സത്വരം—യുദ്ധമില്ലാത്ത ഒരു ലോകം!
ആയിരത്തിത്തൊള്ളായിരത്തിപ്പതിനാല് ഡിസംബർ 24. ജിം പ്രിൻസ് എന്നു പേരുള്ള ഒരു യുവ ബ്രിട്ടീഷ് പട്ടാളക്കാരൻ ഒരു ജർമൻ കാലാൾഭടനോടു സംസാരിക്കാൻ ഇരുരാജ്യത്തിനും അവകാശമില്ലാത്ത സ്ഥലത്തുകൂടി നടന്നു. “ഞാനൊരു സാക്സനാണ്. നിങ്ങളൊരു ആംഗ്ലോ-സാക്സനും. നാം പൊരുതുന്നത് എന്തിനാണ്?” ജർമൻകാരൻ അദ്ദേഹത്തോടു ചോദിച്ചു. വർഷങ്ങൾക്കുശേഷം പ്രിൻസ് ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “ആ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും എനിക്കറിയില്ല.”
1914-ലെ അസാധാരണമായ ഒരു വാരക്കാലം ബ്രിട്ടീഷ്, ജർമൻ സൈന്യങ്ങളിലെ പട്ടാളക്കാർ സാഹോദര്യം പുലർത്തുകയും ഫുട്ബോൾ കളിക്കുകയും ചെയ്തു. അവർ ക്രിസ്മസ് സമ്മാനങ്ങൾ കൈമാറുകപോലും ചെയ്തു. ആ താത്കാലിക യുദ്ധവിരാമം തീർച്ചയായും അനൗദ്യോഗികമായ ഒന്നായിരുന്നു. യുദ്ധപ്രചാരണത്താൽ ചിത്രീകരിക്കപ്പെട്ടിരുന്ന ദുഷ്ടരാക്ഷസനല്ല “ശത്രു”വെന്നു തങ്ങളുടെ സൈന്യങ്ങൾ മനസ്സിലാക്കാൻ പട്ടാളമേധാവികൾ ആഗ്രഹിച്ചില്ല. ബ്രിട്ടീഷ് പട്ടാളക്കാരനായ ആൽബർട്ട് മോറൻ പിന്നീട് ഇപ്രകാരം അനുസ്മരിച്ചു: “വെടിനിർത്തൽ ഒരാഴ്ച കൂടി നീണ്ടുനിന്നിരുന്നെങ്കിൽ വീണ്ടും യുദ്ധം തുടങ്ങുക വളരെ പ്രയാസകരമായിരിക്കുമായിരുന്നു.”
ആരും പ്രേരിപ്പിക്കാതെയുള്ള ആ വെടിനിർത്തൽ സൂചിപ്പിക്കുന്നത്, പരിശീലനം നേടിയ അനേകം പട്ടാളക്കാർപോലും യുദ്ധമല്ല, സമാധാനമാണു കാംക്ഷിക്കുന്നത് എന്നാണ്. യുദ്ധത്തിന്റെ ഭീകരതകൾ മനസ്സിലാക്കിയിട്ടുള്ള മിക്ക പട്ടാളക്കാരും, “യുദ്ധമെന്തെന്ന് അറിയാത്തവൻ യുദ്ധത്തിനു പോകട്ടെ” എന്ന സ്പാനിഷ് പഴഞ്ചൊല്ലിനെ അംഗീകരിക്കും. ലോകവ്യാപകമായി പൊതുജനങ്ങളുടെ ഇടയിൽ ഒരു അഭിപ്രായ വോട്ടെടുപ്പു നടത്തിയാൽ വലിയോരു വിഭാഗം യുദ്ധമല്ല, സമാധാനമാണ് ഇഷ്ടപ്പെടുന്നതെന്ന് അതു വെളിപ്പെടുത്തും. സമാധാനത്തിനുവേണ്ടിയുള്ള ഈ സാർവത്രിക അഭിലാഷത്തെ ഒരു യുദ്ധരഹിത ലോകമാക്കി മാററാൻ എങ്ങനെ കഴിയും?
