യഹോവയെ സേവിക്കാൻ ദൃഢചിത്തർ!
“പ്രസംഗവേലക്കു പോകണ്ടാ!” “നിന്റെ ആൾക്കാർ ആരും ഇവിടെ വരേണ്ടാ!” എതിർപ്പു പ്രകടിപ്പിക്കുന്ന തങ്ങളുടെ ഭർത്താക്കൻമാരിൽനിന്ന് ഇവയും സമാനമായ മററു പറച്ചിലുകളും കേൾക്കുന്നവരാണു പല ക്രിസ്തീയ സ്ത്രീകളും. എന്നാൽ ഇപ്പറഞ്ഞ പുരുഷൻമാർ സായുധസേനയിൽ സേവിക്കുന്നവരാകുമ്പോൾ അവരുടെ ഭാര്യമാർ തങ്ങളുടെ വിശ്വാസം സംബന്ധിച്ചു ചില പ്രത്യേക വെല്ലുവിളികളെ നേരിടുന്നു. (യെശയ്യാവു 2:4; യോഹന്നാൻ 17:16) അപ്പോൾ, അത്തരം ക്രിസ്തീയ ഭാര്യമാർക്ക് ആത്മീയമായി കരുത്തുള്ളവരായും രാജ്യസേവനത്തിൽ സജീവമായും നിലകൊള്ളാൻ എങ്ങനെ കഴിയും?
വ്യക്തിപരമായ ദൃഢനിശ്ചയത്തോടൊപ്പം യഹോവയാം ദൈവത്തോടുള്ള വിശ്വസ്തതയാണ് അവരെ അനവരതം പ്രവർത്തിക്കാൻ സഹായിക്കുന്നത്. ഒരു സൈനികന്റെ ഭാര്യയായ ഇവോൺ ഇങ്ങനെ വിശദീകരിക്കുന്നു: “എന്റെതന്നെ ദൃഢനിശ്ചയമായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. എന്റെ ഭർത്താവിന്റെ എതിർപ്പിനെ തരണം ചെയ്യാൻ എന്തെങ്കിലും ഒരു മാർഗം ഇല്ലാതിരിക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു.” അതേ, തീർച്ചയായും ഉണ്ടായിരുന്നു.
ഒരു സൈനിക ഓഫീസറെ വിവാഹം ചെയ്തിരിക്കുന്ന മറെറാരു ക്രിസ്തീയ സ്ത്രീ, തന്റെ നിശ്ചയിച്ചുറച്ചുള്ള നിലപാടു ഭർത്താവിന്റെ ജീവിതം സുഗമമാക്കിത്തീർക്കുകപോലും ചെയ്തിരിക്കുന്ന വിധം വിവരിക്കുന്നു. “സ്വന്തം പട്ടികയോടൊപ്പം അദ്ദേഹത്തിന് എന്റെ പട്ടികയും അറിയാം, സൈനികർ അതു വിലമതിക്കുന്നു,” എന്ന് അവൾ വിശദീകരിക്കുന്നു. എന്നുവരികിലും, യഹോവക്കുള്ള അവളുടെ തുടർന്നുള്ള സേവനം എളുപ്പമുള്ളതല്ല.
ഏകാന്തതയെ മറികടക്കൽ
പെട്ടെന്നുള്ള അറിയിപ്പിനെത്തുടർന്നു ദൂരേക്കു സ്ഥലംമാററം കിട്ടി പോകുന്ന ഭർത്താവിനെ അനുഗമിക്കുക എന്ന വെല്ലുവിളിയെ കൂടെക്കൂടെ അഭിമുഖീകരിക്കേണ്ടിവരുന്നവരാണ് സൈനികരുടെ ഭാര്യമാർ. ഇനി, അപരിചിതമായ ചുററുപാടുകളിൽ എത്തിക്കഴിഞ്ഞാലോ ഒററപ്പെട്ടു എന്നൊരു തോന്നൽ അവരെ എളുപ്പം പിടികൂടുന്നു. പക്ഷേ ഇത് അങ്ങനെ ആകണമെന്നില്ല. യഹോവയെ സേവിക്കുന്നവർക്ക് ഒരു പ്രയോജനമുണ്ട്. എന്താണത്? ക്രിസ്തീയ അപ്പോസ്തലനായ പത്രോസ് പറയുന്നതനുസരിച്ച്, അതു “സഹോദരവർഗ്ഗ”മാണ്. 231 രാജ്യങ്ങളിലായി ഇപ്പോൾ ലക്ഷങ്ങൾ വരുന്ന യഹോവയുടെ സാക്ഷികൾ ഒരു ബൃഹത്തായ ക്രിസ്തീയ കുടുംബമായി, ഒരു “സഹോദരവർഗ്ഗ”മായി വർത്തിക്കുന്നു. അവർ എല്ലായിടത്തുംതന്നെയുണ്ട്.—1 പത്രോസ് 2:17, NW, അടിക്കുറിപ്പ്.
