യേശുവിനു ദൈവത്തിൽ വിശ്വാസമുണ്ടായിരിക്കാൻ കഴിയുമായിരുന്നോ?
ത്രിത്വവാദികളുടെ ഒരു വിഷമപ്രശ്നം
“യേശുവിന് എങ്ങനെയാണു വിശ്വാസമുണ്ടായിരിക്കാൻ കഴിയുമായിരുന്നത്? അവൻ ദൈവമാണ്; മററാരുടെയും അടുക്കലേക്കു തിരിയാതെതന്നെ അവൻ സകലതും അറിയുകയും കാണുകയും ചെയ്യുന്നു. എന്നാൽ കൃത്യമായിപ്പറഞ്ഞാൽ, വിശ്വാസത്തിൽ രണ്ടു സംഗതികൾ ഉൾപ്പെടുന്നുണ്ട്, മറെറാരാളിലുള്ള ആശ്രയവും കാണാത്തതിനെ അംഗീകരിക്കലും. അതുകൊണ്ട്, ദൈവമായ യേശുവിനു വിശ്വാസമുണ്ടായിരിക്കാനാകുമായിരുന്നു എന്ന പ്രശ്നമേ ഉദിക്കുന്നില്ല.”
ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനായ സ്സാക്ക് ഗില്ലെററ് പറയുന്നതനുസരിച്ച്, കത്തോലിക്കാ സഭയിൽ ആ അഭിപ്രായത്തിനാണ് ഊന്നൽ. ഈ വിശദീകരണം നിങ്ങളെ അതിശയിപ്പിക്കുന്നുണ്ടോ? സകലത്തിലും ക്രിസ്ത്യാനികൾക്കുള്ള മാതൃക യേശു ആയതുകൊണ്ട് വിശ്വാസത്തിന്റെയും മാതൃക അവനായിരിക്കണം എന്നു നിങ്ങൾ ചിന്തിച്ചിരിക്കാനിടയുണ്ട്. അങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ, അതിനർഥം നിങ്ങൾ ക്രൈസ്തവലോകത്തിന്റെ ത്രിത്വോപദേശം കാര്യമായിട്ടെടുത്തിട്ടില്ലെന്നാണ്.
“ക്രിസ്തീയ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും കേന്ദ്രമർമം”a എന്നനിലയിൽ ത്രിത്വത്തിൽ വിശ്വസിക്കുന്ന കത്തോലിക്കരും പ്രൊട്ടസ്ററൻറുകാരും ഓർത്തഡോക്സ്കാരുമായ ദൈവശാസ്ത്രജ്ഞൻമാരെ സംബന്ധിച്ചടത്തോളം യേശുവിന്റെ വിശ്വാസം വാസ്തവത്തിൽ ഒരു പിടികിട്ടാപ്രശ്നമാണ്. എന്നാൽ യേശുവിനു വിശ്വാസമുണ്ടായിരുന്നു എന്ന സംഗതി എല്ലാവരും നിഷേധിക്കുന്നില്ല. “യേശുവിനു വിശ്വാസമുണ്ടായിരുന്നു എന്ന് അംഗീകരിക്കാതിരിക്കുക അസാധ്യമാണ്” എന്നു സ്സാക്ക് ഗില്ലെററ് തറപ്പിച്ചുപറയുന്നു. അതേസമയം ത്രിത്വോപദേശത്തിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ ഇതൊരു “വൈരുദ്ധ്യ”മാണെന്ന് ഗില്ലെററ് സമ്മതിക്കുകയും ചെയ്യുന്നു.
“സത്യദൈവവും സത്യമനുഷ്യനും” ആയതുകൊണ്ട് “ക്രിസ്തുവിനു തന്നിൽത്തന്നെ വിശ്വസിക്കാനാവില്ല” എന്നു പറയുന്നതിൽ ഫ്രഞ്ച് ജെസ്യൂട്ട് സ്സാൻ ഗാലൂവിനും അദ്ദേഹത്തെപ്പോലുള്ള ഭൂരിഭാഗം ദൈവശാസ്ത്രജ്ഞൻമാർക്കും ഒരു സങ്കോചവുമില്ല. “വിശ്വാസം എന്നതിൽ ഉൾപ്പെടുന്നതു തന്നിൽത്തന്നെ വിശ്വസിക്കുന്നതല്ല, മറെറാരുവനിൽ വിശ്വസിക്കുന്നതാണ്” എന്ന് ലാ സിവിൽററ കാറേറാലിക്ക എന്ന പത്രിക അഭിപ്രായപ്പെടുന്നു. അപ്പോൾ, യേശുവിന്റെ വിശ്വാസത്തെ അംഗീകരിക്കുന്നതിനു പ്രതിബന്ധമായി നിൽക്കുന്നത് ത്രിത്വോപദേശമാണ്. കാരണം, രണ്ട് ആശയങ്ങളും വ്യക്തമായും പരസ്പരവിരുദ്ധമാണ്.