യുദ്ധത്തെ നിർമാർജനം ചെയ്യാൻ കഴിയുന്നതിനു മുമ്പു മനോഭാവങ്ങൾക്കാണു മാററം വരേണ്ടത്. യുഎൻ വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക സംഘടനയുടെ ഭരണഘടന ഇപ്രകാരം പ്രസ്താവിക്കുന്നു: “യുദ്ധം മനുഷ്യമനസ്സുകളിൽ തുടങ്ങുന്നതുകൊണ്ട്, സമാധാനമെന്ന പ്രതിരോധം പടുത്തുയർത്തേണ്ടത് മനുഷ്യമനസ്സുകളിലാണ്.” എന്നാൽ, അവിശ്വാസവും വിദ്വേഷവും അത്യധികം നടമാടുന്ന ഇന്നത്തെ സമൂഹം കൂടുതൽ സമാധാനപരമായിത്തീരുകയല്ല, മറിച്ച് ഏറെ അക്രമാസക്തമായിത്തീരുകയാണ്.
എന്നിരുന്നാലും, നീതിനിഷ്ഠമായ പ്രകൃതമുള്ളവരുടെ മനസ്സുകളിൽ ഒരു നാൾ സമാധാനം ആലേഖനം ചെയ്യപ്പെടുമെന്നു ദൈവംതന്നെ വാഗ്ദത്തം ചെയ്തു. തന്റെ പ്രവാചകനായ യശയ്യായിലൂടെ അവിടുന്ന് ഇപ്രകാരം പറഞ്ഞു: “അവൻ [ദൈവം] ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.”—യെശയ്യാവു 2:4.
മനസ്സമാധാനത്തെ പ്രോത്സാഹിപ്പിക്കൽ
അത്തരം ശ്രദ്ധേയമായ ഒരു മാററം ചിന്താഗതിയിൽ ഉണ്ടാകുമോ? യുദ്ധത്തെ വാഴ്ത്തുന്നതിനു പകരം സമാധാനത്തെ കാത്തുരക്ഷിക്കാൻ ആളുകൾ എന്നെങ്കിലും പഠിക്കുമോ? വോൾഫ്ഗാങ് കുസ്സെറോവിന്റെ ദൃഷ്ടാന്തമെടുക്കുക. 1942-ൽ നാസികൾ 20 വയസ്സുള്ള ഈ ജർമൻകാരന്റെ തലയറുത്തു, കാരണം അദ്ദേഹം ‘യുദ്ധം അഭ്യസിക്കുമായിരുന്നില്ല.’ അദ്ദേഹം മരണം തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? “നീ നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം,” “വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും” എന്നിങ്ങനെയുള്ള തിരുവെഴുത്തു തത്ത്വങ്ങൾ ഒരു ലിഖിത പ്രസ്താവനയിൽ അദ്ദേഹം ഉദ്ധരിച്ചു. (മത്തായി 22:39, NW; 26:52) എന്നിട്ട് അദ്ദേഹം സ്പഷ്ടമായി ഇങ്ങനെ ചോദിച്ചു: “നമ്മുടെ സ്രഷ്ടാവ് ഇതെല്ലാം എഴുതിച്ചിരിക്കുന്നത് മരങ്ങൾക്കുവേണ്ടിയാണോ?”
ബൈബിളിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ വചനം “ശക്തി ചെലുത്തുന്നു,” അനന്തരഫലങ്ങൾ ഗണ്യമാക്കാതെ സമാധാനം പിന്തുടരാൻ യഹോവയുടെ ഈ യുവസാക്ഷിയെ അതു പ്രേരിപ്പിച്ചു. (എബ്രായർ 4:12, NW; 1 പത്രൊസ് 3:11) ഇപ്രകാരം സമാധാനത്തെ പിന്തുടർന്നത് വോൾഫ്ഗാങ് കുസ്സെറോവ് മാത്രമല്ല. ആയുധമേന്താൻ യഹോവയുടെ സാക്ഷികൾ ഒരു കൂട്ടമായിത്തന്നെ വിസമ്മതിച്ചതായി സാക്ഷ്യപ്പെടുത്തുന്ന നാസി ആധാരരേഖകളെ സഭകളുടെമേലുള്ള നാസിപീഡനം 1933-45 എന്ന [ഇംഗ്ലീഷ്] ഗ്രന്ഥത്തിൽ ജെ. എസ്. കോൺവേ പരാമർശിക്കുന്നു. കോൺവേ ചൂണ്ടിക്കാട്ടുന്നതുപോലെ അത്തരം ധീരോദാത്തമായ ഒരു നിലപാടിന്റെ അർഥം ഒടുവിൽ തങ്ങളുടെ സ്വന്തം മരണവാറണ്ടിന് ഒപ്പിടുക എന്നതായിരുന്നു.
