വ്യക്തിപരമായ പഠനം നിങ്ങൾ ആസ്വദിക്കുന്നുവോ?
വ്യക്തിപരമായ ബൈബിൾപഠനത്തിനു വേണ്ടത്ര അളവിലുള്ള സമയം നീക്കിവെക്കുന്നത് ആത്മാർഥതയുള്ള ഏതൊരു ദൈവദാസനും ആഹ്ളാദകരമായിരിക്കും. (സങ്കീർത്തനം 1:1, 2) എന്നിരുന്നാലും, തങ്ങളുടെ സമയവും ശക്തിയും ചെലവിടേണ്ടിവരുന്ന മററനേകം സംഗതികളുണ്ടെന്നു മനസ്സിലാക്കുമ്പോൾ തങ്ങൾ ആഗ്രഹിക്കുന്നത്ര സമയവും ഊർജവും വ്യക്തിപരമായ പഠനത്തിനു ചെലവഴിക്കാൻ അനേകർക്കു ബുദ്ധിമുട്ടാവുന്നു.
എന്നുവരികിലും, ദൈവത്തിന്റെ ഊർജസ്വലരായ ദാസൻമാരായി തുടരാൻവേണ്ടി എല്ലാവർക്കും തങ്ങളുടെ സന്തോഷവും ശക്തിയും ദിവസേന പുതുക്കിക്കിട്ടേണ്ട ആവശ്യമുണ്ട്. ഇതിനുവേണ്ടി ദൈവവചനത്തിലെ സത്യത്തിന്റെ പുതിയതോ ആഴത്തിലോ ഉള്ള വശങ്ങൾ കണ്ടെത്തണം. വർഷങ്ങൾക്കുമുമ്പു നിങ്ങളെ ആഴത്തിൽ പ്രചോദിപ്പിച്ച ബൈബിൾസത്യങ്ങൾ ഇപ്പോൾ അത്രമാത്രം പ്രചോദിപ്പിക്കുന്നവയല്ലായിരിക്കാം. അതുകൊണ്ട്, ആത്മീയമായി നമ്മെ ഉത്തേജിതരായി നിർത്തുന്നതിനു സത്യത്തിന്റെ പുതിയ ഉൾക്കാഴ്ച ലഭിക്കാൻ നാം ബോധപൂർവകമായ, അനുസ്യൂതമായ ശ്രമം നടത്തുന്നത് നല്ലതാണെന്നുതന്നെയല്ല, അതു ജീവത്പ്രധാനംപോലുമാണ്.
ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനത്തിലൂടെ പുരാതന നാളിലെ വിശ്വാസികൾ തങ്ങളെത്തന്നെ ആത്മീയമായി കരുത്തരാക്കിയത് എങ്ങനെയാണ്? യഹോവയുടെ ആധുനികനാളിലെ ദാസൻമാരിൽ ചിലർ തങ്ങളുടെ പഠനം കൂടുതൽ ആസ്വാദ്യവും ഫലദായകവും ആക്കിത്തീർക്കുന്നത് എങ്ങനെയാണ്? അവരുടെ ശ്രമങ്ങൾക്ക് പ്രതിഫലം ലഭിച്ചിരിക്കുന്നത് എങ്ങനെയാണ്?
വ്യക്തിപരമായ പഠനത്തിലൂടെ അവർ തങ്ങളുടെ ശക്തി പുതുക്കി
യെഹൂദായിലെ യോശിയാ രാജാവ് വിഗ്രഹാരാധനയ്ക്കെതിരായ ഒരു സംഘടിത പ്രചാരണം ഏറെറടുത്തു. വലിയ തീക്ഷ്ണതയിൽ നടത്തിയ ആ പരിപാടി “യഹോവ മോശെ മുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം” അവനെ വായിച്ചുകേൾപ്പിച്ച ശേഷമായിരുന്നു. ദൈവവചനത്തിന്റെ ഈ ഭാഗം അവൻ പരിചിന്തിച്ചത് ആദ്യമായിട്ടായിരുന്നില്ല എന്നതിന് ഒരു സംശയവുമില്ല. പക്ഷേ, മൂല കയ്യെഴുത്തുപ്രതിയിൽനിന്ന് ആ സന്ദേശം നേരിട്ടു കേട്ടപ്പോൾ നിർമലാരാധനയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അവന് അതൊരു വലിയ ഉത്തേജനമായി.—2 ദിനവൃത്താന്തം 34:14-19.
