പങ്കിടാനുള്ള വിലതീരാത്ത ഒരു നിധി
ഗ്ലോറിയ മലസ്പീന പറഞ്ഞപ്രകാരം
സിസലിയുടെ കടലോരം കണ്ണിൽനിന്നു മറഞ്ഞപ്പോൾ ഭർത്താവും ഞാനും ഞങ്ങളുടെ ഉദ്ദിഷ്ടസ്ഥലമായ മെഡിറററേനിയൻ ദ്വീപിലെ മാൾട്ടയുടെ നേരെ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്തോരു കോരിത്തരിപ്പിക്കുന്ന പ്രത്യാശ! കപ്പൽ കടൽ കുറുകെ കടന്നപ്പോൾ അപ്പോസ്തലനായ പൗലോസിന് ഒന്നാം നൂററാണ്ടിൽ മാൾട്ടയിൽവച്ചുണ്ടായ അനുഭവത്തെക്കുറിച്ചു ഞങ്ങൾ ചിന്തിച്ചു.—പ്രവൃത്തികൾ 28:1-10.
വർഷം 1953. യഹോവയുടെ സാക്ഷികളുടെ പ്രസംഗവേല അന്നു മാൾട്ടയിൽ നിയമപരമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിന്റെ തലേ വർഷം ഞങ്ങൾ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്നു ബിരുദം നേടുകയും ഞങ്ങൾക്ക് ഇററലിയിലേക്കു നിയമനം ലഭിക്കുകയും ചെയ്തു. കുറച്ചുനാൾ ഇററാലിയൻ പഠിച്ചശേഷം, മാൾട്ടയിൽ ഞങ്ങളെ എന്തു കാത്തിരിക്കുന്നു എന്നു കാണാൻ ഞങ്ങൾ ഉത്സുകരായിരുന്നു.
ഒരു യുവതിയായിരുന്ന ഞാൻ എങ്ങനെ വിദേശ മിഷനറിയായിത്തീർന്നു എന്നു നിങ്ങൾക്കറിയണോ? ഞാൻ വിശദീകരിക്കാം.
അമ്മയുടെ പ്രചോദനാത്മകമായ മാതൃക
ഞങ്ങളുടെ കുടുംബം 1926-ൽ കാനഡയിലെ ഒൻറാറിയോയിലുള്ള ഫോർട്ട് ഫ്രാൻസസിൽ താമസിക്കുന്ന സമയം. എന്റെ അമ്മ ഒരു ബൈബിൾ വിദ്യാർഥിയിൽനിന്ന് (യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കുകയില്ല എന്ന ശീർഷകത്തിലുള്ള ചെറുപുസ്തകം സ്വീകരിച്ചു. അതീവ താത്പര്യത്തോടെ അവർ അതു വായിക്കുകയും അതേ ആഴ്ചയിൽത്തന്നെ വീക്ഷാഗോപുരം മാസിക ഉപയോഗിച്ചുള്ള ഒരു സമൂഹ ബൈബിളധ്യയനത്തിനു ഹാജരാകുകയും ചെയ്തു. അമ്മ ഉത്സാഹമുള്ള ഒരു ബൈബിൾ വായനക്കാരിയായിരുന്നു. താൻ തേടിക്കൊണ്ടിരുന്ന നിധിയായി ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം അവർ കൈക്കൊണ്ടു. (മത്തായി 6:33; 13:44) പിതാവിൽനിന്നുള്ള ശക്തമായ എതിർപ്പൊന്നും ഗണ്യമാക്കിയില്ലെന്നുമാത്രമല്ല പരിപാലിക്കേണ്ടതായ മൂന്നു കുട്ടികൾ ഉണ്ടായിരുന്നിട്ടും പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങളിൽ അവർ ഉറച്ചുനിന്നു.
തുടർന്നുവന്ന 20 വർഷത്തെ അമ്മയുടെ അചഞ്ചലമായ വിശ്വാസം എന്നെയും എന്റെ മൂത്ത രണ്ടു സഹോദരിമാരായ തെൽമയെയും വയോളയെയും നീതിയുള്ള പുതിയ ലോകം കൊണ്ടുവരുന്ന നിത്യജീവന്റെ പ്രത്യാശയെക്കുറിച്ചു ബോധമുള്ളവരാക്കി. (2 പത്രൊസ് 3:13) അവർ ദുഷ്കരമായ അനേകം എതിർപ്പുകളെ നേരിടേണ്ടിവന്നു. എന്നാൽ അവർ തിരഞ്ഞെടുത്ത ജീവിതരീതിയിൽ ഞങ്ങൾക്ക് ഒരിക്കലും സംശയമുണ്ടായിരുന്നില്ല.