തങ്ങളുടെ വർഗ, ദേശ ഭേദമെന്യേ യഹോവയുടെ സാക്ഷികൾ ഇന്ന് അനുസ്യൂതം സമാധാനം പിന്തുടരുന്നു. എന്തുകൊണ്ട്? എന്തെന്നാൽ ദൈവത്തിന്റെ യഥാർഥ ദാസൻമാർ തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കേണ്ടതുണ്ടെന്ന് അവർ ബൈബിളിൽനിന്നു പഠിച്ചിരിക്കുന്നു. 1987-ൽ ഇസ്രായേലിലേക്കു കുടിയേറിയ യുവ അർജൻറീനക്കാരനായ അലെകാണ്ട്രോയ്ക്കു വ്യക്തിപരമായി ഈ വസ്തുതയെ സാക്ഷ്യപ്പെടുത്താൻ കഴിയും.
ഒരു സർവകലാശാലയിൽ പഠിച്ചുകൊണ്ടിരിക്കേ പല ഹോട്ടലുകളിലും റെസ്റററൻറുകളിലും ജോലി ചെയ്തുകൊണ്ട് മൂന്നു വർഷത്തോളം അലെകാണ്ട്രോ ഒരു യഹൂദ്യ കോളനിയിൽ (kibbutz) താമസിച്ചു. ഈ കാലത്ത് അദ്ദേഹം ബൈബിൾ വായിക്കാനും ജീവിതത്തിലെ ഉദ്ദേശ്യത്തെക്കുറിച്ച് അന്വേഷിക്കാനും തുടങ്ങി. സർവോപരി, സമാധാനവും നീതിയും ആസ്വദിക്കാൻ കഴിയുന്ന ഒരു ലോകം കാണാൻ അദ്ദേഹം ആഗ്രഹിച്ചു. ഒരു യഹൂദനായ അലെകാണ്ട്രോ യഹൂദൻമാരുടെയും അറബികളുടെയും കൂടെ ജോലി ചെയ്തെങ്കിലും അവരിൽ ഒരു പക്ഷത്തോടും പ്രത്യേക പ്രീതി കാണിച്ചില്ല.
യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ഒരു സ്നേഹിതൻ 1990-ൽ അലെകാണ്ട്രോയെ ഹൈഫയിലെ ഒരു ഏകദിന സമ്മേളനത്തിനു ക്ഷണിച്ചു. സമ്മേളനത്തിൽ യഹൂദൻമാരും അറബികളും വരുന്ന 600 പേർ സന്തോഷപൂർവം ഇടകലരുന്നതു കണ്ടപ്പോൾ വിസ്മയംപൂണ്ട അദ്ദേഹം, ‘ആളുകൾ ജീവിക്കേണ്ട ശരിയായ വിധം ഇതാണ്’ എന്നു തന്നോടുതന്നെ പറഞ്ഞു. ആറു മാസത്തിനുള്ളിൽ അയാൾ ഒരു സാക്ഷിയായിത്തീർന്നു, ഇപ്പോൾ അദ്ദേഹം തന്റെ സമയത്തിലേറെയും ബൈബിളിന്റെ സമാധാനസന്ദേശം പങ്കുവയ്ക്കാൻ ചെലവിടുന്നു.