നിനെച്ചിരിക്കാത്ത നേരത്തു സൂസനു തന്റെ വീടും പരിസരവും വിട്ട്, തന്റെ ഭർത്താവിന്റെ നിയമനസ്ഥലമായ ഒരു വ്യോമസേനാത്താവളത്തിൽ വന്നു പാർക്കേണ്ടിവന്നു. വിശ്വാസത്തിൽ പുതിയവളും ക്രിസ്തീയ ശുശ്രൂഷയിൽ പങ്കുപററുന്നതു നിർത്താൻ ആവശ്യപ്പെടുന്ന ഭർത്താവുള്ളവളുമായ സൂസൻ വിവരിക്കുന്നു: “ഞാൻ എത്രയും പെട്ടെന്നു പ്രാദേശിക യോഗങ്ങൾക്കു പോയി, എനിക്ക് അവിടെ ഇരുന്നു മററു സഹോദരിമാരുമായി സംസാരിക്കാൻ കഴിഞ്ഞു. നിലനിൽക്കാൻ എന്നെ സഹായിച്ചത് ഈ സഹവാസമാണെന്ന് എനിക്കു സത്യമായും പറയാനാവും.”
ചിലപ്പോൾ ഏകാന്തത വിഷാദം വരുത്തുന്നു. അപ്പോഴും, സ്വീകാര്യമായ ഒരു മോചനം സുവാർത്ത പ്രദാനം ചെയ്യും. വിദേശനിയമനം ലഭിച്ച ഭർത്താവിനോടൊപ്പം പോകേണ്ടിവന്ന, ഇംഗ്ലണ്ടിൽനിന്നുള്ള ഗ്ലെനിസ് സഹോദരി ഇങ്ങനെ വിവരിക്കുന്നു: “വിഷാദത്തിലാണ്ടിരുന്ന എനിക്ക് അപ്രതീക്ഷിതമായി ഒരു പഴയ സുഹൃത്തിന്റെ കത്തു കിട്ടി. താൻ യഹോവയുടെ സാക്ഷികളിൽ ഒരുവളായി ഈയിടെ സ്നാപനമേററു എന്ന് അറിയിക്കാനായിരുന്നു അത്. അവളുമായുള്ള പരിചയം ഞാൻതന്നെ മുമ്പു സൈന്യത്തിലായിരുന്നപ്പോൾ തുടങ്ങിയതാണ്. അവളുടെ ആ എഴുത്ത് തക്കസമയത്തുള്ള ഒരു പ്രോത്സാഹനമായിരുന്നു.”
ഭർത്താവിനോടൊപ്പം കെനിയയിലേക്കു യാത്രചെയ്ത ജയ്നിനു ക്രിസ്തീയ യോഗങ്ങൾ അനുഭവപ്പെട്ടത് ഒരു ജീവനാഡിപോലെ ആയിരുന്നു, യോഗം നടത്തപ്പെട്ടിരുന്നത് അവൾക്കു മനസ്സിലാകാത്ത ഭാഷയിലായിരുന്നിട്ടും. “ഞാൻ ഇവിടെ ആയിരിക്കാനാണു യഹോവ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു” എന്ന് അവൾ വിശദീകരിക്കുന്നു. “ഞാൻ എന്റെ ആത്മീയ സഹോദരങ്ങളോടുകൂടെ ആയിരുന്നു, അവർ ഒരു ടോണിക്കുപോലെ ആയിരുന്നു. കാരണം അവർ എനിക്കു സ്വാഗതമേകി, ഞങ്ങൾ ഒരു കുടുംബംപോലെ ആയിരുന്നു.”
