രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ആഫ്രിക്കയിൽ ഇളംപ്രായക്കാർ സുവാർത്ത പ്രഖ്യാപിക്കുന്നു
യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം അധികം നാളായിരുന്നില്ല, ഒരു ആഫ്രിക്കക്കാരൻ യെരുശലേം സന്ദർശിക്കുകയായിരുന്നു. ബൈബിൾ അദ്ദേഹത്തിന്റെ പേരു നൽകുന്നില്ല. “കന്ദക്ക എന്ന ഐത്യോപ്യരാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരകനു”മായിരുന്നുവെന്ന അറിവേ നമുക്ക് അദ്ദേഹത്തെക്കുറിച്ചുള്ളു. ബൈബിളിൽ അയാളെ പരാമർശിച്ചിരിക്കുന്നത് എന്തുകൊണ്ട്? അദ്ദേഹത്തോടു “യേശുവിനെക്കുറിച്ചുള്ള സുവിശേഷം” അറിയിക്കാൻ ഒരു ദൂതൻ ക്രിസ്തീയ സുവിശേഷകനായ ഫിലിപ്പോസിനോടു നിർദേശിച്ചു എന്നതാണു കാരണം. ക്രിസ്തീയ സഭയിൽ അംഗമായെന്നു രേഖപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ ആഫ്രിക്കക്കാരൻ ഈ എത്യോപ്യനാണ്.—പ്രവൃത്തികൾ 8:26-39.
ഇന്ന്, ആഫ്രിക്കയിൽ ലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികളുണ്ട്. യേശുവിനെക്കുറിച്ചുള്ള സുവാർത്ത മററുള്ളവരുമായി പങ്കുവെക്കാൻ അവർ സകല സന്ദർഭങ്ങളും ഉപയോഗപ്പെടുത്തുന്നു. ഇതു നിർവഹിക്കുന്നതിൽ ആഫ്രിക്കയിലെ ഇളംപ്രായക്കാർക്കുപോലും ഒരു പങ്കുണ്ടെന്നു പ്രകടമാക്കുന്നതാണു പിൻവരുന്ന അനുഭവങ്ങൾ.
◻ കെനിയയിലെ നൈറോബിയിലുള്ള 11 വയസ്സുള്ള രണ്ടു പെൺകുട്ടികളാണ് സാൻറിയും പ്രിയയും. രണ്ടുപേരും അയൽക്കാർ. ഒരുമിച്ചു കളിക്കുന്നതും കഥാപുസ്തകങ്ങൾ കൈമാറുന്നതുമെല്ലാം അവർക്കിഷ്ടമായിരുന്നു. അങ്ങനെയിരിക്കെ, പ്രിയയുടെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാനാരംഭിച്ചു. ഇപ്പോൾ പ്രിയയുടെ പുസ്തകശേഖരത്തോടൊപ്പം വെക്കാൻ കുറച്ചു പുതിയ പുസ്തകങ്ങൾകൂടിയായി. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ എന്ന പുസ്തകമായിരുന്നു അതിലൊന്ന്. ഇത് അവൾക്കു വിശേഷിച്ചും ഇഷ്ടപ്പെട്ട പുസ്തകമായിത്തീർന്നു. അവൾ ഈ മഹദ്ഗുരു പുസ്തകം കൂട്ടുകാരിയായ സാൻറിക്കു കൊടുത്തു. ആ രണ്ടു പെൺകുട്ടികളും അതു നിരന്തരം പഠിക്കാൻ തുടങ്ങി.
എന്നിരുന്നാലും, ആംഗ്ലിക്കൻ സഭയിൽ പൊയ്ക്കൊണ്ടിരിക്കുകയായിരുന്ന സാൻറിയുടെ അമ്മ യൂനയ്ക്കു മകൾ ഇങ്ങനെ യഹോവയുടെ സാക്ഷികളുടെ പുസ്തകങ്ങൾ വായിക്കുന്നത് ഇഷ്ടമായില്ല. അമ്മയുടെ എതിർപ്പുണ്ടായിരുന്നിട്ടും പഠനം തുടർന്നു. ഒററപ്രാവശ്യമെങ്കിലും തങ്ങളുടെ ചർച്ച ഒന്നു ശ്രദ്ധിച്ചുകൂടേ എന്നു സാൻറി മമ്മിയോടു കേണപേക്ഷിച്ചു. “ജൻമദിനം ആഘോഷിച്ച രണ്ടു മനുഷ്യർ” എന്ന ശീർഷകത്തിലുള്ള അധ്യായമായിരുന്നു അന്ന് ആ പെൺകുട്ടികൾ വായിച്ചത്. അതു ശ്രദ്ധിച്ച യൂനയ്ക്കു നല്ല മതിപ്പുതോന്നി. അവർ ഉടനെ കുറെ ബൈബിൾചോദ്യങ്ങളുമായി പ്രിയയുടെ അമ്മയെ സമീപിച്ചു.