1931-ൽ എനിക്കു വെറും 10 വയസ്സുള്ളപ്പോൾ ഞങ്ങൾ യു.എസ്.എ.യിലെ ഉത്തര മിന്നസോത്തയിലുള്ള ഒരു കൃഷിയിടത്തിലേക്കു താമസം മാററി. അവിടെ ഞങ്ങൾ യഹോവയുടെ സാക്ഷികളോടൊപ്പമുള്ള ക്രമമായ സഹവാസത്തിൽനിന്നു വിച്ഛേദിക്കപ്പെടുകയുണ്ടായി. എന്നാൽ അമ്മയിൽനിന്നുള്ള ബൈബിൾ പ്രബോധനത്തിനു മുടക്കമുണ്ടായില്ല. ഒരു കോൽപോർട്ടർ അഥവാ മുഴുസമയ ശുശ്രൂഷക എന്നനിലയിലുള്ള അമ്മയുടെ അർപ്പിത സേവനം ആ വേലയിൽ അമ്മയോടൊപ്പം ചേരുന്നതിന് എനിക്കു പ്രചോദനമേകി. 1938-ൽ മിന്നസോത്തയിൽ നടന്ന സമ്മേളനത്തിൽ എന്റെ രണ്ടു സഹോദരിമാരും ഞാനും യഹോവക്കുള്ള ഞങ്ങളുടെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
1938-ൽ ഞാൻ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം ഒരു പയനിയർ (കോൽപോട്ടറിന്റെ പുതിയ പേര്) എന്നനിലയിൽ എനിക്കു പിന്തുണ നൽകാൻ സഹായകമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടാൻ അമ്മ എന്നെ പ്രോത്സാഹിപ്പിച്ചു. പിതാവു ഞങ്ങളെ ഉപേക്ഷിച്ച് സ്വന്തം വഴിക്കുപോയ സ്ഥിതിക്ക് ഇതു പ്രത്യേകിച്ചും ഒരു നല്ല ഉപദേശമാണെന്നു തെളിഞ്ഞു.
ഞങ്ങളുടെ നിധി മുഴുസമയം പങ്കിടുന്നു
ക്രമേണ, ഞാൻ കാലിഫോർണിയയിലേക്കു താമസം മാററുകയും 1947-ൽ സാൻ ഫ്രാൻസിസ്കോയിൽ പയനിയർ വേല തുടങ്ങുകയും ചെയ്തു. ലോസാഞ്ചലസിൽ, “സകല ദേശങ്ങളുടെയും വ്യാപന” സമ്മേളനത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കവേ ഞാൻ ഫ്രാൻസസ് മലസ്പീനയെ കണ്ടുമുട്ടി. ഞങ്ങൾക്കിരുവർക്കും ഒരേ ലക്ഷ്യമായിരുന്നു, മിഷനറി വേല. അത് ഒരു സ്നേഹപുരസ്സരമായ ബന്ധത്തിലേക്കു ഞങ്ങളെ നയിച്ചു. 1949-ൽ ഞങ്ങൾ വിവാഹിതരായി.
1951, സെപ്ററംബറിൽ ഫ്രാൻസസിനെയും എന്നെയും 18-ാമതു ഗിലെയാദ് ക്ലാസ്സിലേക്കു ക്ഷണിക്കുകയുണ്ടായി. അഞ്ചുമാസത്തെ തീവ്ര പരിശീലനത്തിനുശേഷം 1952-ൽ ബിരുദദാന ദിനമായ ഫെബ്രുവരി 10-ന് സ്കൂളിന്റെ പ്രസിഡണ്ടായ നേഥൻ എച്ച്. നോർ ഞങ്ങളെ അയക്കാനിരുന്ന രാജ്യങ്ങളുടെ പേര് അക്ഷരമാലാക്രമത്തിൽ വിളിച്ചു പറഞ്ഞു. “ഇററലി, മലസ്പീനാ സഹോദരനും സഹോദരിയും” എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞങ്ങൾ അങ്ങോട്ടുള്ള യാത്ര മനസ്സിൽ കാണുകയായിരുന്നു!