മുമ്പൊരിക്കലും അറിഞ്ഞിട്ടുപോലുമില്ലാത്ത ആത്മീയ ബന്ധുമിത്രാദികളെ കണ്ടെത്തിയ ഇത്തരം സാഹചര്യത്തിലുള്ള അനേകരിൽ കേവലം ഒരുവൾ മാത്രമാണു ജയ്ൻ!—മർക്കൊസ് 10:29, 30.
എതിർപ്പിൻമുമ്പിൽ സ്ഥിരതയോടെ
“ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു” എന്നാണു യേശു മുന്നറിയിപ്പു നൽകിയത്. (മത്തായി 10:34) എന്തായിരുന്നു അവിടുന്ന് അർഥമാക്കിയത്? സമാധാനം ഉണ്ടെന്നു കരുതപ്പെടുന്ന ഒരു കുടുംബത്തിൽപോലും “വാളിന്റെ പെട്ടെന്നുള്ള ഒരു ചുഴററൽ” ഉണ്ടായേക്കാം എന്ന് എ. ററി. റോബേഴ്സൺ വേർഡ് പിക്ച്ചേഴ്സ് ഇൻ ദ ന്യൂ ടെസ്ററമെൻറിൽ അഭിപ്രായപ്പെടുന്നു. “മമനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും” എന്നു യേശു ചൂണ്ടിക്കാട്ടി. (മത്തായി 10:36) ഒരു വിവാഹിത ഇണ സത്യത്തെ എതിർക്കുമ്പോൾ ഈ വാക്കുകൾ എത്ര സത്യമെന്നു തെളിയുന്നു!
ഡയാൻ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ വ്യോമസേനയിലെ ഒരു ഓഫീസറായ അവളുടെ ഭർത്താവിന് അതു കടുത്ത നീരസത്തിനു കാരണമായി. ഇതുമൂലം അവരുടെ വിവാഹ ജീവിതത്തിന് എന്തുപററി? ഡയാൻ അതിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “ഞങ്ങൾക്കിടയിൽ വലിയൊരു ഐസുകട്ട വന്നുപെട്ടതുപോലെയായി അത്. സന്തുഷ്ട വിവാഹജീവിതമായിരുന്നു ഞങ്ങളുടേത്. പെട്ടെന്നുതന്നെ ഞങ്ങൾ ഒരു വീട്ടിൽ കേവലം കഴിഞ്ഞുകൂടി പോകുന്നവരായി.” എന്നിട്ട്, അവൾ അതിനെ എങ്ങനെയാണു നേരിട്ടത്? “യഹോവയിൽനിന്നും അവിടുത്തെ ആത്മാവിൽനിന്നുമുള്ള സഹായത്തോടൊപ്പം വ്യക്തിപരമായ ബോധ്യവും ദൃഢനിശ്ചയവുമായിരുന്നു മുഖ്യമായിരുന്നത്.” ബൈബിൾദൃഷ്ടാന്തമായ ദാനിയേൽ പ്രവാചകന്റെ മാതൃകയാണു ഡയാൻ ഗൗരവമായി എടുത്തത്.
