എന്റെ ജീവിതംകൊണ്ടു ചെയ്യാൻ കഴിയുന്ന ഏററവും മെച്ചമായ സംഗതി
ബോബ് ആൻഡേർസൻ പറഞ്ഞപ്രകാരം
“ഇത്രയും കാലം താങ്കൾ ഒരു പയനിയർ ആയി തുടർന്നത് എന്തുകൊണ്ടാണു ബോബ്?” ഏതാണ്ട് പത്തു വർഷം മുമ്പു ചില സുഹൃത്തുക്കൾ എന്നോട് അങ്ങനെ ചോദിച്ചു. പുഞ്ചിരിതൂകിക്കൊണ്ടു ഞാൻ പറഞ്ഞു: “കൊള്ളാം, പയനിയറിങ്ങിനെക്കാൾ മെച്ചമായ എന്തിനെക്കുറിച്ചെങ്കിലും നിങ്ങൾക്കു ചിന്തിക്കാനാവുമോ?”
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തൊന്നിൽ പയനിയർ സേവനത്തിൽ പ്രവേശിക്കുമ്പോൾ എനിക്ക് 23 വയസ്സുണ്ടായിരുന്നു. 87-ാം വയസ്സിൽ ഇപ്പോഴും ഞാൻ പയനിയറിങ് ചെയ്യുകയാണ്. ഇതിലും മെച്ചമായ എന്തെങ്കിലും എന്റെ ജീവിതംകൊണ്ടു ചെയ്യാനാവില്ലായിരുന്നെന്ന് എനിക്കറിയാം. എന്തുകൊണ്ടെന്നു ഞാൻ വിശദീകരിച്ചോട്ടെ.
1914-ൽ ഞങ്ങളുടെ വീട്ടിൽക്കിടന്ന് ഒരു ലഘുലേഖ കിട്ടി. അന്താരാഷ്ട്ര ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികളെ അന്ന് അങ്ങനെയാണ് വിളിച്ചിരുന്നത്—പ്രസിദ്ധീകരിച്ചതായിരുന്നു അത്. സാക്ഷി മടങ്ങിവന്നപ്പോൾ നരകാഗ്നിയെപ്പററി എന്റെ അമ്മ അദ്ദേഹത്തോടു ചികഞ്ഞു ചോദിച്ചു. ഒരു കർശന വെസ്ലിയൻ മെഥഡിസ്ററുകാരിയായിട്ടാണ് അവർ വളർന്നുവന്നത്. എന്നാൽ സ്നേഹവാനായ ദൈവം നിത്യദണ്ഡനം ഏൽപ്പിക്കുമെന്ന സിദ്ധാന്തവുമായി പൊരുത്തപ്പെട്ടുപോകാൻ അവർക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. ഈ വസ്തുത സംബന്ധിച്ച സത്യം അറിഞ്ഞ ഉടനെ അവർ ഇങ്ങനെ പറഞ്ഞു: “എന്റെ ജീവിതത്തിൽ ഇന്നുവരെ ഇത്രയും സന്തോഷം എനിക്ക് അനുഭവപ്പെട്ടിട്ടില്ല!”
അമ്മ ഉടൻതന്നെ മെഥഡിസ്ററ് സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നതു നിർത്തുകയും ബൈബിൾ വിദ്യാർഥികളുടെ ചെറിയ കൂട്ടത്തോടു ചേരുകയും ചെയ്തു. അവർ ഞങ്ങളുടെ വീടു സ്ഥിതിചെയ്തിരുന്ന പട്ടണമായ ബിർക്കൻഹെഡിൽ പ്രസംഗവേല തുടങ്ങി. മേഴ്സി നദിക്കക്കരെയുള്ള ലിവർപൂൾ തുറമുഖത്തിനു നേരെയാണ് അതു സ്ഥിതിചെയ്യുന്നത്. താമസിയാതെ, അവർ അയൽപക്കത്തുള്ള പട്ടണങ്ങളിലേക്കു സൈക്കിളിൽ സഞ്ചരിക്കാനും തുടങ്ങി. ജീവിതത്തിന്റെ ശേഷിച്ചകാലം ഈ വിപുലമായ പ്രദേശത്ത് അവർ സാക്ഷ്യം നൽകിയതുമൂലം അവർ വിഖ്യാതയായി. തന്റെ കുട്ടികൾക്ക് ഒരു നല്ല മാതൃകയുമിട്ടു. അന്ത്യത്തോളം സജീവ സാക്ഷിയായിരുന്നുകൊണ്ട് 1971-ൽ 97-ാം വയസ്സിൽ വയോവൃദ്ധയായി അവർ മൃതിയടഞ്ഞു.