ദൈവം സമാധാനം കൈവരുത്തുന്ന വിധം
ഈ ദൃഷ്ടാന്തങ്ങൾ ഹൃദയസ്പർശിയാണ്, അതുപോലെതന്നെ ഇന്നത്തെ ലോകത്തിൽ അവ വിരളവുമാണ്. ഇപ്പോഴത്തെ വ്യവസ്ഥിതി സമാധാനത്തിന് അധരസേവ മാത്രം അർപ്പിക്കുമ്പോൾ, യുദ്ധത്തിന്റെ വിത്തുകൾക്ക് അതു വെള്ളമൊഴിക്കുകയാണ്. താമസക്കാർ തങ്ങളുടെ വരുമാനത്തിന്റെ 7 ശതമാനത്തിനും 16 ശതമാനത്തിനും ഇടയ്ക്കുള്ള ഒരംശം തോക്കുകൾക്കും ഭവനസംരക്ഷണത്തിനും വേണ്ടി ചെലവിടുന്ന ഒരു തെരുവിൽ ജീവിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുമോ? ഫലത്തിൽ, സമീപ വർഷങ്ങളിലെ സൈനികച്ചെലവുകളിലൂടെ രാഷ്ട്രങ്ങൾ ചെയ്തുകൊണ്ടിരുന്നിട്ടുള്ളത് അതാണ്. ‘അനേകം ജനങ്ങളോടുള്ള ബന്ധത്തിൽ ദൈവം കാര്യങ്ങളെ നേരെയാക്കു’ന്നതുവരെ മുഴുമനുഷ്യവർഗവും അതിന്റെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കുകയില്ല എന്നു യശയ്യായുടെ പ്രവചനം വെളിപ്പെടുത്തുന്നത് ആശ്ചര്യകരമല്ല. എന്നാൽ ദൈവം കാര്യങ്ങളെ എപ്രകാരം നേരെയാക്കും?
കാര്യങ്ങളെ നേരെയാക്കാനുള്ള പ്രമുഖ മാർഗം യഹോവയാം ദൈവത്തിന്റെ രാജ്യമാണ്. ‘സ്വർഗത്തിലെ ദൈവം ഒരുനാളും നശിച്ചുപോകുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കു’മെന്നു [NW] പ്രവാചകനായ ദാനിയേൽ മുൻകൂട്ടിപ്പറഞ്ഞു. ആ രാജ്യം “ഈ രാജത്വങ്ങളെ [ലോക ഗവൺമെൻറുകളെ] ഒക്കെയും തകർത്തു നശിപ്പിക്കുകയും എന്നേക്കും നിലനില്ക്കുകയും ചെയ്യും” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. (ദാനീയേൽ 2:44) മുഴു ഭൂമിയുടെയും മേൽ ദൈവരാജ്യം അതിന്റെ നിയന്ത്രണം ഉറപ്പായി സ്ഥാപിക്കുമെന്ന് ഈ വാക്കുകൾ വെളിപ്പെടുത്തുന്നു. ദേശീയ അതിർത്തികളെ എടുത്തുമാററിക്കൊണ്ട് ഈ രാജ്യം കിടമത്സരങ്ങളെ ഇല്ലാതാക്കും. മാത്രമല്ല, അതിലെ പ്രജകൾ “യഹോവയാൽ പഠിപ്പിക്കപ്പെട്ട വ്യക്തികൾ” ആയിരിക്കുമെന്നതുകൊണ്ട് അവരുടെ സമാധാനം “സമൃദ്ധമായിരിക്കും.” (യശയ്യാ 54:13, NW) “നിന്റെ രാജ്യം വരേണമേ” എന്നു ദൈവത്തോടു പ്രാർഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചത് ആശ്ചര്യമല്ല!—മത്തായി 6:10.
