ദൈവത്തിന്റെ ദാസൻമാർ—സംഘടിതരും സന്തുഷ്ടരുമായ ഒരു ജനം
“യഹോവ ദൈവമായിരിക്കുന്ന ജനം സന്തുഷ്ടരാകുന്നു!”—സങ്കീർത്തനം 144:15, NW.
1, 2. (എ) തന്റെ ദാസൻമാർക്കുവേണ്ടി പ്രമാണങ്ങൾ വെക്കാൻ യഹോവക്ക് അവകാശമുള്ളത് എന്തുകൊണ്ട്? (ബി) നാം വിശേഷാൽ അനുകരിക്കാൻ ആഗ്രഹിക്കേണ്ട യഹോവയുടെ രണ്ടു ഗുണവിശേഷങ്ങൾ ഏവ?
യഹോവ സാർവത്രിക പരമാധികാരിയും സർവശക്തനായ ദൈവവും സ്രഷ്ടാവും ആണ്. (ഉല്പത്തി 1:1; സങ്കീർത്തനം 100:3) ആ നിലക്ക്, തന്റെ ദാസൻമാർക്ക് എന്താണ് അത്യുത്തമമെന്ന് അറിഞ്ഞുകൊണ്ടു പെരുമാററം സംബന്ധിച്ചു പ്രമാണങ്ങൾ വെക്കാൻ അവന് അവകാശമുണ്ട്. (സങ്കീർത്തനം 143:8) അവരുടെ മുഖ്യ മാതൃക അവനാണ്, അവന്റെ ഗുണങ്ങൾ അവർ അനുകരിക്കേണ്ട ആവശ്യമുണ്ട്. “പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ” എന്ന് ഒരു അപ്പോസ്തലൻ എഴുതി.—എഫെസ്യർ 5:1.
2 നാം അനുകരിക്കേണ്ട ദൈവത്തിന്റെ ഒരു ഗുണവിശേഷം സംഘടനയോടു ബന്ധപ്പെട്ടതാണ്. അവൻ “കലക്കത്തിന്റെ ദൈവമല്ല”. (1 കൊരിന്ത്യർ 14:33) ദൈവം സൃഷ്ടിച്ചിരിക്കുന്നതിനെ നാം സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ പ്രപഞ്ചത്തിൽവെച്ച് ഏററവും സംഘടിതനായ വ്യക്തി അവനാണെന്നു നിഗമനത്തിലെത്താൻ നാം നിർബന്ധിതരാകുന്നു. എന്നാൽ, തന്റെ ദാസൻമാർ അനുകരിക്കാൻ ദൈവം ആഗ്രഹിക്കുന്ന തന്റെ മറെറാരു സ്വഭാവവിശേഷം സന്തുഷ്ടിയാണ്, എന്തെന്നാൽ അവനാണ് “സന്തുഷ്ടനായ ദൈവം”. (1 തിമൊഥെയോസ് 1:11, NW) അങ്ങനെ, അവന്റെ സംഘടനാ പ്രാപ്തി സന്തുഷ്ടിയോടു സമതോലനം ചെയ്യുന്നു. ഒന്നിനു ചേതം വരുത്തിക്കൊണ്ടു മററതിനെ പ്രധാനമാക്കുന്നില്ല.
3. നക്ഷത്രനിബിഡമായ ആകാശം ദൈവത്തിന്റെ സംഘാടന ശേഷിയെ പ്രകടമാക്കുന്നതെങ്ങനെ?
3 ഏററവും വലുതുമുതൽ ഏററവും ചെറുതുവരെ യഹോവ ഉണ്ടാക്കിയിട്ടുള്ള സകലതും, അവൻ സംഘാടനത്തിന്റെ ദൈവമാണെന്നുള്ളതിനു തെളിവു നൽകുന്നു. ഉദാഹരണത്തിന്, ദൃശ്യമായ പ്രപഞ്ചത്തെക്കുറിച്ചു പരിചിന്തിക്കുക. അതിൽ കോടാനുകോടി നക്ഷത്രങ്ങൾ അടങ്ങുന്നു. എന്നാൽ ഇവ അലക്ഷ്യമായി ചിതറിയിട്ടിരിക്കുകയല്ല. “നക്ഷത്രങ്ങളുടെ സംഘാടനത്തിനു ഒരു മാതൃകയുണ്ട്” എന്ന് നക്ഷത്രഭൗതികജ്ഞനായ ജോർജ് ഗ്രീൻസ്ററീൻ പ്രസ്താവിക്കുന്നു. അവ താരാപംക്തികൾ എന്നു വിളിക്കപ്പെടുന്ന കൂട്ടങ്ങളായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു, ചിലതിൽ ലക്ഷക്കണക്കിനു കോടി നക്ഷത്രങ്ങൾ അടങ്ങുന്നതുതന്നെ. ശതകോടിക്കണക്കിനു താരാപംക്തികൾ ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു! താരാപംക്തികളും സംഘടിതമാണ്, അവയിൽ പലത് (ഏതാനും എണ്ണം മുതൽ പല ആയിരം വരെ) താരാപംക്തികളുടെ ഒരു കുലയായി സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ താരാപംക്തികളുടെ കുലകൾ വൻകുലകൾ എന്നു വിളിക്കപ്പെടുന്ന അതിലും ബൃഹത്തായ ഘടകങ്ങളായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നു കരുതപ്പെടുന്നു.—സങ്കീർത്തനം 19:1; യെശയ്യാവു 40:25, 26.