ബൈബിൾ വിദ്യാർഥികളോടൊപ്പമുള്ള തന്റെ യോഗങ്ങൾക്കു കൂട്ടിക്കൊണ്ടുപോകാൻവേണ്ടി അമ്മ എന്നെയും എന്റെ സഹോദരി കാത്ലീനെയും മെഥഡിസ്ററ് സൺഡേ സ്കൂളിൽനിന്നു മാററി. പിന്നീട്, എന്റെ പിതാവുകൂടി വരാൻ തുടങ്ങിയപ്പോൾ ദൈവത്തിന്റെ കിന്നരം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്നു ക്രമമായ ഒരു കുടുംബ അധ്യയനം നടത്തുന്നതിന് എന്റെ മാതാപിതാക്കൾ ക്രമീകരണം ചെയ്തു. ആ കാലത്തൊക്കെ അത്തരം അധ്യയനം ഒരു പുതുമയായിരുന്നു. എന്നാൽ ഞാനും സഹോദരിയും കാലക്രമേണ പയനിയർ സേവനത്തിൽ പ്രവേശിച്ചതിനാൽ അടിസ്ഥാന ബൈബിൾ സത്യങ്ങൾ സംബന്ധിച്ച അടിത്തറയിടൽ സമൃദ്ധമായി ഫലം ചെയ്തു.
ലിവർപൂളിൽ 1920-ൽ നടന്ന “സൃഷ്ടിപ്പിൻ ഫോട്ടോനാടകം” കുട്ടികളായിരുന്ന ഞങ്ങളുടെ കാര്യത്തിൽ ഒരു വഴിത്തിരിവായിരുന്നു എന്ന് അമ്മ ഉറച്ചുവിശ്വസിച്ചു. അതു ശരിയായിരുന്നുതാനും. സൃഷ്ടിപ്പിൻ നാടകം ആ യുവപ്രായത്തിലും എന്റെ മനസ്സിൽ വ്യക്തമായ മുദ്രകൾ അവശേഷിപ്പിച്ചു. യേശുവിന്റെ ജീവിതം, പ്രത്യേകിച്ചും മരണത്തിലേക്കുള്ള അവന്റെ കാൽവയ്പുകൾ, എന്റെ സ്മരണയിൽ തെളിഞ്ഞുനിൽക്കുന്ന ഭാഗം. ആ അനുഭവം ജീവിതത്തിലെ ഏററവും സുപ്രധാനവേലയിൽ—പ്രസംഗവേലയിൽ— ശ്രദ്ധകേന്ദ്രീകരിക്കാൻ എന്നെ സഹായിച്ചു!
1920-കളുടെ പ്രാരംഭത്തിൽ ഞായറാഴ്ച ഉച്ചസമയങ്ങളിൽ എന്റെ അമ്മയോടൊപ്പം ഞാൻ ലഘുലേഖ വിതരണം ചെയ്യാൻ തുടങ്ങി. ആദ്യമാദ്യം അവ വീടുകളിൽ ഇട്ടിട്ടുപോരാനായിരുന്നു ഞങ്ങൾക്കു നിർദേശം; പിന്നീട്, അവ വീട്ടുകാരുടെ കയ്യിലേൽപ്പിക്കാനും താത്പര്യം കാണിക്കുന്നവർക്കു മടക്കസന്ദർശനം നടത്താനും ഞങ്ങളോടു പറയുകയുണ്ടായി. ഇന്ന് വളരെയധികം ഫലപ്രദമായിരിക്കുന്ന ഞങ്ങളുടെ മടക്കസന്ദർശനത്തിനും ബൈബിൾ അധ്യയനത്തിനും അടിത്തറയായി ഞാൻ അതിനെ എല്ലായ്പോഴും വീക്ഷിച്ചു.
പയനിയർ സേവനത്തിലേക്ക്!
കാത്ലീനും ഞാനും 1927-ൽ സ്നാപനമേററു. ഞാൻ ലിവർപൂളിൽ ഒരു അനാലിററിക്കൽ കെമിസ്ററായി ജോലിചെയ്യുന്ന സമയം. 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന പേരു സ്വീകരിക്കുന്നതിനുള്ള പ്രമേയം എനിക്കു കേൾക്കാൻ കഴിഞ്ഞു. സൊസൈററിയുടെ കോൽപോർട്ടർമാർ (ഇപ്പോൾ പയനിയർമാർ എന്നു വിളിക്കുന്നു) ലിവർപൂളിലെ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നതു ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അവരുടെ മാതൃക എന്നിൽ വളരെ മതിപ്പുളവാക്കി. ലോകക്കാരുടെ സഹവാസത്തിൽനിന്നു മുക്തിനേടുന്നതിനും യഹോവയുടെ സേവനത്തിൽ എന്റെ ജീവിതം ചെലവഴിക്കുന്നതിനും ഞാൻ എത്ര കാംക്ഷിച്ചിരുന്നെന്നോ!
