യുവാക്കളേ—നിങ്ങൾ ആരുടെ പ്രബോധനത്തെ പിൻപററുന്നു?
“ചിലർ ഭൂതങ്ങളുടെ ഉപദേശങ്ങളെയും [പഠിപ്പിക്കലുകളെയും, NW] ആശ്രയിച്ചു . . . വിശ്വാസം ത്യജിക്കും.”—1 തിമൊഥെയൊസ് 4:1.
1. (എ) യുവജനങ്ങൾക്ക് എന്തു തിരഞ്ഞെടുപ്പാണുള്ളത്? (ബി) യഹോവ എങ്ങനെയാണു പ്രബോധിപ്പിക്കുന്നത്?
നിങ്ങൾ ആരുടെ പ്രബോധനത്തെ പിൻപററുന്നു എന്നതാണു യുവാക്കളെ അഭിസംബോധനചെയ്തുകൊണ്ട് ഇവിടെ ഉദിക്കുന്ന ചോദ്യം. യുവാക്കളായ നിങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പുണ്ടെന്ന് ഇതു സൂചിപ്പിക്കുന്നു. ദിവ്യ ബോധനത്തെ അനുകൂലിക്കുന്നുവോ അതോ ഭൂതങ്ങളുടെ പഠിപ്പിക്കലുകളെ പിന്തുടരുന്നുവോ എന്നകാര്യത്തിലാണു തിരഞ്ഞെടുപ്പ്. യഹോവ തന്റെ വചനമായ ബൈബിളിലൂടെയാണു പ്രബോധിപ്പിക്കുന്നത്. തന്റെ ഭൗമിക പ്രതിനിധികളുടെ ശുശ്രൂഷമുഖാന്തരവും അവിടുന്ന് പ്രബോധനമേകുന്നു. (യെശയ്യാവു 54:13; പ്രവൃത്തികൾ 8:26-39; മത്തായി 24:45-47) എന്നാൽ ഭൂതങ്ങളും പഠിപ്പിക്കുന്നുവെന്നുകേട്ടതിൽ നിങ്ങൾക്ക് ആശ്ചര്യം തോന്നുന്നുവോ?
2. ഭൂതങ്ങളുടെ പഠിപ്പിക്കലുകൾക്കെതിരെ ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും ജാഗ്രത പുലർത്തേണ്ടതെന്തുകൊണ്ട്?
2 “ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (1 തിമൊഥെയൊസ് 4:1) സാത്താനും അവന്റെ ഭൂതങ്ങളും പ്രത്യേകിച്ചും സജീവരായിരിക്കുന്ന “അന്ത്യകാലത്തു” നാം ജീവിക്കുന്നതിനാൽ നിങ്ങൾ ആരുടെ പ്രബോധനത്തെ പിൻപററുന്നു എന്നു ഞങ്ങൾ ചോദിക്കുന്നത് എന്തുകൊണ്ടാണെന്നു നിങ്ങൾ തിരിച്ചറിയുന്നുവോ? (2 തിമൊഥെയൊസ് 3:1-5; വെളിപ്പാടു 12:7-12) സാത്താനും അവന്റെ ഭൂതങ്ങളും തങ്ങളുടെ പ്രവർത്തനരീതികളിൽ വളരെ കൗശലരും വഞ്ചകരുമാണ്. അക്കാരണത്താൽ ഈ ചോദ്യം നിങ്ങൾ സസൂക്ഷ്മം പരിചിന്തിക്കുന്നതു ജീവത്പ്രധാനമാണ്.—2 കൊരിന്ത്യർ 11:14, 15.
ഭൂതങ്ങളും അവരുടെ പഠിപ്പിക്കലുകളും
3. ഭൂതങ്ങൾ ആരാണ്, അവരുടെ ഉദ്ദേശ്യമെന്താണ്, അവർ എങ്ങനെയാണ് അതു നടപ്പിലാക്കുന്നത്?
3 ഭൂതങ്ങൾ ഒരിക്കൽ യഹോവയുടെ ദൂതൻമാർ ആയിരുന്നു. എന്നാൽ അവർ ദൈവത്തിനെതിരെ മത്സരിക്കുകയും സാത്താന്റെ പിന്തുണക്കാർ ആയിത്തീരുകയും ചെയ്തു. (മത്തായി 12:24) അവരുടെ ഉദ്ദേശ്യം മനുഷ്യരെ വഴിതെററിക്കുകയും അവരെ ദൈവത്തിൽനിന്ന് അകററുകയും ചെയ്യുകയെന്നതാണ്. യഹോവ കുററംവിധിക്കുന്ന സ്വാർഥപരവും അധാർമികവുമായ ജീവിതമാർഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനു മാനുഷ ഉപദേഷ്ടാക്കളെ ഉപയോഗിച്ചുകൊണ്ടു ഭൂതങ്ങൾ അതു സാധ്യമാക്കിത്തീർക്കുന്നു. (താരതമ്യം ചെയ്യുക: 2 പത്രൊസ് 2:1, 12-15.) ഒരിക്കൽ വിശ്വസ്തരായിരുന്ന ദൂതൻമാർ എങ്ങനെ ഭൂതങ്ങളായി എന്നു പുനരവലോകനം ചെയ്യുന്നപക്ഷം അവരുടെ പഠിപ്പിക്കലുകൾ എന്താണെന്നും ആ പഠിപ്പിക്കലുകൾ പ്രോത്സാഹിപ്പിക്കുന്ന ജീവിതരീതി എന്താണെന്നും തിരിച്ചറിയാൻ അതു നിങ്ങളെ സഹായിക്കും.
4. (എ) നോഹയുടെ നാളുകളിൽ അനുസരണംകെട്ട ദൂതൻമാർ ഭൂമിയിലേക്കു വന്നതിന്റെ കാരണമെന്ത്? (ബി) ജലപ്രളയ സമയത്തു ദുഷ്ടദൂതൻമാർക്കും അവരുടെ സന്തതികൾക്കും എന്തുസംഭവിച്ചു?