4, 5. ഭൂമിയിലെ ജീവികളുടെയിടയിലുള്ള സംഘാടനത്തിന്റെ ഉദാഹരണങ്ങൾ നൽകുക.
4 ദൈവത്തിന്റെ സൃഷ്ടികളുടെ മികച്ച സംഘാടനം എല്ലായിടത്തും, ദൃശ്യ ആകാശങ്ങളിൽ മാത്രമല്ല പിന്നെയോ ആയിരക്കണക്കിനു ജീവികളോടുകൂടിയ ഭൂമിയിലും കാണപ്പെടുന്നു. ഇതിനെയെല്ലാം സംബന്ധിച്ച്, “ഭൗതിക ലോകത്തിന്റെ മാഹാത്മ്യവും സങ്കീർണമായ സംഘാടനവും” നിമിത്തം, നിരീക്ഷകർ “അത്ഭുതസ്തബ്ധരാകുന്നു” എന്ന് ഊർജതന്ത്ര പ്രൊഫസറായ പോൾ ഡേവിസ് എഴുതുകയുണ്ടായി.—സങ്കീർത്തനം 104:24.
5 ജീവികളിൽ കാണുന്ന “സങ്കീർണമായ സംഘാടന”ത്തിന്റെ ഏതാനും ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക. നാഡീശസ്ത്രക്രിയാവിദഗ്ധനായ ജോസഫ് ഇവാൻസ് മമനുഷ്യന്റെ തലച്ചോറിനെയും സുഷുമ്നാ നാഡിയെയും സംബന്ധിച്ച് ഇപ്രകാരം പറഞ്ഞു: “വലിയ ക്രമം ഉണ്ടെന്നുള്ള യാഥാർഥ്യം മിക്കവാറും എതിരില്ലാത്തതാണ്.” സൂക്ഷ്മദർശനിയിലൂടെ മാത്രം കാണുന്ന ജീവനുള്ള കോശത്തെക്കുറിച്ച് അണുജീവിവിദഗ്ധനായ എച്ച്. ജെ. ഷോനസി ഇപ്രകാരം പ്രസ്താവിച്ചു: “സൂക്ഷ്മാണുജീവികളുടെ ലോകത്തിന്റെ സങ്കീർണതയും മനോഹരമായ ക്രമവും, അതു ദൈവം സ്ഥാപിച്ച ഒരു വ്യവസ്ഥയുടെ ഭാഗമാണെന്നു തോന്നിക്കുമാറ് അത്ര അത്ഭുതകരമായി നിർമിക്കപ്പെട്ടിരിക്കുന്നു.” ഒരു കോശത്തിനുള്ളിലെ ജനിതക സംജ്ഞയെ (DNA) സംബന്ധിച്ച് തൻമാത്രീയ ജീവശാസ്ത്രജ്ഞനായ മൈക്കിൾ ഡെൻറൻ ഇപ്രകാരം പറഞ്ഞു: “അത് ഈ ഗ്രഹത്തിൽ ഇതുവരെ സ്ഥിതിചെയ്തിട്ടുള്ള സകല ഇനം ജീവികളുടെയും രൂപകൽപ്പന തരംതിരിച്ച് അറിയിക്കാൻ ആവശ്യമുള്ള . . . മുഴുവിവരവും ഒരു ചായക്കരണ്ടിയിൽ എടുത്തുപിടിക്കാൻ കഴിയത്തക്കവണ്ണം വളരെ കാര്യക്ഷമമാണ്, ഇതുവരെ എഴുതപ്പെട്ട എല്ലാപുസ്തകങ്ങളിലുമുള്ള സകല വിവരത്തിനുംവേണ്ടി അവിടെ പിന്നെയും സ്ഥലം ശേഷിച്ചിരിക്കും.”—കാണുക: സങ്കീർത്തനം 139:16.
6, 7. ആത്മജീവികളുടെ ഇടയിൽ എന്തു സംഘാടനം കാണപ്പെടുന്നു, അവർ തങ്ങളുടെ നിർമാതാവിനോടു വിലമതിപ്പു പ്രകടമാക്കുന്നതെങ്ങനെ?
6 യഹോവ തന്റെ ഭൗതിക സൃഷ്ടികളെ മാത്രമല്ല സംഘടിപ്പിക്കുന്നത്, പിന്നെയോ അവൻ സ്വർഗത്തിലെ തന്റെ ആത്മസൃഷ്ടികളെയും സംഘടിപ്പിക്കുന്നു. ദൂതൻമാരുടെ “പതിനായിരം പതിനായിരം” എണ്ണം ‘യഹോവയുടെ മുമ്പാകെ നിന്നതായി’ ദാനീയേൽ 7:10 നമ്മെ അറിയിക്കുന്നു. ഉചിതമായ വ്യക്തിഗത ജോലി നിയമനമുള്ള ശക്തരായ പത്തുകോടി ആത്മജീവികളുടെ ഹാജർ! അത്തരം വൻകൂട്ടത്തെ സംഘടിപ്പിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യത്തെക്കുറിച്ചു ചിന്തിക്കുന്നത് അമ്പരപ്പിക്കുന്നതാണ്. ഉചിതമായി, ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരൻമാരായി അവന്റെ ദൂതൻമാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകല [ദൂത] സൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ”.—സങ്കീർത്തനം 103:20, 21; വെളിപ്പാടു 5:11.