യൂനയുമായി ഒരു ബൈബിളധ്യയനം തുടങ്ങാൻ പ്രിയയുടെ അമ്മ ഒരു സാക്ഷിയെ ഏർപ്പാടാക്കി. താമസിയാതെ യൂനയും താൻ പഠിക്കുന്ന സംഗതികൾ തന്റെ സഹപ്രവർത്തക ഡോളിയുമായി പങ്കുവെക്കാൻ തുടങ്ങി. അതിനിടെ, പുരോഗതി നേടുകയായിരുന്ന 11 വയസ്സുകാരി പ്രിയ യഹോവയുടെ സാക്ഷികളുടെ ഒരു ഡിസ്ട്രിക്ററ് കൺവെൻഷനിൽ യഹോവക്കുള്ള തന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്താൻ തീരുമാനിച്ചു. അതേ കൺവെൻഷനിൽത്തന്നെ യൂനയും ഡോളിയും സ്നാപനമേററപ്പോൾ അതു പ്രിയയ്ക്ക് എന്തൊരാഹ്ലാദമായിരുന്നിരിക്കണം!
◻ യഹോവയുടെ സാക്ഷികളുടെ വേല രജിസ്ററർ ചെയ്തിട്ടില്ലാത്ത ചില ആഫ്രിക്കൻ രാജ്യങ്ങളുണ്ട്. അത്തരം ഒരു രാജ്യത്ത്, സാക്ഷികളുടെ മതപരമായ പ്രവർത്തനങ്ങളോടും വിശ്വാസങ്ങളോടും പൊതുവേ സഹിഷ്ണുതാ മനോഭാവമുണ്ട്. ആ രാജ്യത്തെ ഒരു സ്കൂളിൽ, യഹോവയുടെ സാക്ഷികളുടെ കുട്ടികളായ ഒരു ഏഴു വയസ്സുകാരനും അവന്റെ അനുജൻ ആറു വയസ്സുകാരനും മതപരമായ പ്രാർഥനകൾ നടക്കുന്ന സമയത്ത് അവയിൽനിന്നു വിട്ടുനിൽക്കാനുള്ള അനുവാദം കിട്ടി.
ഒരു ദിവസം ഈ കുട്ടികൾ മററു കുട്ടികളോടൊപ്പം പ്രാർഥനയിൽ പങ്കെടുക്കണമെന്ന് ഒരു പുതിയ അധ്യാപകൻ ആവശ്യപ്പെട്ടു. മൂത്തകുട്ടി അതു ചെയ്യാൻ വിസമ്മതിച്ചപ്പോൾ അധ്യാപകൻ അവനെ തല്ലി. അവന്റെ അനുജൻ ആറു വയസ്സുകാരൻ ശദ്രക്ക് ഓഫീസിൽ ചെന്ന് ഹെഡ്മാസ്റററെ കാണണമെന്നു നിർബന്ധം പിടിച്ചു. മററുള്ളവരോടൊപ്പം ചേരാനിഷ്ടമില്ലാത്തത് എന്തുകൊണ്ടാണെന്നു ഹെഡ്മാസ്റററും പുതിയ അധ്യാപകനും അവനോടു ചോദിച്ചു. മാതാപിതാക്കൾ തല്ലുമെന്ന ഭയംകൊണ്ടാണോ എന്ന് അവർ ചോദിച്ചു. തെററില്ലാത്ത അറബി ഭാഷയിൽ അവൻ ഉത്തരം പറഞ്ഞു: “അല്ല, ഞാൻ ആരാധിക്കുന്ന ദൈവം കലക്കത്തിന്റെയല്ല, ക്രമത്തിന്റെ ദൈവമാണ്. വീട്ടിൽ ഒരു യഹോവയുടെ സാക്ഷിയും സ്കൂളിൽ മറെറാരു മതക്കാരനുമായിരിക്കാൻ എനിക്കാവില്ല!” അതിന്റെ ഫലമായി, അവന് അതിൽനിന്നു വിടുതൽ ലഭിച്ചു.
പ്രവൃത്തികളുടെ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന എത്യോപ്യക്കാരൻ സ്നാപനമേററശേഷം “സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.” (പ്രവൃത്തികൾ 8:39) അതുപോലെ, ഇന്ന് ആഫ്രിക്ക എന്ന വിസ്തൃതമായ ഭൂഖണ്ഡത്തിലെ രാജ്യപ്രഘോഷകർ “യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയി”ക്കുന്നതിനുള്ള തങ്ങളുടെ പദവിയിൽ ആഹ്ലാദിക്കുകയാണ്.—പ്രവൃത്തികൾ 8:35.