4 നോഹയുടെ കാലത്തു ചില ദൂതൻമാർ സൗന്ദര്യവതികളായ മനുഷ്യപുത്രിമാരിൽ വളരെ ആകർഷിതരായി. ഈ ആത്മവ്യക്തികൾ ഭൂമിയിലേക്കു വരുന്നതിനുവേണ്ടി സ്വർഗത്തിലുള്ള തങ്ങളുടെ സ്ഥാനം വിട്ടുകളഞ്ഞു. സ്ത്രീകളുമായുള്ള അവരുടെ ലൈംഗികബന്ധം നെഫിലിം എന്നു വിളിക്കപ്പെടുന്ന സങ്കര സന്തതികളുടെ ജനനത്തിൽ കലാശിച്ചു. മനുഷ്യരുമായി സഹവസിക്കുകയെന്നത് ആത്മവ്യക്തികളെ സംബന്ധിച്ചിടത്തോളം പ്രകൃതിവിരുദ്ധമാണ്. അതുകൊണ്ട്, അനുസരണക്കേടുകാണിച്ച ദൂതൻമാർ ആ സ്ത്രീകളോടു ചെയ്തത് പിൽക്കാലത്തു സോദോമിലെയും ഗൊമോറയിലെയും പുരുഷൻമാരും ആൺകുട്ടികളും ചെയ്ത സ്വവർഗരതിപോലെതന്നെ തെററായിരുന്നു. (ഉല്പത്തി 6:1-4; 19:4-11; യൂദാ 6, 7) ദൂതൻമാരുടെ ഇണകളും അവരുടെ സങ്കര സന്താനങ്ങളും ജലപ്രളയത്തിൽ നശിച്ചുപോയെങ്കിലും ആ ദുഷ്ടദൂതൻമാർ തങ്ങളുടെ മൂർത്തീകരിച്ച ജഡശരീരം വെടിഞ്ഞു സ്വർഗത്തിലേക്കു തിരികെപ്പോയി. അവിടെ അവർ പിശാചായ സാത്താന്റെ ഭൂത സഹകാരികളായി.—2 പത്രൊസ് 2:4.
5. ഭൂതങ്ങൾ ഏതുതരം ജീവികളാണ്, ദൈവനിയമങ്ങൾ ലംഘിക്കുന്നതിന് അവർ പരിശ്രമിക്കുന്നതെങ്ങനെ?
5 ഈ ചരിത്ര പശ്ചാത്തലത്തിന്റെ വീക്ഷണത്തിൽ ഭൂതങ്ങൾ യഥാർഥത്തിൽ എപ്രകാരമുള്ള ജീവികളാണെന്നു നിങ്ങൾ തിരിച്ചറിയുന്നുവോ? ലൈംഗികഭ്രാന്തുപിടിച്ച ഈ ലോകത്തിൽ മറഞ്ഞുനിന്നു ചരടുവലിക്കുന്ന ലൈംഗികദുർമാർഗികളാണ് അവർ. വീണ്ടുമൊരിക്കൽക്കൂടി മനുഷ്യശരീരം ധരിക്കുന്നതിൽനിന്ന് അവരെ നിരോധിച്ചിരിക്കയാണെങ്കിലും ഭൂമിയിൽ അവർക്കു ദുഷിപ്പിക്കാൻ സാധിക്കുന്നവരുടെ ലൈംഗിക ദുർന്നടത്തയിൽ അവർ ഉല്ലാസംകൊള്ളുകയാണ്. (എഫെസ്യർ 6:11, 12) ചാരിത്ര്യവും ധാർമികതയും സംബന്ധിച്ച യഹോവയുടെ നിയമങ്ങൾ കാററിൽ പറത്താനാണു ഭൂതങ്ങൾ ശ്രമിക്കുന്നത്. യഹോവയുടെ നിയമങ്ങൾ അനാവശ്യമായി നിയന്ത്രണം കൽപ്പിക്കുന്നവയാണെന്ന് അവർ വരുത്തിത്തീർക്കുന്നു. ലൈംഗിക അധാർമികത സാധാരണവും ഉല്ലാസകരവുമായ ജീവിതരീതിയാണെന്ന് ഈ ദുഷ്ടദൂതൻമാർ ശുപാർശ ചെയ്യുകയാണ്.
ഭൂതങ്ങളുടെ പഠിപ്പിക്കലുകളെ പ്രോത്സാഹിപ്പിക്കുന്നു
6. ഭൂതങ്ങൾ വളരെ തന്ത്രപരമായ രീതിയിൽ തങ്ങളുടെ പഠിപ്പിക്കലുകൾ ഉന്നമിപ്പിക്കുമെന്ന കാര്യത്തിൽ നാം അതിശയിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
6 ഭൂതങ്ങൾ തങ്ങളുടെ പഠിപ്പിക്കലുകൾ തന്ത്രപൂർവം ഉന്നമിപ്പിക്കുന്നുവെന്നതു നമ്മെ അതിശയിപ്പിക്കേണ്ടതില്ല. എന്തെന്നാൽ, അവരുടെ നേതാവായ പിശാചായ സാത്താൻ ഹവ്വായെ ചതിക്കുന്നതിന് ഉപയോഗിച്ച വിധവും ഇതുതന്നെയാണല്ലോ. പിശാച് ഹവ്വായെ സഹായിക്കാനാഗ്രഹിക്കുന്നു എന്നപോലെ പെരുമാറിയത് ഓർക്കുക. “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ” എന്നു സാത്താൻ ചോദിച്ചു. പിന്നീട്, തിന്നരുതെന്നു വിലക്കിയിരുന്ന വൃക്ഷഫലം ഭക്ഷിക്കുന്നതിനാൽ ഹവ്വായ്ക്കു പ്രയോജനം നേടാനാകുമെന്ന് അവളോടു പറഞ്ഞുകൊണ്ട് അവൻ ദൈവത്തിന്റെ ബോധനത്തെ തന്ത്രപൂർവം തുച്ഛീകരിക്കാൻ ശ്രമിച്ചു. “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നൻമതിൻമകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും” എന്നു പിശാച് വാഗ്ദാനം ചെയ്തു. (ഉല്പത്തി 3:1-5) അങ്ങനെ ഹവ്വാ ദൈവത്തോട് അനുസരണക്കേടു കാണിക്കുന്നതിനു വശീകരിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്തു.—2 കൊരിന്ത്യർ 11:3; 1 തിമൊഥെയൊസ് 2:13, 14.
