നിർമലത പാലിച്ചു ജീവിക്കുക!
“ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക” എന്ന വാക്കുകളോടെ ഇയ്യോബിനുനേരേ തിരിഞ്ഞ അദ്ദേഹത്തിന്റെ ഭാര്യയെ ചിത്രീകരിക്കുന്നതാണു ഞങ്ങളുടെ മാസികയുടെ മുഖചിത്രം. ഏതാണ്ട് 3,600 സംവത്സരങ്ങൾക്കു മുമ്പായിരുന്നു ആ സംഭവം. എന്നുവരികിലും, മനുഷ്യവർഗത്തെ ഇന്നോളം അഭിമുഖീകരിക്കുന്ന ഒരു വിവാദവിഷയത്തെ വിളിച്ചറിയിക്കുന്നതാണു ദൈവത്തിന്റെ വിശ്വസ്തദാസന്റെ നേർക്കു വാക്കുകൾകൊണ്ടു നടത്തിയ ആ ആക്രമണം. വിശ്വസ്തനായ ഇയ്യോബിനു ഭയങ്കര നഷ്ടങ്ങൾ നേരിട്ടിരുന്നു—അവന്റെ കന്നുകാലികൾ, വീട്, പത്തു മക്കൾ. അവന്റെ ശരീരമാണെങ്കിലോ, ഒരു മാറാരോഗത്താൽ അങ്ങേയററം പീഡിപ്പിക്കപ്പെടുകയുമായിരുന്നു. കാരണം? കഠിനമായി പരീക്ഷിക്കപ്പെടുമ്പോൾ ഒരു മനുഷ്യനും ദൈവത്തോടുള്ള നിർമലത മുറുകെ പിടിക്കാനാവില്ലെന്ന വെല്ലുവിളി തെളിയിക്കാൻ ശ്രമിക്കുകയായിരുന്നു ദൈവത്തിന്റെയും മനുഷ്യരുടെയും മുഖ്യപ്രതിയോഗിയായ, പിശാചായ സാത്താൻ.—ഇയ്യോബ് 1:11, 12; 2:4, 5, 9, 10.
ഇയ്യോബിന്റെ നാളുകളിലെപ്പോലെ, ഇന്നും “സർവ്വലോകവും” പിശാചായ സാത്താൻ എന്ന “ദുഷ്ടന്റെ അധീനതയിൽ കിടക്കു”കയാണ്. (1 യോഹന്നാൻ 5:19) തീർച്ചയായും, ഇന്ന് അതു കൂടുതൽ ശരിയാണ്, എന്തെന്നാൽ “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും” എന്നു വിളിക്കപ്പെടുന്നവൻ സ്വർഗത്തിൽനിന്നു ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടിരിക്കുകയാണ്. (വെളിപ്പാടു 12:9) നമ്മുടെ നാളുകളിൽ മനുഷ്യവർഗത്തെ വല്ലാതെ ക്ലേശിപ്പിക്കുന്ന കടുത്ത കഷ്ടങ്ങൾക്കുള്ള കാരണം ഇതാണ്. 1914-ൽ പൊട്ടിപ്പുറപ്പെട്ട ഒന്നാംലോക മഹായുദ്ധം ‘ഈററുനോവിന്റെ ആരംഭം’ കുറിച്ചു. അത് 20-ാം നൂററാണ്ടിന്റെ അവസാനത്തോളം തുടരുകയും ചെയ്തിരിക്കുന്നു.—മത്തായി 24:7, 8.
ദുഷ്ടവും അധമവുമായ ഈ ലോകത്ത്, മനുഷ്യനു സഹിക്കാവുന്നതിന്റെ പരമാവധി എത്തിയിരിക്കുന്നു എന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നാറുണ്ടോ? ‘ജീവിതത്തിന് എന്തെങ്കിലും അർഥമുണ്ടോ’ എന്നു നിങ്ങൾ എപ്പോഴെങ്കിലും സംശയിക്കാറുണ്ടോ? ഇയ്യോബിന് അങ്ങനെ തോന്നിയിട്ടുണ്ടാകണം. എന്നാൽ അവന് ഒരിക്കലും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ല, അവൻ തെററുകൾ ചെയ്തിട്ടുപോലും. തന്റെ ദൃഢനിശ്ചയം അവൻ ഈ വാക്കുകളിൽ പ്രകടമാക്കി: ‘മരിക്കുവോളം എന്റെ നിഷ്കളങ്കത്വം [‘നിർമലത,’ NW] ഞാൻ ഉപേക്ഷിക്കയില്ല.’ ദൈവം ‘തന്റെ പരമാർഥത [‘നിർമലത,’ NW] അറിയാനിടവരും’ എന്ന് അവന് ഉറപ്പുണ്ടായിരുന്നു.—ഇയ്യോബ് 27:5; 31:6.
