നിങ്ങളുടെ ബിസിനസ്സിനു നിങ്ങൾ എന്തു വിലയൊടുക്കേണ്ടിവരും?
ഒരു തെക്കേ അമേരിക്കൻ രാജ്യത്തെ പ്രസിഡൻറിന്റെ ഭാര്യ തന്റെ കുടുംബാംഗങ്ങളുടെ പേരിലുണ്ടെന്നു പറഞ്ഞിരുന്ന, വ്യാജവ്യവസായ സ്ഥാപനങ്ങളിലേക്കു കരാറുകളിലൂടെ ലക്ഷക്കണക്കിനു ഡോളർ തട്ടിയെടുത്തുവെന്നു കുററം ചുമത്തപ്പെട്ടു. ഇന്ത്യയിൽ 38 വയസ്സുള്ള ഒരു ഓഹരി ഇടപാടുകാരനെ അദ്ദേഹത്തിന്റെ ആഡംബര വസതിയിൽനിന്ന് അറസ്ററുചെയ്തു കൊണ്ടുപോയി. 29 കാറുകളുണ്ടായിരുന്ന അദ്ദേഹത്തെ 160 കോടി ഡോളറിന്റെ ബാങ്കിംഗ്, സ്റേറാക്ക് മാർക്കററ് കുംഭകോണത്തിൽ പ്രതിയെന്ന് ആരോപിച്ചായിരുന്നു അറസ്ററു ചെയ്തത്. ഫിലിപ്പീൻസിലെ ഒരു ദ്വീപിൽ ആയിരക്കണക്കിനാളുകൾ നിയമവിരുദ്ധമായി കൈത്തോക്കു നിർമിക്കുന്നതു തങ്ങളുടെ ഉപജീവനമാർഗമാക്കിയിരിക്കുന്നു. നല്ല വരുമാനമുള്ള ഈ വ്യവസായത്തിൽ തുടരാൻ അവർ ഉദ്യോഗസ്ഥൻമാർക്കു സ്ഥിരമായി കൈക്കൂലി കൊടുത്ത് അവരുടെ ശല്യമൊഴിവാക്കുന്നുവെന്നാണ് റിപ്പോർട്ട്.
അതേ, ബിസിനസ്സിൽ സത്യസന്ധതയില്ലായ്മയും തട്ടിപ്പും ലോകത്തെവിടെയും നടമാടുകയാണ്. പലപ്പോഴും അത് ആളുകൾക്കു പണംമാത്രമല്ല, സ്ഥാനമാനങ്ങൾകൂടി നഷ്ടപ്പെടുത്തുന്നു.
നിങ്ങളുടെ കാര്യമോ? നിങ്ങൾ എന്തെങ്കിലും ബിസിനസ്സ് നടത്തുന്നുണ്ടോ? അല്ലെങ്കിൽ ഒരു ബിസിനസ്സ് തുടങ്ങാൻ നിങ്ങൾ പരിപാടിയിടുകയാണോ? അതു മുഖാന്തരം നിങ്ങൾക്കെന്തെല്ലാം നഷ്ടമാകും? ബിസിനസ്സിലിറങ്ങിയാൽ എന്തെങ്കിലുമൊക്കെ നഷ്ടമാവും. അത് ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ അത് അവശ്യം മോശമാണെന്നല്ല. എങ്കിലും, ബിസിനസ്സിനുള്ള സംരംഭങ്ങളിലേർപ്പെടുംമുമ്പ്, അഥവാ ഇപ്പോൾത്തന്നെ നടത്തിക്കൊണ്ടിരിക്കുന്ന ഒന്നിനെക്കുറിച്ച് ഒരു തീരുമാനമെടുക്കുന്നതിനുമുമ്പ്, അതിന്റെ വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കുന്നതു ജ്ഞാനമാണ്. (ലൂക്കൊസ് 14:28) നിങ്ങൾ പരിചിന്തിക്കാൻ ആഗ്രഹിക്കുന്ന ചില നഷ്ടങ്ങൾ പ്രകടമാക്കുന്നതാണു 31-ാം പേജിലെ ചതുരം.
