മാനുഷദുരിതം—എന്നെങ്കിലും അവസാനിക്കുമോ?
സാരയെവോയിലെ ഒരു തിരക്കേറിയ മാർക്കററ്, ബോംബ് സ്ഫോടനത്തിനുശേഷമുള്ള ഭീകരാന്തരീക്ഷം; റുവാണ്ടയിലെ കൂട്ടക്കൊലകൾക്ക് ഇരയായവരും അംഗഭംഗം വന്നവരും; സോമാലിയായിൽ ഭക്ഷണത്തിനുവേണ്ടി മുറവിളികൂട്ടുന്ന പട്ടിണി കിടക്കുന്ന കുട്ടികൾ; ലോസാഞ്ചലസിൽ ഭൂകമ്പത്തെത്തുടർന്നു തങ്ങൾക്കുണ്ടായ നഷ്ടങ്ങൾ തിട്ടപ്പെടുത്തുന്ന ഭഗ്നാശരായ കുടുംബങ്ങൾ; ബംഗ്ലാദേശിലെ പ്രളയബാധയ്ക്കിരയായ നിസ്സഹായർ. മാനുഷദുരിതങ്ങളുടെ അത്തരം രംഗങ്ങൾ ടിവിയിലും മാസികകളിലും പത്രങ്ങളിലുമൊക്കെ നാം ദിവസേന കാണുന്നു.
മാനുഷദുരിതങ്ങളുടെ ഒരു ദുഃഖകരമായ ഫലം അവ മുഖാന്തരം ചിലയാളുകളുടെ ദൈവവിശ്വാസം നഷ്ടപ്പെടുന്നു എന്നതാണ്. ഐക്യനാടുകളിലെ ഒരു യഹൂദ സമൂഹം പ്രസിദ്ധീകരിച്ച പ്രസ്താവന പറയുന്ന പ്രകാരം “ദുഷ്ടതയുടെ അസ്തിത്വം എല്ലായ്പോഴും വിശ്വാസത്തിനുള്ള ഏററവും ഗുരുതരമായ പ്രതിബന്ധമായിരുന്നിട്ടുണ്ട്.” ഔഷ്വിററ്സ് പോലെയുള്ള നാസി തടങ്കൽപ്പാളയങ്ങളിലെ മരണങ്ങളും ഹിരോഷിമയിലെ ബോംബ് സ്ഫോടനവുമാണ് ഈ എഴുത്തുകാർ പരാമർശിക്കുന്നത്. “നിഷ്കളങ്കരായ അനേകരെ കൊന്നൊടുക്കുന്നതു നീതിമാനും ശക്തിമാനുമായ ഒരു ദൈവത്തിന് എങ്ങനെ അനുവദിക്കാനാവുമെന്ന പ്രശ്നം മതപരമായി ചിന്തിക്കുന്നവരുടെ മനസ്സാക്ഷിയെ അലട്ടുക മാത്രമല്ല, അവരുടെ സങ്കൽപ്പത്തിനു വഴങ്ങുന്നുമില്ല” എന്ന് അതിന്റെ എഴുത്തുകാർ പറയുന്നു.
സങ്കടകരമെന്നു പറയട്ടെ, ദുരന്തറിപ്പോർട്ടുകളുടെ ഒടുങ്ങാത്ത ഒഴുക്കു മാനുഷിക വികാരങ്ങളെ മരവിപ്പിച്ചുകളഞ്ഞേക്കാം. ബന്ധുമിത്രാദികൾ ഉൾപ്പെടാത്തിടത്തോളം കാലം മററുള്ളവരുടെ ദുരിതങ്ങളിൽ ആളുകൾക്കു കാര്യമായ വിഷമമൊന്നുമില്ലാതായിരിക്കുന്നു.