ദൈവത്തിന്റെ സ്വന്തം പുത്രനായ യേശുക്രിസ്തുവിനും ഭൂമിയിലായിരുന്നപ്പോൾ പരിശോധനകൾ സഹിച്ചുനിൽക്കേണ്ടതുണ്ടായിരുന്നു. സാത്താൻ യേശുവിനെ പലവിധങ്ങളിൽ ആക്രമിച്ചു. മലയിൽവെച്ചുള്ള പരീക്ഷയിലെപ്പോലെ, അവൻ യേശുവിന്റെ ഭൗതിക ആവശ്യങ്ങളെ മുതലെടുത്തുകൊണ്ട് ദൈവവചനത്തിലുള്ള അവന്റെ ആശ്രയത്തെ പരിശോധനാവിധേയമാക്കി. (മത്തായി 4:1-11) യേശുവിനെ പീഡിപ്പിക്കാനും ദൈവദൂഷണക്കുററം ചുമത്താനും വധിക്കാൻ ഗൂഢാലോചന ചെയ്യാനുംവേണ്ടി സാത്താൻ വിശ്വാസത്യാഗികളായ ശാസ്ത്രിമാരെയും പരീശൻമാരെയും അവരാൽ കബളിപ്പിക്കപ്പെട്ടവരെയും ഉപയോഗിച്ചുകൊണ്ട് അവനെ ഉപദ്രവിച്ചു. (ലൂക്കൊസ് 5:21; യോഹന്നാൻ 5:16-18; 10:36-39; 11:57) ഇയ്യോബിനോടു മൂന്നു വ്യാജ ആശ്വാസകർ ചെയ്തതിനെക്കാളും വളരെ വഷളായ കാര്യങ്ങൾ അവർ യേശുവിനോടു ചെയ്തു.—ഇയ്യോബ് 16:2; 19:1, 2.
ഗെത്ശെമന തോട്ടത്തിൽവെച്ച്, യേശു തന്റെ പരിശോധനകളുടെ പാരമ്യത്തിലേക്ക് അടുത്തുകൊണ്ടിരുന്ന നേരത്ത് ശിഷ്യൻമാരോട് ഇങ്ങനെ പറഞ്ഞു: “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു.” പിന്നെ “അവൻ അല്പം മുമ്പോട്ടു ചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.” അവസാനം, ദണ്ഡനസ്തംഭത്തിലായിരിക്കുമ്പോൾ യേശു “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്ന് ഉറക്കെ നിലവിളിച്ചു. അങ്ങനെ സങ്കീർത്തനം 22:1-ലെ പ്രാവചനിക വാക്കുകൾക്കും നിവൃത്തി വന്നു. എന്നാൽ ആത്യന്തികമായി ദൈവം യേശുവിനെ കൈവിട്ടില്ല. കാരണം, സകല സത്യക്രിസ്ത്യാനികൾക്കും പിന്തുടരാൻ ഒരു മാതൃക വെച്ചുകൊണ്ട് യേശു ദൈവത്തോടു പൂർണമായ നിർമലത കാത്തു. യേശുവിനെ ഉയിർപ്പിച്ചുകൊണ്ടും അത്യുന്നത സ്വർഗത്തിലേക്ക് അവനെ ഉയർത്തിക്കൊണ്ടും യഹോവ അവന്റെ നിർമലതാപാലനത്തിനു പ്രതിസമ്മാനം കൊടുത്തു. (മത്തായി 26:38, 39; 27:46; പ്രവൃത്തികൾ 2:32-36; 5:30; 1 പത്രൊസ് 2:21) അതുപോലെ തന്നോടു നിർമലത പാലിക്കുന്ന മററ് എല്ലാവർക്കും ദൈവം പ്രതിഫലം നൽകും.
