അധികാരത്തിന് എന്തു സംഭവിച്ചിരിക്കുന്നു?
ചിന്തകരായ ആളുകൾ അധികാരം സംബന്ധിച്ച ആവശ്യം മനസ്സിലാക്കുന്നു. ഏതെങ്കിലും തരത്തിലുള്ള അധികാരഘടനയില്ലെങ്കിൽ മനുഷ്യസമൂഹം പൊടുന്നനെ കുത്തഴിഞ്ഞതായിത്തീരും. അതുകൊണ്ട്, ഭരണഘടനാപരമായ നിയമങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു വിശിഷ്ട ഫ്രഞ്ച് പാഠപുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഏതു മനുഷ്യഗണത്തിലും രണ്ടുകൂട്ടം ആളുകളെ കാണാവുന്നതാണ്: കൽപ്പിക്കുന്നവരും കൽപ്പനയനുസരിക്കുന്നവരും, ആജ്ഞാപിക്കുന്നവരും ആജ്ഞാനുവർത്തികളും, നേതാക്കൻമാരും അണികളും, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും. . . . ഏതൊരു മനുഷ്യസമൂഹത്തിലും അധികാരം സ്ഥിതിചെയ്യുന്നതായി കാണാവുന്നതാണ്.”a
എന്നിരുന്നാലും, രണ്ടാം ലോകമഹായുദ്ധം മുതൽ, വിശേഷിച്ചും 1960-കൾ മുതൽ അധികാരത്തോടുള്ള മനോഭാവത്തിനു മാററം വന്നിരിക്കുകയാണ്. പ്രസ്തുത കാലഘട്ടത്തെക്കുറിച്ചു പരാമർശിക്കവേ, ഫ്രഞ്ച് എൻസൈക്ലോപീഡിയ യൂണിവേഴ്സാലിസ് “പുരോഹിതവാഴ്ചാവിരുദ്ധവും അധികാരവിരുദ്ധവുമായ പ്രതിസന്ധി”യെക്കുറിച്ചു പറയുന്നു. അത്തരത്തിലുള്ള പ്രതിസന്ധി ബൈബിൾവിദ്യാർഥികളെ വിസ്മയിപ്പിക്കുന്നില്ല. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഓർത്തുകൊള്ളുക, ഈ ലോകത്തിന്റെ അന്ത്യയുഗം കലാപത്തിന്റേതായ ഒരു കാലമായിരിക്കും! ജനങ്ങൾ തങ്ങളെത്തന്നെയും പണത്തെയുമല്ലാതെ മറെറാന്നിനെയും സ്നേഹിക്കുകയില്ല; അവർ പൊങ്ങച്ചം പറയുന്നവരും ഗർവിഷ്ഠരും ദുർവിനിയോഗികളും ആയിരിക്കും; മാതാപിതാക്കളോട് അനുസരണമില്ലാത്തവർ . . . ; അവർക്ക് അടങ്ങാത്ത പകയായിരിക്കും, . . . അവർ അനിയന്ത്രിതരും അക്രമാസക്തരും, . . . ആത്മപ്രാമുഖ്യതയാൽ ചീർത്തവരുമായിരിക്കും. ദൈവത്തെക്കാൾ അവർ സ്നേഹിക്കുക അവരുടെ സുഖാനുഭൂതികളെ ആയിരിക്കും.”—2 തിമോത്തി 3:1-4, ദ റിവൈസ്ഡ് ഇംഗ്ലീഷ് ബൈബിൾ.
അധികാരം പ്രതിസന്ധിയിൽ
ഈ പ്രവചനം നമ്മുടെ നാളിനെയും യുഗത്തെയും നന്നായി വർണിക്കുന്നു. സർവതലങ്ങളിലും—കുടുംബം, പൊതുസ്കൂൾ, യൂണിവേഴ്സിററി, ബിസിനസ്സ് സംരംഭം, പ്രാദേശികവും ദേശീയവുമായ ഗവൺമെൻറ് എന്നിവിടങ്ങളിലെല്ലാം അധികാരം വെല്ലുവിളിക്കപ്പെടുന്നു. ലൈംഗികവിപ്ളവം, ശുദ്ധ റാപ് മ്യൂസിക്, വിദ്യാർഥിപ്രകടനങ്ങൾ, നിയമവിരുദ്ധ തൊഴിൽസമരങ്ങൾ, സിവിൽ നിയമലംഘനങ്ങൾ, ഭീകരപ്രവർത്തനങ്ങൾ എന്നിവയെല്ലാം അധികാരത്തോടുള്ള ആദരവിന് ഏററ തകർച്ചയുടെ ലക്ഷണങ്ങളാണ്.