അതേവർഷം വേനൽക്കാലത്ത് എന്റെ സുഹൃത്ത് ജെറി ഗാരാഡ് വാച്ച് ടവർ സൊസൈററിയുടെ രണ്ടാമത്തെ പ്രസിഡൻറായ ജോസഫ് എഫ്. റതർഫോർഡിൽനിന്ന് ഇന്ത്യയിൽ പ്രസംഗിക്കുന്നതിനുള്ള നിയമനം കൈപ്പററിയതായി എന്നോടു പറഞ്ഞു. കപ്പൽ കയറുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം എന്നെ സന്ദർശിക്കുകയും മുഴുസമയ സേവനപദവിയെക്കുറിച്ച് എന്നോടു സംസാരിക്കുകയും ചെയ്തു. വിടപറയുന്നേരം, “നിങ്ങൾ പെട്ടെന്നുതന്നെ ഒരു പയനിയർ ആകുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട് ബോബ്” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം എന്നെ വീണ്ടും പ്രോത്സാഹിപ്പിച്ചു. അതുതന്നെയാണു സംഭവിച്ചതും. ആ ഒക്ടോബറിൽ ഞാൻ പേർ ചാർത്തി. ഒററപ്പെട്ട ജനസമുദായത്തിൽ പ്രസംഗിച്ചുകൊണ്ട് നാട്ടുവക്കിലൂടെ സൈക്കിൾ ചവിട്ടിപ്പോകുന്നത് എന്തൊരു സന്തോഷം എന്തൊരു സ്വാതന്ത്ര്യം! എനിക്കു ചെയ്യാവുന്ന ഏററവും സുപ്രധാന വേലയിൽ ഞാൻ പ്രവേശിച്ചിരിക്കുകയാണെന്ന് എനിക്കറിയാമായിരുന്നു.
എന്റെ ആദ്യത്തെ പയനിയർ നിയമനം ദക്ഷിണ വെയിൽസിലായിരുന്നു, സിറിൾ സ്റെറൻറിഫറോഡിന്റെ കൂടെ. സിറിൾ പിന്നീട് കാത്ലീനെ വിവാഹംചെയ്തു. അവർ ഒരുമിച്ച് അനേകം വർഷം പയനിയറിങ് ചെയ്തു. അവരുടെ മകൾ രൂത്തും പയനിയർ സേവനത്തിലേർപ്പെട്ടു. 1937-ൽ ഞാൻ ലാങ്ക്ഷയറിലുള്ള ഫ്ളീററ്വുഡിലായിരുന്നു. അവിടെ ഞാൻ എറിക് കൂക്കിന്റെ പയനിയർ പങ്കാളിയായി. അന്നോളം പയനിയർമാർ ബ്രിട്ടന്റെ ഗ്രാമപ്രദേശത്ത്, സഭാ പ്രദേശത്തിനു വെളിയിൽ, മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. എന്നാൽ സൊസൈററിയുടെ ലണ്ടൻ ബ്രാഞ്ച് ഓഫീസിലെ വേലയുടെ ഉത്തരവാദിത്വം വഹിച്ചിരുന്ന ആൽബർട്ട് ഡി. ഷ്രോഡർ ഞങ്ങളെ യോർക്ക്ഷെയറിലുള്ള ബ്രാഡ്ഫോർഡ് നഗരത്തിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. ഒരു പ്രത്യേക സഭയെ സഹായിക്കുന്നതിനു ബ്രിട്ടനിലെ പയനിയർമാർക്കു നിയമനം നൽകിയ ആദ്യത്തെ സന്ദർഭമായിരുന്നു അത്.
1946-ൽ എറിക്ക് വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ പങ്കെടുക്കുകയും അദ്ദേഹത്തിനു ദക്ഷിണ റൊഡേഷ്യയിലേക്ക്, ഇപ്പോഴത്തെ സിംബാബ്വേയിലേക്ക്, നിയമനം നൽകുകയും ചെയ്തു. അദ്ദേഹവും ഭാര്യയും ഇപ്പോഴും വിശ്വസ്തതയോടെ ദക്ഷിണാഫ്രിക്കയിലെ ഡർബാനിൽ മിഷനറിമാരായി സേവനമനുഷ്ഠിക്കുന്നു.