“യേശുവിന്റെ വിശ്വാസത്തെക്കുറിച്ച് സുവിശേഷങ്ങളിൽ ഒരിടത്തും പറയുന്നില്ല” എന്നു ദൈവശാസ്ത്രജ്ഞൻമാർ പറയുന്നു. ഫലത്തിൽ, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങളായ പിസ്റേറയോ (വിശ്വസിക്കുക, വിശ്വാസമുണ്ടായിരിക്കുക), പിസ്ററിസ് (വിശ്വാസം) എന്നിവ പൊതുവേ പരാമർശിക്കുന്നതു ദൈവത്തിലോ ക്രിസ്തുവിലോ ഉള്ള ശിഷ്യൻമാരുടെ വിശ്വാസത്തെയാണ്, അല്ലാതെ തന്റെ സ്വർഗീയ പിതാവിലുള്ള യേശുവിന്റെ വിശ്വാസത്തെയല്ല. അതുകൊണ്ട്, ദൈവപുത്രനു വിശ്വാസമുണ്ടായിരുന്നില്ലെന്നു നാം നിഗമനം ചെയ്യേണ്ടതുണ്ടോ? അവൻ ചെയ്തതും പറഞ്ഞതുമായ സംഗതികളിൽനിന്നു നമുക്ക് എന്തു മനസ്സിലാക്കാനാവും? തിരുവെഴുത്തുകൾ എന്തു പറയുന്നു?
പ്രാർഥനകൾ വിശ്വാസം കൂടാതെയോ?
പ്രാർഥിക്കുന്ന ഒരു മനുഷ്യനായിരുന്നു യേശു. എല്ലാ സന്ദർഭങ്ങളിലും അവൻ പ്രാർഥിച്ചു—സ്നാപനമേററപ്പോൾ (ലൂക്കൊസ് 3:21); തന്റെ 12 അപ്പോസ്തലൻമാരെ തിരഞ്ഞെടുത്തതിന്റെ തലേരാത്രി മുഴുവനും (ലൂക്കൊസ് 6:12, 13); മലയിൽവെച്ച് അത്ഭുതകരമായി രൂപാന്തരപ്പെടുന്നതിനുമുമ്പ് അപ്പോസ്തലൻമാരായ പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരോടൊപ്പം ആയിരുന്ന സമയത്ത്. (ലൂക്കൊസ് 9:28, 29) അവൻ പ്രാർഥിക്കുന്ന സമയത്തായിരുന്നു “ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ” എന്ന് ശിഷ്യൻമാർ അവനോട് ആവശ്യപ്പെട്ടത്. അതുകൊണ്ട് അവൻ അവരെ കർത്താവിന്റെ പ്രാർഥന പഠിപ്പിച്ചു (“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നത്). (ലൂക്കൊസ് 11:1-4; മത്തായി 6:9-13) അതിരാവിലെ അവൻ തനിച്ചു ദീർഘമായി പ്രാർഥിക്കുമായിരുന്നു. (മർക്കൊസ് 1:35-39); സന്ധ്യയാകാറായപ്പോൾ, ഒരു മലയിൽവെച്ച് ശിഷ്യൻമാരെ പറഞ്ഞുവിട്ടശേഷം (മർക്കൊസ് 6:45, 46); ശിഷ്യൻമാർക്കൊപ്പവും അവർക്കുവേണ്ടിയും. (ലൂക്കൊസ് 22:32; യോഹന്നാൻ 17:1-26) അതേ, യേശുവിന്റെ ജീവിതത്തിൽ പ്രാർഥന ഒരു സുപ്രധാന ഭാഗമായിരുന്നു.