ഏതാനും ആഴ്ചകൾക്കുശേഷം ഇററലിയിലെ ജെനോവയിലേക്കുള്ള ദശദിന യാത്രക്കുവേണ്ടി ഞങ്ങൾ ന്യൂയോർക്കിൽനിന്നും കപ്പൽ കയറി. ബ്രുക്ക്ളിൻ ഹെഡ്ക്വാർട്ടേഴ്സിൽ വേലചെയ്യുന്ന ജ്യോവാന്നി ഡെഷെക്കയും മാക്സ് ലാർസനും ഞങ്ങളെ യാത്രയയ്ക്കാൻ കപ്പൽത്തുറയിൽ ഉണ്ടായിരുന്നു. ജെനോവയിൽവച്ചു മിഷനറിമാർ ഞങ്ങൾക്കു സ്വാഗതമരുളി. ആ രാജ്യത്തിൽ പ്രവേശിക്കുന്നതു സംബന്ധിച്ചുള്ള നൂലാമാലകളെക്കുറിച്ച് അവർ സുപരിചിതരായിരുന്നു.
ചുററുപാടുമുള്ള എല്ലാററിലും ആവേശഭരിതരായി ഞങ്ങൾ ബളോണയ്ക്കു ട്രെയിൻ കയറി. അവിടെ എത്തിച്ചേർന്നപ്പോൾ ഞങ്ങൾ കണ്ടത് രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി അപ്പോഴും അലങ്കോലപ്പെട്ടുകിടക്കുന്ന ഒരു പട്ടണമായിരുന്നു. എന്നാൽ പ്രഭാത വായുവിൽ നിറഞ്ഞുനിന്ന വറുത്ത കാപ്പിയുടെ നറുമണം, ഭിന്നതരത്തിലുള്ള നിരവധി പസ്ത ഉണ്ടാക്കാനുപയോഗിക്കുന്ന മേൽത്തരം സോസുകളുടെ മസാലയുടെ മണം എന്നിങ്ങനെ ആസ്വാദ്യമായ സംഗതികളും അവിടെ ഉണ്ടായിരുന്നു.
ഒരു ലക്ഷ്യം നിവർത്തിക്കൽ
കാണാപ്പാഠം പഠിച്ച ഒരു അവതരണവുമായി ഞങ്ങൾ ശുശ്രൂഷ ആരംഭിച്ചു. ആളുകൾ അതു സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നതുവരെ ഞങ്ങൾ അതേ അവതരണം തുടർന്നു. ഉള്ളം തുറന്നു സംസാരിക്കാനുള്ള ആഗ്രഹം ശുഷ്കാന്തിയോടെ ഭാഷ പഠിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. നാലു മാസത്തിനുശേഷം നേപ്പൾസിലുള്ള ഒരു പുതിയ മിഷനറി ഭവനത്തിലേക്കു ഞങ്ങൾക്കു നിയമനം നൽകുകയുണ്ടായി.
ഭീമാകാരമായ ഈ പട്ടണം അതിന്റെ മഹനീയ ദൃശ്യങ്ങൾക്കു പേരുകേട്ടതാണ്. അവിടത്തെ സേവനം ഞങ്ങൾ ആസ്വദിച്ചു, എന്നാൽ നാലുമാസത്തിനുശേഷം എന്റെ ഭർത്താവിന് റോംമുതൽ സിസലിവരെയുള്ള സഭകൾ സന്ദർശിക്കുന്നതിനു സർക്കിട്ട് അഥവാ സഞ്ചാര സേവനത്തിനുള്ള നിയമനം ലഭിച്ചു. കാലക്രമേണ ഞങ്ങൾ മാൾട്ടയും ഉത്തരാഫ്രിക്കയിലെ ലിബിയപോലും സന്ദർശിക്കുകയുണ്ടായി.
ആ കാലങ്ങളിൽ നേപ്പൾസിൽനിന്നു സിസലിയിലേക്കുള്ള ട്രെയിൻയാത്ര ശാരീരിക സഹിഷ്ണുതയുടെ പരിശോധനയായിരുന്നു. തിങ്ങിനിറഞ്ഞ ട്രെയിനിൽ കയറി സീററുകളുടെ ഇടയ്ക്കുള്ള സ്ഥലത്ത് ചിലപ്പോഴൊക്കെ ആറുമുതൽ എട്ടുവരെ മണിക്കൂർ ഞങ്ങൾക്കു നിൽക്കേണ്ടിവരുമായിരുന്നു. എന്നിരുന്നാലും, ചുററുമുള്ളവരെ നന്നായി പഠിക്കുന്നതിന് അതു നല്ല അവസരം പ്രദാനം ചെയ്തു. ഗൃഹനിർമിത വൈൻ നിറച്ച വലിയ ഭരണി പലപ്പോഴും അതിന്റെ ഉടമസ്ഥന് ഇരിപ്പിടമായി ഉതകുമായിരുന്നു. ദീർഘയാത്രയിൽ ദാഹം തീർക്കുന്നതിന് ഉടമസ്ഥൻ ഇടയ്ക്കെല്ലാം അതിൽനിന്നു കുടിക്കുമായിരുന്നു. സൗഹാർദരായ യാത്രക്കാർ മിക്കപ്പോഴും തങ്ങളുടെ റൊട്ടിയും സലാമിയും ഞങ്ങളുമായി പങ്കിടുമായിരുന്നു. ആതിഥ്യോപചാരത്തിന്റെ ഹൃദയോഷ്മളമായ ഈ ചേഷ്ട ഞങ്ങൾ വിലമതിച്ചു.