1938-ൽ എനിക്കു വേറൊരു നിയമനം ലഭിച്ചു. ഇപ്രാവശ്യം വടക്കുപടിഞ്ഞാറ് ലാങ്ക്ഷെയറിലും മനോഹരമായ തടാക ജില്ലയിലും മേഖലാ ദാസൻ (ഇപ്പോൾ സർക്കിട്ട് മേൽവിചാരകൻ എന്നു വിളിക്കുന്നു) എന്നനിലയിലായിരുന്നു നിയമനം. അവിടെവച്ച് ഞാൻ ഒലിവ് ഡക്കററിനെ കണ്ടുമുട്ടി. ഞങ്ങൾ വിവാഹിതരായശേഷം ഉടനെ അവൾ സർക്കിട്ട് വേലയിൽ എന്നെ അനുഗമിക്കാൻ തുടങ്ങി.
യുദ്ധകാലങ്ങളിൽ അയർലൻഡ്
1939 സെപ്ററംബറിൽ ബ്രിട്ടൺ ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ എന്റെ നിയമനം അയർലൻഡിലേക്കു മാററി. പട്ടാളത്തിലെ നിർബന്ധസേവനം ബ്രിട്ടനിൽ ആരംഭിച്ചിരുന്നു. എന്നാൽ യുദ്ധകാലത്തു പക്ഷം ചേരാതിരുന്നതുകൊണ്ട് തെക്കൻ റിപ്പബ്ലിക്ക് ഓഫ് അയർലൻഡിൽ അതില്ലായിരുന്നു. റിപ്പബ്ലിക്ക് ഓഫ് അയർലൻഡും ഉത്തര അയർലൻഡും ഒരു സർക്കിട്ട് ആകാനിരിക്കയായിരുന്നു. എന്നാൽ നിരോധനങ്ങൾ ഉണ്ടായിരുന്നു. കൂടാതെ ബ്രിട്ടനിൽനിന്ന് അയർലൻഡിന്റെ ഏതെങ്കിലും ഭാഗത്ത് എത്തിച്ചേരുന്നതിനു യാത്രചെയ്യാനുള്ള അനുവാദം വാങ്ങേണ്ടിയിരുന്നു. എനിക്കു പോകാനാവുമെന്ന് അധികാരികൾ പറഞ്ഞു. എന്നാൽ എന്റെ പ്രായത്തിലുള്ളവരെ നിർബന്ധസേവനത്തിനു വിളിക്കുമ്പോൾ ഇംഗ്ലണ്ടിലേക്ക് ഉടനടി ഞാൻ തിരികെ ചെല്ലുമെന്നു സമ്മതിക്കണമായിരുന്നു. വാമൊഴിയായി ഞാൻ സമ്മതിച്ചെങ്കിലും അനുവാദപത്രം വന്നപ്പോൾ അതിൽ യാതൊരു നിബന്ധനകളും ഇല്ലായിരുന്നു എന്നത് എന്നെ അതിശയിപ്പിച്ചു!
അന്ന്, അയർലൻഡിലൊട്ടാകെ 100-ൽ അൽപ്പം കൂടുതൽ സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. 1939 നവംബറിൽ ഞങ്ങൾ ഡബ്ലിനിൽ എത്തിച്ചേർന്നപ്പോൾ ഒരു ദീർഘകാല പയനിയറായിരുന്ന ജാക്ക് കോർ ഞങ്ങളെ കണ്ടുമുട്ടി. അടുത്തുള്ള പട്ടണത്തിലെ രണ്ടു പയനിയർമാരും ഡബ്ലിനിലെ താത്പര്യക്കാരായ കുറേ ആളുകളും ഉൾപ്പെടെ ഏതാണ്ട് 20 പേരുണ്ടെന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു. ജാക്ക് യോഗത്തിനുവേണ്ടി ഡബ്ലിനിൽ ഒരു മുറി വാടകയ്ക്കെടുത്തു. ഞായറാഴ്ചതോറും അവിടെ വന്നുചേരാമെന്ന് എല്ലാവരും സമ്മതിച്ചു. 1940-ൽ സഭ രൂപീകരിക്കുന്നതുവരെ ഈ ക്രമീകരണം തുടർന്നു.