ബാബിലോനിലേക്കു നാടുകടത്തപ്പെട്ട് ദൈവദാസൻമാർക്കു സ്വീകാര്യമല്ലാത്ത ഭക്ഷണം നൽകപ്പെട്ടപ്പോൾ ദാനിയേൽ “രാജാവിന്റെ വിശിഷ്ടാന്നംകൊണ്ടു താൻ തന്നേത്താൻ മലിനമാക്കുകയില്ലെന്നു ഹൃദയത്തിൽ ദൃഢനിശ്ചയം ചെയ്തു.” അതേ, ദാനിയേൽ ബോധപൂർവകമായ ഒരു തീരുമാനമെടുത്തു. ആ ഭക്ഷണം കഴിച്ചു തന്നേത്തന്നെ ഒരിക്കലും മലിനമാക്കാതിരിക്കാൻ അദ്ദേഹം ഹൃദയത്തിൽ ഉറച്ച തീരുമാനം കൈക്കൊണ്ടിരുന്നു. “താൻ തന്നേത്തന്നെ മലിനമാക്കുകയില്ലെന്നു പ്രധാന ഷണ്ഡാധിപനോടു യാചിച്ചുകൊണ്ടേയിരുന്ന”പ്പോൾ എന്തൊരു ഉൾക്കരുത്താണ് അദ്ദേഹം പ്രകടിപ്പിച്ചത്! ഫലമോ? അദ്ദേഹത്തിന്റെ ഉറച്ച നിലപാടിനെ യഹോവ അനുഗ്രഹിച്ചു.—ദാനിയേൽ 1:8, 9, 17, NW.
അതുപോലെ, ഇന്ന് എതിർപ്പുപ്രകടിപ്പിക്കുന്ന ഒരു ഭർത്താവ് ഭാര്യയോടു സഭായോഗങ്ങൾക്കു പോകുന്നതു നിർത്താൻ ആവശ്യപ്പെട്ടേക്കാം. അവൾ എങ്ങനെയാണു പ്രതികരിക്കേണ്ടത്? ഇതുപോലൊരു സാഹചര്യത്തിലായ ജയ്ൻ ഇങ്ങനെ വിശദീകരിക്കുന്നു: “സമ്മർദംകൊണ്ട് ഒരിക്കലും ഞാൻ പിൻവാങ്ങിയില്ല. വിട്ടുവീഴ്ച ചെയ്യാവുന്നതല്ല എന്ന് എനിക്ക് അറിയാമായിരുന്നു. യോഗങ്ങൾ എനിക്ക് എത്രമാത്രം പ്രധാനമാണെന്നു ഞാൻ പ്രകടിപ്പിക്കണമായിരുന്നു.” അവൾ യോഗങ്ങൾക്കു മുടക്കംകൂടാതെ ഹാജരായപ്പോൾ അവളുടെ ദൃഢനിശ്ചയത്തെ യഹോവ അനുഗ്രഹിച്ചു.
“ഞാൻ യോഗങ്ങൾക്കു പോകുന്നതു തടയാൻ എന്റെ ഭർത്താവ് ശ്രമിക്കുകയുണ്ടായി, എന്നാൽ അങ്ങനെ അധികം നാളത്തേക്കുണ്ടായില്ല” എന്നു ഗ്ലെനിസ് പറയുന്നു. “അപ്പോഴും ഞാൻ പോയി. ഞാൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ അദ്ദേഹം എന്നെ ചിലപ്പോഴൊക്കെ മർദിക്കുമായിരുന്നു, മററു ചിലപ്പോഴാകട്ടെ, ഒരക്ഷരംപോലും സംസാരിക്കില്ല.” എന്നിട്ടും തുടർച്ചയായ പ്രാർഥനയിലൂടെ അവൾ അതിനെ നേരിട്ടു. അതിനുംപുറമേ, സഭാമൂപ്പൻമാരിൽ രണ്ടുപേർ അവളോടൊപ്പം നിരന്തരം പ്രാർഥിക്കുമായിരുന്നു, അതു സഭായോഗങ്ങളിൽ മുടങ്ങാതെ സംബന്ധിക്കാൻ അവളെ അത്യധികം പ്രോത്സാഹിപ്പിച്ചു.—യാക്കോബ് 5:13-15; 1 പത്രൊസ് 2:23.