അത്ഭുതങ്ങൾ ചെയ്യുന്നതിനുമുമ്പ് അവൻ പ്രാർഥിക്കുമായിരുന്നു. ഉദാഹരണമായി, തന്റെ സുഹൃത്തായ ലാസറിനെ ഉയിർപ്പിക്കുന്നതിനുമുമ്പ് അവൻ ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുററും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാൻ പറയുന്നു.” (യോഹന്നാൻ 11:41, 42) തന്റെ പിതാവ് ആ പ്രാർഥന കേൾക്കുമെന്ന ഉറപ്പ് അവന്റെ വിശ്വാസത്തിന്റെ ശക്തിയെ സൂചിപ്പിക്കുന്നു. ദൈവത്തോടുള്ള പ്രാർഥനയും അവനിലുള്ള വിശ്വാസവും തമ്മിലുള്ള ഈ ബന്ധം യേശു ശിഷ്യൻമാരോടു പറഞ്ഞതിൽനിന്നു വ്യക്തമാണ്: “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ.”—മർക്കൊസ് 11:24.
യേശുവിനു വിശ്വാസമുണ്ടായിരുന്നില്ലെങ്കിൽ, അവൻ ദൈവത്തോടു പ്രാർഥിച്ചതെന്തുകൊണ്ട്? യേശു ഒരേസമയം ദൈവവും മനുഷ്യനുമായിരുന്നു എന്ന ക്രൈസ്തവലോകത്തിന്റെ തിരുവെഴുത്തുപരമല്ലാത്ത ത്രിത്വോപദേശം ബൈബിൾസന്ദേശത്തിൻമേൽ ഇരുൾ പരത്തുന്നതാണ്. അതുമുഖാന്തരം ആളുകൾക്കു ബൈബിളിന്റെ സരളതയും ശക്തിയും മനസ്സിലാക്കുക ബുദ്ധിമുട്ടായിത്തീരുന്നു. മനുഷ്യനായ യേശു യാചിച്ചത് ആരോടായിരുന്നു? അവനോടുതന്നെയോ? താൻ ദൈവമാണെന്ന കാര്യം സംബന്ധിച്ച് അവന് ഒരു ബോധവുമില്ലായിരുന്നോ? അവൻ ദൈവമായിരുന്നെങ്കിൽ, അത് അവന് അറിയാമായിരുന്നെങ്കിൽ, അവൻ പ്രാർഥിച്ചത് എന്തുകൊണ്ട്?
ഭൗമിക ജീവിതത്തിന്റെ അവസാനദിവസത്തെ യേശുവിന്റെ പ്രാർഥനകൾ തന്റെ സ്വർഗീയ പിതാവിലുള്ള അവന്റെ ഉറച്ച വിശ്വാസത്തിലേക്ക് ഒരു ആഴമായ ഉൾക്കാഴ്ച തരുന്നതാണ്. പ്രത്യാശയും ഉറച്ച പ്രതീക്ഷയും പ്രകടമാക്കിക്കൊണ്ട് അവൻ യാചിച്ചു: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.”—യോഹന്നാൻ 17:5.
ഏററവും ദുരിതപൂർണമായ പീഡാനുഭവങ്ങളും മരണവും ആസന്നമായിരിക്കുന്നു എന്നറിഞ്ഞ് ഒലീവ് മലയിലെ ഗെത്ശെമന തോട്ടത്തിൽ രാത്രി ചെലവഴിക്കുമ്പോൾ, “ദുഃഖിക്കാനും അസ്വസ്ഥനാകാനും തുടങ്ങി”യ അവൻ പറഞ്ഞു: “തീവ്രദുഃഖത്താൽ ഞാൻ മരണത്തോളം എത്തിയിരിക്കുന്നു.” (മത്തായി 26:36-38, പി.ഒ.സി. ബൈബിൾ) എന്നിട്ട് അവൻ മുട്ടുകുത്തി പ്രാർഥിച്ചു: “പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് അകററണമേ. എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ.” അപ്പോൾ “അവനെ ശക്തിപ്പെടുത്താൻ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷപ്പെട്ടു.” ദൈവം അവന്റെ പ്രാർഥന കേട്ടു. അവന്റെ വികാരത്തിന്റെ തീവ്രതയും പീഡാനുഭവത്തിന്റെ കാഠിന്യവും നിമിത്തം “അവന്റെ വിയർപ്പു രക്തത്തുള്ളികൾ പോലെ നിലത്തുവീണു.”—ലൂക്കാ 22:42-44, പി.ഒ.സി. ബൈ.