ഉത്തര അയർലൻഡ് യുണൈററഡ് കിങ്ഡത്തിന്റെ ഭാഗമെന്ന നിലയിൽ ജർമനിയുമായി യുദ്ധത്തിലായിരുന്നു. അതുകൊണ്ടു ഞങ്ങൾ വടക്കുള്ള ബെൽഫാസ്ററിലായിരുന്നപ്പോൾ ഭക്ഷണം വാങ്ങാനുള്ള റേഷൻകാർഡും രാത്രിയിലെ അന്ധകാരവുമായി പൊരുത്തപ്പെടേണ്ടിവന്നു. ബെൽഫാസ്ററിൽവന്ന് യൂറോപ്പിലെ തങ്ങളുടെ ആസ്ഥാനങ്ങളിൽ തിരിച്ചെത്തുന്നതിനു നാസി വിമാനത്തിന് 1,600 കിലോമീററർ പറക്കേണ്ടിയിരുന്നുവെങ്കിലും ആ പട്ടണത്തിൽ വിജയപ്രദമായി ബോംബിടുന്നതിന് അവർക്കു കഴിഞ്ഞു. ആദ്യത്തെ ആക്രമണത്തിൽ ഞങ്ങളുടെ രാജ്യഹാളിനു കേടുവന്നു, ഞങ്ങളുടെ അപ്പാർട്ടുമെൻറു കെട്ടിടം നശിക്കുകയും ചെയ്തു. നഗരത്തിന്റെ വേറൊരു ഭാഗത്ത് സഹോദരങ്ങളെ സന്ദർശിക്കാൻ പോയ നേരമായിരുന്നതുകൊണ്ടു ഞങ്ങൾ അത്ഭുതകരമായി രക്ഷപെട്ടു. അതേ രാത്രിയിൽ ഒരു സാക്ഷി കുടുംബം ബോംബിൽനിന്നു രക്ഷപെടാനുള്ള ഒരു പൊതു അഭയസ്ഥാനത്തേക്ക് ഓടിക്കേറി. അവർ അവിടെ എത്തിച്ചേർന്നപ്പോൾ അതു നിറഞ്ഞിരിക്കുന്നതായി കണ്ടെത്തി. തൻമൂലം തിരികെ വീട്ടിലേക്കു പോകേണ്ടിവന്നു. ആ അഭയസ്ഥാനത്തിനുമേൽ ശക്തിയായി ബോംബു വീഴുകയും അതിലുള്ള സകലരും കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ നമ്മുടെ സഹോദരങ്ങൾ ഏതാനും മുറിവുകളും ചതവുകളുമായി രക്ഷപെട്ടു. ദുർഘടമായ ആ യുദ്ധവർഷങ്ങളിൽ നമ്മുടെ സഹോദരൻമാർക്കാർക്കും ഗുരുതരമായി പരിക്കേററില്ല. അതിനു ഞങ്ങൾ യഹോവക്കു നന്ദിനൽകി.
ആത്മീയ ആഹാര വിതരണം
യുദ്ധം മുറുകിയതനുസരിച്ച് നിയന്ത്രണങ്ങളും കർശനമായി. ഒടുവിൽ തപാൽ പരിശോധനയും തുടങ്ങി. തൻമൂലം വീക്ഷാഗോപുരം തടഞ്ഞുവയ്ക്കുകയും രാജ്യത്തേക്കുള്ള പ്രവേശനം നിരോധിക്കുകയും ചെയ്തു. എന്തു ചെയ്യുമെന്നോർത്തു ഞങ്ങൾ വിഷമിച്ചെങ്കിലും യഹോവയുടെ കൈ കുറുകിയതായിരുന്നില്ല. ഒരു സുപ്രഭാതത്തിൽ എനിക്കു കാനഡയിൽനിന്ന് ഒരു “കസിൻ” കുടുംബകാര്യങ്ങളെപ്പററി എഴുതി അറിയിച്ചുകൊണ്ടയച്ച കത്തു കിട്ടി. അദ്ദേഹം ആരായിരുന്നുവെന്ന് എനിക്ക് യാതൊരു പിടിപാടും ഇല്ലായിരുന്നു. എന്നാൽ കത്തിനൊപ്പം “ഒരു രസകരമായ ബൈബിൾ ലേഖനം” എനിക്കുവേണ്ടി അയയ്ക്കുന്നുവെന്നു സൂചിപ്പിച്ചുകൊണ്ടുള്ള ഒരു കുറിപ്പും ഉണ്ടായിരുന്നു. അത് വീക്ഷാഗോപുരത്തിന്റെ ഒരു പ്രതിയായിരുന്നു. അത് ഒരു സാധാരണ കവർ ആയിരുന്നതിനാൽ സെൻസർ ചെയ്തില്ല.
പെട്ടെന്നുതന്നെ ഞാനും ഭാര്യയും “ഫോട്ടോ-നാടക”ത്തോടു ബന്ധപ്പെട്ട വേലയിൽ പങ്കെടുത്ത മാഗീ കൂപ്പർ ഉൾപ്പെടെ പ്രാദേശിക സാക്ഷികളുടെ സഹായത്തോടെ ലേഖനങ്ങളുടെ പകർപ്പ് ഉണ്ടാക്കാൻ തുടങ്ങി. കാനഡ, ഓസ്ട്രേലിയ, ഐക്യനാടുകൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള പുതിയ സുഹൃത്തുക്കൾ ക്രമമായി മാസികകൾ അയയ്ക്കാൻ തുടങ്ങിയതോടെ രാജ്യത്തു പലയിടങ്ങളിലേക്കും 120 പ്രതികൾ അയയ്ക്കുന്നതിനു ഞങ്ങൾ ഉടൻ സ്വയം സംഘടിതരായി. അവരുടെ ഉത്സാഹവും ദയയും നിമിത്തം ഞങ്ങൾക്ക് യുദ്ധകാലത്തൊരിക്കലും ഒററ ലക്കംപോലും ലഭിക്കാതെ പോയില്ല.
