“സന്തുഷ്ട സ്തുതിപാഠകർ” കൺവെൻഷൻ—നിങ്ങൾ അവിടെയുണ്ടായിരിക്കുമോ?
സന്തുഷ്ടി! കുഴപ്പങ്ങൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ ആ പദം നിങ്ങൾക്ക് അപരിചിതമായി തോന്നുന്നുണ്ടോ? തീർച്ചയായും വർത്തമാനപ്പത്രങ്ങൾ സന്തുഷ്ടിക്ക് ഏറെ കാരണങ്ങൾ നൽകുന്നില്ല. വംശീയ യുദ്ധങ്ങൾ, വ്യാപകമായ വിശപ്പ്, തൊഴിലില്ലായ്മ, അപകടകരമായ മലിനീകരണം, രാഷ്ട്രീയ അസ്ഥിരത, കുററകൃത്യങ്ങൾ—ഇവയൊന്നും ഹൃദയത്തെ സന്തോഷംകൊണ്ടു നിറയ്ക്കുന്ന സംഗതികളല്ല, ആണോ?
ഇന്നു മിക്കയാളുകളും ജീവിതത്തിൽനിന്നു ലഭിക്കാവുന്ന സുഖാനുഭൂതികളൊക്കെയും പരാക്രമത്തോടെ നേടിയെടുക്കുന്നു. എന്നാൽ സന്തോഷമോ? “സന്തുഷ്ടിയുടേതായ അവസ്ഥ; ആഹ്ലാദം” എന്നിങ്ങനെയാണു സന്തോഷത്തെ വർണിച്ചിരിക്കുന്നത്. അധികമാരും യഥാർഥ സന്തോഷം അനുഭവിച്ചിട്ടില്ല. ഇനി ഉള്ളപ്പോൾപ്പോലും പലപ്പോഴും അതു നൈമിഷികവുമാണ്.
എന്നിരുന്നാലും, നമ്മുടെ നാളിലേക്കു നോക്കിക്കൊണ്ട് ബൈബിൾ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: ‘യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ ദാസൻമാർ സന്തോഷിക്കും; എന്റെ ദാസൻമാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും.’ (യെശയ്യാവു 65:13, 14) അതെങ്ങനെ സാധിക്കും?
ഉത്തരം കണ്ടെത്താൻ, 1995-ൽ നടക്കാനിരിക്കുന്ന യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്ററ് കൺവെൻഷനുകളിലൊന്നിൽ സംബന്ധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. “സന്തുഷ്ട സ്തുതിപാഠകർ” എന്ന വിഷയമുള്ള ഈ കൺവെൻഷനിൽ പ്രവേശനം സൗജന്യമാണ്. ബൈബിളധിഷ്ഠിത പ്രസംഗങ്ങൾ, പ്രകടനങ്ങൾ, ചർച്ചകൾ, കൂടുതലായ മററു പരിപാടികൾ എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും ഈ ത്രിദിന കൺവെൻഷന്റെ കാര്യപരിപാടി. പരിപാടിയിലുടനീളം സന്തോഷം എന്ന വിഷയം പ്രദീപ്തമാക്കപ്പെടും.
ഐക്യനാടുകളിലെ കൺവെൻഷനുകൾ ജൂണിൽ ആരംഭിക്കും. ലോകമെമ്പാടുമുള്ള നഗരങ്ങളിൽ 1996-ന്റെ ആദ്യഭാഗംവരെ കൺവെൻഷനുകൾ ഉണ്ടായിരിക്കും. സാധ്യതയനുസരിച്ച്, ഒരെണ്ണം നിങ്ങൾക്ക് അടുത്ത ഒരു സ്ഥലത്ത് ഉണ്ടായിരിക്കും. നിങ്ങളുടെ പ്രദേശത്തു വസിക്കുന്ന യഹോവയുടെ സാക്ഷികളോട് എന്തുകൊണ്ടു ചോദിച്ചുകൂടാ? അവിടെ വരാൻ ഞങ്ങൾ നിങ്ങളെ ഊഷ്മളമായി ക്ഷണിക്കുന്നു.