യേശുവിന്റെ ദുരിതാനുഭവങ്ങൾ, ശക്തീകരിക്കപ്പെടണമെന്ന അവന്റെ തോന്നൽ, അവന്റെ യാചനകൾ എന്നിവയെല്ലാം എന്താണ് സൂചിപ്പിക്കുന്നത്? “ഒരു കാര്യം ഉറപ്പാണ്, യേശു പ്രാർഥിച്ചിരുന്നു, അവന്റെ ജീവിതത്തിന്റെയും പ്രവൃത്തികളുടെയും അനുപേക്ഷണീയമായ ഒരു ഘടകമാണ് പ്രാർഥന” എന്നു സ്സാക്ക് ഗില്ലെററ് എഴുതുന്നു. “മനുഷ്യർ പ്രാർഥിക്കുന്നതുപോലെ അവൻ പ്രാർഥിച്ചു. അവൻ മനുഷ്യർക്കുവേണ്ടിയും പ്രാർഥിച്ചു. വിശ്വാസം കൂടാതെ മനുഷ്യർ പ്രാർഥിക്കുന്ന കാര്യം സങ്കൽപ്പിക്കാൻ വയ്യ. അപ്പോൾ വിശ്വാസം കൂടാതെ യേശു പ്രാർഥിച്ചുവെന്ന് എങ്ങനെ സങ്കൽപ്പിക്കാൻ കഴിയും?”
മരിക്കുന്നതിനു തൊട്ടു മുമ്പു ദണ്ഡനസ്തംഭത്തിൽ തൂങ്ങിക്കിടക്കവേ, ദാവീദിന്റെ ഒരു സങ്കീർത്തനം ഉദ്ധരിച്ചുകൊണ്ട് യേശു ഉച്ചത്തിൽ നിലവിളിച്ചു. പിന്നെ, ഉറക്കെ അവൻ വിശ്വാസത്തോടെ അവസാന യാചന നടത്തി: ‘പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏൽപ്പിക്കുന്നു.’ (ലൂക്കൊസ് 23:46; മത്തായി 27:46) യേശു ‘തന്റെ ജീവനെ’ പിതാവിന് ‘ഏൽപ്പിച്ചുകൊടുത്തു’ എന്നാണ് പല മതഭേദങ്ങളുടെ സഹകരണത്തിലുണ്ടാക്കിയ ഒരു ഇററാലിയൻ പരിഭാഷയായ പാരോള ഡെൽ സീന്യോറെ പറയുന്നത്.
സ്സാക്ക് ഗില്ലെററ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഇസ്രായേലിന്റെ സങ്കീർത്തനങ്ങൾ ഉദ്ധരിച്ചുകൊണ്ട് തന്റെ പിതാവിനോട് ഉച്ചത്തിൽ നിലവിളിക്കുന്ന ക്രൂശിതനായ ക്രിസ്തുവിനെ നമുക്കു കാണിച്ചുതന്നുകൊണ്ട്, ആ നിലവിളി, ഏകജാത പുത്രന്റെ ആ നിലവിളി, കടുത്ത വ്യാകുലതയുടെ നിലവിളി, സമ്പൂർണമായ ആത്മവിശ്വാസത്തിന്റെ നിലവിളി വിശ്വാസത്തിന്റേതായ നിലവിളിയും വിശ്വാസത്തോടുകൂടിയുള്ള മരണത്തിന്റേതായ നിലവിളിയുമാണെന്നു സുവിശേഷ എഴുത്തുകാർ നമ്മെ ബോധ്യപ്പെടുത്തുന്നു.”
വിശ്വാസത്തിന്റെ വ്യക്തവും ശ്രദ്ധേയവുമായ ഈ തെളിവിനെ അഭിമുഖീകരിക്കുന്ന ചില ദൈവശാസ്ത്രജ്ഞൻമാർ വിശ്വാസവും “ആത്മവിശ്വാസവും” തമ്മിൽ വേർതിരിക്കാൻ ഒരു ശ്രമം നടത്തുന്നു. എന്നാൽ, അത്തരമൊരു വ്യത്യാസത്തിനു തിരുവെഴുത്തുകളുമായി യാതൊരു ബന്ധവുമില്ല.