വ്യക്തമായും, ബിസിനസ്സ് നടത്തിക്കൊണ്ടുപോകുന്നത് നിസ്സാരസംഗതിയല്ല. ഒരു ക്രിസ്ത്യാനിക്ക് ആത്മീയവും ധാർമികവുമായ കടമകളെക്കുറിച്ചു ചിന്തിക്കേണ്ടതുണ്ട്. നിങ്ങൾക്കു നഷ്ടം നേരിട്ട് ആത്മീയമായി സമനിലയിൽ നിൽക്കാനാവുമോ? ചില നഷ്ടങ്ങൾ നിങ്ങൾക്കു ധാർമികമായി ഏറെറടുക്കാൻ കഴിയുന്നതിനപ്പുറമാണോ? ഏതു നഷ്ടങ്ങൾ സഹിക്കാം, ഏതെല്ലാം സഹിക്കാനാവില്ല എന്നു നിർണയിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില തത്ത്വങ്ങൾ എന്തെല്ലാം?
ധനത്തെ അതിന്റെ സ്ഥാനത്തു നിർത്തുക
ഒരു ബിസിനസ്സ് നടത്തിക്കൊണ്ടുപോകാൻ പണം ആവശ്യമാണ്. ഒരുവന്റെ കുടുംബം പുലർത്താൻ ആവശ്യമായ പണം ബിസിനസ്സിലൂടെ കിട്ടുമെന്നാണു പ്രതീക്ഷ. എന്നുവരികിലും, പണംവന്നുചേരുന്നതോടെ ലക്ഷ്യങ്ങൾ എളുപ്പം കാടുകയറിയെന്നുവരാം. അത്യാഗ്രഹം രംഗത്തുവന്നേക്കാം. അനേകരെ സംബന്ധിച്ചും പണത്തിന്റെ കാര്യംവരുമ്പോൾ മറെറന്തും പിന്നെ രണ്ടാം സ്ഥാനത്താണ്. എങ്കിലും ഇക്കാര്യത്തിൽ ആഗൂർ സമനിലയുള്ള ഒരു വീക്ഷണഗതി പ്രകടിപ്പിച്ചു. സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകത്തിന്റെ ഒരു എഴുത്തുകാരനായ അദ്ദേഹം പറഞ്ഞു: “ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.” (സദൃശവാക്യങ്ങൾ 30:8) കഴിഞ്ഞുകൂടാൻ ആവശ്യമായ ലാഭത്തിൽ തൃപ്തിപ്പെടുന്നതിന്റെ മൂല്യം അദ്ദേഹം തിരിച്ചറിഞ്ഞു. ബിസിനസ്സിൽ ചിലർ പറയുന്നതുപോലെ, “ഒരു തകർപ്പൻ കൊയ്ത്തുനടത്താ”ൻ അദ്ദേഹത്തിന് ആഗ്രഹമില്ലായിരുന്നു.
എങ്കിലും, സുവർണാവസരങ്ങൾ എന്നു വിളിക്കപ്പെടുന്നവ കാണുമ്പോൾ അത്യാഗ്രഹംനിമിത്തം ഈ തത്ത്വമൊക്കെ മറന്നുപോയെന്നു വരും. ഒരു വികസ്വരരാജ്യത്തെ യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാര ശുശ്രൂഷകൻ അത്തരമൊരു സംഭവം റിപ്പോർട്ടു ചെയ്തു. മൂലധനനിക്ഷേപം ആവശ്യമുണ്ടായിരുന്ന ഒരു കമ്പനി നിക്ഷേപകർക്കു പെട്ടെന്നുതന്നെ, ഒരുപക്ഷേ കേവലം മാസങ്ങൾക്കുള്ളിൽത്തന്നെ, പണം ഇരട്ടിപ്പിക്കാമെന്ന പ്രതീതിയുണ്ടാക്കി. അനായാസം പണമുണ്ടാക്കാമെന്ന ഈ വാഗ്ദാനം നിമിത്തം അനേകർ പണം നിക്ഷേപിച്ചു. സഞ്ചാര ശുശ്രൂഷകൻ പറയുന്നു: “ചിലർ ഇടംവലംനോക്കാതെ അതിലേക്ക് എടുത്തുചാടി. അവർ വേണ്ടത്ര വിവരങ്ങളൊന്നും അന്വേഷിച്ചറിഞ്ഞില്ല, കടംവാങ്ങി [നിക്ഷേപിച്ചു].”
