സ്ഥിരോത്സാഹം പുരോഗതിയിലേക്കു നയിക്കുന്നു
ഴൂസ് മഗ്ലോവ്സ്കി പറഞ്ഞപ്രകാരം
പൊലീസുകാരൻ എന്റെ കയ്യിൽ കടന്നുപിടിച്ചപ്പോൾ ഞാൻ പിതാവിനെ അന്വേഷിച്ചു. എന്നാൽ, അദ്ദേഹത്തെ നേരത്തെതന്നെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയ വിവരം ഞാനറിഞ്ഞിരുന്നില്ല. ഞാൻ അവിടെ എത്തിയപ്പോൾ പൊലീസുകാർ ബൈബിളുകൾ ഉൾപ്പെടെ ഞങ്ങളുടെ കയ്യിലിരുന്ന പ്രസിദ്ധീകരണങ്ങളെല്ലാം പിടിച്ചുപറിച്ച് തറയിൽ കൂനകൂട്ടിയിട്ടു. ഇതുകണ്ട് എന്റെ പിതാവു ചോദിച്ചു: “നിങ്ങൾ ബൈബിളുകളും തറയിലിട്ടോ?” പൊലീസ് മേധാവി ക്ഷമാപണം നടത്തുകയും ബൈബിളുകൾ എടുത്തു മേശപ്പുറത്തു വയ്ക്കുകയും ചെയ്തു.
ഞങ്ങൾ എങ്ങനെയാണു പൊലീസ് സ്റ്റേഷനിൽ വന്നുപെട്ടത്? ഞങ്ങൾ എന്തു ചെയ്യുകയായിരുന്നു? ഞങ്ങളുടെ പക്കൽനിന്നു ബൈബിൾപോലും എടുത്തുകൊണ്ടുപോകാൻ തക്കവണ്ണം ഞങ്ങൾ നിരീശ്വരവാദത്തിലധിഷ്ഠിതമായ ഒരു പൊലീസ് രാഷ്ട്രത്തിലായിരുന്നോ? ഈ ചോദ്യങ്ങളുടെ ഉത്തരത്തിനുവേണ്ടി 1925-ലേക്കു നാം തിരിഞ്ഞു നോക്കേണ്ടതുണ്ട്, അതു ഞാൻ ജനിക്കുന്നതിനുപോലും മുമ്പായിരുന്നു.
ആ വർഷം എന്റെ പിതാവ് എസ്റ്റെഫാനൊ മഗ്ലോവ്സ്കിയും അമ്മ ഴുലിയാനയും അന്നത്തെ യൂഗോസ്ലാവിയയിൽനിന്നു ബ്രസീലിലേക്കു സ്ഥലംമാറി, സാവോ പൗലോയിൽ താമസമുറപ്പിച്ചു. പിതാവ് പ്രൊട്ടസ്റ്റൻറും അമ്മ കത്തോലിക്കയും ആയിരുന്നെങ്കിലും മതം അവരുടെയിടയിൽ ഒരു വിഭജന ഘടകമായിരുന്നില്ല. വാസ്തവത്തിൽ, പത്തു വർഷത്തിനുശേഷം മതപരമായി അവരെ കൂട്ടിച്ചേർത്ത ഒരു സംഭവമുണ്ടായി. മരിച്ചവരുടെ അവസ്ഥയെപ്പറ്റി ചർച്ചചെയ്യുന്ന ഹംഗറി ഭാഷയിലുള്ള ഒരു മുഴുവർണ ചെറുപുസ്തകം പിതാവിന് അദ്ദേഹത്തിന്റെ അളിയൻ കൊണ്ടുവന്നുകൊടുത്തു. അദ്ദേഹത്തിന് ആ ചെറുപുസ്തകം സമ്മാനം കിട്ടിയതായിരുന്നു. അതു വായിക്കാനും അതിന്റെ ഉള്ളടക്കത്തെപ്പറ്റി, പ്രത്യേകിച്ചും “നരകം” എന്ന വിഷയത്തെപ്പറ്റി അഭിപ്രായം പറയാനും അദ്ദേഹം പിതാവിനോട് ആവശ്യപ്പെട്ടു. ആ ചെറുപുസ്തകം പലയാവർത്തി വായിച്ചുകൊണ്ടു പിതാവു രാത്രി മുഴുവൻ ചെലവഴിച്ചു. അടുത്ത ദിവസം അദ്ദേഹത്തിന്റെ അളിയൻ അഭിപ്രായമറിയാൻ വന്നപ്പോൾ പിതാവ് നിസ്സന്ദേഹം ഇങ്ങനെ പറഞ്ഞു: “ഇതാണ് സത്യം!”