യേശു സഹിച്ച കഠിന പീഡാനുഭവങ്ങൾ അവന്റെ വിശ്വാസത്തെ സംബന്ധിച്ചു കൃത്യമായി എന്താണു വെളിപ്പെടുത്തുന്നത്?
‘നമ്മുടെ വിശ്വാസത്തെ പൂർണമാക്കുന്നവൻ’ പരിപൂർണനാക്കപ്പെട്ടു
എബ്രായർക്കുള്ള ലേഖനത്തിന്റെ 11-ാമത്തെ അധ്യായത്തിൽ അപ്പോസ്തലനായ പൗലോസ് ക്രിസ്തീയ കാലഘട്ടത്തിനുമുമ്പുള്ള വിശ്വസ്തരായ സ്ത്രീപുരുഷൻമാരുടെ വലിയ സമൂഹത്തെ പരാമർശിക്കുന്നു. വിശ്വാസത്തിന്റെ ഏററവും വലിയതും പൂർണതയുള്ളതുമായ മാതൃകയിലേക്കു വിരൽചൂണ്ടിക്കൊണ്ട് അദ്ദേഹം ഇങ്ങനെ ഉപസംഹരിക്കുന്നു: “നമ്മുടെ വിശ്വാസത്തിന്റെ മുഖ്യകാര്യസ്ഥനും അതിനെ പൂർണമാക്കുന്നവനുമായ യേശുവിങ്കലേക്കു നാം നോക്കുന്നു. എന്തുകൊണ്ടെന്നാൽ തന്റെ മുമ്പാകെ വെക്കപ്പെട്ടിരുന്ന സന്തോഷത്തിനുവേണ്ടി അവൻ അപമാനം കാര്യമാക്കാതെ ദണ്ഡനസ്തംഭം ക്ഷമയോടെ സഹിച്ചു. . . . മനോധൈര്യം അസ്തമിച്ച് നിങ്ങൾ തളർന്നുപോകാതിരിക്കേണ്ടതിനു, തങ്ങളുടെ സ്വന്ത താത്പര്യങ്ങൾക്കെതിരെ എതിർത്തു സംസാരിച്ച പാപികളിൽനിന്ന് അവൻ എത്രമാത്രം സഹിച്ചെന്നു സൂക്ഷ്മമായി പരിചിന്തിക്കുവിൻ.”—എബ്രായർ 12:1-3, NW.
ഈ വാക്യം പറയുന്നതു “യേശുവിന്റെ വ്യക്തിപരമായ വിശ്വാസത്തെ”ക്കുറിച്ചല്ല, പകരം “വിശ്വാസത്തിന്റെ കാരണഭൂതനോ സ്ഥാപകനോ” എന്നനിലയിലുള്ള അവന്റെ പങ്കിനെക്കുറിച്ചാണെന്നാണു മിക്ക ദൈവശാസ്ത്രജ്ഞൻമാരുടെയും അഭിപ്രായം. ഈ വാക്യത്തിൽ പ്രത്യക്ഷപ്പെടുന്ന ടെലീയോററസ് എന്ന ഗ്രീക്കു പദം എന്തെങ്കിലും പൂർണമാക്കുന്ന, സാക്ഷാത്കരിക്കുന്ന, അല്ലെങ്കിൽ പൂർത്തിവരുത്തുന്ന ഒരുവനെ പരാമർശിക്കുന്നു. “പൂർണമാക്കുന്നവൻ” എന്നനിലയിൽ യേശു വിശ്വാസം പൂർണമാക്കി, അതായത് ഭൂമിയിലേക്കുള്ള തന്റെ വരവു ബൈബിൾ പ്രവചനങ്ങൾ നിവർത്തിക്കുകയും അങ്ങനെ വിശ്വാസത്തിനു കൂടുതൽ കെൽപ്പുള്ള അടിത്തറ പാകുകയും ചെയ്തുവെന്ന അർഥത്തിൽ അവൻ അതു പൂർണമാക്കി. എന്നാൽ അവനു വിശ്വാസമുണ്ടായിരുന്നില്ലെന്നാണോ ഇതിന്റെ അർഥം?