സിസലിയിൽ ഞങ്ങൾ സഹോദരങ്ങളെ കണ്ടുമുട്ടും. മലയുടെ മുകളിലുള്ള സഭയിലേക്ക് അവർ ഞങ്ങളുടെ പെട്ടികളും ചുമന്നുകൊണ്ടു മൂന്നര മണിക്കൂർ തുടർച്ചയായുള്ള കയററം കയറും. സഹോദരങ്ങളുടെ ഊഷ്മളമായ സ്വാഗതംമൂലം ഞങ്ങൾ ക്ഷീണം മറന്നു കളയുകയായി. ചിലപ്പോഴൊക്കെ ഞങ്ങൾ അടിപതറാത്ത കോവർകഴുതയുടെ പുറത്തും സഞ്ചരിക്കുമായിരുന്നു, എന്നാൽ ഒരിക്കലും താഴെ കൊക്കയിലേക്കു നോക്കിയിട്ടില്ല—കഴുതയുടെ ഒരു ചുവടു പിഴച്ചാൽ മതിയായിരുന്നു അതിലേക്കു ഞങ്ങൾ വീഴാൻ. നമ്മുടെ സഹോദരങ്ങൾ ബുദ്ധിമുട്ടുകളുടെ മധ്യേയും ബൈബിൾ സത്യത്തിനുവേണ്ടി ഉറച്ചു നിലകൊള്ളുന്നതു ഞങ്ങളെ ബലപ്പെടുത്തി. കൂടാതെ, അവർ ഞങ്ങളോടു കാണിച്ച സ്നേഹം അവരോടൊപ്പമായിരിക്കുന്നതിൽ നന്ദിയുള്ളവരായിരിക്കാൻ ഇടയാക്കി.
മാൾട്ടയും ലിബിയയും
സിസലിയിലുള്ള സഹോദരങ്ങളെപ്പററി നിറഞ്ഞുതുളുമ്പുന്ന സ്മരണകളുമായി ഞങ്ങൾ മാൾട്ടയിലേക്കു കപ്പൽ കയറി. അപ്പോസ്തലനായ പൗലോസിനെപ്പോലെ ഞങ്ങളും ദയാപുരസ്സരായ ആളുകളെ കണ്ടെത്തി. സെൻറ് പോൾ കടലിടുക്കിലുണ്ടായ ഒരു കൊടുങ്കാററ് ഒന്നാം നൂററാണ്ടിൽ ചെറിയ കപ്പലുകൾ അഭിമുഖീകരിച്ചിട്ടുള്ള അപകടത്തെക്കുറിച്ചു തിരിച്ചറിയാൻ ഞങ്ങളെ സഹായിച്ചു. (പ്രവൃത്തികൾ 27:39–28:10) ഞങ്ങളുടെ അടുത്ത സന്ദർശനം ലിബിയ ആയിരുന്നു. നമ്മുടെ വേല നിരോധിച്ചിരുന്ന ഈ ആഫ്രിക്കൻ രാജ്യത്തു ഞങ്ങൾ എങ്ങനെ പുരോഗമിക്കുമായിരുന്നു?
ഒരിക്കൽക്കൂടി ഞങ്ങൾ തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരം അനുഭവിക്കുകയുണ്ടായി. തൂൺനിരകളുള്ള പ്രധാന വ്യാപാരകേന്ദ്രത്തിലെ തെരുവിലൂടെ നടന്നുപോകവേ ട്രിപ്പോളി നഗരത്തിലെ കൗതുകവസ്തുക്കളും ഒച്ചപ്പാടും എന്റെ ശ്രദ്ധയാകർഷിച്ചു. പകൽ സഹാറാ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ചൂടിൽനിന്നും രാത്രി തണുപ്പിൽനിന്നും തങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി പുരുഷൻമാർ ഒട്ടകരോമംകൊണ്ടു നെയ്ത വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. ജീവിക്കുന്നിടത്തെ കാലാവസ്ഥയുമായി അനുരൂപപ്പെടുന്നതിന് ആളുകൾ ഉപയോഗിക്കുന്ന വിധത്തെ വിലമതിക്കാൻ ഞങ്ങൾ പഠിച്ചു.