7. ഭൂതങ്ങളുടെ തന്ത്രപരമായ പഠിപ്പിക്കലുകളുടെ ഫലമെന്താണ്, ഇത് എന്തു മുന്നറിയിപ്പു നൽകുന്നു?
7 സമീപ കാലങ്ങളിലും അനേകർ വഞ്ചിതരായിട്ടുണ്ട്. ഭൂതങ്ങൾ കൗശലപൂർവം ലൈംഗിക അധാർമികതയെ പ്രോത്സാഹിപ്പിച്ചിരിക്കയാണ്. ഈ പ്രവൃത്തിയെ ഒരിക്കൽ കുററംവിധിച്ചിരുന്ന അനേകർ ഇപ്പോൾ അതിനെ അംഗീകരിക്കാൻ ഇടയായിരിക്കുന്നു. ദൃഷ്ടാന്തത്തിന്, ഐക്യനാടുകളിലെ ഉപദേശികയായ ഒരു സുപ്രസിദ്ധ കോളമെഴുത്തുകാരി അവിവാഹിതരായ ആളുകൾ ലൈംഗികബന്ധം പുലർത്തുന്നതിനോടുള്ള ബന്ധത്തിലുള്ള ഒരു കത്തിനു പിൻവരുന്നപോലെ മറുപടി എഴുതി: “ഇക്കാര്യത്തിൽ എന്റെ അഭിപ്രായത്തിനൊരു മാററം വരുമെന്നു ഞാനൊരിക്കലും കരുതിയില്ല. എന്നാൽ, വിവാഹത്തെക്കുറിച്ചു കാര്യമായി ചിന്തിക്കുന്ന ദമ്പതികൾ തങ്ങൾ തമ്മിലുള്ള പൊരുത്തം പരിശോധിക്കുന്നതിനുവേണ്ടി ചുരുക്കം ചില വാരാന്തങ്ങൾ ഒരുമിച്ചു ചെലവഴിക്കേണ്ടതുണ്ട് എന്നാണ് ഞാനിപ്പോൾ കരുതുന്നത്.” എന്നിട്ട് അവർ ഇപ്രകാരം കൂട്ടിച്ചേർത്തു: “ഞാൻ അപ്രകാരം എഴുതിയെന്ന് എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല!” ദുർമാർഗം നടത്താനാണ് അവർ ശുപാർശചെയ്തതെന്ന് അവർക്കുതന്നെ വിശ്വസിക്കാനാകുന്നില്ല. എന്നാൽ വാസ്തവം അതായിരുന്നു! ദൈവം കുററംവിധിക്കുന്ന പ്രവൃത്തികളോടുള്ള നമ്മുടെ വീക്ഷണം ഭൂതങ്ങളുടെ പഠിപ്പിക്കലുകളാൽ സ്വാധീനിക്കപ്പെടാതിരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കണം.—റോമർ 1:26, 27; എഫെസ്യർ 5:5, 10-12.
8. (എ) “ലോകം” എന്ന പദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ? (ബി) ലോകത്തെ ഭരിക്കുന്നതാരാണ്, യേശുവിന്റെ അനുഗാമികൾ ലോകത്തെ വീക്ഷിക്കേണ്ടതെങ്ങനെ?
8 സാത്താൻ “ഈ ലോകത്തിന്റെ പ്രഭു”വാണെന്നതു നാം ഒരിക്കലും മറക്കരുത്. വാസ്തവത്തിൽ, “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന് അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞു. (യോഹന്നാൻ 12:31; 1 യോഹന്നാൻ 5:19) യേശു മുഴു മനുഷ്യരാശിയെയും കുറിക്കുന്നതിനു “ലോകം” എന്ന പദം ഉപയോഗിച്ചിട്ടുണ്ടെന്നുള്ളതു ശരിയാണ്. (മത്തായി 26:13; യോഹന്നാൻ 3:16; 12:46) എന്നിരുന്നാലും, മിക്കപ്പോഴും “ലോകം” എന്ന പദം അവിടുന്ന് ഉപയോഗിച്ചത് യഥാർഥ ക്രിസ്തീയ സഭയിലുൾപ്പെടാത്ത മുഴു ഏകീകൃത മനുഷ്യ സമുദായത്തെയും കുറിക്കുന്നതിനുവേണ്ടിയാണ്. ഉദാഹരണത്തിന്, തന്റെ അനുഗാമികൾ “ലോകക്കാരായിരിക്ക”രുതെന്ന് (നീതികെട്ട മനുഷ സമുദായം) യേശു പറഞ്ഞു. ലോകത്തിന്റെ ഭാഗമല്ലാത്തതിനാൽ ലോകം അവരെ പകെക്കുമെന്നും അവിടുന്ന് പറഞ്ഞു. (യോഹന്നാൻ 15:19; 17:14-16) സാത്താൻ ഭരിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ സുഹൃത്തുക്കളായിത്തീരാതെ അതിൽനിന്ന് അകന്നുനിൽക്കണമെന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു.—യാക്കോബ് 4:4.
9, 10. (എ) അനുചിതമായ ലൈംഗിക താത്പര്യങ്ങൾക്കു പ്രചോദനം നൽകുന്ന ലോക കാര്യങ്ങൾ ഏവ? (ബി) ലോകത്തിലെ വിനോദങ്ങൾ പഠിപ്പിക്കുന്ന സംഗതികൾക്കു പിന്നിൽ ആരാണുള്ളത് എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും?