ചിലപ്പോൾ, സുവാർത്ത പ്രസംഗിക്കുന്നതിൽനിന്നു ഭാര്യയെ പിന്തിരിപ്പിക്കണമെന്നു ഭർത്താവിന്റെമേൽ മേലുദ്യോഗസ്ഥർ സമ്മർദം ചെലുത്തിയേക്കാം. തന്റെ മുൻഗണനകൾ എന്തൊക്കെയാണെന്നു ഭർത്താവിനു വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ടായിരുന്നു എന്നു ഡയാനിനു തോന്നി. “തുടർന്നും പ്രസംഗിച്ചാലുണ്ടാവുന്ന ഭവിഷ്യത്തുകൾ അനുഭവിക്കാൻ ഞാൻ തയ്യാറായിരുന്നു” എന്ന് അവൾ പറഞ്ഞു. അതിന് അപ്പോസ്തലൻമാരുടെ നിലപാടുമായി എന്തൊരു സാമ്യം! (പ്രവൃത്തികൾ 4:29, 31) എന്നിരുന്നാലും, നല്ല കരുതലോടെയായിരുന്നു അവൾ പ്രസംഗവേലയിൽ ഏർപ്പെട്ടിരുന്നത്. അവൾ അതു വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “ഞാൻ മററുള്ളവരെ കാപ്പിക്കു ക്ഷണിക്കുമായിരുന്നു. വരുന്ന ഓരോരുത്തർക്കും ഒരു സത്യംപുസ്തകം സമർപ്പിക്കുമായിരുന്നു.”—മത്തായി 10:16; 24:14.
അനുരഞ്ജനപ്പെടാതെ കീഴ്പെടൽ
വൈവാഹിക സംഘർഷത്താൽ ആകുലരെങ്കിലും ക്രിസ്തീയ ഭാര്യമാർ ഭാവിയിലേക്ക് ഉററുനോക്കി യഹോവയിൽ ആശ്രയിക്കുന്നു. ഒരു സമനിലയുള്ള വീക്ഷണം പുലർത്താൻ ഇത് അവരെ സഹായിക്കുന്നു. തങ്ങളുടെ വിശ്വാസം ബലികഴിക്കാതെ തങ്ങളാലാവുന്ന എന്തു പിന്തുണയും അവർ ഭർത്താക്കൻമാർക്ക് ചെയ്തുകൊടുക്കുന്നു. അങ്ങനെ ചെയ്യുന്നതുകൊണ്ട് അവർ പിൻപററുന്നതു പത്രോസിന്റെ നിശ്വസ്ത ഉപദേശമാണ്: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കൻമാർക്കു കീഴടങ്ങിയിരിപ്പിൻ.” (1 പത്രൊസ് 3:1) ദ ആംപ്ലിഫൈഡ് ന്യൂ ടെസ്ററമെൻറിൽ ഈ അപ്പോസ്തലിക പ്രബോധനം ഇങ്ങനെ വായിക്കുന്നു: “അവർക്കു രണ്ടാം സ്ഥാനത്തുള്ളവരും, അവരിൽ ആശ്രയിക്കുന്നവരും എന്ന നിലയിൽ നിങ്ങളെത്തന്നെ കീഴ്പെടുത്തുവിൻ, അവരുമായി ഒത്തുചേർന്നു പോകുന്നവരാകുവിൻ.” ഈ ഉപദേശം ജയ്ൻ എങ്ങനെ പിൻപററിയെന്നു ശ്രദ്ധിക്കുക, അവൾ വിശദീകരിക്കുന്നു: “ഞാൻ ചെയ്യുന്നതൊന്നും അദ്ദേഹത്തിന്റെ ജീവിതവൃത്തിക്ക് ഒരു തരത്തിലും വിഘാതമായി വരരുത് എന്നു ഭർത്താവ് എന്നോട് ആവശ്യപ്പെട്ടു. അതുകൊണ്ട്, എനിക്ക് അദ്ദേഹത്തെ സഹായിക്കാനാവുന്ന വിധങ്ങൾ കണ്ടെത്താൻ ഞാൻ ശ്രമിച്ചു.”