15-ാം പേജിലെ ചതുരത്തിൽ കാണുന്ന, എബ്രായർക്ക് എഴുതിയ ലേഖനത്തിൽനിന്നുള്ള വാക്യങ്ങൾ ഇക്കാര്യത്തിൽ ഒരു സംശയവും അവശേഷിപ്പിക്കുന്നില്ല. തന്റെ കഷ്ടാനുഭവങ്ങളിലൂടെയും അനുസരണത്തിലൂടെയും യേശു പൂർണത നേടി. അപ്പോൾതന്നെ ഒരു പൂർണ മനുഷ്യനായിരുന്നെങ്കിലും, സത്യക്രിസ്ത്യാനികളുടെ രക്ഷയ്ക്കുവേണ്ടിയുള്ള മഹാപുരോഹിതനെന്ന നിലയിൽ സമ്പൂർണ യോഗ്യതയുള്ളവൻ ആയിത്തീരുന്നതിനുവേണ്ടി അവന്റെ അനുഭവങ്ങൾ അവനെ എല്ലാ സംഗതികളിലും, വിശ്വാസത്തിൽപ്പോലും പരിപൂർണനും തികവുള്ളവനുമാക്കി. അവൻ തന്റെ പിതാവിനോടു “കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ” യാചന കഴിച്ചു, അവൻ ദൈവത്തോടു ‘വിശ്വസ്തനായിരുന്നു,’ അവനു “ദൈവഭയ”മുണ്ടായിരുന്നു. (എബ്രായർ 3:1, 2; 5:7-9, പി.ഒ.സി. ബൈ.) അവൻ “സർവ്വത്തിലും” കൃത്യമായും “നമുക്കു തുല്യമായി” ‘പരീക്ഷിക്കപ്പെട്ടു’ എന്ന് എബ്രായർ 4:15 പറയുന്നു. അതായത്, വിശ്വാസം ഹേതുവായി “വിവിധപരീക്ഷകളിൽ” അകപ്പെട്ട ഏതൊരു വിശ്വസ്ത ക്രിസ്ത്യാനിയെയുംപോലെതന്നെ. (യാക്കോബ് 1:2, 3) തന്റെ അനുഗാമികൾ അവരുടെ വിശ്വാസത്തിൽ പരീക്ഷിക്കപ്പെട്ടതുപോലെതന്നെ താനും പരീക്ഷിക്കപ്പെടാതെ അവർക്കു “തുല്യമായി” യേശു പരീക്ഷിക്കപ്പെട്ടു എന്നു വിശ്വസിക്കുന്നതു ന്യായയുക്തമാണോ?
യാചനകൾ, അനുസരണം, കഷ്ടാനുഭവങ്ങൾ, പരിശോധനകൾ, വിശ്വസ്തത, ദൈവഭയം എന്നിവ യേശുവിന്റെ സമ്പൂർണ വിശ്വാസം സംബന്ധിച്ച തെളിവുകളാണ്. തന്റെതന്നെ വിശ്വാസത്തിൽ പൂർണനാക്കപ്പെട്ടതിനുശേഷം മാത്രമാണ് അവൻ ‘നമ്മുടെ വിശ്വാസത്തെ പൂർണമാക്കുന്നവ’നായിത്തീർന്നതെന്ന് അവ സൂചിപ്പിക്കുന്നു. വ്യക്തമായും, ത്രിത്വോപദേശം തറപ്പിച്ചു പറയുന്നതുപോലെ, അവൻ പുത്രനായ ദൈവമായിരുന്നില്ല.—1 യോഹന്നാൻ 5:5.
അവൻ ദൈവവചനം വിശ്വസിച്ചില്ലേ?
ത്രിത്വോപദേശത്തിന്റെ കുരുക്കിലായിപ്പോയ ദൈവശാസ്ത്രജ്ഞൻമാർക്ക് അങ്ങേയററത്തെ ഒരു നിലപാടിൽ ഉറച്ചുനിൽക്കാനേ നിർവാഹമുള്ളൂ. അങ്ങനെ യേശുവിനു “ദൈവവചനവും അതിലെ സന്ദേശവും വിശ്വസിക്കാൻ കഴിയില്ല,” കാരണം “ദൈവത്തിന്റെ വചനംതന്നെ എന്നനിലയിൽ അവന് ആ വചനം പ്രഘോഷിക്കാനേ കഴിയൂ” എന്ന് അവർ വാദിക്കുന്നു.—ആഞ്ചെയ്ലോ അമറേറായുടെ സ്സേസൂ ഈൽ സീനിയോരെ എന്ന പുസ്തകത്തിൽനിന്ന്, സഭയുടെ പ്രസിദ്ധീകരണാനുവാദമുള്ളത്.
