യഹോവയുടെ സാക്ഷികൾ ലോകത്തിനു ചുററും—ബഹാമസ്
ബഹാമസ് എന്ന രാഷ്ട്രം—3,000 ദ്വീപുകളും തുരുത്തുകളും അടങ്ങുന്ന ഒരു ദ്വീപസമൂഹം—ഫ്ളോറിഡക്കും ക്യൂബക്കും ഇടയിൽ നീലയും പച്ചയും കലർന്ന സമുദ്രത്തിൽ പവിഴമാലപോലെ 900 കിലോമീററർ ദൂരത്തിൽ നീണ്ടുകിടക്കുന്നു. അതിന്റെ 2,67,000 നിവാസികൾക്കിടയിൽ രാജ്യപ്രസാധകരുടെ വർധിച്ചുവരുന്ന ഒരു കൂട്ടമുണ്ട്. അവരുടെ സ്തുതിഗീതം യെശയ്യാവു 42:10-12-നെ മനസ്സിലേക്കു കൊണ്ടുവരുന്നു: “സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവെക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അററത്തുനിന്നു അവന്നു സ്തുതിയും പാടുവിൻ. . . . ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കയും മലമുകളിൽനിന്നു ആർക്കുകയും ചെയ്യട്ടെ, അവർ യഹോവെക്കു മഹത്വം കൊടുത്തു അവന്റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ.”
പുതുവിശ്വാസത്തിനു വെല്ലുവിളി നേരിടുന്നു
1992 ജൂലൈയിൽ ഒരു നിരന്തരപയനിയർ (ഒരു മുഴുസമയ രാജ്യപ്രഘോഷകൻ) ഒരു ബിസിനസ് പരിചയക്കാരന് നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന ബൈബിൾ പഠനസഹായി സമർപ്പിച്ചു. അയാൾ ആ പുസ്തകം വായിച്ചശേഷം ഇങ്ങനെ സ്വയം പറഞ്ഞു, ‘ഞാൻ പരിശോധിക്കേണ്ട ഒന്നുതന്നെയാണ് ഈ മതം.’ അടുത്ത രണ്ടു ഞായറാഴ്ചകളിൽ അയാൾ യഹോവയുടെ സാക്ഷികളുടെ രണ്ടു വ്യത്യസ്ത രാജ്യഹാളുകളിലെ യോഗങ്ങൾക്കു സംബന്ധിച്ചു. പിന്നീട് അയാളോടൊത്ത് ഒരു ബൈബിളധ്യയനം ആരംഭിച്ചു. എന്നിരുന്നാലും, ബൈബിൾ പഠനം തുടങ്ങി വെറും ആറാഴ്ച കഴിഞ്ഞപ്പോൾ അയാളുടെ പുതുവിശ്വാസത്തെ പരിശോധിക്കാൻപോന്ന ഒരു വെല്ലുവിളി ഉയർന്നുവന്നു—ജൻമദിനാഘോഷങ്ങൾ.
ഈ ബിസിനസുകാരന്റെ കുടുംബം അത്തരം ആഘോഷങ്ങളിൽ വളരെയധികം ഉൾപ്പെട്ടിരുന്നു, എന്നാൽ ദൈവവചനത്തോടുള്ള അയാളുടെ സ്നേഹം ബൈബിൾ പഠനം തുടരാൻ അയാൾക്കു പ്രചോദനമേകി. തിരുവെഴുത്തു സത്യത്തെക്കുറിച്ചുള്ള അയാളുടെ അറിവിനോടൊപ്പം ജൻമദിനാഘോഷങ്ങൾ, ലോകവിശേഷദിവസങ്ങൾ, അവ സംബന്ധിച്ച യഹോവയുടെ വീക്ഷണം എന്നിവയെക്കുറിച്ചുള്ള അയാളുടെ ഗ്രാഹ്യവും വർധിച്ചു.
ഈ മമനുഷ്യന്റെ ഭാര്യ പിതൃക്കളുടെ ഓർമദിവസം ഒരു സാമൂഹിക കൂടിവരവ് സംഘടിപ്പിച്ചപ്പോൾ അയാൾ അതിൽ സംബന്ധിക്കുന്നതിനു മര്യാദപൂർവം വിസമ്മതിച്ചു. എന്നാൽ, തന്നെ അയാൾ മേലാൽ സ്നേഹിക്കുന്നില്ലെന്നും തനിക്കും കുടുംബത്തിനും മുമ്പായി തന്റെ മതത്തെ പ്രതിഷ്ഠിക്കുകയാണെന്നും അവൾക്കു തോന്നി. ബൈബിളിൽനിന്നു താൻ പഠിക്കുന്ന സംഗതി ബാധകമാക്കുന്നത് ഒരു മെച്ചപ്പെട്ട ഭർത്താവും പിതാവുമായിത്തീരാൻ തന്നെ സഹായിക്കുകയാണെന്ന് അദ്ദേഹം ദയാപുരസ്സരം വിശദീകരിച്ചു. ക്രമേണ തിരുവെഴുത്തു സത്യത്തോട് അദ്ദേഹത്തിനുള്ള സ്നേഹത്തിൽ അവളുടെ വിലമതിപ്പ് വർധിക്കാൻ തുടങ്ങി. അവൾ ബൈബിൾ പഠിക്കാൻ സമ്മതിക്കുകയും ചെയ്തു. ഇപ്പോൾ അയാൾ തന്റെ കുടുംബത്തോടൊത്ത് ഒരു ബൈബിളധ്യയനം നടത്തുന്നു. ഈ കഴിഞ്ഞ വർഷത്തെ “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനിൽ അദ്ദേഹം എത്ര സന്തോഷവാനായിരുന്നു! സന്നിഹിതരായിരുന്ന അയാളുടെ ഭാര്യയും മകളും അയാൾ സ്നാപനമേൽക്കുന്നതു നിരീക്ഷിച്ചു.