9 “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു” എന്ന് അപ്പോസ്തലനായ യോഹന്നാൻ ഉദ്ഘോഷിച്ചു. “ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (1 യോഹന്നാൻ 2:15, 16) ഇതേപ്പററി ആലോചിച്ചുനോക്കൂ. അവിഹിത ലൈംഗികതപോലെ തെററായ ആഗ്രഹത്തെ ഉണർത്തുന്ന എന്താണ് ഇന്നു ലോകത്തിലുള്ളത്? (1 തെസ്സലൊനീക്യർ 4:3-5) ലോകത്തിന്റെ മിക്ക സംഗീതങ്ങളെക്കുറിച്ചുമെന്ത്? കാലിഫോർണിയയിലെ ഒരു പൊലീസ് പരിശീലന ഉദ്യോഗസ്ഥ ഇപ്രകാരം പറഞ്ഞു: “അടിസ്ഥാനപരമായി, നിങ്ങൾ മാതാപിതാക്കളെ അനുസരിക്കേണ്ടതില്ലെന്നു സംഗീതം പഠിപ്പിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന പ്രകാരംവേണം ജീവിക്കാൻ എന്നും അതു പഠിപ്പിക്കുന്നു.” അത്തരം സംഗീതം പ്രദാനം ചെയ്യുന്ന പഠിപ്പിക്കലിന്റെ സ്രോതസ്സ് ഏതാണെന്നു നിങ്ങൾ തിരിച്ചറിയുന്നുവോ?
10 ‘പ്രയോജനപ്രദമായ ചിലതു നിനക്കു നഷ്ടമാവുകയാണ്. നീ ആഗ്രഹിക്കുന്നവിധം ജീവിക്കുക. നൻമയും തിൻമയുമെന്താണ് എന്നതു നീ തന്നെ തീരുമാനിക്കുക. ദൈവത്തെ നീ അനുസരിക്കേണ്ടതില്ല’ ഇവയാണു ഫലത്തിൽ സാത്താൻ ഹവ്വായോടു പറഞ്ഞത് എന്നോർക്കുക. (ഉല്പത്തി 3:1-5) ലോകത്തിലെ മിക്ക സംഗീതങ്ങളിലും ഇതുപോലെതന്നെയുള്ള സന്ദേശമല്ലേ ഉൾക്കൊള്ളുന്നത്? ഭൂതങ്ങൾ സംഗീതംവഴി മാത്രമല്ല പഠിപ്പിക്കുന്നത്. കമേഴ്സ്യൽ ടെലിവിഷൻ പരിപാടികൾ, ചലച്ചിത്രങ്ങൾ, വീഡിയോകൾ എന്നിവയും അവർ ഉപയോഗിക്കുന്നു. അതെങ്ങനെയാണ്? കൊള്ളാം, ദൈവത്തിന്റെ ധാർമിക ബോധനങ്ങൾ വളരെ കർക്കശമാണ് എന്നു തോന്നിക്കുന്നതരത്തിലുള്ള വിനോദപരിപാടികളാണു ലോകത്തിലെ ആശയവിനിമയ സരണികൾ അവതരിപ്പിക്കുന്നത്. അവ ദുർമാർഗത്തെ പിന്താങ്ങുകയാണ്, അതിന് ഊന്നലേകിക്കൊണ്ടും അവ അഭിലഷണീയമാംവിധം അവതരിപ്പിച്ചുകൊണ്ടുംതന്നെ.
11. ടെലിവിഷൻ ധാർമികമായി എന്താണു പഠിപ്പിക്കുന്നത്?
11 “മൂന്നു [യു.എസ്.] ടിവി നെററ്വർക്കുകൾ 1991-ൽ വൈകുന്നേരം 7 മണിമുതൽ 11 മണിവരെയുള്ള മുഖ്യസമയത്ത് 10,000-ത്തിലധികം ലൈംഗിക സംഭവങ്ങൾ പ്രദർശിപ്പിച്ചു; വിവാഹ പങ്കാളികൾ തമ്മിലുള്ള ലൈംഗികസംഭോഗത്തിന്റെ ഒരു രംഗം പ്രദർശിപ്പിക്കുമ്പോൾ അവിവാഹിതരുടെ ഇടയിലുള്ള 14 ലൈംഗികരംഗങ്ങൾ വീതം നെററ്വർക്ക് പ്രക്ഷേപണം ചെയ്തു” എന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് മാഗസിൻ പറഞ്ഞു. നിയമവിരുദ്ധ ലൈംഗികതയുടെ ഏതാണ്ടു 9,000 സംഭവങ്ങൾ ഒരു വർഷത്തെ മുഖ്യസമയത്തിൽ പ്രദർശിപ്പിക്കുന്ന ടെലിവിഷൻ എന്തു പഠിപ്പിക്കുന്നുവെന്നാണു നിങ്ങളുടെ അഭിപ്രായം? “ടെലിവിഷനിലെ മുഖ്യസമയത്തെ ലൈംഗികത: 1979-ന് എതിരെ 1989” [ഇംഗ്ലീഷ്] എന്ന റിപ്പോർട്ടിന്റെ സഹരചയിതാവായ ബാരി എസ്. സപോൾസ്കീ പിൻവരുന്നപ്രകാരം പറയുന്നു: “പ്രേമസല്ലാപങ്ങളിലോ വ്യക്തമായ ലൈംഗികക്രിയകളിലോ ആളുകൾ ഏർപ്പെടുന്നതായി ഒരു കുട്ടി വർഷങ്ങളോളം ടെലിവിഷനിൽ നിരീക്ഷിച്ചാൽ കാലം കടന്നുപോകുന്നതോടെ ഈ ആയിരക്കണക്കിനു രംഗങ്ങൾ ലൈംഗികത ആനന്ദകരമാണെന്നും യാതൊരു ദൂഷ്യവും ചെയ്യുകയില്ലെന്നും അവനെ പഠിപ്പിക്കും.” ഒന്നിനെ സംബന്ധിച്ചും നിബന്ധനകളില്ലെന്നും ദുർമാർഗം സ്വീകാര്യമാണെന്നും ദൈവം കുററംവിധിക്കുന്നവിധത്തിൽ ജീവിക്കുന്നതുകൊണ്ടു യാതൊരു ദൂഷ്യഫലവും ചെയ്യുകയില്ലെന്നും ലോകത്തിന്റെ വിനോദം യുവാക്കളെ പഠിപ്പിക്കുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.—1 കൊരിന്ത്യർ 6:18; എഫെസ്യർ 5:3-5.