ചെറിയ തുടക്കങ്ങൾ
പ്രസിദ്ധീകരണം യഹോവയുടെ സാക്ഷികളുടേതായിരുന്നതിനാൽ അവരുടെ വിശ്വാസത്തെയും പഠിപ്പിക്കലുകളെയുംപറ്റി കൂടുതൽ അറിയാൻ അവരെ തിരഞ്ഞുകൊണ്ട് രണ്ടുപേരും ഇറങ്ങിത്തിരിച്ചു. ഒടുവിൽ, അവരുമായി ബന്ധപ്പെട്ടപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ പല അംഗങ്ങളും സാക്ഷികളുമായി ബൈബിൾ ചർച്ചകളിൽ ഏർപ്പെടാൻ തുടങ്ങി. അതേ വർഷംതന്നെ, 1935-ൽ, ഹംഗറി ഭാഷയിൽ ശരാശരി എട്ടുപേർ ഹാജരായിക്കൊണ്ടുള്ള ഒരു ക്രമമായ ബൈബിളധ്യയനം തുടങ്ങി. അന്നുമുതൽ ഇന്നുവരെ ഞങ്ങളുടെ വീട്ടിൽ ക്രമമായ ബൈബിളധ്യയനങ്ങൾ നടത്തിവരുന്നു.
രണ്ടു വർഷം ബൈബിൾ പഠിച്ചുകഴിഞ്ഞ് പിതാവ് 1937-ൽ സ്നാപനമേൽക്കുകയും വീടുതോറുമുള്ള പ്രസംഗവേലയിൽ പങ്കെടുക്കുകയും ഒരു നിയുക്ത ദാസനും അധ്യയന നിർവാഹകനുമെന്ന നിലയിൽ സേവിക്കുകയും ചെയ്തുകൊണ്ട് ഉത്സാഹിയായ ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നു. സാവോ പൗലോയിൽ വില മരിയാനാ ഭാഗത്ത് ആദ്യത്തെ സഭ രൂപീകരിക്കാൻ അദ്ദേഹം സഹായിച്ചു. ആ സഭയെ പിന്നീടു പട്ടണത്തിന്റെ മധ്യഭാഗത്തേക്കു മാറ്റി, അതു പിന്നീട് സെൻട്രൽ സഭ എന്നറിയപ്പെടുകയും ചെയ്തു. പത്തു വർഷത്തിനുശേഷം രണ്ടാമത്തെ സഭ രൂപീകരിക്കപ്പെട്ടു, അത് ഈപ്പിരാങ്ക ഭാഗത്തായിരുന്നു. പിതാവ് അവിടെ സഭാ ദാസനായി നിയോഗിക്കപ്പെട്ടു. 1954-ൽ മോയിൻഹോ വെലോ ഭാഗത്തായി മൂന്നാമത്തെ സഭ രൂപീകരിക്കപ്പെട്ടു. അവിടെയും അദ്ദേഹം സഭാ ദാസനായി സേവനമനുഷ്ഠിച്ചു.
ഈ കൂട്ടം നന്നായി സ്ഥാപിതമായ ഉടനെ അദ്ദേഹം അടുത്തുള്ള സാവോ ബർണാർഡൊ ഡോ കാംബോയിലുള്ള ഒരു കൂട്ടത്തെ സഹായിക്കാൻ തുടങ്ങി. സാക്ഷികളുടെ ഈ ചെറിയ കൂട്ടങ്ങളുടെ പരിശ്രമത്തെ യഹോവ അനുഗ്രഹിച്ചതിന്റെ ഫലമായി അത്ഭുതാവഹമായ വർധനവുണ്ടായി. തൻമൂലം 1994-ൽ ഗ്രെയ്റ്റർ സാവോ പൗലോയിൽ 760 സഭകളിലായി 70,000-ത്തിലധികം പ്രസാധകർ ഉണ്ടായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, ഈ വളർച്ച കാണാൻ പിതാവു ജീവിച്ചിരുന്നില്ല. അദ്ദേഹം 1958-ൽ 57-ാം വയസ്സിൽ മരണമടഞ്ഞു.
പിതാവിന്റെ മാതൃക പിന്തുടരാൻ പ്രയത്നിക്കുന്നു
പക്വതയുള്ള മറ്റു ക്രിസ്ത്യാനികളുടെ കാര്യത്തിലെന്നപോലെ എന്റെ പിതാവിന്റെയും സ്വഭാവവിശേഷം അതിഥിസത്കാരമായിരുന്നു. (കാണുക: 3 യോഹന്നാൻ 1, 5-8.) തത്ഫലമായി, 1936-ൽ യൂലി സഹോദരനോടും സഹോദരിയോടുമൊപ്പം ഐക്യനാടുകളിൽനിന്നു ബ്രസീലിൽ എത്തിയ അന്റോണിയോ ആൺട്രാഡേയെയും ഭാര്യയെയും പുത്രനെയും അതിഥികളായി സ്വീകരിക്കാൻ ഞങ്ങൾക്കു പദവി ലഭിച്ചു. കൂടാതെ, വാച്ച് ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലെ രണ്ടു ബിരുദധാരികളും 1945-ൽ ബ്രസീലിലേക്കു നിയമനം ലഭിച്ച ആദ്യത്തെ മിഷനറിമാരുമായ ഹാരി ബ്ലാക്കും ഡിലർഡ് ലെത്കൊയും ഞങ്ങളുടെ കുടുംബത്തിലെ അതിഥികളായിരുന്നു. അവരെ തുടർന്നു മറ്റനേകരും വന്നു. ഈ സഹോദരീസഹോദരൻമാർ ഞങ്ങളുടെ കുടുംബത്തിലെ സകലർക്കും നിരന്തര പ്രോത്സാഹനത്തിനുള്ള ഉറവായിരുന്നു. ഇതു വിലമതിച്ചുകൊണ്ട് എന്റെ കുടുംബത്തിന്റെ പ്രയോജനത്തിനു വേണ്ടി ഞാൻ ആതിഥ്യമര്യാദ എന്ന ക്രിസ്തീയ ഗുണത്തിന്റെ കാര്യത്തിൽ എന്റെ പിതാവിന്റെ ദൃഷ്ടാന്തം പിന്തുടരാൻ പ്രയത്നിച്ചിരിക്കുന്നു.