മതപരമായ തടസ്സങ്ങളെ നീക്കം ചെയ്യൽ
സമാധാനത്തിനു വിഘാതമായി നിലകൊള്ളുന്ന മതപരമായ തടസ്സങ്ങളെയും ദൈവം നീക്കം ചെയ്യും. പൊ. യു. [പൊതുയുഗം] 1095-ൽ അർബൻ രണ്ടാമൻ പാപ്പ കുരിശുയുദ്ധങ്ങൾ അഥവാ “വിശുദ്ധ യുദ്ധങ്ങൾ”ക്കു തുടക്കമിട്ടു.a ചരിത്രത്തിൽ ഏററവുമധികം കാലം നീണ്ടുനിന്ന ആ സായുധ പോരാട്ടത്തിന്റെ പിന്നിൽ ഉണ്ടായിരുന്നതു മതമാണ്. നമ്മുടെ നൂററാണ്ടിൽ തികച്ചും ലൗകിക സ്വഭാവമുള്ള യുദ്ധങ്ങൾക്കുപോലും പ്രോത്സാഹനമേകി ജനപിന്തുണ നേടാൻ ശ്രമിക്കുന്നതിൽ പ്രമുഖരായിരുന്നിട്ടുള്ളതു പുരോഹിതവർഗമാണ്.
ഒന്നാം ലോകമഹായുദ്ധകാലത്തെ സാധാരണ ക്രിസ്തീയ സഭകളുടെ പങ്കിനെ പരാമർശിച്ചുകൊണ്ടു ചരിത്രകാരനായ പോൾ ജോൺസൺ ഇപ്രകാരം എഴുതി: “ദേശീയതയ്ക്കു മുമ്പായി ക്രിസ്തീയ വിശ്വാസത്തെ പ്രതിഷ്ഠിക്കാൻ പുരോഹിതൻമാർക്കു കഴിയാതെപോയി, അങ്ങനെ ചെയ്യാൻ അവർ ഏറെയും മനസ്സില്ലാത്തവരായിരുന്നു. മിക്കവരും ക്രിസ്ത്യാനിത്വത്തെ ദേശഭക്തിയോടു തുലനപ്പെടുത്തിക്കൊണ്ട് എളുപ്പമാർഗം സ്വീകരിച്ചു. തങ്ങളുടെ രക്ഷകന്റെ നാമത്തിൽ പരസ്പരം കൊല്ലാൻ എല്ലാ വിഭാഗങ്ങളിലുംപെട്ട ക്രിസ്തീയ യോദ്ധാക്കൾ ആഹ്വാനം ചെയ്യപ്പെട്ടു.”
സമാധാനത്തെ പരിപോഷിപ്പിക്കുന്നതിനെക്കാളധികം യുദ്ധത്തിനു തീ കൊളുത്താനാണു മതം പ്രവർത്തിച്ചിട്ടുള്ളത്. വാസ്തവത്തിൽ, ലോകത്തിലെ ഭരണാധികാരികളുടെ മോഹങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു “വേശ്യ”യായി വ്യാജമതത്തെ ബൈബിൾ ചിത്രീകരിക്കുന്നു. (വെളിപ്പാടു 17:1, 2) ഭൂമിയിൽവച്ചു കൊല്ലപ്പെട്ടിട്ടുള്ള എല്ലാവരുടെയും രക്തച്ചൊരിച്ചിലിന് ഉത്തരവാദിയായിരിക്കുന്ന മുഖ്യ പാതകിയായി ദൈവം അവളെ പ്രഖ്യാപിക്കുന്നു. (വെളിപ്പാടു 18:24) അതുകൊണ്ട്, സമാധാനത്തിനു വിഘാതമായി നിൽക്കുന്ന ഈ ഘടകത്തെ യഹോവ എന്നേക്കുമായി നീക്കം ചെയ്യും.—വെളിപ്പാടു 18:4, 5, 8.