എന്നിരുന്നാലും, യേശു തുടരെത്തുടരെ തിരുവെഴുത്തുകൾ പരാമർശിച്ചത് വാസ്തവത്തിൽ എന്താണു പ്രകടമാക്കുന്നത്? പരീക്ഷിക്കപ്പെട്ട സമയത്ത്, യേശു മൂന്നു പ്രാവശ്യം തിരുവെഴുത്തുകൾ ഉദ്ധരിക്കുകയുണ്ടായി. യേശു ദൈവത്തെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ എന്നു സാത്താനോടു പറയുന്നതായിരുന്നു അവന്റെ മൂന്നാമത്തെ മറുപടി. (മത്തായി 4:4, 7, 10) യേശു പല സന്ദർഭങ്ങളിലും തന്നെക്കുറിച്ചുള്ള പ്രവചനങ്ങൾ പരാമർശിക്കുകയുണ്ടായി. അങ്ങനെ അവൻ അവയുടെ നിവൃത്തിയിലുള്ള വിശ്വാസം പ്രകടമാക്കി. (മർക്കൊസ് 14:21, 27; ലൂക്കൊസ് 18:31-33; 22:37; താരതമ്യം ചെയ്യുക: ലൂക്കൊസ് 9:22; 24:44-46.) തന്റെ പിതാവിനാൽ നിശ്വസ്തമാക്കപ്പെട്ട തിരുവെഴുത്തുകൾ യേശുവിന് അറിയാമായിരുന്നെന്നും അവയെ വിശ്വാസത്തോടെ പിൻപററിയെന്നും തന്റെ പീഡാനുഭവം, കഷ്ടാനുഭവങ്ങൾ, മരണം, പുനരുത്ഥാനം എന്നിവ മുൻകൂട്ടിപ്പറഞ്ഞ പ്രവചനങ്ങളുടെ നിവൃത്തിയിൽ സമ്പൂർണ വിശ്വാസമുണ്ടായിരുന്നുവെന്നും ഈ അപഗ്രഥനത്തിൽനിന്നു നാം നിഗമനം ചെയ്യണം.
യേശു, അനുകരിക്കാനുള്ള വിശ്വാസത്തിന്റെ മാതൃക
തന്റെ പിതാവിനോടുള്ള വിശ്വസ്തത നിലനിർത്തുന്നതിനും ‘ലോകത്തെ ജയിക്കുന്ന’തിനുംവേണ്ടി യേശുവിന് അന്ത്യത്തോളം വിശ്വാസത്തിന്റെ പോരാട്ടം നടത്തേണ്ടതുണ്ടായിരുന്നു. (യോഹന്നാൻ 16:33) വിശ്വാസം കൂടാതെ അത്തരം വിജയം നേടുക അസാധ്യമാണ്. (എബ്രായർ 11:6; 1 യോഹന്നാൻ 5:4) ജയംകൊണ്ട ആ വിശ്വാസം ഹേതുവായി അവൻ തന്റെ വിശ്വസ്ത അനുഗാമികൾക്ക് മാതൃകയായി. സത്യദൈവത്തിൽ അവനു തീർച്ചയായും വിശ്വാസമുണ്ടായിരുന്നു.
[അടിക്കുറിപ്പ്]
a ത്രിത്വോപദേശത്തിന്റെ അടിത്തറയില്ലായ്മ സംബന്ധിച്ചുള്ള കൂടുതൽ വിപുലമായ ചർച്ച വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രികയിൽ കാണാവുന്നതാണ്.
[15-ാം പേജിലെ ചതുരം]
“പൂർണമാക്കുന്നവ”നായ യേശു പരിപൂർണനാക്കപ്പെട്ടു
എബ്രായർ 2:10: “സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവൻ അനേകം പുത്രൻമാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
എബ്രായർ 2:17, 18: “ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരൻമാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു. താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
എബ്രായർ 3:2: “മോശെ ദൈവഭവനത്തിൽ വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
എബ്രായർ 4:15: “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
എബ്രായർ 5:7-9: “ക്രിസ്തു തന്റെ ഐഹികജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തിനിമിത്തം [“ദൈവഭയം മൂലം,” പി.ഒ.സി. ബൈ.] ഉത്തരം ലഭിക്കയും ചെയ്തു. പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.