ഫ്രഞ്ച് ഇൻസ്ററിററ്യൂട്ട് ഓഫ് പൊളിററിക്കൽ സയൻസും പാരീസ് ദിനപത്രമായ ല മോണ്ട ചേർന്നു സംഘടിപ്പിച്ച ഒരു സിമ്പോസിയത്തിൽ പ്രൊഫസർ ഈവ് മേയ്നി പ്രസ്താവിച്ചത് ഇങ്ങനെയായിരുന്നു: “നിയമസാധുതയുടെ പിൻബലമുണ്ടെങ്കിലേ അധികാരത്തിനു നിലനിൽപ്പുള്ളൂ.” അധികാരത്തിലിരിക്കുന്നവരുടെ നിയമസാധുതയെ അനേകരും സംശയിക്കുന്നു എന്നതാണ് ഇന്നത്തെ അധികാരപ്രതിസന്ധിയുടെ ഒരു കാരണം. അതായത്, അധികാരത്തിലിരിക്കാനുള്ള അവരുടെ അവകാശത്തെ അവർ സംശയിക്കുന്നു. 1980-കളുടെ ആരംഭത്തിൽ, ഐക്യനാടുകളിൽ ജനസംഖ്യയുടെ 9 ശതമാനവും ഓസ്ട്രേലിയയിൽ 10 ശതമാനവും ബ്രിട്ടനിൽ 24 ശതമാനവും ഫ്രാൻസിൽ 26 ശതമാനവും ഇന്ത്യയിൽ 41 ശതമാനവും തങ്ങളുടെ ഗവൺമെൻറുകൾക്ക് നിയമസാധുതയുള്ളതായി അംഗീകരിച്ചില്ലെന്ന് ഒരു അഭിപ്രായ വോട്ടെടുപ്പ് വെളിപ്പെടുത്തുകയുണ്ടായി.
നിയമസാധുതയുള്ള അധികാരത്തിനായുള്ള മമനുഷ്യന്റെ തിരച്ചിൽ
ബൈബിൾ പറയുന്നതനുസരിച്ച്, ആരംഭത്തിൽ മനുഷ്യൻ ദൈവത്തിന്റെ നേരിട്ടുള്ള അധികാരത്തിൻ കീഴിലായിരുന്നു. (ഉല്പത്തി 1:27, 28; 2:16, 17) എന്നിരുന്നാലും, ആദ്യകാലഘട്ടത്തിൽത്തന്നെ മനുഷ്യർ സ്രഷ്ടാവിൽനിന്നുള്ള ധാർമിക സ്വാതന്ത്ര്യത്തിനുവേണ്ടി അവകാശം ഉന്നയിച്ചു. (ഉല്പത്തി 3:1-6) ദിവ്യാധിപത്യം അഥവാ ദൈവഭരണം തിരസ്കരിച്ച അവർക്കു മററ് അധികാരസമ്പ്രദായങ്ങൾ കണ്ടെത്തേണ്ടിയിരുന്നു. (സഭാപ്രസംഗി 8:9) ചിലർ ശക്തി പ്രയോഗിച്ച് അധികാരം ഉറപ്പിച്ചു. അവരെസംബന്ധിച്ച്, ശക്തിയായിരുന്നു ശരി. തങ്ങളുടെ ഇഷ്ടം നടപ്പാക്കാനാവശ്യമായ ശക്തിയുണ്ടെങ്കിൽ അവർക്ക് അതു ധാരാളം മതിയാകുമായിരുന്നു. എങ്കിലും, ഭരിക്കാനുള്ള തങ്ങളുടെ അവകാശം നിയമാനുസൃതമാക്കണമെന്നു മിക്കവർക്കും തോന്നിയിരുന്നു.
തങ്ങൾതന്നെ ദൈവങ്ങളാണെന്നോ തങ്ങൾക്ക് അധികാരം കിട്ടിയിരിക്കുന്നത് ദൈവങ്ങളിൽനിന്നാണെന്നോ പറഞ്ഞുകൊണ്ട് അനേകം ഭരണാധിപൻമാർ ആദ്യകാലം തൊട്ടേ ഇതു ചെയ്തുപോന്നു. മെസോപൊട്ടാമിയയിലെ ആദ്യകാല ഭരണാധിപൻമാരും പുരാതന ഈജിപ്തിലെ ഫറവോൻമാരും അവകാശപ്പെട്ടിരുന്ന “വിശുദ്ധ രാജത്വം” എന്ന സാങ്കല്പിക ആശയം ഇതാണ്.