ഇപ്രകാരം ചില ക്രിസ്തീയ ഭാര്യമാർ തങ്ങളുടെ ഭർത്താക്കൻമാർ ക്ഷണിക്കപ്പെട്ടിട്ടുള്ള സാമൂഹിക ചടങ്ങുകളിൽ സംബന്ധിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും തങ്ങളുടെ വിശ്വാസത്തിനു വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ അവർ അപ്പോഴും ഹൃദയത്തിൽ ദൃഢനിശ്ചയം ചെയ്യുന്നു. ഭർത്താവിനോട് ഇതേക്കുറിച്ചു സംസാരിക്കാൻ ജയ്ൻ സമയം കണ്ടെത്തി. താൻ മനസ്സോടെ സംബന്ധിക്കാം, എന്നാൽ തന്റെ സാന്നിധ്യംകൊണ്ട് അദ്ദേഹത്തെ നാണംകെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അവൾ ദയാപൂർവം വിശദീകരിച്ചു. “ചിലപ്പോൾ സന്നിഹിതരായിരിക്കുന്ന എല്ലാവരും എഴുന്നേററ് സ്വസ്തിചൊല്ലി പാനം ചെയ്യേണ്ടതായി വരുമെന്ന് എനിക്ക് അറിയാമായിരുന്നു. കൂറ് യഹോവയോടു മാത്രമേ പാടുള്ളൂവെന്ന് ഞാൻ പഠിച്ചിരുന്നു. അതുകൊണ്ട്, സ്വസ്തിചൊല്ലിയുള്ള പാനം ചെയ്യൽ കേവലം ആദരവു കാണിക്കുന്നതിനെക്കാളും എത്രയോ അധികമായിരുന്നു. ആ സാഹചര്യം എത്രമാത്രം പന്തികേടുവരുത്തും എന്നു തിരിച്ചറിഞ്ഞ ഭർത്താവ് പറഞ്ഞു: ‘എന്നാൽപ്പിന്നെ നീ വരണ്ടാ!’ ഞാൻ അത് അനുസരിച്ചു.”
ഇനി ഗ്ലെനിസിന്റെ കാര്യമാണെങ്കിലോ, അത്തരം ചടങ്ങിന് അവൾ ഭർത്താവിനോടൊപ്പം പോകും, എന്നാൽ മേശത്തലയ്ക്കൽ ഇരിക്കുന്ന ഓഫീസർമാരെ അവൾ ശ്രദ്ധിക്കുമായിരുന്നു. അവർ സ്വസ്തിചൊല്ലി പാനം ചെയ്യാൻ പോകുകയാണെന്നു കണ്ടാൽ അവൾ വിവേകപൂർവം വിശ്രമ മുറിയിലേക്കു പിൻവാങ്ങും! അതേ, ഈ സ്ത്രീകൾ സാഹചര്യത്തിനൊത്തു പെരുമാറി, പക്ഷേ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല.
‘ഒരു വാക്കും കൂടാതെ നേടുന്നു’
“ഒരു ഭാര്യയെന്ന നിലയിൽ ഞാൻ എന്റെ കഴിവു വികസിപ്പിക്കുന്നെങ്കിൽ സത്യം എന്നിൽ മാററങ്ങൾ വരുത്തുന്നത് ഭർത്താവ് കാണും” എന്നായിരുന്നു ഇവോണിന്റെ ന്യായവാദം. അതുകൊണ്ട്, കുടുംബജീവിതം പുസ്തകത്തിലെ “അതിയായി സ്നേഹിക്കപ്പെടുന്ന ഭാര്യ”a എന്ന ശീർഷകത്തിലുള്ള അധ്യായം അവൾ പല ആവർത്തി വായിച്ചു. “‘കരയുന്നവർ, കലമ്പുന്നവർ’ എന്ന ഉപശീർഷകത്തിൻ കീഴിലുള്ള വിവരങ്ങൾ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു! പക്ഷേ, ഭർത്താവിനോടു സംസാരിക്കാൻ ഞാൻ കൂടുതൽ ശ്രമിക്കുന്തോറും സംഗതി കൂടുതൽക്കൂടുതൽ വഷളാകുകയായിരുന്നു.” എന്നിരുന്നാലും, യഹോവയുടെ സേവനത്തിലെത്താൻ ഭർത്താവിനെ സഹായിക്കുന്നതിൽ അവസാനം അവൾ വിജയിച്ചു. എങ്ങനെ? ഭർത്താക്കൻമാരെ “ഒരു വാക്കും കൂടാതെ നേടുക” എന്ന 1 പത്രോസ് 3:1 [NW]-ൽ കൊടുത്തിരിക്കുന്ന തത്ത്വം ബാധകമാക്കിക്കൊണ്ട്.