‘യരുശലേമിന്റെ ശൂന്യാവസ്ഥ തീരുന്നതിനുള്ള വർഷങ്ങളുടെ എണ്ണവും,’ അതിനെക്കുറിച്ചുള്ള ഉറപ്പും യിരെമ്യാവിന്റെ പുസ്തകത്തിൽനിന്നു മാത്രമല്ല “പുസ്തകങ്ങ”ളിൽനിന്നുകൂടെയാണ് പ്രവാചകനായ ദാനിയേൽ വിവേചിച്ചറിഞ്ഞത്. സാധ്യതയനുസരിച്ച്, ലേവ്യപുസ്തകം (26:34, 35), യെശയ്യാവു (44:26-28), ഹോശേയ (14:4-7), ആമോസ് (9:13-15) എന്നിവ അക്കൂട്ടത്തിൽപ്പെട്ടിരിക്കാം. ശുഷ്കാന്തിയോടെ നടത്തിയ ബൈബിൾപുസ്തക പഠനത്തിലൂടെ അദ്ദേഹം ഉറപ്പുള്ളവനായി. അത് ഈ ഭക്തിയുള്ള മനുഷ്യനെ ഉള്ളുരുകി പ്രാർഥിച്ച് ദൈവവുമായി അടുക്കുന്നതിനു സഹായിച്ചു. യെരുശലേം നഗരത്തെയും അവന്റെ ജനത്തെയും സംബന്ധിച്ചുള്ള കൂടുതലായ വെളിപ്പാടുകളും ഉറപ്പുകളും ലഭിച്ചപ്പോൾ അദ്ദേഹത്തിന്റെ ആത്മാർഥമായ യാചനയ്ക്ക് ഉത്തരം ലഭിച്ചു.—ദാനീയേൽ, അധ്യായം 9.
“യഹോവയുടെ ദൃഷ്ടികളിൽ ശരിയായതു ചെയ്ത” യോശിയാവും ദൈവത്തിന്റെ കാഴ്ചപ്പാടിൽ “വളരെ അഭികാമ്യനായ ഒരുവനാ”യിരുന്ന ദാനിയേലും അടിസ്ഥാനപരമായി ഇന്നുള്ള നമ്മിൽനിന്നു വ്യത്യസ്തരായിരുന്നില്ല. (2 രാജാക്കൻമാർ 22:2; ദാനിയേൽ 9:23, NW) അന്നു ലഭ്യമായിരുന്ന തിരുവെഴുത്തുകൾ പഠിക്കാൻ അങ്ങേയററം പ്രചോദിതരായി ഉഴിഞ്ഞുവെച്ച അവരുടെ വ്യക്തിപരമായ ശ്രമങ്ങൾക്കു ഫലമുണ്ടായി. അവർക്ക് വലിയ ആത്മീയത കൈവരികയും ദൈവവുമായി കൂടുതൽ ബലിഷ്ഠമായ ബന്ധം ആസ്വദിക്കുന്നതിന് അവരെ അതു സഹായിക്കുകയും ചെയ്തു. യിഫ്താഹ്, ആസാഫിന്റെ ഭവനത്തിലെ ഒരു സങ്കീർത്തനക്കാരൻ, നെഹെമ്യാവ്, സ്തേഫാനോസ് എന്നിവരെപ്പോലെയുള്ള യഹോവയുടെ മററനേകം പുരാതന ദാസൻമാരെക്കുറിച്ചും ഇതുതന്നെ പറയാം. ഇവരെല്ലാം തങ്ങളുടെ നാളുകളിൽ ലഭ്യമായിരുന്ന ബൈബിൾ ഭാഗങ്ങൾ ശ്രദ്ധാപൂർവം വ്യക്തിപരമായി വായിച്ചു പഠനം നടത്തി എന്നതിനു തെളിവു പ്രകടമാക്കിയവരാണ്.—ന്യായാധിപൻമാർ 11:14-27; സങ്കീർത്തനങ്ങൾ 79, 80; നെഹെമ്യാവു 1:8-10; 8:9-12; 13:29-31; പ്രവൃത്തികൾ 6:15–7:53.
