രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
“ദൈവത്തിന്നു മുഖപക്ഷമില്ല”
“ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു” എന്നും പത്തൊമ്പതു നൂററാണ്ടുകൾക്കു മുമ്പ്, നിശ്വസ്ത അപ്പോസ്തലനായ പത്രോസ് പറയുകയുണ്ടായി. (പ്രവൃത്തികൾ 10:34, 35) എല്ലാ വർഗങ്ങളിൽനിന്നും മതപശ്ചാത്തലങ്ങളിൽനിന്നുമുള്ള ആളുകൾ യഹോവയുടെ സാക്ഷികളുടെ ഇടയിൽ ഉണ്ട്. അവർ നീതി ആഗ്രഹിക്കുന്നു, ദൈവത്തെ ഭയപ്പെടുന്നു. യഹോവ അവരെയെല്ലാം ഒരു പുതിയലോക സമൂഹത്തിലേക്കു സ്വാഗതം ചെയ്യുന്നു. ഉദാഹരണത്തിന്, ഛാഡിലെ ഒരു സ്ത്രീക്ക് ഉണ്ടായത് അത്തരമൊരു അനുഭവമാണ്.
ഈ സ്ത്രീക്കു തന്റെ മതത്തിൽ ഒരു തൃപ്തിയുമില്ലായിരുന്നു. വർഷങ്ങൾക്കു മുമ്പ് അവർക്കു യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക എന്ന പുസ്തകത്തിന്റെ ഒരു പ്രതി ലഭിച്ചിരുന്നു, അതിലെ ഉത്കൃഷ്ട ബുദ്ധ്യുപദേശം അവർ വിലമതിക്കുകയും ചെയ്തിരുന്നു. ഒരു ബൈബിളധ്യയനം ആരംഭിച്ചു, അധ്യയനത്തിന് അവർ ഒരിക്കലും മുടക്കംവരുത്തിയില്ല. എന്നിരുന്നാലും, യോഗങ്ങൾക്കു ഹാജരാകാൻ പ്രോത്സാഹിപ്പിച്ചപ്പോൾ അവർ പ്രതികരിച്ചില്ല. എന്തുകൊണ്ട്? പഠിക്കുന്ന കാര്യത്തിൽ അവളെ ഭർത്താവ് എതിർത്തില്ലെങ്കിലും രാജ്യഹാളിലെ യോഗങ്ങളിൽ സംബന്ധിക്കാൻ അദ്ദേഹം അനുവാദം നൽകിയില്ല.
ഭാര്യക്കു സർക്കിട്ട് സമ്മേളനത്തിൽ സംബന്ധിക്കാനാഗ്രഹം. അപ്പോൾ, അധ്യയനം എടുക്കുന്ന സാക്ഷി, അവതരിപ്പിക്കപ്പെടാനിരിക്കുന്ന ബുദ്ധ്യുപദേശങ്ങൾ എടുത്തു പറഞ്ഞുകൊണ്ടു ഭർത്താവിനെ കാര്യപരിപാടി കാണിച്ചുകൊടുത്തു. ഭാര്യയെ പോകാൻ അനുവദിച്ചു, പക്ഷേ “ഒററ പ്രാവശ്യത്തേക്കു മാത്രം.” അവർ അതിൽ സംബന്ധിക്കുകയും പരിപാടി ശരിക്കും ആസ്വദിക്കുകയും ചെയ്തു. താൻ പഠിച്ചതെല്ലാം അവർ ഭർത്താവിനോടു വിശദീകരിച്ചുകഴിഞ്ഞപ്പോൾ മററു യോഗങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് അദ്ദേഹം അവരെ തടഞ്ഞില്ല. പരസ്പരം വളരെ കാര്യമായി കണക്കാക്കിയ വ്യത്യസ്ത വംശജരായ ആളുകൾ നിറഞ്ഞതാണു സഭ എന്ന സംഗതിയിൽ അവർ ആകൃഷ്ടയായി. പിന്നീട് അവർ ഡിസ്ട്രിക്ററ് കൺവെൻഷനിൽ പങ്കെടുത്തു. തന്റെ കുട്ടികൾ മററു രാജ്യങ്ങളിൽനിന്നുള്ള സാക്ഷികളുടെ മടിയിലിരിക്കുന്നതുകണ്ട് അവർ അന്തംവിട്ടുപോയി. സാക്ഷികൾ ഭക്ഷണം പങ്കുവെക്കുകയും ഒരു വലിയ കുടുംബത്തിലെ അംഗങ്ങളെപ്പോലെ അവരോടു പെരുമാറുകയും ചെയ്തു. ഇത് അവർക്ക് ഒരു വഴിത്തിരിവായി.