സഹോദരൻമാരുടെ ജാഗ്രതാപൂർവകമായ തീക്ഷ്ണത യഹോവയിൽ ശക്തമായി ആശ്രയിക്കുന്നതിനെക്കുറിച്ചും അത്തരം സാഹചര്യങ്ങളിൽ പ്രസംഗിക്കുന്നതു സംബന്ധിച്ചു കൂടുതൽ അറിവുള്ളവരുടെ നിർദേശങ്ങൾ പിൻപററുന്നതിനെക്കുറിച്ചും ഞങ്ങളെ വളരെയധികം പഠിപ്പിച്ചു. നമ്മുടെ ക്രിസ്തീയ സഹോദരൻമാർ പല ദേശങ്ങളിൽനിന്നുള്ളവരായിരുന്നെങ്കിലും യഹോവയുടെ സേവനത്തിൽ അവർ ഒത്തൊരുമയോടെ പ്രവർത്തിച്ചുപോന്നു.
ഒരു പുതിയ നിയമനം
നമ്മുടെ പ്രസംഗവേലയോടുള്ള എതിർപ്പുമൂലം ഞങ്ങൾക്ക് ഇററലി വിടേണ്ടിവന്നു. എന്നാൽ, 1957-ൽ ബ്രസീലിൽ ഒരു പുതിയ പ്രസംഗ നിയമനം ഞങ്ങൾ സസന്തോഷം സ്വീകരിച്ചു. ഫ്രാൻസസും ഞാനും അവിടത്തെ ജീവിതരീതിയും ആചാരങ്ങളുമായി പൊരുത്തപ്പെട്ടു. എട്ടു മാസത്തിനുശേഷം സർക്കിട്ട് വേലയ്ക്കുവേണ്ടി ഫ്രാൻസസ് ക്ഷണിക്കപ്പെടുകയുണ്ടായി. ഞങ്ങൾ ബസ്സിലും വിമാനത്തിലും കാൽനടയായുമെല്ലാം സഞ്ചരിച്ചു. വിശാലമായ, രമണീയമായ ഈ രാജ്യം ഭൂമിശാസ്ത്രത്തിൽനിന്നുള്ള ഒരു പാഠമെടുക്കുന്നപോലെ ഞങ്ങളുടെ മുമ്പിൽ തെളിഞ്ഞുനിന്നു.
ഞങ്ങളുടെ ആദ്യത്തെ സർക്കിട്ട് സാവൊ പൗലോ പട്ടണത്തിലെ പത്തുസഭകളും സാവൊ പൗലോ സംസ്ഥാനത്തിന്റെ ഉൾപ്രദേശത്തുള്ള പത്തുസഭകളും ദക്ഷിണ തീരപ്രദേശവും ഉൾക്കൊള്ളുന്നതായിരുന്നു. അപ്പോൾ ആ പട്ടണങ്ങളിൽ സഭകൾ ഉണ്ടായിരുന്നില്ല. താമസിക്കാൻ ഇടം കണ്ടെത്തി താമസം തുടങ്ങിയശേഷം രാജ്യസന്ദേശവുമായി ഞങ്ങൾ വീടുതോറും പോകുമായിരുന്നു. വാച്ച് ടവർ സൊസൈററിയുടെ വിദ്യാഭ്യാസ ചലച്ചിത്രങ്ങളിലൊന്നിന്റെ പ്രദർശനം കാണാൻ ആളുകളെ ക്ഷണിക്കുകയും ചെയ്തു.
ചിത്രം പ്രദർശിപ്പിക്കുന്നിടത്തേക്കു ചിത്രങ്ങളും പ്രൊജക്റററും ട്രാൻസ്ഫോർമറും ഫയലുകളും സാഹിത്യവും ക്ഷണക്കത്തുകളും മുദ്രയടിക്കുന്നതിനുള്ള ഉപകരണവുമെല്ലാമായി ബസ്സിൽ കയറുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അതുമായി തുലനം ചെയ്യുമ്പോൾ ഞങ്ങളുടെ വസ്ത്രം വെച്ചിരുന്ന ചെറിയ പെട്ടി ഒട്ടും വലുതല്ലായിരുന്നു. പരുക്കൻ റോഡുകളിലൂടെ വണ്ടിയോടുമ്പോൾ പ്രൊജക്ററർ കുലുങ്ങാതിരിക്കുന്നതിന് അതു ശ്രദ്ധാപൂർവം മടിയിൽ വയ്ക്കേണ്ടതുണ്ടായിരുന്നു.