ശുശ്രൂഷ ഒരു പ്രചോദനമാകട്ടെ
വർഷങ്ങളോളം യഹോവയെ സേവിച്ചിട്ടുള്ള ഇന്നത്തെ മിക്ക ദാസൻമാർക്കും വ്യക്തിപരമായ ബൈബിൾപഠനത്തിന് ഒരു പട്ടികയുണ്ട്. ഉണർവുള്ളവരായി നിലകൊള്ളാനും തങ്ങളുടെ ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ തികവോടെ നിറവേററാനും ഇത് അത്യന്താപേക്ഷിതമാണെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. എന്നിട്ടും, പഠനത്തിനും അവഗണിക്കാൻ പററാത്ത മററു കാര്യങ്ങൾക്കുമായി തങ്ങളുടെ സമയവും ഊർജവും ഉപയോഗിക്കുന്ന കാര്യത്തിൽ ഒരു സമനില കൈവരിക്കുക എല്ലായ്പോഴും എളുപ്പമല്ല എന്ന് അവരിൽ ചിലർ സമ്മതിക്കുന്നുണ്ട്.
എങ്കിലും, ലോകവ്യാപക രാജ്യപ്രസംഗവേല ഇത്രമാത്രം പുരോഗമിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ ക്രിസ്തീയ ശുശ്രൂഷയിലെ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഉത്സാഹപൂർവകമായ വ്യക്തിപരമായ പഠനത്തിലൂടെ ആത്മീയമായി ഉത്സുകരായി നിലകൊള്ളേണ്ടത് അത്യന്താപേക്ഷിതമാണ്. ദൈവത്തിന്റെ വചനം സംബന്ധിച്ച പുതുമയുള്ള, ആഴത്തിലുള്ള ഉൾക്കാഴ്ചകളിൽ പുളകംകൊള്ളുന്നവർക്ക് വിശന്നുവലയുന്ന ഹൃദയങ്ങളെ തൊട്ടുണർത്തുക എന്ന വെല്ലുവിളിയെ നേരിടാനാവും. ആത്മീയ മീൻപിടുത്തത്തിൽ വൻഫലങ്ങളുണ്ടാക്കുന്ന ഒരു പ്രദേശത്ത് നിയമിക്കപ്പെട്ടാലും ശരി, പൊതുവേ വിപ്രതിപത്തിയുള്ള, നന്നായി പ്രവർത്തിച്ചിട്ടുള്ള സ്ഥലത്തു തളർന്നുപോകാതെ അധ്വാനിക്കുകയാണെങ്കിലും ശരി, ഇതു സത്യമാണ്.
ദൈവവചനം ക്രമമായി ഭക്ഷിക്കുക
നിങ്ങൾക്കു നിങ്ങളുടെ പഠനക്രമത്തിൽനിന്ന് എങ്ങനെയാണു കൂടുതൽ ആസ്വദിക്കാനാവുക, അല്ലെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും പഠനസമയത്തിന്റെ ഉപയോഗം എങ്ങനെ കൂടുതൽ ഫലദായകമാക്കാം എന്നതുസംബന്ധിച്ച് ഒരു ധാരണ ലഭിക്കാൻ മററുള്ളവർ ചെയ്യുന്നത് എന്താണെന്നറിയുന്നതു സഹായിച്ചേക്കാം. ദൈവത്തിന്റെ ഒരു ദാസൻ വിട്ടുകളയരുതാത്ത സംഗതികളിൽ ഒന്ന് ക്രമമായ അടിസ്ഥാനത്തിലുള്ള ദൈവവചനത്തിന്റെ വായനതന്നെയാണ്. പലരും ബൈബിളിന്റെ മൂന്നോ നാലോ അധ്യായങ്ങൾ ആഴ്ചതോറും വായിക്കാനുള്ള ഒരു ലാക്ക് വെച്ചിട്ടുണ്ട്. മുഴുബൈബിളും ഒററവർഷംകൊണ്ടു വായിച്ചുതീർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, അതിന്റെ വായനയിൽ കൂടുതൽ സമയം ചെലവിടാൻ നിങ്ങൾക്കു സന്തോഷമുണ്ടായിരിക്കും, ചിലപ്പോൾ ദിവസേന അരമണിക്കൂർ വീതം.