രാഷ്ട്രീയം, വ്യാജമതം എന്നീ ഭിന്നിപ്പിക്കുന്ന ഘടകങ്ങൾ തിരോഭവിച്ചാൽപ്പോലും, ഏററവും വലിയ യുദ്ധക്കൊതിയനായ പിശാചായ സാത്താനെ നീക്കം ചെയ്യാത്തപക്ഷം സമാധാനം ഒരിക്കലും ഭദ്രമായിരിക്കില്ല. ഭൂമിയിൽ സമ്പൂർണ സമാധാനം കൈവരുത്താനുള്ള പരിപാടിയിൽ ദൈവരാജ്യം ഏറെറടുക്കുന്ന അതിന്റെ അന്തിമ ജോലിയായിരിക്കും അത്. “മേലാൽ ജനതകളെ വഴിതെററിക്കാതിരിക്കേണ്ടതിന്” സാത്താനെ “പിടിച്ചു കെട്ടി . . . കൂപത്തിലേക്കു എറിഞ്ഞുകള”യും എന്നു ബൈബിളിലെ വെളിപാടുപുസ്തകം വിശദീകരിക്കുന്നു. അതിനുശേഷം അവൻ പൂർണമായും നശിപ്പിക്കപ്പെടും.—വെളിപ്പാടു 20:2, 3, 10.
യുദ്ധത്തിന് ഒരറുതി വരുമെന്ന ബൈബിളിന്റെ വാഗ്ദത്തം വ്യർഥമായ ഒരു സ്വപ്നമല്ല. സമാധാനത്തിനുവേണ്ടിയുള്ള യഹോവയാം ദൈവത്തിന്റെ ക്രമീകരണം ഇപ്പോൾത്തന്നെ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. അവിടുത്തെ രാജ്യം സ്വർഗങ്ങളിൽ സ്ഥാപിതമായിരിക്കയാണ്, അതിപ്പോൾ ആഗോള സമാധാനം ഉറപ്പുവരുത്തുന്നതിനായി കൂടുതൽ നടപടികൾ സ്വീകരിക്കാൻ സജ്ജമാണ്. ഇതിനിടെ ഈ സ്വർഗീയ ഗവൺമെൻറിനെ പിന്താങ്ങുന്ന ലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികൾ സമാധാനത്തോടെ ജീവിക്കാൻ പഠിച്ചിരിക്കുന്നു.
അപ്പോൾ, വ്യക്തമായും യുദ്ധങ്ങൾ ഒഴിച്ചുകൂടാനാവാത്തവയല്ല എന്നു വിശ്വസിക്കാൻ നമുക്ക് ഉറപ്പുള്ള കാരണങ്ങളുണ്ട്. ഇനിയും അതിലും മെച്ചമായി, യഹോവ യുദ്ധത്തെ എന്നേക്കുമായി അവസാനിപ്പിക്കുന്ന ഒരു ദിവസത്തിനുവേണ്ടി നമുക്കു കാത്തിരിക്കാം. (സങ്കീർത്തനം 46:9) സത്വരം യുദ്ധമില്ലാത്ത ഒരു ലോകം ഉണ്ടായിരിക്കുമെന്ന് അവിടുന്ന് ഉറപ്പു വരുത്തും.
[അടിക്കുറിപ്പ്]
a ചിലയവസരങ്ങളിൽ മതനേതാക്കൻമാർത്തന്നെ യോദ്ധാക്കളായി മാറി. ഹേസ്ററിങ്സ് യുദ്ധത്തിൽ (1066), വാളിനു പകരം ഒരു വടി ഉപയോഗിച്ചുകൊണ്ട് കത്തോലിക്കാ ബിഷപ്പായ ഓഡോ യുദ്ധത്തിലെ തന്റെ സജീവ ഉൾപ്പെടലിനെ ന്യായീകരിച്ചു. രക്തം ചൊരിയാത്തപക്ഷം ദൈവത്തിന്റെ ഒരു മനുഷ്യനു നിയമാനുസൃതമായി കൊല്ലാൻ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. അഞ്ചു നൂററാണ്ടുകൾക്കുശേഷം കർദിനാൾ കീമെൻസ് ഉത്തര ആഫ്രിക്കയുടെ മേലുള്ള സ്പാനീഷ് ആക്രമണത്തിനു വ്യക്തിപരമായി നേതൃത്വം നൽകി.
[7-ാം പേജിലെ ചിത്രം]
യുദ്ധമില്ലാത്ത ഒരു പുതിയ ലോകത്തിൽ നിങ്ങൾക്കു ജീവിക്കാനാകും