ചിത്രം പ്രദർശിപ്പിക്കുന്നതിന് ഒരു സ്ഥലം കണ്ടെത്തിയശേഷം ഞങ്ങൾ വീടുതോറുംപോയി ചിത്രപ്രദർശനത്തിന് ആളുകളെ ക്ഷണിക്കുമായിരുന്നു. ചിലപ്പോഴെല്ലാം റെസ്റററൻറിലോ ഹോട്ടലിലോ ചിത്രം പ്രദർശിപ്പിക്കുന്നതിനു ഞങ്ങൾ അനുവാദം വാങ്ങി. മററു സമയങ്ങളിൽ തുറസ്സായ സ്ഥലത്ത് രണ്ടു കാലുകൾ നാട്ടി അതിനു മധ്യേ ഒരു കിടക്കവിരി വലിച്ചുകെട്ടുമായിരുന്നു. മുമ്പൊരിക്കലും ചലച്ചിത്രം കണ്ടിട്ടില്ലാത്ത വിലമതിപ്പുള്ള സദസ്യർ, ഫ്രാൻസസ് നിരൂപണം വായിക്കവേ എണീററുനിന്നു സശ്രദ്ധം കേൾക്കുമായിരുന്നു. അതിനുശേഷം ഞങ്ങൾ ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്യുമായിരുന്നു.
ഗ്രാമങ്ങളിൽ എത്തിച്ചേരാൻ ഞങ്ങൾ ബസ്സ് യാത്രചെയ്തു. ചില നദികൾക്കു മുകളിൽ പാലം കെട്ടിയിട്ടില്ലായിരുന്നു. തൻമൂലം ബസ്സ് വലിയ ചങ്ങാടത്തിൻമേൽ വെച്ചിട്ടു മറുകരയിലേക്ക് ഒഴുക്കുകയായിരുന്നു പതിവ്. ബസ്സിൽനിന്ന് ഇറങ്ങാനും ബസ്സ് നദിയിലേക്കു തെന്നിപ്പോകുന്നതായി കാണുന്നപക്ഷം വെള്ളത്തിൽ ആണ്ടുപോകാതിരിക്കാൻ ചങ്ങാടത്തിന്റെ മറുവശത്തേക്ക് എടുത്തു ചാടാനും ഞങ്ങളോട് ആവശ്യപ്പെടുമായിരുന്നു. ദൈവകൃപയാൽ ഒരിക്കലും ബസ്സ് വെള്ളത്തിൽ വീണ ഒരനുഭവം ഞങ്ങൾക്കുണ്ടായില്ല. പ്രത്യേകിച്ചും, മാംസംതീനികളായ പിരാനാ മത്സ്യത്തിനു പേരുകേട്ടതായിരുന്നു നദി എന്നതിന്റെ വീക്ഷണത്തിൽ ഇത് ഒരനുഗ്രഹമായിരുന്നു!
1958-ൽ ന്യൂയോർക്കിൽവെച്ചു നടന്ന സാർവദേശീയ കൺവെൻഷനിൽ പങ്കെടുത്തശേഷം ഞങ്ങൾ ബ്രസീലിലേക്കു തിരികെപ്പോയി. അവിടെ ചെന്നയുടൻതന്നെ ഞങ്ങൾ വീണ്ടും സഞ്ചാരവേലയിൽ പ്രവേശിച്ചു. ബ്രസീലിൽ ഞങ്ങളുടെ ഡിസ്ട്രിക്ററിന്റെ അതിര് തെക്ക് ഉറുഗ്വെയും പടിഞ്ഞാറ് പരഗ്വെയും വടക്ക് പെർനാമ്പൂക്കോയും കിഴക്ക് അററ്ലാൻറിക് സമുദ്രവുമായിരുന്നു.