1935-ൽ എന്റെ പിതാവ് സത്യം പഠിച്ചപ്പോൾ എനിക്കു വെറും ഒമ്പതു വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും മൂത്ത മകനെന്ന നിലയിൽ ഞാൻ ദിവ്യാധിപത്യ ക്രമീകരണങ്ങളിൽ അദ്ദേഹത്തെ അനുഗമിക്കാൻ തുടങ്ങി. സാവോ പൗലോയിൽ ഈസാ ഡെ കാറോസ് തെരുവിൽ 141-ാം നമ്പരിലുള്ള യഹോവയുടെ സാക്ഷികളുടെ ആസ്ഥാനത്തു സ്ഥിതിചെയ്തിരുന്ന രാജ്യഹാളിൽ അദ്ദേഹത്തോടൊപ്പം ഞങ്ങളെല്ലാം യോഗങ്ങൾക്കു ഹാജരായി. പിതാവ് എനിക്കു നൽകിയ പഠിപ്പിക്കലിന്റെയും പരിശീലനത്തിന്റെയും ഫലമായി യഹോവയെ സേവിക്കുന്നതിനുള്ള ഒരു തീവ്രമായ ആഗ്രഹം ഞാൻ വളർത്തിയെടുത്തു. 1940-ൽ ഞാൻ സ്വയം യഹോവക്കു സമർപ്പിക്കുകയും സമർപ്പണം സാവോ പൗലോയുടെ ഹൃദയഭാഗത്തൂടെ ഒഴുകുന്ന, ഇപ്പോൾ മലിനീകൃതമായിരിക്കുന്ന, ട്യാട്ട നദിയിൽ ജല നിമജ്ജനത്തിലൂടെ പ്രതീകപ്പെടുത്തുകയും ചെയ്തു.
സുവാർത്തയുടെ ഒരു നിരന്തര പ്രസാധകനായിരിക്കുക എന്നാൽ എന്താണ് അർഥമാക്കുന്നതെന്നും സത്യത്തിന്റെ സന്ദേശം മറ്റുള്ളവരിൽ നടുകയും വെള്ളമൊഴിക്കുകയും ചെയ്തുകൊണ്ടും അവരുമായി ബൈബിളധ്യയനം നടത്തിക്കൊണ്ടും ഞാൻ പെട്ടെന്നു മനസ്സിലാക്കി. ഇന്ന് ബ്രസീലിൽ യഹോവയുടെ ആയിരക്കണക്കിനു സമർപ്പിത സാക്ഷികളെ കാണുമ്പോൾ, അവരിലനേകരും സത്യത്തിന്റെ പരിജ്ഞാനത്തിലെത്താൻ അല്ലെങ്കിൽ അതിൻമേലുള്ള അവരുടെ വിലമതിപ്പു വർധിപ്പിക്കാൻ യഹോവ എന്നെ ഉപയോഗിച്ചല്ലോ എന്നോർക്കുമ്പോൾ എനിക്ക് ആഴമായ സന്തുഷ്ടി അനുഭവപ്പെടുന്നു.
വീടുതോറുമുള്ള ശുശ്രൂഷയിൽവെച്ചു കണ്ടുമുട്ടിയ ഴ്വാക്കൻ മെലോ ഞാൻ സഹായിച്ചവരിൽ ഒരാളാണ്. അത്ര താത്പര്യമൊന്നുമില്ലാതെ ശ്രദ്ധിച്ചുകൊണ്ടിരുന്ന മൂന്നുപേരോടു സംസാരിക്കുകയായിരുന്നു ഞാൻ. അപ്പോൾ ഞങ്ങളുടെ സമീപം നിന്നു വളരെ താത്പര്യത്തോടെ ശ്രദ്ധിക്കുന്ന ഒരു ചെറു പയ്യനെ ഞാൻ ശ്രദ്ധിച്ചു. അവന്റെ താത്പര്യം കണ്ട് എന്റെ ശ്രദ്ധ ഞാൻ അവനിലേക്കു തിരിച്ചു. നല്ല ഒരു സാക്ഷ്യത്തിനുശേഷം സഭാ പുസ്തകാധ്യയനത്തിന് അവനെ ക്ഷണിച്ചു. അവൻ അധ്യയനത്തിനു ഹാജരായില്ല. എന്നാൽ, ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ അവൻ ഹാജരായി. അതിനുശേഷം ക്രമമായി യോഗങ്ങൾക്കു ഹാജരായി. അവൻ നല്ലവണ്ണം പുരോഗമിക്കുകയും സ്നാപനമേൽക്കുകയും ചെയ്തു, കൂടാതെ അനേക വർഷങ്ങളോളം അദ്ദേഹം ഭാര്യാസമേതം ഒരു സഞ്ചാര ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു.