12. ലോകത്തിന്റെ വിനോദങ്ങൾ വിശേഷിച്ചും ക്രിസ്തീയ യുവാക്കൾക്ക് ഒരു ഭീഷണി ഉയർത്തുന്നത് എന്തുകൊണ്ട്?
12 ലോകത്തിന്റെ സംഗീതം, ചലച്ചിത്രങ്ങൾ, വീഡിയോകൾ, ടെലിവിഷൻ എന്നിവ യുവാക്കളെ പ്രീണിപ്പിക്കത്തക്കവിധമാണു രൂപകൽപ്പന ചെയ്തിരിക്കുന്നത്. അവ ഭൂതങ്ങളുടെ പഠിപ്പിക്കലുകളെ പ്രസിദ്ധപ്പെടുത്തുന്നു! ഇതിൽ അത്ഭുതപ്പെടേണ്ടതുണ്ടോ? ഇതേക്കുറിച്ചൊന്ന് ആലോചിച്ചുനോക്കൂ. വ്യാജമതവും രാഷ്ട്രീയവും യഥാർഥത്തിൽ സാത്താന്റെ ലോകത്തിന്റെ ഭാഗമായസ്ഥിതിക്ക് ലോകം പ്രോത്സാഹിപ്പിക്കുന്ന വിനോദങ്ങൾ ഭൂതങ്ങളുടെ സ്വാധീനത്തിൽനിന്നു സ്വതന്ത്രമാണെന്നു വിശ്വസിക്കുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ? യുവാക്കളായ നിങ്ങൾ വിശേഷിച്ചും ജാഗ്രതയുള്ളവരായിരിക്കണം. “നിങ്ങളുടെ ചുററുമുള്ള ലോകം നിങ്ങളെ അതിന്റെ രൂപത്തിലാക്കുന്നതിനു സമ്മർദം ചെലുത്താൻ” അനുവദിക്കരുത്.—റോമർ 12:2, ദ ന്യൂ ടെസ്ററമെൻറ് ഇൻ ദ മോഡേൺ ഇംഗ്ലീഷ്, ജെ. ബി. ഫിലിപ്പ്സിനാലുള്ളത്.
ഒരു ആത്മപരിശോധന നടത്തുക
13. എന്ത് ആത്മപരിശോധന ആവശ്യമാണ്?
13 നിങ്ങൾ ആരുടെ പഠിപ്പിക്കലുകളെ പിൻപററുന്നുവെന്നു തീരുമാനിക്കുന്നത് നിങ്ങളുടെ സംസാരത്തിലൂടെ മാത്രമല്ല നിങ്ങളുടെ പ്രവൃത്തിയിലൂടെയുമാണ്. (റോമർ 6:16) അതുകൊണ്ട് നിങ്ങളോടുതന്നെ ചോദിക്കുക, ‘ലോകത്തിന്റെ പ്രചരണ സരണിയിലൂടെ ഞാൻ പഠിക്കുന്ന കാര്യങ്ങളാൽ എന്റെ മനോഗതവും ജീവിതരീതിയും തെററായി സ്വാധീനിക്കപ്പെടുന്നുണ്ടോ? ഭൂതങ്ങളുടെ പഠിപ്പിക്കലുകൾ എന്റെ ജീവിതത്തിൽ നുഴഞ്ഞുകയററം നടത്തുമോ?’ അത്തരം ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിന്, നിങ്ങൾ ബൈബിൾ പഠിക്കുന്നതിനും ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നതിനും മററുള്ളവരോടു ദൈവരാജ്യത്തെപ്പററി സംസാരിക്കുന്നതിനും ചെലവഴിച്ച സമയത്തെ ടിവി കണ്ടും സംഗീതം ശ്രവിച്ചും നിങ്ങളുടെ പ്രിയപ്പെട്ട കായികവിനോദങ്ങളിൽ പങ്കെടുത്തും അതുപോലുള്ള മററു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുംകൊണ്ടു ചെലവഴിച്ച സമയവുമായി എന്തുകൊണ്ടു തുലനം ചെയ്തുകൂടാ? അനേകം സംഗതികൾ—അതേ, നിങ്ങളുടെ ജീവൻതന്നെ—അപകടത്തിലായ സ്ഥിതിക്ക് സത്യസന്ധമായ ആത്മപരിശോധന നടത്തുക.—2 കൊരിന്ത്യർ 13:5.
14. നമ്മുടെ ആത്മീയ ആരോഗ്യത്തെ ബാധിക്കുന്നതെന്ത്, ഏതു വസ്തുത നാം മനസ്സിൽ വയ്ക്കേണ്ടതാണ്?
14 നിങ്ങൾ ഭക്ഷിക്കുന്ന ശാരീരിക ഭോജനം നിങ്ങളുടെ ഭൗതിക ശരീരത്തെ ബാധിക്കുമെന്നു നിങ്ങൾക്കു നല്ല ബോധ്യമുണ്ട്. സമാനമായി, മനസ്സിലും ഹൃദയത്തിലും നിറക്കുന്ന കാര്യങ്ങൾ നിങ്ങളുടെ ആത്മീയ ആരോഗ്യത്തെ ബാധിക്കും. (1 പത്രൊസ് 2:1, 2) നിങ്ങളുടെ യഥാർഥ താത്പര്യങ്ങളുടെ കാര്യത്തിൽ സ്വയം വഞ്ചിതരായേക്കാം. എന്നാൽ നമ്മുടെ ന്യായാധിപതിയായ യേശുക്രിസ്തുവിനെ നിങ്ങൾക്കു വഞ്ചിക്കാൻ കഴിയില്ല. (യോഹന്നാൻ 5:30) അതുകൊണ്ടു നിങ്ങളോടുതന്നെ ചോദിക്കുവിൻ, ‘യേശു ഭൂമിയിലുണ്ടായിരുന്നുവെങ്കിൽ അവിടുന്ന് എന്റെ മുറിയിലേക്കു കടന്നുവന്നു ഞാൻ ശ്രവിക്കുന്ന സംഗീതം ശ്രവിക്കുകയോ ഞാൻ ടിവിയിൽ വീക്ഷിക്കുന്നതു വീക്ഷിക്കുകയോ ചെയ്യുന്നുവെങ്കിൽ അത് എന്നെ നാണംകെടുത്തുമോ?’ യേശു നമ്മെ വീക്ഷിക്കുകയും നമ്മുടെ പ്രവൃത്തികൾ അറിയുകയും ചെയ്യുന്നു എന്നതാണു വസ്തുത.—വെളിപ്പാടു 3:15.