നിങ്ങൾ ഒന്നിലധികം പ്രാവശ്യം ബൈബിൾ മുഴുവനായി വായിച്ചിട്ടുണ്ടോ? അടുത്ത പ്രാവശ്യം അത്തരമൊരു പുതിയ ലാക്ക് എന്തുകൊണ്ടുവെച്ചുകൂടാ? ഒരു ക്രിസ്തീയ സ്ത്രീ ബൈബിൾപുസ്തകങ്ങൾ അവ എഴുതപ്പെട്ട ക്രമത്തിൽ വായിച്ചത് വെറുമൊരു മാററത്തിനുവേണ്ടിയായിരുന്നു. എന്നാൽ കാലാനുക്രമ പശ്ചാത്തലത്തിൽ അധിഷ്ഠിതമായ അനേകം വിശദാംശങ്ങൾ അവൾക്കു കിട്ടിയെന്നതായിരുന്നു ഫലം. അതാകട്ടെ, മുമ്പൊക്കെ അവളുടെ ശ്രദ്ധയിൽപ്പെടാതെ പോയിരുന്നവയുമായിരുന്നു. ആദ്യ പേജുമുതൽ അവസാന പേജുവരെ മുഴുവനായിട്ടായിരുന്നു മറെറാരു ക്രിസ്തീയ സ്ത്രീ ബൈബിൾ വായിച്ചത്. അങ്ങനെ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് അഞ്ചു പ്രാവശ്യം വായിച്ചു. എന്നാൽ ഓരോ പ്രാവശ്യവും ഒരു വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയായിരുന്നു വായിച്ചത്. ആദ്യത്തെ പ്രാവശ്യം അവൾ ആദ്യംമുതൽ അവസാനംവരെയങ്ങു വായിച്ചു. രണ്ടാമത്തെ വായനയ്ക്കിടയിൽ അവൾ ഓരോ അധ്യായത്തിന്റെയും ഉള്ളടക്കം ഒരു നോട്ട്ബുക്കിൽ ഒന്നോ രണ്ടോ വാചകത്തിൽ ചുരുക്കി എഴുതിവെച്ചു. മൂന്നാംവർഷം തൊട്ട് അവൾ വായന വലിപ്പം കൂടിയ റഫറൻസ് എഡീഷനിലേക്കു മാററി. ആദ്യമൊക്കെ മാർജിനിൽ കൊടുത്തിരിക്കുന്ന ക്രോസ്സ്-റഫറൻസിൽ ആവശ്യമുള്ളവ മാത്രം പരിശോധിച്ചു. പിന്നീട് അടിക്കുറിപ്പുകൾക്കും അനുബന്ധ വിവരങ്ങൾക്കും സൂക്ഷ്മശ്രദ്ധ നൽകി. അഞ്ചാംവർഷം ഭൂമിശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെ ഗ്രാഹ്യം വർധിപ്പിക്കാൻ അവൾ ബൈബിൾഭൂപടങ്ങൾ ഉപയോഗിച്ചു. അവൾ പറയുന്നു: “എനിക്ക് ബൈബിൾവായന ഒരു വിരുന്ന് ആസ്വദിക്കുന്നതുപോലെയാണ്.”
ഉത്സുകരായ ചില ബൈബിൾ പഠിതാക്കൾ വ്യക്തിപരമായ പഠനത്തിനു മാത്രമായി ഒരു ബൈബിൾ മാററിവെക്കുന്നതു പ്രയോജനകരമാണെന്നു മനസ്സിലാക്കിയിട്ടുണ്ട്. രസാവഹമായ അഭിപ്രായങ്ങൾ, ചിന്തോദ്ദീപകമായ ദൃഷ്ടാന്തങ്ങൾ, അല്ലെങ്കിൽ പിന്നീടു നോക്കാൻ കഴിയേണ്ടതിനു മററു പ്രസിദ്ധീകരണങ്ങളുടെ പേജ് നമ്പരുകൾ എന്നിവ അവർ അതിന്റെ മാർജിനിൽ ഹ്രസ്വമായി കുറിച്ചിടുന്നു. ഒരു മാസത്തിൽ താൻ പഠിച്ച പുതിയ ആശയങ്ങൾ അതാതു മാസാവസാനം പഠനപ്രതിയിൽ എഴുതിയിടുക എന്നത് വലിയ അനുഭൂതിയുളവാക്കുന്ന ഒരു കാര്യമായി ഒരു മുഴുസമയ ശുശ്രൂഷക കരുതുന്നു. അവൾ പറയുന്നു: “എന്റെ ഈ വിലയേറിയ മണിക്കൂറുകളിലേക്കു നോക്കുന്നത് അടുത്ത മാസത്തെ മററു ലാക്കുകളിൽ പെട്ടെന്ന് എത്താൻ എന്നെ സഹായിക്കുന്നു.”