7 സ്രഷ്ടാവിന്റെ വേലകൾ എത്ര മഹനീയമായി സംഘടിപ്പിക്കപ്പെട്ടതും കാര്യക്ഷമവുമാണ്! സ്വർഗീയ മണ്ഡലത്തിലെ ശക്തരായ ആത്മജീവികൾ ഭയഭക്തിയോടും കീഴ്വഴക്കത്തോടും കൂടെ, “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ” എന്നു പ്രഖ്യാപിക്കുന്നത് അതിശയമല്ല.—വെളിപ്പാടു 4:11.
8. യഹോവ ഭൂമിയിലെ തന്റെ ദാസൻമാരെ സംഘടിപ്പിക്കുന്നുവെന്ന് ഏതു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
8 യഹോവ ഭൂമിയിലുള്ള തന്റെ ദാസൻമാരെയും സംഘടിപ്പിക്കുന്നു. പൊ.യു.മു. [പൊതുയുഗത്തിനു മുമ്പ്] 2370-ൽ നോഹയുടെ നാളിൽ ജലപ്രളയം വരുത്തിയപ്പോൾ നോഹയും മററ് ഏഴുപേരും ഒരു കുടുംബ സംഘടനയെന്ന നിലയിൽ പ്രളയത്തെ അതിജീവിച്ചു. പൊ.യു.മു. 1513-ലെ പുറപ്പാടിൽ യഹോവ നിരവധി ലക്ഷങ്ങൾ വരുന്ന തന്റെ ജനത്തെ ഈജിപ്തിലെ അടിമത്തത്തിൽനിന്നു വിടുവിക്കുകയും അവരുടെ അനുദിന കാര്യാദികളും ആരാധനയും സംഘടിപ്പിക്കുന്നതിനു വിശദമായ ഒരു നിയമസംഹിത അവർക്കു കൊടുക്കുകയും ചെയ്തു. പിൽക്കാലത്ത്, വാഗ്ദത്തദേശത്ത് അവരിൽ പതിനായിരക്കണക്കിനാളുകൾ ആലയത്തിലെ പ്രത്യേകസേവനത്തിനായി സംഘടിപ്പിക്കപ്പെട്ടു. (1 ദിനവൃത്താന്തം 23:4, 5) ഒന്നാം നൂററാണ്ടിൽ, ദിവ്യമാർഗനിർദേശത്തിൻ കീഴിൽ ക്രിസ്തീയ സഭകൾ സംഘടിപ്പിക്കപ്പെട്ടു: “അവൻ ചിലരെ അപ്പൊസ്തലൻമാരായും ചിലരെ പ്രവാചകൻമാരായും ചിലരെ സുവിശേഷകൻമാരായും ചിലരെ ഇടയൻമാരായും ഉപദേഷ്ടാക്കൻമാരായും നിയമിച്ചിരിക്കുന്നു; വിശുദ്ധൻമാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലക്കും . . . ആകുന്നു.”—എഫെസ്യർ 4:11, 13.
ആധുനികനാളിലെ ദാസൻമാരും സംഘടിതർ
9, 10. നമ്മുടെ കാലത്ത് യഹോവ തന്റെ ജനത്തെ സംഘടിപ്പിച്ചിരിക്കുന്നതെങ്ങനെ?
9 അതുപോലെതന്നെ, യഹോവ തന്റെ ആധുനികനാളിലെ ദാസൻമാരെ സംഘടിപ്പിച്ചിരിക്കുന്നു. അവൻ ഇപ്പോഴത്തെ ഭക്തികെട്ട വ്യവസ്ഥിതിക്കു നാശം വരുത്തുന്നതിനുമുമ്പ്, തന്റെ രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയെന്ന നമ്മുടെ നാളിലേക്കുള്ള അവന്റെ വേല അവർക്കു ഫലകരമായി ചെയ്യാൻ കഴിയുന്നതിനുതന്നെ. (മത്തായി 24:14) ഈ ആഗോളവേലയിൽ ഉൾപ്പെട്ടിരിക്കുന്നതെന്താണെന്നും നല്ല സംഘാടനം എത്ര പ്രധാനമാണെന്നും പരിചിന്തിക്കുക. മററുള്ളവരെ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുന്നതിനു ലക്ഷക്കണക്കിനു പുരുഷൻമാരും സ്ത്രീകളും കുട്ടികളും പരിശീലിപ്പിക്കപ്പെടുന്നു. ഈ പരിശീലനത്തെ പിന്താങ്ങുന്നതിനു ബൃഹത്തായ അളവിൽ ബൈബിളുകളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും അച്ചടിക്കപ്പെടുന്നു. എന്തിന്, വീക്ഷാഗോപുരത്തിന്റെ ഓരോ ലക്കത്തിനും ഇപ്പോൾ 118 ഭാഷകളിലായി 160 ലക്ഷത്തിലധികം പ്രതികളുടെ അച്ചടിയുണ്ട്, ഉണരുക! 73 ഭാഷകളിലായി ഏതാണ്ട് 130 ലക്ഷവും അച്ചടിക്കുന്നു. ഏതാണ്ട് എല്ലാ പതിപ്പുകളും സമകാലികമായി അച്ചടിക്കപ്പെടുന്നതുകൊണ്ട് യഹോവയുടെ എല്ലാ ദാസൻമാർക്കുംതന്നെ ഒരേ സമയത്ത് ഒരേ വിവരം ലഭിക്കുന്നു.