മഹാനായ അലക്സാണ്ടർ, അദ്ദേഹത്തിനുശേഷമുള്ള യവന രാജാക്കൻമാർ, ഒരു നല്ല പങ്ക് റോമാ ചക്രവർത്തിമാർ തുടങ്ങിയവരും തങ്ങൾ ദൈവങ്ങളാണെന്ന് അവകാശപ്പെടുകയും തങ്ങളെ ആരാധിക്കാൻപോലും ആവശ്യപ്പെടുകയും ചെയ്തിരുന്നു. അത്തരം ഭരണാധിപൻമാരുടെ കീഴിലുള്ള സമ്പ്രദായങ്ങൾ അറിയപ്പെട്ടിരുന്നത് “ഭരണാധിപപൂജാക്രമങ്ങൾ” എന്നായിരുന്നു. കീഴടക്കിയ മിശ്രജനതകളുടെമേൽ ഭരണാധിപന്റെ അധികാരമുറപ്പിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഭരണാധിപനെ ആരാധിക്കാൻ വിസ്സമ്മതിച്ചാൽ അതു രാഷ്ട്രത്തിനെതിരായ ഒരു കുററമായി വിധിക്കപ്പെട്ടിരുന്നു. റോമിന്റെ പൈതൃകം [ഇംഗ്ലീഷ്] എന്ന പുസ്തകത്തിൽ പ്രൊഫസ്സർ ഏർണസ്ററ് ബാർക്കർ എഴുതി: “[റോമാ] ചക്രവർത്തിയുടെ ദിവ്യത്വം സ്വീകരിക്കലും തന്റെ ദിവ്യത്വത്തിന്റെ പേരിൽ അദ്ദേഹത്തിനു ലഭിക്കുന്ന കൂറും വ്യക്തമായും സാമ്രാജ്യത്തിന്റെ അടിത്തറയാണ് അഥവാ ഏതുവിധേനയും കൂട്ടിയോജിപ്പിച്ചു നിർത്തുന്ന സിമൻറാണ്.”
(പൊ.യു. [പൊതുയുഗം] 306-337 വരെ ഭരിച്ച) കോൺസ്ററന്റൈൻ ചക്രവർത്തി “ക്രിസ്ത്യാനിത്വ”ത്തെ നിയമപരമാക്കിയതിനു ശേഷവും ഈ നില അതേപടി തുടർന്നുപോന്നു. പിന്നീട്, (പൊ.യു. 379-395 വരെ ഭരിച്ച) തിയോഡോസിയസ് 1-ാമൻ ചക്രവർത്തി അതിനെ റോമാസാമ്രാജ്യത്തിന്റെ രാഷ്ട്രമതമായി അംഗീകരിക്കുകയും ചെയ്തു. പൊ.യു. അഞ്ചാം നൂററാണ്ടുവരെ ചില “ക്രിസ്തീയ” ചക്രവർത്തിമാരെ ദൈവങ്ങളായി ആരാധിച്ചുപോന്നു.
“രണ്ടു ശക്തികൾ,” “രണ്ടു വാളുകൾ”
പാപ്പാധിപത്യം കൂടുതൽ ശക്തിയാർജിച്ചതോടെ സഭയും രാഷ്ട്രവും തമ്മിലുള്ള പ്രശ്നം രൂക്ഷമായിത്തീർന്നു. അതുകൊണ്ട്, അഞ്ചാം നൂററാണ്ടിന്റെ അന്ത്യത്തിൽ ജെലാസിയസ് പാപ്പാ “രണ്ടു ശക്തികൾ” എന്ന തത്ത്വം മുന്നോട്ടുവെച്ചു: രാജാവിനു രാജാധികാരം, പാപ്പാമാർക്കു വിശുദ്ധാധികാരം, എന്നാൽ അതേസമയം രാജാക്കൻമാർ പാപ്പാമാർക്കു കീഴ്പെട്ടിരിക്കും. ഈ തത്ത്വമാണ് പിന്നീട് “രണ്ടു വാളുകൾ” എന്ന തത്ത്വമായി വികാസം പ്രാപിച്ചത്: “ഐഹിക വാൾ ലൗകിക ഭരണാധിപൻമാർക്കു വിട്ടുകൊടുത്തുകൊണ്ട് പാപ്പാമാർതന്നെ ആത്മീയ വാൾ കയ്യാളി. പക്ഷേ, ഐഹിക വാൾ ഉപയോഗിക്കുന്നത് പാപ്പായുടെ നിർദേശങ്ങൾക്കു ചേർച്ചയിലായിരിക്കണം.” (ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക) ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ, ചക്രവർത്തിമാരെയും രാജാക്കൻമാരെയും വാഴിക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്ന് മധ്യകാലങ്ങളിൽ കത്തോലിക്കാ സഭ അവകാശപ്പെട്ടു. തങ്ങളുടെ അധികാരത്തെ നിയമസാധുതയുള്ളതാക്കാനും, അപ്രകാരം “വിശുദ്ധരാജത്വം” എന്ന പുരാതന സങ്കല്പത്തെ നിലനിർത്താനും വേണ്ടിയായിരുന്നു ഈ നടപടി.