ഭൂതങ്ങളുടെ പഠിപ്പിക്കലുകളെ ചെറുത്തുനിൽക്കുക
15. ഭൂതങ്ങളുടെ പഠിപ്പിക്കലുകളെ ചെറുത്തുനിൽക്കുന്നതിനു ക്രിസ്ത്യാനികൾ കഠിനമായി പോരാടേണ്ടത് എന്തുകൊണ്ട്?
15 തങ്ങളുടെ പഠിപ്പിക്കലുകളെ പിൻപററുന്നതിനു ഭൂതങ്ങൾ യുവാക്കളുടെമേൽ ചെലുത്തുന്ന സമ്മർദം കുറച്ചൊന്നുമല്ല. ഈ ദുഷ്ടാത്മാക്കൾ വിനോദത്തിലൂടെയും ഉല്ലാസത്തിലൂടെയും സത്വര തൃപ്തിവരുത്തുന്ന ജീവിതം വാഗ്ദാനം ചെയ്യുന്നതായി തോന്നുന്നു. ഫറവോന്റെ കുടുംബത്തിലെ ഒരു പ്രമുഖ അംഗമായിരുന്നിട്ടുകൂടി ദൈവത്തെ സന്തോഷിപ്പിക്കുന്നതിന് മോശ “പാപത്തിന്റെ തല്ക്കാലഭോഗത്തെ” തിരസ്കരിച്ചു. (എബ്രായർ 11:24-27) ഭൂതങ്ങൾ വാഗ്ദാനം ചെയ്യുന്നതു തിരസ്കരിക്കുക എളുപ്പമല്ല. അതുകൊണ്ട് ശരിയായതു ചെയ്യുന്നതിനുവേണ്ടി നിങ്ങൾ പോരാട്ടം നടത്തണം. നാം പാപം അവകാശപ്പെടുത്തിയിരിക്കയും നമ്മുടെ ഹൃദയം മിക്കപ്പോഴും തിൻമചെയ്യാൻ പ്രവണതകാട്ടുകയും ചെയ്യുന്നുവെന്ന കാരണത്താൽ ഇതു വിശേഷിച്ചും വാസ്തവമാണ്. (ഉല്പത്തി 8:21; റോമർ 5:12) പാപപങ്കിലമായ പ്രവണതകൾനിമിത്തം അപ്പോസ്തലനായ പൗലോസിനുപോലും തന്നോടുതന്നെ കർക്കശമായി പെരുമാറേണ്ടിവന്നു. തന്റെ ജഡിക താത്പര്യങ്ങൾ തന്നിൽ ആധിപത്യം നടത്താൻ അദ്ദേഹം അനുവദിച്ചില്ല.—1 കൊരിന്ത്യർ 9:27; റോമർ 7:21-23.
16. അധാർമികമായ നടത്തയിൽ ഏർപ്പെടുന്നതിനുള്ള സമ്മർദത്തെ യുവാക്കൾക്ക് എങ്ങനെ ചെറുത്തുനിൽക്കാനാകും?
16 ‘ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യുവാൻ’ നിങ്ങൾ പ്രലോഭിതരായേക്കം. എന്നാൽ തങ്ങളുടെ ഗതി പിന്തുടരാൻ സമപ്രായക്കാർ നിങ്ങളുടെമേൽ ചെലുത്തുന്ന സമ്മർദത്തെ ചെറുത്തുനിൽക്കാൻ ദൈവം നിങ്ങളെ സഹായിക്കും. (പുറപ്പാടു 23:2; 1 കൊരിന്ത്യർ 10:13) എന്നാൽ നിങ്ങൾ ദൈവത്തിന്റെ മാർഗനിർദേശങ്ങൾക്കു ചെവികൊടുക്കണം. അവിടുത്തെ വചനം ഹൃദയത്തിൽ സംഗ്രഹിക്കുകയും വേണം. (സങ്കീർത്തനം 119:9, 11) യുവപ്രായത്തിലുള്ള രണ്ടുപേർ തങ്ങളെത്തന്നെ ഒററപ്പെടുത്തുമ്പോൾ ലൈംഗിക താത്പര്യങ്ങൾ ഉണർത്തപ്പെടാനും ദൈവനിയമം ലംഘിക്കുന്നതിലേക്ക് അതു നയിക്കാനും ഇടയാക്കുമെന്നു നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. “ഞാൻ എന്റെ കൂട്ടുകാരനോടൊപ്പം തനിച്ചായിരിക്കുന്ന അവസരത്തിൽ ശരീരം ഒരു കാര്യം ചെയ്യാനാഗ്രഹിക്കുമ്പോൾ മനസ്സ് മറെറാന്നു ചെയ്യാനാഗ്രഹിക്കുന്നു” എന്ന് ഒരു കൗമാരപ്രായക്കാരി അഭിപ്രായപ്പെട്ടു. അതുകൊണ്ട് നിങ്ങളുടെ പരിമിതികൾ തിരിച്ചറിയുക. നിങ്ങളുടെ ഹൃദയം കാപട്യമുള്ളതാണെന്നു ബോധ്യമുള്ളവരായിരിക്കുക. (യിരെമ്യാവു 17:9) നിങ്ങളെത്തന്നെ ഒററപ്പെടുത്തരുത്. (സദൃശവാക്യങ്ങൾ 18:1) സ്നേഹപ്രകടനങ്ങൾക്കു പരിധി വയ്ക്കുക. എല്ലാററിലും പ്രധാനമായി, യഹോവയെ സ്നേഹിക്കുന്നവരും അവിടുത്തെ നിയമങ്ങളോട് ആഴമായ ബഹുമാനമുള്ളവരുമായിമാത്രം അടുത്തു സഹവസിക്കുക.—സങ്കീർത്തനം 119:63; സദൃശവാക്യങ്ങൾ 13:20; 1 കൊരിന്ത്യർ 15:33.