എന്റെ ജോലിസ്ഥലത്തുവെച്ചു കണ്ടുമുട്ടിയ അർനാൾഡൊ ഓർസിയാണ് അടുത്തത്. ഞാൻ ക്രമമായി ഒരു സഹ പ്രവർത്തകനു സാക്ഷ്യം നൽകി, എന്നാൽ ദീക്ഷയുള്ള ഒരു ചെറുപ്പക്കാരൻ എല്ലായ്പോഴും നിശബ്ദം കേൾക്കുന്നതു ഞാൻ നിരീക്ഷിച്ചു. അതുകൊണ്ട് ഞാൻ അവനുമായി നേരിട്ടു സംസാരിക്കാൻ തുടങ്ങി. അവൻ ഒരു ഉറച്ച കത്തോലിക്കാ കുടുംബാംഗമായിരുന്നു, എന്നാൽ പുകവലി, അശ്ലീലചിത്രങ്ങൾ വീക്ഷിക്കൽ, ജൂഡോയിലെ ആയോധന കല അഭ്യസിക്കൽ എന്നിവ സംബന്ധിച്ച് അനേകം ചോദ്യങ്ങൾ ഉന്നയിച്ചു. ഇക്കാര്യത്തിൽ ബൈബിൾ എന്താണു പറയുന്നതെന്ന് ഞാൻ അവനെ കാണിച്ചു. അടുത്ത ദിവസം അവൻ എന്നെ വിളിപ്പിച്ചു, എന്റെ മുമ്പിൽവച്ച് അവന്റെ പൈപ്പും ലൈറ്ററും കുരിശും പൊട്ടിച്ചുകളയുകയും അശ്ലീല ചിത്രങ്ങൾ നശിപ്പിക്കുകയും താടിവടിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ ഞാൻ സന്തോഷാതിരേകത്താൽ സ്തബ്ധനായിപ്പോയി. നിമിഷങ്ങൾക്കുള്ളിൽ മാറ്റംവരുത്തിയ ഒരു മനുഷ്യൻ! അവൻ ജൂഡോ പഠനവും ഉപേക്ഷിച്ചുകളഞ്ഞു, എന്റെ കൂടെ ദിവസേന ബൈബിൾ പഠിക്കണമെന്നും അഭ്യർഥിച്ചു. ഭാര്യയുടെയും പിതാവിന്റെയും എതിർപ്പു വകവയ്ക്കാതെ തന്റെ സമീപം താമസിക്കുന്ന സഹോദരങ്ങളുടെ സഹായത്തോടെ അവൻ ആത്മീയമായി നല്ലവണ്ണം പുരോഗതി പ്രാപിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ അവൻ സ്നാപനമേൽക്കുകയും ഇപ്പോൾ ഒരു സഭാ മൂപ്പനായി സേവിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും സത്യം സ്വീകരിച്ചിരിക്കുന്നു.
രാജ്യസേവനത്തിൽ പങ്കുപറ്റുന്നു
എനിക്കു 14 വയസ്സുള്ളപ്പോൾ ഞാൻ ഒരു പരസ്യ കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങി, പരസ്യബോർഡുകൾ (signs) പെയിൻറു ചെയ്യുന്നതെങ്ങനെയെന്നു ഞാൻ പഠിച്ചത് ഇവിടെവച്ചാണ്. ഇതു വളരെ സഹായകമെന്നു തെളിഞ്ഞു. വർഷങ്ങളോളം പരസ്യ പ്രസംഗങ്ങളും യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകളും പ്രസിദ്ധമാക്കുന്ന പ്ലാക്കാർഡുകളും ബാനറുകളും സാവോ പൗലോയിൽ പെയിൻറു ചെയ്യാൻ അറിയാമായിരുന്ന ഏക സഹോദരൻ ഞാൻ മാത്രമായിരുന്നു. ഏതാണ്ട് 30 വർഷത്തോളം കൺവെൻഷൻ ചിഹ്നങ്ങൾ ഡിപ്പാർട്ടുമെൻറിന്റെ മേൽവിചാരകനായി സേവനമനുഷ്ഠിക്കുന്നതിനുള്ള പദവി എനിക്കു ലഭിച്ചിട്ടുണ്ട്. കൺവെൻഷനുകളിൽ സേവനമനുഷ്ഠിക്കാൻ ഞാൻ എന്റെ അവധികൾ എപ്പോഴും നീക്കിവെക്കുമായിരുന്നു, പരസ്യബോർഡുകൾ സമയത്തു പെയിൻറു ചെയ്തെടുക്കുന്നതിനുവേണ്ടി കൺവെൻഷൻ ഹാളിൽ ഉറങ്ങുകപോലും ചെയ്തിട്ടുണ്ട്.