ഇതിൽനിന്നു തികച്ചും വ്യത്യസ്തമായി രണ്ടു വ്യക്തികൾ നിക്ഷേപം നടത്തുന്നതിനുമുമ്പു കമ്പനി ഓഫീസിനെക്കുറിച്ച് അന്വേഷിക്കാൻ പോയി. നിർമാണ സ്ഥലങ്ങൾ കാണണമെന്ന അവരുടെ അഭ്യർഥന നിരാകരിക്കപ്പെട്ടു. അതോടെ കമ്പനിയുടെ വിശ്വാസ്യതയിൽ അവർക്കു സംശയമായി. അതു വാസ്തവത്തിൽ അവർക്ക് ഒരു സംരക്ഷണമായി, കാരണം പ്രത്യക്ഷത്തിൽത്തന്നെ തട്ടിപ്പാണെന്നു തോന്നിയിരുന്ന ആ പദ്ധതിയുടെ കള്ളത്തരം ഏതാനും ആഴ്ചകൾക്കുള്ളിൽ വെളിച്ചത്താവുകയും അതിന്റെ ആളുകളെ അറസ്ററു ചെയ്യുകയും ചെയ്തു. ആദ്യം അന്വേഷിക്കാഞ്ഞവർക്ക് ഇത് എന്തു നഷ്ടം വരുത്തിയെന്ന് ആലോചിക്കുക. പണംമാത്രമല്ല, ഒരുപക്ഷേ സുഹൃത്തുക്കളെപ്പോലും അവർക്കു നഷ്ടമായിരിക്കാം. കാരണം പദ്ധതി പൊളിഞ്ഞതോടെ അവർ പണം കടംകൊടുത്ത സുഹൃത്തുക്കൾക്ക് അതു തിരിച്ചുകൊടുക്കാനാവാത്ത ഗതിയിലായിട്ടുണ്ടാവാം. പണമിടപാടുകളിൽ, സദൃശവാക്യങ്ങൾ 22:3-ലെ തത്ത്വം ബാധകമാക്കുന്നത് എന്തൊരു ജ്ഞാനമാണ്: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ [“അനുഭവപരിചയമില്ലാത്തവരോ,” NW] നേരെ ചെന്നു ചേതപ്പെടുന്നു”!
വാക്കു പാലിക്കുക
ബിസിനസ്സ് നഷ്ടത്തിലോടാൻ തുടങ്ങുന്നെങ്കിലോ? തനിക്കു ഗുണമില്ലെങ്കിലും താൻ സമ്മതിച്ചിരിക്കുന്ന സംഗതികളോടു പററിനിൽക്കുന്ന ഒരു വ്യക്തിയെ സങ്കീർത്തനം 15:4 പ്രശംസിക്കുന്നു: “സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ.” എല്ലാം നല്ല രീതിയിൽ നടക്കുമ്പോൾ വാക്കു പാലിക്കുക എളുപ്പമാണ്. എന്നാൽ സാമ്പത്തികമായി, അത് ഒരുവനെ പ്രതികൂലമായി ബാധിക്കുമ്പോൾ വാക്കുപാലിക്കുന്നതു നിർമലതയുടെ ഒരു പരിശോധനയായിത്തീരുന്നു.
യോശുവായുടെ കാലത്തെ ബൈബിൾപരമായ ഒരു ദൃഷ്ടാന്തം അനുസ്മരിക്കുക. തങ്ങളെ നശിപ്പിക്കാതിരിക്കത്തക്കവണ്ണം ഗിബെയോൻ നിവാസികൾ ഇസ്രായേൽ പ്രഭുക്കൻമാരെ ഉപായരൂപേണ ഉടമ്പടിയിലാക്കി. വാസ്തവത്തിൽ, ഇസ്രായേലിന് ഒരു ഭീഷണിയായി കരുതിയിരുന്ന ഒരു ജനതയുടെ ഭാഗമായിരുന്നു അവർ. കള്ളി വെളിച്ചത്തായപ്പോൾ “സഭയിലെ പ്രഭുക്കൻമാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല.” (യോശുവ 9:18) ഇക്കൂട്ടർ ശത്രുപക്ഷക്കാർ ആയിരുന്നിട്ടുപോലും പ്രഭുക്കൻമാർക്കു വാക്കുപാലിക്കുന്നതു പ്രാധാന്യമുള്ളതായി തോന്നി. ഇതിൽ യഹോവ സന്തോഷിച്ചുവെന്നാണു തുടർന്നുള്ള സംഭവങ്ങൾ പ്രകടമാക്കുന്നത്.—യോശുവ 10:6-11.