എന്നുവരികിലും, രാജാക്കൻമാരുടെ ദിവ്യാവകാശം എന്നു പറയപ്പെടുന്നതുമായി ഇതിനെ കൂട്ടിക്കുഴക്കരുത്. പാപ്പാധിപത്യത്തോടുള്ള വിധേയത്വത്തിൽനിന്നു രാഷ്ട്രീയ ഭരണാധിപൻമാരെ സ്വതന്ത്രമാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പിൽക്കാല വികാസമായിരുന്നു അത്. രാജാക്കൻമാർക്കു ഭരിക്കാനുള്ള അവരുടെ അവകാശം ലഭിക്കുന്നത് നേരിട്ട് ദൈവത്തിൽനിന്നാണ്, അല്ലാതെ റോമിലെ പാപ്പായിലൂടെയല്ല എന്നു ദിവ്യാവകാശ സിദ്ധാന്തം പറയുന്നു. ദ ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു: “രാഷ്ട്രത്തലവൻമാരുടെമേൽ പാപ്പാ ആത്മീയമായ, ഐഹികംപോലുമായ സാർവത്രിക അധികാരം കയ്യാളിയിരുന്ന സമയത്ത്, ദിവ്യാവകാശമെന്ന ആശയം ദേശീയ രാഷ്ട്രങ്ങളുടെ രാജാക്കൻമാരെ പാപ്പായുടേതിനു തുല്യം ദിവ്യമാണ് തങ്ങളുടെയും അധികാരം എന്നു ന്യായീകരിക്കാവുന്ന സ്ഥാനത്താക്കിവെച്ചു.”b
ജനകീയ പരമാധികാരം എന്ന സങ്കൽപ്പം
കാലം കടന്നുപോയതോടെ മനുഷ്യർ അധികാരത്തിന്റെ മററ് ഉറവുകൾ തേടി. ജനങ്ങളുടെ അധികാരമായിരുന്നു ഒന്ന്. ഈ ആശയത്തിന്റെ ഉത്ഭവം ഗ്രീസിൽനിന്നാണെന്ന് അനേകരും വിശ്വസിക്കുന്നു. എന്നിരുന്നാലും, പുരാതന ഗ്രീക്കു ജനാധിപത്യം ഏതാനും നഗരരാഷ്ട്രങ്ങളിൽ മാത്രമാണ് നടപ്പിലായിരുന്നത്. ഇവയിൽപ്പോലും പുരുഷൻമാരായ പൗരൻമാർ മാത്രമേ വോട്ടുചെയ്തിരുന്നുള്ളൂ. ജനസംഖ്യയുടെ പകുതിമുതൽ അഞ്ചിൽ നാലു ഭാഗംവരെയുള്ള സ്ത്രീകൾ, അടിമകൾ, അവിടെ താമസിക്കുന്ന ഇതരരാജ്യക്കാർ എന്നിവർ ഒഴിവാക്കപ്പെട്ടു. ജനകീയ പരമാധികാരമെന്നു പറയാനേ കഴിയില്ല!
ജനങ്ങളുടെ പരമാധികാരമെന്ന ആശയം ഊട്ടിവളർത്തിയത് ആരാണ്? വിസ്മയകരമെന്നു പറയട്ടെ, മധ്യകാലത്ത് റോമൻ കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻമാരാണ് അത് അവതരിപ്പിച്ചത്. പരമാധികാരം ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്നു, എന്നാൽ അതിനെ ജനങ്ങളിൽ ഭരമേൽപ്പിച്ചിരിക്കുന്നു എന്നായിരുന്നു 13-ാം നൂററാണ്ടിലെ തോമസ് അക്വീനാസിന്റെ വാദം. ഈ ആശയത്തിനു ജനപ്രീതി ലഭിച്ചു. ദ ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ പറയുന്നു: “അധികാരത്തിന്റെ ഉറവ് ജനങ്ങളാണെന്ന ആശയത്തെ 17-ാം നൂററാണ്ടിലെ ബഹുഭൂരിപക്ഷം കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻമാരും പിന്താങ്ങി.”