സൊസൈറ്റിയുടെ സൗണ്ട് കാറിൽ വേല ചെയ്യുന്നതിനുള്ള സന്ദർഭവും എനിക്കു ലഭിച്ചു, അന്ന് അതൊരു നൂതനസംഭവമായിരുന്നു. ഞങ്ങൾ ബൈബിൾ പ്രസിദ്ധീകരണങ്ങൾ ഒരു സ്റ്റാൻഡിൽ വയ്ക്കും, റെക്കോർഡു ചെയ്തിട്ടുള്ള ഒരു സന്ദേശം സൗണ്ട് കാർ പ്രക്ഷേപണം ചെയ്യുമ്പോൾ സംഭവിക്കുന്നതെന്താണെന്നു കാണാൻ വീടിനു വെളിയിൽ വരുന്ന ജനങ്ങളോടു ഞങ്ങൾ സംസാരിക്കും; രാജ്യ സുവാർത്ത പ്രസിദ്ധപ്പെടുത്തുന്നതിനു ഞങ്ങൾ ഉപയോഗിച്ച മറ്റൊരു മാർഗം കൂടെ കൊണ്ടുനടക്കാവുന്ന ഗ്രാമഫോൺ ആയിരുന്നു. സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കാൻ ഉപയോഗിച്ചിരുന്ന റെക്കോർഡുകൾ ഇപ്പോഴും എന്റെ പക്കലുണ്ട്. തത്ഫലമായി അനേകം ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കുകയുണ്ടായി.
അന്നൊക്കെ സാവോ പൗലോയുടെ തെരുവുകളിൽ കത്തോലിക്കാ സഭ നീണ്ട ഘോഷയാത്രകൾ ഏർപ്പെടുത്തുമായിരുന്നു. ഗതാഗത തടസ്സം മാറ്റുന്നതിനുവേണ്ടി മിക്കപ്പോഴും അതിനു മുന്നിലായി കുറേ ആളുകളെയും അയയ്ക്കുമായിരുന്നു. ഒരു ഞായറാഴ്ച ഞാനും പിതാവും തെരുവിൽ വീക്ഷാഗോപുരവും ഉണരുക!യും സമർപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഒരു നീണ്ട ഘോഷയാത്ര ദൃശ്യമായി. പതിവുപോലെ പിതാവ് തൊപ്പി ധരിച്ചിട്ടുണ്ടായിരുന്നു. ഘോഷയാത്രയുടെ മുന്നിലുണ്ടായിരുന്നവരിൽ ഒരാൾ ഇങ്ങനെ ആക്രോശിച്ചു: “തൊപ്പി മാററൂ! ഘോഷയാത്ര വരുന്നതു കണ്ടുകൂടേ?” പിതാവു തൊപ്പി ഊരുന്നില്ലെന്നുകണ്ട് കൂടുതൽ ആളുകൾ വന്ന് ഞങ്ങളെ ഒരു കടയുടെ ജനലിലേക്ക് തള്ളിയിട്ട് ആകെ കോലാഹലം സൃഷ്ടിച്ചു. ഇത് ഒരു പൊലീസുകാരന്റെ ശ്രദ്ധയിൽപ്പെട്ടു, എന്താണു സംഭവിക്കുന്നതെന്നു കാണാൻ അദ്ദേഹം വന്നു. ആ മനുഷ്യരിലൊരാൾ അദ്ദേഹത്തോടു സംസാരിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ കൈയിൽ പിടിച്ചു. അയാളുടെ കയ്യിലടിച്ചുകൊണ്ട് പൊലീസുകാരൻ കൽപ്പിച്ചു: “താൻ യൂണിഫാറത്തിൽനിന്നു കയ്യെടുക്ക്!” അതിനുശേഷം, എന്താണു സംഭവിച്ചത് എന്ന് അദ്ദേഹം ചോദിച്ചു. ഘോഷയാത്രയെപ്രതി പിതാവ് തൊപ്പി ഊരുന്നില്ലെന്ന് അയാൾ വിശദീകരിച്ചു, ഒപ്പം ഇങ്ങനെയും കൂട്ടിച്ചേർത്തു: “ഞാനൊരു അപ്പോസ്തലിക റോമൻ കത്തോലിക്കനാണ്.” ഉത്തരം അപ്രതീക്ഷിതമായിരുന്നു: “എന്താ പറഞ്ഞേ, താനൊരു റോമനാണെന്നോ? എന്നാൽ റോമിലേക്കു തിരികെ പൊയ്ക്കോളൂ! ഇതു ബ്രസീലാണ്.” എന്നിട്ട് അദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞു ചോദിച്ചു: “ഇവിടെ ആരായിരുന്നു ആദ്യമുണ്ടായിരുന്നത്?” ഞങ്ങളായിരുന്നുവെന്നു പിതാവു മറുപടി പറഞ്ഞപ്പോൾ പൊലീസുകാരൻ ആ മനുഷ്യരെ അവിടെനിന്നയയ്ക്കുകയും ഞങ്ങളുടെ വേല തുടർന്നുകൊള്ളാൻ പറയുകയും ചെയ്തു. മുഴു ഘോഷയാത്രയും തീരുന്നതുവരെ അദ്ദേഹം ഞങ്ങളോടൊപ്പം നിന്നു—പിതാവിന്റെ തൊപ്പി തലയിലും!