സമ്മേളനങ്ങൾ നടത്തുന്നതിനും ഞങ്ങൾക്കു കഴിഞ്ഞു. അതിൽ മികച്ച ഒന്നായിരുന്നു കുട്ടികൾ (ഇംഗ്ലീഷ്) എന്ന പുതിയ പ്രസിദ്ധീകരണം പ്രകാശനം ചെയ്ത 1941-ലെ കൺവെൻഷൻ. കുട്ടികളെപ്പററിയുള്ളതെന്ന് സെൻസർ ചെയ്യുന്ന ഉദ്യോഗസ്ഥൻ കരുതിയ ഒരു പുസ്തകം പുറത്തിറക്കുന്നതിനെ അദ്ദേഹം എതിർത്തില്ല. തൻമൂലം യാതൊരു പ്രശ്നവും കൂടാതെ ഞങ്ങൾക്കുള്ള ശേഖരം രാജ്യത്തിനുള്ളിൽ കടത്താൻ കഴിഞ്ഞു! മറെറാരു സന്ദർഭത്തിൽ സമാധാനം—അതു നിലനിൽക്കുമോ? (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം പ്രാദേശികമായി ഞങ്ങൾ അച്ചടിച്ചു. കാരണം, ലണ്ടനിൽനിന്നു പ്രതികൾ വരുത്തുക എന്നത് അസാധ്യമായിരുന്നു. ഞങ്ങളുടെമേൽ അനേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നിട്ടും ഞങ്ങൾ ആത്മീയമായി നല്ലവണ്ണം പരിപാലിക്കപ്പെട്ടിരുന്നു.
എതിർപ്പുകൾ അതിജീവിക്കൽ
ഒരു യഹോവയുടെ സാക്ഷി നടത്തിയിരുന്ന ആതുരാലയത്തിൽ താമസിച്ചിരുന്ന ഒരു പുരോഹിതൻ ധനം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ഒരു പ്രതി ഇംഗ്ലണ്ടിലുള്ള തന്റെ ഭാര്യയ്ക്ക് അയച്ചുകൊടുത്തു. അവർക്കു സത്യത്തോട് എതിർപ്പായിരുന്നു, തന്റെ മറുപടിയിൽ അവർ അതു സൂചിപ്പിച്ചിരുന്നു. ഞങ്ങൾ “ഒരു ദേശാഭിമാനരഹിത സംഘടന”യാണെന്നും അവർ തറപ്പിച്ചു പറഞ്ഞു. തപാൽ സെൻസർ ഇക്കാര്യം ശ്രദ്ധിക്കുകയും അത് കുററാന്വേഷണ വിഭാഗത്തിൽ റിപ്പോർട്ടു ചെയ്യുകയും ചെയ്തു. തൻമൂലം വിശദീകരണം നൽകാൻ പൊലീസ് സേനാഗൃഹത്തിലേക്ക് എന്നെ വിളിപ്പിച്ചു, ധനത്തിന്റെ ഒരു പ്രതിയും കൊണ്ടുചെല്ലാൻ ആവശ്യപ്പെട്ടു. ഒടുവിൽ പുസ്തകം തിരിച്ചു തന്നപ്പോൾ അതിൽ അടിവരയിട്ടിരിക്കുന്ന ഭാഗങ്ങൾ റോമൻ കത്തോലിക്കാ സഭയെപ്പററിയുള്ളതാണെന്നതു ഞാൻ ശ്രദ്ധിച്ചു. ഇതു പ്രധാനപ്പെട്ട ഒരു സംഗതിയായി എനിക്കുതോന്നി. കാരണം പൊലീസ് ഐആർഎ-യുടെ (ഐറിഷ് റിപ്പബ്ലിക്കൻ സൈന്യം) പ്രവർത്തനത്തിനെതിരെ ജാഗ്രരായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു.