10 അതിനുപുറമേ, ബൈബിൾ പ്രബോധനത്തിനായി നിരന്തരം കൂടിവരുന്നതിന് യഹോവയുടെ സാക്ഷികളുടെ 73,000-ത്തിലധികം സഭകൾ ലോകവ്യാപകമായി സംഘടിപ്പിക്കപ്പെടുന്നു. (എബ്രായർ 10:24, 25) ഓരോ വർഷവും ആയിരക്കണക്കിനു വലിയ കൂടിവരവുകളും ഉണ്ട്—സർക്കിട്ട് സമ്മേളനങ്ങളും ഡിസ്ട്രിക്ട് കൺവെൻഷനുകളുംതന്നെ. പുതിയതോ പരിഷ്കരിച്ചതോ ആയ രാജ്യഹാളുകളുടെയും സമ്മേളന ഹാളുകളുടെയും ബെഥേൽ ഭവനങ്ങളുടെയും ബൈബിൾ സാഹിത്യം അച്ചടിക്കുന്നതിനുള്ള സൗകര്യങ്ങളുടെയും ബൃഹത്തായ അളവിലുള്ള നിർമാണം ആഗോളമായി നടക്കുന്നു. ഗോളമെമ്പാടും വിവിധരാജ്യങ്ങളിൽ നടത്തപ്പെടുന്ന പയനിയർ സേവനസ്കൂളും മിഷനറിമാർക്കുവേണ്ടിയുള്ള വാച്ച് ടവർ ഗിലെയദ് സ്കൂളും പോലെ ബൈബിൾ ഉപദേഷ്ടാക്കൾക്ക് പുരോഗമിച്ച പരിശീലനം കൊടുക്കാനുള്ള സ്കൂളുകളും ഉണ്ട്.
11. ഇപ്പോൾ നല്ല സംഘാടനം പഠിക്കുന്നതിൽനിന്ന് എന്തു ഭാവിപ്രയോജനം കൈവരും?
11 ശുശ്രൂഷകരായ തന്റെ ദൂതൻമാരുടെ സഹായത്തോടെ, ‘തങ്ങളുടെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കാൻ’ യഹോവ ഭൂമിയിലുള്ള തന്റെ ജനത്തെ എത്ര നന്നായി സംഘടിപ്പിച്ചിരിക്കുന്നു! (2 തിമൊഥെയൊസ് 4:5; എബ്രായർ 1:13, 14; വെളിപ്പാടു 14:6) തന്റെ ദാസൻമാരെ ഇപ്പോൾ നല്ല സംഘാടനത്തിന്റെ രീതികൾ പഠിപ്പിക്കുന്നതിനാൽ ദൈവം മറെറാരു കാര്യംകൂടെ നേടുകയാണ്. അവന്റെ ദാസൻമാർ ഈ വ്യവസ്ഥിതിയുടെ നാശത്തെ അതിജീവിക്കുമ്പോൾ പുതിയ വ്യവസ്ഥിതിയിലെ ജീവിതം തുടങ്ങാൻ അവർ അപ്പോൾത്തന്നെ സംഘടിതരായിരിക്കേണ്ടതിനു നന്നായി ഒരുക്കപ്പെടുകയാണ്. അപ്പോൾ യഹോവയുടെ മാർഗനിർദേശത്തിൻകീഴിൽ ഒരു സംഘടിതവിധത്തിൽ അവർ ആഗോള പറുദീസ കെട്ടിപ്പടുക്കാൻ തുടങ്ങും. അവർ മരിച്ചവരിൽനിന്നു പുനരുത്ഥാനം പ്രാപിക്കുന്ന കോടിക്കണക്കിനാളുകളെ ജീവൻ പ്രാപിക്കാനുള്ള ദൈവത്തിന്റെ വിശദമായ വ്യവസ്ഥകൾ പഠിപ്പിക്കാൻ സുസജ്ജരായിരിക്കുകയും ചെയ്യും.—യെശയ്യാവു 11:9; 54:13; പ്രവൃത്തികൾ 24:15; വെളിപ്പാടു 20:12, 13.