പാപ്പാ, ബിഷപ്പ്, അല്ലെങ്കിൽ പുരോഹിതൻ എന്നിവരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ജനങ്ങൾക്കു പങ്കില്ലാത്ത ഒരു സഭയുടെ ദൈവശാസ്ത്രജ്ഞൻമാർ ജനങ്ങളുടെ പരമാധികാരം എന്ന ആശയം എന്തിന് പ്രോത്സാഹിപ്പിക്കണം? എന്തുകൊണ്ടെന്നാൽ ചില യൂറോപ്യൻ രാജാക്കൻമാർ പാപ്പായുടെ അധികാരത്തിൻ കീഴിൽ കൂടുതൽക്കൂടുതൽ അസ്വസ്ഥരായിരുന്നു. ആവശ്യമെന്നു കണ്ടാൽ പാപ്പായ്ക്ക് ഒരു ചക്രവർത്തിയെയോ രാജാവിനെയോ സ്ഥാനഭ്രഷ്ടനാക്കാനുള്ള അധികാരം കൊടുക്കുന്നതായിരുന്നു ജനകീയ പരമാധികാരം എന്ന ആശയം. ചരിത്രകാരനായ വില്ലും ചരിത്രകാരിയായ അരിയേൽ ഡ്യുറൻഡും എഴുതി: “ജനകീയ പരമാധികാരത്തിന്റെ അനുകൂലികളിൽ അനേകം ഈശോസഭക്കാരുണ്ടായിരുന്നു. പാപ്പായുടെ അധികാരത്തോടുള്ള താരതമ്യത്തിൽ രാജാവിന്റെ അധികാരത്തെ ദുർബലമാക്കാനുള്ള ഒരു ഉപാധി അവർ ഈ സമ്പ്രദായത്തിൽ കണ്ടു. രാജാക്കൻമാരുടെ അധികാരം ജനങ്ങളിൽനിന്നു വരുന്നതും, അതുകൊണ്ടുതന്നെ അവരെ ആശ്രയിച്ചിരിക്കുന്നതുമാണെങ്കിൽ അതു വ്യക്തമായും പാപ്പാമാരുടെ അധികാരത്തിനു കീഴ്പെട്ടിരിക്കുന്നു . . . എന്നു കർദിനാൾ ബല്ലാർമൻ വാദിച്ചു. മതേതര അധികാരത്തിന്റെ ഉറവ് എന്നനിലയിൽ ജനങ്ങൾക്ക്—മുറയനുസരിച്ചുള്ള നടപടിക്രമത്തിലൂടെ—നീതിരഹിതനായ ഒരു രാജാവിനെ നീതിപൂർവകമായി താഴെയിറക്കാം എന്നായിരുന്നു സ്പാനീഷുകാരനായ ലൂയിസ് മൊലീന എന്ന ഈശോസഭക്കാരന്റെ നിഗമനം.”
തീർച്ചയായും, “മുറയനുസരിച്ചുള്ള നടപടിക്രമം” ആവിഷ്കരിക്കുന്നതു പാപ്പായായിരിക്കും. ഇതിനെ ദൃഢീകരിച്ചുകൊണ്ട്, ഈസ്ററ്വർ യൂണിവേഴ്സൽല്ലെ ഡേ ലേയ്ഗ്ളിസ് കത്തോലിക് എന്ന ഫ്രഞ്ച് കത്തോലിക്കാ കൃതി പിൻവരുന്നപ്രകാരം പ്രസ്താവിക്കുന്ന ബയോഗ്രഫി യൂണിവേഴ്സലിനെ ഉദ്ധരിക്കുന്നു: “ജനങ്ങളുടെ തിരഞ്ഞെടുപ്പിൽനിന്നു പ്രഭുക്കൻമാർക്ക് അധികാരം ലഭിക്കുന്നു, എന്നാൽ പാപ്പായുടെ സ്വാധീനത്തിൻകീഴിൽ മാത്രമേ ജനങ്ങൾക്ക് ഈ അവകാശം ഉപയോഗിക്കാൻ കഴിയൂ എന്ന കത്തോലിക്കാ ഉപദേശം സർവസാധാരണമെന്ന നിലയിൽ . . . ബല്ലാർമൻ പഠിപ്പിക്കുന്നു.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.) അങ്ങനെ, ഭരണാധിപൻമാരുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും വേണമെന്നു തോന്നിയാൽ അവരെ സ്ഥാനത്തുനിന്നു തെറിപ്പിക്കാനും പാപ്പായ്ക്ക് ഉപയോഗിക്കാനാവുന്ന ഒരു ഉപകരണമായിത്തീർന്നു ജനകീയ പരമാധികാരം. ഈ അടുത്ത കാലങ്ങളിലാണെങ്കിൽ, ഇതു പ്രാതിനിധ്യ ജനാധിപത്യരാജ്യങ്ങളിലെ കത്തോലിക്കാ വോട്ടർമാരെ സ്വാധീനിക്കുന്നതിൽ കത്തോലിക്കാ പുരോഹിത മേധാവിത്വത്തെ തുണച്ചിരിക്കുന്നു.
ആധുനിക ജനാധിപത്യങ്ങളിൽ, “ഭരിക്കപ്പെടുന്നവരുടെ സമ്മതം” എന്നു പറയുന്ന സംഗതിയിലാണ് ഗവൺമെൻറിന്റെ നിയമസാധുത അധിഷ്ഠിതമായിരിക്കുന്നത്. ഏററവും അനുകൂലമായ സാഹചര്യത്തിലാണെങ്കിൽപ്പോലും ഇത് “ഭൂരിപക്ഷത്തിന്റെ സമ്മതമേ” ആകുന്നുള്ളൂ. വോട്ടർമാരുടെ ഉദാസീനതയും രാഷ്ട്രീയ കുതന്ത്രങ്ങളും നിമിത്തം വാസ്തവത്തിൽ ഈ “ഭൂരിപക്ഷം” പലപ്പോഴും ജനസംഖ്യയുടെ ഒരു ന്യൂനപക്ഷം മാത്രമേ ആകുന്നുള്ളൂ. ഇന്ന്, “ഭരിക്കപ്പെടുന്നവരുടെ സമ്മതം” എന്നതിനു മിക്കവാറും “ഭരിക്കപ്പെടുന്നവരുടെ മൗനാനുവാദം, അഥവാ വകവെച്ചുകൊടുക്കൽ” എന്നാണ് അർഥം.