പക്ഷേ പിന്നാലെ എതിർപ്പും ഉണ്ടായി. പേടിയുള്ള പ്രകൃതക്കാരി ആയിരുന്നെങ്കിലും അവർ യോഗങ്ങളിൽ ഉത്തരം പറയാൻ തുടങ്ങി, ബന്ധുക്കളുടെയും അയൽക്കാരുടെയും കൊള്ളിവാക്കുകളെ ധൈര്യപൂർവം നേരിട്ടു. ഭർത്താവുമൊത്ത് അനേകവർഷം ഒരുമിച്ചു ജീവിച്ചിരുന്നുവെങ്കിലും അവരുടേത് പരസ്പരസമ്മതപ്രകാരമുള്ള പരമ്പരാഗത വിവാഹമായിരുന്നു. നിയമപരമായി വിവാഹിതരാകണം എന്ന വിഷയം അവർക്ക് എങ്ങനെയാണ് ഒന്നെടുത്തിടാനാവുക? ആത്മാർഥമായി യഹോവയോടു പ്രാർഥിച്ചശേഷം അവർ ഭർത്താവിനോട് അതേക്കുറിച്ചു സംസാരിച്ചു. നോക്കട്ടെ, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അവസാനം അദ്ദേഹം അതു ചെയ്തു, അവർ നിയമപരമായി വിവാഹിതരായി.
കൂടെ താമസിച്ചിരുന്ന നാത്തൂൻ പല പ്രശ്നങ്ങളും സൃഷ്ടിച്ചു, എന്നാൽ ഭാര്യക്ക് അനുകൂലമായ നിലപാടായിരുന്നു ഭർത്താവിന്റേത്. അങ്ങനെയിരിക്കെയാണു ഭർത്താവിന്റെ പിതാവ് ഒരു സന്ദർശനത്തിനെത്തിയത്. മതം മാറിയ ഭാര്യയിൽനിന്നു വിവാഹം മോചനം നേടി അവരെ പറഞ്ഞുവിടാൻ പിതാവു പുത്രനോടു കല്പിച്ചു. “ഏറെ മെച്ചപ്പെട്ട ഭാര്യ”യെ സംഘടിപ്പിക്കാനുള്ള പുരുഷധനം താൻ തരാമെന്നു പിതാവു മകനോടു പറഞ്ഞു. “സാധ്യമല്ല, അതു ചെയ്യാൻ ഞാനൊരുക്കമല്ല. നല്ല ഭാര്യയാണവൾ. അവൾക്കു പോകണമെന്നാണ് ആഗ്രഹമെങ്കിൽ, അതു വേറെ കാര്യം, എന്നാൽ ഞാൻ അവളോടു പോകാൻ പറയുന്ന പ്രശ്നമില്ല.” അമ്മായിയപ്പനോടു ഭാര്യ വളരെ മര്യാദപൂർവം പെരുമാറി, തന്റെ പെരുമാററത്തിൽ അയാൾക്കുതന്നെ ലജ്ജതോന്നി. എന്നുവരികിലും, തന്റെ ഗ്രാമത്തിൽ മടങ്ങിയെത്തിയ അയാൾ മകന് എഴുതി, ഇപ്രാവശ്യം അതൊരു അന്ത്യശാസനമായിരുന്നു. ഭാര്യയെ പറഞ്ഞുവിടാൻ കൂട്ടാക്കുന്നില്ലെങ്കിൽ തനിക്ക് മേലാൽ അങ്ങനെയൊരു മകൻ ഇല്ലെന്നു കരുതും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വീണ്ടും പുത്രൻ ഭാര്യയെ പിന്തുണച്ചു. ഭർത്താവ് അത്തരം ഉറച്ചനിലപാട് എടുക്കുന്നതു കണ്ട ഭാര്യയുടെ സന്തോഷമൊന്നു ചിന്തിച്ചുനോക്കുക.
ഇപ്പോൾ അമ്മയോടൊപ്പം രാജ്യഹാളിലേക്കു വരുവാൻ അവരുടെ രണ്ടു ചെറിയ ആൺമക്കൾക്കും താത്പര്യമാണ്. പ്രസംഗമുള്ളവരെല്ലാം ടൈ കെട്ടിവരുന്നതു കണ്ട അവർ പിതാവിനോടു തങ്ങൾക്കും ടൈ വേണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോൾ ഈ സ്ത്രീ ഒരു സ്നാപനമേററ സഹോദരിയാണ്.
ഛാഡിൽ യഹോവയുടെ രാജ്യത്തിന്റെ സുവാർത്ത അറിയിക്കുന്ന, സത്യമായും “ദൈവത്തിന്നു മുഖപക്ഷമില്ല” എന്ന വസ്തുതയെ വിലമതിക്കുന്ന 345 സന്തുഷ്ടരായ സാക്ഷികളിൽ ഒരുവളാണ് ഈ സ്ത്രീ.