ചില വിദഗ്ധ ആശയങ്ങൾ
ദിവസംതോറും, ആഴ്ചതോറും ചെയ്തുതീർക്കേണ്ട കാര്യങ്ങളാൽ തിങ്ങിനിറഞ്ഞതാണ് നിങ്ങളുടെ പട്ടിക എന്നും അതുകൊണ്ടു നിങ്ങളുടെ പരിമിതമായ സമയം കൂടുതൽ മെച്ചമായി ഉപയോഗിക്കുന്നതിനു ചില നിർദേശങ്ങൾ ആവശ്യമാണ് എന്നും നിങ്ങൾക്കു തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ, വായിക്കാൻ ഉദ്ദേശിക്കുന്ന സംഗതി കൂടെകൊണ്ടുപോകുക. എന്നിട്ട് നിങ്ങളുടെ ഒഴിവുസമയങ്ങൾ പ്രയോജനപ്പെടുത്തുക. വീട്ടിലായാലും നിങ്ങൾ സാധാരണമായി വായിക്കാനിരിക്കുന്ന സ്ഥലത്തായാലും സാധ്യമാകുന്നിടത്തോളം പുസ്തകങ്ങളും മററു പഠനസാമഗ്രികളും എളുപ്പം എടുക്കാവുന്ന വിധത്തിൽ വെക്കുക. നിങ്ങൾ പഠിക്കാനിരിക്കുന്നിടം സുഖകരമാക്കുക. എന്നാൽ നിങ്ങൾ മയങ്ങിപ്പോകാൻതക്കവണ്ണം അത്ര സുഖസൗകര്യങ്ങൾ അവിടെ ഉണ്ടായിരിക്കരുത്. നിങ്ങൾക്ക് ഒരു പ്രസംഗനിയമനം കിട്ടിയിട്ടുണ്ടോ? എങ്കിൽ കഴിയുന്നത്ര നേരത്തെ വിവരങ്ങൾ ആദ്യാവസാനം വായിക്കുക. എന്നിട്ട് നിങ്ങൾ വിശ്രമിക്കുമ്പോഴോ അല്ലറചില്ലറ പണികൾ ചെയ്യുമ്പോഴോ അതിലെ ആശയം മനസ്സിലേക്കു കൊണ്ടുവരിക.
പരസ്പര പ്രയോജനത്തിനുവേണ്ടി സമയം മെച്ചപ്പെട്ട വിധത്തിൽ ഉപയോഗിക്കാൻ മററുള്ളവർ നിങ്ങളോടു സഹകരിച്ചെന്നുവരാം. ഉദാഹരണത്തിന്, നിങ്ങൾ ദിനചര്യയിൽ ഏർപ്പെട്ടിരിക്കുമ്പോഴോ പ്രിയ വായനക്കാരനുവേണ്ടി ചായ ഉണ്ടാക്കുമ്പോഴോ ലഘുവായ വിഷയങ്ങൾ ഉറക്കെ വായിച്ചുകേൾപ്പിക്കാൻ നിങ്ങൾക്ക് ആരെയെങ്കിലും ഏർപ്പാടാക്കാവുന്നതാണ്. വീട്ടിലുള്ള എല്ലാവരുമായി ആലോചിച്ച് വ്യക്തിപരമായ പഠനത്തിനുവേണ്ടി നിശ്ശബ്ദമായ കുറച്ചു സമയം മാററിവെച്ചുകൂടേ? “ഈയിടെ വായിച്ചതിൽ നിങ്ങൾക്കു ഹൃദ്യമായി തോന്നിയത് എന്താണ്?” എന്നു ചോദിച്ചുകൊണ്ട് നിങ്ങൾക്ക് ഒരു സംഭാഷണത്തിനു തുടക്കമിടാൻ കഴിയും. ചിലപ്പോൾ അങ്ങനെയാവാം നിങ്ങളുടെ സുഹൃത്തുക്കൾ പഠിച്ച കാര്യങ്ങൾ നിങ്ങളിലേക്ക് ഒഴുകിയെത്തുക.