മററുള്ളവർ ക്രിസ്ത്യാനിത്വത്തെ പുകഴ്ത്തിപ്പറയുന്നതിൽ ക്രിസ്തീയ സ്ത്രീകൾ തങ്ങളുടെ കുടുംബകാര്യങ്ങൾ ശ്രദ്ധിക്കുന്ന വിധവും കാര്യമായ പങ്കു വഹിക്കുന്നു. “സത്യത്തെ സാധ്യമാകുന്നത്രയും ആകർഷകമാക്കാൻ ഞാൻ ശ്രമിച്ചു” എന്നു ഡയാൻ പറയുന്നു. “ഞാൻ യോഗങ്ങൾക്കു പോകുമ്പോൾ എന്റെ ഭർത്താവിനു ശരിക്കും ഏകാന്തത അനുഭവപ്പെടുമായിരുന്നു, അതുകൊണ്ട്, ഞങ്ങൾ മടങ്ങിയെത്തുമ്പോൾ അദ്ദേഹത്തോടു വളരെ നന്നായി പെരുമാറണമെന്നു കുട്ടികളെ ധരിപ്പിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഞങ്ങൾ തിരിച്ചെത്തുമ്പോൾ അദ്ദേഹത്തിന്റെ കാര്യങ്ങളിൽ കൂടുതലായ ശ്രദ്ധകൊടുക്കാൻ ഞാനും ശ്രമിച്ചു.” കുടുംബത്തിലെ മററുള്ളവരുടെ ദയാപൂർവകമായ ശ്രദ്ധയോടു പ്രതികരിച്ച അദ്ദേഹത്തിന്റെ മനോഭാവത്തിനു ക്രമേണ മാററം വന്നു.
യഹോവയുടെ സഹദാസൻമാർക്കും സഹായമേകാനാവും. കെനിയയിൽവെച്ച് അദ്ദേഹം കണ്ടുമുട്ടിയ സാക്ഷികളായ മിഷനറിമാരുമായുള്ള കൂട്ടുകെട്ടു തന്റെ ഭർത്താവ് ആസ്വദിക്കുകയുണ്ടായെന്നു ജാൻ വിവരിക്കുന്നു. “അദ്ദേഹവുമായി അവർ ചങ്ങാത്തം സ്ഥാപിച്ചു, ഫുട്ബോൾകളിയെക്കുറിച്ചു സംസാരിച്ചു. അവർ വളരെ സത്കാരപ്രിയരുമായിരുന്നു. വ്യത്യസ്ത മിഷനറി ഭവനങ്ങളിലേക്കു ഞങ്ങളെ പലപ്രാവശ്യം ഭക്ഷണത്തിനു ക്ഷണിച്ചിരുന്നു.” അവളുടെ ഭർത്താവ് പിന്നീട് ഇങ്ങനെ വിശദീകരിച്ചു: “ജാനിന്റെ വിശ്വാസത്തെ ഞാൻ തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെ കാണാൻ തുടങ്ങി. നല്ല ബുദ്ധിയുള്ളവരായിരുന്നു അവളുടെ സുഹൃത്തുക്കൾ, അവർക്കു വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിക്കാനാകുമായിരുന്നു.” അതുപോലെ, ഡയാനിന്റെ ഭർത്താവും സത്യത്തോടുള്ള തന്റെ വീക്ഷണം മാററി. വഴിയിൽവെച്ചു കാർ കേടായപ്പോൾ ഒരു യുവസാക്ഷി അയാളുടെ സഹായത്തിനെത്തി. “അത് എന്നിൽ ശരിക്കും മതിപ്പുളവാക്കി” എന്ന് അദ്ദേഹം പറയുന്നു.