നിങ്ങൾ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നീങ്ങുന്നില്ലെങ്കിൽപ്പോലും ബിസിനസ്സിൽ നിങ്ങൾ സമ്മതിച്ചിട്ടുള്ള കാര്യങ്ങളോടും കരാറുകളോടും നിങ്ങൾ പററിനിൽക്കുമോ?a അങ്ങനെ ചെയ്യുന്നെങ്കിൽ, അതു നിങ്ങളെ കൂടുതലായി യഹോവയെപ്പോലെയാക്കും. എല്ലായ്പോഴും വാക്കുപാലിക്കുന്നവനാണു യഹോവ.—യെശയ്യാവു 55:11.
സത്യസന്ധനായിരിക്കുക
ഇന്നത്തെ ബിസിനസ്സ് ലോകത്തിൽ സത്യസന്ധതയ്ക്കു വംശനാശം സംഭവിച്ചിട്ടില്ലെങ്കിലും അത് ഏതാണ്ട് അത്തരമൊരു ഭീഷണിയെ നേരിടുകയാണ്. നിങ്ങളുടേതുപോലുള്ള ബിസിനസ്സ് നടത്തുന്നവർ തങ്ങളുടെ സമ്പാദ്യം വർധിപ്പിക്കാൻ വഞ്ചനാപരമായ മാർഗങ്ങൾ അവലംബിച്ചെന്നുവരാം. അവരുടെ പരസ്യങ്ങൾ തട്ടിപ്പാകാം. അവരുടെ ഉത്പന്നങ്ങൾക്കു മററു കമ്പനികളുടെ പേർ അടിച്ചുവിട്ടേക്കാം. അല്ലെങ്കിൽ ഗുണംകുറഞ്ഞ ഒരു ഉത്പന്നത്തെ ഗുണമേൻമയുള്ളതായി അവതരിപ്പിച്ചേക്കാം. ഇതെല്ലാം സത്യസന്ധതയില്ലായ്മയുടെ രൂപങ്ങളാണ്. ആസാഫ് പറയുന്നതുപോലെ, അത്തരം കാര്യങ്ങൾ ചെയ്യുന്നവർ വ്യക്തമായും തട്ടിപ്പു മാർഗങ്ങളിലൂടെ “സമ്പത്തു വർദ്ധിപ്പി”ക്കുന്ന “ദുഷ്ടൻമാ”രെപ്പോലെയാണ്.—സങ്കീർത്തനം 73:12.
ഒരു ക്രിസ്ത്യാനിയായ നിങ്ങൾ നിയമവിരുദ്ധ മാർഗങ്ങൾ അവലംബിക്കുമോ? അല്ലെങ്കിൽ, “ഞങ്ങൾ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തീട്ടില്ല; ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല”; “ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗി”ച്ചിട്ടില്ല; “രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു” എന്നിങ്ങനെയുള്ള ബൈബിൾതത്ത്വങ്ങളാൽ നയിക്കപ്പെടുമോ? (2 കൊരിന്ത്യർ 4:2; 7:2; സദൃശവാക്യങ്ങൾ 20:23) ഓർക്കുക, സത്യസന്ധതയില്ലായ്മയുടെ കാരണഭൂതൻ ‘നുണയുടെ പിതാവായ’ പിശാചായ സാത്താനല്ലാതെ മററാരുമല്ല.—യോഹന്നാൻ 8:44, NW.