ചില നൂതനാശയങ്ങൾ നിങ്ങളുടെ പഠനപരിപാടിയിൽ ഏർപ്പെടുത്താൻ നിങ്ങൾക്കു താത്പര്യമുണ്ടോ? നിങ്ങൾക്ക് പഠനത്തിന് ഒരു സമയലാക്ക് വെക്കാൻ കഴിയും. മററുള്ളവരോടു ബൈബിളിനെപ്പററി സംസാരിക്കാൻ അനേകരും ഒരു സമയലാക്ക് വെച്ചിട്ടില്ലേ, അതുപോലെ. ഒരു മുഴുസമയ (പയനിയർ) പ്രസാധക ഓരോ മാസത്തേക്കുമായി പഠനമണിക്കൂറുകൾക്ക് ഒരു മിനിമം ലാക്ക് വെക്കുന്നു. ലാക്കിലെത്തുന്നതായി പട്ടികയിൽ കാണുമ്പോൾ അവൾക്ക് അത് ആഹ്ളാദം കൈവരുത്തുന്നു. മററുള്ളവർ, ടെലിവിഷൻ കാണുന്ന സമയം ചുരുക്കി, സമയം തരപ്പെടുത്തുന്നു. ചിലർ ഒരു സമയത്തേക്ക് ഒരു പഠനവിഷയം തിരഞ്ഞെടുക്കുന്നു. അതാകട്ടെ ആത്മാവിന്റെ ഫലങ്ങൾ, ബൈബിൾപുസ്തകങ്ങളുടെ പശ്ചാത്തലം, അല്ലെങ്കിൽ പഠിപ്പിക്കൽകല എന്നിവയൊക്കെ ആകാം. ഇസ്രായേൽ രാജാക്കൻമാരും പ്രവാചകൻമാരും തമ്മിലോ അപ്പോസ്തലപ്രവൃത്തികളും പൗലോസിന്റെ ലേഖനങ്ങളും തമ്മിലോ ഉള്ള ബന്ധം പ്രകടമാക്കുന്നതുപോലുള്ള കാലഗണനപട്ടികകൾ ഉണ്ടാക്കുന്നതാവാം ചിലർക്കിഷ്ടം.
യുവാക്കളേ, നിങ്ങൾ കൂടുതൽ കരുത്താർന്ന വിശ്വാസം ആഗ്രഹിക്കുന്നുവോ? അടുത്ത സ്കൂൾ അവധിക്കാലത്ത് വിശദമായ പഠനത്തിനുവേണ്ടി നിങ്ങൾക്ക് ഒരു പ്രസിദ്ധീകരണം എന്തുകൊണ്ട് തിരഞ്ഞെടുത്തുകൂടാ? സ്നാപനമേററ ഒരു ഹൈസ്കൂൾ വിദ്യാർഥിനി ഈ ഉദ്ദേശ്യത്തിൽ ഒരു പുസ്തകം തിരഞ്ഞെടുത്തു. വാച്ച് ടവർ സൊസൈററി പ്രസിദ്ധീകരിച്ച ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം [ഇംഗ്ലീഷ്]. ഓരോ അധ്യായത്തിൽനിന്ന് പഠിച്ച കാര്യങ്ങളുടെ ഒരു ചെറിയ കുറിപ്പ് അവൾ ഒരു നോട്ട്ബുക്കിൽ എഴുതിവെച്ചു. അതു ശരിക്കും ഒരു വെല്ലുവിളിയായിരുന്നു. അവൾ വിചാരിച്ചതിലും കൂടുതൽ സമയം അതിനു വേണ്ടിവന്നു. എന്നിരുന്നാലും, പുസ്തകം മുഴുവനും വായിച്ചുതീർന്നപ്പോൾ ബൈബിൾസന്ദേശത്തിന്റെ സത്യതയിൽ അവൾക്കു ശരിക്കും മതിപ്പുണ്ടായി.