യേശുവിന്റെ നിർമലത സാത്താന്റെ വെല്ലുവിളിക്ക് ഒരു സമ്പൂർണ ഉത്തരം കൊടുത്തുവെന്നു മാത്രമല്ല, അവന്റെ പൂർണതയുള്ള മനുഷ്യജീവന്റെ ബലി മറുവിലയും പ്രദാനം ചെയ്തു. ഈ മറുവിലയുടെ അടിസ്ഥാനത്തിൽ നിർമലതാപാലകരായ മനുഷ്യർക്കു നിത്യജീവൻ ലഭിക്കാനുള്ള സാധ്യതയും തെളിഞ്ഞു. (മത്തായി 20:28) യേശു ആദ്യം അഭിഷിക്തരായ ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തെ കൂട്ടിവരുത്തുന്നു. ഇവരാണു സ്വർഗരാജ്യത്തിൽ അവനോടൊപ്പം സഹഭരണാധിപൻമാർ ആയിത്തീരുന്നവർ. (ലൂക്കൊസ് 12:32) ഇതിനുശേഷം, “മഹാകഷ്ട”ത്തെ അതിജീവിക്കാനുള്ള “മഹാപുരുഷാര”ത്തെ കൂട്ടിവരുത്തുന്നു. ഇവരാണു ദൈവരാജ്യത്തിന്റെ ഭൗമികമേഖലയിൽ നിത്യജീവൻ അവകാശമാക്കാനുള്ളവർ.—വെളിപ്പാടു 7:9, 14-17.
സമാധാനം കളിയാടുന്ന “പുതിയ ഭൂമി”സമൂഹത്തിന്റെ ഭാഗമായിത്തീരാൻ അന്നു പുനരുത്ഥാനം പ്രാപിച്ചുവരുന്ന, കോടിക്കണക്കിനു മരിച്ചവരുടെ കൂട്ടത്തിൽ നിർമലതാപാലകനായ ഇയ്യോബും ഉണ്ടായിരിക്കും. (2 പത്രൊസ് 3:13; യോഹന്നാൻ 5:28, 29) ഈ മാസികയുടെ അവസാന പേജിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ, നിർമലതയ്ക്ക് ഇയ്യോബിന്റെ ജീവിതകാലത്തുതന്നെ പ്രതിഫലം ലഭിക്കുകയുണ്ടായി. യഹോവ “ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു.” ‘അധരങ്ങളാൽ പാപം ചെയ്യാഞ്ഞവൻ’ എന്നനിലയിൽ അവൻ ആത്മീയ ശക്തി നേടിയിട്ടുണ്ടായിരുന്നു. ദൈവം അവന്റെ ആയുസ്സ് 140 വർഷംകൂടി നീട്ടിക്കൊടുത്തു. ഭൗതികമായി, അവനു മുമ്പുണ്ടായിരുന്നതിന്റെയെല്ലാം ഇരട്ടി കൊടുത്തു. പിന്നെ ഇയ്യോബിന് “ഏഴു പുത്രൻമാരും മൂന്നു പുത്രിമാരും ഉണ്ടായി.” ഇയ്യോബിന്റെ പെൺമക്കൾ ആ രാജ്യത്തെ ഏററവും സുന്ദരികളായി വീക്ഷിക്കപ്പെട്ടു. (ഇയ്യോബ് 2:10; 42:12-17) എന്നാൽ ഈ സമ്പൽസമൃദ്ധിയെല്ലാം നിർമലതാപാലകർ “പുതിയ ഭൂമി”യായ പറുദീസയിൽ ആസ്വദിക്കാനിരിക്കുന്ന അനുഗ്രഹങ്ങളുടെ ഒരു സാമ്പിൾ മാത്രമേ ആകുന്നുള്ളൂ. അടുത്ത പേജുകളിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, ആ സന്തുഷ്ടിയിൽ നിങ്ങൾക്കും പങ്കുകൊള്ളാനാവും!
[4-ാം പേജിലെ ചിത്രം]
യേശു നിർമലതാപാലകൻ എന്നനിലയിൽ പൂർണതയുള്ള മാതൃക വെച്ചു