‘മററുള്ളവർ ചെയ്യുന്നതുപോലെ തട്ടിപ്പു ചെയ്യാതെ ബിസിനസ്സ് ചെയ്യുക ബുദ്ധിമുട്ടാണ്’ എന്നു പറഞ്ഞു ചിലർ തടസ്സവാദം ഉന്നയിച്ചേക്കാം. ഇവിടെയാണ് ഒരു ക്രിസ്ത്യാനിക്കു യഹോവയിലുള്ള വിശ്വാസം പ്രകടിപ്പിക്കാനാവുക. എന്തെങ്കിലും നഷ്ടംവരുമെന്ന സാഹചര്യത്തിലാണു സത്യസന്ധത പരീക്ഷിക്കപ്പെടുന്നത്. ഒരു വ്യക്തിക്കു വഞ്ചകനാകാതെ ഉപജീവനം തേടാനാവില്ലെന്നു പറയുന്നത് ദൈവം തന്നെ സ്നേഹിക്കുന്നവരെ ശ്രദ്ധിക്കുന്നില്ലെന്നു പറയുന്നതിനു തുല്യമാവും. ഏതു രാജ്യത്തായാലും ഏതു സാഹചര്യത്തിലായാലും തന്റെ ദാസൻമാർക്കുവേണ്ടി കരുതാൻ ദൈവത്തിനു സാധിക്കുമെന്ന് യഹോവയിൽ യഥാർഥ വിശ്വാസമുള്ള ഒരുവന് അറിയാം. (എബ്രായർ 13:5) സത്യസന്ധരല്ലാത്തവർക്കു ലഭിക്കുന്നതിനെക്കാൾ കുറച്ചു താഴ്ന്ന വരുമാനംകൊണ്ടു തൃപ്തിയടയേണ്ടിവന്നേക്കാമെന്നതു ശരിയാണ്. എന്നാൽ ദൈവാനുഗ്രഹം ലഭിക്കുന്നതിനുതക്ക വിലയില്ലേ ഇതിന്?
ഓർക്കുക, എറിയുന്നവനു നേരെതന്നെ തിരിച്ചുവരുന്ന ബൂമറാങ് വടിപോലെയാണു സത്യസന്ധതയില്ലായ്മ. ഒരു ബിസിനസ്സുകാരനു സത്യസന്ധതയില്ലെന്നു കണ്ടാൽ, പലപ്പോഴും ഉപഭോക്താക്കളും മൊത്ത വ്യാപാരികളും അയാളെ തഴയും. അവരെ കബളിപ്പിക്കാൻ ഒരിക്കൽ കഴിഞ്ഞേക്കും, എന്നാൽ അത് അവസാനത്തേതായിരിക്കും. നേരേമറിച്ച്, സത്യസന്ധനായ ഒരു ബിസിനസ്സുകാരനു പലപ്പോഴും മററുള്ളവരുടെ ആദരവു ലഭിക്കുന്നു. ‘എല്ലാവരും ചെയ്യുന്നു, അപ്പോൾ കുഴപ്പമില്ല’ എന്ന വ്യാജന്യായവാദത്താൽ സ്വാധീനിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. “ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു,” എന്നതാണു ബൈബിൾ തത്ത്വം.—പുറപ്പാടു 23:2.
ദീർഘനാളായി നിങ്ങളോടൊപ്പമുള്ള ബിസിനസ്സ് പങ്കാളി ഒരു സഹക്രിസ്ത്യാനിയല്ലെന്നും ബൈബിൾ തത്ത്വങ്ങൾ എല്ലായ്പോഴും പിൻപററുന്നില്ലെന്നും സങ്കൽപ്പിക്കുക. തിരുവെഴുത്തുപരമല്ലാത്ത എന്തെങ്കിലും ചെയ്യുമ്പോൾ ഇത് ഒരു ഒഴികഴിവായി ഉപയോഗിച്ച് നിങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നത് ഉചിതമായിരിക്കുമോ? ആദാമിന്റെയും ശൗലിന്റെയും ദൃഷ്ടാന്തങ്ങൾ ഓർക്കുക. പാപം ഒഴിവാക്കുന്നതിനുപകരം മറ്റുള്ളവരുടെ സമ്മർദത്തിനു വഴങ്ങിയ അവർ കേവലം തങ്ങളുടെ സഹകാരികളെ പഴിചാരുകയായിരുന്നു. അതിന് അവർ ഒടുക്കേണ്ടിവന്നത് എന്തൊരു വലിയ വിലയായിരുന്നു!—ഉല്പത്തി 3:12, 17-19; 1 ശമൂവേൽ 15:20-26.