ഇത്തരം സംഭവങ്ങൾ വിരളമായിരുന്നു. എന്നാൽ അവ സംഭവിച്ചപ്പോഴെല്ലാം, ന്യൂനപക്ഷത്തിനും കത്തോലിക്ക സഭയുടെ മുമ്പിൽ സാഷ്ടാംഗ നമസ്കാരം ചെയ്യാത്തവർക്കും നീതി നൽകുന്നതിൽ വിശ്വസിച്ചിരുന്നവർ ഉണ്ടായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞത് പ്രോത്സാഹജനകമായിരുന്നു.
മറ്റൊരു സന്ദർഭത്തിൽ ഞാൻ ഒരു കൗമാരപ്രായക്കാരനെ കണ്ടുമുട്ടി. അവൻ താത്പര്യം പ്രകടമാക്കുകയും തുടർന്നുവരുന്ന ആഴ്ചയിൽ മടങ്ങിച്ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തു. ഞാൻ മടങ്ങിച്ചെന്നപ്പോൾ അവൻ എന്നെ സവിനയം സ്വീകരിച്ച് ഉള്ളിലേക്കു വരാൻ അഭ്യർഥിച്ചു. യുവാക്കൻമാരുടെ ഒരു സംഘം എന്റെ ചുറ്റുമിരുന്ന് എന്നെ പരിഹസിക്കുകയും പ്രകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതു കണ്ട് ഞാൻ അതിശയിച്ചുപോയി! സാഹചര്യം കൂടുതൽ വഷളായി, അവരെന്നെ പെട്ടെന്നുതന്നെ ആക്രമിക്കുമെന്നു ഞാൻ വിചാരിച്ചു. എന്നെ ക്ഷണിച്ചവനോടു ഞാൻ, എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഏക ഉത്തരവാദി അവനായിരിക്കുമെന്നും ഞാൻ എവിടെയാണെന്ന് എന്റെ കുടുംബാംഗങ്ങൾക്ക് അറിയാമെന്നും പറഞ്ഞു. എന്നെ വിടാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു, അവർ സമ്മതിക്കുകയും ചെയ്തു. എന്നിരുന്നാലും, അവരിലാർക്കെങ്കിലും എന്നോട് ഒറ്റയ്ക്കു സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഞാൻ തയ്യാറാണെന്ന് പോകുന്നതിനുമുമ്പു ഞാൻ അവരോടു പറഞ്ഞു. ഇത്തരമൊരു യോഗത്തിനു പ്രദേശത്തെ പുരോഹിതൻ ക്രമീകരിച്ച മതഭ്രാന്തരുടെ ഒരു കൂട്ടമായിരുന്നു അതെന്നു പിന്നീട് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. അവരുടെ പിടിയിൽനിന്നു പുറത്തുപോന്നതിൽ എനിക്കു സന്തോഷംതോന്നി.
തുടക്കത്തിൽ ബ്രസീലിൽ പുരോഗതി സാവധാനം, മിക്കവാറും അവ്യക്തം ആയിരുന്നുവെന്നതു ശരിതന്നെ. “വളർത്തിയെടുക്കു”ന്നതിനോ തൊഴിലിന്റെ ഫലം “കൊയ്തെടുക്കുന്ന”തിനോ ഒട്ടുംതന്നെ സമയം ലഭിക്കാത്തവിധം ഞങ്ങൾ “നടുന്ന”തിന്റെ ആരംഭ ഘട്ടത്തിലായിരുന്നു. അപ്പോസ്തലനായ പൗലോസ് പറഞ്ഞകാര്യം ഞങ്ങൾ എപ്പോഴും അനുസ്മരിച്ചു: “ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു. ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.” (1 കൊരിന്ത്യർ 3:6, 7) 1945-ൽ ഗിലെയാദിലെ രണ്ടു ബിരുദധാരികൾ വന്നെത്തിയപ്പോൾ, ദീർഘകാലം പ്രതീക്ഷിച്ചിരുന്ന വർധനവിനു സമയമായെന്നു ഞങ്ങൾക്കു തോന്നി.
എതിർപ്പിൻമധ്യേ ധൈര്യം
എന്നിരുന്നാലും, എതിർപ്പില്ലാതെ വർധനവ് ഉണ്ടാകുമായിരുന്നില്ല, പ്രത്യേകിച്ചും യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയശേഷം. ആളുകൾ പൊതുവേയും അധികാരികളിൽ ചിലരും നമ്മുടെ നിഷ്പക്ഷ നിലപാടു സംബന്ധിച്ചു മനസ്സിലാക്കാഞ്ഞതിനാൽ നേരിട്ടുള്ള പീഡനവും ഉണ്ടായിരുന്നു. 1940-ൽ ഒരു സന്ദർഭത്തിൽ, സാവോ പൗലോയുടെ ഹൃദയമധ്യേ പ്ലാക്കാർഡുകളുമായി ഞങ്ങൾ തെരുവുവേല ചെയ്തുകൊണ്ടിരുന്നപ്പോൾ ഒരു പൊലീസുകാരൻ പുറകിൽനിന്നുവന്ന് പ്ലാക്കാർഡ് വലിച്ചു കീറിയശേഷം പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകാനായി എന്റെ കൈയിൽ കടന്നുപിടിച്ചു. ഞാൻ പിതാവ് എവിടെയെന്നു ചുറ്റുപാടും പരതി, എന്നാൽ അദ്ദേഹത്തിന്റെ പൊടിപോലുമില്ലായിരുന്നു അവിടെ. അദ്ദേഹത്തെയും ബ്രസീലിലെ വേലയുടെ മേൽനോട്ടം വഹിച്ചിരുന്ന ഴൂലി സഹോദരനുൾപ്പെടെ മറ്റു പല സഹോദരീസഹോദരൻമാരെയും പൊലീസ് സ്റ്റേഷനിലേക്കു നേരത്തെതന്നെ കൊണ്ടുപോയകാര്യം ഞാനറിഞ്ഞിരുന്നില്ല. ആദ്യത്തെ ഖണ്ഡികയിൽ സൂചിപ്പിച്ചപോലെ അവിടെവച്ചാണ് ഞാൻ പിതാവിനെ വീണ്ടും കണ്ടുമുട്ടുന്നത്.