സംഘടിതരെങ്കിലും സന്തുഷ്ടർ
12, 13. തന്റെ ജനം സന്തുഷ്ടരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നുവെന്നു നമുക്കു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
12 യഹോവ അത്ഭുതകരമായ കഴിവുള്ള ഒരു വേലക്കാരനും മികച്ച സംഘാടകനും ആണെന്നിരിക്കെ അവൻ നിർവികാരനോ അയവില്ലാത്തവനോ യന്ത്രംപോലെ പണിയെടുക്കുന്നവനോ അല്ല. മറിച്ച്, അവൻ നമ്മുടെ സന്തുഷ്ടിയിൽ തത്പരനായ, വളരെ ഊഷ്മളതയും സന്തുഷ്ടിയുമുള്ള ഒരു വ്യക്തിയാണ്. ‘അവൻ നിങ്ങൾക്കായി കരുതുന്നു’ എന്ന് 1 പത്രൊസ് 5:7 പ്രഖ്യാപിക്കുന്നു. അവന്റെ കരുതലും തന്റെ ദാസൻമാർ സന്തുഷ്ടരായിരിക്കാനുള്ള അവന്റെ ആഗ്രഹവും അവൻ മനുഷ്യർക്കുവേണ്ടി നിർമിച്ചിട്ടുള്ളവയിൽ നമുക്കു കാണാൻ കഴിയും. ദൃഷ്ടാന്തത്തിന്, ദൈവം പൂർണമനുഷ്യനെയും സ്ത്രീയെയും സൃഷ്ടിച്ചപ്പോൾ അവൻ അവരെ ഉല്ലാസത്തിന്റെ ഒരു പറുദീസയിൽ ആക്കി. (ഉല്പത്തി 1:26-31; 2:8, 9) അവരെ പരമസന്തുഷ്ടരാക്കുന്നതിന് അവർക്കാവശ്യമുള്ള സകലതും അവൻ നൽകി. എന്നാൽ മത്സരത്തിലൂടെ അവർക്ക് അതെല്ലാം നഷ്ടപ്പെട്ടു. അവരുടെ പാപത്തിന്റെ ഫലമായി നാം അപൂർണതയും മരണവും അവകാശപ്പെടുത്തി.—റോമർ 3:23; 5:12.
13 അപൂർണരാണെങ്കിലും, മനുഷ്യരായ നമുക്ക് ദൈവം നിർമിച്ചിട്ടുള്ളവയിൽ ഇപ്പോഴും സന്തുഷ്ടി കണ്ടെത്താൻ കഴിയും. നമുക്ക് ആസ്വാദനം കൈവരുത്തുന്ന അനേകം കാര്യങ്ങൾ ഉണ്ട്—മഹാപർവതങ്ങൾ; മനോഹരമായ തടാകങ്ങളും നദികളും സമുദ്രങ്ങളും കടൽപ്പുറങ്ങളും; നിറപ്പകിട്ടാർന്ന, സൗരഭ്യമുള്ള പുഷ്പങ്ങളും അനന്തവൈവിധ്യമാർന്ന മററു സസ്യങ്ങളും; രുചികരമായ ഭക്ഷ്യപദാർഥങ്ങളുടെ സമൃദ്ധി; നാം ഒരിക്കലും കണ്ടു മടുക്കാത്ത വർണശബളമായ സൂര്യാസ്തമയങ്ങൾ; രാത്രിയിൽ നാം കണ്ടാസ്വദിക്കുന്ന നക്ഷത്രനിബിഡമായ ആകാശങ്ങൾ; വൈവിധ്യമാർന്ന മൃഗസൃഷ്ടിയും കളിച്ചു കോമാളിത്തരം കാട്ടുന്ന അവയുടെ വശീകരിക്കുന്ന കുഞ്ഞുങ്ങളും; ഉത്തേജകമായ സംഗീതം; രസകരവും ഉപയോഗപ്രദവുമായ വേല; നല്ല സുഹൃത്തുക്കൾ. അത്തരം കാര്യങ്ങൾ ക്രമീകരിച്ചവൻ മററുള്ളവരെ സന്തുഷ്ടരാക്കുന്നത് ആസ്വദിക്കുന്ന സന്തുഷ്ടനായ ഒരു വ്യക്തിയാണെന്നുള്ളതു സ്പഷ്ടമാണ്.
14. അവനെ അനുകരിക്കുന്നതിൽ യഹോവ നമ്മിൽനിന്ന് എന്തു സമനില ആവശ്യപ്പെടുന്നു?
14 അതുകൊണ്ട്, യഹോവ ആഗ്രഹിക്കുന്നതു വെറും സംഘടിത കാര്യക്ഷമതയല്ല. തന്റെ ദാസൻമാർ സന്തുഷ്ടരായിരിക്കാനും അവൻ ആഗ്രഹിക്കുന്നു. അവർ തങ്ങളുടെ സന്തുഷ്ടിക്കു ഹാനി വരുത്തിക്കൊണ്ട്, മതഭ്രാന്തോടെ കാര്യാദികൾ സംഘടിപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. ദൈവത്തിന്റെ ദാസൻമാർ അവൻ ചെയ്യുന്നതുപോലെ സംഘടനാ വൈദഗ്ധ്യത്തെ സന്തുഷ്ടിയുമായി സമനിലയിൽ നിർത്തണം, എന്തെന്നാൽ അവന്റെ ശക്തമായ പരിശുദ്ധാത്മാവ് എവിടെയുണ്ടോ അവിടെ സന്തോഷമുണ്ട്. വാസ്തവത്തിൽ, തന്റെ ജനത്തിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ രണ്ടാമത്തെ ഫലം “സന്തോഷം” ആണെന്നു ഗലാത്യർ 5:22 പ്രകടമാക്കുന്നു.