സഹവിശ്വാസികളോട് ഉചിതമായി ഇടപെടുക
യഹോവയുടെ സഹാരാധകരുമൊത്തു ബിസിനസ്സിൽ ഏർപ്പെടുമ്പോൾ പരിചിന്തിക്കേണ്ടതായ നഷ്ടസാധ്യതകളുണ്ടോ? തന്റെ ഇളയപ്പന്റെ മകനിൽനിന്ന് തന്റെ സ്വപട്ടണമായ അനാഥോത്തിൽ ഒരു നിലം യിരെമ്യാവ് വാങ്ങിയപ്പോൾ വെറുതെയങ്ങു പണംകൊടുത്തു കൈകുലുക്കുകയല്ല ചെയ്തത്. പകരം, അവൻ പറഞ്ഞു: “ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെക്കൊണ്ടു ഒപ്പിടുവിച്ച ശേഷം ഞാൻ പണം അവന്നു തുലാസിൽ തൂക്കിക്കൊടുത്തു.” (യിരെമ്യാവു 32:10) അത്തരം ലിഖിതരേഖകൾ ഉണ്ടാക്കുന്നെങ്കിൽ, ഭാവിയിൽ സ്ഥിതിഗതികൾക്കു മാററംവരുന്നപക്ഷം ഉടലെടുത്തേക്കാവുന്ന തെററിധാരണകൾ ഒഴിവാക്കാൻ അതിനു കഴിയും.
ബിസിനസ്സിൽ ഒരു ക്രിസ്തീയ സഹോദരൻ നിങ്ങളോടു മര്യാദകേടു കാട്ടിയെന്നു തോന്നുന്നുവെങ്കിലോ? നിങ്ങൾ അദ്ദേഹത്തെ കോടതി കയററണമോ? ഈ സംഗതി സംബന്ധിച്ചു ബൈബിളിൽ വ്യക്തമായ ഉത്തരമുണ്ട്. “നിങ്ങളിൽ ഒരുത്തന്നു മറെറാരുത്തനോടു ഒരു കാര്യം ഉണ്ടെങ്കിൽ വിശുദ്ധൻമാരുടെ മുമ്പാകെ അല്ല, അഭക്തൻമാരുടെ മുമ്പിൽ വ്യവഹാരത്തിന്നു പോകുവാൻ തുനിയുന്നുവോ?” എന്നു പൗലോസ് ചോദിച്ചു. ഒരു പ്രശ്നം തൃപ്തികരമായി ഉടനടി പരിഹരിക്കപ്പെട്ടില്ലെങ്കിലോ? പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏററുകൊള്ളാത്തതു എന്തു?” സത്യക്രിസ്ത്യാനികൾ കോടതിയിൽ പ്രശ്നങ്ങൾ തീർക്കുന്നുവെന്നു പുറമേയുള്ളവർ കേൾക്കുമ്പോൾ അതു ക്രിസ്തീയ സ്ഥാപനത്തിൻമേൽ എന്തു പേരുദോഷം വരുത്തുമെന്നു ചിന്തിക്കുക! അത്തരം സന്ദർഭങ്ങളിൽ സഹോദരസ്നേഹത്തെക്കാൾ പണസ്നേഹം കൂടുതൽ ശക്തിയാർജിച്ചിരിക്കുമോ? അല്ലെങ്കിൽ ഒരുവന്റെ മാന്യതയ്ക്ക് ഏററ കളങ്കം നിമിത്തം മനസ്സിൽ ഒന്നാം സ്ഥാനത്തു പ്രതികാരചിന്തയാവുമോ? അത്തരം സന്ദർഭങ്ങളിൽ കോടതിയിൽ പോകുന്നതിനെക്കാൾ നല്ലതു നഷ്ടം സഹിക്കുന്നതാണെന്നു പൗലോസിന്റെ ബുദ്ധ്യുപദേശം പ്രകടമാക്കുന്നു.—1 കൊരിന്ത്യർ 6:1, 7; റോമർ 12:17-21.