കുടിയേററക്കാർ നവഗീതം ശ്രവിക്കുന്നു
ആയിരക്കണക്കിനു ഹെയ്തിയൻ കുടിയേററക്കാർ ബഹാമസിലെ ജനസമൂഹത്തോട് ഇടകലരുകയാണ്. അവരും രാജ്യസത്യത്തിന്റെ നവഗീതം ശ്രവിക്കേണ്ടതുണ്ട്. ഹെയ്തിയൻ വംശജരായ രണ്ട് അമേരിക്കൻ ദമ്പതിമാർ എത്തിയതിൽ ബഹാമസിൽ താമസിക്കുന്ന സാക്ഷികൾ നന്ദിയുള്ളവരാണ്. ഗ്രാൻഡ് ബഹാമാ, അബാക്കോ ദ്വീപുകളിൽ പുതുതായി രൂപംകൊണ്ട ഹെയ്തിയൻ കൂട്ടങ്ങളെ ബലപ്പെടുത്താൻ ഈ വ്യക്തികൾ സഹായിച്ചിട്ടുണ്ട്.
രാജ്യസന്ദേശത്തിൽ തത്പരരായ ഹെയ്തിയൻ നിവാസികൾക്കു കൂടുതലായ ഒരു സഹായമെന്ന നിലയിൽ 1993 ജൂലൈ 31 മുതൽ ആഗസ്ററ് 1 വരെ ബഹാമസിലെ ആദ്യത്തെ ക്രെയോൾ ഡിസ്ട്രിക്ററ് കൺവെൻഷൻ നടന്നു. ഹാജർ 214 വരെയെത്തി. പുതുതായി സമർപ്പിച്ച മൂന്നു പേർ സ്നാപനമേൽക്കുകയും ചെയ്തു. ബഹാമസിൽവെച്ചു സത്യം പഠിച്ച ഹെയ്തിയൻ നിവാസികളിൽ പലരും അന്നുമുതൽ യഹോവയ്ക്കു സ്തുതി പാടുന്നതിൽ പ്രാദേശിക സാക്ഷികളോടൊപ്പം തങ്ങളുടെ സ്വരവും പങ്കുചേർക്കുന്നതിനു തങ്ങളുടെ മാതൃദ്വീപിലേക്കു മടങ്ങിപ്പോകുകയോ മററു സ്ഥലങ്ങളിലേക്കു മാറിപ്പാർക്കുകയോ ചെയ്തിട്ടുണ്ട്.
[8-ാം പേജിലെ ചതുരം]
രാജ്യത്തെക്കുറിച്ചുള്ള സംക്ഷിപ്തവിവരം
1993 സേവനവർഷംa
സാക്ഷീകരിക്കുന്നവരുടെ അത്യുച്ചസംഖ്യ: 1,294
അനുപാതം: 1 സാക്ഷിക്ക് 197 പേർ
സ്മാരക ഹാജർ: 3,794
ശരാശരി പയനിയർ പ്രസാധകർ: 186
ശരാശരി ബൈബിളധ്യയനങ്ങൾ: 1,715
സ്നാപനമേററവരുടെ എണ്ണം: 79
സഭകളുടെ എണ്ണം: 22
ബ്രാഞ്ച് ഓഫീസ്: നാസോ
[അടിക്കുറിപ്പ്]
a കൂടുതൽ വിവരങ്ങൾക്കു യഹോവയുടെ സാക്ഷികളുടെ 1994-ലെ കലണ്ടർ കാണുക.
[9-ാം പേജിലെ ചിത്രം]
ബ്രാഞ്ച് ഓഫീസും മിഷനറി ഭവനവും സഹിതമുള്ള ആദ്യത്തെ രാജ്യഹാൾ
[9-ാം പേജിലെ ചിത്രം]
സാക്ഷികൾ സതീക്ഷ്ണം സുവാർത്ത പ്രഖ്യാപിക്കുന്നു
[9-ാം പേജിലെ ചിത്രം]
ഏതാണ്ട് 45 വർഷം മുമ്പ് മിൽട്ടൻ ജി. ഹെൻഷലും നേഥൻ എച്ച്. നോറും നാസോയിലെ മിഷനറിമാരോടൊപ്പം
[9-ാം പേജിലെ ചിത്രം]
1992 ഫെബ്രുവരി 8-ന് സമർപ്പിക്കപ്പെട്ട പുതിയ ബ്രാഞ്ച് ഓഫീസ്