ദേശീയ പരമാധികാരം എന്ന സങ്കൽപ്പം
വിശുദ്ധരാജത്വം രാജാക്കൻമാരുടെ ദിവ്യാവകാശമായി രൂപാന്തരം പ്രാപിച്ചതോടെ ആദ്യകാല പാപ്പാമാർ ഊട്ടിവളർത്തിയ വിശുദ്ധ രാജത്വം എന്ന സങ്കൽപ്പം പാപ്പാധിപത്യത്തിനുതന്നെ ഒരു തിരിച്ചടിയായി. അതുപോലെ, ജനകീയ പരമാധികാര സിദ്ധാന്തവും കത്തോലിക്കാ സഭയുടെമേൽ തിരിഞ്ഞുകൊത്തി. 17-ഉം 18-ഉം നൂററാണ്ടുകളിൽ ഇംഗ്ലീഷുകാരായ തോമസ് ഹോബ്സ്, ജോൺ ലോക്ക്, ഫ്രഞ്ചുകാരനായ ജീൻ ജാക്വിസ് റൂസ്സോ എന്നിവരെപ്പോലെയുള്ള ലൗകിക തത്ത്വചിന്തകർ ജനകീയ പരമാധികാരത്തെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള “സാമൂഹികക്കരാർ” സിദ്ധാന്തത്തിന്റെ പതിപ്പുകൾ അവർ വികസിപ്പിച്ചെടുത്തു. അവരുടെ തത്ത്വങ്ങൾ അധിഷ്ഠിതമായിരുന്നത് ദൈവശാസ്ത്രത്തിലായിരുന്നില്ല, മറിച്ച്, “പ്രാകൃതികനിയമ”ത്തിലായിരുന്നു. കത്തോലിക്കാ സഭയ്ക്കും പാപ്പാധിപത്യത്തിനും ഗുരുതരമായ വിനയായിത്തീർന്ന ആശയങ്ങളിലായിരുന്നു പ്രസ്തുത സങ്കൽപ്പം വളർന്നെത്തിയത്.
റൂസ്സോ മരിച്ച് അധികം താമസിയാതെ ഫ്രഞ്ചുവിപ്ളവം പൊട്ടിപ്പുറപ്പെട്ടു. നിയമസാധുതയുടേതായ ചില ആശയങ്ങൾ ഈ വിപ്ളവം തകർത്തെറിഞ്ഞു. എന്നാൽ പുതിയതൊന്ന് അതു സൃഷ്ടിക്കുകയും ചെയ്തു, ദേശീയ പരമാധികാരം എന്ന ആശയം. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക ഇങ്ങനെ അഭിപ്രായപ്പെടുന്നു: “രാജാക്കൻമാരുടെ ദിവ്യാവകാശം, കുലീനരുടെ ഔന്നത്യം, റോമൻ കത്തോലിക്കാ സഭയുടെ പദവികൾ എന്നിവ ഫ്രഞ്ചുകാർ നിരാകരിച്ചു.” പക്ഷേ, “വിപ്ളവം ഒരു പുതിയ കണ്ടുപിടിത്തത്തെ, ദേശീയരാഷ്ട്രങ്ങളെ, ആനയിച്ചു” എന്നും ബ്രിട്ടാണിക്ക പറയുന്നു. വിപ്ളവകാരികൾക്ക് ഈ പുതിയ “കണ്ടുപിടിത്തം” ആവശ്യമായിരുന്നു. എന്തുകൊണ്ട്?