പഠിക്കാൻ എന്നും ഉത്സുകരായിരിക്കുക
യഹോവയുടെ ആധുനികനാളിലെ വിശ്വസ്ത ദൈവദാസരിൽ അധികപങ്കിനും “കർത്താവിന്റെ വേലയിൽ വളരെയധികം ചെയ്യാൻ” ഉണ്ട്. (1 കൊരിന്ത്യർ 15:58, NW) ആലോചിച്ചുണ്ടാക്കിയ ഒരു പട്ടികയും ആത്മാർഥമായ ശ്രമങ്ങളും ഉണ്ടായിരുന്നാലും അത് ഒരാഴ്ച പിൻപററിയെന്നുവെച്ച് കാര്യമായ മാററമൊന്നും കണ്ടെന്നുവരില്ല. എന്നിരുന്നാലും, സത്യത്തിന്റെ കൂടുതൽ ആഴത്തിലുള്ള ഗ്രാഹ്യം നേടാനും യഹോവയുടെ ഉദ്ദേശ്യങ്ങളുടെ ചുരുൾ നിവരുന്നതിന്റെ താളത്തിനൊപ്പിച്ചു നിലകൊള്ളാനും നിങ്ങൾക്കു കെടാത്ത ഉത്സാഹമുണ്ടാകണം. അപ്പോൾ അതു നേടിത്തരുന്ന വിജയം ഒന്നു വേറെതന്നെയായിരിക്കും.
പഠനരീതിക്കു പുരോഗതി വരുത്തിയിട്ടുള്ളവർക്ക് ഉണ്ടായ പ്രതിഫലങ്ങളെക്കുറിച്ചു കേൾക്കുന്നതു പ്രോത്സാഹജനകമാണ്. സത്യത്തിന്റെ കൂടുതൽ ആഴത്തിലുള്ള ഗ്രാഹ്യം നേടുന്നതു സംബന്ധിച്ച് ഒരു ക്രിയാത്മക മനോഭാവം തനിക്കില്ലെന്നു മനസ്സിലാക്കിയ ഒരു ക്രിസ്തീയ മനുഷ്യൻ തന്റെ പണി കഴിഞ്ഞുള്ള സമയത്തിൽനിന്ന് കൂടുതൽ സമയം വ്യക്തിപരമായ പഠനത്തിലേക്കു തിരിച്ചുവിടാൻ ജീവിതത്തിനു ചില അടുക്കും ചിട്ടയും വരുത്തി. അദ്ദേഹം പറയുന്നു: “മുമ്പെങ്ങും അറിഞ്ഞിട്ടില്ലാത്ത ആഹ്ളാദമാണ് എനിക്ക് അത് നൽകിയത്. ബൈബിളിന്റെ ദിവ്യ ഗ്രന്ഥകർത്തൃത്വത്തിലുള്ള എന്റെ ഉറപ്പ് എന്നും വർധിച്ചുകൊണ്ടേയിരുന്നു. അതോടെ എനിക്കു മനസ്സിലായി, എന്റെ വിശ്വാസം സംബന്ധിച്ച് യഥാർഥ ആവേശത്തോടെ എനിക്കു മററുള്ളവരോടു സംസാരിക്കാനാവുമെന്ന്. ഞാൻ നന്നായി പോഷിപ്പിക്കപ്പെട്ടവനായും ആത്മീയമായി സുബോധമുള്ളവനായും ഓരോ ദിനാന്ത്യത്തിലും സംതൃപ്തനായും എനിക്കു തോന്നുന്നു.”
അനേകം സഭകൾ സന്ദർശിക്കുന്ന യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാരമേൽവിചാരകൻ മററു പ്രയോജനങ്ങൾ ഈ വിധം വർണിക്കുകയുണ്ടായി: “വ്യക്തിപരമായ പഠനത്തിൽ ശുഷ്കാന്തിയുള്ളവരുടെ ആശയപ്രകടനം പൊതുവേ ചുറുചുറുക്കുള്ളതും ചൈതന്യമുള്ളതുമായിരിക്കും. അവർ മററുള്ളവരുമായി ഇണങ്ങിപ്പോകും. മററുള്ളവർ നിഷേധാത്മകമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയാൽ അതിലൊന്നും അവർ അത്ര എളുപ്പം കുലുങ്ങില്ല. വയൽശുശ്രൂഷയിലായിരിക്കുമ്പോൾ അവർ കണ്ടുമുട്ടുന്ന ആളുകളുടെ ആവശ്യങ്ങളറിഞ്ഞ് അതിനോട് ഇണങ്ങിപ്രവർത്തിക്കും.”