യുദ്ധകാലത്തെ നമ്മുടെ നിഷ്പക്ഷത സംബന്ധിച്ച് എന്നെ ഊടുപാടു ചോദ്യം ചെയ്തു, കാരണം, നമ്മുടെ നില മനസ്സിലാക്കാൻ പൊലീസിനു വളരെ ബുദ്ധിമുട്ടായിത്തോന്നി. എന്നാൽ അധികാരികൾ ഞങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. പിന്നീട്, ഒരു സമ്മേളനം നടത്തുന്നതിനുവേണ്ടി അനുവാദം ചോദിച്ചപ്പോൾ രണ്ടു പൊലീസ് റിപ്പോർട്ടർമാരെ അയയ്ക്കുന്ന കാര്യത്തിൽ പൊലീസ് നിർബന്ധം പിടിച്ചു. “ഞങ്ങൾ അവരെ സ്വാഗതം ചെയ്യും” എന്നു ഞാൻ പറഞ്ഞു. അവർ ഉച്ചകഴിഞ്ഞുള്ള യോഗത്തിനു ഹാജരാവുകയും വിവരങ്ങൾ കുറിച്ചെടുക്കുകയും ചെയ്തു. സെഷൻ കഴിഞ്ഞപ്പോൾ അവർ ഇങ്ങനെ ചോദിച്ചു, “എന്തിനാണു ഞങ്ങളെ ഇങ്ങോട്ടയച്ചത്? ഞങ്ങൾ ഇതു മൊത്തം ആസ്വദിക്കുകയാണ്!” അവർ അടുത്ത ദിവസവും വന്നു, സമാധാനം—അത് നിലനിൽക്കുമോ? എന്ന ചെറുപുസ്തകത്തിന്റെ ഒരു സൗജ്യന പ്രതി സസന്തോഷം കൈപ്പററുകയും ചെയ്തു. സമ്മേളനത്തിന്റെ ശേഷിച്ച ഭാഗം പ്രത്യേക സംഭവവികാസമൊന്നും കൂടാതെ കഴിഞ്ഞുപോയി.
യുദ്ധം അവസാനിക്കുകയും സഞ്ചാര നിയന്ത്രണങ്ങൾ എടുത്തുമാററുകയും ചെയ്ത ഉടനെ ബെൽഫസ്ററിലേക്ക് ലണ്ടൻ ബെഥേലിലെ പ്രൈസ് ഹഫ്സ് വരുകയുണ്ടായി. അദ്ദേഹത്തോടൊപ്പം ഹാരൾഡ് കിങും ഉണ്ടായിരുന്നു. അദ്ദേഹത്തെ പിന്നീട് ചൈനയിലേക്ക് ഒരു മിഷനറിയായി അയയ്ക്കുകയുണ്ടായി. ലണ്ടൻ ബ്രാഞ്ച് ഓഫീസിൽനിന്ന് ആറു വർഷത്തെ ഒററപ്പെടലിനു ശേഷം ഈ സഹോദരൻമാർ നൽകിയ പ്രസംഗങ്ങൾ ഞങ്ങളെയെല്ലാവരെയും പ്രോത്സാഹിപ്പിച്ചു. ഉടൻതന്നെ ബെൽഫസ്ററിലെ രാജ്യവേല ശക്തിപ്പെടുത്തുന്നതിനു ഹാരൾഡ് ഡ്യൂർഡൻ എന്ന വേറൊരു വിശ്വസ്തനായ പയനിയറെ ഇംഗ്ലണ്ടിൽനിന്ന് അയയ്ക്കുകയുണ്ടായി.
ഇംഗ്ലണ്ടിലേക്കുള്ള തിരിച്ചുപോക്ക്
ഞങ്ങൾ ഐറീഷ് സഹോദരങ്ങളെപ്രതി ആഴമായ സ്നേഹം വളർത്തിയെടുത്തതിനാൽ ഇംഗ്ലണ്ടിലേക്കു തിരികെ പോവുക പ്രയാസകരമായിരുന്നു. എങ്കിലും എനിക്കും ഭാര്യയ്ക്കും തിരിച്ച് മാൻച്ചെസ്റററിലേക്കു നിയമനം നൽകി. പിന്നീട്, ആവശ്യം അധികമുണ്ടായിരുന്ന മറെറാരു ലാങ്ക്ഷെയർ പട്ടണമായ ന്യൂട്ടൺ ല വിലോസിലേക്കു നിയമനം നൽകി. ഞങ്ങളുടെ മകൾ ലോയിസ് 1953-ൽ ജനിച്ചു. അവൾ 16-ാം വയസ്സിൽ പയനിയർ ശുശ്രൂഷയിൽ ഏർപ്പെട്ടു കണ്ടതു ഹൃദയോഷ്മളമായിരുന്നു. അവൾ പയനിയറായിരുന്ന ഡേവിഡ് പാർക്കിൻസനെ വിവാഹം കഴിച്ചശേഷം അവർ ഒലിവും ഞാനും എടുത്ത കാൽചുവടുകൾ പലവിധത്തിലും പിന്തുടർന്നുകൊണ്ട് ഉത്തര അയർലൻഡിൽ തങ്ങളുടെ മുഴുസമയ സേവനം തുടർന്നു. ഇപ്പോൾ അവർ തങ്ങളുടെ മക്കളോടൊപ്പം ഇംഗ്ലണ്ടിൽ തിരിച്ചെത്തിയിരിക്കുന്നു, ഞങ്ങളെല്ലാവരും ഒരേ സഭയിൽ സേവനമനുഷ്ഠിക്കുകയാണ്.