17. ഭൂതങ്ങളുടെ പഠിപ്പിക്കലുകളെ ചെറുത്തു നിൽക്കുന്നതിനുള്ള ബലം നേടാൻ ക്രിസ്തീയ യുവാക്കളെ സഹായിക്കാൻ എന്തിനു കഴിയും?
17 നിങ്ങളുടെ ആത്മീയമായ കരുത്തു വർധിപ്പിക്കുന്നതിനുള്ള ഉദ്ദേശ്യത്തിൽ നിർമിച്ചിട്ടുള്ള ക്രിസ്തീയ പ്രസിദ്ധീകരണങ്ങളുടെ സൂക്ഷ്മമായ പഠനം നിങ്ങൾക്കു സഹായകമായിരിക്കും. ദൃഷ്ടാന്തത്തിന്, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകവും നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിലെ “ശരി ചെയ്യുന്നതിനുള്ള പോരാട്ടം” എന്ന അധ്യായവും പരിചിന്തിക്കുക. പ്രദാനം ചെയ്തിരിക്കുന്ന തിരുവെഴുത്തു നിർദേശങ്ങൾ നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിയട്ടെ. അവ നിങ്ങളെ ബലപ്പെടുത്തും. ഈ ഭൂത-നിയന്ത്രിത ലോകത്തിൽ ശരി ചെയ്യുക എളുപ്പമല്ല എന്ന വസ്തുത നിങ്ങൾ ഒരിക്കലും മറക്കരുത്. അതുകൊണ്ട് കഠിനമായി പോരാടുക. (ലൂക്കൊസ് 13:24) നിങ്ങളുടെ ആത്മീയ ശക്തി ബലപ്പെടുത്തുക. ബലഹീനരും ബഹുജനത്തെ പിന്തുടരുന്ന ഭീരുക്കളുമായവരെ അനുകരിക്കരുത്.
ദിവ്യ ബോധനത്തിൽനിന്നു പ്രയോജനം നേടുക
18. ദിവ്യ ബോധനം പിൻപററുന്നതുകൊണ്ടുള്ള ചില പ്രയോജനങ്ങൾ ഏവ?
18 യഹോവയുടെ പ്രബോധനങ്ങൾ പിൻപററുന്നതിനാൽ നിങ്ങൾക്ക് പ്രയോജനകരമായ യാതൊന്നും നഷ്ടപ്പെടുകയില്ല എന്നും ഓർക്കുക. അവിടുന്ന് നിങ്ങളെ യഥാർഥമായും സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടാണ് അവിടുന്ന് ‘ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കുന്നത്’. (യെശയ്യാവു 48:17) യഹോവയുടെ പ്രബോധനങ്ങളെ പിൻപററിക്കൊണ്ട് തകർന്ന മനസ്സാക്ഷിനിമിത്തമുള്ള ഹൃദയവേദന, ആത്മാഭിമാന നഷ്ടം, അനാവശ്യ ഗർഭധാരണം, ലൈംഗികമായി പകരുന്ന രോഗങ്ങൾ എന്നിവയും അതിനു സമാനമായ മററു ദുരന്തങ്ങളും ഒഴിവാക്കുക. പരിശോധനയിൻകീഴിൽ മനുഷ്യർ ദൈവത്തോടു വിശ്വസ്തരായി നിലകൊള്ളുകയില്ല എന്ന സാത്താന്റെ വെല്ലുവിളിക്കു തന്റെ സേവകർ തക്കതായ മറുപടി നൽകുമ്പോൾ യഹോവ സന്തോഷിക്കുന്നു. (ഇയ്യോബ് 1:6-12) യഹോവയോടു വിശ്വസ്തരായി നിലകൊള്ളുന്നതിലൂടെ നിങ്ങൾ അവിടുത്തെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. അവിടുന്ന് ഈ ലോകത്തിനെതിരെ ന്യായംവിധിക്കുമ്പോൾ നിങ്ങൾ അതിജീവിക്കും. എന്നാൽ അവിടുത്തെ നിയമങ്ങളെ തുച്ഛീകരിക്കുന്ന ഏവരും നശിച്ചുപോകും.—സദൃശവാക്യങ്ങൾ 27:11; 1 കൊരിന്ത്യർ 6:9, 10; 1 യോഹന്നാൻ 2:17.
19. യഹോവയുടെ പ്രബോധനങ്ങളെ വിലമതിക്കുന്നവരുമായി സഹവസിക്കുന്നതിന്റെ മൂല്യമെന്ത്?