സ്നേഹം സന്തുഷ്ടി ജനിപ്പിക്കുന്നു
15. നമ്മുടെ സന്തുഷ്ടിക്കു സ്നേഹം വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
15 “ദൈവം സ്നേഹം തന്നേ” എന്നു ബൈബിൾ പ്രസ്താവിക്കുന്നതു കുറിക്കൊള്ളുന്നതു താത്പര്യജനകമാണ്. (ചെരിച്ചെഴുത്തു ഞങ്ങളുടേത്. [1 യോഹന്നാൻ 4:8, 16]) “ദൈവം സംഘാടനം ആകുന്നു” എന്ന് അത് ഒരിക്കലും പറയുന്നില്ല. സ്നേഹമാണു ദൈവത്തിന്റെ മുഖ്യഗുണം, അവന്റെ ദാസൻമാർ അത് അനുകരിക്കുകയും വേണം. ഗലാത്യർ 5:22-ൽ പട്ടികപ്പെടുത്തിയിരിക്കുന്ന ദൈവാത്മാവിന്റെ ആദ്യത്തെ ഫലം “സ്നേഹം” ആയിരിക്കുന്നത് അതുകൊണ്ടാണ്, അടുത്തത് “സന്തോഷം”. സ്നേഹം സന്തോഷം ജനിപ്പിക്കുന്നു. നാം മററുള്ളവരോടുള്ള ഇടപെടലുകളിൽ യഹോവയുടെ സ്നേഹം അനുകരിക്കുമ്പോൾ, പിന്നാലേ സന്തുഷ്ടി വരുന്നു, എന്തെന്നാൽ സ്നേഹമുള്ള ജനം സന്തുഷ്ടിയുള്ള ജനമാണ്.
16. സ്നേഹത്തിന്റെ പ്രാധാന്യം യേശു പ്രകടമാക്കിയതെങ്ങനെ?
16 ദൈവിക സ്നേഹം അനുകരിക്കുന്നതിന്റെ പ്രാധാന്യം യേശുവിന്റെ ഉപദേശങ്ങളിൽ പ്രമുഖമാക്കപ്പെടുന്നു. അവൻ പറഞ്ഞു: “ഞാൻ . . . പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു”. (യോഹന്നാൻ 8:28) വിശേഷാൽ, യേശുവിനെ പഠിപ്പിച്ചതും അവൻ ക്രമത്തിൽ മററുള്ളവരെ പഠിപ്പിച്ചതും എന്തായിരുന്നു? ഏററവും വലിയ രണ്ടു കൽപ്പനകൾ ദൈവത്തെ സ്നേഹിക്കാനും അയൽക്കാരനെ സ്നേഹിക്കാനും ഉള്ളതാണ് എന്നതായിരുന്നു. (മത്തായി 22:36-39) യേശു അത്തരം സ്നേഹത്തെ മാതൃകയാൽ വിശദമാക്കി. “ഞാൻ പിതാവിനെ സ്നേഹിക്കുന്നു” എന്ന് അവൻ പറഞ്ഞു, മരണത്തോളം ദൈവത്തിന്റെ ഇഷ്ടം ചെയ്ത് അതു തെളിയിച്ചുകൊണ്ടുതന്നെ. ആളുകൾക്കുവേണ്ടി മരിച്ചുകൊണ്ട് അവൻ അവരോടുള്ള സ്നേഹവും പ്രകടമാക്കി. അപ്പോസ്തലനായ പൗലോസ് എഫേസൂസിലെ ക്രിസ്ത്യാനികളോടു പറഞ്ഞു: ‘ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ അർപ്പിച്ചു’. (യോഹന്നാൻ 14:31; എഫെസ്യർ 5:2) അതുകൊണ്ട്, യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന”.—യോഹന്നാൻ 15:12, 13.
17. മററുള്ളവരോടു സ്നേഹം പ്രകടമാക്കുന്നത് അതിപ്രധാനമാണെന്നു പൗലോസ് പ്രകടമാക്കിയതെങ്ങനെ?
17 ഇപ്രകാരം പറഞ്ഞുകൊണ്ട് ഈ ദൈവിക സ്നേഹം എത്ര പ്രധാനമാണെന്നു പൗലോസ് പ്രകടമാക്കി: “ഞാൻ മനുഷ്യരുടെയും ദൂതൻമാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല. . . . വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനിൽക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.”—1 കൊരിന്ത്യർ 13:1-3, 13.
18. നമ്മുടെ സന്തുഷ്ടിയെ വർദ്ധിപ്പിക്കുന്ന എന്തു നമുക്കു യഹോവയിൽനിന്നു പ്രതീക്ഷിക്കാൻ കഴിയും?