ഞങ്ങളുടെ സാഹചര്യങ്ങളിൽ മാററങ്ങളുണ്ടായിരുന്നിട്ടും ഞാനൊരിക്കലും പയനിയറിങ് നിർത്തിയില്ല. ഒലിവ് ഒരിക്കലും അത് ആഗ്രഹിച്ചിരുന്നില്ല, അതുപോലെതന്നെ ഞാനും. പയനിയറിങ്ങിലുണ്ടായ എന്റെ നേട്ടങ്ങൾ എന്റെ ശ്രമംമൂലം മാത്രമല്ല എന്റെ ഭാര്യയുടെയും ശ്രമമാണെന്നു പറയുന്നതായിരിക്കും ഉചിതം. കാരണം, അവളുടെ സ്നേഹപുരസ്സരമായ നിരന്തര പിന്തുണ കൂടാതെ എനിക്കു മുഴുസമയ ശുശ്രൂഷയിൽ തുടരാനാവുമായിരുന്നില്ല. ഞങ്ങൾ രണ്ടുപേരും ഇപ്പോൾ പെട്ടെന്നു ക്ഷീണിതരാകുന്നുവെന്നതു വാസ്തവമാണ്. എന്നാൽ സാക്ഷീകരിക്കുക എന്നത് ഇപ്പോഴും ഒരു സന്തോഷമാണ്, പ്രത്യേകിച്ചും അയൽക്കാരോടൊപ്പം ബൈബിളധ്യയനം നടത്തിക്കൊണ്ട് ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ. ഈ വർഷങ്ങളിലെല്ലാമായി ഏതാണ്ട് നൂറു വ്യക്തികളെ യഹോവയുടെ സമർപ്പിത, സ്നാപനമേററ സാക്ഷികളായിത്തീരാൻ സഹായിക്കുന്നതിനുള്ള പദവി ഞങ്ങൾക്കു ലഭിച്ചിരിക്കുന്നു. അത് എന്തൊരു സന്തോഷകാരണമായിരുന്നിട്ടുണ്ടെന്നോ! കുടുംബത്തിലെ മൂന്നും നാലും തലമുറകൾകൂടി സാക്ഷിയായിത്തീർന്നതിന്റെ അടിസ്ഥാനത്തിൽ ഈ സംഖ്യ ഈ സമയംകൊണ്ടു പല മടങ്ങായിത്തീർന്നിരിക്കാൻ ഇടയുണ്ടെന്നു ഞാൻ കരുതുന്നു.
വർഷങ്ങളോളം ഞങ്ങൾ ആസ്വദിച്ച പല പദവികളെയും അനുഭവങ്ങളെയുംപ്പററി ഒലിവും ഞാനും മിക്കപ്പോഴും സംസാരിക്കാറുണ്ട്. അവ എത്ര സന്തോഷകരമായ വർഷങ്ങളായിരുന്നു, എത്ര പെട്ടെന്നാണ് അവ പറന്നുപോയത്! ഒരു പയനിയർ എന്നനിലയിൽ എന്റെ ദൈവമായ യഹോവയെ സേവിക്കുന്നതിനെക്കാൾ മെച്ചമായ യാതൊന്നും ജീവിതത്തിൽ എനിക്കു കണ്ടെത്താനാവില്ലായിരുന്നുവെന്നു ഞാൻ അറിയുന്നു. ഇപ്പോൾ കൃതജ്ഞതയോടെ കഴിഞ്ഞകാലത്തേക്കു പിന്തിരിഞ്ഞുനോക്കിയാലും ശരി ആകാംക്ഷയോടെ ഭാവിയിലേക്കു നോക്കിയാലും ശരി, യിരെമ്യാവിന്റെ പിൻവരുന്ന വാക്കുകൾക്ക് വളരെയധികം അർഥമുള്ളതായി ഞാൻ മനസ്സിലാക്കുന്നു: “നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും . . . ആകുന്നു . . . അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു.”—വിലാപങ്ങൾ 3:22-24.
[26-ാം പേജിലെ ചിത്രം]
ബോബ് ആൻഡേർസനും ഒലിവ് ആൻഡേർസനും