പഠനരീതിയെ അപഗ്രഥിക്കുമ്പോൾ ചിലർക്കു മനസ്സിൽ പിടിക്കാവുന്ന ഒരാശയവും അദ്ദേഹം പറയുന്നുണ്ട്. “തിരുവെഴുത്തു ചർച്ചചെയ്യുന്ന യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയുമ്പോൾ അച്ചടിച്ച പേജിൽനിന്നു വായിക്കാനാണ് അനേകരുടെ പ്രവണത. പ്രസ്തുത വിവരം തങ്ങൾ നേരത്തെ പഠിച്ചവയുമായി അല്ലെങ്കിൽ തങ്ങളുടെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു ധ്യാനിക്കുന്നെങ്കിൽ അവർക്കു കൂടുതൽ മെച്ചമുണ്ടാകും.” ഇക്കാര്യത്തിൽ നിങ്ങൾക്കു പുരോഗതി വരുത്താനാവുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?
യഹോവയുടെ വഴികളെക്കുറിച്ചു താൻ വേണ്ടുവോളം മനസ്സിലാക്കിയിരിക്കുന്നു എന്നൊരു തോന്നൽ 90 വയസ്സിൽ കൂടുതലായിട്ടും പ്രവാചകനായ ദാനിയേലിന് ഉണ്ടായില്ല. അദ്ദേഹത്തിന്റെ ജീവിത സായാഹ്നവർഷങ്ങളിൽ തനിക്കു മുഴുവനായി മനസ്സിലാക്കാൻ കഴിയാഞ്ഞ ഒരു കാര്യത്തെപ്പററി അദ്ദേഹം ചോദിച്ചു: “യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും?” (ദാനീയേൽ 12:8) ദൈവത്തിന്റെ സത്യത്തെക്കുറിച്ചു കൂടുതൽ പഠിക്കാനുള്ള ഈ സ്ഥായിയായ ഔത്സുക്യമാണ് സംഭവബഹുലമായ ജീവിതത്തിലുടനീളം അദ്ദേഹം പ്രകടമാക്കിയ അതിവിശിഷ്ടമായ നിർമലതയ്ക്കു നിദാനമായത് എന്നതിന് ഒരു സംശയവുമില്ല.—ദാനീയേൽ 7:8, 16, 19, 20.
അവന്റെ സാക്ഷികളിൽ ഒരുവനായി അചഞ്ചലനായി നിലകൊള്ളാൻ അത്രതന്നെ ഉത്തരവാദിത്വം യഹോവയുടെ ദാസൻമാരിൽ ഓരോരുത്തർക്കും ഉണ്ട്. നിങ്ങളെ ആത്മീയമായി ബലിഷ്ഠരായി നിലനിർത്താൻ പഠിക്കുക, എന്നത്തേക്കാളുമുപരി അതിനുവേണ്ടി ഉത്സുകരാകുക. വാരംതോറുമുള്ള, മാസംതോറുമുള്ള, അല്ലെങ്കിൽ വർഷംതോറുമുള്ള വ്യക്തിപരമായ പഠനപ്പട്ടികയിൽ ഒന്നോ രണ്ടോ പുതിയ സവിശേഷതകൾ കൂടി ഉൾപ്പെടുത്തുക. നിങ്ങൾ നടത്തുന്ന എത്ര നിസ്സാര ശ്രമത്തെയും ദൈവം എങ്ങനെ അനുഗ്രഹിക്കുമെന്നു കാണുക. അതേ, നിങ്ങളുടെ വ്യക്തിപരമായ ബൈബിൾപഠനം ആസ്വദിക്കുക, ഒപ്പം അതു കൈവരുത്തുന്ന ഫലങ്ങളും.—സങ്കീർത്തനം 107:43.
[അടിക്കുറിപ്പുകൾ]
As a basis for your enlarged study, you may like to use the chart found in Insight on the Scriptures, published by the Watchtower Bible and Tract Society of New York, Inc., Volume 1, pages 464-6.