എന്നിരുന്നാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ കാര്യത്തിലെങ്കിലും അനുകമ്പ തോന്നാൻ നമുക്കാവുന്നുണ്ട് എന്ന വസ്തുതയിൽനിന്നു നമ്മുടെ നിർമാതാവിനെക്കുറിച്ച് ഒരു പ്രത്യേക സംഗതി നമുക്കു വെളിപ്പെടേണ്ടതാണ്. മനുഷ്യനെ സൃഷ്ടിച്ചത് ‘ദൈവത്തിന്റെ ഛായയിലും [അവന്റെ] സാദൃശപ്രകാരവു’മാണെന്നു ബൈബിൾ പറയുന്നു. (ഉൽപ്പത്തി 1:26, 27, NW) ആകൃതിയിൽ മനുഷ്യർ ദൈവത്തെപ്പോലെയാണെന്ന് ഇത് അർഥമാക്കുന്നില്ല. ഇല്ല, കാരണം, “ദൈവം ആത്മാവാകുന്നു;” “ആത്മാവിനു മാംസവും അസ്ഥികളുമില്ല” എന്നു യേശുക്രിസ്തു വിശദമാക്കുകയുണ്ടായി. (യോഹന്നാൻ 4:24; ലൂക്കോസ് 24:39, NW) ദൈവത്തിന്റെ സാദൃശ്യത്തിൽ നിർമിക്കപ്പെട്ടിരിക്കുന്നുവെന്നതു നമുക്കു ദൈവസമാന ഗുണങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവുണ്ടെന്നു സൂചിപ്പിക്കുന്നു. അതുകൊണ്ട്, സാധാരണ മനുഷ്യർക്കു ദുരിതമനുഭവിക്കുന്നവരോട് അനുകമ്പ തോന്നുന്നതുകൊണ്ട്, നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം അനുകമ്പയുള്ളവനാണെന്നും ദുരിതമനുഭവിക്കുന്ന തന്റെ മനുഷ്യസൃഷ്ടിയെക്കുറിച്ച് ആഴത്തിൽ ചിന്തയുള്ളവനാണെന്നും നാം നിഗമനം ചെയ്യണം.—താരതമ്യം ചെയ്യുക: ലൂക്കൊസ് 11:13.
ദുരിതകാരണത്തിന്റെ ഒരു ലിഖിതവിശദീകരണം മനുഷ്യവർഗത്തിനു നൽകിക്കൊണ്ടാണ് ദൈവം ഒരു വിധത്തിൽ അനുകമ്പ കാട്ടിയിരിക്കുന്നത്. ഇത് അവൻ തന്റെ വചനമായ ബൈബിളിലാണു നൽകിയിരിക്കുന്നത്. ദുരിതമനുഭവിക്കാനല്ല, ജീവിതം ആസ്വദിക്കാനാണ് ദൈവം മനുഷ്യരെ സൃഷ്ടിച്ചതെന്നു ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. (ഉല്പത്തി 2:7-9) ദൈവത്തിന്റെ നീതിനിഷ്ഠമായ ഭരണം നിരസിച്ചുകൊണ്ട് തങ്ങൾക്കായി ദുരിതം വരുത്തിവെച്ചത് ആദ്യ മനുഷ്യരായിരുന്നുവെന്നും അതു വെളിപ്പെടുത്തുന്നു.—ആവർത്തനപുസ്തകം 32:4, 5; റോമർ 5:12.
എന്നിട്ടും, ദൈവത്തിനു ദുരിതമനുഭവിക്കുന്ന മനുഷ്യവർഗത്തോട് ഇപ്പോഴും അനുകമ്പയുണ്ട്. ഇതു മനുഷ്യദുരിതങ്ങൾക്ക് അറുതിവരുത്തുമെന്ന അവന്റെ വാഗ്ദാനത്തിൽ വ്യക്തമായും പ്രകടമാകുന്നുണ്ട്. “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3, 4; ഇവകൂടെ കാണുക: യെശയ്യാവു 25:8; 65:17-25; റോമർ 8:19-21.
മാനുഷദുരിതങ്ങളെക്കുറിച്ചു ദൈവം നല്ലവണ്ണം ബോധവാനാണെന്നും അവയ്ക്ക് അറുതി വരുത്തുവാൻ അവൻ ദൃഢചിത്തനാണെന്നും ഈ മഹത്തായ വാഗ്ദാനങ്ങൾ തെളിയിക്കുന്നു. എന്നാൽ ദുരിതങ്ങൾക്കു തുടക്കംകുറിക്കാനുള്ള കാരണംതന്നെ കൃത്യമായും എന്തായിരുന്നു, നമ്മുടെ നാളുകൾവരെയും അതു തുടരാൻ ദൈവം അനുവദിച്ചതെന്തുകൊണ്ട്?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Cover and page 32: Alexandra Boulat/Sipa Press
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Kevin Frayer/Sipa Press