ഞാൻ മൈനറായിരുന്നതിനാൽ എന്നെ തടവിൽവയ്ക്കാൻ കഴിയുമായിരുന്നില്ല. തൻമൂലം എന്നെ ഉടൻതന്നെ ഒരു പൊലീസുകാരൻ വീട്ടിൽ കൊണ്ടുപോയി അമ്മയെ ഏൽപ്പിച്ചു. അന്നു വൈകുന്നേരംതന്നെ സഹോദരിമാരെയും വിട്ടയച്ചു. പിന്നീട്, ഴൂലി സഹോദരനെയൊഴികെ മറ്റു സഹോദരൻമാരെയെല്ലാം, ഏതാണ്ടു പത്തുപേരെ, വിട്ടയയ്ക്കാൻ പൊലീസ് നിശ്ചയിച്ചു. എന്നിരുന്നാലും, സഹോദരൻമാർ നിർബന്ധം പിടിച്ചു: “ഒന്നുകിൽ ഞങ്ങളെയെല്ലാവരെയും വിടുക അല്ലെങ്കിൽ ആരെയും വിടേണ്ട.” പൊലീസുകാർ വഴങ്ങിയില്ല, അതുകൊണ്ട് എല്ലാവരും തണുപ്പുള്ള ഒരു മുറിയിൽ സിമൻറു തറയിൽ ഒരു രാത്രിമുഴുവൻ ചെലവഴിച്ചു. പിറ്റേന്ന് യാതൊരു നിബന്ധനയുമില്ലാതെ സകലരെയും വിട്ടയച്ചു. പ്ലാക്കാർഡുകളുമേന്തി സാക്ഷ്യം നൽകുന്നതിന്റെ പേരിൽ പല പ്രാവശ്യം സഹോദരങ്ങളെ അറസ്റ്റുചെയ്യുകയുണ്ടായി. അതിലുള്ള ചിഹ്നങ്ങൾ ഒരു പരസ്യപ്രസംഗത്തെപ്പറ്റിയും ഫാസിസമോ സ്വാതന്ത്ര്യമോ എന്ന ശീർഷകത്തിലുള്ള ഒരു ചെറുപുസ്തകത്തെപ്പറ്റിയും അറിയിപ്പുനൽകിയിരുന്നു. ഞങ്ങൾ ഫാസിസ അനുകൂലികളാണെന്നു ചില അധികാരികൾ ധരിച്ചു, അതു സ്വാഭാവികമായും തെറ്റിദ്ധാരണയ്ക്കു വഴിയൊരുക്കി.
നിർബന്ധിത സൈനികസേവനവും ചെറുപ്പക്കാരായ സഹോദരങ്ങൾക്കു വെല്ലുവിളി ഉയർത്തി. 1948-ൽ ബ്രസീലിൽ ഈ വാദവിഷയത്തെപ്രതി ആദ്യം ജയിലിലാക്കപ്പെട്ടതു ഞാനാണ്. എന്റെ കാര്യത്തിൽ എന്തുചെയ്യണമെന്ന് അധികാരികൾക്ക് ഒരെത്തുംപിടിയുമില്ലായിരുന്നു. കസപാവയിലുള്ള സൈനികത്താവളത്തിലേക്ക് എന്നെ സ്ഥലംമാറ്റി. അവിടെ പച്ചക്കറികൾ നടുന്നതിനും സംരക്ഷിക്കുന്നതിനും ഉദ്യോഗസ്ഥൻമാർ കളരിപ്പയറ്റിന് ഉപയോഗിച്ച മുറി വൃത്തിയാക്കുന്നതിനും എന്നെ നിയോഗിച്ചു. അവർക്കു സാക്ഷ്യം നൽകുന്നതിനും പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കുന്നതിനും എനിക്ക് അനേക അവസരങ്ങൾ ലഭിച്ചിരുന്നു. സൊസൈറ്റിയുടെ പുസ്തകമായ ചിൽഡ്രൻ ആദ്യമായി സ്വീകരിച്ചത് മേലുദ്യോഗസ്ഥനായിരുന്നു. പിന്നീട്, ശാരീരിക അഭ്യാസം നടത്താൻ കഴിയാത്തവരും മുറിയിലൊതുങ്ങിക്കൂടിയവരുമായ 30-ഓ 40-ഓ പടയാളികൾക്കു മതപരമായ ക്ലാസുകൾ എടുക്കുന്നതിനുപോലും എന്നെ നിയോഗിക്കുകയുണ്ടായി. ഒടുവിൽ, പത്തുമാസം ജയിലിൽ കഴിഞ്ഞശേഷം എന്നെ വിചാരണചെയ്തു വിട്ടയച്ചു. ചില ആളുകളിൽനിന്നുള്ള ഭീഷണികൾ, മാനഹാനി, പരിഹാസം എന്നിവ നേരിടുന്നതിനുള്ള ബലം നൽകിയ യഹോവയോട് എനിക്കു കൃതജ്ഞത തോന്നുന്നു.