കുഷ്ഠരോഗക്കോളനി
1960-കളുടെ മധ്യത്തിൽ ഒരു കുഷ്ഠരോഗക്കോളനിയിൽ സൊസൈററിയുടെ ചലച്ചിത്രങ്ങളിൽ ഒരെണ്ണം പ്രദർശിപ്പിക്കുന്നതിനുള്ള ക്ഷണം ഞങ്ങൾ സ്വീകരിച്ചു. ഞാൻ ഉത്കണ്ഠാകുലയായിരുന്നുവെന്നു സമ്മതിച്ചേ മതിയാകൂ. ബൈബിളിൽനിന്നു വായിച്ചിട്ടുള്ളതൊഴികെ കുഷ്ഠരോഗികളെക്കുറിച്ചു ഞങ്ങൾക്കു യാതൊരറിവുമില്ലായിരുന്നു. വെള്ളച്ചായമടിച്ച കോമ്പൗണ്ടിൽ പ്രവേശിച്ചപ്പോൾ ഒരു വലിയ ഓഡിറേറാറിയത്തിലേക്കു ഞങ്ങളെ കൊണ്ടുപോവുകയുണ്ടായി. ഞങ്ങൾക്കും ഞങ്ങളുടെ സാമഗ്രികൾക്കുംവേണ്ടി മധ്യത്തിലായി കയർകൊണ്ട് ഒരു ഭാഗം തിരിച്ചിട്ടിരുന്നു.
ഞങ്ങളെ സഹായിച്ച ഇലക്ട്രീഷ്യൻ 40 വർഷമായി ആ കോളനിയിലെ അന്തേവാസിയായിരുന്നു. കുഷ്ഠംനിമിത്തം അദ്ദേഹത്തിനു കൈപ്പത്തികളും ശരീരത്തിന്റെ മററു ചില ഭാഗങ്ങളും നഷ്ടമായി. അത് അദ്ദേഹത്തെ അത്യധികം വിരൂപനാക്കി. എനിക്ക് ആദ്യം പരിഭ്രാന്തിതോന്നി എന്നാൽ അദ്ദേഹത്തിന്റെ ഉത്സാഹത്തോടെയുള്ള പെരുമാററവും വേല ചെയ്യുന്നതിലുള്ള നിപുണതയും എന്നെ ആയാസരഹിതയാക്കി. അത്യാവശ്യ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കുന്നതിനിടയിൽ ഞങ്ങൾ പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. അവിടെ താമസിപ്പിച്ചിരുന്ന ആയിരം രോഗബാധിതരിൽ ഇരുന്നൂറിലധികംപേർ ഹാജരായി. അവർ ഞൊണ്ടിഞൊണ്ടി ഉള്ളിൽ പ്രവേശിച്ചപ്പോൾ അവർ അനുഭവിച്ചുകൊണ്ടിരുന്ന രോഗത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചു. ഞങ്ങളെ സ്പർശിച്ച എന്തോരു വൈകാരിക അനുഭവമായിരുന്നു അത്!
“കർത്താവേ, നിനക്കു വേണമെന്നുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കാൻ കഴിയും” എന്നു യാചിച്ച കുഷ്ഠരോഗിയോട് യേശു പറഞ്ഞതിനെക്കുറിച്ചു ഞങ്ങൾ ചിന്തിച്ചു. ആ മനുഷ്യനെ സ്പർശിച്ചുകൊണ്ട് യേശു പറഞ്ഞു, “എനിക്കു വേണമെന്നുണ്ട്. ശുദ്ധനാകുക.” (മത്തായി 8:2, 3, NW) പരിപാടി കഴിഞ്ഞപ്പോൾ അനേകരും ഞങ്ങൾ ചെന്നതിനു നന്ദി പറയാൻ ഞങ്ങളെ സമീപിച്ചു. മനുഷ്യവർഗമനുഭവിക്കുന്ന വലിയ ദുരിതങ്ങളുടെ സുവ്യക്തമായ സാക്ഷ്യമായിരുന്നു അവരുടെ രോഗബാധിതമായ ശരീരം. കൂടുതൽ അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചവരുമായി പ്രാദേശിക സാക്ഷികൾ പിന്നീടു ബൈബിളധ്യയനം നടത്തി.
ആരോഗ്യ സംബന്ധമായ ചില ഗുരുതരമായ പ്രശ്നങ്ങൾക്കു ശ്രദ്ധചെലുത്താൻവേണ്ടി 1967-ൽ ഞങ്ങൾ ഐക്യനാടുകളിലേക്കു തിരികെപ്പോയി. ചികിത്സയിലിരിക്കെത്തന്നെ സർക്കിട്ട് വേലയിൽ സേവിക്കുന്നതിനു ഞങ്ങൾക്കു പിന്നെയും പദവി ലഭിച്ചു. അടുത്ത 20 വർഷം ഐക്യനാടുകളിൽ സഞ്ചാരവേലയിൽ ഫ്രാൻസസിനോടൊപ്പം ഞാൻ പങ്കുചേർന്നു. ഈ സമയത്ത് അദ്ദേഹം രാജ്യശുശ്രൂഷാസ്കൂളിലും പഠിപ്പിക്കുകയുണ്ടായി.