18 നാം യഹോവയുടെ സ്നേഹത്തെ അനുകരിക്കുമ്പോൾ, പിശകുകൾ വരുത്തുമ്പോൾപോലും നമ്മോടുള്ള അവന്റെ സ്നേഹം സംബന്ധിച്ചു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ അവൻ “കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ” ആകുന്നു. (പുറപ്പാടു 34:6) നാം പിശകുകൾ വരുത്തുമ്പോൾ ആത്മാർഥമായി അനുതപിക്കുന്നെങ്കിൽ ദൈവം ഇവയുടെ കണക്കു സൂക്ഷിക്കാതെ നമ്മോടു സ്നേഹപൂർവം ക്ഷമിക്കുന്നു. (സങ്കീർത്തനം 103:1-3) അതെ, “കർത്താവു [യഹോവ, NW] മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ.” (യാക്കോബ് 5:11) ഇതറിയുന്നതു നമ്മുടെ സന്തുഷ്ടിക്കു സംഭാവന ചെയ്യുന്നു.
ആപേക്ഷിക സന്തുഷ്ടി ഇപ്പോൾ
19, 20. (എ) പൂർണ സന്തുഷ്ടി ഇപ്പോൾ സാധ്യമല്ലാത്തതെന്തുകൊണ്ട്? (ബി) ഇക്കാലത്തു നമുക്ക് ആപേക്ഷിക സന്തുഷ്ടി ഉണ്ടായിരിക്കാവുന്നതാണെന്ന് ബൈബിൾ പ്രകടമാക്കുന്നതെങ്ങനെ?
19 എന്നിരുന്നാലും, നമുക്കു രോഗവും മരണവും ബാധിക്കാവുന്ന, സാത്താന്റെ കീഴിലുള്ള കുററകൃത്യം നിറഞ്ഞ, അക്രമാസക്തമായ, അധാർമികമായ ഈ ലോകത്തിന്റെ അന്ത്യനാളുകളിൽ നാം ജീവിക്കുന്നതുകൊണ്ട് ഇന്നു സന്തുഷ്ടരായിരിക്കുക സാധ്യമാണോ? ദൈവത്തിന്റെ പുതിയലോകത്തിൽ സ്ഥിതിചെയ്യുന്ന, അവന്റെ വചനത്തിൽ മുൻകൂട്ടി പറയുന്നതരം സന്തുഷ്ടിയുടെ അളവു നമുക്കു പ്രതീക്ഷിക്കാൻ കഴിയുകയില്ലെന്നുള്ളതു വാസ്തവംതന്നെ: “ഇതാ ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ”. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—യെശയ്യാവു 65:17, 18.
20 അവന്റെ ഇഷ്ടം അറിയുന്നതുകൊണ്ടും അവന്റെ പുതിയ പറുദീസാലോകത്തിൽ താമസിയാതെ കൈവരാനിരിക്കുന്ന അത്ഭുതകരമായ അനുഗ്രഹങ്ങളെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം ഉള്ളതുകൊണ്ടും ദൈവത്തിന്റെ ദാസൻമാർക്ക് ഇപ്പോൾ ഉണ്ടായിരിക്കാൻ കഴിയുന്നത് ആപേക്ഷിക സന്തുഷ്ടിയാണ്. (യോഹന്നാൻ 17:3; വെളിപ്പാടു 21:4) അതുകൊണ്ടാണ് ബൈബിളിന് ഇപ്രകാരം പറയാൻ കഴിയുന്നത്: “സൈന്യങ്ങളുടെ യഹോവേ, നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ സന്തുഷ്ടനാകുന്നു,” “യഹോവയെ ഭയപ്പെട്ട്, അവന്റെ വഴികളിൽ നടക്കുന്ന ഏവനും സന്തുഷ്ടനാകുന്നു,” “സൗമ്യതയുള്ളവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ അവർ ഭൂമിയെ അവകാശമാക്കും.” (സങ്കീർത്തനം 84:12; 128:1; മത്തായി 5:5; NW) അതുകൊണ്ട്, നാം നേരിടേണ്ട ഇന്നത്തെ പ്രയാസ സാഹചര്യങ്ങൾ ഗണ്യമാക്കാതെ, നമുക്കു ഗണ്യമായ അളവിൽ സന്തുഷ്ടി ഉള്ളവരായിരിക്കാൻ കഴിയും. നമുക്കു ദോഷങ്ങൾ സംഭവിക്കുമ്പോൾപോലും നാം യഹോവയെ അറിയാത്തവരെയും നിത്യജീവന്റെ പ്രത്യാശ ഇല്ലാത്തവരെയും പോലെ ദുഃഖിതരായിത്തീരുന്നില്ല.—1 തെസ്സലൊനീക്യർ 4:13.
21. തങ്ങളെത്തന്നെ കൊടുക്കുന്നത് യഹോവയുടെ ദാസൻമാരുടെ സന്തുഷ്ടിക്കു സംഭാവന ചെയ്യുന്നതെങ്ങനെ?