തീർച്ചയായും, അത്തരം തർക്കങ്ങൾ സഭയ്ക്കകത്തുതന്നെ പരിഹരിക്കാൻ തിരുവെഴുത്തുപരമായ മാർഗമുണ്ട്. (മത്തായി 5:37; 18:15-17) ഉൾപ്പെട്ടിരിക്കുന്ന സഹോദരൻമാരെ നിർദേശിക്കപ്പെട്ടിരിക്കുന്ന പടികൾ പിൻപററാൻ സഹായിക്കുന്നതിൽ ക്രിസ്തീയ മേൽവിചാരകൻമാർ സകലർക്കുംവേണ്ടിയുള്ള ചില സഹായകമായ ബുദ്ധ്യുപദേശം നൽകിയേക്കാം. അത്തരം ചർച്ചകളിൽ ബൈബിൾതത്ത്വങ്ങൾക്കു സമ്മതം മൂളുക എളുപ്പമായി തോന്നിയേക്കാമെങ്കിലും ലഭിച്ച ബുദ്ധ്യുപദേശം ബാധകമാക്കിക്കൊണ്ട് നിങ്ങൾ ശ്രദ്ധിച്ചുവെന്നു പിന്നീടു നിങ്ങൾ വാസ്തവത്തിൽ പ്രകടമാക്കുമോ? ദൈവത്തോടും നമ്മുടെ സഹക്രിസ്ത്യാനികളോടുമുള്ള സ്നേഹം അങ്ങനെ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും.
ബിസിനസ്സിൽ ഏർപ്പെടുന്നതിനാൽ നഷ്ടങ്ങളുണ്ടാകും എന്നത് തർക്കമറ്റ കാര്യമാണ്. ന്യായമായ വിലയേ നിങ്ങൾ ഒടുക്കേണ്ടിവരുകയുള്ളുവെന്നു പ്രതീക്ഷിക്കാം. ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോഴോ ഒരു വിവാദാത്മക സ്ഥിതിവിശേഷം നേരിടുമ്പോഴോ പണത്തെക്കാൾ വളരെ മൂല്യമുള്ള അനേകം സംഗതികൾ ജീവിതത്തിലുണ്ടെന്ന കാര്യമോർക്കുക. പണത്തെ അതിന്റെ സ്ഥാനത്തു വെക്കുക, വാക്കു പാലിക്കുക, സത്യസന്ധനായിരിക്കുക, ബിസിനസ്സ് കൂട്ടാളികളോടു ക്രിസ്തീയ വിധത്തിൽ ഇടപെടുക എന്നിവവഴി നമുക്കു സുഹൃദ്ബന്ധങ്ങളും ഒരു നല്ല മനസ്സാക്ഷിയും യഹോവയുമായി നല്ലൊരു ബന്ധവും കാത്തുസൂക്ഷിക്കാനും അതേസമയം ആവശ്യത്തിലധികം സമയമോ പണമോ ബിസിനസ്സിൽ കളയുന്നില്ലെന്ന് ഉറപ്പാക്കാനുമാവും.
[അടിക്കുറിപ്പുകൾ]
a ബിസിനസ്സിൽ വാക്കുപാലിക്കുന്നതിന്റെ ഒരു ആധുനികകാല ദൃഷ്ടാന്തത്തിന്, 1988 മേയ് 8 ഉണരുക! (ഇംഗ്ലീഷ്), 11-13 പേജുകളിലെ “എന്റെ വാക്ക് എന്റെ കടപ്പത്രം” എന്ന ലേഖനം കാണുക.
[31-ാം പേജിലെ ചതുരം]
ബിസിനസ്സിൽ നിങ്ങൾക്കു നഷ്ടമായേക്കാവുന്നവ
സമയം: സ്വന്തമായി ബിസിനസ്സ് നടത്തുമ്പോൾ ഒരു കമ്പനിയിൽ തൊഴിലാളിയായി ജോലിനോക്കുന്നതിനെക്കാൾ കൂടുതൽ സമയം മിക്കവാറും എല്ലായ്പോഴും ആവശ്യമായിവരും. ഇതു പ്രാധാന്യമുള്ള ആത്മീയ പ്രവർത്തനങ്ങൾക്കു സമയം കുറച്ചുകൊണ്ട് നിങ്ങളുടെ പട്ടികയെ അസന്തുലിതമാക്കുമോ? ഗുണകരമായ വശത്തെപ്പററി പറയുകയാണെങ്കിൽ, ദൈവേഷ്ടം ചെയ്യുന്നതിൽ കൂടുതൽ സമയം ചെലവിടാൻതക്കവണ്ണം നിങ്ങൾക്കു നിങ്ങളുടെ കാര്യാദികളെ ചിട്ടപ്പെടുത്താനാവുമോ? അങ്ങനെയെങ്കിൽ നല്ലത്. എന്നാലും ശ്രദ്ധവേണം! ഇതു ചെയ്യുകയെന്നത് പറയുന്നത്ര എളുപ്പമല്ല.
