരിൽ പലരുമായും അഭിമുഖം നടത്തി—റസ്സൽ കേഴ്സൺ, കാൾ ആഡംസ്, ഹരോൾഡ് ജാക്സൺ, ഫ്രഡ് റസ്ക്, ഹാരി പെലോയൻ, ജാക്ക് റെഡ്ഫോഡ്, യുളിസ്സസ് ഗ്ലാസ്. ഇന്നേ ദിവസംവരെ അതെങ്ങനെ തങ്ങളുടെ ജീവിതത്തെ ബാധിച്ചിരിക്കുന്നു എന്നു വിവരിച്ചുകൊണ്ട് അവർ തങ്ങളുടെ പദവികളിലേക്ക് പിന്തിരിഞ്ഞുനോക്കി.
ജപ്പാനിൽ സേവനമനുഷ്ഠിച്ച ലോയ്ഡ് ബാരി ഗിലെയാദിൽ പരിശീലിപ്പിക്കപ്പെട്ട മിഷനറിമാരുടെ കാര്യക്ഷമതക്കു പുളകപ്രദമായ സാക്ഷ്യം നൽകി. അവിടേക്കു 1949-ൽ 15 മിഷനറിമാരെ അയച്ചപ്പോൾ ജപ്പാനിൽ ആകമാനം 10-ൽ കുറഞ്ഞ പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 44 കൊല്ലങ്ങൾക്കുശേഷം ആ രാജ്യത്ത് 1,75,000 രാജ്യപ്രഘോഷകരായി അത് ഉയർന്നു! നൂററിയിരുപത്തഞ്ചു വ്യക്തികളെ സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും പടിയിലേക്ക് എത്താൻ സഹായിച്ച, 45 വർഷം പനാമയിലായിരുന്ന ഒരു മിഷനറി സഹോദരിയുടേതുൾപ്പെടെ ആളുകളെ സത്യത്തിലേക്ക് ആനയിക്കുന്നതിൽ മിഷനറിമാർക്കുണ്ടായ സവിശേഷമായ വിജയത്തെക്കുറിച്ചു റോബർട്ട് വാലെൻ പിന്നീടു പറഞ്ഞു.
സദസിലുണ്ടായിരുന്ന എല്ലാ ഗിലെയാദ് ബിരുദധാരികളേയും സ്റേറജിലേക്കു വരാൻ ക്ഷണിച്ചപ്പോൾ മുഴുപരിപാടിയുടെയും പാരമ്യം എത്തി. വാസ്തവത്തിൽ അതൊരു ഹൃദയസ്പർശിയായ നിമിഷമായിരുന്നു. സഹോദരീസഹോദരൻമാരുടെ നിരന്തര പ്രവാഹം—സന്ദർശകരായ ബിരുദധാരികളെക്കൂടാതെ ബെഥേൽ കുടുംബത്തിലെ 89 പേർ—ഹാളിന്റെ ഇടപ്പാതകളിലൂടെ സ്റേറജിലേക്കു നടന്നു നീങ്ങി. വർഷങ്ങളായി അധ്യാപകരായി സേവിച്ച സഹോദരൻമാരും 94-ാമത്തെ ക്ലാസ്സുകാരും അവരോടുകൂടെ ചേർന്നു—ആകെ 160-ഓളം പേർ!
“വിദേശനാടുകളിലേക്കു മിഷനറിമാരെ പരിശീലിപ്പിക്കുന്നതിൽ ഗിലെയാദ് സ്ക്കൂളിന്റെ വേലക്കു നിശ്ചിത വിജയമുണ്ടായിട്ടുണ്ടോ?” എന്നു ജാരക്സ് സഹോദരൻ ചോദിച്ചു. “കഴിഞ്ഞ 50 വർഷത്തെ തെളിവ് ഇടിമുഴങ്ങുംവിധമുള്ള ഒരു ഉവ്വ് തന്നെയാണ്.”
[25-ാം പേജിലെ ചിത്രം]
വാച്ച് ടവർ ഗിലെയാദ് ബൈബിൾ സ്ക്കൂളിന്റെ ബിരുദം നേടുന്ന 94-ാമത്തെ ക്ലാസ്സ്
ചുവടെ ചേർത്തിരിക്കുന്ന ലിസ്ററിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) ഡി ലാ ഗാർസാ സി.; ബോർഗ് ഇ.; അര്യാഗാ ഇ.; ചു ഇ.; പർവിസ് ഡി.; ഫോസ്ബെറി എ.; ഡെൽഗാഡോ എ.; ഡ്രേഷർ എൽ.; (2) സ്കോട്ട് വി.; ഫ്രീഡ്ലെൻഡ് എൽ.; കെട്ടൂളാ എസ്.; കോപ്ലൊൻഡ് ഡി.; അര്യാഗാ ജെ.; റൈറഡാ ജെ.; ഓൾസൺ ഇ.; വീഡെഗ്രേൻ എസ്.; (3) ഡെൽഗാഡോ എഫ്.; കീഗൻ എസ്.; ലേനനെൻ എ.; ഫിനിഗൻ ഇ.; ഫോസ്ബെറി എഫ്.; ഹോൾബ്രുക്ക് ജെ.; ബർഗ്ലണ്ട് എ.; ജോൺസ് പി.; (4) വാട്സൺ ബി.; ഫ്രിയാസ് സി.; ചു ബി.; ഹോൾബ്രൂക്ക് ജെ.; പർവിസ് ജെ.; ഫിനിഗൻ എസ്.; ജോൺസ് എ.; കൂച്ചിയാ എം.; (5) സ്കോട്ട് ജി.; കോപ്ലാൻഡ് ഡി.; ഡ്രേഷർ ബി.; ഡി ലാ ഗാർസാ ആർ.; ലേനനെൻ ഐ.; കീഗൻ ഡി.; വാട്സൺ ററി.; കെട്ടൂള എം.; വീഡെഗ്രൻ ജെ.; ബോർഗ് എസ്.; കൂച്ചിയാ എൽ.; ബർഗ്ലണ്ട് എ.; ഓൾസൺ ബി.; ഫ്രിയാസ് ജെ.; ഫ്രീഡ്ലൻഡ് ററി.; റൈറഡാ പി.