ലഭിച്ച എന്തു നിയമനവും ഉത്തരവാദിത്വത്തോടെ ചെയ്ത ഒരു വിശ്വസ്ത സ്നേഹിതനായിരുന്ന പ്രിയ ഭർത്താവ് എന്നെ സംബന്ധിച്ചിടത്തോളം പ്രോത്സാഹനത്തിനുള്ള എന്തോരു ഉറവായിരുന്നു! ഒത്തൊരുമിച്ച് നാലു ഭൂഖണ്ഡങ്ങളുടെ ഭാഗങ്ങളിൽ ബൈബിൾ സത്യമെന്ന നിധി പങ്കിടുന്നതിനുള്ള പദവി ഞങ്ങൾക്കു ലഭിച്ചു.
നിധിയാൽ പരിപാലിക്കപ്പെട്ടു
1924-ൽ സ്നാപനമേററ വിശ്വസ്തനായ ഒരു സഹോദരനെ 1950-ൽ അമ്മ വിവാഹം ചെയ്തു. അവർ ഒരുമിച്ച് മുഴുസമയ ശുശ്രൂഷയിൽ അനേകം വർഷം ചെലവഴിച്ചു. എന്നിരുന്നാലും, അമ്മയുടെ ജീവിതത്തിന്റെ അവസാനനാളുകളിൽ അൾഷീമർ രോഗം തലപൊക്കി. ന്യായവാദം ചെയ്യാനുള്ള പ്രാപ്തി രോഗം നശിപ്പിച്ചതുകൊണ്ട് അവർക്കു കൂടുതൽ സഹായം ആവശ്യമായിരുന്നു. പിന്തുണ നൽകുന്നവരായ എന്റെ സഹോദരിമാരും ഡേവിഡും അമ്മയെ പരിപാലിക്കുന്നതിനുള്ള ഭാരിച്ച ഉത്തരവാദിത്വം ഏറെറടുത്തു. കാരണം മുഴുസമയ പ്രവർത്തനത്തിനുള്ള ഞങ്ങളുടെ പ്രത്യേക പദവികൾ ഞങ്ങൾ കൈവെടിയാൻ അവർ ആഗ്രഹിച്ചില്ല. 1987-ൽ മരിക്കുന്നതുവരെ അമ്മ നൽകിയ മാതൃക, ജീവിതഗതി എന്തായിരിക്കണമെന്നു തീരുമാനിക്കാൻ ഞങ്ങളെ വളരെയേറെ സഹായിച്ചു. കൂടാതെ, അവർ താലോലിച്ചിരുന്ന സ്വർഗീയ പ്രത്യാശയും ഞങ്ങളെ സമാശ്വസിപ്പിച്ചു.
1989-ൽ ഫ്രാൻസസ് പണ്ടത്തെപോലെ അത്ര ഊർജസ്വലനല്ലെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും സുവിദിതമായ ഒച്ചുപനി ദ്രോഹകരമായ ഫലം ചെലുത്തുകയായിരുന്നുവെന്നു ഞങ്ങൾ അറിഞ്ഞിരുന്നില്ല. 1990-ൽ അദ്ദേഹം നിർദയനായ ഈ ശത്രുവിന്റെ പിടിയിലമർന്നു. യഹോവയുടെ സേവനത്തിൽ 40 വർഷത്തിലധികം എന്നോടൊപ്പം ചെലവഴിച്ച എന്റെ പ്രിയഭാജനമായ പങ്കാളിയെ അങ്ങനെ എനിക്കു നഷ്ടപ്പെട്ടു.
പൊരുത്തപ്പെടുത്തലുകൾ ജീവിതത്തിന്റെ ഭാഗമാണ്. ചിലതു സുകരമാണ്, ചിലതു ദുഷ്കരവും. എന്നാൽ ബൈബിൾ സത്യത്തിന്റെ വിലയേറിയ നിധി നൽകിയ യഹോവ തന്റെ സ്ഥാപനം മുഖാന്തരവും എന്റെ കുടുംബാംഗങ്ങളുടെ സ്നേഹവും പ്രോത്സാഹനവും മുഖാന്തരവും എന്നെ പരിപാലിച്ചിരിക്കുന്നു. യഹോവയുടെ പരാജയമടയാത്ത വാഗ്ദത്തങ്ങളുടെ നിവൃത്തിയിലേക്കു കണ്ണുംനട്ട് ഞാൻ ഇപ്പോഴും സംതൃപ്തിയടയുന്നു.
[23-ാം പേജിലെ ചിത്രം]
ഭർത്താവും ഞാനും ഇററലിയിൽ മിഷനറിമാർ ആയിരുന്നപ്പോൾ