പണം: പണമെറിഞ്ഞാലേ പണം വരുകയുള്ളു. നിങ്ങളുടെ ബിസിനസ്സിന് എത്ര പണം മുടക്കേണ്ടിവരും? അതിനുള്ള പണം നിങ്ങളുടെ പക്കൽ ഇപ്പോൾത്തന്നെയുണ്ടോ? അല്ലെങ്കിൽ കടംവാങ്ങേണ്ടിവരുമോ? കുറച്ചു നഷ്ടം നേരിട്ടാൽ പിടിച്ചുനിൽക്കാനാവുമോ? അല്ലെങ്കിൽ പ്രതീക്ഷിച്ചതുപോലെ ലാഭകരമായില്ലെങ്കിൽ നിങ്ങൾക്കു താങ്ങാവുന്നതിനപ്പുറമാകുമോ നഷ്ടം?
സുഹൃത്തുക്കൾ: അനുദിന ബിസിനസ്സ് നിർവഹണത്തിൽ പൊന്തിവരുന്ന പ്രശ്നങ്ങൾനിമിത്തം ബിസിനസ്സ് സംരംഭകരിൽ പലർക്കും തങ്ങളുടെ സുഹൃത്തുക്കളെ നഷ്ടമായിട്ടുണ്ട്. സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള സാധ്യതയുണ്ടെങ്കിലും സുഹൃദ്ബന്ധങ്ങൾ തകരാറിലാകാനുള്ള സാധ്യത ഉറപ്പായുമുണ്ട്. ഈ സുഹൃത്തുക്കൾ നമ്മുടെ ക്രിസ്തീയ സഹോദരങ്ങളാണെങ്കിലോ?
ഒരു നല്ല മനസ്സാക്ഷി: “നായ നായയെ തിന്നുന്നു” എന്നതോ “എനിക്കെങ്ങനെ ലാഭമുണ്ടാക്കാം?” എന്നതോ പോലുള്ള മനോഭാവമാണ് ഇന്നത്തെ ലോകത്തിലെ ബിസിനസ്സിൽ പൊതുവേ കാണുന്നത്. ഒരു യൂറോപ്യൻ സർവേയിൽ പങ്കെടുത്ത 70 ശതമാനത്തിലധികംവരുന്ന വിദ്യാർഥികളുടെ ചിന്താഗതി ബിസിനസ്സ് ജീവിതത്തിൽ സദാചാരത്തിനൊന്നും കാര്യമായ സ്ഥാനമില്ലെന്നോ ഒട്ടുംതന്നെ സ്ഥാനമില്ലെന്നോ ഒക്കെയായിരുന്നു. തട്ടിപ്പും വഞ്ചനയും വിവാദാത്മക ബിസിനസ്സ് പ്രവർത്തനങ്ങളും സർവസാധാരണമായിരിക്കുന്നതിൽ അതിശയിക്കാനൊന്നുമില്ല. അവരെപ്പോലെ പെരുമാറാൻ നിങ്ങൾക്കു പ്രേരണ തോന്നുമോ?
യഹോവയുമായുള്ള നിങ്ങളുടെ ബന്ധം: ദൈവത്തിന്റെ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും എതിരായ ഏതൊരു ബിസിനസ്സ് പ്രവർത്തനവും, അതു ബിസിനസ്സ് കാര്യാദികളിൽ എത്ര സാധാരണമായിരുന്നാലും, തന്റെ സ്രഷ്ടാവുമായുള്ള ഒരു വ്യക്തിയുടെ ബന്ധത്തെ താറുമാറാക്കും. ഇതിന് അയാളുടെ നിത്യജീവന്റെ പ്രതീക്ഷ നഷ്ടമാക്കാനാവും. ഭൗതിക നേട്ടങ്ങൾ എന്തുതന്നെയായാലും, വ്യക്തമായും ഇത് ഒരു വിശ്വസ്ത ക്രിസ്ത്യാനിക്ക് ഒടുക്കേണ്ടിവരുന്ന വളരെ വലിയ വിലയായിരിക്കില്ലേ?
[31-ാം പേജിലെ ചിത്രങ്ങൾ]
ഭാവിയിലെ തെററിധാരണകൾ തടയാൻ എന്തു സഹായിക്കും? ഒരു മാന്യന്റെ സമ്മതമോ ഒരു ലിഖിതരേഖയോ?