എന്തുകൊണ്ടെന്നാൽ, റൂസ്സോ മുന്നോട്ടുവെച്ച സമ്പ്രദായത്തിൻ കീഴിൽ ഭരണാധിപൻമാരുടെ തിരഞ്ഞെടുപ്പിൽ സകല പൗരൻമാർക്കും ഒരു തുല്യ അവകാശമുണ്ടായിരിക്കും. ഇത് ഫ്രഞ്ചുവിപ്ളവ നേതാക്കൻമാർ അനുകൂലിക്കാഞ്ഞ സാർവലൗകികമായ വോട്ടവകാശത്തിൽ അധിഷ്ഠിതമായ ഒരു ജനാധിപത്യത്തിൽ കലാശിക്കുമായിരുന്നു. പ്രൊഫസ്സർ ഡുവെർജറുടെ വിശദീകരണം ഇങ്ങനെയാണ്: “അനഭികാമ്യമായി കരുതിയ ഈ പരിസമാപ്തി കണിശമായും ഒഴിവാക്കാനായിരുന്നു 1789 മുതൽ 1791 വരെ ഭരണഘടനാനിർമാണസഭയിലെ സ്വാധീനമുള്ള ഇടത്തരക്കാർ ദേശീയ പരമാധികാരം എന്ന സിദ്ധാന്തം കണ്ടുപിടിച്ചത്. അവർ ജനങ്ങളെ ‘രാഷ്ട്ര’മായി തിരിച്ചറിയിച്ചു. രാഷ്ട്രത്തെ അതിന്റെ ഘടക ഭാഗങ്ങളിൽനിന്നു വ്യതിരിക്തമായ സത്വമായി അവർ കണക്കാക്കി. പ്രതിനിധികളിലൂടെ പരമാധികാരം പ്രയോഗിക്കാനുള്ള അർഹതയുള്ളത് രാഷ്ട്രത്തിനു മാത്രം . . . മട്ടും ഭാവവും കണ്ടാൽ ജനാധിപത്യം. എന്നാൽ ദേശീയപരമാധികാരത്തിന്റെ തത്ത്വം വാസ്തവത്തിൽ ജനാധിപത്യമേയല്ല. കാരണം ഏതു വിധത്തിലുള്ള ഗവൺമെൻറിനെയും, പ്രത്യേകിച്ച് സ്വേച്ഛാധിപത്യത്തെ നിഷ്പ്രയാസം അതുപയോഗിച്ചു ന്യായീകരിക്കാനാവും.” (ചെരിച്ചെഴുത്ത് അദ്ദേഹത്തിന്റേത്.)
മാനുഷികശ്രമങ്ങൾ ഒരു പരാജയം
അധികാരത്തിന്റെ നിയമാനുസൃതമായ ഉറവായി ദേശീയരാഷ്ട്രങ്ങളെ സ്വീകരിച്ചു. ഇതു സംഗതികളെ കൊണ്ടെത്തിച്ചതോ ദേശീയതയിലും. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക പ്രസ്താവിക്കുന്നു: “വളരെ പഴക്കംചെന്നത് എന്നായിരുന്നു ദേശിയതയെക്കുറിച്ചുണ്ടായിരുന്ന ധാരണ; രാഷ്ട്രീയവൃത്തിയിൽ അതിനെ ഒരു സ്ഥിരഘടകമായി ചിലപ്പോഴൊക്കെ തെററിധരിക്കാറുണ്ട്. വാസ്തവത്തിൽ, അമേരിക്കയിലെയും ഫ്രാൻസിലെയും വിപ്ളവങ്ങളെ അതിന്റെ ആദ്യത്തെ ശക്തമായ പ്രകടനങ്ങളായി വീക്ഷിക്കാവുന്നതാണ്.” ആ വിപ്ളവങ്ങൾക്കുശേഷം, അമേരിക്കകൾ, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെല്ലാം ദേശീയത അലയടിച്ചുകയറി. കൊടുംപകനിറഞ്ഞ യുദ്ധങ്ങളെ ദേശീയതയുടെ പേരുപറഞ്ഞ് നിയമാനുസൃതമാക്കി.
ബ്രിട്ടീഷ് ചരിത്രകാരനായ അർനോൾഡ് ടോയൻബി എഴുതി: “ഗോത്രത്വം എന്ന പഴയ കുപ്പികളിലെ ജനാധിപത്യമെന്ന പുതുവീഞ്ഞായ പുളിപ്പുകാടിയാണ് ദേശീയതയുടെ ആത്മാവ്. . . . ജനാധിപത്യവും ഗോത്രത്വവും തമ്മിലുള്ള ഈ വിചിത്രമായ അനുരഞ്ജനം ജനാധിപത്യത്തിലെക്കാൾ നമ്മുടെ ആധുനിക പാശ്ചാത്യലോകത്തിലുള്ള പ്രായോഗിക രാഷ്ട്രീയത്തിൽ വളരെ പ്രബലമായിരിക്കുകയാണ്.” ദേശീയത ഒരു സമാധാനപൂർണമായ ലോകം ഉളവാക്കിയിട്ടില്ല. ടോയൻബി പറഞ്ഞു: “മതയുദ്ധങ്ങൾക്കുശേഷം തികച്ചും ഹ്രസ്വമായ ഒരു വിരാമം. പിന്നാലെ സംഭവിച്ചതോ ദേശീയതായുദ്ധങ്ങൾ; നമ്മുടെ ആധുനിക പാശ്ചാത്യലോകത്ത് മതഭ്രാന്തിന്റെ ആത്മാവും ദേശീയഭ്രാന്തിന്റെ ആത്മാവും ഒന്നുതന്നെയാണ് എന്നു പ്രകടമാണ്, കുൽസിതമായ അതേ കമ്പം.”