തീർച്ചയായും, എല്ലാ വിവാഹിത ഇണകളെയും സത്യത്തിലേക്കു നേടിയെടുക്കാവുന്നതല്ല. അപ്പോൾ എന്തു ചെയ്യും? വിശ്വസ്തരായവരെ സഹിച്ചുനിൽക്കാൻ പ്രാപ്തമാക്കുന്ന സഹായമെത്തിക്കാൻ യഹോവയുണ്ട്. (1 കൊരിന്ത്യർ 10:13) തന്റേതിനോടു സമാന സാഹചര്യമുള്ളവർക്കായുള്ള ഗ്ലെനിസിന്റെ പ്രോത്സാഹനം ശ്രദ്ധിക്കൂ: “യഹോവയാണു വിവാഹം സ്ഥാപിച്ചത്, ദമ്പതികൾ ഒരുമിച്ചു താമസിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു എന്നിങ്ങനെയുള്ള സംഗതികളെ ഒരിക്കലും സംശയിക്കരുത്, അതെ ഒരിക്കലും. അതുകൊണ്ട്, ഭർത്താവ് എന്തുവേണമെങ്കിലും ചെയ്തോട്ടെ അല്ലെങ്കിൽ നിങ്ങൾക്കു ചുററുമുള്ളവരിൽനിന്ന് എന്ത് എതിർപ്പുവേണമെങ്കിലും വന്നോട്ടെ, കുലുങ്ങിപ്പോകാൻ യഹോവ നിങ്ങളെ ഒരുനാളും അനുവദിക്കയില്ല.” ഇപ്പോഴും അവളുടെ ഭർത്താവ് യഹോവയെ ആരാധിക്കുന്നില്ല, എങ്കിലും അവളോടും സത്യത്തോടുമുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിന് ഒരു അയവു വന്നിട്ടുണ്ട്.
‘കണ്ണീരോടെ വിതയ്ക്കുക; ആനന്ദഘോഷത്തോടെ കൊയ്യുക’
സത്യമായും, ഈ ക്രിസ്തീയ സ്ത്രീകൾ യഹോവയെ സേവിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. നിങ്ങൾ സമാനമായ സാഹചര്യത്തിലാണെങ്കിൽ ഇതു നിങ്ങളുടെയും ഉറച്ചതീരുമാനമാക്കുവിൻ. “നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം” എന്ന ഉദ്ബോധനം ഓർമിക്കുവിൻ.—ആവർത്തനപുസ്തകം 10:20.
“വിത്തു ചുമന്നുകൊണ്ട് വിലാപത്തോടെ വിതയ്ക്കാൻ പോകുന്നവൻ കററ ചുമന്നുകൊണ്ട് ആഹ്ളാദത്തോടെ വീട്ടിലേക്കു മടങ്ങും” എന്നു സങ്കീർത്തനക്കാരൻ പ്രഖ്യാപിക്കുന്നു. (സങ്കീർത്തനം 126:6, പി.ഒ.സി. ബൈബിൾ) ഒരു സാക്ഷി പറയുന്നത് ഇങ്ങനെയാണ്: “നിങ്ങളുടെ വിവാഹപങ്കാളിക്കു സത്യം കാണിച്ചുകൊടുക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ നിശ്ശബ്ദമായോ കേൾപ്പിച്ചോ നിങ്ങൾ വളരെയധികം കണ്ണീർ പൊഴിക്കുന്നു. എന്നാൽ അവസാനം നിങ്ങൾ സന്തോഷാതിരേകത്താൽ ആർപ്പിടും, എന്തെന്നാൽ അദ്ദേഹം സത്യം സ്വീകരിക്കുന്നില്ലെങ്കിൽപ്പോലും നിങ്ങൾ ചെയ്ത ശ്രമത്തിനു യഹോവ നിങ്ങളെ അനുഗ്രഹിക്കും.”
ഭവനത്തിൽ എതിർപ്പിനെ വകവയ്ക്കാതെ യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്ന എല്ലാവരും യഥാർഥ പ്രശംസ നേടുന്നു. പിന്തുണയും സ്നേഹവും അർഹിക്കുന്നവരാണവർ. യഹോവയെ സേവിക്കാൻ ദൃഢചിത്തരായ അവർ തങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു വിടാതെ കാത്തുകൊള്ളട്ടെ!
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ (1978) പ്രസിദ്ധീകരിച്ച നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ.
[28-ാം പേജിലെ ചിത്രം]
പ്രാർഥനാനിർഭരമായ പഠനം ക്രിസ്തീയ ദൃഢനിശ്ചയത്തിനു കരുത്തേകുന്നു