19 തങ്ങൾക്കുവേണ്ടി യഹോവ ചെയ്തിരിക്കുന്ന കാര്യങ്ങളെപ്രതി വിലമതിപ്പു പ്രകടമാക്കുന്നവരുമായി അടുത്തു സഹവസിച്ചാൽ അവരുടെ അനുഭവങ്ങളിൽനിന്നു നിങ്ങൾക്കു പഠിക്കാനാകും. മുമ്പ് മയക്കുമരുന്നിനടിമപ്പെട്ടും ദുർമാർഗനടപടികളിൽ ഏർപ്പെട്ടുമിരുന്ന ഒരു യുവതി ഇങ്ങനെ വിശദീകരിച്ചു: “യഹോവയെ അനുസരിച്ചില്ലായിരുന്നെങ്കിൽ ഇതിനോടകം ഞാൻ മരിച്ചുപോയേനെ. ഞാൻ വിവാഹം ചെയ്യാനിരുന്ന വ്യക്തി എയ്ഡ്സുമൂലം മരണമടഞ്ഞു. എന്റെ പൂർവകാല സുഹൃത്തുക്കളെല്ലാം എയ്ഡ്സുമൂലം ഇതിനോടകം മരിച്ചുപോകുകയോ മരിച്ചുകൊണ്ടിരിക്കുകയോ ആണ്. ഞാൻ അവരെ മിക്കപ്പോഴും തെരുവുകളിൽ കാണാറുണ്ട്. തന്റെ ജനത്തെ ഭരിക്കുന്ന യഹോവയുടെ നിയമങ്ങൾക്കായി ഞാൻ എന്നും അവിടുത്തേക്കു നന്ദി നൽകുന്നു. അവ ബാധകമാക്കുന്നെങ്കിൽ നമ്മെ അതു വിശുദ്ധിയുള്ളവരായി നിലനിർത്തും. എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഇതുപോലെ സന്തുഷ്ടയും സംതൃപ്തയും സുരക്ഷിതയുമായിരുന്നിട്ടില്ല.” തീർച്ചയായും യഹോവയുടെ പ്രബോധനങ്ങൾ പിൻപററുന്നത് നമുക്ക് എല്ലായ്പോഴും പ്രയോജനം നൽകും!
ശരിയായ തിരഞ്ഞെടുപ്പു നടത്തുക
20, 21. (എ) ഏതു രണ്ടു തിരഞ്ഞെടുപ്പുകളാണു യുവജനങ്ങൾക്കുള്ളത്? (ബി) ദിവ്യ ബോധനം പിൻപററുന്നതിനാൽ നിലനിൽക്കുന്ന എന്തെല്ലാം പ്രയോജനങ്ങളായിരിക്കും ഫലം?
20 യഹോവയെ സേവിച്ചുകൊണ്ടു ശരിയായ തിരഞ്ഞെടുപ്പു നടത്താൻ യുവാക്കളായ നിങ്ങളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. ആ തീരുമാനത്തോടു പററിനിൽക്കുന്നതിന് ഉറപ്പുള്ളവരായിരിക്കുക. (യോശുവ 24:15) യഥാർഥത്തിൽ നിങ്ങൾക്കു രണ്ടു തിരഞ്ഞെടുപ്പുകളിൽ ഒന്നേ നടത്താനാവൂ. വീതിയും വിശാലവുമായ വാതിൽ—ഒരുവന് ആത്മസന്തുഷ്ടി നൽകുന്ന എളുപ്പമുള്ള വഴി—ഉണ്ടെന്നു യേശു പറഞ്ഞു. ആ വഴി നാശത്തിലേക്കാണു പോകുന്നത്. മറേറവഴി ഇടുങ്ങിയതാണ്. ഈ കുത്തഴിഞ്ഞ, ഭൂത-നിയന്ത്രിതലോകത്തിൽ യാത്ര ചെയ്യാൻ പ്രയാസകരമായ ഒരു പാതയാണത്. എന്നാൽ ആ പാതയിലൂടെ യാത്രചെയ്യുന്നവരെ അതു ക്രമേണ ദൈവത്തിന്റെ അത്ഭുതകരമായ പുതിയ ലോകത്തിലേക്കു നയിക്കും. (മത്തായി 7:13, 14) നിങ്ങൾ ഏതു വഴി തിരഞ്ഞെടുക്കും? നിങ്ങൾ ആരുടെ പ്രബോധനങ്ങൾ പിൻപററും?
21 യഹോവ തിരഞ്ഞെടുപ്പു നിങ്ങൾക്കു വിട്ടു തന്നിരിക്കയാണ്. തന്നെ സേവിക്കുന്നതിന് അവിടുന്ന് നിങ്ങളുടെമേൽ നിർബന്ധം ചെലുത്തുന്നില്ല. ദൈവത്തിന്റെ പ്രവാചകനായ മോശ പറഞ്ഞു: “ജീവനും മരണവും . . . നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു . . . ” എന്നാൽ “ജീവനെ തിരഞ്ഞെടുത്തുകൊൾക” എന്ന് അദ്ദേഹം പ്രോത്സാഹിപ്പിച്ചു. “നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും” ചെയ്യുന്നതിലൂടെയാണ് ഈ തിരഞ്ഞെടുപ്പു നടത്തുന്നത്. (ആവർത്തനപുസ്തകം 29:2; 30:19, 20) നിങ്ങൾ ബുദ്ധിപൂർവം ദിവ്യ ബോധനം തിരഞ്ഞെടുക്കുന്നതിനും ദൈവത്തിന്റെ മഹത്തായ പുതിയ ലോകത്തിൽ നിത്യജീവൻ ആസ്വദിക്കുന്നതിനും ഇടയാകട്ടെ.
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
◻ ഭൂതങ്ങൾ ആരാണ്, അവർ എന്തു പഠിപ്പിക്കുന്നു?
◻ ഇന്നു ഭൂതങ്ങൾ തങ്ങളുടെ പഠിപ്പിക്കലുകളെ ഉന്നമിപ്പിക്കുന്നത് എങ്ങനെ?
◻ ഭൂതങ്ങളുടെ പഠിപ്പിക്കലുകളെ എങ്ങനെ ചെറുത്തുനിൽക്കാം?
◻ യഹോവയുടെ പ്രബോധനം അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ ഏവ?
[16-ാം പേജിലെ ചിത്രം]
ജലപ്രളയത്തിനുമുമ്പ് അനുസരണക്കേടു കാണിച്ച ദൂതൻമാരും അവരുടെ സന്താനങ്ങളും അക്രമത്തിനും ദുരാചാരത്തിനും പ്രോത്സാഹനമേകി
[18-ാം പേജിലെ ചിത്രം]
നിങ്ങളുടെ പ്രിയപ്പെട്ട സംഗീതം യേശു കേൾക്കുന്നുവെങ്കിൽ അതു നിങ്ങളെ നാണംകെടുത്തുമോ?