21 മററുള്ളവരെ, വിശേഷിച്ചു സാത്താന്റെ ലോകത്തിൽ ചെയ്യപ്പെടുന്ന ‘സകലമ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയുന്ന’ ആളുകളെ ബൈബിൾ സത്യങ്ങൾ പഠിപ്പിച്ചുകൊണ്ടു തങ്ങളുടെ സമയവും ഊർജ്ജവും വിഭവങ്ങളും ചെലവഴിക്കുന്നതു നിമിത്തവും യഹോവയുടെ ദാസൻമാർക്കു സന്തുഷ്ടി ലഭിക്കുന്നു. (യെഹെസ്കേൽ 9:4) ബൈബിൾ പറയുന്നു: “എളിയവനോടു പരിഗണനയോടെ പ്രവർത്തിക്കുന്ന ഏതൊരുവനും സന്തുഷ്ടനാകുന്നു; അനർഥ ദിവസത്തിൽ യഹോവ അവനു രക്ഷ നൽകും. യഹോവതന്നെ അവനെ കാക്കുകയും അവനെ ജീവനോടെ പാലിക്കുകയും ചെയ്യും. അവൻ ഭൂമിയിൽ സന്തുഷ്ടനെന്നു പ്രഖ്യാപിക്കപ്പെടും.” (സങ്കീർത്തനം 41:1, 2, NW) യേശു പറഞ്ഞതുപോലെ, “സ്വീകരിക്കുന്നതിലുള്ളതിനേക്കാൾ കൂടുതൽ സന്തുഷ്ടി കൊടുക്കുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35, NW.
22. (എ) സന്തുഷ്ടിയുടെ കാര്യത്തിൽ, ദൈവത്തിന്റെ ദാസൻമാരെ അവനെ സേവിക്കാത്തവരോടു വിപരീത താരതമ്യം ചെയ്യുക. (ബി) ഏതു പ്രത്യേക കാരണം നിമിത്തം നാം സന്തുഷ്ടരായിരിക്കാൻ പ്രതീക്ഷിക്കണം?
22 അതുകൊണ്ടു ദൈവത്തിന്റെ ദാസൻമാർക്കു പരമമായ സന്തുഷ്ടി ഇക്കാലത്തു പ്രതീക്ഷിക്കാൻ കഴിയില്ലെന്നിരിക്കെ, ദൈവത്തെ സേവിക്കാത്തവർ ആസ്വദിക്കാത്ത സന്തുഷ്ടി അവർക്കു നേടാൻ കഴിയും. യഹോവ ഇപ്രകാരം പ്രഖ്യാപിക്കുന്നു: “എന്റെ ദാസൻമാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും.” (യെശയ്യാവു 65:14) കൂടാതെ, ദൈവത്തെ സേവിക്കുന്നവർക്ക് ഇപ്പോൾ സന്തുഷ്ടരായിരിക്കാൻ വളരെ വിശേഷപ്പെട്ട ഒരു കാരണമുണ്ട്—“ദൈവം തന്നെ അനുസരിക്കുന്നവർക്കു നല്കിയ” അവന്റെ പരിശുദ്ധാത്മാവ് അവർക്കുണ്ട്. (പ്രവൃത്തികൾ 5:32) ഓർമിക്കുക, ദൈവാത്മാവ് എവിടെയുണ്ടോ അവിടെ സന്തുഷ്ടിയുണ്ട്.—ഗലാത്യർ 5:22.
23. നമ്മുടെ അടുത്ത അധ്യയനത്തിൽ നാം എന്തു പരിചിന്തിക്കും?
23 ഇന്നു ദൈവത്തിന്റെ ദാസൻമാരുടെ സ്ഥാപനത്തിൽ, യഹോവയുടെ ജനത്തിന്റെ സന്തുഷ്ടിക്കു സംഭാവന ചെയ്തുകൊണ്ടു സഭകളിൽ നേതൃത്വമെടുക്കുന്ന പ്രായമേറിയ പുരുഷൻമാർ, അഥവാ ‘മൂപ്പൻമാർ’ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നു. (തീത്തൊസ് 1:5) ഇവർ തങ്ങളുടെ ഉത്തരവാദിത്വങ്ങളെയും സഹോദരീസഹോദരൻമാരോടുള്ള തങ്ങളുടെ ബന്ധത്തെയും എങ്ങനെ വീക്ഷിക്കണം? നമ്മുടെ അടുത്ത ലേഖനം ഇതു ചർച്ചചെയ്യും.
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
◻ യഹോവയുടെ സംഘടിതാവസ്ഥക്കു സൃഷ്ടി സാക്ഷ്യം വഹിക്കുന്നതെങ്ങനെ?
◻ യഹോവ കഴിഞ്ഞ കാലത്തും ഇക്കാലത്തും തന്റെ ദാസൻമാരെ സംഘടിപ്പിച്ചിരിക്കുന്നതെങ്ങനെ?
◻ യഹോവ നമ്മിൽനിന്ന് എന്തു സമനില ആഗ്രഹിക്കുന്നു?
◻ നമ്മുടെ സന്തുഷ്ടിക്കു സ്നേഹം എത്ര പ്രധാനമാണ്?
◻ നമ്മുടെ കാലത്ത് ഏതുതരം സന്തുഷ്ടി നമുക്കു പ്രതീക്ഷിക്കാൻ കഴിയും?
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Top: Courtesy of ROE/Anglo-Australian Observatory, photograph by David Malin