“വിശുദ്ധരാജത്വം,” “രാജാക്കൻമാരുടെ ദിവ്യാവകാശം,” “ജനകീയ പരമാധികാരം,” “ദേശീയ പരമാധികാരം” എന്നിവയിലൂടെയെല്ലാം ഭരണാധിപൻമാർ സഹമനുഷ്യരുടെമേൽ തങ്ങൾക്കുള്ള അധികാരത്തിനു നിയമസാധുത വരുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും മാനുഷിക ഭരണാധിപൻമാരുടെ രേഖ പരിഗണിച്ചാൽ ഒരു ക്രിസ്ത്യാനിക്കു ശലോമോൻ പ്രകടിപ്പിച്ച ചിന്തയിൽ പങ്കുചേരാതെ തരമില്ല എന്നു വരുന്നു: “മനുഷ്യൻ മനുഷ്യന്റെമേൽ അധികാരം സ്ഥാപിച്ച് ദ്രോഹിക്കു”ന്നു.—സഭാപ്രസംഗകൻ 8:9, പി.ഒ.സി. ബൈബിൾ.
ഒരു ദേശീയ രാഷ്ട്രത്തെ ആരാധിക്കുന്നതിനു പകരം ക്രിസ്ത്യാനികൾ ദൈവത്തെ ആരാധിക്കുകയും അവനിൽ സകല അധികാരത്തിന്റെയും ഉറവുള്ളതായി അംഗീകരിക്കുകയും ചെയ്യുന്നു. അവർ സങ്കീർത്തനക്കാരനായ ദാവീദിനോടു യോജിക്കുന്നു. അദ്ദേഹം പറഞ്ഞു: “യാഹ്വേ, പെരുമയും ശക്തിയും തേജസ്സും നാളുകളുടെ ദൈർഘ്യവും മഹത്വവും നിന്റേതാകുന്നു. സ്വർഗത്തിലും ഭൂമിയിലും ഉള്ളതെല്ലാം നിന്റേതാകുന്നു. യാഹ്വേ, പരമാധികാരം നിന്റേതാകുന്നു. നീ എല്ലാററിന്റെയും പരമാധീശനായി ഉയർത്തപ്പെട്ടിരിക്കുന്നു.” (1 ദിനവൃത്താന്തം 29:11, ദ ന്യൂ ജെറുസലേം ബൈബിൾ) എങ്കിലും, ദൈവത്തോടുള്ള ആദരവു നിമിത്തം അവർ ലൗകികവും ആത്മികവുമായ മേഖലകളിലുള്ള അധികാരികളോട് ഉചിതമായ ആദരവു കാട്ടുന്നു. അവർക്ക് ഇത് എങ്ങനെ, എന്തുകൊണ്ട് സന്തോഷപൂർവം ചെയ്യാൻ കഴിയും എന്നത് പിൻവരുന്ന രണ്ടു ലേഖനങ്ങളിൽ പരിചിന്തിക്കുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a മോറിസ് ഡ്യൂവർസ്സായുടെ ഡ്ര്വാ കോൺസ്ററിററ്യൂസിയോണൽ ഏയ് അൻസ്ററിററ്യൂസിയോൺ പൊളിററിക്.
b ദ കാത്തലിക് എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു: “(രാജാവിന്റേതായാലും റിപ്പബ്ലിക്കിന്റേതായാലും സകല അധികാരവും ദൈവത്തിൽനിന്നു വരുന്നു എന്ന തത്ത്വത്തിൽനിന്നു വളരെ വ്യത്യസ്തമായ) ഈ ‘രാജാക്കൻമാരുടെ ദിവ്യാവകാശ’ത്തിനു കത്തോലിക്കാ സഭ ഒരിക്കലും അംഗീകാരം കൊടുത്തില്ല. നവീകരണ കാലഘട്ടത്തിൽ അതിന്റെ ഭാവമാകെ മാറി, അതു റോമൻകത്തോലിക്കാമതത്തിന് അങ്ങേയററം എതിരായി. ഹെൻറി VIII-ാമൻ, ഇംഗ്ലണ്ടിലെ ജയിംസ് 1-ാമൻ എന്നിവരെപ്പോലെയുള്ള രാജാക്കൻമാർ ആത്മീയവും രാഷ്ട്രീയവുമായ അധികാരം അതിന്റെ തികവിൽ അവകാശപ്പെട്ടു.”
[15-ാം പേജിലെ ചിത്രം]
ചക്രവർത്തിമാരെയും രാജാക്കൻമാരെയും വാഴിക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്ന് കത്തോലിക്കാ സഭ അവകാശപ്പെട്ടു
[ചിത്രത്തിനു കടപ്പാട്]
Consecration of Charlemagne: Bibliothèque Nationale, Paris