വിശ്വസ്തയും സത്യസന്ധയുമായ സഹായി
1951 ജൂൺ 2-ന് ഞാൻ ബാർബറയെ വിവാഹം കഴിച്ചു. അന്നുമുതൽ ഞങ്ങളുടെ കുട്ടികളെ “കർത്താവിന്റെ [“യഹോവയുടെ,” NW] ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” വിദ്യാഭ്യാസം നൽകി വളർത്തിയെടുക്കുന്നതിൽ അവൾ സത്യസന്ധയും വിശ്വസ്തയുമായ സുഹൃത്തായിരുന്നു. (എഫെസ്യർ 6:4) ഞങ്ങളുടെ അഞ്ചു മക്കളിൽ നാലുപേർ വ്യത്യസ്ത നിലകളിൽ യഹോവയെ സന്തോഷപൂർവം സേവിക്കുകയാണ്. ഞങ്ങളോടൊപ്പം അവർ സത്യത്തിൽ സ്ഥിരോത്സാഹം കാണിക്കുകയും സ്ഥാപനത്തിന്റെയും ചെയ്തുകൊണ്ടിരിക്കുന്ന വേലയുടെയും പുരോഗതിക്കായി സംഭാവന നൽകുകയും ചെയ്യുമെന്നാണു ഞങ്ങളുടെ പ്രത്യാശ. ഇതോടൊപ്പമുള്ള ഫോട്ടോയിൽ കാണുന്ന കുടുംബാംഗങ്ങൾ, കയ്യിലിരിക്കുന്ന കുട്ടിയൊഴികെ, യഹോവയുടെ സമർപ്പിത ദാസൻമാരാണ്. നാലുപേർ മൂപ്പൻമാരും അവരിൽ രണ്ടുപേർ നിരന്തര പയനിയർമാരുമാണ്. ഇത്, “മക്കളുടെ മക്കൾ വൃദ്ധൻമാർക്കു കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പൻമാർതന്നേ” എന്നു സദൃശവാക്യങ്ങൾ 17:6-ൽ പറഞ്ഞിരിക്കുന്നതിന്റെ വിശ്വാസ്യത തെളിയിക്കുന്നു.
ഇപ്പോൾ 68-ാം വയസ്സിൽ എന്റെ ആരോഗ്യനില അത്ര മെച്ചമല്ല. 1991-ൽ ഞാൻ ഒരു ട്രിപ്പിൾ ബൈപാസ് ഓപ്പറേഷനും പിന്നീട് അഞ്ചിയോപ്ലാസ്റ്റിനും വിധേയനായി. എന്നിരുന്നാലും, ഇവിടെ സാവോ പൗലോ ഡൊ കാമ്പോയിൽ വേലയ്ക്ക് തുടക്കം കുറിച്ച എന്റെ പിതാവിന്റെ കാലടികൾ പിന്തുടർന്നുകൊണ്ട് ഒരു സഭയിൽ അധ്യക്ഷ മേൽവിചാരകനായി തുടർന്നു സേവനമനുഷ്ഠിക്കാൻ എനിക്കു കഴിയുന്നതിൽ ഞാൻ സന്തുഷ്ടനാണ്. യഹോവയുടെ സ്ഥാപിത മിശിഹൈക രാജ്യത്തെക്കുറിച്ചു പ്രഖ്യാപിക്കുന്നതിനുള്ള പദവി ലഭിച്ച, ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത വേലയിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ച, നമ്മുടെ തലമുറ വാസ്തവത്തിൽ അനന്യമാണ്. അതുകൊണ്ട്, പൗലോസ് തിമോത്തിക്കു നൽകിയ പിൻവരുന്ന വാക്കുകൾ നാമൊരിക്കലും മറന്നുകളയരുത്: “നീയോ . . . സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.”—2 തിമൊഥെയൊസ് 4:5.
[23-ാം പേജിലെ ചിത്രം]
എന്റെ മാതാപിതാക്കൾ, എസ്റ്റെഫാനൊ മഗ്ലോവ്സ്കിയും ഴുലിയാന മഗ്ലോവ്സ്കിയും
[26-ാം പേജിലെ ചിത്രം]
ഴൂസും ബാർബറയും യഹോവയുടെ സമർപ്പിത ദാസൻമാരായ കുടുംബാംഗങ്ങളോടൊപ്പം